Wednesday, February 13, 2008

പ്രണയദിനത്തില്‍ സ്‌നേഹപൂര്‍വ്വം


സര്‍പ്പഗന്ധിക്ക്‌ ഒരു വയസ്സും അന്‍പതാമത്തെ പോസ്‌റ്റും

പ്രീഡിഗ്രിക്ക്‌‌ അടുത്തുള്ള പാരലല്‍ കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ചത്‌ അവനവിടെ ഉള്ളതുകൊണ്ടു മാത്രമായിരുന്നു. രണ്ട്‌ വി. എച്ച്‌. എസ്‌. സികളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല.

വി. എച്ച്‌. എസ്‌. സിയില്‍ പോകാതെ പാരലല്‍ കോളേജില്‍ പഠിക്കുന്നതിന്‌ പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. പി.എസ്‌. സി അംഗീകാരമില്ല. ഡിഗ്രിക്ക്‌ റഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌ അങ്ങനെ പലതും.
അമ്മയാണെങ്കില്‍ തടസ്സം നിന്നുമില്ല.
'നിന്റെ ഇഷ്‌ടം പോലെ ചെയ്യ്‌' എന്നു പറഞ്ഞു.

പക്ഷേ, അമ്മയ്‌ക്കറിയുമോ മകളുടെ മനസ്സിലിരിപ്പ്‌. ഒന്‍പതാംക്ലാസ്സില്‍ വെച്ച്‌ കൂട്ടുകാരുടെ കളിയാക്കലിലൂടെയായിരുന്നു തുടക്കം എന്നു പറയാം. എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു നീറ്റല്‍, അവനെ കാണുമ്പോള്‍-ഓര്‍ക്കുമ്പോള്‍. .... ഞങ്ങള്‍ ഒരേ ക്ലാസ്സിലായിരുന്നിട്ടും പിന്നീട്‌ പരസ്‌പരം നോക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ല. എങ്കിലും പ്രണയത്തിന്റെ രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരസ്‌പരമറിയാമായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷമാണ്‌ സംസാരിക്കുന്നത്‌. പത്താംക്ലാസിന്റെ അവസാനദിനത്തില്‍....കൂട്ടുകാരി മിനിയെ കുറച്ചകലെ നിര്‍ത്തി സ്‌കൂള്‍ വരാന്തയുടെ അറ്റത്ത്‌ വിറയലോടെ ഞാനവന്റെ മുന്നില്‍ നിന്നു.
'മറക്കുമോ?'
അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്‌ പലതരത്തില്‍ വാക്കുകള്‍ കൊണ്ട്‌ ഉത്തരം പറയാമായിരുന്നിട്ടും മുഖത്തേക്കുപോലും നോക്കാന്‍ ശക്തിപോരാഞ്ഞ്‌ ഇല്ലെന്ന്‌ തലയാട്ടുക മാത്രമാണ്‌ ചെയ്‌തത്‌.

