Sunday, November 16, 2014

നഗരവഴികള്‍
കാട്ടില്‍ നിന്നും നഗരത്തിലേക്കായിരുന്നു-കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്കുള്ള എന്റെ യാത്ര.  ഇടുക്കിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തേക്ക്...നഗരം  അപരിചിതയായി കണ്ടില്ല എന്നു തോന്നുന്നു. എന്തിനേയും സ്വീകരിക്കാന്‍ അതിനാവുന്നതുകൊണ്ടാവണം ഇവളേയും സ്വീകരിച്ചത്.  ഇവള്‍ക്കാണെങ്കിലോ അത്രപോലും അപരിചിതത്വം തോന്നിയുമില്ല.  മുമ്പ് നഗരം ശരിക്കു കണ്ടിട്ടില്ലായിരുന്നു.  ബസ്സുയാത്രയിലോ മറ്റോ കടന്നുപോയിരുന്നുവെന്നല്ലാതെ...

2002 മാര്‍ച്ച് 4, കോഴിക്കോട് വൈ എം സി എ യ്ക്കടുത്തുള്ള ബ്രില്ല്യന്‍സ് കോളേജില്‍ പി എസ് സി കോച്ചിംഗിനു ചേര്‍ത്തു കണവന്‍.  ക്ലാസ്സു കഴിയുമ്പോള്‍ അവന്‍ ജോലി ചെയ്യുന്ന ബാങ്കിലേക്ക് എത്തിക്കോളാന്‍ പറഞ്ഞു.

കോഴിക്കോടിന്റെ ഭൂമിശാസ്ത്രത്തെപ്പറ്റിയോ നഗരഭൂപടത്തെപ്പറ്റിയോ ഒന്നുമറിയാത്തവളോടായിരുന്നു ആ പറച്ചില്‍...അവന്‍ ജോലി ചെയ്യുന്ന ബാങ്ക് കല്ലായ് റോട്ടിലാണ്.  എത്ര ദൂരമുണ്ടെന്നൊന്നും അറിയില്ല.  വണ്‍വേ ആയതുകൊണ്ട് ബസ്സോ ഓട്ടോയോ കിട്ടില്ല. അതുകൊണ്ട് പുറകോട്ട് നേരെ നടന്നാല്‍ മതിയെന്നു പറഞ്ഞു. കുറേ ദൂരെമെത്തുമ്പോള്‍ മാനാഞ്ചിറ കാണാമെന്നും മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി കാണാമെന്നും വേണമെങ്കില്‍ അവിടെ കയറി വായിച്ചിട്ടൊക്കെ പോന്നാമതിയെന്നും അവന്‍ പറഞ്ഞു.  പിന്നെ എസ് കെ പൊററക്കാടിന്റെ പ്രതിമയുണ്ട്.  എസ് കെ നോക്കിയിരിക്കുന്നത് മിഠായി തെരുവിലോട്ടാണ്...അതിലെ നടന്നാലും പാളയത്തെത്തും...അവിടുന്ന് കുറച്ചു ദൂരം കൂടി പോയാല്‍ ബാങ്കിന്റെ ബോര്‍ഡ് കാണാം.  എങ്ങോട്ടും വളയാനും തിരിയാനും നില്ക്കണ്ട.  മിഠായി തെരുവില്‍ തിരക്കായിരിക്കും.  അതിലെ ഇപ്പോ വരണ്ട.  പട്ടാളപള്ളിയുടെ അടുത്തു കൂടെ മുതലക്കുളത്തിനരികിലൂടെ പോന്നാല്‍ മതി. മുതലക്കുളത്ത് മുതലയോ കുളമോ ഇല്ല.  അലക്കുകാരു വിരിച്ചിട്ട തുണിയുണ്ടാവും..ഇല്ലെങ്കില്‍ കുറേ അയക്കോലുകള്‍...

