Thursday, March 1, 2007

വേഷത്തിലെന്തിരിക്കുന്നു..!






സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.
തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു
.



കഴിഞ്ഞ ദിവസം ഒരു ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന്‌ കേരളീയവേഷം ധരിക്കണമെന്നനിര്‍ദ്ദേശം കണ്ടു. എന്താണീ കേരളീയ വേഷം? ആരു കല്‌പ്പിച്ചുണ്ടാക്കിയാതാണീ വേഷം? എനിക്ക്‌ അമ്പരപ്പ്‌ തോന്നി. ഉദ്ദേശിച്ചതെന്താണെന്ന്‌ മനസ്സിലാവാഞ്‌ഞിട്ടല്ല. കേരളാസാരി (സെറ്റുസാരി) ഉടുക്കണമെന്നര്‍ത്ഥം. പുരുഷന്മാര്‍ മുണ്ടുടുക്കണം.

കുറേമുമ്പ്‌ അധ്യാപികമാര്‍ക്ക്‌ സാരി നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ പത്രത്തില്‍ സംവാദം നടന്നപ്പോള്‍ ചെറുപ്പക്കരായ അധ്യാപികമാര്‍ സാരിയെ എതിര്‍ക്കുകയും മറ്റുള്ളവര്‍ സാരിവേണമെന്നു ശഠിക്കുകയുമായിരുന്നു.ഞാനന്ന്‌ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായിരുന്നതു കൊണ്ടും സാരി ധരിക്കുമ്പോഴുണ്ടാകുന്ന അലോസരങ്ങളെക്കുറിച്ച്‌ ഒട്ടും ബോധവതിയാകാതിരുന്നതുകൊണ്ടും സാരിയുടുത്ത അധ്യാപികയെ മാത്രമേ എനിക്കു ചിന്തിക്കാനായുള്ളു.

എന്നാല്‍ എനിക്കു ജോലികിട്ടിയപ്പോള്‍ ഞാന്‍ ചുരിദാര്‍ ധരിച്ചു. ഞങ്ങള്‍ ഒന്നു രണ്ടുപേരൊഴികെ മറ്റുള്ളവര്‍ സാരി ഉപയോഗിക്കുന്നവരായിരുന്നു. അപൂര്‍വ്വമായി മാത്രം സാരിയുടുത്തു. സാരിയുടുക്കുമ്പോഴൊക്കെ ഇതു വല്ലാത്തപാടാണല്ലോ എന്നു വിചാരിക്കുകയും ചെയ്‌തു.

ബസ്സില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. ഇരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കില്‍ കമ്പിയില്‍ പിടിച്ചു തൂങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഓഫീസിലിരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിയുമ്പോള്‍ നോക്കണം.നോക്കണേ എന്തൊരു പാടാണ്‌!...

സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.

തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു.

സാരിയുടുത്തു വരുന്ന ഇടപാടുകാര്‍ക്കുമുണ്ട്‌ ഇത്തരം വിശേഷണങ്ങള്‍.


ഇതൊക്കെ പോകട്ടേ, അവനവന്റെ കണ്ണിലെ തടിയെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാനാണ്‌ സ്‌ത്രീകളില്‍ പലര്‍ക്കും കമ്പം. 'കണ്ടോ അവളുടെ അവിടം കാണുന്നു. ഇവിടം കാണുന്നു. കഴുത്ത്‌ വെട്ടിയിറക്കിവെച്ചിരിക്കുന്നു. നാണമില്ലേ ?'എന്നിങ്ങനെ പോകുന്നു അവരുടെ വിചാരങ്ങള്‍.

ഈ പറഞ്ഞവരെയൊക്കെ ഞാന്‍ രഹസ്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. ആരെയും കുറ്റം പറയാന്‍ ഞാനടക്കം ആര്‍ക്കും അര്‍ഹതയില്ലെന്ന തിരിച്ചറിവാണെനിക്കുണ്ടായത്‌. മുഴച്ചും തെളിഞ്ഞും നിഴലടിച്ചും നില്‌ക്കുന്ന ഈ അഞ്ചരമീറ്റര്‍ വലിയപ്രതിസന്ധി തന്നെ. എന്നാല്‍ ഒളിഞ്ഞു നോട്ടങ്ങളൊഴിച്ചാല്‍ സാരി ഭംഗി നല്‌കുന്ന വേഷമാണെന്ന്‌ പറയാതിരിക്കാനും വയ്യ.

ചുരിദാരിനെ മഹത്വവല്‍ക്കരിക്കുകയല്ല. ശരീരവടിവുകള്‍ തെളിഞ്ഞു കാണിക്കുന്ന ചുരിദാറും ഇത്തരത്തില്‍ അപകടകാരി തന്നെ.

ചിലപ്പോള്‍ വിനയയ്‌ക്കൊപ്പം ചേരേണ്ടിവരും. അയഞ്ഞ പാന്റസും ഷര്‍ട്ടും ധരിക്കുക.


ഇപ്പോഴാണോര്‍മ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി പോക്കറ്റുള്ള ഷര്‍ട്ടിട്ടു വന്നു. ആണ്‍കുട്ടികളില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു.

"പോക്കറ്റില്‍ കൈയ്യിട്ടോട്ടെ?"


കോളേജിലെത്തിയപ്പോള്‍ മറ്റൊരുകുട്ടി ജീന്‍സിട്ടു വന്നപ്പോഴുള്ള ചോദ്യം "മൂത്രമൊഴിക്കാന്‍ എന്തുചെയ്യും?" എന്നായിരുന്നു.

അന്ന്‌ അവളുടെ മറുപടി ഇതായിരുന്നു. "നിങ്ങള്‍ ആണുങ്ങളേപ്പോലെ പൊതു വഴിയില്‍ മൂത്രമൊഴിക്കലാണോ ഞങ്ങള്‍ക്ക്‌ പണി?"


വസ്‌ത്രം ഇന്നത്‌ വേണം എന്ന്‌ ആരെയും കെട്ടിയേല്‌പ്പിക്കാന്‍ പാടില്ല. എന്തും ധരിക്കാം. ധരിക്കാതിരിക്കാം. രാധുവിനെപ്പോലെ മറുപടി പറയാന്‍ കഴിയണം എന്നുമാത്രം. (പുറത്തുള്ളവരാണ്‌ നമ്മുടെ വേഷത്തിന്റെ അഭംഗി തിരിച്ചറിയുന്നത്‌‌. ഭംഗിയും. അത്‌ ഓരോരുത്തരുടെ കാഴ്‌ച്ചപ്പാടനുസരിച്ച്‌ മാറിയും മറിഞ്ഞുമിരിക്കും. ഇഷ്ടവേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുമാത്രമാണുള്ളത്‌. അത്‌‌ മറ്റുള്ളവര്‍ക്ക്‌ അലോസരമുണ്ടാക്കുന്നതോ അല്ലാത്തതോ ആകട്ടെ. നമുക്കു സ്വയം തീരുമാനിക്കാം.)


