Friday, November 2, 2012

ഏദന്‍തോട്ടത്തിലേക്ക്...



പരിചയപ്പെട്ട നാള്‍ മുതല്‍ ജോണ്‍സേട്ടന്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതാണ്.  ഒരിക്കല്‍ കൈയ്യോടെ കൊണ്ടു പോകാന്‍ വണ്ടിയുമായി വന്നതാണ്.  പക്ഷേ, അന്ന് തിരക്കില്‍ നിന്നിരുന്നതുകൊണ്ട് പോകാനായില്ല. 
'മൈന'യെ പിടിച്ചുകൊണ്ടു വരാം എന്ന് വീട്ടുകാരോട് പറഞ്ഞ് സുഹൃത്ത് റൗഫിക്കയോടൊപ്പം വന്ന അവരെ പിന്നീട് വരാം എന്നു പറഞ്ഞയക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു. 

ഇത്തവണ വയനാട്ടിലെത്തിയപ്പോള്‍ ജോണ്‍സേട്ടന്റെ വീട്ടിലേക്ക് പോയേക്കാം എന്നു തീരുമാനിച്ചു. 


നെയ്‌ച്ചോറിന്റെ മണമായിരുന്നു വയലില്‍ നിന്നടിച്ച കാറ്റിന്.  കതിരിട്ടു നിന്നിരുന്ന വയലുകളില്‍ മൂന്നു കണ്ടത്തിലെ  നെല്ലിന് കരിംപച്ച നിറമായിരുന്നു.  നെയ്‌ച്ചോറിന്റെ മണത്തോടെ നിന്ന കരിംപച്ച പാടം 'ഗന്ധകശാല'യായിരുന്നു. 'ഗന്ധകശാല' ആദ്യമായിട്ടു കാണുകയായിരുന്നു.

ജോണ്‍സേട്ടന്റെ വയലില്‍  രാസവളമിടാത്ത വയനാടന്‍  നെല്ലമാത്രമാണുണ്ടായിരുന്നത്.  എന്റെയത്ര പൊക്കത്തില്‍ നിന്ന നെല്ല് 'അടുക്കന്‍'. നല്ല സ്വാദാണത്രേ..നല്ലോണം കച്ചി കിട്ടും. പക്ഷേ, മഴയോ കാറ്റോ വന്നാല്‍ വീണുപോകും.  എന്നാല്‍  തൊട്ടപ്പുറത്ത് മറ്റൊരു ജാതിയാണുള്ളത്.  'വലിച്ചൂരി' എന്നു പറയും.  പൊക്കം തീരെ കുറവാണ്. വീണുപോകില്ല. 
നെല്‍വയലുകള്‍ക്കു ചേര്‍ന്ന് ഇഞ്ചി നട്ടിട്ടുണ്ട്. കുറച്ചേയുള്ളു.  അതില്‍ വെണ്ടയും പയറും പച്ചമുളകും തക്കാളിയും.  കുറച്ചു മാറി ഏത്തവാഴ അവിടുന്ന് പിന്നെയും മാറി കപ്പ.  എല്ലാം കുറച്ചേയുള്ളു.  വീട്ടാവശ്യങ്ങള്‍ക്ക് മാത്രം.  വയലിനുപ്പുറത്ത് അതിരില്‍ തോടൊഴുകുന്നുണ്ട്. 
തോടരുകിലെ കൈതയും മറ്റും തൊഴിലുറപ്പുകാര്‍ വെട്ടിമാറ്റുന്നതില്‍ ജോണ്‍സേട്ടന് പരാതിയുണ്ട്.  കൈതയും ഞാറയുമൊക്കെ വെട്ടിക്കളഞ്ഞാല്‍ തോട്ടിന്‍കര ഇടിയും. പിന്നെ മണല്‍ ചാക്കു വെയ്ക്കും. പിന്നെയും കരയിടിയും.  തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തോട്ടില്‍ തൊഴിലുറപ്പുകാര്‍ പണിയെടുപ്പിക്കരുത് എന്ന് പറഞ്ഞ് മുന്‍ എം എല്‍ എ കൃഷണപ്രസാദിന് ഒരപേക്ഷ നല്‍കിയിരുന്നു  അദ്ദേഹം.  കരയിടിയാതിരിക്കാന്‍ മണല്‍ചാക്കിനേക്കാള്‍ ദൃഢമായ, എന്നാല്‍ ജൈവവ്യവസ്ഥ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.  പലതരം മുളകള്‍,  ഈറ്റ, കൈത, പൈക്കസ് മരങ്ങള്‍ അങ്ങനെ...
ഇതൊക്കെ ഇവിടെ നിന്നാല്‍ പക്ഷികള്‍ കതിരു തിന്നാന്‍ വരും.  പക്ഷേ, അതൊരു ശല്യമായി കാണുന്നില്ല അദ്ദേഹം.  എല്ലാവര്‍ക്കും കൂടിയുള്ളതാണ് ഈ ഭുമി, വയലും കതിരുമെല്ലാം...
മുള്ളുള്ളതും മുള്ളില്ലാത്തതും പല നിറത്തിലുള്ളതും മെലിഞ്ഞതും വണ്ണമുള്ളതുമൊക്കെയായി പലതരം മുളങ്കൂട്ടങ്ങളുണ്ട്.  കേട്ട പേരുകള്‍ പലതും മറന്നു പോയി.  വീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുന്നേ രണ്ടു കുളങ്ങള്‍ കാണാം.  ആ കുളക്കരയിലുണ്ട് ഈ പറഞ്ഞ മുളയും ഈറ്റയും അരയാലും പൈക്കസുമൊക്കെ.  ഒരു കുളത്തില്‍ അരയന്നങ്ങള്‍ നീരാടും.  മറ്റേതില്‍ മീന്‍ വളര്‍ത്തുന്നുണ്ട്.  മീനുകള്‍ക്ക് തീറ്റ തവിടും പിണ്ണാക്കുമാണ്.

