Monday, January 19, 2009

ഒരു കോപ്പിയടി യാത്ര


വയനാട്‌-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ തോല്‍പ്പെട്ടിയിലാണ്‌ ഇളയമ്മ താമസം. ഇളയമ്മയുടെ മകന്റെ വിവാഹത്തിനാണ്‌. മകന്‌ പെണ്ണുകണ്ടെത്തിയത്‌ കര്‍ണ്ണാടകയിലെ ഹുന്‍സൂറില്‍ നിന്ന്‌. മൂന്നുദിവസം അവധിയെടുത്ത്‌ പുറപ്പെടുമ്പഴേ ഹുന്‍സൂറു പോകണമെന്ന്‌ തീരുമാനിച്ചിരുന്നു. കല്ല്യാണവണ്ടിയില്‍ ഇടിച്ചുകേറേണ്ടിവരും. എന്നാലും സാരമില്ല. പുതിയ കാഴ്‌ചകള്‍ കാണുകമാത്രമായിരുന്നു ലക്ഷ്യം.

ഏതായാലും അഞ്ചോ ആറോ ജീപ്പുകളുണ്ടായിരുന്നതിലൊന്നില്‍ ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍ ഇടിച്ചുകയറിയിരുന്നു. കേരളാ അതിര്‍ത്തികടന്ന്‌ കുട്ട കഴിഞ്ഞ്‌.....നാഗര്‍ഹോള രാജീവ്‌ ഗാന്ധി ദേശീയ ഉദ്യാനത്തില്‍ പ്രവേശിച്ചു. ഇരുവശവും വനം. ഇടക്ക്‌ മാന്‍കൂട്ടം. ചിലപ്പോള്‍ ഒറ്റക്ക്‌. വഴിയരുകില്‍ കറുത്തൊരു പാറ കണ്ടപ്പോള്‍ ആന, ആന എന്ന്‌ കൂടെയുണ്ടായിരുന്നു കൊച്ചുപിള്ളേര്‍ ഒച്ചവെച്ചു.


ആറുമണിക്കുശേഷം ഇതിലെ കടത്തിവിടില്ലത്രേ! ഹുന്‍സൂറിലെത്താന്‍ നാഗര്‍ഹോളവഴിയാണ്‌ എളുപ്പവും. മുര്‍കില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തുകൂടി കടന്നു പോകുമ്പോള്‍ അഞ്ചാറനകളെ നിരത്തി തളച്ചിട്ടിരിക്കുന്നതു കണ്ടു.

തോല്‍പ്പെട്ടിയില്‍ നിന്നും ഏതാണ്ട്‌ 60-65 കിലോമീറ്റര്‍ വരും ഹുന്‍സൂറിലേക്ക്‌. ഈ ദൂരമത്രയും വനമാണെന്ന്‌ പറയാം. ഇടക്ക്‌ ഒറ്റപ്പെട്ട കൊച്ചുഗ്രാമങ്ങളൊഴിച്ചാല്‍. കൊച്ചുകൊച്ചു കുടിലുകള്‍. ഒറ്റമുറി ഓടുവീടുകള്‍...ഒന്നുരണ്ടു ഉണങ്ങിയ കൈത്തോടുകളല്ലാതെ പുഴയോ തോടോ ഒന്നുമില്ല. വിജനം.