ഉചിതമായ വസ്‌ത്രധാരണത്തെക്കുറിച്ച്‌ മൂന്നു വര്‍ഷം മുമ്പ്‌ റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ്‌ സ്‌ത്രീകള്‍ക്ക്‌ നല്ലതെന്ന്‌ ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്‌. അവനോട്‌ മറുത്തൊന്നും പറയാന്‍ മറ്റു മൂന്നുപേര്‍ക്കും കവിഞ്ഞില്ലെന്നതാണ്‌ ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത്‌ ഇതായിരുന്നു." നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നിന്റെ മുടിപോലെ ക്രോപ്പു ചെയ്യാം."

കവികളൊക്കെ പുരുഷന്മാരായിട്ടും 'കളരി വിളക്കു തെളിഞ്ഞതാണോ കുന്നത്തുസൂര്യനുദിച്ചതാണോ' എന്നു ചന്തുവിന്റെ അംഗവടിവുളെനോക്കി കുഞ്ഞി സന്ദേഹപ്പെട്ട്‌ പാടിയില്ലേ? വടക്കന്‍ പാട്ടുകളിലും സിനിമകളിലും ഇതു പലവട്ടം വന്നു കഴിഞ്ഞല്ലോ.

യുവവാണി ചര്‍ച്ചകേട്ട ഞാന്‍ നാണിച്ചു പോയി സത്യത്തില്‍. നല്ലൊരു മറുപടി കൊടുക്കാന്‍ പറ്റിയ ആരുമുണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്ത്‌....

28 comments:

Myna said...

സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.
തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു.

Siju | സിജു said...

good one
agree with u

പൊടിക്കുപ്പി said...

മൈനാ :).. പഠിക്കുന്ന കാലത്ത് സാരിയുടുത്ത് വരുന്ന ടീച്ചറിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ടെങ്കിലും ഒരവധിക്കാലത്ത് പഠിപ്പിക്കാന്‍ കയറിയപ്പോളാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത്.. കൈ പൊക്കുന്നത് വരെ റിഹേഴ്‍സല്‍ എടുത്തിട്ടായിരുന്നു പോക്ക്.. നാട്ടില്‍ നിന്ന് മാറിയപ്പോളാണ് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുന്നതിന്റെ ഒരു സുഖം അറിയുന്നെ.. ആ പര്‍ദ്ദ സപ്പോര്‍ട്ട് ചെയ്യുന്ന ആളെ ഒരു മാസം പര്‍ദ്ദയ്ക്കുള്ളിലിടാം..

sandoz said...

എനിക്ക്‌ വയ്യ....കിടിലന്‍...ഞാന്‍ സറണ്ടര്‍.......
കേരളപ്പിറവി ദിനത്തില്‍ ...ജീവിതത്തില്‍ ആദ്യമായി സാരി ഉടുത്ത പോകുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ.......രാവിലേ അമ്മയോ.....ചേച്ചിമാരോ സഹായിച്ച്‌ നല്ല ഗമയില്‍ പോകുന്ന താരങ്ങള്‍...വൈകീട്ട്‌ വരുന്ന ഒരു വരവ്‌ കാണേണ്ടതാണു...എല്ലാം വാരി പിടിച്ച്‌...... ഒരറ്റം വലിച്ചിടുമ്പോ...മറ്റേ അറ്റം കയറി പോകും....അങ്ങനെ ബസ്‌ സ്റ്റോപ്പില്‍ നിന്ന് സര്‍ക്കസ്‌ കാണിക്കുന്നത്‌ കണ്ട്‌ സത്യത്തില്‍ സഹതാപം തോന്നിയിട്ടുണ്ട്‌.

ആദ്യം ഫെവിക്കോള്‍ ശരീരത്തില്‍ തേച്ചതിനു ശേഷം സാരി ഉടുത്താല്‍ ഇങ്ങനെ വിഷമിക്കേണ്ടി വരില്ലാ എന്ന് ഒരു ഉപദേശവും കൊടുത്തു ഒരു സഹോദരിക്ക്‌.

ആ സഹോദരി അപ്പോള്‍ എന്നെ നോക്കിയ ഒരു നോട്ടം....അതില്‍ എല്ലാം അടങ്ങിയിരുന്നു.....എന്റെ വീട്ടുകാരും കുടുംബക്കാരും എല്ലാം.......

Unknown said...

ഇതു കണ്ടപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റില്‍ കണ്ട ശ്രീകണ്ഠന്‍ നായര്‍ ഷോ ആണ്.മലയാളി മങ്കമാര്‍ എങ്ങോട്ട് എന്നൊ മറ്റോ ആയിരുന്നു ടൈറ്റില്‍.
അതില്‍ ഒരു പെണ്‍കുട്ടി മാത്രം മറ്റുള്ളവരില്‍ നിന്നും തികച്ചും വിഭിന്നമായി വേഷം ധരിച്ച് വന്നിരുന്നു.സിനിമകളില്‍ മദ്യപാനവേദികളില്‍ നൃത്തം ചെയ്യുന്ന ഗ്ലാമര്‍ കഥാപാത്രങ്ങള്‍ പോലും അതിലും കൂടുതല്‍ ശരീരഭാഗം മറച്ചാണ് കണ്ടിട്ടുള്ളത്.

ഏതോ മത്സരത്തില്‍ സൌന്ദര്യപ്പട്ടം കിട്ടിയതാണെന്നൊ മറ്റോ പരിചയപ്പെടുത്തിയത് നിങ്ങളും പലരും കണ്ടു കാണും.

ഇതെനിക്ക് ഇഷ്ടപ്പെട്ട വേഷമാണെന്നും ശരീരത്തിന് അനുയോജ്യവും കൂടുതല്‍ സൌകര്യപ്രദമാണെന്നുമൊക്കെ ഓരോ പ്രാവശ്യം പറയുമ്പോളും വേദിയിലിരുന്ന് സര്‍ക്കസ് കാണിക്കുന്നതും കാണാമായിരുന്നു.

ഏറ്റവും വേദനാജനകമായിത്തോന്നിയത് വസ്ത്രധാരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുള്ള ഒരു സമുദായാംഗമാണ് ആ കുട്ടി എന്നറിയുമ്പോളാണ്.
വളരെ കഷ്ടപ്പെട്ട് അങ്ങുമിങ്ങുമെത്താത്ത ഇത്തരം വേഷമെന്തിന് എന്ന ഒരു സദസ്യയുടെ ചോദ്യത്തിന്
ഞാന്‍ ഇത്തരം വസ്ത്രം ധരിക്കുന്നത് എന്റെ ഇഷ്ടമാണ് ഇതു മാറ്റാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന ധാര്‍ഷ്ട്യത്തില്‍ പൊതിഞ്ഞ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ സംശയിച്ചത്, പിതാവോ മുതിര്‍ന്ന സഹോദരന്മാരോ നിയന്ത്രിക്കാന്‍ ഇല്ലാത്ത ഒരു കു‍ട്ടിയായിരിക്കും അതെന്നാണ്.

