Sunday, June 1, 2008

പെണ്‍നോട്ടങ്ങള്‍

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.


ഞങ്ങളുടെ ബാങ്കില്‍ മാനേജര്‍ മാറി..
'പുതിയ മാനേജറും ഞാനും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും' എന്ന്‌ അവനോട്‌ പറഞ്ഞപ്പോള്‍
'പിന്നെ ഈ കെളവിയേ നോക്കാന്‍ പോകുവല്ലേ? ' എന്നായിരുന്നു വഷളന്‍ ചിരിയോടെ അവന്‍ തിരിച്ചു പറഞ്ഞത്‌.
നിര്‍ദോഷമായൊരു തമാശയാണെങ്കിലും 'കെളവി എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കി.
യൗവ്വനം കടന്ന്‌ വാര്‍ദ്ധക്യത്തിലെത്താന്‍ പെണ്ണിന്‌ നാല്‌പതൊന്നും ആവണ്ട..മുപ്പതുപോലും ആവണ്ട എന്നല്ലേ അതിന്റെ ധ്വനി.
'ഓ, ഒരു തമാശപറയാനും പാടില്ലേ?' എന്ന അവന്റെ വാക്കുകള്‍ക്കപ്പുറത്ത്‌ എനിക്ക്‌ പലതും പറയാമായിരുന്നു.
അകാലനര പടര്‍ന്നു തുടങ്ങിയ അവന്റെ മുടിയെ നോക്കി 'ശരിക്കും നീയല്ലേ കെളവന്‍' എന്നാണു പറഞ്ഞിരുന്നെങ്കില്‍ അവന്‍ എന്നേക്കാള്‍ അസ്വസ്ഥപ്പെട്ടേനേ...
പുരുഷന്‍ അങ്ങനെയൊക്കെയാണ്‌. അവരുടെ സൗന്ദര്യം ഒരിക്കലും അസ്‌തമിക്കില്ലെന്നും പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഒന്നിനും കൊള്ളാത്തവരാണെന്നും കരുതിപ്പോകും ചിലപ്പോള്‍.
ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ അയല്‍വക്കത്ത്‌ അകാലവാര്‍ദ്ധക്യം ബാധിച്ച ആലീസുചേച്ചിയും കുടുംബവും താമസിക്കാനെത്തിയത്‌.

ഒട്ടിയകവിളും ഉന്തിയ കണ്ണുകളും മുടിമുക്കാലും നരച്ച്‌ ശരിക്കും വൃദ്ധരൂപം തന്നെയായിരുന്നു അവര്‍. എന്നാലും ആ മുടിയില്‍ സ്ലൈഡുകുത്തി തിളങ്ങുന്ന ലേസുകൊണ്ട്‌ മുടി കെട്ടിയിരുന്നു അവര്‍.
ആലീസുചേച്ചിയും അവരുടെ സുന്ദരനായ ഭര്‍ത്താവും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ കൗതുകമായിരുന്നു. മക്കള്‍ അവരുടെ മക്കളാണെന്നുപോലും തോന്നുമായിരുന്നില്ല.
പരിചയമായി കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തുണിപ്പെട്ടിയില്‍ നിന്ന്‌ പഴയ ചില ഫോട്ടോകള്‍ എടുത്തുകാണിച്ചു. പത്തുവര്‍ഷം മുമ്പ്‌ തന്റെ ഇരുപാതാമത്തെ വയസ്സില്‍ അതിസുന്ദരിയായിരുന്നു എന്നു കാണിക്കാനായിരുന്നു അത്‌. ദൈവത്തോട്‌ ഒരുപാട്‌ അടുത്തുനില്‌ക്കുകയും എപ്പോഴും പ്രാര്‍ത്ഥിച്ചുമാണ്‌ ആലീസുചേച്ചി സുന്ദരനായ ഭര്‍ത്താവിനും മക്കള്‍ക്കുമിടയില്‍ ജീവിച്ചത്‌.
ഞാന്‍ നിലക്കണ്ണാടിക്കു മുന്നില്‍ പോയി നിന്നു. കണ്ണും നെറ്റിയും മുഖവും സസ്‌മൂഷം പരിശോധിച്ചു. മുടി മുന്നോട്ടിട്ട്‌ പരതി. വെളുത്ത നാരുകള്‍ എവിടെയെങ്കിലും.....ഇല്ല...
സമാധാനം. അപ്പോള്‍ ആലീസുചേച്ചി എങ്ങനെയൊക്കെ ചിന്തിച്ചിരിക്കാം.... അന്ന്‌ മുപ്പതിലെത്തിയ അവരേയും ഇന്നത്തെ എന്നേയും താരതമ്യപ്പെടുത്തി നോക്കി.

പിന്നെയും കിഴവി ഓടിയെത്തി.
ഉണ്ണി. ആര്‍ എഴുതിയ ആനന്ദമാര്‍ഗ്ഗം വായിച്ച അമ്പത്തിമൂന്നുകാരി ആ കഥയിലെ ഒരു കാര്യമാണ്‌്‌ എടുത്തു പറഞ്ഞത്‌. ഞങ്ങള്‍ പെണ്ണുങ്ങള്‍ ടൂര്‍ പോകുന്നു എന്നു പറയുമ്പോള്‍ പെണ്ണുങ്ങളോ കെളവികള്‍ എന്നു പറയുന്ന ഒരു കഥാപാത്രം അതിലുണ്ട്‌. എല്ലാ പുരുഷന്മാരും ആ കഥാപാത്രത്തെപ്പോലെയാണെന്ന്‌്‌ ദേഷ്യത്തോടെയും സങ്കടത്തോടെയും അവര്‍ പറഞ്ഞു.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കിളവികളാകും ആണിന്‌. എന്നാല്‍ മറ്റു ചിലപ്പോള്‍ പെണ്ണിന്റെ നടപ്പും എടുപ്പും നോക്കി നില്‌ക്കും. വികാരപരവശനാകും. നാലുപേരോട്‌ പറഞ്ഞു രസിക്കും. അതുകൊണ്ടൊക്കെ ചിലര്‍ തന്റെ ഭാര്യയേയും പെങ്ങളേയും കള്ള നോട്ടങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കവചങ്ങള്‍ക്കുള്ളിലാക്കും. അന്നുവരെ രക്ഷാകവചങ്ങള്‍ക്കുള്ളില്‍ പെടാതിരുന്നവരും അതിനുള്ളിലെ സ്വാതന്ത്യത്തെക്കുറിച്ച്‌ വാചാലയാകും. നോട്ടങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ പ്രസംഗിക്കും.

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.

ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.
ബാങ്കില്‍ വന്ന ചെറുപ്പക്കാരനായ ഇടപാടുകാരനെ നോക്കി കൂട്ടുകാരി പറഞ്ഞു.
'ലാലുന്റെ ചുണ്ടുനോക്ക്‌ പെങ്കുട്ട്യോള്‍ടെ ചുണ്ടുപോലെ'....
അതുകേട്ട്‌ ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.
ഇത്‌ ഇന്നലെ തുടങ്ങിയ ഏര്‍പ്പാടൊന്നുമല്ല. പത്തുപന്ത്രണ്ടുവയസ്സു മുതല്‍ തുടങ്ങിയതാണ്‌.
ചിലരുടെ നടപ്പ്‌, ഭാവങ്ങള്‍, ചിരി, താടി, മീശ, നോട്ടങ്ങള്‍ എല്ലാം ഞങ്ങളുടേതായ സ്വകാര്യലോകത്തുവെച്ച്‌ കെട്ടഴിഞ്ഞു പുറത്തുവരും. ചിലരുടെ സംസാരമോ നടപ്പോ ഭാവങ്ങളോ കൂട്ടുകാരെ അനുകരിച്ചുകാണിച്ചെന്നിരിക്കും. നിങ്ങളില്ലാത്ത ഒരു സ്വകാര്യലോകം ഞങ്ങള്‍ക്കിടയിലുണ്ട്‌. അവിടെ അത്ര മര്യാദക്കാരികളൊന്നുമല്ല ഞങ്ങള്‍. അശ്ലീലം പറഞ്ഞെന്നും വരും. ഉറക്കെ ചിരിച്ചെന്നിരിക്കും. ഒന്നു കൂവിയെന്നിരിക്കും.