പത്താംക്ലാസ്സില്‍ അവന്‍ തോല്‌ക്കുകയും ഞാന്‍ ജയിക്കുകയും ചെയ്‌തു.
തോറ്റ അവന്‍ വീണ്ടുമെഴുതാന്‍ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥിയായി.
അടുത്തടുത്ത ക്ലാസ്സിലായിട്ടും മൗനം മൗനമായി നിന്നു. വല്ലപ്പോഴും കോളേജിലേക്കു വരുന്നവഴി എന്തെങ്കിലും മിണ്ടിയാലായി. അവനെ അടുത്തു കാണുന്നതേ എനിക്ക്‌ ഹൃദയമിടിപ്പു കൂടും...ഒന്നാമത്‌ എന്റെ വീടും കോളേജും തമ്മില്‍ വലിയ ദൂരത്തല്ല. ഒരു വിഷയം കിട്ടാന്‍ കാത്തുനില്‌ക്കുന്ന നാട്ടുകാര്‍...അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി....ബന്ധുക്കളും നാട്ടുകാരും...
അയ്യോ ഓര്‍ക്കാനേ വയ്യ.
പോരാത്തതിന്‌ അവന്റെ ചേച്ചി പ്രിഡിഗ്രി സെക്കന്റ്‌ ഇയര്‍...
പക്ഷേ പറഞ്ഞിട്ടെന്ത്‌ ഫലം ..എത്ര ഒളിച്ചിട്ടെന്തുകാര്യം...സഹപാഠികള്‍ക്കിടയില്‍ പാട്ടായി..
സഹപാഠികളില്‍ നിന്ന്‌ അധ്യാപകരിലേക്ക്‌...
ഞങ്ങളുടെ മൗനം മാത്രം കനത്തു വന്നു.
ഞാന്‍ ക്ലാസില്‍ രണ്ടാമത്തെ ബഞ്ചില്‍ പനമ്പുമറയോട്‌ ചേര്‍ന്നാണിരുന്നത്‌. തെക്ക്‌ റോഡിന്‌ അഭിമുഖമായി. പത്താംക്ലാസു പടിഞ്ഞാറോട്ടും...
ഒരു ദിവസം പനമ്പിന്റെ അളികളില്‍ ഒന്ന്‌ നീക്കിയപ്പോള്‍ ഇത്തിരിപോന്ന ഓട്ടയിലൂടെ എനിക്കവനെ കാണാമെന്നായി.
ഒരളികൂടി ഞാന്‍ അടര്‍ത്തി മാറ്റി. പഠിപ്പിക്കുന്നതിനിടയിലും മെല്ലെ അതിലെ ഒരു നോട്ടം...ഞങ്ങളുടെ ക്ലാസ്സിലെ പല പയ്യന്മാര്‍ക്കും പത്താംക്ലാസ്സില്‍ കണ്ണുള്ളതുകൊണ്ട്‌ പനമ്പു മറയില്‍ പലയിടത്തും അളികടര്‍ന്നു പോയി.

പത്താംക്ലാസ്സില്‍ കണക്കു പഠിപ്പിക്കുന്ന സരോജ ടീച്ചര്‍ ഞങ്ങള്‍ക്ക്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ പഠിപ്പിക്കാന്‍ വന്നപ്പോള്‍ എന്റെ പത്താംക്ലാസിലേക്കുള്ള നോട്ടവും ടീച്ചര്‍ക്കു കിട്ടിയ വിവരവും വെച്ച്‌ ടിച്ചര്‍ എന്നെ ഉപദേശിച്ചു.
'ആ ചെര്‍ക്കനെങ്ങേനെങ്കിലും ജയിച്ചു പോകട്ടെ.'
പ്രേമത്തെക്കുറിച്ചും ടീച്ചറിനു പറയാനുണ്ടായിരുന്നു.
'ഈ പ്രായത്തില്‌ വായിക്കാന്‍ പുസ്‌തകം നിവര്‍ത്തിയാല്‍ അക്ഷരമൊന്നും കാണില്ല. മുഖമങ്ങനെ തെളിഞ്ഞു നില്‌ക്കും.'