ഏതാണ്ട് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്.  പക്ഷേ അന്നത് അറിയില്ല.  പറഞ്ഞു തന്നതുപോലെ നേരയങ്ങ് നടന്നു.  മാനാഞ്ചിറയെ നോക്കി നിന്നു.  ലൈബ്രറിയില്‍ കയറി.  എസ് കെ യെ കണ്ടു. പട്ടാളപള്ളി കണ്ടു...മുതലക്കുളത്തെ അയക്കോലുകള്‍ കണ്ടു.   അന്ന് മൊബൈല്‍ ഫോണൊന്നുമില്ല.  എന്തായാലും ആരോടും വഴി ചോദിക്കേണ്ടി വരാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

  അധികം വൈകാതെ കോഴിക്കോട് പ്രസ് ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ കിട്ടുന്നു.  പിന്നെ നഗരത്തിന്റെ ഇടവഴികള്‍ ഇവള്‍ക്കു സ്വന്തമാവുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പല വഴികളിലൂടെയും നടന്നു.  ചിലപ്പോള്‍ അസൈന്‍മെന്റിനു വേണ്ടിയാവാം.  ചിലപ്പോള്‍ ഊണുകഴിക്കാനായി ഒരു മെസ്സ് അന്വേഷിച്ചുള്ള യാത്രയാവാം.  തെരുവു പുസ്തകച്ചന്തയിലേക്കോ സെക്കന്റ്ഹാന്‍ഡ് ബുക്ക് ഷോപ്പിലേക്കോ ആവാം.  മറ്റു ചിലപ്പോള്‍ കടല്‍ത്തീരത്തേക്ക്, മിഠായി തെരുവിലേക്ക്...

പിന്നെ എനിക്കും ബാങ്കില്‍ ജോലി കിട്ടുന്നു.  വൈകിട്ട് മാനാഞ്ചിറയിലേക്ക് നടക്കുകയാവൂം.  മെയിന്‍ റോട്ടിലൂടെയൊന്നുമല്ല.  കാണുന്ന വഴിയേ, ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും.  മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം.  ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല.  പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും.

എവിടേക്കു പോകണമെങ്കിലും സമയമുണ്ടെങ്കില്‍ നടക്കുകയാണ് പതിവ്.  പലപ്പോഴും ഇടവഴികളിലൂടെ...ഒറ്റയ്ക്കായി പോകുന്ന ചില വഴികളില്‍ പേടി തോന്നാറില്ല.  എതിരെ വരുന്നൊരാള്‍ ആക്രമണകാരിയാണെന്നൊരു തോന്നല്‍ വെച്ചു പുലര്‍ത്താറില്ല.  ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം.
നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്.  ചിലപ്പോള്‍ ശരിയായിരിക്കാം.  എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല.  എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല.  കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം.  ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം.  എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണ് എന്ന് കരുതുന്നില്ല.

ചിലപ്പോള്‍, നടക്കുമ്പോള്‍ കാണാം..വലതുവശത്തെ മതിലില്‍ നിറയെ ഷക്കീലപോസ്റ്ററുകള്‍...പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കാര്യമാണേ..ആ ചിത്രങ്ങളില്‍ നോക്കി നിന്ന് മൂത്രമൊഴിക്കുന്നവര്‍...ഊറിയ ചിരിയെ ഒതുക്കിക്കൊണ്ട് ഒറ്റ നടത്തമാണ്.  അധികമാരും നടന്നു പോകാത്ത വഴിയോരത്ത് കാണാം കാമസൂത്രയുടേയും നിരോധിന്റെയും ഉറകള്‍...ചരസിന്റെയോ കഞ്ചാവിന്റെയോ ആലസ്യത്തില്‍ കിറുങ്ങിയിരിക്കുന്നവര്‍...സന്ധ്യകഴിഞ്ഞുള്ള നേരങ്ങളില്‍, ജയയിലോ സാമൂതിരി സ്‌കൂളിലോ ഒക്കെ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ അതുകണ്ടു മടങ്ങി വരുമ്പോള്‍ കാണാം സാരിയൊന്നു തെറുത്തു കയറ്റി-ആണുങ്ങളോട് വിലപേശുന്ന പെണ്ണുങ്ങള്‍...

