സ്കൂള്‍ ജീവിതത്തില്‍ ആരുടേയും പ്രിയശിഷ്യയായിരിക്കാന് കഴിയാഞ്ഞത് ഭാഗ്യമോ ദൗര്ഭാഗ്യമോ എന്നറിയില്ല. അതുകൊണ്ട് തന്നെ സ്കൂളില്‍ നിന്ന് ഒരു പ്ര്ിയഗുരുവിനെ കണ്ടെത്താനും പ്രയാസമാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തെ പാരലല്‍ കോളേജ് ജീവിതത്തില്‍ മിഴിവോടെ നില്ക്കുന്ന ഒരുപാടുപേരുണ്ട്.
എന്റെ ഡിഗ്രി പഠനം പലകാരണങ്ങളാലും ആദ്യവര്‍ഷം തന്നെ മുടങ്ങിയിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന് നടത്തുകയും എന്നാല്‍ സര്‍വ്വകലശാല പരിധിയില്‍ വരുന്ന കോളേജിലെങ്ങും പോയി പഠിക്കാനാവാത്ത അവസ്ഥയുമായിരുന്നു. അടിമാലിയിലെ പാരലല്‍ കോളേജുകള്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അവയാണെങ്കില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലും. രണ്ടു സര്‍വ്വകലാശാലകളുടേയും സിലബസ്സുകള്‍ വളരെ വ്യത്യസ്തം.
മിക്ക വിഷയങ്ങളും സ്വയം പഠിക്കാവുന്നതേ ഉണ്ടായിരുന്നുളളു. എന്നാല്‍ രണ്ടോ മൂന്നോ വിഷയങ്ങള്‍ക്ക് ഗുരു ആവശ്യവുമായിരുന്നു. അക്കൗണ്ടന്‍സിയും കോസ്ററിംഗും മാനേജ്മെന്റ് അക്കൗണ്ടിംഗും മനസ്സിലാക്കി തരുന്നതിന് ഒരു അധ്യാപകനെത്തേടി അടിമാലിയിലെ ഓരോ പാരലല്‍ കോളേജും ഞാന്‍ കയറിയിറങ്ങി. പഠനം നിര്‍ത്തി വീട്ടിലിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. എം. ജിയില്‍ രജിസ്ട്രേഷന് നടത്തി വീണ്ടും ഒരു വര്‍ഷം നഷ്ടപ്പെടുത്താനും മനസ്സു വന്നില്ല. പലരും ഈ പോാംവഴിയാണ് പറഞ്ഞു തന്നത്.
നിരാശപ്പെട്ടു മടങ്ങുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസം വഴി 18 തികഞ്ഞ ആര്‍ക്കും ഡിഗ്രി എന്നൊരു പരസ്യവും പഠിപ്പിക്കുന്ന പാരലല്‍ കോളേജിലേക്കുള്ള വഴിയും കാണുന്നത്. ഓഫീസ് മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ ഒരാളുമില്ല. എന്നാല്‍ ഏതോ ക്ലാസ് മുറിയില്‍ നിന്ന് അക്കൗണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ കേള്‍ക്കുന്നു. ഗംഭീരശബ്ദം. ഞാന്‍ ആ ക്ലാസിലേക്ക് തലനീട്ടി. ശബ്ദം മാത്രമല്ല സുന്ദരം!
അദ്ദേഹം ഓഫീസിലേക്ക് വന്നു. എന്റെ സിലബസ്സൊക്കെ വാങ്ങി നോക്കിയിട്ട് അദ്ദേഹം പഠിപ്പിക്കാമെന്നു ഉറപ്പുതന്നു. പക്ഷേ, പ്രിന്സിപ്പാളിനോട് അനുവാദം വാങ്ങണം. സത്യം പറഞ്ഞാല്‍ എന്റെ കണ്ണു നിറഞ്ഞു വന്നിരുന്നു. ഒരു അധ്യാപകനെ കണ്ടു പിടിച്ചല്ലോ എന്ന ആശ്വാസത്തില്‍ പ്രിന്‍സിപ്പാളിനെ കാത്തിരുന്നു.
'ഈ സിലബസ് പഠിക്കുന്ന അഞ്ചുപേരെക്കൂടി കണ്ടു പിടിച്ചുവരൂ..'പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഒരു അധ്യാപകനെ കണ്ടുപിടിക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. പല പ്രതികൂല സാഹചര്യങ്ങളാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത് . ഇനി അടിമാലിയിലും പരിസരപ്രദേശങ്ങളിലും കാലിക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം വര്‍ഷക്കാരെ തപ്പിയെടുക്കാനോ?
