Saturday, May 30, 2009

നീലാംബരിയുടെ ഓര്‍മക്ക്




വീടിനടുത്ത്‌ ഒരു വായനശാല തുടങ്ങിയത്‌ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. വളരെ കുറച്ചു പുസ്‌തകങ്ങള്‍. അതിലധികവും ലേഖനങ്ങള്‍. പലരുംസംഭാവന കൊടുത്തതുകൊണ്ടാവണം. കഥകളുടെയും നോവലുകളുടേയും എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു.

എം. ടിയുടെ കാലത്തില്‍ തുടങ്ങി പത്താംക്ലാസ്സിലെ വെക്കേഷന്‍കാലത്ത്‌ നോവലുകളെല്ലാം വായിച്ചു തീര്‍ത്തു. വായിക്കാന്‍ പുസ്‌തകം കിട്ടാത്തതിന്റെ വേദന ശരിക്കുമറിഞ്ഞു തുടങ്ങി. വഴികളൊന്നുമില്ല. ആകെ കിട്ടുന്നത്‌ പൈങ്കിളി വാരികകളാണ്‌. കുറേ പുസ്‌തകങ്ങള്‍ വായിച്ച്‌ ചിന്തയില്‍ ആകെ മാറ്റം വന്നതോടെ പൈങ്കിളി നോവലുകളോട്‌ മടുപ്പായി...

അങ്ങനെ വായിക്കാന്‍ പാഠപുസ്‌തകങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരിക്കുമ്പോഴാണ്‌ മനോരമ ആഴ്‌ചപ്പതിപ്പില്‍ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിക്കുന്നത്‌. പിന്നെ ഒറ്റയടിപ്പാത...
കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ തോന്നി...തോന്നലുകള്‍ മാത്രം മിച്ചം. മാധവിക്കുട്ടി എന്ന എഴുത്തുകാരി എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. എഴുതുന്ന ഒരാളെ കാണാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അതു മാധവിക്കുട്ടി മാത്രമായിരുന്നു. ഭേദപ്പെട്ട ഒരു വായനശാല നാട്ടിലുണ്ടായി. ഞാനൊരു കൗമാരക്കാരി. അന്നൊക്കെ കുറേ ചെറുക്കന്മാര്‍ പോയിരിക്കുന്ന ആ ലൈബ്രറി എനിക്കന്യമാണെന്ന തോന്നലായിരുന്നു. പെമ്പിള്ളേര്‍ ആരും പോയിക്കണ്ടില്ല. കുറച്ചൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങിയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ സ്ഥിരം കിട്ടാന്‍ തുടങ്ങി. പേര്‌ ഒന്നുരണ്ടിടത്ത്‌ അച്ചടിച്ചു വന്നു....

അങ്ങനെയിരിക്കെയാണ്‌ ഇളയച്ഛന്‍ ലൈബ്രേറിയിനായിരിക്കാന്‍ എന്നെ വിളിക്കുന്നത്‌. ശരിക്കും സ്വര്‍ഗ്ഗം കിട്ടിയപോലെ...എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‌ എന്നേക്കാള്‍ സന്തോഷമാണെന്നു തോന്നി. വായനയുടെ ലോകത്തേക്കെത്താനായല്ലോ എന്നവന്‍ പറയുമ്പോള്‍ കണ്ണുകള്‍ വല്ലാതെ തിളങ്ങിയിരുന്നതോ നിറഞ്ഞതോ എന്ന്‌ മനസ്സിലായില്ല.

ആദ്യത്തെ പണി പുസ്‌തകങ്ങള്‍ തരം തിരിച്ച്‌ എഴുതിവെക്കുകയായിരുന്നു.
ആ പുസ്‌തകങ്ങള്‍ക്കിടയില്‍ തെരഞ്ഞത്‌ മാധവിക്കുട്ടിയുടെ രചനകളായിരുന്നു. മുമ്പത്തെ ലൈബ്രേറിയനെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങളൊന്നുമില്ലേ എന്നു ചോദിച്ചു.
മറുപടി എന്നെ വല്ലാതെ അമ്പരിപ്പിച്ചു.
'അവര്‍ ഒരു വൃത്തിക്കെട്ട സ്‌ത്രീയാ...
അവരെഴുതുന്നതൊന്നും വായിക്കാന്‍ കൊള്ളില്ല....'