ചില മതിലുകളുണ്ട് മനോഹരം.  പായല്‍ പിടിച്ചവ, നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ, പൊട്ടിയും അടര്‍ന്നും കെട്ടുപോയവ, ചെളി പിടിച്ചവ, കാക്ക കാഷ്ടിച്ചവ, പൂവന്‍പെടയുടെ പച്ച വെല്‍വെറ്റു കുപ്പായമിട്ടവ, ഇലകളും വള്ളികളും  പൂക്കളുംകൊണ്ട്  സമൃദ്ധമായവ,  മുറുക്കിത്തുപ്പി ചുവന്നു പോയവ, മൂത്രം മണക്കുന്നവ, പട്ടിയെ സൂക്ഷിക്കണമെന്ന് എഴുതിവെച്ചവ...

ഗംഭീരവീടുകള്‍, വലിയ വലിയ എടുപ്പുകള്‍, അത്ഭുതം കൂറുന്ന എടുപ്പുകളും വഴികളും, വൃത്തിയും...ഇത്തിരിപ്പോയാല്‍ കരിയോയില്‍ കലക്കിയൊഴിച്ചപോലൊഴുകുന്ന ഓവുചാലുകള്‍, കോറഷീറ്റ് മേഞ്ഞ, പ്ലാസ്റ്റിക് ടാര്‍പ്പായ മേഞ്ഞ കൊച്ചുകൊച്ചു കുടുലുകള്‍, ചേരികള്‍...

സ്മാര്‍ട്ട് ഫോണും വടക്കുനോക്കി യന്ത്രവും ഗൂഗിള്‍ മാപ്പും അടുത്തകാലം വരെ കൂട്ടിനിലിലായിരുന്നു.  ആകാശം, സൂര്യന്‍, കെട്ടിടങ്ങളുടെ തുഞ്ചങ്ങള്‍ മാത്രം അടയാളം...ദിക്കുകള്‍...

ചിലപ്പോള്‍ തെറ്റുപ്പോകും വഴികള്‍...ഏതെങ്കിലും വീട്ടിലേക്കാവും..ചേരിയിലേക്കാവും..വര്‍ഷോപ്പിലേക്കോ കരിപിടച്ച വിജനപ്രദേശത്തേക്കോ ആവും.  എപ്പോഴും വഴി ശരിയാവണമെന്നില്ലല്ലോ, എല്ലാം പൂര്‍ണ്ണമല്ലല്ലോ എന്നു ചിന്തിച്ച്  തിരിച്ചു നടുക്കും.


മുമ്പ് വൈദ്യം പഠിച്ചിരുന്നതുകൊണ്ട് അറിയുന്ന ചെടികളെ തിരയും.  ഓരില ഇവിടെ, വെള്ളാവണക്കും വെള്ളെരുക്കും കല്ലത്താന്‍ കടവ് പാലത്തിനരുകില്‍, അശോകം മഞ്ഞ പെയിന്റടിച്ച വീട്ടുമുറ്റത്ത്, പുത്തരിച്ചുണ്ടയും ഉഴിഞ്ഞയും കടലാടി രണ്ടും  ഒഴിഞ്ഞ പറമ്പില്‍, തഴുതാമ മൂത്രം മണക്കുന്ന റെയില്‍വേ പാലത്തിനരുകില്‍, പൂവാം കുറന്നല്‍ ഓരോ മതിലിനുമരികില്‍, സ്‌കുളിനടുത്ത് ട്രാന്‍സ്‌ഫോമറിനിരുകിലെ ചതുപ്പില്‍ അടയ്ക്കാമണിയനും മുയല്‍ച്ചെവിയും കുടങ്ങലും കയ്യോന്നിയും, ചുവപ്പും വെള്ളയും കീഴാനെല്ലികള്‍...
നഞ്ഞ്, ഒതളം, ചേര്, സാമുദ്രപ്പച്ച, ചങ്ങലംപരണ്ട, കാര്‍ത്തൊട്ടി, മൈലെള്ള്, സര്‍പ്പഗന്ധി, ചാരവള്ളിയങ്ങനെയങ്ങനെ...

