Sunday, February 24, 2008

വിലാപങ്ങള്‍ക്ക്‌ അഞ്ചാണ്ട്‌



മുത്തങ്ങ സംഭവം നടന്ന സമയത്ത്‌ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ആദിവാസികളെക്കുറിച്ച്‌ സഹതപിച്ച്‌ സംസാരിച്ചപ്പോള്‍ വയനാട്ടുകാരനായ സുഹൃത്ത്‌ പറഞ്ഞത്‌
നിങ്ങള്‍ക്ക്‌ എന്തും പറയാം. ഒരു സഹതാപവും അര്‍ഹിക്കുന്നവരല്ല ആദിവാസികള്‍ എന്നാണ്‌.
അവനത്‌ പറയാന്‍ ന്യായമുണ്ട്‌.
അവന്റെ വേലിയില്‍ പടര്‍ന്നു കയറിയ മത്തങ്ങയും കുമ്പളങ്ങയും മോഷ്‌ടിക്കുന്നു. ഇലകള്‍ നുള്ളികൊണ്ടുപോകുന്നു. കപ്പയും കാച്ചിലും മോഷ്‌ടിക്കുന്നു.
ഇവരോട്‌ എങ്ങനെ പൊറുക്കും? അന്യന്റെ മുതലു കക്കുന്നവരോട്‌ പൊറുക്കാനാവുമോ? സഹതപിക്കാക്കാനാവുമോ?
ഇവരെ പണിക്കു വിളിച്ചാല്‍ മെയ്യനങ്ങി പണിയില്ലത്രേ. കള്ളന്മാര്‍...
കിട്ടുന്നതു മുഴുവന്‍ കള്ളുകുടിച്ചു തീര്‍ക്കും.
ഓരോ പ്രതാപിയായ വയനാട്ടുകാരനും പറയാനുള്ളത്‌ ഇതൊക്കെയാണ്‌.
എന്നാല്‍ ഇവരുടെ വീടുകളില്‍ കയറി പൊന്നും പണവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും കട്ടുകൊണ്ടു പോകുന്നുണ്ടോ?
പൊന്നും പണവും മണിമാളികയും അവരുടെ സ്വപ്‌നമല്ല.
വയറുനിറച്ച്‌ ആഹാരം, നാണം മറക്കാന്‍ ഒരുതുണ്ടു തുണി. തലചായ്‌ക്കാന്‍ ചോര്‍ന്നൊലിക്കാത്ത കുടില്‍....

നാട്ടുകാരന്‍ എന്ന പേരിലറിയപ്പെടുന്ന ആദിവാസിയല്ലാത്തവന്റെ പറമ്പില്‍ പറമ്പില്‍ സ്ഥിരം ജോലിക്കെത്തുന്നവരില്‍ ബാബുവും മുരളിയും ജോണും സുജാതയും മൈമൂനയും ഒക്കെയുണ്ടാവും. അവരാരും തിയ്യനും നായരും ക്രിസ്‌ത്യാനിയും മുസ്ലീമും ആയിരിക്കില്ല. ആണെങ്കിലും വകഭേദങ്ങളൊന്നും ഉറക്കെ പറയില്ല. പക്ഷേ ആദിവാസിയാവുമ്പോള്‍ അവന്‌/അവള്‍ക്ക്‌ അച്ഛനും അമ്മയും പേരിട്ടിട്ടുണ്ടെങ്കിലും അതറിയാമെങ്കിലും പണിയനും പണിച്ചിയുമാണ്‌. നായ്‌ക്കനും നായ്‌ക്കത്തിയുമാണ്‌.
അവര്‍ എല്ലുമുറിയേ പണിയെടുക്കാത്തവരാണ്‌. സൂത്രക്കാരാണ്‌. കള്ളന്മാരാണ്‌.
ആരാണിവരെ ഇങ്ങനെയാക്കിയത്‌?
പൊതുസമൂഹത്തിനുത്തരമില്ലേ?...
അവരുടെ സ്വത്തും ഭൂമിയും കൈക്കലാക്കിയത്‌ ചുമ്മാതെയല്ല. നക്കാപ്പിച്ച കൊടുത്തിട്ടാണെന്ന്‌ നാട്ടുകാരന്‌ ന്യായീകരിക്കാം.