എന്തൊരു മുന്‍വിധി!!!!....

ഒന്നരമാസത്തിനുള്ളില്‍ ആ പണി ഞാനുപേക്ഷിച്ചു. അതിനുള്ള കാരണം ലൈബ്രറിയോ കമ്മറ്റിയോ ഒന്നുമായിരുന്നില്ല. പുസ്‌തകങ്ങളുടെ ഇടയിലെ ഒന്നരമാസത്തില്‍ നിന്ന്‌ ഹൃദയവേദനയോടെ ഇറങ്ങിപ്പോന്നു, ചില നുണകള്‍ ചേര്‍ത്തുവെച്ചുകൊണ്ട്‌.

പിന്നീട്‌ നെഹ്‌റു യുവ കേന്ദ്രയില്‍ നിന്നാണ്‌ പക്ഷിയുടെ മണവും ചേക്കേറുന്ന പക്ഷികളും എന്റെ കഥയും നീര്‍മാതളം പൂത്തകാലവുമൊക്കെ കിട്ടുന്നത്‌. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമൊക്കെ എന്തെല്ലാമോ ഗന്ധങ്ങളുണ്ടെന്ന്‌ തോന്നി തുടങ്ങി. എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു.


എന്റെ വായനയില്‍ മാധവിക്കുട്ടി വളരെ ഉയരത്തിലായിരുന്നു. ഒരുപക്ഷേ, മറ്റുള്ള ആരേക്കാളും....സ്‌ത്രീകളുടെ ഇടയില്‍ ഒന്നാമത്‌ എന്നല്ല...സ്വാതന്ത്ര്യത്തിന്റെ എഴുത്തായിരുന്നു എന്ന തോന്നലുകൊണ്ട്....എല്ലാ അര്‍ത്ഥത്തിലും....

ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...ആ ലോകത്തിലെ കാഴ്‌ചക്കാര്‍ മാത്രം നമ്മള്‍....

പ്രിയപ്പെട്ട അവര്‍ ഇവിടെയെവിടെയോ ഇരിക്കുന്നുണ്ടെന്ന്‌ തന്നെ വിചാരിക്കാം....നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ മനസ്സിനെ ആശ്വസിപ്പിക്കാം.....

31 comments:

Myna said...

ആദ്യത്തെ പണി പുസ്‌തകങ്ങള്‍ തരം തിരിച്ച്‌ എഴുതിവെക്കുകയായിരുന്നു.
ആ പുസ്‌തകങ്ങള്‍ക്കിടയില്‍ തെരഞ്ഞത്‌ മാധവിക്കുട്ടിയുടെ രചനകളായിരുന്നു. മുമ്പത്തെ ലൈബ്രേറിയനെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങളൊന്നുമില്ലേ എന്നു ചോദിച്ചു.
മറുപടി എന്നെ വല്ലാതെ അമ്പരിപ്പിച്ചു.
'അവര്‍ ഒരു വൃത്തിക്കെട്ട സ്‌ത്രീയാ...
അവരെഴുതുന്നതൊന്നും വായിക്കാന്‍ കൊള്ളില്ല....'

Unknown said...

ഇന്ന്‌ എന്താണാവോ വളരെ
നേരത്തെ എഴുന്നേല്‍ക്കാന്‍ തോന്നി..
ഉണര്‍ന്നത്‌ വേദനിപ്പിക്കുന്ന ആ വാര്‍ത്തയിലേക്ക്‌....

പിന്നെ, ഞാന്‍ നീര്‍മാതളം പൂത്ത കാലം കയ്യിലെടുത്തു...
ആ വരികളിലൂടെ പ്രിയപ്പെട്ട എഴുത്തുകാരിക്കൊപ്പം കുറേ നേരം നടന്നു...

നമ്മുടെയൊന്നും മനസ്സില്‍ അവര്‍ക്ക്‌ മരണമില്ലല്ലോ...

ബഷീർ said...

ഇനി ഓർമ്മകൾ മാത്രം

Raji Chandrasekhar said...

മൈനയോട് ആശ്വസിക്കാന്‍ മാത്രം പറയുന്നു....

चेगुवेरा ചെഗുവേര said...
This comment has been removed by the author.
sunilfaizal@gmail.com said...