ടീച്ചര്‍ പറഞ്ഞു വന്നത്‌
ബുക്കു തുറക്കുമ്പോള്‍ പഠിക്കാന്‍ തോന്നില്ലാ എന്നും പത്താംക്ലാസു തോറ്റ അവനെ ഇനിയും തോല്‌പ്പിക്കല്ലേ എന്നുമാണ്‌.
സത്യത്തില്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചു.
ഞാന്‍ പത്താംക്ലാസ്‌ ജയിച്ചതെങ്ങനെയാണ്‌?
പുസ്‌തകം നിവര്‍ത്തിയപ്പോഴൊന്നും വരികള്‍ക്കിടയില്‍ അവന്‍ ചിരിച്ചു കൊണ്ട്‌ നിന്നില്ല. ഷിഫ്‌റ്റില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്‌കൂളില്‍ വിജയ ശതമാനം അക്കാലത്ത്‌ ഇരുപതില്‍ താഴെയാണ്‌. ഫസ്റ്റ്‌ ക്ലാസ്സിനും സെക്കന്റ്‌ ക്ലാസ്സിനും ഒന്നോ രണ്ടോ അവകാശികള്‍ മാത്രം.
സ്‌കൂളിന്റെ നിലവാരം വെച്ച്‌ എന്റെ അമ്മയ്‌ക്ക്‌ പേടിയുണ്ടായിരുന്നു ഞാന്‍ ജയിക്കുമോ എന്ന്‌. പോരാത്തതിന്‌ അമ്മ ജോലിസ്ഥലത്താണ്‌. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ്‌ വരുന്നത്‌.
എന്റെ ജിവിതത്തില്‍ അന്നുവരെ ഉറക്കം വരാത്ത രാത്രി റിസള്‍ട്ടിന്റെ തലേരാത്രിയാണ്‌. ജയിക്കുമെന്ന തോന്നലൊക്കെയുണ്ട്‌. പക്ഷേ, ഇവിടത്തെ ടീച്ചര്‍മാരല്ലല്ലോ പേപ്പര്‍ നോക്കുന്നത്‌. മോഡല്‍ പരീക്ഷയ്‌ക്ക്‌ 270 മാര്‍ക്കാണ്‌ കിട്ടിയത്‌. അമ്മയ്‌ക്കാണെങ്കില്‍ വേവലാതി.
ഉച്ചയ്‌ക്ക്‌ സ്‌കൂളുവിട്ടു വന്നാല്‍ റേഡിയോ പാട്ടുകേട്ട്‌ കണക്കു ചെയ്യല്‍...പറമ്പിലും മലയിലും കളിച്ചു നടക്കല്‍, മംഗളം മനോരമ വായന.....പറ്റുന്നത്ര ഉഴപ്പി...
തോറ്റാല്‍ പഴിപറയേണ്ടതൊക്കെ ഉറപ്പിച്ചു വെച്ചു. ചോക്കു കാണിച്ച്‌ ടെസ്റ്റ്യൂബാണെന്നു പറയുന്ന രസതന്ത്രക്ലാസ്സ്‌, ക്ലാസ്സിലിരുന്നുറങ്ങുന്ന കണക്കു സാര്‍...ഒക്‌ടോബര്‍ വരെ വരാഞ്ഞ ചരിത്രം, ഭൂമിശാസ്‌ത്രം, ഇംഗ്‌ളീഷ്‌ അധ്യാപകര്‍...പോരാഞ്ഞിട്ട്‌ വീട്ടില്‍ കരണ്ടില്ല...മണ്ണെണ്ണ വിളക്കിന്റെ ...

ഒക്‌ടോബറിനുശേഷം എത്തിയ ഇംഗ്ലീഷ്‌ ടീച്ചറെ വിഷം തീണ്ടി വീട്ടില്‍ കൊണ്ടു വന്ന ദിവസം ഞാനെന്തുമാത്രം പാടുപെട്ടെന്നോ..
ടീച്ചറുള്ളതുകൊണ്ട്‌ എങ്ങനെയോ പത്തുമണി വരെ ഉറങ്ങാതിരുന്നു. മുത്തശ്ശിയോടു പറഞ്ഞ്‌ മൂന്നു മണിക്ക്‌ വിളിച്ചുണര്‍ത്തി. ഉറക്കം തൂങ്ങി മണ്ണെണ്ണ വിളിക്കിനു മുന്നിലിരുന്നു....
ഹോ ഓര്‍ക്കാന്‍ വയ്യ. ഉച്ചയ്‌ക്ക്‌ സ്‌കൂളുവിട്ടു വന്നയുടനെ ചോറുണ്ട്‌ ഒറ്റക്കിടപ്പായിരുന്നു. തലേദിവസത്തെ കടം വീട്ടാന്‍...
എന്നിട്ടും ക്ലാസ്സില്‍ ടീച്ചര്‍ പരസ്യമായി പറഞ്ഞത്‌ പഠിത്തം പോരെന്നാണ്‌.