ഇലഞ്ഞി, അശോകം, കൂവളം, പലക പയ്യാനി, പുളി, ജാതി, ചന്ദനം, ചാമ്പ, ചെറുനാരകം, മധുരനാരകം, ബബ്ലൂസ് നാരകം, റൂബി, ഏലം, വെണ്ണപ്പഴമരം അങ്ങനെയെത്രയെത്ര മരങ്ങളും ചെടികളും പഴങ്ങളും.... 

ഒന്‍പതാംക്ലാസ്സുകാരനായ ജിനുവാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവന് അതെല്ലാം അത്ഭുതമായിരുന്നു.  കുളത്തില്‍ നിന്ന് അവന് മീന്‍ പിടിക്കണം.  കുറേ പൊടിമീനുകളെ പിടിച്ച് കുപ്പിയിലാക്കി. 

പറമ്പിലെ പ്രധാന വളം ചാണകമാണ്.  തൊഴുത്തില്‍ പശുക്കള്‍. കോഴി, താറാവ്...
ഇങ്ങനെയൊരു പറമ്പ് മുമ്പൊരുക്കലെ കണ്ടിട്ടുള്ളു.  അത് കുട്ടിക്കാലത്തെ അയല്‍ക്കാരായിരുന്ന മാത്തുക്കുട്ടി ചേട്ടന്റെയും ഏലിയാമ്മ ചേച്ചിയുടെയും പറമ്പായിരുന്നു.  അന്ന് ഞങ്ങളതിനെ ഏദന്‍തോട്ടമെന്ന് വിളിച്ചു.  എത്രയോ മുതിര്‍ന്നിട്ടും ഞാനുമനിയത്തിയും ഇപ്പോഴും ആ തോട്ടത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത് മറയൂരിലായിരുന്നു. 