ഹുന്‍സൂറ്‌ അടുക്കാറായപ്പോഴാണ്‌ കിളച്ചുമറിച്ച വയലുകള്‍ കാണാനായത്‌. ഇഞ്ചികൃഷിക്കാണത്രേ! പാട്ടത്തിനെടുത്ത്‌ കൃഷി നടത്തും. വയനാട്ടില്‍ നിന്ന്‌ പണിക്കു കൊണ്ടുവരുന്ന സ്‌ത്രീകളെക്കുറിച്ച്‌ പിന്നീടൊരു വിവരവും കിട്ടാറില്ല. ലൈംഗീക പീഡനമാണ്‌ കാരണമായി പറയാറ്‌. പക്ഷേ സ്ഥലം കണ്ടാല്‍ വെള്ളം കുടിക്കാന്‍ കിട്ടാതെ ദാഹിച്ചു.....ദാഹിച്ച്‌....
അങ്ങനെയാണ്‌ വരണ്ട പാടങ്ങള്‍ കണ്ടാല്‍ തോന്നുക. ചോളം, കടുക്‌, നിലക്കടല, പച്ചമുളകു തോട്ടങ്ങള്‍ കടന്ന്‌ ഹുന്‍സൂറിലെത്തി.
ഒരു മുഴം മുല്ലപ്പൂവിന്‌ കോഴിക്കോട്‌ 8-10 രൂപയാണ്‌ വിലയെങ്കില്‍ അവിടെ 30 രൂപ. ഓറഞ്ചിന്‌ അറുപതും എഴുപതും. മലയാളികളാണ്‌. കന്നട അറിയില്ല എന്നോര്‍ത്താണോ എന്തോ ഈ വിലപറിച്ചില്‍.

ബദാംപാലും ഒരു പൊതിയും തന്ന്‌ ഞങ്ങളെ സ്വീകരിച്ചു പെണ്‍വീട്ടുകാര്‍. ( അവര്‍ മലയാളികളാണ്‌). പൊതിതുറന്നപ്പോള്‍ മൈസൂര്‍പാക്കും ജിലേബിയും.ചുവന്ന ബിരിയാണി ആദ്യമായിട്ട്‌ കാണുകയായിരുന്നു. അതുപോലെ ബദാംപാലും. ബിരിയാണി അരികണ്ടാല്‍ മട്ട അരി പോലുണ്ട്‌. ബിരിയാണി വേണ്ടാത്തവര്‍ക്ക്‌ വെള്ളച്ചോറുണ്ട്‌. അത്‌ വെച്ചു കോരിയതോ വാര്‍ത്തെടുത്തതോ അല്ല. വറ്റിച്ചെടുത്തത്‌. സാമ്പാര്‍ കണ്ട്‌ ഞെട്ടി. പരിപ്പുണ്ട്‌. പിന്നെക്കുറെ ഇലകള്‍. പായസം പോലൊരു സാധനം കിട്ടി. കണ്ടപ്പോള്‍ മത്തങ്ങയും പയറും എരിശ്ശേരിയാണെന്നാണ്‌ വിചാരിച്ചത്‌. തൊട്ട്‌ നാക്കില്‍ വെച്ചവര്‍ പായസം എന്ന പേരു കൊടുത്തു. നെയ്‌ കുത്തുന്നു. ഒപ്പം മധുരവും. മില്‍ക്‌ പേഡയുടെ രുചി.

ബന്‌ധുക്കളില്‍ ആരോ തോല്‍പ്പെട്ടിക്ക്‌ വിളിച്ചു പറഞ്ഞു. "നൂറാള്‍ക്ക്‌ ചോറു കരുതിക്കോ..."