'ഇല്ല സാര്‍. ഇവിടെ ഒരാളെപ്പോലും കിട്ടാന്‍ സാധ്യതയില്ല.' ഞാന്‍ പറഞ്ഞു.
'കൊച്ചിനു മാത്രം ക്ലാസ്സെടുക്കാനോ?' അദ്ദേഹം നീരസത്തോടെ എന്നെ നോക്കി.
'ഗുരുവും ശിഷ്യയുമായിരിക്കും..പക്ഷേ, ഇന്നത്തെക്കാലത്ത് ആ വിചാരമൊക്കെ പെട്ടെന്നങ്ങു പോകും.
ഒറ്റയക്കു പഠിപ്പിച്ച് പേരുദോഷമുണ്ടാക്കി എന്റെ സ്ഥാപനം പൂട്ടേണ്ടി വരരുത്.'
അതു കേട്ടപ്പോള്‍ ഞാന്‍ ഒന്നുകൂടി കേണു.
'സാര്‍ ഒരു പേരുദോഷവും വരുത്തില്ല. എനിക്കു പഠിച്ചാല്‍ മതി.'
'കൊച്ചിനെങ്ങനെ ഉറപ്പു തരാന്‍ പറ്റും? '
ഭാവിയെക്കുറിച്ച് ഒന്നും പറയാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട്, ആ പടികള്‍ ഇറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. നെഞ്ചില്‍ വലിയൊരു കല്ലിരിക്കും പോലെ...
തോറ്റോടാന്‍ മനസ്സു വന്നില്ല. വഴിയരുകിലെ പെട്ടിക്കടയില്‍ നിന്ന് നാരാങ്ങാവെളളം വാങ്ങിക്കുടിച്ച് നെഞ്ചിലെ ഭാരം ഉരുക്കാന്‍ ശ്രമിച്ചു. ഒരു അടുക്കളക്കാരിയായി, പശുവിനെ മാറ്റിക്കെട്ടി, പുല്ലരിഞ്ഞ്, പറമ്പിലെ കാടും പറിച്ച് വീട്ടിലിരിക്കാന്‍ തോന്നിയതേയില്ല.
വീണ്ടും നടന്നു. കോ -ഓപ്പറേറ്റീവ് കോളേജിലേക്ക്്. ഒരു വയലിനു നടുക്ക്. ഇവിടെയും രക്ഷയില്ലെങ്കില്‍ പിന്നെ പശുവും തൊഴുത്തും അടുക്കളയും മാത്രം.
അവിടുത്തെ പ്രിന്‍സിപ്പാള്‍ കനിഞ്ഞു. പക്ഷേ, എനിക്കു പഠിക്കേണ്ട കോസ്റ്റിംഗ് അവിടെ അവസാന വര്‍ഷം. അക്കൗണ്ടന്‍സി പകുതി രണ്ടാം വര്‍ഷവും ബാക്കി അവസാന വര്‍ഷവും. അപ്പോള്‍ രണ്ടു ക്ലാസ്സിലുമിരിക്കണം. അതിനു തയ്യാറായിരുന്നു. പക്ഷേ അവിടെയും വലിയ കുഴപ്പമുണ്ടായിരുന്നു. ഈ വിഷയങ്ങള്‍ക്ക് രണ്ടധ്യാപകരുണ്ട്. ഒരേ സമയം രണ്ടുക്ലാസ്സിലും ഇവര്‍ എനിക്കു പഠിക്കേണ്ട ഭാഗങ്ങള്‍ പഠിപ്പിക്കും. ഏതായാലും അക്കൊല്ലത്തെ റിസള്‍ട്ടില്‍ തനിച്ചു പഠിച്ചതിനൊക്കെ ഉയര്‍ന്നമാര്‍ക്കും ഓടിപ്പഠിക്കാന്‍ ശ്രമിച്ചതിന് തോല്‍ക്കുകയും ചെയ്തു.
ഒരു വര്‍ഷം കൂടി മുന്നിലുണ്ടല്ലോ..ആ ധൈര്യമായിരുന്നു. ഇതിനിടയ്ക്ക് അക്കൗണ്ടന്‍സി പഠിപ്പിച്ചിരുന്ന അധ്യാപകര്‍ വേറെ ജോലിക്കിട്ടിപ്പോയി.
