Sunday, February 14, 2010

പ്രണയപൂര്‍വ്വം

ഒരുനാള്‍ സ്വപ്‌നത്തില്‍ ഒട്ടും പരിചയമില്ലാത്തൊരാള്‍ എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നു പറഞ്ഞു.
എന്നെ അറിയുമോ? ഞാന്‍ ചോദിച്ചു.
അവനത്‌ കേട്ടതായിപ്പോലും ഭാവിച്ചില്ല. പകരം കൈയ്യില്‍ കടന്നു പിടിച്ചുകൊണ്ട്‌ കണ്ണുകളിലേക്ക്‌ നോക്കി നിന്നെ പ്രണയിക്കാന്‍ തോന്നുന്നു എന്ന്‌ എനിക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു. അപ്പോള്‍,
വിടൂ..എന്നെ വിടൂ..എന്നുറക്കെ കരഞ്ഞു ഞാന്‍.

ഈ പ്രായത്തിലും പ്രണയിക്കാന്‍ ഒരാള്‍ വന്നല്ലോ എന്നോര്‍ത്ത്‌ എനിക്ക്‌ ആകാശത്തേക്കുയരാമായിരുന്നു. പക്ഷേ, എന്തോ കൂടുതലൊന്നും ചിന്തിക്കായില്ല.
അവന്റെ കൈകള്‍ തട്ടി രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി. പക്ഷേ അതെന്നേ മുറുകെ പിടിച്ചിരിക്കുകയാണ്‌.
തുടര്‍ന്നെന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭൂതങ്ങളെന്നെ ഉണര്‍ത്തിക്കളഞ്ഞു.
സ്വപ്‌നം മുറിഞ്ഞതില്‍ വല്ലാത്ത സങ്കടവും നിരാശയും തോന്നി.

കുറേനാള്‍ കഴിഞ്ഞാണ്‌, ഒരാളെ കാണാന്‍ എനിക്കു പോകേണ്ടി വന്നത്‌.
മടക്കത്തില്‍ ആ രണ്ടാംനിലയുടെ പടികളിറങ്ങുമ്പോഴാണ്‌ ഭൂതോദയം...ഇപ്പോള്‍ കണ്ട മനുഷ്യനെ എവിടെയോ വെച്ച്‌ കണ്ടിട്ടുണ്ടല്ലോ...
അന്നുകണ്ട സ്വപ്‌നത്തില്‍.... ഇതെന്തു മറിമായം? .....അപ്പോള്‍ വല്ലാത്തൊരു വിറയല്‍ അനുഭവപ്പെട്ടു. പരിഭ്രമം....

പ്രണയഭാവം ഏററവും ഉയരത്തില്‍ നില്‌ക്കുന്നത്‌ ഇരുവരും നിശബ്ദരായിരിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. പരസ്‌പരം പ്രണയമുണ്ടെന്നറിയാം. പക്ഷേ പറയുന്നില്ല.

ഒരു നീറ്റല്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
പറഞ്ഞുപോയാല്‍ പ്രണയത്തിന്റെ മാധുര്യം തീര്‍ന്നു പോകുന്നുവെന്നാണ്‌ തോന്നുന്നത്‌. പിന്നീട്‌ പ്രണയത്തിനു പകരം സ്വാര്‍ത്ഥതയായിരിക്കും മുന്നില്‍ നില്‍ക്കുക. എങ്ങനെയും സ്വന്തമാക്കുക എന്ന തോന്നല്‍. പ്രണയം സ്വന്തമാക്കലാണെന്ന്‌ വിശ്വസിക്കാത്തതുകൊണ്ടാവണം പറഞ്ഞു കഴിഞ്ഞുള്ള പ്രണയത്തോട്‌ പൊരുത്തപ്പെടാനാവാത്തത്‌.
സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമുള്ളതുകൊണ്ടാണ്‌ പ്രണയനൈരാശ്യം, നഷ്ടമൊക്കെയുണ്ടാവുന്നത്‌. ആ ചിന്തയില്ലെങ്കില്‍ പ്രണയം എന്നും നിലനില്‌ക്കും.
ആണിനും പെണ്ണിനുമിടയില്‍ പ്രണയത്തേക്കാളേറെ സ്വാര്‍ത്ഥതയ്‌ക്ക്‌ മുന്‍തൂക്കമുള്ളിടത്തോളം കാലം മറ്റെന്തിനെയെങ്കിലും പ്രണയിക്കുകയാവും ബുദ്ധി.