പെണ്ണിന്റെ കരച്ചിലിനും പിഴിച്ചിലിനുമിടയിലൂടെ ഞങ്ങള്‍ വണ്ടിയില്‍ കയറി.ഡ്രൈവര്‍ പയ്യന്‍ ജിപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌തു. നല്ല വെയില്‍. ഇങ്ങോട്ടുവന്ന ഉത്സാഹമൊന്നും ആര്‍ക്കുമില്ല. ആഹാരത്തെക്കുറിച്ച്‌ കുറ്റം പറഞ്ഞ്‌ ഉറക്കത്തിലേക്ക്‌ വഴുതാന്‍ തുടങ്ങുകയാണ്‌ എല്ലാരും.
"ഇവിടെത്തെ രീതി ഇതാണ്‌. നമ്മുടെ അടുത്ത്‌ ഇവര്‍ വരുമ്പോള്‍ ബിരിയാണി എന്താ വെളുത്തിരിക്കുന്നതെന്ന്‌ ചോദിച്ചേക്കാം". സമാധാനിക്കാന്‍ ഞാന്‍ പറഞ്ഞു.
ഇത്രയൊക്കെ ആയപ്പോഴാണ്‌ സുന്ദരമായ കാഴ്‌ചകളിലേക്കെത്തിയത്‌. കണ്ണെത്താദൂരത്തോളം പാടം. മിക്കതും കൃഷിയൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.
ചിലയിടത്ത്‌ ചോളപ്പാടം. അതിന്‌ നനക്കുന്നുണ്ട്‌. കടുകും കാബേജും നിലക്കടയുമുണ്ട്‌. കുറെക്കൂടി പോയപ്പോള്‍ ഇടക്കൊക്കെ തെങ്ങുകള്‍. അപ്പോള്‍ ഒരു സംശയം. വരുമ്പോള്‍ കാടായിരുന്നല്ലോ..ഇതിപ്പോള്‍? റോഡിന്‌ മാറ്റമൊന്നുമില്ല. വീണ്ടും വരണ്ടപാടങ്ങള്‍. കാടായിരുന്നു വരുമ്പോള്‍. ഇരുവശവും കാട്‌. കണ്ണെത്താദൂരം എന്ന അവസ്ഥ കണ്ടിട്ടില്ല. ഇങ്ങോട്ടു പോരുമ്പോള്‍ ഉറങ്ങിയിരുന്നോ? ഇല്ല. ഉറങ്ങിയില്ലെന്നു തന്നെയാണ്‌ ഓര്‍മ. പുറകോട്ട്‌ നോക്കി. കൂട്ടത്തിലെ വണ്ടികളൊന്നുമില്ല. മുന്നിലും ഒന്നും കണ്ടില്ല.

വഴിയിലൊരാളെ കണ്ടതെ പയ്യന്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
"നാഗരഹോള വളി ഇല്ലി?"
അയാള്‍ നേരെ എന്ന്‌ ആഗ്യം കാട്ടി.
നേരേ കുറേ ദൂരം പോയപ്പോള്‍ പയ്യന്‌‌ തോന്നി ഇതല്ല വഴിയെന്ന്‌.
ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍. കൈയ്യില്‍ ഫോണുണ്ട്‌. കാര്യമില്ല. റേഞ്ചില്ല. എവിടെയെങ്കിലും ചെന്ന്‌ ബുത്തില്‍ നിന്ന്‌ കൂടെയുള്ളവര്‍ക്ക്‌ വിളിക്കാമെന്നു വെച്ചാല്‍ ആര്‍ക്ക്‌? ഒരിടത്തും റേഞ്ചില്ല.
മണി നാലാവുന്നു. രാജീവ്‌ ഗാന്ധി ദേശീയോദ്യാനത്തിലേക്ക്‌ ആറുമണികഴിഞ്ഞാല്‍ കയറ്റി വിടില്ല. പിന്നെ വളഞ്ഞുചുറ്റി വേറെയേതോ വഴിക്കു പോകണം.
പയ്യന്‍ വണ്ടി തിരിച്ചു.
വഴിതെറ്റിയോ? പിന്നില്‍ നിന്ന്‌ കൂക്കുവിളി.

തിരിച്ചു വരവില്‍ മൂന്നും കൂടിയ കവലക്ക്‌ വണ്ടി നിര്‍ത്തി ഒരാളോട്‌ ചോദിച്ചു.
"നാഗരഹോള റോഡ്‌‌ ഇല്ലി? റോഡ്‌..റോഡ്‌..."
ഡ്രൈവര്‍ പയ്യന്‍ എന്താണ്‌ ചോദിക്കുന്നത്‌. ഇവന്‌ കന്നട അറിയുമോ?
"right 5 km and left"
എന്നയാള്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ സംശയം തീര്‍ക്കാന്‍ വേറൊരാളോട്‌ ചോദിച്ചു.
അവസാനത്തെ left അയാള്‍ക്ക്‌ right ആയി. ഏതായാലും ആദ്യത്തെ right ഒന്നു തന്നെയാണല്ലോ എന്നു വിചാരിച്ച്‌ വണ്ടി തിരിച്ചു. ഇംഗ്ലീഷില്‍ ഒരു ബോര്‍ഡുകണ്ടു. 'gurupura' .
പക്ഷേ, വണ്ടി തിരിച്ചപ്പോള്‍ മുതല്‍ ചൈനക്കാരെപ്പോലെ പതിഞ്ഞ മൂക്കും ചീര്‍ത്ത കണ്ണുകളുമുള്ള മനുഷ്യരെയാണ്‌ കാണുന്നത്‌. ഒരു കടയുടെ മുന്നില്‍ നിര്‍ത്തി അവിടെ നിന്ന ചൈനക്കാരനോട്‌ ചോദിച്ചു.
"നാഗരബോള ഇല്ലി? "
അയാള്‍ ഒന്നും മനസ്സിലാവതെ അറിയില്ലെന്ന്‌ ആംഗ്യം.