വസ്ത്രം അവരവരുടെ സൌകര്യത്തിനനുസരിച്ച് ധരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതു വഴി മറ്റുള്ളവരുടെ നിയന്ത്രണം തെറ്റിച്ച് സമൂഹത്തിന് കൂടുതല്‍ കുറ്റവാളികളെ പ്രദാനം ചെയ്യുന്ന രീതിയോട് ഒരിക്കലും യോജിക്കാനാവുന്നില്ല.

മനോജ് കുമാർ വട്ടക്കാട്ട് said...

പെണ്‍ വസ്ത്രധാരണ ഫോര്‍മുലകള്‍ കാലഹരണപ്പെട്ട ഒന്നല്ലേ?

എന്ത്‌ ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ സ്ത്രീയ്ക്ക്‌ ആരെയാണ്‌ ഭയക്കേണ്ടത്‌?

Siju | സിജു said...

പൊതുവാള്‍..
വസ്ത്രം ഏത് എങ്ങനെ ധരിക്കണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. കുറച്ച് വെളിവാക്കി കൊണ്ടുള്ള വസ്ത്രധാരണ രീതി നമ്മുടെ നാട്ടില്‍ കുറവായതു കൊണ്ട് അത് തുറിച്ചുനോട്ടം വരുത്തിയേക്കാം. അതിനെ അവഗണിക്കാനും നേരിടാനും കഴിവുണ്ടെങ്കില്‍ ഏതു സമുദായത്തിലെ സ്ത്രീക്കും ഏതു വസ്ത്രവും ധരിക്കാം. പക്ഷേ അതു കണ്ടിട്ട് നിയന്ത്രണം പോയി കുറ്റം ചെയ്തു എന്നു പറഞ്ഞാല്‍ അതിന്‍ ന്യായീകരണമില്ല. അത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റം തന്നെയാണ്.

പരാജിതന്‍ said...

പൊതുവാളേ,
ഇതിത്തിരി കടന്നു പോയി.

ടി.വി. കാണുന്ന ശീലം വളരെ കുറവാണെങ്കിലും താങ്കള്‍ പറഞ്ഞ ആ പരിപാടി കുറച്ച്‌ കണ്ടിരുന്നു, യാദൃശ്ചികമായി. താങ്കള്‍ പരാമര്‍ശിച്ച ആ പെണ്‍കുട്ടിയുടെ വേഷത്തില്‍ യാതൊരു അസഭ്യതയോ വൃത്തികേടോ ഒന്നും തോന്നിയില്ല. എന്നു മാത്രമല്ല, ചര്‍ച്ചയില്‍ ആ കുട്ടിയുടെ നിലപാടിനെ ആരും ഫലപ്രദമായി ഖണ്ഡിച്ചതുമില്ല. പ്രായം ചെന്ന ഒരു സ്ത്രീവക്കീലും ചില സദസ്യരുമൊക്കെ വന്‍സദാചാരലൈനില്‍ എന്തൊക്കെയോ പുലമ്പിയതല്ലാതെ "എനിക്ക്‌ സൗകര്യപ്രദവും എന്റെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പില്ലാത്തതുമായ ഒരു വേഷം ഞാന്‍ ധരിക്കുന്നതില്‍ സമൂഹത്തിനെന്തു കാര്യം?" എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഒരുത്തരവും ആരും പറഞ്ഞു കണ്ടില്ല. എന്തായാലും ഡിസ്കോ ശാന്തി ആന്‍ഡ്‌ കോ. ഇതിനെക്കാള്‍ ഭേദം എന്നൊക്കെ കമന്റിക്കളഞ്ഞല്ലോ പൊതുവാളെ. അന്യായം. പോരെങ്കില്‍ ഒരു സമുദായപരാമര്‍ശവും.

ഒരാളെ തുറിച്ചു നോക്കുന്നത്‌ തെറി വിളിക്കുന്നതിന്‌ തുല്യമായ ഏര്‍പ്പാടാണന്ന ബോധം തീരെയില്ലാത്ത കൂട്ടരാണ്‌ മലയാളി പുരുഷന്മാരില്‍ ഭൂരിപക്ഷവും. പെണ്ണ്‍ സാരിയുടുത്താലും ചുരിദാറിട്ടാലും, എന്തിന്‌ പര്‍ദ്ദയിട്ട പെണ്ണിന്റെ വളയിട്ട കൈ വെളിയില്‍ കണ്ടാലും, നോക്കി തുണിയുരിഞ്ഞു രസിക്കുന്ന ഏഴാം കൂലികള്‍. അവരുടെ മുന്നിലൂടെ കാപ്രി പാന്റോ ജീന്‍സോ മിനി സ്കര്‍ട്ടോ ഒക്കെ ഇട്ടു നടക്കുന്നത്‌ അപകടം തന്നെ. അല്ലാതെ അതിനെ സദാചാരക്കുഴലിലൂടെ കാണുന്നതില്‍ യാതൊരു കഥയുമില്ല.

ഒരു പെണ്ണ്‌ 'of course i am sexy' എന്ന ലൈനില്‍ വസ്ത്രം ധരിച്ചാല്‍ of course i am available എന്നല്ല അര്‍ത്ഥം. വസ്ത്രധാരണം comfortഉം confidenceഉമൊക്കെ ദ്യോതിപ്പിക്കുന്നതാണ്‌. മലയാളിപ്പെണ്ണിന്‌ റോഡിലൂടെ ജീന്‍സിട്ടു നടക്കാന്‍ മാത്രമല്ല, ചെറായി ബീച്ചില്‍ ബിക്കിനിയിട്ടു കുളിക്കാനും അവകാശമുണ്ട്‌. ആണുങ്ങളില്‍ ഭൂരിഭാഗവും മനോരോഗികളായിപ്പോയത്‌ അവരുടെ തെറ്റാണോ?

ആഷ | Asha said...

പൊതുവാള്‍,
താങ്കള്‍ പരാമര്‍ശിച്ച പരിപാടി ഞാനും കണ്ടിരുന്നു. ആ കുട്ടിയുടെ വേഷം താങ്കള്‍ പറഞ്ഞ പോലെ വ്യത്തികെട്ടതെന്നുമായിരുന്നില്ല.
അദ്ധ്യാപികമാരുടെ വേഷത്തേ കുറിച്ചായിരുന്നുവെന്നാണ് ഓര്‍മ്മ.
എന്റെ കുട്ടിക്കാലത്ത് പല സ്ത്രീകളും തോര്‍ത്ത് ഇടാതെ മുണ്ടും ബൌസും മാത്രമിട്ടു നടക്കുന്നത് സാധാരണമായിരുന്നു. അതും താങ്കളുടെ ഭാഷയില്‍ അശ്ലീലമാണോ?

Unknown said...