അപവാദങ്ങളുടെ തീക്കാറ്റ് പൊള്ളിക്കാത്ത
അവരുടെ ശരീരം തീയില്‍ എരിഞ്ഞു ഭസ്മമാവില്ലെന്നുറപ്പ്.

എഴുത്തിലും ജീവിതത്തിലും സുഗന്ധം പരത്തിയ സുന്ദരിയായിരുന്ന
അവരുടെ ശരീരത്തിന് മണ്ണിലഴുകാന്‍ കഴിയുമോ?

Anonymous said...

പ്രണാമങ്ങള്‍...!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണാമം...

കൂടുതലായി പറയാന്‍ ശ്രമിച്ചാലും... കാര്യമില്ല

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജീവിച്ചിരുന്നപ്പോൾ മാധവിക്കുട്ടിയ്ക്കു തെറിക്കത്തുകൾ എഴുതി അവരെ കേരളത്തിൽ നിന്നു ഓടിച്ചിട്ട് ഇന്നിപ്പോൾ നമ്മൾ മുതലക്കണ്ണീർ ഒഴുക്കുന്നു !

തിരൂര്‍ക്കാരന്‍ said...

കമല സുരയ്യ ഇനി ഓര്‍മ
നാം മലയാളികള്‍ എന്നും അവരെ വേട്ടയാടിയിട്ടെ ഉള്ളു. അവരുടെ കവിതകളെ നാം പരിഹസിച്ചു. അവരുടെ കഥകളെ നാം അഭഹസിച്ചു. അവരുടെ പ്രണയ സംഗല്പത്തെ പോലും നാം മോശമായി ചിത്രീ കരിച്ചു.. അവര്‍ മതം മാറിയപ്പോള്‍ നാം അവരെ കല്ലെറിഞ്ഞു. ഒടുവില്‍ അവര്‍ നാട് വിട്ടു. ഇന്നവരെ എല്ലാവരും പുകഴ്ത്തുന്നു.. എന്തിനു ഈ നാടകം.. എല്ലാ മീഡിയ യായും അവര്‍ക്ക് വേണ്ടി മാറി വെക്കുന്നു.. എന്തൊരു സ്നേഹം? ഹാ മലയാളി എത്ര മഹാന്‍!!! മനോരമ പുകഴ്ത്തുന്നു , മത്ര്ഭൂമിയും ദീപികയും... ഹാ എത്ര സുന്ദരം ........
http://alakalsakshii.blogspot.com/2009/05/blog-post_3645.html

Fayas said...

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് പ്രണാമങ്ങള്‍....

ഷാരോണ്‍ said...

"എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു. "
ആ വാചകങ്ങള്‍ എത്ര സത്യമാണ്....

നമ്മെ അവരിലേക്ക്‌ വലിച്ച് അടിപ്പിക്കുന്നത് പോലെ...

ടി വി യില്‍ അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്തോ വല്ലാതെ വേദന കൂടുന്നു....

അമ്മ ഞങ്ങളോട്‌ പരിഭവിച്ച് ഇറങ്ങി പോയതല്ലേ??
എന്റെ മാപ്പ്‌ ....

ആലപ്പുഴയില്‍ അവരെ കൊണ്ട വന്നപ്പോള്‍ പോയി കാണണം എന്നുണ്ടായിരുന്നു...

എന്തോ..വയ്യ ആ മുഖം ജീവനോടെ ഉള്ളില്‍ നിറഞ്ഞ് ചിരിക്കട്ടെ..

ഹന്‍ല്ലലത്ത് Hanllalath said...

...പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളത്തിന് കഥകളിൽ കൂടി ഒരു പുതിയ ഭാവുകത്വം നൽകിയ,ഭാവഗീതങ്ങളുടെ ആ നീർമാതളം നിലമ്പതിച്ചുവെങ്കിലും;വായനയുള്ളകാലത്തോളം ആയതു തഴച്ചു വളരുകതന്നെചെയ്യും.....

ശ്രീഇടമൺ said...

ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...
ആ ലോകത്തിലെ കാഴ്‌ചക്കാര്‍ മാത്രം നമ്മള്‍....