ശരീരത്തൊട്ടി കിടക്കുന്ന ചുരിദാറിനെക്കുറിച്ചോ, സാരിയുടെ ഇടയിലെ നഗ്നതയേക്കുറിച്ചോ മോലൊട്ടിക്കിടക്കുന്ന പര്‍ദ്ദയെക്കുറിച്ചോ നിങ്ങള്‍ അശ്ലീലത്തിലോ ശ്ലീലത്തിലോ നോട്ടമെറിയുകയും പറയുകയും ചെയ്യുമ്പോള്‍...ഓര്‍ക്കുക. ഞങ്ങളും നോക്കുന്നുണ്ടെന്ന.്‌
മുണ്ടോ പാന്‍സോ ജീന്‍സോ നല്ലതെന്ന്‌. മുണ്ടുമടക്കിക്കുത്തുമ്പോള്‍ മുട്ടിനു മുകളിലേക്ക്‌ അറിയാതെയെങ്കിലും നോക്കിപോകുന്നതിനെ കുറിച്ച്‌. അമ്മ, പെങ്ങള്‍, മകള്‍, ഭാര്യ ആരുടെ മുന്നിലും നിങ്ങള്‍ ഷര്‍ട്ടിടാതെ ഉലാത്തും. മുമ്പൊരിക്കല്‍ കൂട്ടുകാരി പറഞ്ഞു അടുത്ത വീട്ടിലെ ചേട്ടന്‍ ഷര്‍ട്ടിടാതെ കുട്ടിയെ കൈമാറുമ്പോള്‍ അവള്‍ക്കൊരു മിന്നലുണ്ടായത്രേ!
ജൈവപരമായി നമുക്കിടയില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ട്‌. പക്ഷേ, നിങ്ങള്‍ കുന്നിന്‍ മുകളിലും ഞങ്ങള്‍ മലകയറാന്‍ വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കില്‍ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളില്‍ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന്‍ വയ്യെങ്കില്‍ ഒരു രക്ഷാകവചം നിങ്ങളുമണിയണം.

എന്തൊക്കെയായാലും ചെറുപ്പത്തിലെ കിളവികള്‍ എന്ന വിളി കേള്‍ക്കേണ്ടിവരും.
ഈ വിളി കേള്‍ക്കുമ്പോള്‍ ഞാനെന്റെ നഷ്‌ടപ്പെട്ട പത്തുപതിനാറു വര്‍ഷങ്ങളെയോര്‍ത്തു പരിതപിക്കുന്നു. തന്നത്താന്‍ മുടിചീകികെട്ടാനും ഉടുപ്പിടാനും തുടങ്ങിയതില്‍ പിന്നെ എത്രമാത്രം വികൃതമായാണ്‌ നടന്നത്‌. ഇളം നിറങ്ങള്‍ക്കുപുറകേ പോയി ഞാനെന്റെ കൗമാരവും യൗവ്വനവും കളഞ്ഞോ?..വിവാഹത്തിനുപോലും ബ്യൂട്ടിപാര്‍ലറില്‍ പോകാത്ത ഞാന്‍ ചിക്കന്‍പോക്‌സിന്റെ കലകളെ പോലും വേഗം മാച്ചുകളയാന്‍ മിനക്കെടാഞ്ഞത്‌ എന്തിനായിരുന്നു?

കിഴവി എന്ന വാക്കുകേള്‍ക്കുമ്പോഴാണ്‌ ചില വിചാരങ്ങള്‍ എന്നെ കൂട്ടത്തോടെ ആക്രമിക്കുന്നത്‌.

അപ്പോള്‍ ഞാനെന്റെ കൊച്ചുസ്വര്‍ണ്ണക്കമ്മല്‍ അഴിച്ചുവെച്ച്‌ ലോലാക്ക്‌ തൂക്കുന്നതിനേക്കുറിച്ചോര്‍ക്കുന്നു.

മാതൃഭൂമി വാരാന്തപ്പതിപ്പ്‌‌ 01.06.2008

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന കത്തുകള്‍ ഇവിടെവായിക്കാം

56 comments:

Myna said...

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.

സുല്‍ |Sul said...

"ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
നിങ്ങളില്ലാത്ത ഒരു സ്വകാര്യലോകം ഞങ്ങള്‍ക്കിടയിലുണ്ട്‌. അവിടെ അത്ര മര്യാദക്കാരികളൊന്നുമല്ല ഞങ്ങള്‍. അശ്ലീലം പറഞ്ഞെന്നും വരും. ഉറക്കെ ചിരിച്ചെന്നിരിക്കും. ഒന്നു കൂവിയെന്നിരിക്കും."
മൈനേ ഇതെല്ലാം ഇപ്പോള്‍ വെളിപ്പെടുത്തിയതിന്റെ കാരണം മനസ്സിലായില്ല. എന്തായാലും മൈനക്ക് ആണുങ്ങളെക്കുറിച്ച് അത്രക്കങ്ങോട്ട് മനസ്സിലായില്ല എന്നു മനസ്സിലായി.മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം ആണ്‍കുട്ടികള്‍ പ്രൈമറി സ്കൂളില്‍ വച്ചേ മനസ്സിലാക്കിയിട്ടുള്ളതാണ്. അതില്‍ പുതുതായി ഒന്നും തോന്നുന്നില്ല. പെണ്ണുങ്ങള്‍ ആണുങ്ങളെ നോക്കുന്നുണ്ടെന്നും അവര്‍ അത് ആസ്വദിക്കുന്നുണ്ടെന്നും അറിഞ്ഞുകൊണ്ടാണല്ലോ ആണ്‍കുട്ടികള്‍ മുന്നില്‍ നടക്കാതെ പിന്നില്‍ നടക്കുന്നത്. എവിടെ നടന്നാലും കാണേണ്ടവര്‍ അവനെ കാണും എന്നവനറിയാമായിരുന്നു അക്കാലം മുതലേ. അവനു നിങ്ങള്‍ പേരുനല്‍കി “പൂവാലന്‍” പിന്നെ “വായിനോക്കി” അങ്ങനെയങ്ങനെ. അതിനു ശേസ്ഷം ക്ലാസ്സുകളിലും ഒഴിവു സമയങ്ങളിലും ആരും കാണാതെ (പൂച്ച പാല്‍ കുടിക്കുമ്പോലെ) നിങ്ങളുടെ കണ്ണുകള്‍ അവനെ പരതി നടന്നു. കൂട്ടുകാരികളോട് പറഞ്ഞു. കിനാവുകള്‍ കണ്ടു.

“ഞങ്ങളുടെ നോട്ടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന്‍ വയ്യെങ്കില്‍ ഒരു രക്ഷാകവചം നിങ്ങളുമണിയണം.“ അതിനു പോയി പള്ളിയില്‍ പറയണം. ഞങ്ങള്‍ക്കൊരു രക്ഷയും വേണ്ടന്നേ. ഞങ്ങള്‍ ഇങ്ങനെയെല്ലാം ജീവിച്ചോളാമേ... :)

-സുല്‍

Salim Cheruvadi said...

എല്ലാരും എല്ലാരേയും നോക്കണം ...
നോട്ടം കൊണ്ടു തുണി അഴിക്കാതിരുന്നാല്‍ മതി.

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നലെ വായിച്ചിരുന്നു.. പക്ഷെ എങ്ങിനെ എന്റെ അഭിപ്രായം അറിയിക്കും എന്ന വിഷമത്തിലായിരുന്നു..

നന്നായിരിക്കുന്നു.. ആരൊക്കെയൊ പറയാതെ വെച്ചത്... പറയാന്‍ ആഗ്രഹിച്ചത്.. മൈന പറഞ്ഞിരിക്കുന്നു..

ചിലപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം എവിടെലും കൂടുന്നെന്ന് പറഞ്ഞാല്‍ ഓഫീസില്‍ ആണ്‍പടകള്‍ കളിയാക്കി ചിരിക്കും.. (അഞ്ച് പേരുള്ള ഞങ്ങളുടെ സെക്ഷനിലെ ഏകപെണ്‍‌തരിയാണെ ഞാന്‍)... നിങ്ങള്‍ പെണ്ണുങ്ങള്‍ കൂടിയാല്‍ എവിടം വരെ എത്തും എന്തുപറയും എന്ന് ഞങ്ങള്‍ക്കറിയാമെന്ന്.... അനുബന്ധമായി ഇത്രകൂടി ചേര്‍ക്കും.. ഒരു കുപ്പി പോലും പൊട്ടിക്കാതെ എന്തോന്ന് കൂടല്‍ എന്ന്.. അപ്പൊഴൊക്കെ ചുണ്ടുകോട്ടിയ ഒരു ചിരിയില്‍ ഞാനും ചോദിക്കും നിങ്ങള്‍ക്ക് എന്തറിയാം എന്ന്..