പാടത്തും വഴിയോരത്തും ചൈനമുഖം......
എതിരെ വന്ന ബൈക്കുകാരുടെ മുഖം ചൈനയല്ല. നിര്‍ത്തി ചോദിച്ചു.
"right 5 km and left."
ok.
പുറകിലിരുന്ന റസീന പറഞ്ഞു. "നമ്മളിപ്പോള്‍ ചൈനേലെത്തീന്നാ തോന്നുന്നേ" അതുകേട്ട്‌ എല്ലാരും ചിരിച്ചു.
സത്യത്തില്‍ ആര്‍ക്കും പേടിയൊന്നുമില്ലായിരുന്നു. അത്ര ദൂരമൊന്നും പിന്നിട്ടട്ടില്ല.
അപ്പോഴാണ്‌ പയ്യന്‍ വഴി ചോദിച്ച ഭാഷ ഓര്‍മവന്നത്‌.' അമ്പട കള്ളാ നീ തേന്മാവിന്‍ കൊമ്പത്ത്‌ കോപ്പിയടിച്ചല്ലേ..'.

അതങ്ങ്‌ അവതരിപ്പിച്ചപ്പോഴേക്കും പുറകില്‍ നിന്ന്‌ 'മുത്ത്‌ഖൗ 'കിട്ടിയോ? എന്ന്‌.

ഏതായാലും അപ്പോഴേക്കും left ലേക്ക്‌ തിരിഞ്ഞു. കാടുകണ്ടു.'തേന്മാവിന്‍ കൊമ്പത്ത്‌' രക്ഷിച്ചു എന്ന്‌ പറയാതെ വയ്യ
മുര്‍കിലില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തെത്തുമ്പോള്‍ ഞങ്ങളെ കാണാഞ്ഞ്‌ എല്ലാരും.....

photo : sunil faizal

16 comments:

Myna said...

പുറകിലിരുന്ന റസീന പറഞ്ഞു. നമ്മളിപ്പോള്‍ ചൈനേലെത്തീന്നാ തോന്നുന്നേ. അതുകേട്ട്‌ എല്ലാരും ചിരിച്ചു.
സത്യത്തില്‍ ആര്‍ക്കും പേടിയൊന്നുമില്ലായിരുന്നു. അത്ര ദൂരമൊന്നും പിന്നിട്ടട്ടില്ല.
അപ്പോഴാണ്‌ പയ്യന്‍ വഴി ചോദിച്ച ഭാഷ ഓര്‍മവന്നത്‌.' അമ്പട കള്ളാ നീ

pullode praveen said...

നന്നായിരിക്കുന്നു ...ചെറുതെങ്കിലും നല്ല യാത്ര വിവരണം .. മൈനയുടെ തോല്പ്പെട്ടിയിലെ ഇളയമ്മയുടെ മകനും നന്ദി . കര്‍ണ്ണാടകയിലെ ഹുന്‍സൂറില്‍ നിന്ന്‌ പെണ്ണ് കണ്ട്തിയത്തിനു ,അത് കൊണ്ടാണല്ലോ ആ സ്ഥലത്തെ കുറിച്ച് നമുക്ക് അറിയാന്‍ പറ്റിയത് ,ഒപ്പം മംഗളആശംസകളും.

പ്രയാണ്‍ said...

സിനിമ കണുന്ന കൊണ്ട് ഇങനെ ചില ഉപ്കാരങ്ങളൊക്കെ ഉണ്ടല്ലെ..വിവരണം നന്നായിരിക്കുന്നു.

വല്യമ്മായി said...

