Wednesday, February 14, 2007

സര്‍പ്പ ദംശനമേറ്റാല്‍

സര്‍പ്പ ദംശനമേറ്റാല്‍
പ്രകൃതിക്ഷോഭങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ കൂടുതല്‍ ഭയന്നത്‌ വിഷജന്തുക്കളെയാണ്‌. പ്രത്യേകിച്ച്‌ പാമ്പുകളെ. അതുകൊണ്ടുതന്നെ ഒട്ടനവധി കഥകളും അന്ധവിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്‌. പാമ്പിനെ ഉപദ്രവിച്ചാല്‍ പകവീട്ടും, കണ്ണില്‍കൊത്തും, പറന്നു കടിക്കും, കടിച്ചശേഷം പാമ്പ്‌ മരത്തില്‍ കയറി തല കീഴായിക്കിടക്കും, മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല തുടങ്ങി ധാരാളം കെട്ടുകഥകള്‍ കേള്‍ക്കുന്നു. അതുപോലെ പാമ്പുകടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയെ കുറിച്ച്‌ പലരും ബോധവാന്മാരല്ല. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ഭയവും അപകടത്തിലെത്തിക്കുകയെയുള്ളൂ.സര്‍പ്പദംശനമേല്‌ക്കേണ്ടിവരുന്നയാളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാവുക പ്രഥമ ശുശ്രൂഷയുടെ ഫലമായിരിക്കും. ഭയംകൊണ്ടോ അഞ്‌ജതകൊണ്ടോ വിലയേറിയ സമയം നഷ്‌ടപ്പെടുത്താതെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്‌. കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമുണ്ടവില്ല എന്നു വിശ്വസിക്കുന്നവരുണ്ട്‌. ശരീരത്തില്‍ കടന്ന വിഷം തിരിച്ചു കടിച്ചതുകൊണ്ട്‌ ഇല്ലാതാകുന്നില്ല. തിരിച്ചുകടിക്കാന്‍ തുനിഞ്ഞാല്‍ വീണ്ടും കടിയേല്‌ക്കുകയായിരിക്കും ഫലം. പുരാതന ഗ്രന്ഥങ്ങളിലും മറ്റും കടിച്ച പാമ്പിനെ തിരിച്ചുകടിക്കുക അല്ലെങ്കില്‍ പാമ്പാണെന്നു വിചാരിച്ച്‌ കല്ലോ, കമ്പോ കടിക്കുക എന്നു പറയുന്നുണ്ട്‌. കടിയെല്‍ക്കുമ്പോഴുണ്ടായേക്കാവുന്ന മാനസീക സംഘര്‍ഷം കുറയ്‌ക്കാനുള്ള വഴിയായിട്ടാവും ഇതു പറഞ്ഞിരിക്കുക. കടിയേല്‌ക്കുമ്പോഴുണ്ടാകുന്ന ഭയംമൂലം ഹൃദയസ്‌പന്ദം വേഗത്തിലാവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും അതുമൂലം വിഷം ശരീരത്തില്‍ പെട്ടെന്ന്‌ വ്യാപിക്കാന്‍ ഇടവരുകയും ചെയ്യും. ഈ അവസ്ഥയില്‍ മാനസീക പിരിമുറുക്കം കുറക്കുന്നതിന്‌ ഉപകരിക്കുന്നതാണ്‌ കല്ലോ കമ്പോ കടിക്കുക എന്നത്‌. മനശാസ്‌ത്ര സമീപനത്തില്‍ മാത്രമേ ഇതുപകരിക്കൂ. കടിയേറ്റ ഭാഗം പൊള്ളിച്ചാല്‍ വിഷം കയറുന്നത്‌ തടയാമെന്നതും തെറ്റിദ്ധാരണയാണ്‌. വിഷത്തിന്റെ ശക്‌തി കുറയണമെങ്കില്‍ 73 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂര്‍ ചൂടാക്കണമെന്നാണ്‌ കണ്ടെത്തല്‍. പൊള്ളിച്ചാല്‍ മുറിവ്‌ വികസിക്കുകയും അതുമൂലം വിഷം വളരെ വേഗത്തില്‍ വ്യാപിക്കാനും ഇടവരും.മൂത്രം കുടിച്ചാല്‍ വിഷശക്തി കുറയുമെന്നു കരുതുന്നു ചിലര്‍. ഇങ്ങനെ ചെയ്‌താല്‍ വിഷവ്യാപനത്തെ മന്ദഗതിയിലാക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ആയൂര്‍വ്വേദാചാര്യന്മാര്‍ പറയുന്നു. എന്നാല്‍ പ്രഥമശുശ്രൂഷ എന്ന നിലയ്‌ക്ക്‌ ഇത്‌ എത്രമാത്രം ഗുണം ചെയ്യുന്നു എന്ന്‌ പരീക്ഷിച്ചറിയേണ്ടതുണ്ട്‌. പാമ്പുകടിയേറ്റയാളിന്‌ മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉഗ്രവിഷമുള്ള പാമ്പാണ്‌ കടിച്ചതെന്ന നിഗമനത്തിലെത്തിച്ചരുന്നവരുണ്ട്‌. ഇത്‌ ഭയം വര്‍ദ്ധിക്കാനിടവരുത്തുകയും ചെയ്യും. ശരീരാന്തര്‍ഭാഗത്ത്‌ വിഷം എത്തിച്ചേരുന്നതുവരെ മൂത്രോല്‌പാദന അവയവങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഭയവും അസ്വസ്ഥയുമാവാം കടിയേല്‌ക്കുന്ന ഉടനെ മൂത്രം പോകാതിരിക്കാനുള്ള കാരണം.