കനല്‍ said...

ഹ ഹ ഒന്ന് നോക്കി രസിച്ചാല്‍ ഒന്നും നഷ്ടപെടില്ലല്ലോ?
മുറ്റത്ത് വിടരുന്ന പൂവ്, അത് പറിച്ചെടുക്കാതെ എത്രനേരം വേണമെങ്കിലും ആസ്വദിക്കും. അതുപോലെ പ്രക്യതിയുടെ വരദാനമാണ് ഭംഗിയുള്ള തെന്തും. ആണ് പെണ്ണിന്റെ ദര്‍ശന സുഖം ആസ്വദിക്കും പെണ്ണ് ആണിന്റെ ദര്‍ശനസുഖവും ആസ്വദിക്കും. മുറ്റത്തു വിരിഞ്ഞ പൂവായാലും അയല്പക്കത്ത് വിരിഞ്ഞ പൂവായാലും പാര്‍ക്കില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂവായാലും ആസ്വാദകന് കിട്ടുന്ന സുഖം ഒരു ഗണത്തില്‍ പെടുത്താം. പിന്നെ കണ്ടിട്ട് ഒരു കമന്റ് പറയുന്നതിന് വേറൊരു സുഖമുണ്ട്. ഇതെല്ലാം ആണിനും പെണ്ണിനുമുള്ളതു തന്നയാ.

മൈനയുടെ വിവരണം ഉചിതമായി

Anil said...

അവനോട് പോകാന്‍ പറ. എന്നെ കണ്ടു പടി.... ഇപ്പഴും sweet seventeen....

Anonymous said...

നോട്ടങ്ങളിലൂടെ ,പിന്നെ ചെറു ചിരിയിലൂടെ, പിന്നെ ചെറു വര്‍ത്തമാനങ്ങളിലൂടെ,, അങ്ങിനെ അങ്ങിനെ അവിഹിത ബന്ധങ്ങളിലേക്ക്‌ വഴുതി കുടുംബം തകരുന്ന എത്രയെത്ര സംഭവങ്ങള്‍..

അവിഹിതമായ കണ്ണിന്റെ നോട്ടം അത്‌ കണ്ണിന്റെ വ്യഭിചാരമാണു ( മുഹമ്മദ്‌ നബി )

Anonymous said...

you said the truth.. but its not appreciable

ഇട്ടിമാളു അഗ്നിമിത്ര said...

അപ്രിയ സത്യങ്ങള്‍ തുറന്നു പറയരുതല്ലെ.. :)..

അപ്പൊ മൂടിവെക്കപ്പെട്ട സത്യങ്ങളോ..?

കാവലാന്‍ said...

സംഭാഷണങ്ങള്‍ക്കിടയ്ക്ക് അങ്ങനെ പറഞ്ഞുപോകാറുണ്ട്.അവരുടെ ഉള്ളിലെ നന്മ കൊണ്ടായിരിക്കാം അത്ര അസ്വസ്ഥത കാണിക്കാതിരുന്നത്.എന്തായാലും ആ രീതിയങ്ങു മാറ്റാന്‍ ശ്രമിക്കുകയാണ് ഇനി.

പുനര്‍ജ്ജനി said...

ഇങ്ങനെയുള്ള പുരുഷന്‍മാരെക്കുറിച്ചു
മൈന എന്തു പറയുന്നു...?

തറവാടി said...

അറിയാവുന്ന വെളിപ്പെടുത്തല്‍.

പുരുഷന്‍‌മാര്‍ ചേരുമ്പോള്‍ ചെയ്യുന്നതുമാത്രമേ വലിയതുള്ളു എന്നില്ല ചെറുതായാലും അതിലെ തൃപ്തിയാണ് പ്രധാനം. പക്ഷെ രണ്ടാണുങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ചെയ്തികളും അതില്‍ നിന്നുമുണ്ടാവുന്ന തൃപ്തിയുടെ അളവും രണ്ട് പെണ്ണുങ്ങള്‍ മാത്രം ചെയ്താല്‍ കിട്ടുമോ എന്നത് സംശയം.

ഒന്ന് കൂടി , അധികം പരിജയമില്ലാത്ത മൂന്നാണുങ്ങള്‍ക്ക് കൂട്ടാവാനും മതിക്കാനും നിമിഷങ്ങള്‍ മതി പക്ഷെ പെണ്ണുങ്ങളുടെ കാര്യത്തില്‍ അതുമതിയോ എന്നറിയില്ല.

നല്ല ഒഴുക്കുള്ള എഴുത്ത്.

Sat said...

വരാന്തപതിപ്പില്‍ വായിച്ചു. പലരും പറയാന്‍ മടിക്കുമ്പോള്‍ അതൊന്നുറക്കെ പറഞ്ഞതിന്‌ അഭിനന്ദനങ്ങള്‍. അടിച്ചു പൊളിച്ചു കളഞ്ഞല്ലൊ. നല്ല ഭാഷ, നല്ല അവതരണം....

സാല്‍ജോҐsaljo said...

അടുത്തകൂട്ടുകാരികളോട് ചോദിച്ചിട്ടും ആരും പറഞ്ഞില്ല സ്ത്രീ പുരുഷനെ എങ്ങനെ നോക്കുന്നു എന്ന്. മൈനക്ക് നന്ദി!

നമ്മളെപറ്റി എന്തുപറയുന്നെന്ന് ചിന്തിച്ചിട്ടുപോലുമില്ല. പുരുഷന്‍ ഒരു സ്ത്രീയെ നോക്കിയാല്‍ അത് എല്ലാവര്‍ക്കും മനസിലാവുമെന്നും. സ്ത്രീ ഒരു പുരുഷനെ ശ്രദ്ധിച്ചാല്‍ ആ പുരുഷന്‍ പോലും അറിയില്ലെന്നും കേട്ടിട്ടുണ്ട്.

കുഞ്ഞന്‍ said...

ഒരു പക്ഷെ ആണുങ്ങളേക്കാല്‍ ആസ്വദിക്കുന്നത് പെണ്ണു തന്നെയാകും..കാണാത്ത കോണില്‍ കാണാന്‍ ഒരു പെണ്ണിനു മാത്രമെ കഴിയൂ..അതിലേറ്റവും വലുത് സഹതാപം കണ്ടെത്തെല്‍..

സലാഹുദ്ദീന്‍ said...

മൈന പറയാന്‍ ഉദ്ധേശിക്കുന്നതിന്റെ ഒരു രത്ന ചുരുക്കം ഇതാണെന്ന് തോന്നുന്നു

1- സ്ത്രീ കൂടുതല്‍ നന്നായി വസ്ത്രം ധരിക്കണമെന്ന്
സമൂഹം നിഷ്കര്‍ശിക്കുന്നു.
2 പുരുഷന് ഒരു മുണ്ട് മാത്രം ധരിച്ചാലും കുഴപ്പമില്ല


ഇതില്‍ ഒന്നാമത്തെതിന് കാരണമായി പറയപ്പെടുന്നത് പുരുഷന്മാര്‍ സ്ത്രീകളെ നോക്കികള്യുന്നു എന്നതാണ്.

രണ്ടാമത്തേതിന് സ്ത്രീകള്‍ പുരുഷന്‍ മാരെ അത്രയങ്ങോട്ട് വികാര പരമായി നോക്കുന്നില്ല എന്നതാണ് പൊതുവെയുള്ള ധാരണ

ആയതിനാല്‍ മൈനയുടെ അഭിപ്രായത്തില്‍ ഒന്നുകില്‍ പുരുഷന്മാര്‍ ശരീരം മറച്ചുള്ള വസ്ത്രം ധരിക്കണം.
അല്ലാത്ത പക്ഷം സ്ത്രീകളെയും ഒരു മുണ്ട് മാത്രം ധരിച്ച് നടക്കാന്‍ അനുവദിക്കണം.

എന്റെ ചില സംശയങ്ങള്‍

1)ഒരു മുണ്ട് മാത്രം ധരിച്ച് നടന്നിട്ടും ഏതെങ്കിലും ഒരു പുരുഷനെ ഒരു സ്ത്രീകടന്നു പിടിച്ചതായി കേട്ടിട്ടുണ്ടോ? ( മറിച്ചുള്ളത് ധാരാളമായുണ്ട് -വസ്ത്രം ധരിച്ചിട്ട് പോലും, തന്ത്രിമുതല്‍ മന്ത്രി വരെ...
ധരിക്കാതിരുന്നാല്‍‍ പിന്നെ പറയേണ്ടതില്ലല്ലോ)

2) സ്ത്രീകളെ കുറിച്ചുള്ള ഒരു ബഹുമാനം താങ്കളായിട്ട് കളഞ്ഞുകുളിക്കുന്നതിന്റെ പൊരുളെന്ത്??

3) എന്താണ് സഹോദരി മൈന ഇത് കൊണ്ടുദ്ധേശിക്കുന്നത് പുരുഷന്‍ മാരെ കൂടുതല്‍ വസ്ത്രം ധരിപ്പിക്കലാണോ അതോ സ്ത്രീകളെ അല്പ വസ്ത്രധാരികളാ‍ക്കലാണോ?

4) വൈകാരികതയില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാണെന്ന അഭിപ്രായമുണ്ടോ മൈനക്ക്?

ജിജ സുബ്രഹ്മണ്യൻ said...

മൈന, ധൈര്യമായിരുന്നോളൂ, ലക്ഷം ലക്ഷം പിന്നാലെ!.. ഈ മൂരാച്ചി ആണുങ്ങളെ ഒരു പാഠം പഠിപ്പിക്കാം!!

Rare Rose said...

വാരാന്തപ്പതിപ്പില്‍ വായിച്ചപ്പോളേ വിചാരിച്ചു ഇതു ബ്ലോഗിലായിരുന്നുവെങ്കില്‍ എത്ര നന്നായേനെയെന്നു...കൂടുതല്‍പ്പേര്‍ക്ക് അഭിപ്രായം അറിയിക്കാനാവുമല്ലോ അപ്പോള്‍..പെണ്‍നോട്ടങ്ങളെക്കുറിച്ച് ഇത്ര ശക്തമായി ഒഴുക്കോടെ വിളിച്ചു പറഞ്ഞതിനു അഭിനന്ദനങ്ങള്‍...:)

G.MANU said...

മിന്നുവീണാല്‍ പെണ്ണു കിളവി
ഇത് അപകര്‍ഷ ബോധം നിറഞ്ഞ പുരുഷന്‍ എപ്പൊഴും പറയാറുള്ളത്...

Joker said...

ഹാവൂ സമാധാനമായി,

ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത് ഈ പെണ്ണുങ്ങാള്‍ എന്തു പാവം എന്നായിരുന്നു.കാരണം ഇവരെ ആണ്‍ഊങ്ങളായ പരിഷകള്‍ കമന്റടിക്കുന്നു,നുള്ളിനോവിക്കുന്നു,ബസ്സില്‍ ജാക്കി വെക്കുന്നു,തുറിച്ചു നോക്കുന്നു,,പീഡിപ്പിക്ക്കുനു.പക്ഷെ ഇതൊക്കെ ഇവരും ചെയ്യുനുണ്ട് എന്നല്ലെ മൈന പറഞ്ഞിരിക്കുന്നത്.

മൈനേ താങ്കള്‍ ഇവിടെയുള്ള ലക്ഷോപലക്ഷം ഞരമ്പ് രോഗികള്ള് എന്ന് അധിക്ഷേപിച്ച പുരുഷന്മാരുട്വെ മാനമാണ് കാത്തത്.നന്ദിയുണ്ട് പെങ്ങളേ നന്ദി...

(ഏതോ ഒരു കോളേജില്‍ കുറെ പെണ്‍പിള്ളാ‍ര്‍ ഒരു പാവം പാല്‍കാരി പയ്യനെ ബലാത്സംഗം ചെയ്തത് വെറുതേ ഈ സമയത്ത് ഓര്‍ത്തു പോയി)കഷ്ടം................
ആശംസകള്‍.

Joker said...

“പാല്‍കാരന്‍ പയ്യന്‍ “ എന്ന് തിരുത്തി വായിക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

Joker said...

എന്താണ് ശ്രീ.സലാഹുദ്ദീന്‍ ഇത്

സ്ത്രീകളെ ഇങ്ങനെ ചോദ്യ്യം ചെയ്യാന്‍ പാടില്ല.ഈ പോസ്റ്റ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഞാന്‍ താഴെ പറായുന്നു.

1.പെണ്ണുങ്ങള്‍ക്കും കണ്ണുണ്ട്.ഇല്ല എന്നുള്ള ധാരണ ശരിയല്ല.

2.ഇതെഴുതിയ മൈനയുടെ ബാങ്കിലെ മാനേജര്‍ മാറിയിട്ടുണ്ട്.

3.ആ മാനേജര്‍ക്കും കണ്ണുണ്ട്.

4.മൈനയുടെ ചെറുപ്പകാലത്ത് രണ്ട് അയല്പക്ക കാര്‍ ഉണ്ടായിരുന്നു (ഇപ്പോഴത്തെ സ്വഭാവം അനുസരിച്ച അയല്പക്കം ഇല്ലായിരുന്ന്നു എന്ന് ഇതിന് അര്‍ഥമില്ല) അവരുടെ അടുത്ത ഫോട്ടോ ഉണ്ടായിരുന്നു.

5.അയലത്തെ അദ്ദേഹം കുട്ടിയെ കൈമാറിയപ്പോല്‍ മിന്നലുണ്ടായി .(മണ്‍സൂണ്‍ തുടങ്ങിയ സമയമോ അല്ലെങ്കില്‍ തുലാമാസമോ ആയിരിക്കും.മൈന അത് വ്യക്തമാക്കിയിട്ടില്ല)

6.ചിലപ്പോല്‍ പെങ്ങന്മാരെയും മറ്റും സംരക്ഷിക്കുന്ന പുരുഷ മൂരാച്ചികള്‍ പ്രസംഗിക്കും.(മൈക്ക് ഉപയോഗിക്കുമോ എന്നും മൈന വ്യക്തമാക്കിയിട്ടില്ല)

7.സിബ്ബിടാതെ നടക്കരുത്, ലുങ്കി ഊടുക്കുമ്പോള്‍ ജെട്റ്റി നിര്‍ബന്ധ്മായും ധരിഛ്സിരിക്കണം.കാരണമ്ം പെന്നുങ്ങള്‍ക്കും കണ്ണുണ്ട്.

ഇത്രയും കാര്യങ്ങള്‍ ആണ് ഇതില്‍ പറഞ്ഞത്.ഇനി മറ്റു വല്ലതും പറഞ്ഞത് ഈ ബ്ലോഗില്‍ വിവാദം ഉണ്ടാക്കരുത്. പ്ലീസ്.

Sharu (Ansha Muneer) said...

വളരെ സത്യസന്ധമായ വിവരണം. കപട സദാചാരത്തില്‍ മൂടിവെച്ചതും മൂടിവെക്കപ്പെടുന്നതും ഒക്കെ തുറന്നുവെച്ചുള്ള ഈ എഴുത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനം. തുടരുക.
പെണ്ണ് ആണിനെ നോക്കുന്നുണ്ടെന്നും അതില്‍ ഒരു ആസ്വാദനമുണ്ടെന്നും മാത്രമല്ല; അതിനുമപ്പുറം ചൂഴ്ന്നെടുക്കുന്ന തരത്തിലുള്ള നോട്ടങ്ങളെറിയാനും പെണ്ണിനു കഴിയുമെന്ന് ഇതില്‍ പറയുന്നു. അത് മറച്ചുവെക്കപ്പെടുന്ന ഒരു സത്യമാണ്. കഷണ്ടി കയറി വയറും ചാടി ഒരു പരിധിവരെ കിളവന്മാരായ പുരുഷന്മാര്‍ മുപ്പതുകഴിഞ്ഞ സ്തീകളെ കിളവികള്‍ എന്നു വിളിക്കും. സ്വന്തം രൂപം കണ്ണാടിയില്‍ കാണാഞ്ഞിട്ടോ കണ്ടില്ലെന്ന് നടിച്ചിട്ടോ.. ആവോ.

ബഷീർ said...

അന്യ സ്ത്രീയെ നോക്കുന്നവരുണ്ട്‌
അന്യ പുരുഷനെ നോക്കുന്നവളുണ്ട്‌
അന്യ സ്ത്രീയെ നോക്കി വെള്ളമിറക്കുന്നവരുണ്ട്‌
അന്യ പുരുഷനെ നോക്ക്‌ വെള്ളം കുടിപ്പിക്കുന്നവളുണ്ട്‌.
അന്യ സ്ത്രീയെ നോക്കി വളക്കുന്നവരുണ്ട്‌
അന്യ പുരുഷനെ നോക്ക്‌ ഒരു വഴിക്കാക്കുന്നവളുമാരുണ്ട്‌
അന്യ സ്ത്രീയുടെ ശരീരം എക്സ്‌ റേ എടുക്കുന്നവരുണ്ട്‌
അന്യ സ്ത്രീയുടെ ശരീരം സ്കാന്‍ ചെയ്യുന്നവരും

ഇതെല്ലാം ഈ ഉലകത്തില്‍ നടക്കുന്നത്‌ തന്നെ..
ചിലര്‍ അത്‌ പുറത്ത്‌ പറയില്ല.
പ്രത്യേകിച്ച്‌ പെണ്ണുങ്ങള്‍
ചില ആണുങ്ങള്‍ അത്‌ പറയുന്നത്‌ ഒരു ഗമയായി നടക്കുന്നു
മിക്ക പെണ്ണുങ്ങളും എന്നാല്‍ അങ്ങിനെയല്ല.

ചെയ്യുന്ന കാര്യം മൂടിവെച്ചാല്‍ അവള്‍ യാഥാസ്തിക..
നാലാള്‍ കേള്‍ക്കെ പറഞ്ഞാല്‍ സ്ത്രീ രത്നം.. മഹിളാ മണി..
ഒഴുക്കിനെതിരെ തുഴയുന്നവള്‍.. .. വുമണ്‍ ഓഫ്‌ ദി വീക്ക്‌ .. ..

പിന്നെ .. സലാഹുദ്ധീനെപ്പോലെ ചിലര്‍ ഇതിന്റെ ഉദ്ധേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ വരും.. പുരുഷ മൂരാച്ചികള്‍..

ജോക്കറിനും അടിയുടെ കുറവുണ്ട്‌..

സത്യത്തില്‍ എന്താ പ്രശ്നം ??

ഇതൊരു രോഗമാണോ ?

Unknown said...

മൈന,
നന്നായെഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

manu paingalam said...

വായിച്ചിരുന്നു....

ഒരു 'മാധവിക്കുട്ടി സ്പര്‍ശം' അനുഭവപ്പെട്ടതുപോലെ...

ആണായാലും പെണ്ണായാലും സത്യത്തെ കാണാനുള്ള
കണ്ണും, അതു ഉറക്കെ വിളിച്ചു പറയാനുള്ള
ചങ്കൂറ്റവും ആണ്‌ ഒരാള്‍ക്കു വേണ്ടത്....

മൈനക്ക് പ്രയാണം തുടരാം.......

ഗിരീഷ്‌ എ എസ്‌ said...

maina..
nalla lekhnam

asamsakal

sree said...

മൈന, മൌനമായിട്ട് പിന്‍താങ്ങി പിന്‍വലിയാന്‍ തുടങ്ങുകയായിരുന്നു. കമെന്റില്‍ ചിലരുടെ ഒളികണ്ണേറ് കണ്ടപ്പോ ഒന്നും പറയാതെ പോകുന്നത് ശരിയാവില്ലാന്ന് തോന്നി.
നമുക്കുള്ളില്‍ ഒരു പെണ്‍നോട്ടം ഉണ്ടെന്ന് മൈന പറഞ്ഞത് തീര്‍ത്തും ശരിയാണ്. ഇട്ടിമാളു പറഞ്ഞതുപോലെ “ഓ കുപ്പിപോലും പൊട്ടിക്കാത്ത പെണ്ണുങ്ങള്‍ കൂടിയാല്‍..” എന്നുതുടങ്ങുന്ന പുച്ഛനോട്ടങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ പെണ്‍നോട്ടത്തെക്കുറിച്ച് പറയുന്നതും ഭീഭത്സമായ ഒരു തരം ആണ്‍ലൈംഗീകതയെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് വിരോദാഭാസം. അതുകൊണ്ട് പെണ്ണുങ്ങളായ നമ്മുടെയൊക്കെതന്നെയുള്ളില്‍ പതുങ്ങിക്കിടക്കുന്ന ആണ്‍നോട്ടങ്ങളെ പറിച്ചുകളഞ്ഞ് ഇനിയും നോക്കൂ, ഏതു കാണാക്കോണിലും എത്തുന്നതാണ് പെണ്ണിന്റെ നോട്ടം.

കെ.പി റഷീദ് said...

നന്നായി എഴുതിയെന്ന് പറയാനാ
ഇവിടെ വന്നത്.
നല്ല ഗദ്യം എന്നെഴുതും മുമ്പേ
കാണേണ്ടത് കണ്ടു,
ആണത്തം കൊണ്ടൊരാറാട്ട്!

നോക്കൂ, പെണ്ണിന്റെ കാഴ്ചയെക്കുറിച്ച്
മിണ്ടുമ്പോള്‍ ചിലര്‍ക്ക് വെകിളി പിടിക്കുന്നു.
മറ്റു ചിലര്‍ക്ക്, പഴയതിലും മികച്ച
ഒരൊളിഞ്ഞു നോട്ടത്തിന്റെ സുഖം.

എല്ലാ പ്രതിരോധവും, വേട്ടക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കാലത്ത് കേരളത്തിന്റെ ആണത്തം ഇങ്ങനെ തന്നെ ചരിക്കണം.
പെണ്ണിനെ
ചങ്ങാത്തത്തോടെ കേള്‍ക്കാന്‍, മനുഷ്യന്‍ എന്ന നിലയില്‍ സംവദിക്കാന്‍, തുറന്നു പെരുമാറാന്‍
എന്നു പഠിക്കുമാവോ നമ്മുടെ കേസരികള്‍?

OAB/ഒഎബി said...

രാവിലെ വായിച്ചതാ. അപ്പൊ ഒന്നും പറയാന്‍ സമ്മയം കിട്ടിയില്ല. മൈന നന്നായി എഴുതി എന്ന് പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ?.
ഇക്കതയൊന്നും അറിയാത്ത മണ്ടന്മാരാണൊ നിങ്ങളൊക്കെ. സത്യത്തില്‍ എന്താ ഇപ്പോള്‍ ഇവിടെ പ്രശ്നം?.

ശ്രീവല്ലഭന്‍. said...

:-)

വി. കെ ആദര്‍ശ് said...

ആരോങ്കിലും ഇങ്ങനെ ഒന്നെഴുതിയെങ്കില്‍ എന്നു ആലോചിച്ചിരിക്കുമ്പോഴാണ് മൈന തന്മയത്വത്തോടെ ഇതവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ സമൂഹം വല്ലാതെ രോഗാതുരമാണ്. എന്തിന് വനിതാ(ജനാധിപത്യ...എന്നോക്കെ പേരില്‍ ഉള്ളതു തട്ടിപ്പല്ലേ, വല്യേട്ടന്‍ പാര്‍ട്ടിയിലെ കിളവന്മാ‍ര്‍ തീരുമാനിക്കും, വനിതാ സംഘടനകളുടെ തലപ്പത്ത് തന്നെ ആരു വരണമെന്ന്) സംഘടനകള്‍ തന്നെ വനിതകള്‍ക്കു നാണക്കേടല്ലെ. അതെ കൂടി പറ്റി നല്ലതു പൊലെ ഒന്നെഴുതാന്‍ മൈനയ്ക്കാകും. മഹേശ്വതാദേവി എന്ന അമ്മ അല്ലേല്‍ അനുഭവ പരിചയത്തിന്റെ കരുത്തുള്ള ഒരു വ്യക്തിത്വം കഴിഞ്ഞവാരം കേരളത്തില്‍ വന്നു പോയല്ലോ, എവിടെ പോയി ഈ ജനാധിപത്യ വനിതാ വാദികള്‍. ഇതു തന്നെ ആണുങ്ങളുടെ ചരടുവലിക്കിടയില്‍ കിടന്നു സ്വാതന്ത്യയത്തിനായി നിലവിളിക്കുന്നവരുടെ ഉദാഹരണം, അരുന്ധതി റൊയ്, മേധാപട്കര്‍ എന്നിവരും കേരളത്തില്‍ വന്നു പോകുന്നുണ്ട് കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കു, അതെ മൈന വാര്‍ദ്ധക്യം ബാധിച്ച പുരുഷന്മാര്‍ നിയന്ത്രിക്കുന്ന വനിതാ സംഘടന കളും എതിര്‍ക്കപ്പെടേണ്ടതാണ്.
എഴുത്തിനും ആശയം നല്ല നേരിന്റെ ഭാഷയില്‍ പങ്കു വച്ചതിനും ഒരായിരം നന്ദി.

അരുണ്‍കുമാര്‍ | Arunkumar said...

പലരും ചോദിച്ച പോലെ... സത്യത്തില്‍ എന്തുവാ പ്രശ്നം????

ആഗ്നേയ said...

മൈന..അഭിനന്ദനങ്ങള്‍..
അസ്സലായി എഴുതിയിരിക്കുന്നു...കാര്യം കാണാതെ അതിലെ അശ്ലീലം മാത്രം ചികഞ്ഞെടുക്കുന്നവരെക്കുറിച്ചോര്‍ത്ത് കഷ്ടം തോന്നുന്നു.
പിന്നെ ഇരുപതുകളിലേ നമ്മുടെ മനസ്സിനു വല്ലാത്ത വാര്‍ധക്യം സംഭവിക്കുന്നുണ്ട്.മനസ്സുകൊണ്ട് ഒരുപാട് ഉയര്‍ന്ന സ്ഥാനത്ത്.
സത്യമാണത്.സമൂഹത്തിലെ ഇന്നത്തെ വിവാഹ-കുടുംബ വ്യവസ്ഥിതി അല്ലേ അതിനുകാരണം?സ്ത്രീയില്‍ മാത്രം കെട്ടിയേല്‍പ്പിക്കുന്ന ചില ഉത്തരവാദിത്തങ്ങള്‍,സ്ഥാനമാനങ്ങള്‍?കുട്ടിക്കളിമാറാത്ത പ്രായത്തില്‍ ,തുമ്പിയെ കല്ലെടുപ്പിക്കും പോലുള്ള കെട്ടിയേല്‍പ്പിക്കലുകള്‍..ഇതൊക്കെ ലോകത്ത് പതിവാണെന്ന് പലരും.പക്ഷേ ഈ പതിവൊക്കെ പലരും ഉണ്ടാക്കിയതല്ലേ?ഈശ്വരന്‍ അവളെ സൃഷ്ടിച്ചത് മനസ്സും കൂടെ കൊടുത്താണ്.പുരുഷനേക്കാള്‍ കുട്ടിത്തം ഉണ്ട് ആ മനസ്സിന്.ബാല്യം,കൌമാ‍രം,യൌവനം ഒക്കെ അനുഭവിക്കാന്‍ അവള്‍ക്കും അര്‍ഹത ഇല്ലെ?കൌമാരത്തിന്റെ അവസാനവും,യൌവനാരംഭവും അവള്‍ ഒരു കുട്ടിയായിരിക്കാന്‍ ആശിച്ചുകൊണ്ട് വൃദ്ധവേഷം കെട്ടുന്നു.നമ്മുടെ നാട്ടിലേ ഉള്ളൂ ബാല്യം,കൌമാരം ശേഷം വാര്‍ധക്യം എന്ന അവസ്ഥ.മനസിന്റെ കാര്യമാണ് ഉദ്ദേശിച്ചത്.മറ്റൊരു നാട്ടിലും അവള്‍ക്കീ ഗതികേടുണ്ടെന്നു തോന്നുന്നില്ല.
അതിനെക്കുറിച്ചൊക്കെ എഴുതാനിരുന്നതായിരുന്നു.പിന്നെ സ്ത്രീക്ക് ഒരുപ്രായത്തിലും രക്ഷയില്ലെന്നത് വാസ്തവവും.പുരുഷനെ സ്ത്രീകളും നോക്കുന്നുണ്ടെങ്കിലും നമ്മുടെ നോട്ടത്തിന് നമ്മുടെ മനസ്സു തന്നെ പരിധിയിടുന്നുണ്ട്.ഒരു പരിധിയില്‍ കൂടുതല്‍ വായില്‍നോട്ടം സ്വയം മടുക്കും ഇല്ലേ?

Anonymous said...

ഇഷ്ട്ടപെട്ടു...:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൈനയുടെ കുറിപ്പു തികച്ചും സന്ദര്�ഭോചിതമായി.പര്�ദ്ദയ്ക്കുള്ളിലും,മറ്റു രക്ഷാ കവചങ്ങള്�ക്കുള്ളിലും സ്ത്രീയെ തളയ്ക്കുന്ന സമൂഹം അവര്�ക്കും വികാരങ്ങള്� ഉള്ള ഒരു മനസ്സുണ്ടെന്നു അറിയണം.അങ്ങനെ ഒരു പുരുഷ ന്� എങ്ങനെയെല്ലാം സ്ത്രീയെ കാണുന്നുവോ അതുപോലെയെല്ലാം ഒരു സ്ത്രീയും പുരുഷനെ ഒളികണ്ണാല്� നോക്കുന്നു എന്നറിയുക.അപ്പോള്� പിന്നെ സദാചാര വാദികള്� എന്തു ചെയ്യും?

അവരും മുഖം മൂടി , പൊതിഞ്ഞു കെട്ടി നടക്കുമോ?

Rachana , Appu said...

മാത്രുഭുമിയില്‍ വന്ന ഈ കഥ ഞാനും വായിച്ചിരുന്നു. വ്യത്യസ്തമായ ഒന്നു . അഭിനന്ദനങ്ങള്‍ .

പെണ്ണുങ്ങള്‍ ആണുങ്ങളെ നോക്കുമായിരിക്കാം. പക്ഷെ അത് ആണുങ്ങള്‍ പെണ്ണുങ്ങളെ നോക്കുന്ന പോലെ ആണോ എന്ന് ചോദിച്ചാല്‍ , അല്ല എന്ന് തന്നെ ആണ് എന്റെ ഉത്തരം.
വിവാഹം ആലോചിക്കുമ്പോള്‍ മിക്ക ആണുങ്ങളും സുന്ദരിയായ പെണ്ണിനെ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നു . എന്നാല്‍ മിക്ക പെണ്ണുങ്ങളും ആണിന്റെ സൌന്ദര്യതെക്കള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് അവന്റെ ജോലിക്കും സ്വഭാവത്തിനും ആണ്. അതുകൊണ്ടാണ് കരിവിളക്ക്പോലത്തെ പയ്യന് നല്ല നിലവിളക്ക് പോലത്തെ പെണ്ണിനെ ഭാര്യ ആയി കിട്ടുന്നത്. സുന്ദരനായ ഭര്‍ത്താവിനെ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന പെണ്ണുങ്ങള്‍ കുറവായിരിക്കും.
പിന്നെ ചെറുപ്പത്തിലെ കിളവികള്‍ ആയി എന്നൊന്നും കേടു വിഷമിക്കേണ്ട കേട്ടോ. ഇതൊക്കെ വെറും അസൂയ കൊണ്ടു പറയുന്നതല്ലേ . ഇപ്പൊ ഒരു മാതിരിയുള്ള പെണ്ണുങ്ങള്‍ എല്ലാം നമ്മുടെ സന്റൂര്‍ സോപിന്റെ പരസ്യം പോലെ ആണ്. എന്നെ കണ്ടാല്‍ പ്രായം തോന്നുകെയെ ഇല്ല.

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

ആണ് പെണ്ണിനെ നോക്കിയാലും പെണ്ണ് ആണിനെ നോക്കിയാലും അത് സുന്ദരമായ ഒന്നിനുള്ള appreciation അല്ലേ? നോട്ടത്തില്‍ തന്നെ അഭിനന്ദനീയമായ നോട്ടവും വിടത്വത്തോടെയുള്ള നോട്ടവും ഉണ്ട്. അഭിനന്ദനീയമായ നോട്ടങ്ങള്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. [ആണുങ്ങളുടെ കാര്യം അറിയില്ല]. അതു പോലെ സുന്ദരനായ ഒരു പുരുഷനെ കണ്ടാല്‍ അത് കൂട്ടുകാരോട് പറയാന്‍ [എനിക്ക്]] മടി തോന്നാറില്ല. പക്ഷെ പരസ്യമായി നോക്കീ നില്‍ക്കാത്തത്, അങ്ങിനെ നോക്കുക വഴി ‘ഇവള്‍ ആളത്ര ശരിയല്ല’ എന്ന മനോഭാവം ഉണ്ടാക്കണ്ടാ എന്നോര്‍ത്ത് മാത്രമാണ്. അതു പല പ്രത്യാഘാത[ക]ങ്ങളും ഉണ്ടാക്കിയാലോ.