ദിവാസികളുടെ പ്രശ്‌നങ്ങളറിയാന്‍, അവരനുഭവിക്കുന്ന അവഗണന കാണാന്‍ നമ്മള്‍ ആദിവാസിക്കുടിലുകള്‍ തേടിപ്പോകേണ്ട. സന്നദ്ധ സംഘടനകളില്‍ അംഗമാവുകയും വേണ്ട. കുറച്ചു സമയം പൊതു നിരത്തില്‍ നിന്നാല്‍ മാത്രം മതി.
വയനാട്ടിലെ ആദിവാസികളില്‍ കുറുമരും കുറിച്ച്യരുമാണ്‌ കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ളത്‌.
വൈകുന്നേരങ്ങളില്‍ ബത്തേരി സ്വകാര്യ ബസ്സ്‌സ്‌റ്‌റാന്‍ഡില്‍ അല്‌പസമ യം നിന്നു നോക്കുക. എണ്ണകാണാത്ത ചുരുളന്‍ മുടി പാറിപ്പറന്ന്‌, മുട്ടുവരെ എത്തുന്ന മുണ്ടു വരിഞ്ഞുമുറുക്കി, വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്‌ അവര്‍ നില്‌ക്കും. സന്തോഷമോ ദുഖമോ അവരുടെ മുഖത്തുനിന്ന്‌ നമുക്കു വായിച്ചെടുക്കാനാവില്ല. ഒരു തരം നിര്‍വ്വികാരത മാത്രം.
ബസ്സുയാത്രയില്‍ കുട്ടികളെയും കൊണ്ടു കയറുന്ന ആദിവാസി സ്‌ത്രീക്കുപോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഒരാളും തയ്യാറാവില്ല. ഇരിക്കുന്ന യാത്രക്കാര്‍ ഇറങ്ങിയാല്‍ സീറ്റിനു ചേര്‍ന്നു നില്‌ക്കുന്നവരാണ്‌ ഇരിക്കുക. അവിടെയും നാട്ടുകാര്‍ അതി സാമാര്‍ത്ഥ്യം കാണിക്കും. ആദിവാസിയാണ്‌ സീറ്റിനോട്‌ ചേര്‍ന്നു നില്‌ക്കുന്നതെങ്കില്‍ അവരെ തള്ളിമാറ്റി സ്ഥാനമുറപ്പിക്കും. പലവട്ടം ഈയുള്ളവള്‍ ബസ്സുയാത്രയില്‍ കണ്ട കാഴ്‌ചയാണിത്‌.
കമ്പിയില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ഒരു ആദിവാസിയെ ശ്രദ്ധിച്ചുനോക്കു. ബസ്സിന്റെ വേഗത്തില്‍ അവര്‍ ആടി ഉലയും. അവരുടെ ധരിച്ചിരിക്കുന്ന ബ്ലൗസിന്റെയും ഉടുമുണ്ടിന്റെയും ഇടയിലുള്ള ഒരു ചാണ്‍ വയര്‍ കാണുമ്പോള്‍ ആലില വയറിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്‌. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ്‌ ഉള്ളിലേക്ക്‌ വിലഞ്ഞിരിക്കുന്നതാണ്‌ കാണാനാവുക. ആ വയറ്റില്‍ ഒരു തരിവറ്റുചെന്നിട്ട്‌ ദിവസങ്ങളായെന്ന്‌ തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ബസ്സിന്റെ വേഗതയില്‍ അവര്‍ ആടി ഉലഞ്ഞുകൊണ്ടിരിക്കും.

ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്‌പ്രിംഗ്‌ പോലുള്ള പടര്‍പ്പന്‍ മുടിയും അല്‌പം പതിഞ്ഞ മൂക്കും...അവരെ എവിടെ നിന്നും തിരിച്ചറിയാം.
കള്ളത്തിയും സൂത്രക്കാരിയും ആണെങ്കിലും അഴുക്കു പുരണ്ട അവരുടെ മേല്‍ വസ്‌ത്രത്തിനടിയിലെ കറുത്ത തൊലി പ്രിയപ്പെട്ടതാണ്‌.
നാട്ടുകാരന്റെ കള്ളത്തരത്തില്‍ അവിവാഹിതരായ അമ്മമാരാവുന്നു അവര്‍. അവരാരും ഗര്‍ഭ സത്യാഗ്രഹത്തിന്‌ ധൈര്യപ്പെടുകയുമില്ല.
പിന്നീടവരും മക്കളും നാട്ടുകാരന്റെ സൈ്വര്യം കെടുത്തുന്ന കള്ളനും കള്ളികളുമാവുന്നു.