മലയാളിപ്പെണ്ണിന്‌ റോഡിലൂടെ ജീന്‍സിട്ടു നടക്കാന്‍ മാത്രമല്ല, ചെറായി ബീച്ചില്‍ ബിക്കിനിയിട്ടു കുളിക്കാനും അവകാശമുണ്ട്‌. ആണുങ്ങളില്‍ ഭൂരിഭാഗവും മനോരോഗികളായിപ്പോയത്‌ അവരുടെ തെറ്റാണോ?

പരാജിതന്‍ ചേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്ത് വസ്ത്രവും ധരിയ്ക്കാന്‍ സ്ത്രീയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കൈയ്യും വയറുമൊക്കെ പുറത്ത് കാണുന്നത് സദാചാരമല്ല അത് കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിയ്ക്കരുത് എന്നല്ല പറയേണ്ടത്. മോളേ നിനക്ക് ഏത് വസ്ത്രം വേണമെങ്കിലും ധരിയ്ക്കാം പക്ഷെ കേരളത്തിലെ പുരുഷന്മാര്‍ക്ക് ഞരമ്പ് രോഗമായതിനാല്‍ നല്ല വണ്ണം പുതച്ച് നടന്നില്ലെങ്കില്‍ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ്.

Unknown said...

പ്രിയ സഹോദരങ്ങളേ,

അഭിപ്രായ സ്വാതന്ത്ര്യം പോലെ, വസ്ത്രധാരണസ്വാതന്ത്ര്യത്തിനും ഞാന്‍ എതിരല്ല,നിങ്ങള്‍ കരുതുന്ന പോലെ ഒരു യാഥാസ്ഥിതികനുമല്ല.
പിന്നെ സ്ത്രീയുടെ നഗ്നത കണ്ട് നിയന്ത്രണം വിടുന്നു എന്നു പറഞ്ഞത് സ്വന്തം കാര്യവുമല്ല.

സ്ത്രീയെയും ,സ്ത്രീത്വത്തെയും, സ്ത്രീപുരുഷബന്ധത്തെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ ജീവിത പങ്കാളിയാക്കിയ ഒരാളൊഴികെ മറ്റേതൊരു സ്ത്രീയേയും ഏതു രൂപത്തില്‍ കാണേണ്ടിവന്നാലും എന്റെ മനസ്സിളകില്ലെന്നെനിക്കുറപ്പുണ്ട്.

എന്നാല്‍ സ്ത്രീയെന്നാല്‍ കേവലം വികാരശമനോപാധിയായ ഉപഭോഗവസ്തു മാത്രമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ഉപഭോക്തൃ സമൂഹത്തില്‍ സ്വന്തം കുഞ്ഞുങ്ങളെ കാമവെറി പൂണ്ട് മനുഷ്യക്കോലമണിഞ്ഞ ചെന്നായ്ക്കള്‍ പിച്ചിച്ചീന്തിയതറിഞ്ഞ് ജീവത്യാഗം ചെയ്യേണ്ടി വന്ന എത്രയോ മനുഷ്യാത്മാക്കളുടെ കഥകള്‍ കാണ്ഡം കാണ്ഡമായി വായിച്ചുതള്ളിയത് മനസ്സില്‍ നിന്നും മായ്ക്കാന്‍ സാധിക്കുന്നില്ല.

അതു ചെയ്തവന്മാരെയൊന്നും മനുഷ്യഗണത്തിലെണ്ണാന്‍ എനിക്കു സാധിക്കുന്നില്ല.അതിനെക്കുറിച്ചുള്ള എന്റെ തീരാവ്യഥ ഞാന്‍ ഇവിടെ എഴുതിയിട്ടിട്ടുണ്ട്.

അത്തരം മനുഷ്യമൃഗങ്ങള്‍ നൊട്ടിനുണയുന്ന നാവുകളും കഴുകന്‍ കണ്ണുകളുമായി ഇരതേടി നടക്കുന്ന വീഥികളില്‍ എന്റെ കുടുംബത്തിലെ ഒരു സ്ത്രീയും ഇത്തരം വേഷം കെട്ടി നടക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല എന്റെ കുടുംബം ,നിങ്ങളെല്ലാം അതില്‍ അംഗങ്ങളാണ് എന്നു കരുതിയതു കൊണ്ടാണ് ഞാന്‍ അങ്ങനെയൊരഭിപ്രായം ഇവിടെ എഴുതിയത്.

അതു തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കുക ഒരു വിവാദത്തിനുള്ള ആരോഗ്യാ‍മില്ല.

അയല്‍ക്കരന്റെ മക്കളുടെ മിശ്രവിവാഹത്തിന് പ്രോത്സാഹനം നല്‍കുകയും സ്വന്തം മക്കളുടെ കാര്യമാവുമ്പോള്‍ അതൊക്കെ മറന്ന് തികഞ്ഞ യാഥാസ്ഥിതികരാവുകയും ചെയ്യുന്ന ചിലരെപ്പോലെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് എന്റേയും പരിപൂര്‍ണ്ണ പിന്തുണ എന്നു പറഞ്ഞിരുന്നെങ്കില്‍ നിങ്ങളാരും എന്റെ നേരെ കൈ ചൂണ്ടില്ലായിരുന്നു.

അപ്പോള്‍ വേണമെങ്കില്‍ വഴിയെ പോകുന്ന അര്‍ദ്ധനഗ്നശരീരം എനിക്കും കണ്ടാസ്വദിക്കാമായിരുന്നു.

ആസ്വാദനം പോയിട്ട് അതു കാണുന്നത് തന്നെ അത്രയേറെ അരോചകമായിത്തോന്നുന്നത് കൊണ്ടാണ് അഭിപ്രായം പറഞ്ഞത് എല്ലാവരും സദയം ക്ഷമിക്കുക.

ഉപസംഹാരം: അറിയാത്ത കുട്ടി ചൊറിയുമ്പോളറിയും.

Radheyan said...

പൊതുവാളിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പറയട്ടെ.അമ്മയുടെ കൂടെ കിടന്നുറങ്ങിയ ഒരു 3 വയസ്സുകാരിയെ രാത്രിയില്‍ എടുത്തുകൊണ്ട് പോയി ബലാല്‍ക്കാരം ചെയ്തത് എന്ത് നഗ്നത പ്രദര്‍ശിപ്പിച്ചിട്ടാണ്.അത് പോലെ യൂണിഫോംകാരിയായ കൃഷ്ണപ്രിയ ആരെയാണ് പ്രകോപിപ്പിക്കാന്‍ തുനിഞ്ഞത്.അല്ലെങ്കില്‍ പ്രകോപനപരമായി വസ്ത്രം ധരിച്ച് നടക്കുന്ന ഏത് ധനിക പെണകുട്ടിക്കാണ് ഒരു ആക്രമണത്തെ നേരിടേണ്ടി വന്നത്.(കണ്ണു കോണ്ടുള്ള ബലാല്‍ക്കാരങ്ങളൊഴിച്ച്)