ആദരവോടെ പ്രണാമം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രിയങ്കരിയായ കഥാകാരിക്ക് ആദരാഞ്ജലികള്‍...

riyas kunganchery said...

this is a big loss to our readers and malayalam. she is a contract writer, so she can say the right thinks to right people without any border. she is a bold and yong minded lady. we pray to her . . . .
riyas kunganchery, calicut, mukkam (karama, dubai)

Unknown said...

priya maina,
malayalathintey alla lokathintey ezhuthukarikku mainayudey pranamangallodu entey adaranjalikalum cherthu vekkunnu. surayya maranju poyirikkam, pakshe, madhavikkuttiyum, kamaladasum ennum jeevikkum.

മാണിക്യം said...

പി ഡി സി ക്ക് പഠിക്കുമ്പോള്‍ കോളജില്‍ മിക്ക ദിവസവും സമരം കയ്യില്‍ കിട്ടുന്നത് ഒക്കെ രാവും പകലുമില്ലാതെ വായിച്ചു തള്ളുന്നകാലം അങ്ങനെ ഇരിക്കെ ഒരു സുഹൃത്തിന്റെ കയ്യില്‍ "എന്റെ കഥ" അതുമായി വീട്ടിലെത്തി അര്‍ദ്ധരാത്രി അതും വായിച്ചിരിക്കുമ്പോള്‍ അമ്മ വന്നു ബുക്ക് കണ്ടു
ഹോ!എന്തായിരുന്നു പുകില്‍
പിന്നെ വര്‍‌ഷങ്ങള്‍ കഴിഞ്ഞാണ് "എന്റെ കഥ" വായിച്ചു തീര്‍ന്നത്
മനസ്സിന്റെ ഒരു പാതിയില്‍ സത്യവും മറുപാതിയില്‍ മിഥ്യയും നിറച്ച മാധവികുട്ടിയുടെ വാക്കുകളെ വളരെ അധികം തെറ്റിധരിക്കപ്പെട്ടു!എന്നാലും ഏറെ ആളുകള്‍ മാധവികുട്ടിയെ അവരുടെ കഥകളെ ഇഷ്ടപ്പെട്ടു...

VINAYA N.A said...

മാങ്ങയുള്ള മാവില്‍ കല്ലെറിയും .അതു സ്വാഭാവികം

Dhanush | ധനുഷ് said...

‘എന്റെ കഥ’ ആദ്യം വായിക്കാന്‍ ഒരു പേടിയായിരുന്നു. പിന്നെ ജോലിയൊക്കെയായി കഴിഞ്ഞപ്പോള്‍, ധൈര്യപൂര്‍വ്വമങ്ങ് വാങ്ങി. ആ ധൈര്യം ഒരു പക്ഷെ അച്ഛന്‍ പണ്ട് വാങ്ങിച്ചുവച്ചിരുന്ന ‘ഡയറിക്കുറിപ്പുകള്‍’ കാരണമാവം. ഒരോ മരണവുമാണ് നമ്മളെ (എന്നെ)വീണ്ടും ആ മരിച്ച ആളിലേക്ക് അടുപ്പിക്കുന്നതെന്ന് തോന്നറുണ്ട്. ശ്രീ ഓ.വി. വിജയന്‍ മരിച്ചപ്പോള്‍ ഖസാക് വീണ്ടും വായിച്ചു. ഇപ്പോള്‍ ‘ബാല്യകാലസ്മരണകള്‍’ വീണ്ടും വായിക്കുന്നു. മുന്നൂറാന്‍ പറഞ്ഞത് പോലെ നമ്മുടെയൊന്നും മനസ്സില്‍ മരണമില്ലാതെ അവര്‍.

ഈയാഴ്ചത്തെ ‘എന്റെ പുസ്തകത്തില്‍’ ആരണ്യകിനെ പറ്റി എഴുതിയത് വായിച്ചു. മനോഹരമായിരിക്കുന്നു. അപുവിനെ കുറിച്ചെഴുതിയ മഹാന്റെ മറ്റൊരു പുസ്തകത്തെ പരിചയപെടുത്തിയതിന് നന്ദി.

Anamika said...

Sahitya lokathinu nikathanavath viduvu sammanichu kondu avar poimaranju

ഇട്ടിമാളു അഗ്നിമിത്ര said...