മുത്തങ്ങയിലെ വെടിയൊച്ചകളും അടികൊണ്ടു വീര്‍ത്ത ജാനുവിന്റെ കവിളുകളും നമ്മള്‍ മറന്നു കഴിഞ്ഞു. കഴിഞ്ഞ ആഞ്ചു വര്‍ഷം ആദിവാസികള്‍ക്ക്‌ എന്തുകിട്ടി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പൊതു സമൂഹത്തില്‍ നിന്ന്‌ അവര്‍ ഒന്നുകൂടി പിന്നാക്കം പോയി എന്നല്ലാതെ മറ്റൊരുത്തരമുണ്ടാവില്ല.

ഒരു പായ്‌ക്കറ്റ്‌ കള്ള ചാരായത്തിനു മുന്നില്‍ ഇടതു-വലതു കക്ഷികളുടെ വോട്ട്‌ ബാങ്കാവും അവര്‍. വോട്ട്‌ ലഭിച്ചാല്‍ പിന്നെ മധ്യവര്‍ഗ്ഗത്തിന്റെ താത്‌പര്യങ്ങള്‍ക്കും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കും നിന്നു കൊടുക്കുമ്പോഴും ആദിവാസി അന്യനാവുന്നു. പട്ടിണിയും പഞ്ഞവും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയും അവര്‍.

ആരാണ്‌ ആദിവാസി?

ഈ നാട്ടില്‍ മുമ്പേ ഉണ്ടായിരുന്നവര്‍....
മറ്റുള്ളവരൊക്കെ വരുത്തന്മാര്‍...വരുത്തന്മാര്‍ അവരുടെ സ്വത്തും ഭൂമിയും സംസ്‌ക്കാരവും കവര്‍ന്നു.
അവരുടെ പെണ്ണുങ്ങള്‍ തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു.
മുമ്പ്‌ നമ്മള്‍ വരുത്തന്മാരും ആദിവാസികളായിരുന്നു. ഇന്ത്യയുടെ ആദിവാസികള്‍. അന്നും വരുത്തന്മാര്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വത്തും സംസ്‌ക്കാരവും ജീവനും അപഹരിച്ചു.
നില്‌ക്കക്കള്ളിയില്ലാതായപ്പോള്‍ പൂര്‍വ്വികര്‍ ശിപായി ലഹളയെന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട സമരത്തില്‍ ചിതറിയോടി. ജീവത്യാഗം ചെയ്‌തു...പിന്നീട്‌ എത്രയെത്ര സമരങ്ങളും സത്യാഗ്രങ്ങളും.
അഹിംസയുടെ വഴിയേ അര്‍ദ്ധ നഗ്നനായ ഗാന്ധി വന്നു. വരുത്തന്മാര്‍ കെട്ടും ഭാണ്‌ഡവുമെടുത്തോടി.
നമ്മള്‍ സ്വാതന്ത്ര്യമെന്ന നീലാകാശം കണ്ടു.

ആദിവാസികള്‍ക്കിടയില്‍ നിന്ന്‌ ഒരു ഗാന്ധി വരില്ല എന്നാശ്വസിക്കാനാവുമോ നമുക്ക്‌?




കടപ്പാട്‌: വാരാദ്യമാധ്യമം 24.02.2008
ഫോട്ടോ: സുനില്‍ കോടതി

23 comments:

Myna said...

ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്‌പ്രിംഗ്‌ പോലുള്ള പടര്‍പ്പന്‍ മുടിയും അല്‌പം പതിഞ്ഞ മൂക്കും...അവരെ എവിടെ നിന്നും തിരിച്ചറിയാം.
കള്ളത്തിയും സൂത്രക്കാരിയും ആണെങ്കിലും അഴുക്കു പുരണ്ട അവരുടെ മേല്‍ വസ്‌ത്രത്തിനടിയിലെ കറുത്ത തൊലി പ്രിയപ്പെട്ടതാണ്‌.
നാട്ടുകാരന്റെ കള്ളത്തരത്തില്‍ അവിവാഹിതരായ അമ്മമാരാവുന്നു അവര്‍. അവരാരും ഗര്‍ഭ സത്യാഗ്രഹത്തിന്‌ ധൈര്യപ്പെടുകയുമില്ല.
പിന്നീടവരും മക്കളും നാട്ടുകാരന്റെ സൈ്വര്യം കെടുത്തുന്ന കള്ളനും കള്ളികളുമാവുന്നു

ഏറനാടന്‍ said...

അവസരോചിതമായ നല്ലൊരു പോസ്റ്റ്.. മുത്തങ്ങ കഴിഞ്ഞിപ്പോ അഞ്ച് കൊല്ലം കഴിഞ്ഞല്ലെ..