സ്ത്രീപീഡനം സമൂഹത്തിന്റെ ഒരു മനോരോഗാവസ്ഥയാണ്.ദാരിദ്ര്യം ഇഴയിട്ട ഒരു ചൂഷണവ്യവസ്ഥയുടെ subset.മൂല്യങ്ങള്‍ ഇവിടെ വില്‍പ്പനക്ക് വെച്ചീക്കുന്നു.(സ്ത്രീകള്‍ സ്വയം വിപണി തേടുന്ന അവസ്ഥയുമുണ്ട്.സോപ്പിന്റെ പരസ്യത്തിനായി മുങ്ങി നിവരുന്ന പെണ്‍കുട്ടിക്കറിയാം തന്റെ കൈയ്യിലിരിക്കുന്ന സോപ്പിലല്ല മറിച്ച് നനഞ്ഞൊട്ടിയ മേനിയിലാണ് പ്രേക്ഷകന്റെ കണ്ണെന്ന്.തന്റെ അഭിനയമികവ് കാണാനാണ് പ്രേക്ഷകര്‍ തന്റെ സിനിമാക്ക് ക്യൂ നില്‍ക്കുന്നതെന്ന് ഷക്കീല പോലും കരുതുന്നുണ്ടാ‍വില്ല)

Unknown said...

മലയാളികള്‍ പെണ്മക്കളുടെ സുരക്ഷയെ പറ്റി വേവലാതിപ്പെടുകയും അവര്‍ക്ക് കരാട്ടെയാണോ പര്‍ദ്ദയാണോ ഇലക്ട്രിക് ഫെന്‍സാണോ സുരക്ഷ നല്‍കുക എന്ന് ചിന്തിക്കുമ്പോഴും ഒരു കാര്യം ഓര്‍ക്കുന്നില്ല. മലയാളികളുടെ ആണ്മക്കളെന്തേ കാമ വെറിയന്മാരായി പോകുന്നു എന്നത്. ആണ്മക്കളെ നേരെയാക്കുന്നതല്ലേ കുറച്ച് കൂടി ഫലപ്രദം?

ശരീര ഭാഗം പുറത്ത് കണ്ടാല്‍ പെണ്ണിനെ ഞാന്‍ കയറി പിടിയ്ക്കും എന്ന് പറയുന്നവനെ ചികിത്സിക്കണോ അതോ അവന്‍ കാണാതെ പൊതിഞ്ഞ് മൂടി നടക്കാന്‍ പെണ്ണിനെ പഠിപ്പിയ്ക്കണോ? എതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ നല്ലത്?

Unknown said...

രാധേയാ,
താങ്കളുടെ അഭിപ്രായം കണ്ടപ്പോള്‍ ചിലതു കൂടി പറയണമെന്നു തോന്നി.

വായിച്ചവരില്‍ ചിലരെങ്കിലും ഇങ്ങനെ പറയുന്നു

പരാജിതന്‍;
ആണുങ്ങളില്‍ ഭൂരിഭാഗവും
മനോരോഗികളായിപ്പോയത്‌ അവരുടെ തെറ്റാണോ?

രാധേയന്‍;
സ്ത്രീപീഡനം സമൂഹത്തിന്റെ ഒരു മനോരോഗാവസ്ഥയാണ്.ദാരിദ്ര്യം ഇഴയിട്ട ഒരു ചൂഷണവ്യവസ്ഥയുടെ subset.മൂല്യങ്ങള്‍ ഇവിടെ വില്‍പ്പനക്ക് വെച്ചീക്കുന്നു

ദില്‍ബാസുരന്‍:
കേരളത്തിലെ പുരുഷന്മാര്‍ക്ക് ഞരമ്പ് രോഗമായതിനാല്‍ നല്ല വണ്ണം പുതച്ച് നടന്നില്ലെങ്കില്‍ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ്.

ആണുങ്ങളില്‍ ഭൂരിഭാഗവും മനോരോഗിയായിപ്പോകുന്നതില്‍ സ്ത്രീകള്‍ക്കൊരു പങ്കുമില്ലെന്ന് പറയാനാകുമോ?

ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ ഏറ്റവും പങ്കു വഹിക്കേണ്ട അമ്മ സ്ത്രീയോ പുരുഷനോ?.
തുടര്‍ന്നങ്ങോട്ട് ചുറ്റുമുള്ള സ്ത്രീകളില്‍ നിന്നു കൂടിയാണ് അവന്‍ സ്ത്രീയെയും സ്ത്രീത്വത്തെയും മനസ്സിലാക്കേണ്ടതും അതിനനുസരിച്ച് പെരുമാറേണ്ടതും എന്നെനിക്കു തോന്നുന്നു അല്ലെന്നഭിപ്രായമുള്ളവരും ഉണ്ടാകാം ഞാന്‍ തര്‍ക്കിക്കുന്നില്ല.

രാധേയന്‍ പറഞ്ഞതില്‍ കഴമ്പുണ്ട് , “പ്രകോപനപരമായി വസ്ത്രം ധരിച്ച് നടക്കുന്ന ഏത് ധനിക പെണകുട്ടിക്കാണ് ഒരു ആക്രമണത്തെ നേരിടേണ്ടി വന്നത്.?”

ഇതിനുള്ള ഉത്തരമാണ് ഞാനിവിടെ ഉദ്ദേശിച്ചതും
‘അങ്ങാടിയില്‍ തിരിച്ചടിക്കാന്‍ കെല്പില്ലാത്തവന്‍ വീട്ടില്‍പ്പോയി അമ്മയെ അടിച്ച് തൃപ്തിയടയാറുള്ള കാര്യം പണ്ടേ നാട്ടില്‍ പഴംചൊല്ലുകളില്‍ പാട്ടല്ലേ‘

അതു പോലെ മനോരോഗികള്‍ക്ക് ആവേശം ഒരിടത്തു നിന്നും കിട്ടുന്നു പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധുക്കള്‍ക്ക് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നു.

അതു കൊണ്ട് അത്തരം ആവേശം പകരലുകള്‍ ദയവു ചെയ്ത് ചെയ്യരുത് എന്നു മാത്രമേ ഞാന്‍ ആദ്യമെഴുതിയ ഈ അഭിപ്രായം കൊണ്ടുദ്ദെശിച്ചിട്ടുള്ളൂ ,

“വസ്ത്രം അവരവരുടെ സൌകര്യത്തിനനുസരിച്ച് ധരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതു വഴി മറ്റുള്ളവരുടെ നിയന്ത്രണം തെറ്റിച്ച് സമൂഹത്തിന് കൂടുതല്‍ കുറ്റവാളികളെ പ്രദാനം ചെയ്യുന്ന രീതിയോട് ഒരിക്കലും യോജിക്കാനാവുന്നില്ല“.

ആകെക്കൂടി ഞാനും ഉദ്ദേശിച്ചത് ദില്‍ബന്‍ പറഞ്ഞത് തന്നെ .ഇതോടെ ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായ പ്രകടനം നിര്‍ത്തുന്നു, ചര്‍ച്ച വേണമെന്നു തോന്നുന്നവര്‍ തൂടരുക ഞാന്‍ ഗാലറിയിലിരുന്ന് കണ്ടോളാം.

