Wednesday, December 23, 2009

ഞങ്ങളറിയുന്നു... എന്നും

ഇന്ന്‌ പ്രസ്റ്റീജ്‌ വിളിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു. ഇന്നലെ ഉച്ചക്കാണല്ലോ ഞാന്‍ വീട്ടില്‍ നിന്നു പോന്നത്‌. നാലുദിവസം അവിടെ നിന്നിട്ടും ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലോ...


അല്ലെങ്കിലും ഇത്തവണ വീട്ടില്‍ പോയിട്ട്‌ എങ്ങോട്ടാണിറങ്ങിയത്‌? മുററത്തിനതിരുവിട്ടു പോയത്‌ കുറച്ചപ്പുറത്തെ കറിവേപ്പുതൈയ്യുടെ അടുത്തേക്കുമാത്രമാണ്‌. ആറ്റിലേക്കിറങ്ങിയില്ല. താഴെ വഴിയിലേക്കിറങ്ങിയില്ല.

ഒരു ദിവസം ഉച്ചയക്ക്‌ കിടന്നുറങ്ങി. അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യം.
'മതിയൊറങ്ങിയത്‌. രണ്ടുമണിക്കൂറായി'...അമ്മച്ചിയുടെ ഓര്‍മപ്പെടുത്തല്‍ കേട്ട്‌ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.

അപ്പോഴും ബിജുവിനേയും പ്രസ്റ്റീജിനേയും ഓര്‍ക്കുന്നുണ്ട്‌. വിളിച്ചാലോന്ന്‌ വിചാരിക്കുന്നുണ്ട്‌. കുറച്ചു കഴിയട്ടേന്ന്‌ വിചാരിച്ചത്‌ നീണ്ടുപോയി.

ബിജുവും പ്രസ്റ്റീജും വിളിക്കുമ്പോള്‍ മറ്റാരു വിളിക്കുന്നതിലുമേറെ സന്തോഷം തോന്നുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. മുമ്പ്‌ കത്തെഴുതിയിരുന്നതുപോലെ വല്ലപ്പോഴുമാണ്‌ ഫോണില്‍ സംസാരിക്കുന്നതും. ഒരുപാടുകാര്യങ്ങള്‍ ഒററ ദിവസത്തില്‍ പറഞ്ഞു തീര്‍ക്കും ഞങ്ങള്‍.

ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാര്‍. ബിജു പെട്ടെന്ന്‌ അടുത്തു. പക്ഷേ, പ്രസ്റ്റീജ്‌ വളരെ വൈകിയും. നന്നായി പാടിയിരുന്നു പ്രസ്റ്റീജ്‌. കവിത എഴുതിയിരുന്നു. ഇപ്പോള്‍ ചോദിച്ചാല്‍ അതൊക്കെ മറന്നു പോയെന്നു പറയും അവന്‍. പാടാനുമറിയില്ല. എഴുതാനുമറിയില്ല. ആകെ കണക്കുകൂട്ടാന്‍ മാത്രം. ജോലി ബാങ്കിലായതുകൊണ്ട്‌ ജീവിതത്തിന്റെ കണക്കാണോന്ന്‌ എടുത്തു ചോദിക്കാറില്ലെന്നു മാത്രം.
ബിജൂ, നിന്നെയൊരു പോലീസുകാരനായിട്ട്‌ കാണാന്‍ ഇപ്പോഴുമെനിക്കാവുന്നില്ലല്ലോ എന്നു പറയണമെന്നുണ്ട്‌.

നാട്ടിലെത്തിയിട്ട്‌ വിളിക്കാത്തതിലൊന്നും പരാതിയില്ല പ്രസ്റ്റീജിന്‌. അങ്ങനെ പരാതി പറഞ്ഞിരുന്നെങ്കില്‍ അവരിന്നും എന്റെ ദൂരത്തിരിക്കുന്ന അതിനേക്കാളേറെ അരികത്തിരിക്കുന്ന കൂട്ടുകാരാവുമായിരുന്നില്ല.

ഡിഗ്രി ക്ലാസില്‍ ഒരുപാടുപേരുണ്ടായിരുന്നല്ലോ...ദൂരത്തിരിക്കുന്ന എനിക്കും അവരെക്കുറിച്ചൊന്നുമറിയില്ല. അന്വേഷിക്കാറുണ്ട്‌. ആരെയെങ്കിലും കാണാറുണ്ടോ എന്നൊക്കെ....

പക്ഷേ, ഞങ്ങളറിയുന്നു. എന്നും.