എനിക്കീ ജന്മത്ത്‌ ഒരാളെ പ്രണയിക്കാനാവുമെന്ന്‌ തോന്നുന്നില്ല. ചിലപ്പോള്‍ കുറച്ചു നേരത്തേക്ക്‌, അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ തോന്നിയേക്കാവുന്ന ആകര്‍ഷണത്തിനപ്പുറം എന്റെ സങ്കല്‌പത്തിലെ പ്രണയത്തിലേക്ക്‌ കടന്നുവരാന്‍ ആരുമുണ്ടാവില്ല. ഈ പ്രായത്തിലും അങ്ങനെയൊരാള്‍ വരുമെന്ന്‌ കരുതിയിരിപ്പാണോ എന്നൊരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്‌. എന്നാലും....
പ്രണയിക്കുന്ന ഹൃദയം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പാണ്‌. അതെപ്പോള്‍ മുതലാണ്‌

എന്നിലേക്ക്‌ കടന്നുകൂടിയതെന്ന്‌ വ്യക്തമല്ല. എപ്പോള്‍ നഷ്ടമാവുമെന്നും...

15 comments:

Myna said...

എനിക്കീ ജന്മത്ത്‌ ഒരാളെ പ്രണയിക്കാനാവുമെന്ന്‌ തോന്നുന്നില്ല. ചിലപ്പോള്‍ കുറച്ചു നേരത്തേക്ക്‌, അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ തോന്നിയേക്കാവുന്ന ആകര്‍ഷണത്തിനപ്പുറം എന്റെ സങ്കല്‌പത്തിലെ പ്രണയത്തിലേക്ക്‌ കടന്നുവരാന്‍ ആരുമുണ്ടാവില്ല. ഈ പ്രായത്തിലും അങ്ങനെയൊരാള്‍ വരുമെന്ന്‌ കരുതിയിരിപ്പാണോ എന്നൊരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്‌.

കൂതറHashimܓ said...

"പറഞ്ഞുപോയാല്‍ പ്രണയത്തിന്റെ മാധുര്യം തീര്‍ന്നുപോകുന്നു" എന്നല്ലാരും പറയുന്നു, സത്യാണോ..??
പറയാതെ ഉള്ളില്‍ കിടന്നു വിങ്ങുന്ന പ്രണയതിനും ഒരു സുഖമുണ്ടല്ലേ..!!

krishnakumar513 said...

മനസ്സിലെ പ്രണയഭാവം നഷ്ടപ്പെടതിരിക്കട്ടെ.ആശംസകള്‍......

സജി said...

കഴിഞ്ഞാ‍യാഴ്ച സമാനമായ പ്രമേയവുമായി പോങ്ങമ്മൂടന്‍ അവതരിച്ചിരുന്നു. വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും, എവിടെയൊക്കെയോ ചില സമാനതകള്‍.

പോസ്റ്റിനു പിന്നെ കര്‍ത്താവിനെ തപ്പിപ്പോകുന്ന ശരാശരി മലയാളി തന്നയല്ലേ ഞാനും!
കഥയെല്ലാം ആത്മകഥയെന്ന് ധരിക്കുന്ന ശരാശരി വായനക്കാരനും!

എന്തായാലും, ആസ്വദിച്ചു-പ്രണയം കിനിയട്ടെ നമ്മുടെ പോസ്റ്റുകളിലെല്ലാം!

നന്ദന said...

തുടര്‍ന്നെന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും” ഞാൻ വിചാരിച്ചു വല്ലതും സംഭവിച്ചെന്ന് എന്തായാലും ഒരു പുതിയ പ്രണയം കിളിർക്കാട്ടെ

ash said...

ആശംസകള്‍ ...

Manoraj said...

ഇതെന്താ ബ്ലോഗർമാർക്കെല്ലാം പ്രണയം തലക്ക് പിടിച്ചോ.. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം അനുരാഗവിലോചിതർ മാത്രം.. നടക്കട്ടെ.. ഞാൻ ഈ നാട്ടുകാരനേ അല്ല..

yousufpa said...