എല്ലാവര്‍ക്കും നന്ദി.

പരാജിതന്‍ said...

പൊതുവാളെ, പ്ലേറ്റ്‌ തിരിച്ചിട്ടത്‌ ഇഷ്ടപ്പെട്ടു. :)
'മറ്റുള്ളവരുടെ നിയന്ത്രണം തെറ്റിച്ച്‌' എന്ന് താങ്കളെഴുതിയപ്പോള്‍ നിയന്ത്രണം തെറ്റാനുള്ള 'മറ്റുള്ളവരുടെ' അവകാശത്തിനു തന്നെയാ പൊതുവാളെ, ഊന്നല്‍. അല്ലാതെ ഇഷ്ടപ്പെട്ട തുണിയുടുക്കാനുള്ള പെണ്ണിന്റെ അവകാശത്തിനല്ല. അടുത്ത കമന്റില്‍ ഈ 'മറ്റുള്ളവര്‍' എന്ന നിര്‍ദ്ദോഷികള്‍ 'മനുഷ്യമൃഗങ്ങ'ളായി! അപ്പോഴും ടാക്ക്‌ ഷോയില്‍ സ്വന്തം വീക്ഷണം ഉറച്ച സ്വരത്തില്‍ പറഞ്ഞ ആ പെണ്‍കുട്ടി അനുരാധയെക്കാളും വഷളത്തി തന്നെ!

പൊലീസുകാരടക്കമുള്ളവര്‍ പൊതുവാളിന്റെ ആദ്യത്തെ കമന്റിനു പിന്നിലുള്ള മനോനിലയോടെ ജീവിക്കുന്നതു കൊണ്ടാണ്‌ സുഹൃത്തെ, ഈ മനുഷ്യമൃഗങ്ങള്‍ സ്വൈര്യമായി കലാപരിപാടി നടത്തിപ്പോരുന്നത്‌. അതു കൊണ്ട്‌ അവനവന്റെ മയോപ്പിയ ചികിത്സിച്ചു മാറ്റ്‌.

പിന്നെ, പൊതുവാളെ, ഒരു പാടു പിള്ളമാര്‍ അറിയുകയും ചൊറിയുകയുമൊക്കെ ചെയ്യുന്നതു കൊണ്ടാ സമൂഹം മുന്നേറുന്നത്‌. അല്ലാതെ മറക്കുടയും ബുര്‍ഖയും കെട്ടിപ്പിടിച്ചിരിക്കുന്നതു കൊണ്ടല്ല.

വേണു venu said...

ഒരു പേരിലെന്തിരിക്കുന്നു.? പലതും.
അതു പോലെ ഒരു വസ്ത്രത്തിലും.

ശാലിനി said...

"ഒരു കാര്യം ഓര്‍ക്കുന്നില്ല. മലയാളികളുടെ ആണ്മക്കളെന്തേ കാമ വെറിയന്മാരായി പോകുന്നു എന്നത്"

ദില്‍ബുന്റെ ഈ കമന്റ് ശരിക്കും ചിന്തിപ്പിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

സാരി എനിക്കിഷ്ടപ്പെട്ട വേഷമാണ്. ഒരേ സമയം ശരീരം നന്നായി മറയ്ക്കാനും വേണമെങ്കില്‍ ശരീരം വെളിപെടുത്താനും അതുപകരിക്കും, അതു ഉടുക്കുന്ന ആളുടെ ഇഷ്ടമനുസരിച്ചാണ്.

ആ പ്രോഗ്രാം അല്പനേരം ഞാനും കണ്ടിരുന്നു. എന്തായാലും എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും എന്നു പറഞ്ഞ ആ കുട്ടിയോടു യോജിക്കാന്‍ ഞാനില്ല. ആ വേദിയില്‍ ആ രണ്ടുകുട്ടികള്‍ ഇരുന്ന രീതിയും ശ്രദ്ധിച്ചു. ഞാന്‍ ഒരു പിന്തിരിപ്പന്‍ മനസാക്ഷിക്കാരിയായതുകൊണ്ടാണോ എന്നറിയില്ല.

വേഷം മാന്യമാകുന്നതല്ലേ നല്ലത്. എനിക്കുതോന്നുന്നത്, പലര്‍ക്കും മറ്റുള്ളവര്‍ ധരിച്ചുകാണാന്‍ ഇഷ്ടമുള്ള പലവേഷങ്ങളും സ്വന്തം ഭാര്യയെ ധരിപ്പിച്ചുപ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടം കാണില്ല എന്നാണ്.

Myna said...

ഒരുകാര്യം ഓര്‍ക്കുന്നില്ല. മലയാളികളുടെ ആണ്‍മക്കളെന്തേ കാമ വെറിടന്മായി പോകുന്നു എന്നത്‌. ശരിക്കും ചിന്തിപ്പിക്കുന്ന കമന്റ്‌.
കുടിക്കാനൂള്ള വെല്ലളളമൊഴിച്ച്‌ മറ്റുകാര്യങ്ങള്‍ക്കൊക്കെ പുഴയെ ആശ്രയിക്കുന്ന ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചു വളര്‍ന്നത്‌. അലക്കുന്നതും കുളിക്കുന്നതുമൊക്കെ പുഴയില്‍ തന്നെ.
അവിടെ സ്‌ത്രീയും പുരുഷനും അടുത്തടുത്ത കടവുകളില്‍ നിന്ന്‌ കുളിച്ചു. സോപ്പുകള്‍ കൈമാറി. ഒരുമിച്ചു മുങ്‌ങി നിവര്‍ന്നു. പക്ഷേ അവരുടെ നോട്ടങ്‌ങളില്‍ കുളിക്കുക എന്നതിനപ്പുറം മറ്റൊന്നും കണ്ടില്ല. എന്നാല്‍ അന്യനാടുകളില്‍ നിന്നു വരുന്ന പുരുഷന്മാര്‍ മുലക്കച്ചകെട്ടി കുളിക്കുന്ന സ്‌ത്രീകളെ നോക്കി നിന്നിട്ടുണ്ട്‌. തന്റേടമുള്ളവര്‍ കാര്‍ക്കിച്ചു തുപ്പി അവരെ ആട്ടിയോടിച്ചു.
അയല്‍വാസിയായ സുഹൃത്തുനോട്‌ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്‌-കുഞ്ഞായിരിക്കുമ്പള്‍ മുതല്‍ അമ്മടോടൊപ്പം പോയികുളിക്കുന്ന ഞങ്ങള്‍ക്ക്‌ വലുതായപ്പോള്‍ പെണ്ണുങ്ങള്‍ കൂളിക്കുന്ന കാണുമ്പം എന്തുതോന്നാനാ-എന്നായിരുന്നു.
ഞങ്ങള്‍ക്കും അതുപോലെയായിരുന്നു. തോര്‍ത്തുമാത്രമുടുത്തു കുളിക്കുന്ന പുരുഷനെ നോക്കിനില്‌ക്കാന്‍ മിനക്കെട്ടില്ല.
എന്നാല്‍, നാടുമാറിയപ്പോള്‍
-അടുത്ത വീട്ടിലെ കോളേജധ്യാപകന്‍ കുട്ടിയെ കൈമാറുമ്പോള്‍ അയാളുടെ ഷര്‍ട്ടിടാത്ത ദേഹം കാണുമ്പോള്‍ എന്തോ തോന്നിപ്പോകുന്നു-വെന്ന്‌ ഒരു കൂട്ടുകാരി പറഞ്ഞു.
"ഞാനയാളറിയാതെ നോക്കിനിന്നു പോകും "അവള്‍ തുടര്‍ന്നു.
അതുകേട്ടപ്പോള്‍ ഒരാശങ്ക.
എന്റെ ഭര്‍ത്താവും വീട്ടിലായിരിക്കുമ്പോള്‍ ചിലപ്പോള്‍ ഷര്‍ട്ടിടാതെ നടക്കുന്നില്ലേ? പ്രദര്‍ശനമാണോ അത്‌? അതോ ഒരു ബര്‍മുഡയിലോ, മടക്കിക്കുത്തിയ കൈലിയിലോ നഗ്നത തീര്‍ന്നെന്ന തോന്നലോ?
രാജിയെപ്പോലെ തുറന്നു പറയാന്‍ കഴിയാതെ മടിച്ചിരിക്കുന്ന കൊണ്ടാവുമോ പുരുഷന്‍ യാതൊരു നാണവുമില്ലാതെ അര്‍ദ്ധനഗ്നരായി നടക്കുന്നത്‌?
എന്താണ്‌ മനസ്സിലാക്കേണ്ടത്‌?