ഇത് വയനാട് മീനങ്ങാടിയ്ക്കടുത്ത് പാതിരിപ്പാലത്ത്.  പാതിരപ്പാലം എന്ന സ്ഥലപ്പേര് മറക്കാതിരിക്കാനോ എന്തോ ജോണ്‍സേട്ടന്‍ ആ സ്ഥലപ്പേരിന്റെ കഥ പറഞ്ഞു.  പണ്ട് അവിടെ ബെണാഡോ എന്നു പേരായ ഇറ്റാലിയന്‍ പാതിരി താമസിച്ചിരുന്നുവത്രേ..അദ്ദേഹത്തിന് ഇന്നാട്ടുകാരനായ വിശ്വസ്തനായൊരു കാര്യസ്ഥനുമുണ്ടായിരുന്നു.  രണ്ടാംലോകമഹായുദ്ധകാലത്ത് കാര്യസ്ഥന്റെ പേരില്‍ മുക്ത്യാര്‍ എഴുതികൊടുത്ത് അദ്ദേഹം ഇറ്റലിയിലേക്ക് തിരി്ച്ചു.  യുദ്ധമൊക്കെ കഴിഞ്ഞ് പാതിരി മടങ്ങി വന്നപ്പോള്‍ കാര്യസ്ഥന്‍ മുക്ത്യാറിന്റെ കാര്യമൊക്കെ മറന്നു. നിരാശനായ പാതിരി അതിലെ അലഞ്ഞു നടന്നു. അവിടെയൊരു പാലമുണ്ടായിരുന്നു.  ആ പാലത്തില്‍ മിക്കപ്പോഴും പാതിരി വന്നിരിക്കും.  ആളുകള്‍ ആ സ്ഥലത്തെ പാതിരപ്പാലമെന്നു വിളിച്ചു.  എതിരെ കണ്ട വലിയ പാറയെ പാതിരിപ്പാറയെന്നും. 

ജോണ്‍സേട്ടന്‍ നല്ലൊരു വായനക്കാരനാണ്.  വായനയിലൂടെയാണ് പരിചയപ്പെടുന്നത്. 
ഒരു നട്ടുച്ചയ്ക്കാണ് ജോണ്‍സേട്ടനും എല്‍സിചേച്ചിയും കൂടെ ഓഫീസിലേക്ക് കയറി വന്നത്.  മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലൊക്കെ പോയി കുറെ വട്ടം കറങ്ങിയാണ് വരവ്്.  കോഴിക്കോടു വന്നപ്പോള്‍ വന്നു കണ്ടു പോകാമെന്നു കരുതി എന്നവര്‍ പറഞ്ഞു. ഇവള്‍ സത്യത്തില്‍ അമ്പരന്ന് നില്ക്കുകയായിരുന്നു.  പ്രായമായ രണ്ടുപേര്‍ എത്ര ചുറുചുറുക്കോടെ...പ്രായം ശരീരത്തിനു മാത്രമാണ്. 
എന്നാലും അവര്‍ പോയി കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കി...ഈ വയസ്സുകാലത്ത് അവര്‍ക്ക് എന്തിന്റെ കേടാണെന്നൊക്കെയായിരുന്നു. ഇവളെ വന്നു കണ്ടിട്ട് എന്തു കിട്ടാനാണെന്നും...

മടങ്ങുമ്പോള്‍ ഗന്ധകശാല അരി, കാപ്പിപ്പൊടിയും പൊതിഞ്ഞു തന്നു. 
ഹായ് എന്തൊരു സുഗന്ധം. നെയ്‌ച്ചോറു വെച്ചപ്പോഴും എന്തു രുചി..
തനതു നെല്ലില്‍ നിന്ന് രാസവളമിടാത്ത ചോറുണ്ണുന്നത് ആദ്യമാവണം.
വരുംതലമുറയ്ക്ക് സ്വപ്‌നം കാണാന്‍ പറ്റുമോ ഈ സൗഭാഗ്യങ്ങള്‍ എന്ന സങ്കടമുണ്ട്. 
ജോണ്‍സേട്ടന് അതിനുമുണ്ട് മറുപടി ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടാവും.  ലോകം വേറോതോ വഴിയിലൂടെ പോകുമ്പോള്‍ നമുക്ക് സാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളല്ലേ  മനസ്സമാധാനമുണ്ടാക്കുന്നത്...




8 comments:

Myna said...

തനതു നെല്ലില്‍ നിന്ന് രാസവളമിടാത്ത ചോറുണ്ണുന്നത് ആദ്യമാവണം.
വരുംതലമുറയ്ക്ക് സ്വപ്‌നം കാണാന്‍ പറ്റുമോ ഈ സൗഭാഗ്യങ്ങള്‍ എന്ന സങ്കടമുണ്ട്.
ജോണ്‍സേട്ടന് അതിനുമുണ്ട് മറുപടി ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടാവും. ലോകം വേറോതോ വഴിയിലൂടെ പോകുമ്പോള്‍ നമുക്ക് സാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളല്ലേ മനസ്സമാധാനമുണ്ടാക്കുന്നത്...

ajith said...

ലോകം മറ്റു വഴികളിലൂടെ പോകുമ്പോള്‍
തനതു വഴി കണ്ടെത്താനുള്ള തന്‍റേടം ആണ് ആദ്യം വേണ്ടത്..
നമ്മില്‍ പലര്‍ക്കും അതില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം..
മുമ്പേ പറക്കുന്ന പക്ഷികള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു
എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം..
ഹൃദ്യമായ രചന.. ചിന്തോദ്ദീപകമായ വിഷയം..

നിരക്ഷരൻ said...

വായിച്ച് കഴീഞ്ഞപ്പോൾ, അടുത്ത വയനാട് യാത്രയിൽ ജോൺസൺ ചേട്ടന്റെ കൃഷിയിടം കൂടെ സന്ദർശിക്കണമെന്ന ആശയുണ്ടായിരിക്കുന്നു. ഇങ്ങനേയും ചിലർ അവിടവിടെയാ‍ായി ബാക്കിയുള്ളതുകൊണ്ടാകണം ഈ ഭൂമിയിപ്പോഴും കറക്കം നിർത്താതെ പൊയ്ക്കൊണ്ടിരിക്കുന്നത്.

ശ്രദ്ധിച്ച രണ്ട് കാര്യങ്ങൾ..
1. ഒന്ന് കൈതയും മറ്റും വെട്ടിമാറ്റുന്ന തൊഴിലുറപ്പ് കാരുടെ വിവരമില്ലായ്മ. അതിനായി കോടികൾ തുലയ്ക്കുന്ന സർക്കാർ. റോഡരുകിൽ പിടിച്ചുവരുന്ന കൊച്ചുപുല്ലുകൾ വെട്ടിനിർത്തുന്നതിന് പകരം ഒരു ദിവസം 2 എണ്ണം എന്ന തോതിൽ കൈക്കോട്ടിന് വെട്ടി മാറ്റി ശമ്പളം ബാങ്കിലെത്തിക്കും ഇക്കൂട്ടർ.

2. മുക്ത്യാർ കൊടുത്ത് ഇറ്റലിക്ക് പോയ പാതിരിയെ ചതിച്ച കാര്യസ്ഥൻ.

ഇതൊക്കെയാണ് മലയാളി. അതിനിടയിൽ ലക്ഷത്തിലൊന്നെന്ന് തോതിൽ അവിടവിടെയായി ഒന്നുരണ്ട് ജോൺസൺ‌മാരും.

മേരിക്കുട്ടി(Marykutty) said...

we have some so called "farms" in Bangalore, with 2 donkeys, 2 cows etc....I take my son there,so that he can actually see some nature..But after I read this,i feel like I should visit Johnson chettan!

And, when i see a new entry in ur blog- it makes my day Maina! Love to read ur stuff..

Echmukutty said...

ഇതു വായിച്ചിരുന്നു, മൈന. ഒന്നും എഴുതിയില്ല അന്ന്.

ഇങ്ങനെ ചിലര്‍ ഇനിയും ചിലയിടങ്ങളില്‍ ഇപ്പോഴും .... അല്ലേ?

Myna said...

Nice mynaaaa

ഷൈജു വയനാട്‌ said...

ente naadine kurich ezuthiyathinu nanni...evide onnalla kure jhonsettanmar ippozumund......

Unknown said...

ജോന്സേട്ടനെ പോലുള്ളവരെ കുറിച്ച് ഓർകുംപോഴാണ് നെല്ലും പതിരും തിരിച്ചറിയാനാവാത്ത പുതു തലമുറയെകുറിച്ച് ദുഃഖം തോന്നുന്നത്.
അതിലേറെ അത്തരമൊരു തലമുറയെ സൃഷ്ടിക്കുന്ന ഇവിടുത്തെ സംവിധാനങ്ങളോട് അമർഷം തോന്നുന്നത്....