അവര്‍ മരിച്ചു.. വിവാദങ്ങള്‍ ആര്‍ത്തും പേര്‍ത്തും ഇനിയും കൂടൊഴിയാതെ നില്‍ക്കും.. എന്നാലും അവരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കപ്പെടുന്നു.. പലരും തേടുന്നത് പലതാണെന്ന് മാത്രം..

വായന അലര്‍ജിയായ ഒരാള്‍ വന്ന്‍ "എന്റെ കഥ" യുണ്ടോ ന്ന് ചോദിച്ചു.. "എന്തെ" എന്നൊരു കള്ളച്ചിരിയോടെ ഞാന്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ അവന് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല.. "അതില്‍ ധാരാളം തുട്ടുണ്ടെന്ന് കേട്ടു"


കുടുംബപ്രാരാബ്ദങ്ങള്‍ക്കിടയില്‍ വലയുന്ന എന്റെ കൂട്ടുകാരിയ്ക്ക് അവരുടെ ഏതേലും പുസ്തകം മതിയായിരുന്നു.. ഇന്നലെ ലൈബ്രറിയില്‍ നിന്ന് രണ്ടെണ്ണം എടുത്തു കൊടുത്തു.. വിഷാദം പൂക്കുന്ന മരങ്ങളും, ഡയറികുറിപ്പുകളും.. നൂറുപേജുള്ള പുസ്തകം നൂറുദിവസം ഇരുന്നാലും വായിച്ചു തീര്‍ക്കാത്തവള്‍ ഇന്നു രാവിലെ "വിഷാദം" തിരിച്ചു തന്നു.. അടുത്ത ദിവസം വേറേ കൊണ്ടു വന്നു കൊടുക്കണെ എന്നെ അപേക്ഷയോടേ..

(ഇലക്ഷന്‍ കാലത്ത് പുസ്തകക്കടയുടെ ന്യൂഅറൈവല്‍ ഷെല്‍ഫില്‍ നിറയെ ശശി തരൂര്‍ ആയിരുന്നു.. തിങ്കളാഴ്ച മുതല്‍ മാധവിക്കുട്ടി നിറഞ്ഞിരികുന്നു..)

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ശാന്ത കാവുമ്പായി said...

മൈനാ‚
അടിമത്ത൦ പരമസുഖമെന്ന് വിചാരിച്ചിരുന്ന വ൪ഗത്തിന് കുറച്ചെങ്കിലു൦ മാററമുണ്ടാക്കാ൯ ആരെങ്കിലു൦ വേണ്ടേ? ഒരു
നിയോഗ൦ പോലെ അവരത് ഏറ്റെടുത്തതാണെന്ന് എനിക്കു തോന്നാറുണ്ട്.

Faizal Kondotty said...

ശാന്തകാവുമ്പായി said...
മൈനാ‚
അടിമത്ത൦ പരമസുഖമെന്ന് വിചാരിച്ചിരുന്ന വ൪ഗത്തിന് കുറച്ചെങ്കിലു൦ മാററമുണ്ടാക്കാ൯ ആരെങ്കിലു൦ വേണ്ടേ? ഒരു നിയോഗ൦ പോലെ അവരത് ഏറ്റെടുത്തതാണെന്ന് എനിക്കു തോന്നാറുണ്ട്.


പ്രിയ ശാന്തകാവുമ്പായി..,
ഈ ഒരു ഘട്ടത്തില്‍ വെറുതെ മുസ്ലിംകളെ ആവശ്യമില്ലാതെ എന്തിനാ കുത്തി നോവിക്കുന്നത് .?. സന്ദര്ഭോചിതം ആണോ ഇത് ?

ഇനി , പ്രപഞ്ച സൃഷ്ടാവായ മഹാ ശക്തിക്ക് മുന്നില്‍ വിനയം കാണിക്കുന്നത്, അടിമത്തം ആണെങ്കില്‍ തന്നെ , അതിനൊരു വല്ലാത്ത അര്‍ഥം ഇല്ലേ ..?അതോ മനുഷ്യന്‍ തന്നെ വലുത് എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ ?

ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി മാത്രം , സന്തോഷ പൂര്‍വ്വം ജീവിക്കുന്ന എല്ലാ മത വിഭാഗത്തിലും പെട്ട ധാരാളം സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട് . അത് ഒരു തരം അടിമത്തം ആയി ചിത്രീകരിച്ചു അവരെയൊക്കെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ശാന്തകാവുമ്പായി ക്ക് ശ്രമിക്കാം , വേണമെങ്കില്‍ അതൊരു നിയോഗം ആയും എടുക്കാം ...
----------------
കമല സുരയ്യയുടെ ഖബറടക്കത്തിന് ശേഷം പത്രത്തില്‍ വന്ന സുരയ്യയുടെ മകന്‍ എം .ഡി നാലപ്പാടിന്റെ അഭിമുഖത്തില്‍ നിന്ന്

"അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നു കമല സുരയ്യുടെ മൂത്ത മകന്‍ എം .ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും പറഞ്ഞു

"മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക , അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക . ഈ രണ്ടു വാക്കും ഞങ്ങള്‍ പാലിച്ചു . "

"ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു
-----------------------

ഇസ്ലാമിനെ നന്നാക്കാന്‍ ഒരു നിയോഗം പോലെ ഇറങ്ങിപ്പുറപ്പെട്ടതാണ് സുരയ്യ എന്ന് ശാന്ത കാവുമ്പായി പറയുമ്പോള്‍ ശാന്തയുടെ ചരിത്ര ബോധത്തെ ക്കുറിച്ച് ലജ്ജ തോന്നുന്നു .
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതി ജീവിച്ച , ഇന്നും പലരെയും ആകര്‍ഷിക്കുന്ന ,ലൈവ് ആയി നിലനില്‍ക്കുന്ന ഇസ്ലാമിനെ ഇനി ഒരു കമല വന്നു ഉദ്ധരിച്ചിട്ട് വേണം ..!
---------------
Dr. സൂരജ് ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യം ഇവിടെ ഉദ്ധരിക്കട്ടെ ..

"എല്ലാ മതങ്ങള്‍ക്കും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ ഒരു കൌതുകലോകം കൂടിയുണ്ട്. ഇസ്ലാമിലാണെങ്കില്‍ അത് അറബ് സംഗീതം,പ്രാചീന അറബ് ശാസ്ത്രഗവേഷണം, സഞ്ചാരസാഹിത്യം, കവിത, പേര്‍ഷ്യന്‍ വാസ്തുശില്പകല തുടങ്ങി സൂഫിസത്തിലും വസ്ത്രനിര്‍മ്മാണരീതികളിലും വരെ പ്രതിഫലിക്കുന്ന വിശാലചരിത്രമായി നമുക്കുമുന്നിലുണ്ട്. അതിന്റെയൊക്കെ ചരിത്രപ്രാധാന്യത്തെ മനുഷ്യസമൂഹങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി നാമിന്ന് ശാസ്ത്രീയമായി പഠിക്കുമ്പോള്‍, അതിന്റെയൊക്കെ മുഖത്താട്ടുകയാണ് മതഗ്രന്ഥങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള വരട്ടുയുക്തിവാദം എന്നാണ് എന്റെ വിനീതമായ അഭിപ്രായം"
----------------
ഈ ഇസ്ലാമിനെ ഇനി ഉദ്ധരിക്കാന്‍ ആള് വന്നിട്ട് വേണം..? എങ്ങിനെ ?

ഇനി ശാന്ത കാവുമ്പായി യുടെ നിയോഗം എന്താണാവോ ?

മൈന ,
താങ്കളുടെ നൊമ്പരത്തില്‍ ഞാനും പങ്കു ചേരുന്നു ..

http://jevitham-ji.blogspot.com said...

pranayikanayi enne paranjirunnu,pakshe jeevitham jeevichu theerkan mathramayi theerno ennoru vethana baki ninnile enne, enik mathram thonunnathakam,arum vere paranjukettilla

kas said...

orma kurippukal avam ,vethanippikunnava akamo............
avare oral pranayichu pattichu enne sukumar ji pathra prasthavana nadathiyath onne ,avar karuthathha arthagal aa chinthakalku nalkunnath,parayanullethellam parayan avavaku kazhinjirunnu ennu arum orthu kadilla

kas said...

ellam ormakal

kas said...

ormakal arudethum akamallo

മൌനം said...

ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...
ആ ലോകത്തിലെ കാഴ്‌ചക്കാര്‍ മാത്രം നമ്മള്‍....