റിസള്‍ട്ടു വന്നപ്പോള്‍ സെക്കന്റ്‌ ക്ലാസ്‌. പിന്നീടെനിക്ക്‌ റാങ്ക്‌ കിട്ടിയപ്പോള്‍ പോലും എന്റെ അമ്മ ഇത്രയധികം സന്തോഷിച്ചിട്ടുണ്ടാവില്ല.
പറഞ്ഞു വന്നത്‌ എനിക്ക്‌ അവന്‌ പ്രണയിച്ചുകൊണ്ട്‌ സെക്കന്റ്‌ ക്ലാസ്‌ വാങ്ങാമെങ്കില്‍ അവനെന്താണ്‌?
...എന്റെ സൈ്വര്യം നശിച്ചു.
എങ്ങനെയെങ്കിലും എനിക്കവനെ കണ്ടേ മതിയാവൂ. കാണാവുന്ന ദൂരത്തുണ്ട്‌. പക്ഷേ,...
അവസാനം കോളേജിലേക്ക്‌ പോകും വഴി റോഡരുകില്‍ വെച്ച്‌ ഞാനാദ്യമായി അവനോട്‌ സംസാരിച്ചു.
'ജയിക്കുമോ?' രണ്ടും കല്‌പിച്ച്‌ ചോദിച്ചു
തിരിച്ചുള്ള പ്രതികരണം നോക്കാതെ സരോജ ടീച്ചര്‍ ഉപദേശിച്ചതങ്ങ്‌ പറഞ്ഞു.
തോറ്റാല്‍ എനിക്കാണ്‌ കുറ്റം എന്നും പറയാന്‍ മറന്നില്ല.

പനമ്പുമറയിലെ അളികള്‍ വീണ്ടും അടര്‍ന്നു പോയി. അത്യാവശ്യം ഒരു കൈ കടന്നു പോകാന്‍ പാകത്തിനുള്ള വട്ടം. അന്ന്‌ പ്രണയദിനമായിരുന്നിരിക്കണം...ഫെബ്രുവരിയായിരുന്നെന്ന്‌ ഓര്‍മയുണ്ട്‌.
പതിവുപോലെ നേരത്തെ ക്ലാസിലെത്തി. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രം അപ്പോള്‍. പത്താംക്ലാസ്സില്‍ വന്നവരൊക്കെ പുറത്താണ്‌. മെല്ലെ അവന്‍ പനമ്പുമറയ്‌ക്കപ്പുറം വന്നു നിന്നു വിളിച്ചു.
ഞാന്‍ അളിഅടര്‍ന്ന വട്ടത്തിലൂടെ നോക്കി. എനിക്കു നേരെ വരുന്നു ഒരു പനിനീര്‍ പൂവ്‌...

അത്‌ ഞാന്‍ സൂക്ഷിച്ചു വെച്ചു. ചെറിയ ഒരു പാത്രത്തിലാക്കിവെച്ചു. കരിഞ്ഞുപോയാലും നഷ്ടപ്പെടരുതെന്ന്‌ കരുതി.
പിന്നീടെപ്പോഴൊ വിരുന്നു പോയി വന്നപ്പോള്‍ മുറ്റത്തിനതിരില്‍ രണ്ടു കഷ്‌ണമായി കിടക്കുന്നു എന്റെ പൂവു വെച്ച്‌ പാത്രം.....
ഉണങ്ങിയ പനിനീര്‍പൂവ്‌ ഞാന്‍ തിരഞ്ഞു..ഇല്ല..ഇല്ല
എങ്ങുമില്ല..
അത്‌ കാറ്റത്തെങ്ങോ പറന്ന്‌ പറന്ന്‌.....

22 comments:

Myna said...

പ്രണയത്തിന്റെ രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരസ്‌പരമറിയാമായിരുന്നു.
ഒരു വര്‍ഷത്തിനു ശേഷമാണ്‌ സംസാരിക്കുന്നത്‌. പത്താംക്ലാസിന്റെ അവസാനദിനത്തില്‍.... സ്‌കൂള്‍ വരാന്തയുടെ അറ്റത്ത്‌ വിറയലോടെ ഞാനവന്റെ മുന്നില്‍ നിന്നു.
'മറക്കുമോ?'
അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്‌ പലതരത്തില്‍ വാക്കുകള്‍ കൊണ്ട്‌ ഉത്തരം പറയാമായിരുന്നിട്ടും മുഖത്തേക്കുപോലും നോക്കാന്‍ ശക്തിപോരാഞ്ഞ്‌ ഇല്ലെന്ന്‌ തലയാട്ടുക മാത്രമാണ്‌ ചെയ്‌തത്‌.