Inji Pennu said...

അല്ല, ആണുങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടൊ? മുണ്ട് ഉടുത്ത് അവര്‍ക്ക് ഓഫീസില്‍ പോവാന്‍ കൊതിയുള്ള എത്രയോ പേരെ എനിക്കറിയാം? :) എന്താണീ പെണ്ണുങ്ങളുടെ വേഷത്തെക്കുറിച്ച് മാത്രം എപ്പോഴും തമ്മില്‍ തല്ലും, വാദങ്ങളുമൊക്കെ. ആണുങ്ങള്‍ക്ക് ഈ സ്റ്റ്രപ്സ്, പ്ലെയിന്‍ അല്ലാണ്ട് മറ്റൊരു വേഷം പോലുമില്ല. അവര്‍ക്കിച്ചിരെ പൂ‍ക്കളൊക്കെയുള്ളതിടണമെന്ന് ആഗ്രഹം കാണില്ലെ? ശ്ശെടാ, പാവങ്ങള്‍! അവരെക്കുറിച്ചാര്‍ക്കും ഒരു വേവലാതിയും ഇല്ലാത്തതെന്ത്? ഇതു കൊള്ളാം! :)

പിന്നെ,വേഷവും ക്രൈമും എങ്ങിനെ എവിടെവെച്ച് കൂട്ടിചേര്‍ന്നു എന്നൊന്നു പറയുമൊ? അങ്ങിനെയാണെങ്കില്‍ കള്ളന്മാര്‍ മൈന്റ് ചെയ്യാത്ത ഏതെങ്കിലും പ്രത്യേകം വേഷവിധാനങ്ങളുണ്ടൊ വീട്ടിലൊക്കെ ഇരിക്കുമ്പൊ ഇടാന്‍? എന്നാ അതൊന്ന് പറഞ്ഞ് കൊടുക്കായിരുന്നു എന്ന് വെച്ചിട്ടാണ് കള്ളന്‍ ശല്യം രൂക്ഷമായിരിക്കൊണ്ടിരി‍ക്കുന്ന എര്‍ണാകുളത്തൊക്കെ.

പൊടിക്കുപ്പി said...

ഇഷ്ടമുള്ള വേഷം ധരിച്ച് ഏതു പ്രായക്കാരെയും കാണുമ്പോള്‍ കേരളത്തിലെ നാട്ടിന്‍പുറത്തുക്കാരിയ്ക്ക് ആദ്യമൊക്കെ ഇച്ചിരെ തമാശയായി തോന്നിയിരുന്നെങ്കിലും വളരെ സന്തോഷം തോന്നിയിട്ടുണ്ട്. അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍.. കംഫര്‍ട്ടില്‍.. നാട്ടിലുള്ള കസിന്‍സും കൂട്ടുക്കാരുമൊക്കെ ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ്. കാലം മാറുന്നുണ്ട്.. കേരളത്തിനും മാറിയേ പറ്റൂ..

ദൃശ്യന്‍ said...

മൈനേ,

എഴുത്ത് നന്നായിട്ടുണ്ട്.
ഇത്തിരി തിരക്കിലാണ്‍, ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ പിന്നെ വരാട്ടോ.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നു വായനയുടെ ഗണപതിക്കു വെച്ചതു നല്ല പോസ്റ്റില്‍ തന്നെ...

ഇവിടെ പലരും വേഷവും സ്ത്രീപീഡനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നപോലെ എഴുതി കണ്ടു.. ഞാന്‍ പറയാന്‍ വന്നത് പെണ്‍വേഷമെന്ന വിഷയത്തെ കുറിച്ചല്ല..

വെറും മൂന്നു ദിവസം മുമ്പ് നടന്ന ഒരു സംഭവത്തെ കുറിച്ചു മാത്രം ...ഞാന്‍ ഒരു ഹോസ്റ്റെല്‍ വാസിയാണ്.. അതും കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ഹോസ്റ്റെല്‍ .. മിക്കവാറും രാവിലെ കണികാണുന്നത് വല്ലവനും വഴിയില്‍ തുണിപൊക്കി നില്ക്കുന്നതാവും .. ഒരിക്കല്‍ ഒരു കാമെറ ഫ്ലാഷ് കൊണ്ട് നടത്തിയ ഒരു കളികൊണ്ട് ഇപ്പോള്‍ പലരും തലയില്‍ മുണ്ടിട്ടാണ്‌ കലാപരിപാടി ..(അവര്‍ക്കും നാണം ..!!!) അതൊരു തുടര്ക്കഥയായതിനാല്‍ ..അതു വിടാം

കഴിഞ്ഞ ദിവസം രാവിലെ പള്ളീയില്‍ പോവാനിറങ്ങിയ ഒരു ആന്റിയെ ഇതില്‍ ഒരുത്തന്‍ കയറിപിടിച്ചു.. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ വെറും രണ്ടു മാസം മാത്രം ബാക്കിയുള്ള ഒരു കോട്ടണ്‍ സാരിയില്‍ പുതച്ചു പോവുന്ന അവരെ.. വസ്ത്രധാരണത്തിന്റെ അല്ലെങ്കില്‍ തുറന്നുകാട്ടലിന്റെ എന്തിന്റെ കുഴപ്പം കാരണമാവാം അവന്‍ കൈവെച്ചത്..