Faisal Mohammed said...

യോജിക്കുന്നു.
പക്ഷേ, ബന്ദിയാക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത പോലീസുകാരന്‍ ?, നേതൃത്വം അര്‍ഹതപെട്ട കരങ്ങളില്‍ തന്നെയോ ?

ഭൂമിപുത്രി said...

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി Kevin Rudd ഈയടുത്തീയിടെ,അവിടുത്തെ ആദിമനുഷ്യരോട് മാപ്പ്പറഞ്ഞതു നമ്മളറിഞ്ഞതാണല്ലൊ.
അതുപോലെയൊരു കുറ്റബോധമെങ്കിലും നമ്മുടെ നാഗരീകര്‍ക്ക് എന്നെങ്കിലും തോന്നുമോ?
ബസ്സിലിരുപ്പിടംകിട്ടാതെ,
അതര്‍ഹതപ്പെട്ടതാണെന്നുപോലുമറിയാതെ
ഒതുങ്ങിനില്‍ക്കുന്ന ആരൂപങ്ങള്‍ കണ്ടുപരിചയമില്ലാ‍ത്ത, എന്നെപ്പോലുള്ളവര്‍ക്കു,
ഈ പോസ്റ്റ് ഒരോര്‍മ്മപ്പെടുത്തല്‍കൂടിയാണ്‍

പാമരന്‍ said...

അടികൊണ്ടു വീര്‍ത്ത ജാനുവിന്‍റെ കവിള്‍ ഇതുവരെ മറന്നിട്ടില്ല മൈനേ.. നമ്മുടെ ബഹുമാന്യ മഹിളകള്‍ ആരെങ്കിലുമായിരുന്നേല്‍ എവിടെ എന്തൊക്കെ നടന്നേനെ.. ആ ആദിവാസിസ്ത്രീയെ അടിച്ചുടച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുപോലും അതൊരു 'പോലീസുകാരുടെ കൈകാര്യം' മാത്രമായിരുന്നു..

കണ്ണൂതുറപ്പിക്കുന്ന പോസ്റ്റ്‌..

Unknown said...

കണ്ണുതുറപ്പിക്കുന്ന പോസ്റ്റ്..
ഓരോ വരിയും മനസ്സിലേക്കാഴ്ന്നിറങ്ങുന്നു..
അടികൊണ്ട് വീര്‍ത്തകവിളും,നിശ്ചയദാര്‍ഡ്യം സ്ഫുരിക്കുന്ന കണ്ണുകളുമായി തലയുയര്‍ത്തിപ്പിടിച്ച് പോലീസുകാര്‍ക്കൊപ്പം നീങ്ങുന്ന ജാനു ഇന്നും മനസ്സിലുണ്ട്.
ഒരു പാട് സങ്കടം തോന്നി വായിച്ചപ്പോള്‍..

കണ്ണൂരാന്‍ - KANNURAN said...

ആദിവാസികളും മറ്റ് ദലിതരും ഭരണക്കാര്‍ക്ക് അക്ഷയപാത്രം പോലെയാണ്. ഇതിനകം എത്ര കോടികള്‍ ഇവരുടെ പേരില്‍ ഇടനിലക്കാര്‍ കൊള്ളയടിച്ചിരിക്കുന്നു. എന്തിനേറെ പറയുന്നു മുത്തങ്ങ സംഭവ സമയത്ത് ഒരുമിച്ചുണ്ടായിരുന്ന ഗീതാനന്ദനും ശ്രീരാമനും ഇപ്പൊ രണ്ടു സംഘടനകളിലായി. ഒരു തരത്തിലും ആദിവാ‍സികളെ രക്ഷപ്പെടാന്‍ നാം സമ്മതിക്കില്ലല്ലൊ. അവസരോചിതമായി ഈ കുറിപ്പ്.

a.sahadevan said...