കുരുമുളകു ചവച്ചു നോക്കിയാല്‍ മധുരമാണെങ്കില്‍ വിഷമുണ്ടെന്നും എരിവാണെങ്കില്‍ വിഷമില്ലെന്നും തീരിമാനിക്കപ്പെടുന്നവരുണ്ട്‌. വിഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ മാത്രമാണ്‌ രോഗിയുടെ രുചി സ്വഭാവങ്ങള്‍ മാറുന്നുള്ളു. അശാസ്‌ത്രീയ പരിഹാരം തേടുന്നതിനൊപ്പം സ്വയം ചികിത്സ ചെയ്യുന്നതും അപകടത്തിലെത്തിക്കും. കാഞ്ഞിരത്തില അരച്ചു കുടിക്കുക, ഉമ്മത്തില ഉപയോഗിക്കുക, ചില മൃഗങ്ങളുടെ കൊഴുപ്പുകളും നെയ്യും മറ്റും ഉപയോഗിക്കുക ഇതെല്ലാം അപകടം വിളിച്ചു വരുത്തുകയാണു ചെയ്യുന്നത്‌. പല ഔഷങ്ങളും ആവശ്യമില്ലാതെ അകത്തുചെന്നാല്‍ അതും വിഷമാണെന്നറിയണം. ഡോക്‌ടറുടെയോ വിദഗ്‌ദനായ വൈദ്യന്റെയോ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്നുപായോഗിക്കാവൂ. അശാസ്‌ത്രീയ പരിഹാരങ്ങള്‍ തേടി വിലയേറിയ സമയം കളയാതെ ഇത്തരം സന്‌ദര്‍ഭങ്ങളില്‍ ജീവന്‍കൊണ്ടു പന്താടാതെ ശാസ്‌ത്രീയമായി അംഗീകരിക്കുന്നകാര്യങ്ങള്‍ മാത്രം ചെയ്യുക.ഏറ്റവും പ്രധാനം രോഗി ഭയപ്പെടാതിരിക്കുകയാണ്‌. ഭയവും മാനസീക സംഘര്‍ഷവും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. രോഗിയുടെ കൂടെയുള്ളവര്‍ ഈ അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണു വേണ്ടത്‌..രോഗി ശാരീരികവും മാനസീകവുമായി വിശ്രമിക്കുകയാണു വേണ്ടത്‌. ലഹരി പദാര്‍ത്ഥങ്ങളോ, ഭക്ഷണമോ കഴിക്കരുത്‌. ദാഹമുണ്ടെങ്കില്‍ വെള്ളം കുടിക്കാം. കരിക്കിന്‍ വെള്ളമാണു നല്ലത്‌. രോഗിയെ നടത്താനോ കഴിയുന്നതും ഇളക്കാനോ പാടില്ല. കൈകാലുകളിലാണ്‌ കടിയേറ്റിട്ടുള്ളതെങ്കില്‍ ആ ഭാഗം താഴ്‌ത്തിയിടുന്നതാണ്‌ ഉത്തമം. മറ്റു ഭാഗങ്ങളിലാണെങ്കില്‍ തല ഉയര്‍ത്തിക്കിടത്തണം. കടിയേറ്റലുടന്‍ ആ ഭാഗം ശുദ്ധജലത്തില്‍ കഴുകി, മുറിവില്‍നിന്നും കുറച്ചെങ്കിലും രക്തം ചോര്‍ത്തിക്കലയണം. പ്രഥമ ശുശ്രൂഷയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മൂറിപ്പാടിന്‌ മുകളിലായി കെട്ടുന്നതാണ്‌. മൂന്നോ നാലോ ഇഞ്ച്‌ മുകളില്‍ വെച്ച്‌ കെട്ടുക. മുറുക്കി കെട്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഇടവിട്ട്‌ രണ്ടോ മൂന്നോ കെട്ടുകെട്ടാം. ആധുനീക ചികിത്സാരീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ രക്തഗ്രൂപ്പ്‌ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. വിഷം രക്തത്തില്‍ കലര്‍ന്ന്‌ രക്തം കട്ടപിടിക്കാതായാല്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണിത്‌. പാമ്പുകടിയേറ്റാല്‍ കാര്യമായ വിഷമങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതാന്‌നല്ലത്‌. നിരീക്ഷിച്ച്‌ ബോദ്ധ്യപ്പെട്ടാലേ വിഷമേറ്റിട്ടില്ലെന്ന്‌ ഉറപ്പാക്കാന്‍ പറ്റൂ. വിഷമേറ്റാലുടന്‍ പ്രഥമശുശ്രൂഷകള്‍ നല്‌കി, രോഗിയെ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്ത്‌ എത്തിക്കുകയാണ്‌ വേണ്ടത്‌.