ആരു പറഞ്ഞു ഇതൊരു നഗരമാണെന്ന്?  ഇവള്‍ തനിയെ ചോദിച്ചു പോകുന്നു.

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍.  ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല.  അത് നാട്ടില്‍ വെച്ചാണ്.  കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..
ഞൊട്ടാണിപ്പഴം, കാന്താരിപ്പഴം, പൊട്ടിപ്പഴം, പൂച്ചപ്പഴം, കൊങ്ങിണിക്കായ പിന്നെ ചിലപ്പോള്‍ കുറേ ഇലകളും കായകളുമായി ഇവള്‍ കാടിറങ്ങി കൈത്തോടു കടന്ന് എങ്ങോട്ടെന്നറിയാതെ നീണ്ടു നീണ്ടു പോകുന്ന വയല്‍ വരമ്പിലൂടെ നടന്നു.

ഇപ്പോള്‍ ജോലിസ്ഥലത്തു നിന്ന് ഇറങ്ങി നടക്കുന്നു.  അതേപോലെ, ആ ഇടവഴികളിലൂടെ ചെന്നെത്തുന്നത് ഏതെടുക്കണമെന്നറിയാത്ത് തെരുവുപുസ്തകച്ചന്തയിലേക്ക്...ആള്‍ക്കൂട്ടം പത്തുരൂപയ്ക്ക്, ചിദംബരസ്മരണ ഇരുപത്തിരണ്ടുരൂപയ്ക്ക്, കടല്‍മരുഭൂമിയിലെ വീട്, ടോട്ടോച്ചാന്‍, വുതറിംഗ് ഹൈറ്റ്‌സ്, ...ഷെല്‍വിയുടെ ലൈബ്രറി പകുതി വിലയ്ക്ക്, ചിലതു തുറക്കുമ്പോള്‍ കൈ വിറയ്ക്കും...പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ ഒപ്പുചാര്‍ത്തികൊടുത്തവ...

നാട്ടില്‍വെച്ച് കാടും മലയും പുഴയും മണല്‍ത്തിട്ടയും പാറയുമുണ്ടായിരുന്നു.  എവിടെയും എപ്പോഴും കയറിച്ചെല്ലുകയും നിലാവില്‍ സ്വപ്‌നം കാണുകയും ചെയ്തിരുന്നു.  അകലെ മലമുകളില്‍ കാണുന്ന ചെറുവെളിച്ചത്തെപ്പോലും തിരിച്ചറിഞ്ഞിരുന്നു.  മാനത്തു നിന്നു താഴോട്ടിറങ്ങി വന്ന ആ നക്ഷത്ര വിളക്കുകളെ പ്രണയിക്കാന്‍ ശീലിച്ചിരുന്നു.  കവലയില്‍ നിന്ന് പഞ്ചായത്തുറോട്ടിലൂടെ നടന്നുവരുമ്പോള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.  ആരോ പുറകെ വരുന്നുവെന്ന്...മുന്നിലേക്ക് കുറേ ദൂരത്തേക്ക് കണ്ണയച്ചു.  തേടുന്നയാള്‍ വരുന്നോ എന്നറിയാന്‍...ചുമ്മാതായിരുന്നു.  എന്നാലും ആറുകാണാവുന്ന ദൂരത്തിലെ കാപ്പിച്ചോട്ടില്‍ കാത്തുനിന്നു.  വരില്ലെന്നറിഞ്ഞിട്ടും കാത്തുനിന്നു.    വെറുതെ...