വേര്‍ വൈറ്റ്‌ ആന്റ്‌സ്‌ ഡ്രീം (where white ants dream)എന്ന ചലച്ചിത്രത്തില്‍ (സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ്‌) ഒരു കോടതി രംഗം ഉണ്ട്‌. ആദിവാസികളുടെ ഭൂമിയില്‍ ആഗോള ഘനന വ്യവസായികള്‍ ആരംഭിക്കാനിരിക്കുന്ന സ്ഥാപനത്തെ എതിര്‍ത്തു കൊണ്ടു കേസ്‌ വാദം നടക്കുകയാണു.അതിനിടയിലേക്ക്‌ ഒരാള്‍ കയറിവന്നു.അയാള്‍ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ടു. പക്ഷെ ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല.കോടതിനടപടികള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ചു ആ കാടനെ തടവിലാക്കാന്‍ പൊലിസ്‌ ശ്രമിച്ചപ്പോള്‍ ജഡ്ജി തടഞ്ഞു. ആരാണയാള്‍ എന്നറിയാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ദ്വിഭാഷിയെത്തി. അയാള്‍ക്കു ഭാഷ മനസീലാവുന്നില്ല. സര്‍വകലാശാലയില്‍ നിന്നു നരവംശ ശാസ്ത്രജ്ഞനെത്തി. അപരിചിതന്‍ കുറ്റിയറ്റുപോയി എന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ആദിവാസി ഗോത്രത്തിലെ അവശേഷിക്കുന്ന അംഗമാണെന്നു മനസ്സിലായി. അയാളുടെ ഭാഷ അറിയുന്നവര്‍ ആരുമില്ല. അയാളുടെ വികാരങ്ങള്‍ പങ്കുവെക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ല. വേദനകള്‍ അറിയാന്‍ ആരുമില്ല. അയാളെ ഇപ്രകാരം ഒറ്റക്കാക്കിയ സമൂഹത്തെ യല്ലെ കാടന്മാര്‍ എന്നു വിളിക്കേണ്ടതു എന്നാണു ജഡ്ജി ചോദ്യമുന്നയിച്ചതു. സമൂഹത്തോടുള്ള പൊതു ചോദ്യമാണതു. ആ ചോദ്യം ചുരുക്കം ചില ന്യായാധിപന്മാരും ചിന്തകരും എഴുത്തുകാരും മാത്രമേ ചോദിക്കൂ. സ്വന്തം മണ്ണും,പെണ്ണും,പൊന്നും,മാത്രം സംരക്ഷിച്ചു ഹര്‍താല്‍ ദിനതില്‍ കോഴിയിറച്ചിയും മദ്യവും ആയി ജീവിതം ആഘോഷിക്കുന്ന വര്‍ക്കു മനസിലവുന്ന കാര്യമല്ല അതു. നിര്‍ഭാഗ്യവശാല്‍ അവരാണു നമ്മുടെ സമൂഹത്തില്‍ കൂടുതല്‍. അവരാണു വാസ്തവം മറന്നു പൊലീസുകാര്‍ക്കു എന്തുപറ്റിയെന്ന് മാത്രം അന്വേഷിച്ചരിക്കുന്നതു.ആദിവാസികള്‍ക്കെതിരെ മാത്രമല്ല എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കെതിരേയും പൊലീസിനേയും പട്ടാളതേയും ഒരുക്കി നിര്‍ത്താന്‍ മറക്കാതിരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെയാണു നാം ചോദ്യം ചെയ്യേണ്ടതു. രാഷ്ട്രീയക്കാരെ ആദ്യം പൗരാവകാശങ്ങള്‍ മനുഷ്യാവകാശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിക്കേണ്ടിയിരിക്കുന്നു.

ആദിവാസികളെ മാത്രമല്ല കാട്ടുമൃഗങ്ങളുടേയും കാര്യത്തില്‍ നമ്മുടെ കാഴ്‌ചപ്പടില്‍ മാറ്റം വരണം. നാട്ടില്‍ ഒരു പുലിയിറങ്ങിയാല്‍ ആനയിറങ്ങിയാല്‍ നമ്മള്‍ കൊല വിളിക്കുകയായി. എത്രയെത്ര വന്യമൃഗങ്ങളെ മനുഷ്യര്‍ കൊല്ലുന്നു. കൊമ്പെടുക്കുന്നു, തോലെടുക്കുന്നു. ആ അളവില്‍ മൃഗങ്ങള്‍ നമ്മെ കൊന്നാല്‍ എങ്ങിനെയിരിക്കും? ആനകള്‍ക്കായാലും പുലികള്‍ക്കായാലും ഭൂമിയില്‍ അതിര്‍ത്തികള്‍ ഇല്ല.നീലഗിരി മലകളില്‍ വെള്ളം വറ്റുമ്പോള്‍ അവ സഹ്യപര്‍വതത്തിലേക്കു കടക്കും. ഇവിടെ വെള്ളം വറ്റുമ്പോള്‍ കര്‍ണാടകത്തിലേക്കു കടക്കും. ഒരു ജീവിത വൃത്തം ആണതു. അതിനിടയില്‍ അവക്കു ജീവിക്കാന്‍ ഉള്ള അവകാശം നമ്മള്‍ മനുഷ്യര്‍ പല കാരണങ്ങളാല്‍ നിഷേധിക്കുന്നു.എന്നിട്ടു മുറവിളി കൂട്ടുന്നു. നാം മനുഷ്യരോ മൃഗങ്ങളോ?