കണ്ണൂരാന്‍ - KANNURAN said...

ഭംഗിയായി എഴുതിയിരിക്കുന്നു. ഹൃദയത്തില്‍ തൊട്ടുകൊണ്ടു തന്നെ....

നിരക്ഷരൻ said...

എങ്കിലും പ്രണയത്തിന്റെ രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരസ്‌പരമറിയാമായിരുന്നു.

ഹാ...
ഒരു പ്രണയദിനത്തിന്റെ എല്ലാ മനോഹാരിതയും പകര്‍ന്നുതന്നതിന് നന്ദി.
:)

ദിലീപ് വിശ്വനാഥ് said...

ഒരു നല്ല സത്യന്‍ അന്തിക്കാട് ചിത്രം കണ്ടതുപോലെയുണ്ട്.

Unknown said...

കൌമാര മനസ്സിലെ നിഷ്ക്കളങ്കവും,മധുരവുമായ പ്രണയം :)

കണ്ണൂരാന്‍ - KANNURAN said...

ഒന്നാം പിറന്നാള്‍, 50ആം പോസ്റ്റ് ആശംസകളര്‍പ്പിക്കാന്‍ മറന്നു... ഇനിയും നല്ല നല്ല പോസ്റ്റുകള്‍ എഴുതാന്‍ സാധിക്കട്ടെ... അഭിനന്ദങ്ങള്‍.

വല്യമ്മായി said...

ആശംസകള്‍

നല്ല കഥ,നല്ല അവതരണം

ഞാനും ആ ഒമ്പതും പത്തും ക്ലാസ്സുകളിലെവിടെയോ..............

പൊറാടത്ത് said...

നല്ല അവതരണം. ഭംഗിയുള്ള രീതി..

വല്ല്യമ്മായി പറഞ്ഞതു പോലെ, ഒരുപക്ഷെ ഒന്‍പതിലും പത്തിലും ഒക്കെ പഠിയ്ക്കുന്ന കാലത്ത് മിയ്ക്കവറ്ക്കും ഇത്തരം ഒരു കഥ ഓറ്ക്കാനുണ്ടാകും..

ആശംസകള്‍..

കാനനവാസന്‍ said...

ഒരു പ്രണയത്തെ വളരെ നന്നായി അവതരി‍പ്പിച്ചിരിക്കുന്നു......
ആശംസകള്‍..... :)

ഉപാസന || Upasana said...

സിമ്പിള്‍...
മീനിംങ് ഫുള്‍...
മൈന്‍ഡ് ടച്ചിംങ്...

ഇഷ്ടമായ് മൈന നന്നായി.
അവസനം മനസ്സും ഇരമ്പി.
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയത്തിന്റെ രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരസ്‌പരമറിയാമായിരുന്നു.
മെയ്മാസത്തില്‍ ഒഴുകും മഞുപോലെ
അക്ഷരങ്ങളില്‍ തീര്‍ത്തൊരീ.....സ്പന്ദനങ്ങള്‍
ഒരു പ്രണയ താരാട്ടിന്‍ ഓര്‍മ്മകളിലേക്ക്
നമ്മെ കൈ പിടിച്ച് നടത്തുകയാണ്‌..

sv said...

പറയാന്‍ ബാക്കി വച്ച വാക്കുകള്‍,കാണാന്‍ ബാക്കി വച്ച കനവുകള്‍.. എല്ലാം ഓര്‍മ്മിപ്പിച്ച് കൊണ്ട് ഒരു പനിനീര്‍പൂവ് വീണ്ടും..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

നിലാവര്‍ നിസ said...

പിറന്നാള്‍ ആശംസകള്‍.. നല്ല എഴുത്ത്..
എങ്കിലും ചോദിക്കാന്‍ തോന്നുന്നു.. പിന്നെ?