മൂവരും വിവാഹിതരായി. കുടുംബമായി. കൂട്ടത്തിലെ പെണ്ണ്‌ ഞാനായതുകൊണ്ട്‌ കുറച്ചുനേരത്തെ....
മുമ്പൊക്കെ കത്തായിരുന്നു. പിന്നെ ഫോണും. നാട്ടിലെത്തുമ്പോള്‍ കാണും. പക്ഷേ, എന്റെ വിവാഹദിവസത്തിനുശേഷം മൂവരുമൊരുമിച്ചു കണ്ടിട്ടില്ല. അങ്ങനെ കാത്തിരിക്കാറുമില്ല.

എപ്പോഴാണ്‌ കത്തെഴുതാന്‍ തോന്നുന്നത്‌ എന്ന്‌ ഇതുവരെ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ വിളിക്കാന്‍ തോന്നുന്നത്‌ എന്നു ചോദിച്ചിട്ടില്ല. തിരിച്ചും.

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. എപ്പോഴും....

22 comments:

Myna said...

എപ്പോഴാണ്‌ കത്തെഴുതാന്‍ തോന്നുന്നത്‌ എന്ന്‌ ഇതുവരെ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ വിളിക്കാന്‍ തോന്നുന്നത്‌ എന്നു ചോദിച്ചിട്ടില്ല. തിരിച്ചും.

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു.

Unknown said...

സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും ഒരു കലയാണ്.. എനിയ്ക്ക് ഒരിയ്ക്കലും സാധിക്കാത്ത കാര്യവും ്അതാണല്ലോ..

എസ്‌.കലേഷ്‌ said...

ee bandamgalude ezhuthu
vyanakaranem ormakalileku
kaipidichu nadathunnu
congrats

മണിലാല്‍ said...

പറയാതെ പോകുന്നതാണ് മനസിന്റെ ആഴം
എഴുതാതെ പോകുന്നത് കൂടുതല്‍ വായിക്കുന്നതു പോലെ............

Unknown said...

സത്യമാണ്‌ മൈന..
തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത
ഇത്തരം സൗഹൃദങ്ങള്‍തന്നെയാണ്‌
നമ്മളെ ഇന്നും ജീവിപ്പിക്കുന്നത്‌...
മൈനയുടെ പോലെത്തന്നെ
രണ്ട്‌ ആണ്‍സുഹൃത്തുക്കല്‍ ഡിഗ്രി ദിനങ്ങളില്‍
എനിക്കുമുണ്ടായിരുന്നു..
ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ക്യാറ്റ്‌സ്‌ എന്നാണ്‌ കോളേജിലെല്ലാരും
അവരെ കളിയാക്കി വിളിച്ചിരുന്നത്‌...
എന്റെ വിവാഹത്തലേന്ന്‌ അവരും പറഞ്ഞിരുന്നു
ഇനി നിന്റെ ഫോണ്‍വിളി കുറയും...
കാണുന്നതുകുറയും..എന്നൊക്കെ..
അന്ന്‌ അത്‌ എന്നെ കരയിപ്പിക്കാനുള്ള അടവാണെന്നാണ്‌ കരുതിയത്‌..എന്നാല്‍ പിന്നെപ്പിന്നെ അതുതന്നെ സംഭവിച്ചു.
എങ്കിലും വല്ലപ്പോഴുമുള്ള ഫോണ്‍വിളികളില്‍ എല്ലാം പറഞ്ഞപോലെ..
എന്തുവിഷമമുണ്ടായാലും അവരെ വിളിച്ചുപറയുമ്പോള്‍ മനസ്സ്‌ ശാന്തമാകുന്ന പോലെ..
സൗഹൃദം..അത്‌ വല്ലാത്തൊരു വികാരംതന്നെയാണ്‌...

ഉപാസന || Upasana said...

:-)

ഹരീഷ് തൊടുപുഴ said...

ഏകാന്തതയിൽ; ആത്മാർത്ഥമായ സൌഹൃദങ്ങൾ നൽകുന്ന കുളിർമ അനിർവ്വചനീയമാണു..
ഒരു അനുഭവക്കാരൻ..

neelambari said...

മൈന.........................

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

good friends are like stars.you don't always see them, but you know they are always there"(നല്ല സുഹൃത്തുക്കള്‍ താരങ്ങളെപ്പോലെയാണ്.നിങ്ങള്‍ എപ്പോളും അവയെ കാണണമെന്നില്ല,പക്ഷെ,നിങ്ങള്‍ക്കറിയാം അവ എപ്പോഴും അവിടെയുണ്ടെന്ന്.. ‘)


അതു തന്നെയാണു നല്ല സൌഹൃദങ്ങളുടെ അടിസ്ഥാനവും...എന്നും എപ്പോളും എത്ര ദൂരത്തായാലും സ്നേഹത്തിന്റെ ഒരു മുത്തുമണി നമുക്കായി സൂക്ഷിച്ചു വക്കുന്നവര്‍..അവരെ എന്നും നമ്മള്‍ കാണണമെന്നില്ല്ല, വിളിക്കണമെന്നില്ല..അതൊരു ജന്മാന്തര ബന്ധം പോലെ എല്ലാക്കാലത്തേക്കുമായി തുടരുന്നു..എന്നു മാത്രമല്ല, പില്‍‌ക്കാല ജീവിതത്തില്‍ നമുക്കെത്ര സൌഹൃദങ്ങള്‍ ഉണ്ടായാലും നമ്മള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ ,കുട്ടിക്കാലത്ത് കിട്ടിയ സ്നേഹബന്ധങ്ങളുടെ ഊഷ്മളത ഒന്നു വേറെ തന്നെയാണു..

ആശംസകള്‍ മൈന !

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ കുളിർമ നൽകുന്ന ഒരു രചന...

Wish You Merry Christmas
and
Happy New Year .

Myna said...

പ്രിയപ്പെട്ടവരെ,
പേരെടുത്തു പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി.
ഇതു വായിച്ചപ്പോള്‍ നിങ്ങളും സുഹൃത്തുക്കളെ ഓര്‍ത്തെങ്കില്‍ അതിനേക്കാള്‍ സന്തോഷം മറ്റെന്താണ്‌. നന്ദി.

ഷെരീഫ് കൊട്ടാരക്കര said...

ഈ വക ചിന്തകളും മൗന നൊമ്പരങ്ങളും എനിക്കു മാത്രമേ ഉള്ളൂ എന്നാണു ഞാൻ കരു തിയതു.ശരിയാണു മൈനാ, പഴയ ഓർമ്മകൾ!അതു മാത്രമേ ഉള്ളൂ നമുക്ക്‌ കൈമുതലായി.

Melethil said...

സത്യം മൈന,നല്ല സുഹൃത്തുക്കളെ കിട്ടുന്നതിനെക്കാളും വല്യ ഭാഗ്യമില്ല,ജീവിതത്തില്‍.

poor-me/പാവം-ഞാന്‍ said...

Merry X-mas

mukthaRionism said...

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു.

കുറെ നല്ല ഓര്‍മകള്‍...
നന്ദി...

krishnakumar513 said...

ബന്ധങ്ങളുടെ ആത്മാര്‍ഥവികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ശബ്ദം...നന്ദി

മുസാഫിര്‍ said...

സമ്പാദ്യമായി ആകെ കുറെ സുഹൃത്തുക്കള്‍ മാത്രമേയുള്ളു എന്നു പറയാറുള്ള ഒരു സുഹൃത്തിനെ ഓര്‍ത്തു ഇതു വായിച്ചപ്പോള്‍.

നന്ദന said...

വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു
സൗഹൃദം.........!!!

ഒരു നുറുങ്ങ് said...

ഏകാന്തതയിലെ ഇത്തരം കൂട്ടാണു,യഥാര്‍ത്ഥ’മുതല്‍ക്കൂട്ട്’

Akbarali Charankav said...

മൈന....
എനിക്കുമുണ്ട്‌ രണ്ടിലേറെ പെണ്‍സുഹൃത്തുക്കള്‍.
വിവാഹം കഴിഞ്ഞതിനാല്‍ പിന്നീട്‌ അവരെ ഫോണ്‍ചെയ്യാറില്ല. പേടി തന്നെയാണ്‌ കാരണം. ഇപ്പോള്‍ താങ്ങളുടെ അനുഭവം വായിച്ചപ്പോള്‍ ഒരു കാര്യം തോന്നുന്നു. എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്നെ വിളിക്കാനും ആഗ്രഹിക്കുന്നുണ്ടാകുമോ....?

Sunil G Nampoothiri said...

മൂന്ന് സുഹൃത്തുക്കള്‍ക്കും ആശംസകള്‍

മൌനം said...

വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു
സൗഹൃദം.........!!!.............. അതെ ചിലപ്പോള്‍ വെറുതെ എന്നറിഞ്ഞിട്ടാവാം എങ്കിലും...