അറിവ് വരുന്ന വഴികള്‍ :)

ഓ.ടോ:മാതൃഭൂമിയിലെ ലേഖനം(മലമുകളിലെ..) വായിച്ചു.വളരെ നന്നായിരിക്കുന്നു.ആശംസകള്‍.

Kaithamullu said...

ചെന്ന് ഭക്ഷണം കഴിച്ചപ്പഴേ തിരിച്ച് പോരാന്‍ തോന്നി, അല്ലേ?

poor-me/പാവം-ഞാന്‍ said...

കല്ല്യാണത്തിനു പോയാല്‍ മൂന്നുന്‍ട് കാര്യം ശാപ്പാട് കഴിക്കാം, സ്ഥലം കാണാം, ബ്ളോഗിനുള്ള അസംസ്ക്രുത വസ്തുക്കളുംകിട്ടും.പിന്നെ ബന്ധുക്കളെല്ലാംഎന്താ കാടുകളില്‍ പോയി താമസിക്കുന്നത്‌ (ഇടുക്കി, വയനാട്).The chinese you have seen are Dalailaamaas people who got asylum here.
Regards
Poor-me of
http://manjalyneeyam.blogspot.com

Ashly said...

Yes, you can find Chinees looking people near Hunsur. There is a Tibetan settlement, which is near to Kushal Nagar(Bylakuppe) which is very close to Hunsur.

They have wonderful temple (it is called Golden Temple, but I don't know whether it is real gold). Also, you can buy lots of Tibetan stuffs in this place.

There is a place called Kaveri Nisargadhama very close to Kushal Nager, beside Kaveri river. You can get cottages, play in the river etc.. a great place to be.

Harangi Dam,Dubare forest etc are the near by tourist spots.

പപ്പൂസ് said...

കുഷാല്‍ നഗറിലെ ടിബറ്റുകാരെയാവും കണ്ടിരിക്കുക. ആഷ്‌ലി പറഞ്ഞതു പോലെ അതൊരു ഒന്നൊന്നര സ്ഥലം തന്നെയാണ്. മൈനക്ക് വാരാന്തപ്പതിപ്പിലെഴുതാന്‍ പറ്റിയ സാധനം. ഡെക്കാന്‍ ഹെറാള്‍ഡ് പേപ്പറില്‍ ആ കോളനിയെക്കുറിച്ച് ഒരു സ്റ്റോറി വന്നിരുന്നു, മൂന്നാലു വര്‍ഷം മുമ്പ്.

പിന്നെ മുല്ലപ്പൂവിനും ഓറഞ്ചിനുമൊക്കെ കര്‍ണാടക മൊത്തം അതേ വിലയാ. നാടന്‍ (മണമുള്ള) മുല്ലക്ക് ഇരുപത്തഞ്ചില്‍ കുറവ് ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല. അഞ്ചു രൂപക്ക് കാര്‍ക്കോടകം കിട്ടും. കാണാന്‍ മുല്ല പോലെ, മണമില്ല. കന്നഡ പറഞ്ഞതു കൊണ്ടൊന്നും ഒന്നും കുറയില്ല. മലയാളം പറഞ്ഞാ ചിലപ്പോ കുറയും. നമ്മുടെ പേശല്‍ ഹിസ്റ്ററി അവര്‍ക്കറിയാമെങ്കില്‍.... :-)

Malayali Peringode said...

അല്ലാ,
അപ്പ ‘മുദ്ദ്‌ഗൌ’ കിട്ടിയില്ലേ?

:-)

ഏറനാടന്‍ said...

കാട്ടിലൂടെയുള്ള യാത്രയുടെ രസം ഹൃദ്യമായെഴുതിയത് മാതൃഭൂമി വാരികത്താളുകളിലും വായിച്ചിരുന്നു.

ആശംസകള്‍.

എം.എസ്.പ്രകാശ് said...

ഹൃദ്യം........

നിരക്ഷരൻ said...