ഭൂമിപുത്രി said...

ഒന്നാലോചിച്ചാല്‍ മൃഗമെന്നവാക്കു എത്രയോ അന്തസ്സുള്ളതാണു സര്‍!ഹെര്‍സോഗ് സിനിമയുടെ ഈ രംഗം വീണ്ടുംചിന്തിപ്പിയ്ക്കുന്നു...

Latheesh Mohan said...

മൈനേ,

നമ്മള്‍ മുത്തങ്ങയില്‍ പോയപ്പോള്‍ എടുത്തതല്ലേ ഈ ഫോട്ടോ? സുനില്‍ ഇതെടുക്കാ‍ന്‍ ഓടിയ ഓട്ടം ഓര്‍മയിലുണ്ട്.

ഇതു വായിക്കുമ്പോള്‍ എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നുന്നു. ജീവിതത്തില്‍ നിന്നും ഒന്നും സംഭവിക്കാതെ കടന്നു പോയ അഞ്ച് വര്‍ഷങ്ങളെ കുറിച്ചുള്ള കുറ്റബോധം. അന്നാണെങ്കില്‍ അല്പം ആത്മരോഷം എങ്കിലും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ബോറടിപ്പിക്കുന്ന നിസംഗത മാത്രം.

മുത്തങ്ങയില്‍ പോയതും. ആരും പരസ്പരം മിണ്ടാതിരുന്നതും ഓര്‍ക്കുന്നു.

നിനക്ക് നന്ദി, ഇതോര്‍മിപ്പിച്ചതിന്

ചിതല്‍ said...

5 വര്‍ഷം കഴിഞ്ഞു...
എന്താ പറയാ....
5 വര്‍ഷം ഇനിയും തീരും...

ഒന്നും നഷ്പെടാനില്ല നേടാനുള്ളത്‌ മനുഷ്യന്‍ എന്ന പദം
എന്ന്‌ പറയുന്ന ഒരു ഗാന്ധി....

poor-me/പാവം-ഞാന്‍ said...

maran avar thanne aagrahiche pattoo. kuthiraye puzhayorathekku konduvaranalle pattoo.pukalakkum,kallinum,chandinum ,kanmashikkum vendi varathan mark adiyaravu cheyyilla enn avar thanne theerumanikkanam.madyam aan avare purakottu valikkunna ettavum valiya sakthy.ennathil ninn mochanam kittunno annavar rakshappedum.aarengilum avare ithinu sahaayichirunnengil.-
ABDUL LATHEEF MAANJAALY

CHANTHU said...

ഏറെ തീവ്രതയുള്ള വിഷയം. ആരും ഇടപെടാത്തതെന്താണ്‌ ?

അനില്‍ ഐക്കര said...

Astonishingly touching!

നിലാവര്‍ നിസ said...

സത്യത്തില്‍, സമര നേതാക്കള്‍ തന്നെ വളരെ ക്രൂരമായി വിഷയത്തെ ഹൈജാക്ക് ചെയ്ത ചരിത്രമാണ് നമ്മുടെ ആദിവാസി പ്രക്ഷോഭങ്ങള്‍ക്കുള്ളത്.. എന്‍ ജി ഓ കള്‍ വാരിക്കോരിക്കൊടുക്കുന്ന പണത്തിന് ഒരു വിലാസം എന്നതിനപ്പുറം പലര്‍ക്കും ഒന്നുമല്ല ആദിവാസികളുടെ സമരങ്ങള്‍. മുത്തങ്ങയ്ക്കു ശേഷം എന്ത് എന്നത് നമ്മള്‍ ഓരോരുത്തരും ചോദിക്കേണ്ട ചോദ്യമാണ്.. ഏറ്റവും അര്‍ഥവത്തായ രാഷ്ടീയ ഇടപെടലാണ് ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത്.. അതിനു നമ്മുടെ മുഖ്യധാരാ പാറ്ട്ടികളൊന്നും തയ്യാറാവുകയുമില്ല.. ആദിവാസികളില്‍ എത്ര പേര്‍ക്കാണ് വോട്ടവകാശമുള്ളത് അല്ലേ..