ഇപ്പോള്‍ നഗരവഴികളിലൂടെ നടക്കുമ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
  ഇല്ലേയില്ലെന്ന് പറയാന്‍ വരട്ടെ...
എപ്പോഴൊക്കെയോ അങ്ങനെയൊരു കാത്തുനില്പ്, പിന്തുടരല്‍ ഉണ്ടായിട്ടില്ലേ...
ഉണ്ടല്ലോ
കുറച്ചു മുന്നില്‍ കൃത്യമായിട്ടും അറിയാമായിരുന്നു അതാരായിരുന്നുവെന്ന്...ഒന്നല്പം ആഞ്ഞു നടന്നാല്‍ ഒപ്പമെത്താമായിരുന്നു.
നീയെന്താ ഇവിടെ എന്ന് തീര്‍ച്ചയായും ചോദിക്കുമായിരുന്നു.
അപ്പോള്‍, എനിക്കറിയാമായിരുന്നു കാണാനാവുമെന്ന് എന്നു പറയുമായിരുന്നു.  തികച്ചും യാദൃച്ഛികമായിരുന്നു ആ പിന്തുടരല്‍ എങ്കിലും...
പക്ഷേ, ധൈര്യമില്ലാഞ്ഞിട്ടായിരുന്നില്ല.
വേണ്ട, വേണ്ട എന്നൊരു തോന്നല്‍...ഇതാണ് രസം...ഈ ഇടവഴിയിലൂടെ ആളറിയാതെ പിന്തുടരുക!..
നടത്തത്തിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്തത്.  തിരിഞ്ഞു നോക്കല്ലേ...എന്നാഗ്രഹിച്ചുകൊണ്ട്...

ഇങ്ങനെ ഈ വഴികളിലൂടെ ഒറ്റയ്ക്ക നടക്കുമ്പോള്‍ പ്രയാസമില്ലെന്നൊന്നുമല്ല.   മിഠായി തെരുവില്‍ ബന്ധുവായ കുട്ടിയുടെ കൈപിടിച്ചു നടക്കുമ്പോള്‍  അറിഞ്ഞുകൊണ്ടു തന്നെ ദേഹത്ത് തട്ടി കടന്നുകളയുന്നു ഒരുവന്‍.  വീണ്ടും അവന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നൊരു ഭാവത്തോടെ വീ്ണ്ടും വന്നു മുട്ടുന്നു.  ഇത്തവണ അറിയാതെയല്ല മനപൂര്‍വ്വമാണെന്ന് തിരിച്ചറിഞ്ഞിട്ട് പിടിച്ചു നിര്‍ത്തികൊടുക്കുന്നു പുറംവഴി...

ഒരിക്കല്‍ പുഷ്പ ജംഗ്ഷനില്‍ ബസ്സിറങ്ങി എം സി സിയിലേക്ക് നടക്കുകയാണ്.  തുലാമാസം..നേരത്തെ സന്ധ്യയാകുന്നു.  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കരുകിലെത്തിയപ്പോള്‍ ആരോ ഒപ്പം വരാന്‍ ധൃതിവെയ്ക്കുന്നില്ലേന്നൊരു സംശയം.  ആയിരുന്നു...പക്ഷേ, ചോദിച്ചത് കൂടെപ്പോരുന്നോ എന്നായിരുന്നു.  ഉളളിലെ ധൈര്യവതി ഒരു നിമിഷം പേടിത്തൊണ്ടിയായി...ഒറ്റയോട്ടത്തിന് ആള്‍ത്തിരക്കിടയിലേക്കെത്തി...

ഇതൊക്കെ വളരെ അപൂര്‍വ്വമാണ്...12 വര്‍ഷത്തിലെ അപൂര്‍വ്വസംഭവങ്ങള്‍.  നഗരം എന്നെ അത്രയൊന്നും ഭയപ്പെടുത്തിയിട്ടില്ല.  ആ വഴികളും.  രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒറ്റയക്കും കൂട്ടായും എത്രയെത്ര നടപ്പുകള്‍...ഒരിക്കല്‍ മലമുകളിലേക്ക് നോക്കിയിരുന്ന ആ പെണ്‍കുട്ടിയല്ല.  ഒരുപാട് വെളിച്ചങ്ങള്‍ക്കിടയിലാണ്.  എന്നിട്ടുമെനിക്ക് നഗരത്തിലെ താമസം പിടിച്ചില്ല.

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയാല്‍ ലോകം മുഴുവന്‍ കൂരാകൂരിട്ടാകുമായിരുന്നു...ഇപ്പോള്‍ എല്ലാ ലൈറ്റുകളും കെടുത്തി ജനല്‍ കര്‍ട്ടന്‍ വലിച്ചിട്ടാലും പകല്‍പോലെ വെളിച്ചം അകത്ത്.  കരിംകൂരിരിട്ടില്‍ ഉറങ്ങിയവള്‍ക്ക് അസ്വസ്ഥത.  ഉറക്കം വരാതെ ഏതോ വെളുപ്പിന് മാത്രം ഉറങ്ങുന്നു. കുറേ ആയപ്പോള്‍ പതുക്കെ പതുക്കെ ശീലമാകുന്നു എല്ലാം...
ഇന്നും നല്ലൊരുറക്കമുറങ്ങണമെങ്കില്‍ ഇടുക്കിയിലെ വീട്ടിലേക്ക് പോകണം.  അപൂര്‍വ്വമായി കിട്ടുന്ന ഒന്ന്.   ആറ്റുവെള്ളത്തിന്റെ ഒഴുക്കിന് കാതോര്‍ത്തുള്ള കിടപ്പില്‍ അറിയാതെ അറിയാതെ മയങ്ങി പോകുന്നു...

എന്നാലും ഞാനീ നഗരവഴികളെ സ്‌നേഹിക്കുന്നു....

* * * * * *7 comments:

അനില്‍@ബ്ലോഗ് // anil said...

സമയം ദൂരം ഇതൊന്നും ബാധകമല്ലാത്തൊരു നഗരമാണു കോഴിക്കോടെനിക്ക്, ഇന്നും.

ajith said...

എനിക്കറിയാത്ത നഗരം
എന്നാലും വായിക്കാന്‍ സുഖമുണ്ട്

Anonymous said...

നഗരാനുഭാവതിന്റെ
ഈ തുറന്നുപറച്ചില്‍
സുന്ദരം.അത്മാര്‍ത്ഥം.
എങ്കിലും
ചിലപ്പോഴൊക്കെ
ഹൃദയഭേദകം തന്നെ
നഗരങ്ങള്‍.
നഗരമേ നന്ദി...........Mubi said...

പണ്ട് നടന്ന വഴികൾ...

Harinath said...

സമ്മിശ്രമായ സംസ്കാരങ്ങൾ ഉള്ളടത്ത് ചോദ്യംചെയ്യപ്പെടലുകൾ കുറയുന്നു. ഇതാണ്‌ നഗരത്തിൽ സംഭവിക്കുന്നത്. നഗരം വിജനമാകാത്തതിനാൽ, ഭീതികരമായ ചുറ്റുപാടിൽ പോലും ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവരുന്നില്ല.
നാട്ടിൻപുറത്തിന്‌ അതിന്റേതായ നിർമ്മലതയും ശാന്തതയും സൗന്ദര്യവുമുണ്ട്.

സുധി അറയ്ക്കൽ said...

നഗരാനുഭവത്തിലെ ഭയപ്പാടുകൾ..

Anonymous said...

I too want to go back to my home at idukki, the writing reminds me the hearty smell of greenish hills and 'thodukal' almost similar feeling to that of the writer got, but... I am suspecting the innocence of the people at home!!!