കാവലാന്‍ said...

"ഉണങ്ങിയ പനിനീര്‍പൂവ്‌ ഞാന്‍ തിരഞ്ഞു..ഇല്ല..ഇല്ല
എങ്ങുമില്ല.."

പ്രണയമാവാഹിച്ച പൂവായിരുന്നെങ്കില്‍ അതൊരിക്കലും വാടില്ല....ഹൃദയത്തിലെങ്കിലും.

ഏറനാടന്‍ said...

"ഉണങ്ങിയ പനിനീര്‍പൂവ്‌ ഞാന്‍ തിരഞ്ഞു..ഇല്ല..ഇല്ല
എങ്ങുമില്ല..
അത്‌ കാറ്റത്തെങ്ങോ പറന്ന്‌ പറന്ന്‌....." ഇഷ്‌ടായി വരികള്‍ കഥ മൊത്തവും.. ഹൃദയസ്‌ഫര്‍‌ക്കായിട്ടുണ്ട്. കാറ്റില്‍ പെട്ട പാവം പൂവ് എന്നയിരുന്നു നല്ലതെന്നു തോന്നി കഥയുടെ ടൈറ്റില്‍.. :)

എസ്.കെ (ശ്രീ) said...

മൈന മനസ്സിലെവിടെയോ ഓര്‍മ്മകളെ ഉണര്‍ത്തി..
കുറച്ചുനേരം എവിടെയൊക്കെയോ ഞാനും പോയി
സന്തോഷം നല്ല ഫെബ്രുവരി ചിന്തകള്‍..

Myna said...

പ്രിയ കണ്ണൂരാന്‍, വാല്‍മീകി, നിരക്ഷരന്‍, ആഗ്നേയ, വല്ല്യമ്മായി, പൊറാടത്ത്‌, കാനനവാസന്‍, ഉപാസന, മിന്നാമിനുങ്ങ്‌, sv, കാവലാന്‍, ഏറനാടന്‍, ഞാന്‍ ശ്രീ, എല്ലാവര്‍ക്കും നന്ദി.
നിലാവര്‍ നിസ ചോദിച്ച പിന്നെ?....അതിനുള്ള ഉത്തരം അതില്‍ തന്നെയുണ്ടല്ലോ.
-ഉണങ്ങിയ പനിനീര്‍പൂവ്‌ ഞാന്‍ തിരഞ്ഞു..ഇല്ല..ഇല്ല
എങ്ങുമില്ല..
അത്‌ കാറ്റത്തെങ്ങോ പറന്ന്‌ പറന്ന്‌.....

ടി.സി.രാജേഷ്‌ said...

കയ്യെത്തും ദൂരത്ത്‌ ഉണങ്ങാത്ത പനിനീര്‍പ്പൂവുകളായി മൈനാ, മറ്റൊരു ഫെബ്രുവരി... എന്താമൈനാ ഇങ്ങിനെ? നമ്മുടെയൊക്കെ ജീവിതത്തില്‍ മറക്കാതിരിക്കാനായി നശിച്ച ഫെബ്രുവരി.....

sree said...

നല്ല കുറിപ്പ്. പ്രണയം വിഷയമാവുന്നിടത്തൊക്കെ വേര്�പാട്, നഷ്ടബോധം...എന്തെ അങ്ങനെ? എത്തിപ്പിടിച്ചാല്� ആലിപ്പഴം പോലെ അലിഞ്ഞുപോവുന്നതു കൊണ്ടാണൊ? സര്�പ്പഗന്ധിക്ക് ആശംസകള്�!

ടോട്ടോചാന്‍ said...

ഇപ്പോഴാണ് വായിച്ചത്...

എനിക്കും അറിയാതെ ഒന്നു തിരിഞ്ഞു നോക്കാന്‍ തോന്നുന്നു....

Anonymous said...

"സര്‍പ്പഗന്ധിക്ക്‌ ഒരു വയസ്സും അന്‍പതാമത്തെ പോസ്‌റ്റും"

ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞാൽ......