പത്താംക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ച് ആദ്യമായി കേട്ടത്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചൊരു പുസ്തകം-ഡച്ചുകാരുടെ സംഭാവന എന്നതിലപ്പുറം പോയില്ല ആ അറിവ്.
ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന അധീശശക്തികളെക്കുറിച്ചും അവരുടെ ഭരണപരിഷ്‌ക്കരങ്ങളും പ്രഭുക്കന്മാരുടെ സംഭാവനകളും എത്ര പഠിച്ചാലും തിരിഞ്ഞും മറിഞ്ഞും പോകുന്നത് പതിവായിരുന്നതുകൊണ്ട് ചരിത്ര പാഠപുസ്തകത്തോടു തന്നെ വലിയ താത്പര്യം തോന്നിയില്ലെന്നാതാണ് നേര്.
എങ്കിലും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന സംഭാവനകളിലൊന്നായി ഒരു പുസ്തകം കടന്നു വരണമെങ്കില്‍ അത് അത്ര നിസ്സാരമല്ല എന്നു മാത്രം തോന്നിയിരുന്നു.
പിന്നീടെപ്പോഴോ പി എസ് സി പരീക്ഷയ്ക്ക് ഹോര്‍ത്തൂസ് മലബാറിക്കസ്്് ആരുടെ സംഭാവനയാണ് എന്ന ചോദ്യം കണ്ടു. പി എസ് സി ഗൈഡുകളില്‍ ഈ ചോദ്യം ആവര്‍ത്തിച്ചു കണ്ടു.
അതിലപ്പുറം ഈ പുസ്തകത്തെക്കുറിച്ച് ഒരറിവുമില്ലായിരുന്നു.
ഏതു ഭാഷയിലാണ് രചിക്കപ്പെട്ടതെന്നോ ഏതെങ്കിലും ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടോ എന്നോ ഈ പുസ്തകം കിട്ടാനുണ്ടോ എന്നുപോലും അറിയില്ലായിരുന്നു.
കുറേ കഴിഞ്ഞാണ് കേരള സര്‍വ്വകലാശാല ആ പുസ്തകം പ്രസിദ്ധീകരിച്ചതായി അറിയുന്നത്.
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നാല്‍ മലബാറിലെ സസ്യാരാമം എന്നാണര്‍ത്ഥം.
742 അധ്യായങ്ങളിലായി 679 സസ്യങ്ങളെക്കുറിച്ച് ചിത്രങ്ങളടക്കം ഈ പുസ്തകത്തിലുണ്ടെന്ന അറിവ് അമ്പരപ്പിക്കുന്നതായിരുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ കൈയ്യിലുണ്ട്്. ചില ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്ന ഔഷധങ്ങള്‍ എത്രയെന്ന് കണക്കെടുത്തിട്ടില്ല. എങ്കിലും അതിത്ര വരുമോ എന്ന് സംശയമുണ്ട്്. ഏറി വന്നാല്‍ മുന്നൂറിനും നാന്നൂറിനും ഇടയില്‍. അതില്‍ തന്നെ പര്യായങ്ങളാണ് പലതും. മിക്ക ചികിത്സാപുസ്തകവും പദ്യരൂപത്തില്‍ രചിച്ചിരിക്കുന്നതുകൊണ്ട് താളത്തിനു ചേരും വിധം രൂപപ്പെടുത്തിയ പര്യായപദങ്ങളുമായിരുന്നു.
നമ്മുടെ നാട്ടില്‍ കാണുന്ന പല മരങ്ങളും ഔഷധസസ്യങ്ങളും ഏതെങ്കിലുമൊരു പുസ്തകത്തില്‍ കണ്ടുപിടിക്കാനായിട്ടില്ല. സസ്യശാസ്ത്രജ്ഞര്‍ക്കോ മറ്റു നാട്ടുചികിത്സ വിദഗ്ധര്‍ക്കോ അവയെക്കുറിച്ച് അറിവില്ലായിരുന്നിരിക്കും എന്നാശ്വസിക്കുകയോ അല്ലെങ്കില്‍ അവയും പാഴ്‌ചെടികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുമെന്നുമാണ് കരുതിയത്. ക്രോഡീകരിക്കപ്പെട്ടത് വളരെ കുറച്ചുമാത്രമാവണം.
ഒരു പക്ഷേ, ആ രഹസ്യച്ചെടികള്‍ ഹോര്‍ത്തൂസിലില്ലെന്ന് ആരുകണ്ടു? ഇന്നേവരെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥം കണ്ണുകൊണ്ടുകാണാന്‍ പോലുമുള്ള അവസരമുണ്ടായിട്ടില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു യാത്രയില്‍ കയറിയ പുസ്തകമേളയില്‍ വെച്ച് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ഒരു പുസ്തകം കണ്ടത്. ട്രെയിന്‍യാത്രയിലും മറ്റും കൊണ്ടുവരാറുള്ള പത്തുരൂപയുടെ 101 ഒറ്റമൂലികള്‍ എന്നൊക്കെയുള്ള പുസ്തകങ്ങളേക്കാള്‍ അല്പംകൂടി വലിപ്പമേയുണ്ടായിരുന്നുള്ളു ആ പുസ്തകത്തിന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗ്രഹമാണ്. 50 രൂപയ്ക്കു കിട്ടിയ ആ സംഗ്രഹമാണ് ഹോര്‍ത്തൂസിനെ കാണാനുള്ള നിരാശഭരിതമായ ഏകാശ്രയമായത്.
തുടര്‍ന്നാണ് ഡോ. കെ എസ് മണിലാലുമായുള്ള അഭിമുഖവും ചില കത്തുകളും പ്രതികരണങ്ങളുമൊക്കെ കാണാനിടവന്നത്. അതിനോട് അധികം വൈകാതെ ഹരിതഭൂപടം എന്ന പുസ്തകം കൈകളിലെത്തി. സ്വാഭാവികമായും ഒരു സസ്യശാസ്ത്രജ്ഞനെക്കുറിച്ച് എഴുതിയത് എന്നു കേള്‍ക്കുമ്പോള്‍ ഒരു അരസികന്‍ ജീവചരിത്രമാകുമോ ഇത് എന്ന് സംശയമുണ്ടായിരുന്നു. ജോസഫ് ആന്റണിയാണ് ആ പുസ്തകമെഴുതിയത്. ജോസഫ് ആന്റണിയുടെ കുറിഞ്ഞിഓണ്‍ലൈന്‍ എന്ന ബ്ലോഗിലെ രചനകളും അച്ചടിച്ച ചില ശാസ്ത്രലേഖനങ്ങളും വായിച്ചിരുന്നപ്പോഴൊക്കെ പുസ്തകത്തിന്റെ സാധ്യത അതില്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു പുസ്തകമെഴുതിയപ്പോള്‍ അതിലൊന്നും ഒരിക്കലും പറയാതെ പോയ ഒരു വിഷയത്തെക്കുറിച്ചായിരുന്നുവെന്നത് അമ്പരപ്പിക്കുന്നതായിരുന്നു.
'ഹരിതഭൂപട'ത്തിന്റെ പുറംചട്ടയില്‍ നിന്നു തുടങ്ങുന്നു എന്റെ വായന. പഠനം എന്ന പേരില്‍ വന്നൊരു പുസ്തകം ഇത്രവേഗത്തില്‍വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിനേക്കാളേറെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഇത് പെടുന്നത്. അടുത്തകാലത്ത് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളാണ് നിലത്തുവെയ്ക്കാതെ വായിച്ചു തീര്‍ത്ത പുസ്തകം. ആ പുസ്തകം പക്ഷേ, ഒരു നോവലായിരുന്നു. ഇരുത്തി വായിപ്പിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ അതില്‍ ചേര്‍ന്നിരിക്കന്നു എന്നു പറയാം. പക്ഷേ, ഒരു പഠനപുസത്കം ആര്‍ത്തിയോടെ വായിക്കുക അസാധ്യമായിരുക്കും. പക്ഷേ, ഇവിടെയത് സംഭവിച്ചു എന്നു പറയാതെ വയ്യ. അത്രയേറെ ഉദ്വേഗജനകമായിരുന്നു അത്.
ഇട്ടിഅച്ചുതന്റെ കുര്യാലയില്‍ തുടങ്ങി, ഡച്ചു ചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്ക് സൈനികനായി കടന്നു വന്ന് പിന്നീട് കൊച്ചു ഗവര്‍ണറായി വളര്‍ന്ന ഹെന്‍ട്രിക് ആന്‍ഡ്രയാന്‍ വാന്‍ റീഡിന്റെ ജീവിതവും പിന്നീട് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയും അതില്‍ നേരിട്ട പ്രതിസന്ധികളും വാന്റീഡിന് അനുഭവിക്കേണ്ടി വന്ന മാനസീക സംഘര്‍ഷവും എല്ലാം ഒരു ഫിക്ഷനെ അനുസ്മരിപ്പിക്കും വിധം കോര്‍ത്തിണക്കിയിരിക്കുന്നു.
മലബാറാണ് ലോകത്തെ ഏറ്റവും ഫലഭുയിഷ്ഠമായ പ്രദേശമെന്നു , സ്ഥാപിക്കാന്‍ , ഇവിടെ കുരുമുളകുപോലുളള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയൊരുക്കുകയായിരുന്നു ഹോര്‍ത്തൂസിലൂടെ വാന്‍ റീഡ്. വന്‍ റീഡ് വെറുമൊരു സൈനികന്‍ മാത്രമല്ല മികച്ച പ്രകൃതി നിരീക്ഷകനായിരുന്നു എന്നതിന് തെളിവാണ് ഈ പുസ്തകം. മറ്റൊന്ന് കമ്പനിക്കു കീഴിലെ സൈനികര്‍ക്ക് അസുഖമോ പരിക്കുകളോ പറ്റിയാല്‍ മരുന്ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് വരണമായിരുന്നു. അതില്‍ പലതും കേരളത്തില്‍ നിന്ന് അറബികള്‍ ശേഖരിച്ച ഔഷധങ്ങളായിരുന്നു. അറബിക്കച്ചവടക്കാര്‍ മുഖേനയെത്തിയ മലബാര്‍ തീരത്തെ ആ മരുന്നുകള്‍ക്ക് ഭീമമായ വിലയുമായിരുന്നു. കേരളത്തില്‍ നിന്ന് അറബികളിലൂടെ ആംസ്റ്റര്‍ഡാമിലെത്തുന്ന മരുന്നുകള്‍ തിരിച്ച് ഇവിടെയെത്തുമ്പോഴേക്കും അഴുകിയും പൊടിഞ്ഞും പോകുമായിരുന്നു. ഇതില്‍ നിന്നൊരു മോചനം കൂടിയായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കൂസ്. ഒന്നുകൂടി പറഞ്ഞാല്‍, കമ്പനിയുടെ പ്രഥമ ദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേക്ഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കണ്ണ്..നൂറ്റാണ്ടുകളായി അറബികള്‍ കൈയ്യടക്കിവെച്ചിരുന്ന ഈ ഔഷധക്കച്ചവടം കൈയ്യടക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നിരിക്കണം വാന്‍ റീഡിന്...
എന്നാല്‍ മലബാര്‍തീരത്തെ സസ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗമെന്തെന്ന് മനസ്സിലാക്കി പുസ്തകരൂപത്തിലാക്കുക അത്ര എളുപ്പമായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും..ജാതിവ്യവസ്ഥ നിലനിന്നിരുന്നൊരു കാലത്ത് അതൊന്നും ഗൗനിക്കാതെ ഈഴവ സമുദായത്തില്‍പ്പെട്ട ഇട്ടി അച്യുതന്‍ എന്ന കൊല്ലാട്ടു വൈദ്യനെയാണ് വാന്‍ റീഡ് ചുമതലപ്പെടുത്തിയത്.
പതിനേഴാം നൂറ്റാണ്ടിലെ കേരളചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ചരിത്രവുമറിയുന്നതിനൊപ്പമാണ്
ഉദ്വേഗജനകമായ കെ എസ് മണിലാലിന്റെ ജീവിതവും ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രണ്ടാം പിറവിയും കടന്നു വരുന്നത്. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ ഒരു സസ്യശാസ്ത്രജ്ഞന്റെ യൗവ്വനവും വാര്‍ദ്ധക്യവും വേണ്ടി വന്നു എന്നോ അരനൂറ്റാണ്ടു വേ്ണ്ടി വന്നു എന്നോ ഒരു മനുഷ്യായുസ്സു തന്നെ വേണ്ടി വന്നു എന്നോ പറയേണ്ടി വരും. മലയാളത്തില്‍ നിന്നു ഇട്ടി അച്യുതന്‍ വഴി കടന്നുപോയ ആ മലയാളനാട്ടിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള വിശദമായ ആ പുസ്തകം 325 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്. മലയാളത്തില്‍ നിന്നും പോര്‍ച്ചുഗീസിലേക്കും പിന്നീട് ഡച്ചിലേക്കും പകര്‍ത്തപ്പെട്ട പുസ്തകം 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ചത് ലാറ്റിനിലായിരുന്നു. ലാറ്റിനില്‍ നിന്ന് ആ ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നതിനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അതുകൊണ്ടു തന്നെ ചില ഭാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നല്ലാതെ പൂര്‍ണ്ണമായ കുരുക്കഴിക്കാന്‍ മലയാളത്തില്‍ തന്നെ ഒരാള്‍ ജനിക്കേണ്ടി വന്നു.
ലാറ്റിനില്‍ നിന്ന് ആ പുസ്തകം സമഗ്രമായി മനസ്സിലാക്കാന്‍ ചില സാമാന്യയോഗ്യതകള്‍ ആവശ്യമായിരുന്നു.
1. ലാറ്റിന്‍ഭാഷയില്‍ സാമാന്യ പരിജ്ഞാനം
2. സസ്യശാസ്ത്രത്തില്‍ വൈദഗ്ദ്യം
3. കേരളത്തിലെ സസ്യജാതികളെക്കുറിച്ച് ആഴത്തിലുളള അറിവ്
4. മലയാളാ ഭാഷാ പരിജ്ഞാനം
5. പതിറ്റാണ്ടുകളോളം ഒരേ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിക്കാനുളള സന്നദ്ധത.
ആ യോഗ്യതകളെല്ലാമുള്ള ഒരാള്‍ ഡോ. കെ എസ് മണിലാല്‍ ആയിരുന്നു.
ചെറുപ്പത്തില്‍ മണിലാലിനോട് അമ്മ പറഞ്ഞിരുന്നു എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസ് പോലുള്ള പുസ്തകം വേണം എഴുതാന്‍ എന്ന്. അമ്മയ്ക്ക് ആ പുസ്തകത്തെക്കുറിച്ച് അത്ര പിടിയൊന്നുമില്ല. പക്ഷേ, അതൊരു വലിയ സംഗതിയാണെന്നറിയാം....വീട്ടിലെ ലൈബ്രറിയില്‍ അച്ഛന്റെ പേപ്പര്‍ക്ലിപ്പുങ്ങുകളില്‍ ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചു കണ്ടു. അച്ഛന്റെ ലൈബ്രറിയും അമ്മയുടെ വാക്കുകളുമാവണം പിന്നീട് ഹോര്‍ത്തൂസ് എന്ന ഒഴിയാബാധയ്ക്കു രൂപം നല്‍കിയതെന്ന് അദ്ദേഹമോര്‍ക്കുന്നു.
ഇന്റര്‍മീഡിയറ്റു കഴിഞ്ഞ് മഹാരാജാസില്‍ ബി എസ്സിക്കു ചേര്‍ന്നു. സുവോളജിക്കാണ് താതപര്യം തോന്നിയതെങ്കിലും സുവോളജിക്കും ബോട്ടണിക്കും അപേക്ഷ അയച്ചിട്ട് ആദ്യം വന്നത് ബോട്ടണിക്കുള്ള കാര്‍ഡായിരുന്നു. അതുകൊണ്ട് ബോട്ടണിയിലേക്ക് വഴി മാറിപോവുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ സസ്യശാസ്ത്രത്തിലേക്കുള്ള ആദ്യ ചുവടവെയ്പ്..അല്ലെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഒട്ടേറെ വഴിത്തിരുവുകളില്‍ ആദ്യത്തേത്...
പൂവന്‍പെട എന്ന അധ്യായം വായിച്ചിട്ട് ഇവള്‍ അമ്പരന്നുപോയി.
മതിലിനുമുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂവന്‍പെട എന്ന പേരിലറിയപ്പെടുന്ന മോസ് വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യത്തിന് എന്തെങ്കിലും ഔഷധഗുണമുണ്ടെന്ന് അറിയില്ലായിരുന്നു.
കുട്ടിക്കാലത്ത്, ഇതിന്റെ നാരുപോലെ നീണ്ട് അറ്റം വളഞ്ഞ പൂവെടുത്ത് പരസ്പരം കോര്‍ത്ത് വലിച്ചു നോക്കും..അതൊരുതരം കളിയാണ്..കോര്‍ത്തു വലിക്കുമ്പോള്‍ ഒന്നിന്റെ തല അടര്‍ന്നു വീഴും..ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് അടര്‍ന്നു പോകാത്ത അറ്റത്തെ നോക്കിയാണ്. ..
മോസിനെക്കുറിച്ചൊരു പ്രബന്ധത്തില്‍ പൂവന്‍പെടയുടെ ഹോര്‍ത്തൂസിലെ റഫറന്‍സ് കൊടുക്കാനാണ് മണിലാല്‍ ശ്രമിക്കുന്നത്. അപ്പോഴാണ് ഒരക്ഷരം മനസ്സിലാക്കാനാകാത്ത ലാറ്റിന്‍ ഭാഷയിലാണ് ഹോര്‍ത്തൂസ് രചിച്ചിരിക്കുന്നത് എന്നറിയുന്നത്.
പിന്നീട് പതിറ്റാണ്ടുകളുടെ പ്രയത്‌നത്തില്‍ ...ഹോര്‍ത്തൂസിലെ മുഴുവന്‍ സസ്യങ്ങളേയും കണ്ടെത്താനും അവയെ വര്‍ഗ്ഗീകരിക്കാനുമായി. ഒപ്പം ലാറ്റിന്‍ ഭാഷയില്‍ സാമാന്യ ജ്ഞാനം നേടി മൊഴിമാറ്റവും. ഇതോടൊപ്പം സഹായത്തിനുണ്ടായിരുന്ന സുകുമാര്‍ അഴീക്കോട് അടക്കമുള്ള സുഹൃത്തുക്കളേയും ശിഷ്യരേയും കാണാം.
പിന്നീട് കേരള സര്‍വ്വകലാശാല പ്രസിദ്ധികരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതും അതു പിന്നീട് എന്തായി തീര്‍ന്നുവെന്നുമുള്ളതിന്റെ ചരിത്രവും. ഈ പുസ്തകം രചിക്കാന്‍ തയ്യാറായ വാന്‍ റീഡിന് മൂന്നുനൂറ്റാണ്ടു മുമ്പുണ്ടായ പ്രതിസന്ധികള്‍ക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഡോ. കെ എസ് മണിലാലും നേരിട്ടത്. കാലം മാറുന്നു, ദേശം മാറുന്നു, ചുറ്റുമുള്ളവര്‍ മാറുന്നു എന്നു മാത്രം. കേരളം അദ്ദേഹത്തോടു കാട്ടിയ നന്ദകേടിനുളള പരിഹാരവും ചുട്ടമറുപടിയും കൂടിയാണ് ജോസഫ് ആന്റണിയുടെ ഹരിതഭൂപടം എന്ന പുസ്തകം.
ഹരിതഭൂപടത്തിന്റെ കവറില്‍ ഹോര്‍ത്തൂസിലെ ഒട്ടേറെ ചിത്രങ്ങളുണ്ട്. കൂട്ടത്തില്‍ അവയ്ക്കു മുകളില്‍ വീണുകിടക്കുന്ന വിശറിപോലൊരു പച്ചില. കുടങ്ങലിന്റെ ഇലയോട് സാമ്യമുള്ള ഇല..എന്നാല്‍ അതിലെ നേരിയ കറുത്ത വരകള്‍ ചിത്രകാരന്റെ ഭാവനയാവാമെന്ന് കരുതുകയായിരുന്നു.