എന്തിനെയെങ്കിലും പ്രണയിക്കണം എന്ന ആശയക്കാരനാണ് ഞാന്‍. അത് പൂവിനെയാകാം കിളികളെയാകാം കുഞ്ഞുങ്ങളെയാകാം.ഇഷ്ടം തോന്നുന്ന എന്തിനെയെങ്കിലും അപ്പോഴെ നമ്മുടെ മനസ്സില്‍ ആര്‍ദ്രത ഉണ്ടാകൂ സ്നേഹമുണ്ടാകൂ.നമ്മുടെ മനസ്സിന് യൌവ്വനമുണ്ടാകണമെങ്കില്‍ സ്നേഹമുണ്ടാകണം അതിന് ഗാഡമായി പ്രണയിക്കണം.മനസ്സിന് യൌവ്വനമുണ്ടെങ്കിലേ ശരീരത്തിനും യൌവ്വനമുണ്ടാകൂ.ഇത് അനുഭവത്തിന്‍റെ വെളിച്ചമാണ്.

Satheesh Haripad said...

ജീവവായുവില്‍ അലിഞ്ഞു ചേര്‍ന്ന ഒരു വികാരമാണ് പ്രണയം. വിവിധ മനുഷ്യാവസ്ഥകളില്‍ വിവിധ ഭാവങ്ങളില്‍ അതിങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടേയിരിക്കും, നിശ്വാസങ്ങളുടെ തുടര്‍ച്ച പോലെ.

mukthaRionism said...

പ്രണയഭാവം ഏററവും ഉയരത്തില്‍ നില്‌ക്കുന്നത്‌ ഇരുവരും നിശബ്ദരായിരിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. പരസ്‌പരം പ്രണയമുണ്ടെന്നറിയാം. പക്ഷേ പറയുന്നില്ല.

ഒരു നീറ്റല്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
പറഞ്ഞുപോയാല്‍ പ്രണയത്തിന്റെ മാധുര്യം തീര്‍ന്നു പോകുന്നുവെന്നാണ്‌ തോന്നുന്നത്‌.

അതെ, അതു തന്നെയാവും നേര്...
പത്തില്‍ പടിക്കുമ്പോള്‍ പറയാതെ(പറയാന്‍ പേടിച്ച്) കാത്തുവെച്ചൊരു പ്രണയം ഇന്നും
ഓര്‍മകളില്‍ ചക്കര പുരട്ടാറുണ്ട്...

ഓര്‍മകളില്‍ നനഞ്ഞൊലിച്ച്... പ്രണയം...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ..

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ?

Irshad said...

പ്രണയിക്കുക എന്നതിനുമപ്പുറം, പ്രണയമെന്നതിനെ ഇഷ്ടപ്പെടുക എന്നതാണു മുഖ്യം.

ഞാന്‍ പ്രണയങ്ങളെ പ്രണയിക്കുന്നു.

ആശംസകള്‍

ഭായി said...

പഥികാ..അതേതായാലും നന്നായി!
പ്രണയിക്കുന്നവരെ കേറി പ്രണയിച്ചാല്‍ വിവരമറിയും!
:-)

എല്ലാ പ്രണയിതാക്കള്‍ക്കും എന്റെ പ്രണയാശംസകള്‍!

jayanEvoor said...

“എനിക്കീ ജന്മത്ത്‌ ഒരാളെ പ്രണയിക്കാനാവുമെന്ന്‌ തോന്നുന്നില്ല”

അങ്ങനങ്ങു തീർത്തു പറയാൻ വരട്ടെ!

നമ്മുടെ സമ്മതം നോക്കിയല്ല പ്രണയം മൊട്ടിടുന്നത്....പറിച്ചുകളയാൻ ശ്രമിച്ചാലും അടർന്നു പോകാതെ കൂടെ കൂടുന്നത്...

അതനുഭവിക്കാൻ കഴിയട്ടെ!

മൌനം said...

നാമറിയാതെ മറ്റുള്ളവർ നമ്മെ പ്രണയിച്ചിരുന്നു എന്നറിയുമ്പോഴത്തെ ആ വികാരം....