Wednesday, March 21, 2007

ഇന്ന്‌‌ ലോകവന ദിനം


വനം ഒരു വരം

പത്തുപുത്രനു സമമാണ്‌ ഒരു വൃക്ഷമെന്ന്‌ വൃക്ഷായൂര്‍വ്വേദം പറയുന്നു.

മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ച എനിക്ക്‌‌ കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി..നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ്‌ പ്രശ്‌നം. പ്ലാവിലൊരുപാട്‌ ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട. പഴുത്തോരോന്ന്‌‌ വീഴാന്‍ തുടങ്ങിയപ്പോള്‍ അടര്‍ത്തിയെടുത്തു ഭക്ഷിച്ചു അവര്‍.

മൂന്നു വര്‍ഷം മുമ്പ്‌ സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്‌‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.

"എന്തിനാ ഈ പ്ലാവ്‌...?"

"ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ" ഞാന്‍ പറഞ്ഞു.

"ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും" ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ(പോലീസുകാരന്റെ) മരങ്ങളില്‍നിന്ന്‌

‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌‌ ചീഞ്ഞ്‌‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക്ക്‌ ഞങ്ങളുടെ പ്ലാവ്‌‌ പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്‌. ഇലകള്‍ കിണറിനകത്തുവീണ്‌ ചീയുന്നു. "കുടിക്കുന്ന വെള്ളമല്ലേ?"- ചോദ്യം ഒന്നും മിണ്ടിയില്ല. അവരും പറഞ്ഞു വെട്ടിമാറ്റാന്‍ പറഞ്ഞിട്ട്‌ മാറ്റുന്നില്ല.കഴിഞ്ഞവര്‍ഷം ആയല്‍ക്കാരുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി.

അതു കണ്ടിട്ട്‌ സുനില്‍ അയല്‍ക്കാരന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്‍പ്പാടുചെയ്‌തു. സ്വര്യം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പ്ലാവുന്റെ കുറ്റിമാത്രമുണ്ട്‌‌. തടി കൂതലിച്ച്‌ ഒരു വശത്ത്‌‌ കിടക്കുന്നു.കഴിഞ്‌ഞ വേനലില്‍(2006) കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. "മാവ്‌ വെട്ടിയതുകൊണ്ടായിരിക്കുമല്ലേ ?"അവര്‍ സംശയം പ്രകടിപ്പിച്ചു.

അപ്പോള്‍ എനിക്കൊരോര്‍മ. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു.

"ആ ചെടിയൊക്കെ നെലത്തു നട്‌‌. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില്‌ വെളളമുണ്ടാവൂ...."

7 comments:

മൈന said...

ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.
"എന്തിനാ ഈ പ്ലാവ്‌...?"
"ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ" ഞാന്‍ പറഞ്ഞു.
"ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും" ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ(പോലീസുകാരന്റെ) മരങ്ങളില്‍നിന്ന്‌
‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌‌ ചീഞ്ഞ്‌‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക്ക്‌ ഞങ്ങളുടെ പ്ലാവ്‌‌ പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്‌. ഇലകള്‍ കിണറിനകത്തുവീണ്‌ ചീയുന്നു. "കുടിക്കുന്ന വെള്ളമല്ലേ?"-

Reshma said...

മൈനേ, എത്ര മരം നട്ട് വളര്‍ത്തിയാലാ ഒരു പുത്രിക്ക് സമം ആവാ?:)

അപ്പു said...

നല്ല ലേഖനം. മരങ്ങള്‍ക്കറിയില്ലല്ലോ വേലിയും അതിരും. മാവുവെട്ടിയതിനുശേഷം കിണര്‍ വറ്റിയത് അതിശയമായിരിക്കുന്നു.

ബിന്ദു said...

എനിക്ക് മരം മുറിഞ്ഞ് നിലത്തുവീഴുമ്പോഴുള്ള ആ ‘പ്ധിം’ ശബ്ദം വല്യ വിഷമം ആണ്. ഒരു മരം അവിടെ നിക്കുന്നെങ്കില്‍ നിക്കട്ടെ, കാപ്പിയും ചായയും ഒന്നും ഉണ്ടാക്കി കൊടുക്കണ്ടല്ലൊ. ;)

തഥാഗതന്‍ said...

ദശ പുത്ര സമോ ദ്രുമ
പത്ത് പുത്രന്മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം..
എത്ര പുത്രിമാര്‍ക്ക് തുല്യമാണ് എന്ന് എവിടേയും കാണുന്നില്ല. പിന്നെ ആണും പെണ്ണും തുല്യരായതു കൊണ്ട് പത്ത് പുത്രിമാര്‍ക്ക് തുല്യം എന്ന് നമുക്കങ്ങട് അനുമാനിയ്ക്കാം രേഷ്മ


qw_er_ty

തഥാഗതന്‍ said...

അയ്യോ എനിയ്ക്ക് തെറ്റി..രേഷ്മയുടെ ചോദ്യം ശരിയ്ക്ക് വായിയ്ക്കാതെ ഉത്തരം പറഞ്ഞു.

എത്ര മരം നട്ടാലാണ് ഒരു പുത്രിയ്ക്ക് തുല്യമാകുക എന്നത് ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്

QW_ER_TY

hemjith said...

blogg vayichu, abiprayathodu yogikunnu TxDku abhinandhanangal