പക്ഷേ, അത് രണ്ടാം പിറവിയുടെ കഥ പറയുന്ന ഇലയാണെന്നറിഞ്ഞു.
ജിന്‍കോ ബിലോബ (Ginkgo bilobo) ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വ്വതും നശിച്ചു. ആസര്‍വ്വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചു വന്നത് ഈ മരമായിരുന്നു. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിട്ടുണ്ട്.
ഹരിത ഭുപടം കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും എന്ന പുസ്തകത്തിന് ഈ ചിത്രം ഏന്തുകൊണ്ടും അര്‍ത്ഥവത്താണെന്ന് അത്ഭുതത്തോടെ അറിയുന്നു.
സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാളഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണസങ്കേതങ്ങളുടേയും വികാസപരിണാമ തേടിപ്പോകുന്നവര്‍-ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്നു പറയാനാകില്ല.
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിലേക്കും അതിന്റെ രണ്ടാം പിറവിക്കു കാരണമായ ഡോ കെ എസ് മണിലാല്‍ എന്ന സസ്യശാസ്ത്രഞ്ജന്റെ ജീവിതത്തിലേക്ക് വഴി തുറക്കുന്ന അസാധരണവും മനോഹരവുമായ പുസ്തകമാണ് ശ്രീ. ജോസഫ് ആന്റണിയുടെ ഹരിതഭൂപടം എന്ന പുസ്തകം.
അതുകൊണഅടു തന്നെ, ഹരിതഭുപടം വായിച്ചു തീരുമ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് സ്വന്തമായിട്ട് വേണമെന്നും അത് ഇംഗ്ലീഷിലൂടെ മലയാളിത്തിലെത്തിക്കുകയും എല്ലാസസ്യങ്ങളെയും തിരിച്ചറിഞ്ഞ് വര്‍ഗ്ഗീകരിക്കുകയും ചെയത ഡോ. കെ എസ് മണിലാലിനെ കാണണമെന്നും തോന്നുന്നത് സ്വാഭാവികം മാത്രം.
4 comments:
പത്താംക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ച് ആദ്യമായി കേട്ടത്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചൊരു പുസ്തകം-ഡച്ചുകാരുടെ സംഭാവന എന്നതിലപ്പുറം പോയില്ല ആ അറിവ്.
ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന അധീശശക്തികളെക്കുറിച്ചും അവരുടെ ഭരണപരിഷ്‌ക്കരങ്ങളും പ്രഭുക്കന്മാരുടെ സംഭാവനകളും എത്ര പഠിച്ചാലും തിരിഞ്ഞും മറിഞ്ഞും പോകുന്നത് പതിവായിരുന്നതുകൊണ്ട് ചരിത്ര പാഠപുസ്തകത്തോടു തന്നെ വലിയ താത്പര്യം തോന്നിയില്ലെന്നാതാണ് നേര്.
എങ്കിലും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന സംഭാവനകളിലൊന്നായി ഒരു പുസ്തകം കടന്നു വരണമെങ്കില്‍ അത് അത്ര നിസ്സാരമല്ല എന്നു മാത്രം തോന്നിയിരുന്നു.
ഹരിതഭൂപടം... , ഹോര്‍ത്തൂസ് മലബാറിക്കൂസ്.., ഡോ. കെ എസ് മണിലാല്‍ ..... ഇതെല്ലാം വളരെ കുറച്ചു മാത്രം അറിയാവുന്ന എനിക്ക് അറിയാനുള്ള ആവേശം പകരാന്‍ സഹായിച്ച മൈനക്ക് നന്ദി .........
നമ്മുടെ നാട്ടിലെ വൃക്ഷ ലതാതികളെ പരിചയപ്പെടാന്‍ ഒരു വിദേശി വേണ്ടി വന്നു .... എങ്കിലും ആ വലിയ പ്രകൃതി നിരീക്ഷകന് ഒരു പനീര്‍പൂവ്
ഞാന്‍ വായിച്ചതാണല്ലോ.....കേട്ടതുമാണല്ലോ... അഭിനന്ദനങ്ങള്‍ കേട്ടൊ.
വാന്‍ റീഡിനൊരു സല്യൂട്ട്
Post a Comment