സമയോചിതമായ കുറിപ്പ്..

Unknown said...

നമുക്കും ചുറ്റും ഇങ്ങനെയും സംഭവിക്കുന്നു എന്നതാണ്‌ ഈ പോസ്‌റ്റും ഇതുവരെയുള്ള കമന്റുകളും.
പാച്ചുവിനുള്ള മറുപടി സഹദേവന്‍ സാറുടെ കമന്‍റിലുണ്ട്‌. -സ്വന്തം മണ്ണും,പെണ്ണും,പൊന്നും,മാത്രം സംരക്ഷിച്ചു ഹര്‍താല്‍ ദിനതില്‍ കോഴിയിറച്ചിയും മദ്യവും ആയി ജീവിതം ആഘോഷിക്കുന്ന വര്‍ക്കു മനസിലവുന്ന കാര്യമല്ല അതു. നിര്‍ഭാഗ്യവശാല്‍ അവരാണു നമ്മുടെ സമൂഹത്തില്‍ കൂടുതല്‍-നമ്മളൊക്കെ മറക്കുന്നു സര്‍. എവറെഡി ബാറ്ററി വാങ്ങാത്തതിന്‌ കാരണം പറയാന്‍ കഴിയാത്ത പുതുമുറക്കാരോട്‌ എന്തു പറയാന്‍? ‍മറ്റൊരു സങ്കടം പങ്കുവെയ്‌ക്കാതെ നിവൃത്തിയില്ല. ഭൂമി വില കുതിച്ചുയരുന്ന ഇക്കാലത്ത്‌ ആദിവാസിക്ക്‌ ഒരു തുണ്ടു ഭൂമി ഇനി ലഭിക്കുമോ?
ലഭിക്കുമെങ്കില്‍ എവിടെ നിന്ന്‌?

ലതീഷ്‌ നിന്റെ വാക്കുകള്‍ വീണ്ടും അഞ്ചുവര്‍ഷം പിന്നോട്ട്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ ഫോട്ടോ കൊടുക്കുമ്പോള്‍ ഇതിനു പിന്നിലെ പ്രയത്‌നത്തെ ഓര്‍മിപ്പിച്ചതിനും നന്ദി.
എല്ലാവരുടേയും പേരെടുത്തു പറയുന്നില്ല. വാരാദ്യമാധ്യമത്തിലും ബ്ലോഗിലും വായിച്ച്‌ അഭിപ്രായം അറിയിച്ച, വായിച്ച എല്ലാവര്‍ക്കും നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാലം എല്ലാം മാ‍യ്ക്കും എന്നു പറയുന്നതു ശരിയാണു..മുത്തങ്ങയെക്കുറിച്ചും ആദിവാസി പ്രശ്നങ്ങളെക്കുറിച്ചും നാം മറന്നു.ആദിവാസികള്‍ക്കൊപ്പം നൃത്തം വച്ചു ഉല്ലസിച്ച അന്നത്തെ മുഖ്യനും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി..പാവം ആദിവാസികള്‍ക്കും അവരുടെ ദുരിതങ്ങള്‍ക്കും മാത്രം അറുതിയില്ല.അവരുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളെ നാം ഭയപ്പെടുന്നുമില്ല.മൈനയുടെ പോസ്റ്റില്‍ പറയുന്നതു പോലെ പകല്‍ അവര്‍ നമ്മുക്കു കള്ളന്മാരും ഇരുട്ടില്‍ നമുക്കു സുഖം പ്രദാനം ചെയ്യുന്നവുമാണ്.

തല്‍‌പര കക്ഷികളുടെ കൈയിലെ കളിപ്പവകളായി മാറിയ ഗീതാനന്ദനേയും,ജാനുവും ഒക്കെ ഇന്നെവിടെ?

സന്ദര്‍ഭത്തിനു അനുയോജ്യമായ മനോഹരമായ പോസ്റ്റ്.ആദിവാസികളെ മാനുഷിക തലത്തില്‍ നിന്നു നോക്കിക്കാണുന്ന ഈ ലേഖനം ഈ വിഷയത്തില്‍ എഴുതപ്പെട്ട ഏറ്റവും മനോഹരമായ ഒന്നാണ്.

പ്രിയ said...

എല്ലാവര്ക്കും സഹാതപിക്കുന്നു . എന്നിട്ടും എന്തേ ഒന്നും മാറുന്നില്ല?

Prajeshsen said...

pathrathinappuram blogil kudi santhesam pracharippichathinu
nanni
hridayam niraye snehavum sahanubhuthyum ullavarkkumathrame ithokke kazhiyuuu

keep it up

Anil said...

മറന്നു തുടങ്ങിയ കാര്യങ്ങള്‍
മറക്കുവാന്‍ ഇഷ്ടപെടുന്ന കാര്യങ്ങള്‍
വീണ്ടും രക്തം തിളക്കും , ഇതിനെതിരായി എന്ത് ചെയ്യാമെന്ന് ചിന്തിക്കും
രണ്ടു ദിവസം
എല്ലാം സൌകര്യപൂര്‍വ്വം മറന്നു സ്വകാര്യ സുരക്ഷി തത്വതിലേക്ക് എല്ലാവരും മടങ്ങും

25 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ പോലും പണമില്ലാത്ത ദരിദ്രന്റെയും ഇന്റെര്‍റ്റില്‍നിന്നും നീലച്ചിത്രം ഡൌണ്‍ലോഡ് ചെയാന്‍ താമസിക്കുമ്പോള്‍ മാത്രം ഇന്ത്യയുടെ പിന്നോക്കാവസ്ത്യെപ്പറ്റി ചിന്ടിക്കുന്നവരുടെയിടയിലും വിലകൂടിയ മദ്യതോടൊപ്പം മാത്രം പറയാന്‍ കൊള്ളാവുന്ന കാര്യമല്ലേ മൈന പറഞ്ഞത്‌.

ഇതെല്ലാം മറ്റാരുടെയെങ്ങിലും ജോലി ആനന്നുകരുതാം
പട്ടിണികിടന്നു അവരെല്ലാം മരിച്ചാല്‍ ഈ പ്രശ്നമെല്ലാം തീരുമല്ലോ
കണ്ണുകള്‍ ഇറുക്കി അടക്കുക
tax save ചെയ്യാന്‍ എവിടെ invest ചെയ്യണമെന്ന് ചിന്തിക്കുക.

Myna said...

അനില്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ മനസ്സിലായില്ല. മറ്റൊരു സുഹൃത്ത്‌ അയച്ചത്‌ ഇപ്രകാരമായിരുന്നു. -ഞാന്‍ കണ്ടത്‌ ഒരു വശം മാത്രമാണെന്നും മറുവശം കണ്ടില്ലെന്നും. ന്യൂസ്‌ എന്നത്‌ വൈകാരിക അഭിപ്രായമല്ല യാഥാര്‍ത്ഥ്യമാണ്‌ വരേണ്ടത്‌ എന്നും. ആരെയും വെള്ളപൂശേണ്ടെന്നും ഒരു വശം നല്ലതും മറുവശം ചീത്തയും എന്നത്‌ ഒരു സിനിമ സങ്കല്‌പമല്ലേ എന്നും....
മറുപടി ഞാനല്ല നല്‌കേണ്ടത്‌- മുന്‍ കമന്റുകളില്‍ അത്‌ വ്യക്തമാണ്‌ പ്രത്യേകിച്ച്‌ സഹദേവന്‍ സാറിന്റെ....
അനിലിന്റെ കമന്റ്‌ യഥാര്‍ത്ഥത്തില്‍ ഇരുപത്തിയൊന്നാമത്തെ കമന്റാവേണ്ടതായിരുന്നു. കാരണം ഇരുപതാമത്തെ കമന്റ്‌ ഒരു വൈറസ്‌ രൂപത്തിലാണ്‌ വന്നത്‌. അനില്‍ ഐക്കര, പ്രജേഷ്‌സെന്‍ എന്നിവരുടെ സഹായത്താല്‍ വൈറസ്‌ മറ്റു കമ്പ്യൂട്ടറുകളിലേക്ക്‌ പകരാതെ ഡിലീറ്റ്‌ ചെയ്യാന്‍ കഴിഞ്ഞു. നന്ദി.

Anil said...

മൈനേ ക്ഷമിക്കണം

മൈനയുടെ പോസ്റ്റുകളില്‍ എന്നെ ഏറ്റവും സ്വധീനിച്ചതും വേദനിപ്പിച്ചതും വിലാപങ്ങള്‍ക്ക്‌ അഞ്ചാണ്ട്‌ ആയിരുന്നു

Really Great and Agonising

Anil

Registration_Reporter said...

I saw your blog only today. i came to know about your blog when i attended Bhulokam gettogether at Calicut recently. The Blog is worth reading and thoght provoking.
t.k.abdulla kunhi
Sub registrar(Retd)
Kasaragod