പലരും വെളിയില്‍ പറയാത്ത ഈ വെളിപ്പെടുത്തലുകള്‍ ഇഷ്ടമായി

‘സ്ത്രീ തല തിരിച്ചു നോക്കാതെ തന്നെ തനിക്കു ചുറ്റുമുള്ളവ കാണുന്നു’ എന്ന് പണ്ടങ്ങോ വായിച്ച ഒരു ‘സ്ത്രീ‘ നിര്‍വചനം ഓര്‍ത്തു

sorry സ്പെല്ലിങ് മിസ്റ്റേക്സ് കൊണ്ട് രണ്ട് deletes

മനു said...

സുഹൃത്തേ, ലേഖനം മനോഹരം. ഇവിടെയെഴുതിയ കമന്റുകള്‍ കണ്ടു. ‘ദൃഷ്ടി’ അതു സര്‍വ്വേശ്വര സൃഷ്ടിയിലെ ഒരു ഇന്ദ്രിയം. കണ്ണ്, മൂക്ക്, നാക്ക് ഈ ഇന്ദ്രിയങ്ങളുടെ സൃഷ്ടി തന്നെ പ്രാപഞ്ചിക വ്യതിയാനങ്ങളെ തിരിച്ചറിയുവാനായിരുന്നു. ജനിച്ചു വീണ ആണ്‍ കുട്ടിയേയോ പെണ്‍കുട്ടിയേയോ , ആരും നോക്കാറില്ലേ ? പക്ഷേ, കാലം അവരില്‍ മാറ്റിമറിക്കുന്ന വ്യതിയാനങ്ങളെ ദൃഷ്ടി പദത്തില്‍ ശ്രധിക്കപ്പെടും. അത് ഒരാളില്‍ മാനസികമായി വരുത്തുന്ന മാറ്റങ്ങളുടെ പ്രതിഫലമാണ്. അവിടെ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. മനുഷ്യന്‍ എന്ന ജീവജാലത്തിന്റെ ശാരീരിക ഖടനയില്‍ ചില ഹോര്‍മോണുകള്‍ വരുത്തുന്ന മാറ്റങ്ങള്‍, ആണ്‍ പെണ്‍ ഭേതമന്യേ , വികാര വിചാരങ്ങളെ മാറ്റിമറിക്കുന്നു.

എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, ഈ പ്രതിഭാസങ്ങള്‍ പേരും പ്രശസ്തിയും നേടുവാനുള്ള ചട്ടകങ്ങള്‍ ആവുന്നു. :-)

ഇനിയും എഴുതുക - സസ്നേഹം - മനു

സജീവ് കടവനാട് said...

അകലെനിന്നുള്ള ഒറ്റ നോട്ടത്തിലേ ഷര്‍ട്ടിലെ ബട്ടണിന്റെ ഡിസൈന്‍ വരെ ഹൃദിസ്ഥമാക്കുന്ന പെണ്‍നോട്ടത്തില്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നേരിയ ഒരു നോട്ടപ്പിശകു തോന്നുമ്പോഴേക്കും സാരി വലിച്ചിടുമ്പോള്‍ ചമ്മിപ്പോയിട്ടുമുണ്ട്. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നവരും ഉണ്ട്. പൊതുവേ പറഞ്ഞാല്‍ birds veiw but worms veiw.

The Prophet Of Frivolity said...

ഇഷ്ടപ്പെട്ടു.(ഞാനാര് സാക്ഷാല്‍ കേസരി ബാലകൃഷ്ണപ്പിള്ളയോ?) വിഷയം അത്ര നവീനമായതുകൊണ്ടല്ല. നോക്കപ്പെടുന്നു എന്നതും നോക്കുന്നു എന്നതും തുറന്നു പറയുന്നതിലൂടെ അകലങ്ങള്‍ ഇല്ലാതാവുന്നു എന്നതുമല്ല. അവതരിപ്പിച്ച രീതി ഇഷ്ടമായി. അതായത് നിന്റെ നോട്ടം എന്നെ നിര്‍വചിക്കുന്നുവെന്നുള്ളതും, അതിനോടുള്ള പ്രതികരണവും, തിരിച്ചു നീ എന്നാലും നോക്കപ്പെടുന്നു എന്ന പ്രധിരോധവും ഇടകലര്‍ത്തിയതിലെ കല എനിക്കിഷ്ടമായി. ആകെച്ചേര്‍ന്ന് ഒരുമലക്കം മറിച്ചില്‍.
ജെര്‍മൈന്‍ ഗ്രീറിന്റെ “ബ്യൂട്ടിഫുള്‍ ബോയ്” എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അവരുടെ മറ്റുപുസ്തകങ്ങളെപ്പോലെ പ്രസിദ്ധമല്ലെങ്കിലും അതില്‍ മുന്നോട്ട് വെക്കുന്ന ചില മൌലീകമായ ആശയങ്ങളൂണ്ട്. പലപ്പോഴും തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ പലരും കടന്നുപോയ ഒന്ന്. Look up if you have time and energy.

Pramod Nair said...

Ee blog enikku peruthu eshtamayi....Abhinandanangal....

Aanathamulla oru pennezhuthu ennu ezhuthuvan aadyam aalochichu......"Pennathamulla oru pennezhuthu" athanu chernna visheshanam.......

Mr. Salahuddin textile shoppinte ownero matto aano....Adheham bhootha kannaadi vechittanu ethellam vayikkunnathu ennu thonnunnu...Aah..bahu janam pala vidham..

Oru double bell adikkunnu...Maina vandi munnottu potteeeee....

Myna said...

മെയിലില്‍ കിട്ടിയ ഒരു കമന്റാണിത്‌
ആതിരാ ബാലകൃഷ്‌ണന്‍ അയച്ചത്‌ :

മൈന ചേചിയുടെ ലേഖനം വായിച്ച ദിവസമാണ് ഉള്ളില്‍ ഉറങ്ങി കിടന്ന എന്റെ ചില സംസയങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. എന്താ ഈ പുരുഷവര്‍ഗതിന്റെ വിചാരം അല്ലെന്കില്‍ വിശ്വാസം ? വയ്നോട്ടം അവരുടെ മാത്രം കുത്തകയോ? ഒരു പെണ്ണും ഒരിക്കലും ഒരു അങിനെ നോക്കില്ല എന്നോ? നമ്മുടെ കവികളും കലാകാരന്മാരും വാനോളം പികഴ്ത്തുന്ന പോലെ സ്ത്രീ എന്നും നമ്ര മുഖിയായി, സുശീലയായി ജീവിക്കുന്നു എന്നോ? എന്കില്‍ പുരുഷകെസരികളെ നിങ്ങള്‍ ഒന്നരിയു നിങ്ങളിലും എത്ര നന്നായി മനോഹരംയി ഒരു ആണിനെ ആഗോപകം വീക്ഷിക്കാന്‍ ഞങ്ങള്ക്ക് കഴിയും., നിങ്ങളിലും എത്ര മനോഹരമായി എന്തിനെ പറ്റിയും പ്രവചനങ്ങള്‍ നടത്താനും പലപോഴും ഞങ്ങള്‍ മാത്രമാണ് മിടുക്കര്‍.
ഒരു പെണ്ണിന്റെ പുറകെ ഒരുപാടു പേര്‍ പരക്കം പായുമ്പോള്‍ ആ പരക്കം പാച്ചില്‍ ദിശ മാറ്റി വിടാന്‍ഞങ്ങള്ക്ക് ദ നിമിഷങ്ങള്‍ മതി .
പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കളെ ഒന്നു മനസിലാക്കുക നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക..
പക്ഷെ ഒരിക്കലും ഞങ്ങളുടെ മുന വച്ചുള്ള നോട്ടങ്ങള്‍ മനസിലാക്കാന്‍ മൂഡ സ്വര്‍ഗതില ജീവിക്കുന്ന നിങ്ങള്ക്ക് എന്റെ കഴിയാതെ പോകുന്നു?????????

--

അരുണ്‍കുമാര്‍ | Arunkumar said...

വായിനോട്ടം പുരുഷന്മാരുടെ കുത്തകയാനെന്നു ഒരു സ്ത്രീ മാത്രമേ പറയു. കാരണം പറഞ്ഞു പറഞ്ഞു പാവപ്പെട്ട ആണുങ്ങളെ മുഴുവന്‍ അവര്‍ വയെനോക്കികലാക്കി മുദ്രവച്ചു. പക്ഷെ നമുക്കരിയില്ലേ മാഷുംമാരെ നമ്മുടെ വിഷമം. അതുപോലെ സ്ത്രീകള്‍ വയിനോക്കികള്‍ അല്ല എന്ന് സ്ത്രീ മാത്രമേ പറയു. ഒരു പുരുഷന്‍ അത് പറഞാല്‍ അവന്‍ അവന്റെ സ്വപ്നലോകത്തു അതിപുരാതനമായ ആദര്‍ശവും ചുമന്നുകൊണ്ടേ നടക്കുന്ന ഒരുവനായിട്ടെ ഇന്നത്തെ ഒരു അവസ്ഥ വെച്ചു കാണുവാന്‍ കഴിയു.

പിന്നെ ഇതു
" നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക.."

എന്നാലും ടീച്ചറെ... ഇതു വല്ലാത്ത പോല്ലാപ്പായിപ്പോയി കേട്ടോ... പുരുഷന്മാര്‍ നോക്കികഴിഞ്ഞിട്ടെ കണണ്ടാത്തത് മറയ്ക്കു എന്ന് പറഞ്ഞതു...

VASANTHI VASUDEVAN said...

Myna, this one is fantastic. Honestly, this is truly brave, honest and open. Way to go !!!
Once again, brilliant ! Brilliant work. I am a fan of yours now.
Keep writing, all the best.

Anonymous said...

പണ്ട്‌ വീട്ടിനുള്ളില്‍ കക്കൂസ്‌ ഇല്ലാതിരുന്ന കാലത്ത്‌ തൊടിയില്‍ പെണ്ണുങ്ങള്‍ തൂറാനിരിക്കുന്ന സമയത്ത്‌ പരിസരത്ത്‌ കൂടെ വല്ലവരും നടന്നു പോകുന്ന സമയം .. ഏയ്‌.. ഇവിടെ പെണ്ണുങ്ങള്‍ തൂറാനിരിക്കുന്നുണ്ട്‌, ഇങ്ങോട്ട്‌ നോക്കരുതേ.. എന്ന് പറയുമ്പോലെ..

ഇവിടെ പുരുഷനെയും സ്ത്രീയെയും രണ്ട്‌ തട്ടിലാക്കി സമൂഹത്തിന്റെ പുരോഗതി തന്നെ തടയാനാണു ഈ ഫെമിനിസ്റ്റ്‌ കാപട്യക്കാര്‍ ശ്രമിയ്ക്കുന്നത്‌

Anonymous said...

വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക

my comment was for the above

Myna said...

ഇവിടെ വന്നുപോയ എല്ലാവര്‍ക്കും നന്ദി. അഭിപ്രായ അറിയിച്ചവര്‍ക്കും.
ഈ പോസ്‌റ്റിനോട്‌ ആരൊക്കെ എന്തൊക്കെപ്പറഞ്ഞു എന്ന്‌ ഓരോരുത്തരുടേയും പേരെടുത്തു പറഞ്ഞ്‌ പ്രതികരിക്കുന്നില്ല. എന്റെ ചിന്തകള്‍ വരികളിലുണ്ട്‌. ചിലര്‍ ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നു പറഞ്ഞു. സത്യത്തില്‍ ഈ പോസ്‌റ്റ്‌ എഴുതാനുള്ള കാരണം തന്നെ മുന്‍ പോസ്‌റ്റുകളിലെ ചില കമന്റുകളായിരുന്നു.
ഒരു പുരുഷന്‍ സ്‌ത്രീയെ നോക്കുമ്പോലെ സ്‌ത്രീ പുരുഷനെ നോക്കില്ല എന്ന്‌ ചിലര്‍ പറഞ്ഞു. എന്തുകൊണ്ട്‌ സ്‌ത്രീക്ക്‌ അങ്ങനെ നോക്കിക്കൂടാ.. ആരുടെ നോട്ടത്തിനാണ്‌ തീക്‌ഷ്‌ണത കൂടുതലെന്ന്‌്‌ ഏതു അളവുകോലുപയോഗിച്ചാണ്‌്‌ അളക്കനാവുന്നത്‌? ഈ പോസ്‌റ്റില്‍ കൊടുക്കണമെന്നു വിചാരിച്ച എന്നാല്‍ എഴുതുമ്പോള്‍ വിട്ടുപോയ ഒരു കാര്യമുണ്ട്‌.
കഴിഞ്ഞ വര്‍ഷം സഹകരണ നിക്ഷേപസമാഹരണയഞ്‌ജത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കോഴിക്കോട്‌ കടപ്പുറത്തുനിന്ന്‌ നഗരം ചുറ്റി മുതലക്കുളത്തേക്ക്‌ ജാഥയുണ്ടായിരുന്നു. വേഷം സ്‌ത്രീകള്‍ക്ക്‌ സെറ്റുസാരിയും പുരുഷന്മാര്‍ മുണ്ടും. കുറച്ചുദൂരം നടന്നപ്പോഴേക്കും പലരും മടുത്തു. നല്ല വെയിലും. നിവൃത്തികേട്ട്‌ ഒരു ചേച്ചി നടന്നു മടുത്തെന്ന്‌്‌ പറഞ്ഞു പോയി. കേട്ട മറ്റൊരാള്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു. ഇവമ്മാരൊക്കെ മുണ്ടും മടക്കി ക്‌ുത്തി നടക്കുവല്ലേ, അങ്ങോട്ട്‌ നോക്കി നടക്ക്‌..മുതലക്കുളത്തിപ്പഴെത്തും എന്ന്‌്‌. ഏതായാലും പിന്നീടാരും നടന്നു മടുത്തത്‌ പറഞ്ഞില്ല.
ചിലര്‍ക്കിത്‌ പറയുമ്പോള്‍ അപ്രിയ സത്യങ്ങളാവും. ചിലര്‍ക്ക്‌ അവിശ്വസനീയവും.
വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രിയമോ അപ്രിയമോ ആയാലും എല്ലാവര്‍ക്കും നന്ദി

paarppidam said...

nannaayi ezuthiyirikkunnu...

Unknown said...

കമന്റുകള്‍ അധികവും ആണ്‍നോട്ടങ്ങളാണല്ലോ?

nanmandan said...

നിങ്ങള്‍ കുന്നിന്‍ മുകളിലും ഞങ്ങള്‍ മലകയറാന്‍ വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കില്‍ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളില്‍ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന്‍ വയ്യെങ്കില്‍ ഒരു രക്ഷാകവചം നിങ്ങളുമണിയണം.
-----------------------
അഭിനന്ദനങ്ങള്‍..,,,,,,,...

nanmandan said...

നിങ്ങള്‍ കുന്നിന്‍ മുകളിലും ഞങ്ങള്‍ മലകയറാന്‍ വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കില്‍ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളില്‍ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന്‍ വയ്യെങ്കില്‍ ഒരു രക്ഷാകവചം നിങ്ങളുമണിയണം.
-----------------------
അഭിനന്ദനങ്ങള്‍..,,,,,,,...

Sidheek Thozhiyoor said...

ആണുങ്ങളുടെ കഥ ,ആണത്വത്തിന്റെ കഥ, സ്ത്രീകളുടെ കഥ, സ്ത്രീത്വത്തിന്റെ കഥ,വ്യതിയാനങ്ങലിലേക്കുള്ള വാതായനങ്ങള്‍ ഇനിയും ഇനിയും തുറന്നിടുക..കലഹത്തിന്റെയും വിശ്വാസത്തിന്റെയും സമവാക്യങ്ങള്‍ വായനയുടെ മൂന്നാം കണ്ണിലൂടെ കണ്ടെടുക്കാന്‍ ഇനിയുമാവട്ടെ..ആശംസകള്‍ .

Philip Verghese 'Ariel' said...

പെണ്ണുങ്ങള്‍ പറയാന്‍ മടിക്കുന്ന
പലതും മൈന ഇവിടെ നന്നായി
പറഞ്ഞു. ഒരു മാധവിക്കുട്ടിയുടെ
ചുവ ഇവിടെ അനുഭവപ്പെട്ടത്
പോലെ. അഭിനന്ദനങ്ങള്‍
മാതൃഭൂമി കത്തുകള്‍ ലിങ്ക്
പണി ചെയ്യുന്നില്ല.
പരിശോധിക്കുക
നന്ദി
നമസ്കാരം