നാഗര്‍ഹോള വഴി 2 മാസം മുന്‍പ് നടത്തിയ ഒരു യാത്ര ഓര്‍മ്മ വന്നു. സ്കൂള്‍ ബസ്സ് ഇല്ലായിരുന്നതുകൊണ്ട് ആനയിറങ്ങുന്ന ആ വഴിയിലൂടെ നടന്നുപോകുകയായിരുന്ന 12 വയസ്സില്‍ താഴെയുള്ള 3 കുട്ടികളെ ( 2 പെണ്‍കുട്ടികളും, ഒരാണ്‍കുട്ടിയും)കണ്ടപ്പോള്‍ ചങ്ക് കലങ്ങിപ്പോയി. ചെക്ക് പോസ്റ്റ് വരെ കൊണ്ടുവിട്ടിട്ടാണ് യാത്ര തുടര്‍ന്നതെങ്കിലും മനസ്സില്‍ നിന്ന് ആ രംഗം ഇപ്പോഴും മാഞ്ഞിട്ടില്ല, മായുകയുമില്ല.

നാഗര്‍ഹോള എന്ന് കേട്ടപ്പോള്‍ വീണ്ടും ഒക്കെ ഓര്‍മ്മവന്നു.

വിവരണം ഇഷ്ടായി.

Jayasree Lakshmy Kumar said...

ഹ ഹ. വായിച്ചു വന്നപ്പോൾ തേന്മാവിങ്കൊമ്പത്തെ മോഹൻലാലിന്റെ വഴി ചോദിക്കൽ തന്നെയാണ് എനിക്കും ഓർമ്മ വന്നത്. എന്നാലും മുത്തുഗവു വരെ ഓർമ്മകളെത്തിയില്ല. അത് രസിപ്പിച്ചു.

മുസാഫിര്‍ said...

യാത്രാവിവരാണം ഇഷ്ടമായി.കമന്റുകളിലൂടെ കുറെ പുതിയ അറിവുകളും കിട്ടി.

poor-me/പാവം-ഞാന്‍ said...

Read your story/trvlg in Mathrubhumi.xcellent.I have sent my comment the very first day it self(to mathrubhumi) but was not published!.Kindly write at least a common reply to comments. Once in a while read other's blogs also..But the latest posting not attracted me. It stopped before srtarting! and no masala.

കാടോടിക്കാറ്റ്‌ said...

മൈന, ഈ വഴി പലവട്ടം പോയിരിക്കുന്നുട്ടോ. വയനാട്‌ ടു നാഗര്‍ഹോള. സരസമായ്‌ പറഞ്ഞു യാത്ര. മൈനയുടെ മാതൃഭൂമി എഴുത്ത് ഒത്തിരി ഇഷ്ടപ്പെടുന്നു.
പിന്നെ, ഇന്ജിപ്പനിക്ക് പോകുന ആദിവാസി പെണ്‍കുട്ടികളെ കാണാതാവുന്നു, ലൈംഗിക പീഡനമാ, എന്നൊക്കെ എഴുതി പാവപ്പെട്ട വയനാടന്‍ കര്‍ഷകരെ ഇനിയും ആത്മഹത്യയിലേക്ക് നയിക്കല്ലേ. ഒത്തിരി നൂലാമാലകള്‍ പിന്നിട്ട പലരും കടമെടുത്ത പൈസ കൊണ്ട് അവിടെ പോയ്‌ ഇഞ്ചികൃഷി ചെയ്യുന്നേ. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാവാം. എന്നാല്‍ പല പെണ്‍കുട്ടികളും പണിക്ക് പോയിട്ട് കുടകിലെ ആരുടെയെങ്കിലും ഒക്കെ കൂടെ അങ്ങ് പോകുവാ എന്നാണ് കേള്‍ക്കുന്നത്. കുടുങ്ങുന്നത് പാവപ്പെട്ട കര്‍ഷകനും. ഇത്തരം സംഭവങ്ങളെ പറ്റി വെറും കേട്ട് കേള്‍വിയുടെ പേരില്‍ നമ്മള്‍ ഒരു വരി പോലും എഴുതരുത്. മാധ്യമങ്ങള്‍ക്ക്‌ വേണ്ടത് പീഡനവും, സെന്സേഷനളിസവും ആണ്. പക്ഷെ, അത് മൂലം തകരുന്ന ജീവിതങ്ങളെ മറക്കരുത്. ആശംസകളളോടെ...