പുതിയൊരു അധ്യാപകന് വരുന്നു എന്നു കേട്ടു.
സുന്ദരന്‍ എന്നാല്‍ പെണ്‍കോന്തന്‍. ലൈനടി വീരന്. മനസ്സില്‍ വിചാരിക്കുന്ന എതു പെണ്ണിനേയും ഒറ്റ ദിവസംകൊണ്ട് വളയ്ക്കും. ഇവിടുത്തെ കോളേജുകളില്‍ തന്നെയാണ് പഠിച്ചത്. പക്ഷേ, ഒരിടത്തും സ്ഥിരമായി നിന്നില്ല. തല്ലിപ്പൊളി. കുരുത്തംകെട്ടവന്. പഠനകാലത്ത് പ്രിന്‍സിപ്പാള്‍മാര്‍ പുറത്താക്കി പുറത്താക്കി മടുത്തിട്ടുണ്ട്......ഇങ്ങനെ പോയി പുതിയ അധ്യാപകന് വരുന്നതിനു മുമ്പേ കേട്ട കഥകള്‍.
പക്ഷേ, ഒരു ദിവസം ക്ലാസിലേക്കു കയറി വന്ന അധ്യാപകനെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി. എന്നെ പഠിപ്പിക്കാമെന്നു പറഞ്ഞിരുന്ന ജെയിംസ് നൈനാന്. .
എന്നെ തിരിച്ചറിഞ്ഞിരുന്നു.
'പിന്നീടെന്തു ചെയ്തു? ' അദ്ദേഹം ചോദിച്ചു.
എന്തു ചെയ്യാന്‍..അങ്ങനെതന്നെ തുടരുന്നു എന്നല്ലാതെ.
'നിനക്കു ഞാന്‍ പറഞ്ഞു തരാം. കോളേജുവിട്ടശേഷം...' ചോദിക്കാതെ തന്നെയായിരുന്നു ഈ പ്രതികരണം. അന്നുണ്ടായ സന്തോഷത്തിന്റെ അളവുകോല്‍ എത്രയെന്ന് ഇന്നുമറിയില്ല. പക്ഷേ അപ്പോഴും ഒരു നിബന്ധന വെച്ചു.
തനിച്ചിരിക്കേണ്ട. ഒരാള്‍ കൂട്ടിനിരുന്നോട്ടെ എന്ന്. മിക്കവാറും അയിഷ എനിക്കു കൂട്ടിരിന്നു. ചിലപ്പോള്‍ ബിജുവോ പ്രസ്റ്റീജോ..
പഠിക്കാനെളുപ്പത്തിന് മാനേജ്മെന്റ് അക്കൗണ്ടിംഗിന് ജെയിംസ് സാര്‍ ചെറു കുറിപ്പെഴുതികൊണ്ടു വന്നു തന്നു. പുസ്തകം നോക്കി പഠിപ്പിക്കുന്ന ശീലമില്ലായിരുന്നു. വളരെ ലളിതമായി പറഞ്ഞു തരും. ആകാശത്തിന് കീഴിലുള്ള സകല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ഒരുപാടു പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെ സംസാരിച്ചിരിന്നു. അക്കാലത്ത് ഞാനെഴുതിയ കഥകള്‍ തിരുത്തി തന്നിരുന്നു,
നിര്‍ണ്ണായക ഘട്ടത്തില്‍ സഹായിച്ച ജെയിംസ് നൈനാനോളം പ്രിയപ്പെട്ട ഗുരു മറ്റാരുമല്ലെന്ന് തിരിച്ചറിയുന്നു ഇപ്പോഴും.
മുമ്പ് പഠിപ്പിച്ചിരുന്നിടത്തെ സഹാധ്യാപകരില്‍ പലരും അദ്ദേഹത്തെ സംശയത്തോടെ വീക്ഷിച്ചിരുന്നു.
താനൊരു വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പല കുരുത്തക്കേടും കാണിച്ചിട്ടുണ്ട്. അതുവെച്ചാണ് പലരും ഇന്നും അളക്കുന്നതെന്ന് പറയുമായിരുന്നു . ഞങ്ങള്‍ പെണ്‍കുട്ടികളെ വഴിയിലോ ബസ്സ്റ്റാന്‍ഡിലോ വെച്ചു കണ്ടാല്‍ കണ്ടഭാവം നടിക്കില്ല. ശിഷ്യയുടെ പേര് മനപ്പൂര്‍വ്വം മുഷിപ്പിക്കേണ്ട എന്ന ഭാവം. ഇത്രയേറെ തെററിദ്ധരിക്കപ്പെടേണ്ട വില്ലനായിരുന്നോ ജെയിംസ് നൈനാന്?
ഒരിക്കല്‍ ഇദ്ദേഹമാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്നറിഞ്ഞ് സഹപാഠിയുടെ നോട്ടുബുക്കില്‍ തമിഴില്‍ ചീത്തവാക്കുകള്‍ എഴുതികൊടുത്തുവിട്ടു ആരോ..
ലിപി തമിഴായിരുന്നെങ്കിലും ഭാഷ മലയാളമായിരുന്നു. അവള്‍ക്കത് വായിക്കാനറിയില്ലായിരുന്നു. പക്ഷേ, ഞാനതു വായിച്ചു. ചില അക്ഷരപിശകുകള്‍ തിരുത്തി സാറിന് വായിക്കാന്‍ കൊടുത്തു. ഒരു തമാശയായിട്ടേ ഞങ്ങള്‍ കണക്കാക്കിയുള്ളു. എന്നാല്‍
അന്നുവരെ ക്ഷോഭിച്ചു കണ്ടിട്ടില്ലാത്ത ജെയിംസ് സാര്‍ അതു വായിച്ച് ക്ഷോഭിച്ചു.
ഇത് ആരെഴുതിയതായാലും ഭാഷയെ വ്യഭിചരിക്കലാണ്..
അക്ഷരത്തെററുകള്‍ തിരുത്താന്‍ ശ്രമിച്ചതില്‍, വായിച്ചു രസിച്ച് സാറിനതുകൊടുക്കാന് ഉത്സാഹം കാണിച്ചതില്‍ ഞാനിന്നും പശ്ചാത്തപിക്കുന്നു.
ഇപ്പോഴും സഭ്യമല്ലാത്ത വാക്കുകള്‍ കാണുമ്പോള്‍ ഭാഷയെ വ്യഭിചരിക്കുന്നതിനെപ്പറ്റി അങ്ങേയററം കുറ്റബോധത്തോടെ ചിന്തിക്കാറുണ്ട്.
കടപ്പാട്-മധുരച്ചൂരല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്
7 comments:
ഇപ്പോഴും സഭ്യമല്ലാത്ത വാക്കുകള്‍ കാണുമ്പോള്‍ ഭാഷയെ വ്യഭിചരിക്കുന്നതിനെപ്പറ്റി അങ്ങേയററം കുറ്റബോധത്തോടെ ചിന്തിക്കാറുണ്ട്.
മധുരച്ചൂരലില് പണ്ട് വായിച്ചിരുന്നു....നന്നായി...ജെയിംസ് നൈനാന് എന്ന അദ്ധ്യാപകന് ആ ഓര്മ്മക്കുരിപ്പിലെ വ്യത്യസ്തത മൂലം അന്നേ മനസ്സില്‍ കയറിയതാണ്.
നന്ദി
അദ്ധ്യാപകനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നായി. ഈ മധുരച്ചൂരല്‍ പുസ്തകമാണോ മൈനാ?
മൈനേച്ചി,
മനോഹരമായി,ഹൃദയസ്പര്‍ശിയായി പങ്കുവെച്ചിരിക്കുന്ന ചിന്തകള്‍..
മധുരച്ചൂരല്‍ മാതൃഭൂമി ആഴ്ച്കപ്പതിപ്പിലെ ഒരു പംക്തിയാണ് മനോരാജേട്ടാ..
മൈനയുടെ പല കനപ്പെട്ട ലേഖനങ്ങളും മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്..അതുകൊണ്ട് തന്നെ ഇത് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ തോന്നി..ഇത് മുന്‍പേ വായിച്ചിട്ടുണ്ട് എന്ന്...എനിക്ക് തെറ്റിയില്ല...മുറൂക്കുന്നത്തയെ ഒക്കെ നല്ല പരിചയം ആണ്.മറ്റു ലേഖനങ്ങളില്‍...
മനോഹരമായ ഒരു ഗുരുസ്മരണ..കേട്ടൊ മൈന
nannayittudu.... lalithamaya sahithyam ... nammal thunchal parambil vachu kandirunnu... ormayundo ennariyilla...
Post a Comment