8 comments:

Myna said...

സര്‍പ്പ ദംശനമേറ്റല്‍ പലരും പ്രഥമ ശുശ്രൂഷ തെറ്റായ തരത്തിലാണ്‌ ചെയ്യുന്നത്‌. ഇതിനെക്കുറിച്ച്‌

Unknown said...

വളരെ നന്നായി പറഞ്ഞു മൈനാ... ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും സമൂഹത്തില്‍ പ്രചരിക്കുന്നു. പാമ്പുകള്‍ നമ്മുടെ ശത്രുവല്ല. പ്രകോപിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ സ്വയം‌രക്ഷയെക്കരുതിയാണ് പാമ്പുകള്‍ മനുഷ്യനെ കടിക്കാന്‍ മുതിരുന്നത്. പാമ്പുകളെ അതിന്റെ പാട്ടിനു വിടുകയും,ഉപദ്രവിക്കാതിരിക്കുകയും, നമ്മള്‍ മുന്‍‌കരുതല്‍ എടുക്കുകയുമാണ് വേണ്ടത്. തുടര്‍ന്ന് എഴുതുമല്ലോ......

Joseph Antony said...

മൈന,
ഇതിനെക്കാള്‍ പറ്റിയ ഒരു പേര്‌ താങ്ങളുടെ ബ്ലോഗിന്‌ നല്‍കാന്‍ കഴിയില്ല. നന്നായിരിക്കുന്നു...

hemjith said...

thanks myna very much informative

രാജ് said...

പൊതുവെ ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍ നായരുടെ നമ്മള്‍ തമ്മിള്‍ ഒരു ഉരുണ്ടുകളിയുടെ ടീവിക്കാഴ്ചയാണെങ്കിലും സര്‍പ്പദംശനത്തിനുള്ള സ്വയം ചികിത്സയെ കുറിച്ചും പ്രാഥമിക ചികിത്സയേക്കുറിച്ചുമുള്ള ചര്‍ച്ച ഞാന്‍ സാകൂതം വീക്ഷിച്ചിരുന്നു. ശ്രീകണ്ഠന്‍ നായര്‍ക്കു പതിവു പോലെ ഒരു തീരുമാനത്തിലെത്താനായില്ല, ഒരു ഗുഡ്ബൈയില്‍ കാഴ്ചക്കാരെ ഇളിഭ്യരാക്കി മൂപ്പര്‍ ഇടം ഒഴിയുകയും ചെയ്തു. മൈനയുടെ ഈ ലേഖനം കുറേകൂടി ഗുണപ്രദമായിരുന്നു. സര്‍പ്പഗന്ധിക്കു ചേര്‍ന്ന വിഷയം തന്നെ.

മയൂഖന്‍ said...

ഈ സര്‍പ്പ്ഗന്ധിയെ കുറിച്ചു സിവിക് ചന്ദ്രന്‍ പറയുന്നതു ശ്രദ്ധിക്കുക.
http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20061112034103199

Siju | സിജു said...

ഇന്‍ഫൊര്‍മേറ്റീവായ നല്ല പോസ്റ്റ്

wayanadan said...

very interesting your first pranayanubhavam.