ഒരു ബൈ പാസ് കഴിഞ്ഞിരിക്കുന്ന ഒന്നു വിളിച്ചു കൂവാന്‍ പോലും ശേഷിയില്ലാതെ അവര്‍ നില്ക്കുമ്പോള്‍ അവരുടെ മുഖവും (ബാക്കി നിങ്ങള്‍ പൂരിപ്പിക്കുക) ...

അവനെ നമുക്ക്.. ഭ്രാന്തനെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗിയെന്നൊ എഴുതി തള്ളാം ..

ഇതെല്ലാം നോക്കിനിന്നിട്ടും കണ്ടുരസിച്ചു നിന്ന വഴിപോക്കരായ ആണുങ്ങളെ എന്തു പറയണം .. സിസ്റ്റേഴ്സ് ചെന്നു ആ ആന്റിയെ താങ്ങിയെടുത്ത് കൊണ്ടുവരുമ്പോള്‍ അവര്‍ പറഞ്ഞ കമന്റുകള്‍ക്ക് എന്തു മറുപടി പറയണം...പരാതി പറഞ്ഞപ്പോള്‍ നിയമപാലകര്‍ ചോദിച്ച "രാവിലെ എന്തിന്‌ പെണ്ണുങ്ങളെ ഇറക്കിവിടുന്നു " എന്ന ചോദ്യത്തിന്‌ ആര്ക്കെങ്കിലും എന്തെങ്കിലും ഉത്തരം ... ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.. ഉത്തരങ്ങള്‍ എന്തായിരിക്കും എന്നറിയാവുന്നതു കൊണ്ട് .. വെറുതെയെന്തിനാ...

വാല്‍കഷണം : ഇപ്പോള്‍ രാവിലെ 7 മണിക്കു ശേഷമെ ഹോസ്റ്റല്‍ ഗേറ്റ് തുറക്കുകയുള്ളു .. ജനലുകള്‍ തുറക്കരുത് (വഴിയെ പോവുന്നവര്‍ക്ക് പ്രലോഭനം ).. അനുസരിക്കാന്‍ വിഷമമുള്ളവര്‍ പോകുമ്പോള്‍ പെട്ടിയും കിടക്കയും കൂടി കൊണ്ടു പോവുക .. തിരിച്ചു വരണ്ട ..

കമന്റ് ഓഫ് ആയെങ്കില്‍ ക്ഷമി.. ഇട്ടിമാളുവിനെ ഹോസ്റ്റലില്‍ ആര്‍ക്കും അറിയില്ല.. ഹി ഹി ഹി .. അപ്പൊ ശരി പിന്നെ കാണാം ..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

വസ്ത്രധാരണത്തില്‍ ആണായാലും പെണ്ണായാലും ചിലമാന്യതകള്‍ പാലിക്കേണ്ടതുണ്ട്.

ശരീരഭാഗങ്ങള്‍ മറയ്ക്കുക എന്നതും വസ്ത്രധാരണത്തിന്റെ കടമയാണ്.

ശരീരത്തിന്റെ നി മ്നോന്നതികള്‍ വെളിവാക്കുന്നരീതിയില്‍ വസ്ത്രം ധരിക്കുന്നതില്‍ സ്ത്രീകള്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളും നിര്‍മ്മാതക്കളും മാത്രമല്ല ഇതില്‍ കുറ്റക്കാര്‍. ഏതു ധരിക്കണം, എന്തു ധരിക്കണം, എങ്ങിനെ ധരിക്കണം എന്നു തീരുമാനിക്കേണ്ടത് വ്യക്തികള്‍ തന്നെയാണ്.

Hashim said...

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വളരെ ലിബറലായ കാഴ്ചപ്പാടുള്ളവര്‍ ലൈമ്ഗിഗതയുടെ കാര്യത്തിലും അതെ കാഴ്ചപ്പാട് വെച്ചുപുലര്തുംമത് കാണാം. പക്ഷെ സ്വന്തം അമ്മയുടെയും പെങ്ങളുടെയും കാര്യം വരുമ്പോള്‍ അവോരോക്കെ ഏതോ മൂല്യങ്ങളെ പിന്തുടരുന്നു. ഇതല്ലേ കാപട്യം..

poor-me/പാവം-ഞാന്‍ said...

ചിന്തക്കു വിഷയം തന്നതിനു നന്ദി

kobodo said...

ഇഷ്റ്റ്മുല്ല വേഷം ധരികു...ആസ്വദിച് ജീവികൂ...പക്ഷെ അഭിപ്രായം പരയുംബൊല്‍ ഒരു കര്യം ..ഭഹുഭര്യ്ത്ത്തിനെ കുദുംബ ബന്ദതിനുല്ല മഹത്വം പരഞു വിമര്‍ഷിച ഒരു പ്രമുഖന്‍ സ്വവര്‍ഗ രദി യെ മനുഷയാവകാഷമുബയൊഗിചു ന്യായീഗരിച പൊലെ ആവരുദ്........മുഴുവന്‍ പ്രഷ്നങല്‍കും പരിഹരമവുന്ന ഒരു വഴി പരയു......പട്ടിനി മരനം മുതല്‍ മനസിക വൈക്ര്തങല്‍ക് വരെ.........

pappunni said...

മറ്റൊന്നിനെ പറ്റിയും ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷെ കേരളീയ വേഷം എന്നതിനെപ്പറ്റി എന്റേതായ ഒരു അഭിപ്രായം പറഞ്ഞോട്ടെ.കേരളീയ വേഷം എന്നതിനെപ്പറ്റി പലരും പറയുന്നത് പണ്ട് മലയാള ഭാഷയുടെ തുടക്കം മുതലുള്ള ചരിത്രമാണ് . അന്ന് മറ്റെതോക്കെയോ വേഷങ്ങള്‍ നിലവിലുണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ട് അതൊക്കെ കേരളീയ വേഷമായി കരുതേണ്ടി വരുമോ എന്ന് പലരും അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട് . എന്റെ അഭിപ്രായത്തില്‍,കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം ഇവിടത്തെ പൊതുവായ വേഷം എതായിരുന്നുവോ അതാണ്‌ കേരളീയ വേഷം.

pappunni said...

മറ്റൊന്നിനെ പറ്റിയും ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷെ കേരളീയ വേഷം എന്നതിനെപ്പറ്റി എന്റേതായ ഒരു അഭിപ്രായം പറഞ്ഞോട്ടെ.കേരളീയ വേഷം എന്നതിനെപ്പറ്റി പലരും പറയുന്നത് പണ്ട് മലയാള ഭാഷയുടെ തുടക്കം മുതലുള്ള ചരിത്രമാണ് . അന്ന് മറ്റെതോക്കെയോ വേഷങ്ങള്‍ നിലവിലുണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ട് അതൊക്കെ കേരളീയ വേഷമായി കരുതേണ്ടി വരുമോ എന്ന് പലരും അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട് . എന്റെ അഭിപ്രായത്തില്‍,കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം ഇവിടത്തെ പൊതുവായ വേഷം എതായിരുന്നുവോ അതാണ്‌ കേരളീയ വേഷം.