Wednesday, October 31, 2007

മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?


കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട്ടിലെ മുരിക്കുകള്‍ക്ക്‌ എന്തോ സംഭവിക്കുന്നുണ്ട്‌.
കുരുമുളകു വള്ളി പടര്‍ത്തിയിരുന്ന മുരിക്ക്‌ ചുരുണ്ടുകൂടി നില്‌ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്‌പ്രിംഗ്‌ പോലെ നില്‍ക്കുന്നു. മുരിക്കുകള്‍ അധികവും ഉണങ്ങിപോയിരിക്കുന്നു.
വയനാട്ടിലെ പ്രാദേശിക ചാനലടക്കം മാധ്യമങ്ങളില്‍ ഈ പ്രശ്‌നം കടന്നു വന്നിട്ടുണ്ട്‌.എന്താണ്‌ മുരിക്കില്‍ അടുത്ത കാലത്തായി ഇങ്ങനൊരു പ്രതിഭാസം.
മുരിക്കിനു വംശനാശം സംഭവിക്കുന്നോ?
ഇനി നമ്മള്‍ എവിടെപോകും മുരിക്കുമരവും കടും ചുവപ്പ്‌ മുരിക്കിന്‍ പൂവു കാണാനും.
ഈ ചോദ്യത്തിനു മുന്നില്‍ ചില ആശങ്കകളുണ്ട്‌.
വയനാടന്‍ ചുരമിറങ്ങി കോഴിക്കോടും ഈ പ്രതിഭാസമുണ്ട്‌.


വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്‌. വയനാടന്‍ ജനത അതുകൊണ്ട്‌ ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകള്‍ തന്നെ. കോഴിക്കോടും മുരിക്കുകള്‍ രോഗം ബാധിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഈ ചിന്തയ്‌ക്ക്‌ ശക്തി കൂടുന്നുണ്ട്‌.

എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഹൈറേഞ്ചുകാരിയായ എനിക്ക്‌ മുരിക്കിന്റെ ദാരുണമായ ഈ അവസ്‌ഥയില്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട്‌.
ഞങ്ങളുടെ ജീവിതത്തില്‍ അത്രത്തോളമാണ്‌ മുരിക്കിനുള്ള സ്ഥാനം.

വീടുകഴിഞ്ഞ്‌ ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.
വേലിയായിട്ടോ, കുരുമുളകു പടര്‍ത്തിയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..

മറയൂരില്‍ താമസിക്കുമ്പോള്‍ അവിടെ മുരിക്ക്‌ കുറവായിരുന്നു. ഉള്ളതു തന്നെ മുള്ളില്ലാ മുരിക്കുകള്‍ . ‍ഞങ്ങളുടെ അയല്‍ വീട്ടിലെ കച്ചിത്തുറു നിന്നത്‌ അത്തരമൊരു മുരിക്കിലായിരുന്നു. പൂക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പൂക്കള്‍..മുരിക്കിന്‍ പൂവു പറിക്കാന്‍ ഞങ്ങള്‍ക്ക്‌ പേടിയായിരുന്നു.

' മുരിക്കിന്‍ പൂവു പറിച്ചാല്‍ കണ്ണുപൊട്ടിപ്പോകും' എന്നു കൂട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ മുതിര്‍ന്നപ്പോള്‍ 'കണ്ണുപൊട്ടിയാല്‍ പൊട്ടട്ടേ ' എന്നു വിചാരിച്ച്‌ പൂവു പറിച്ചു നോക്കിയിട്ടുണ്ട്‌. ഇന്നു വരെ കണ്ണിന്‌ കാഴ്‌ചക്കുറവുണ്ടായിട്ടില്ല. നാടാകെ ചെങ്കണ്ണ്‌ പടര്‍ന്നു പിടിക്കുമ്പോള്‍ അതും അടുത്തു വന്നില്ല.

വേനലായാല്‍ മുരിക്കിന്റെ കമ്പു വെട്ടി തണലത്ത്‌ പാളകൊണ്ടും ഓലകൊണ്ടുമൊക്കെ പൊതിഞ്ഞു വെയ്‌ക്കും. വെയിലേറ്റ്‌ തൊലി പൊള്ളാതിരിക്കാന്‍. മേടത്തിലെ മഴയ്‌ക്ക കമ്പു നടും. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ വേഗത്തില്‍ വളരുന്നതാവണം കുരുമുളകു കൊടി ഇതില്‍ പടര്‍ത്താന്‍ കാരണം.

മധ്യവേനലവധിക്കാലത്ത്‌ കളിച്ചു നടക്കുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ കാലുകളില്‍ മുരിക്കുമുള്ളു തറഞ്ഞു. അസഹ്യമായ വേദന...ചിലപ്പോള്‍ നീര്‌, ചൂട്‌...ഇതു ചിലപ്പോള്‍ വിഷമായി മാറാറുണ്ട്‌.ചിലര്‍ ടി.ടി. ഇഞ്ചക്ഷന്‍ എടുത്താല്‍ കുറച്ചുപേര്‍ വിഷഹാരിയെ തേടിപ്പോകും.
മുതിര്‍ന്നപ്പോള്‍ ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ധാരാളം.

മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്‌. ചീര, മുരിങ്ങയിലപോലെ, താള്‌, തകരപോലെ....
ഔഷധവും..

എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
' അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം ' എന്നാണ്‌ ചൊല്ല്‌.
അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത്‌ നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്‌.
പുകഞ്ഞ്‌ പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും.

മുരിക്കു കലാപരമായി നട്ടുകണ്ടത്‌ മാട്ടുപെട്ടി ഇന്‍ഡോ-സ്വിസ്‌ പോജക്‌ടിന്റെ വഴിയിലാണ്‌. റോഡിനിരുവശത്തും മുരിക്കു നട്ട്‌ വളച്ച്‌ ആര്‍ച്ച്‌ ആകൃതിയില്‍...ആരാണീ സൃഷ്‌ടിക്കു പിന്നില്‍ എന്ന്‌ കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും. സമ്മര്‍ ഇന്‍ ബത്‌ലഹേം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളിലെ പാട്ടുസീനുകളില്‍ ഈ മുരിക്കു കടന്നു വരുന്നുണ്ട്‌.

ഇങ്ങനെയോക്കെയുള്ള മുരിക്കാണ്‌ നശിച്ചുകൊണ്ടിരിക്കുന്നത്‌.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം?
അതോ മറ്റെന്തെങ്കിലും രോഗമോ?

സംശയമില്ല, മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്‍ടവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്‌....വയനാട്‌, കോഴിക്കോട്‌ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട്‌ ഞാന്‍ ‍ഇടുക്കിയില്‍ അനിയത്തിയെ വിളിച്ചു.
"നീയൊന്ന്‌ പുറത്തിരങ്ങി മുരിക്ക്‌ നോക്ക്‌...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?"
അവള്‍ പറഞ്ഞു.
"എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്‌."
ഹ..ഹ..ഹ..
അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.
വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട്‌ ഇലകളുമായി മുരിക്കുണ്ട്‌.

എന്നാല്‍ വയനാട്ടിലും കോഴിക്കോട്ടും എന്തുപറ്റി?
രോഗമാണെങ്കില്‍ പ്രതിവിധിയില്ലേ?
അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ ഇക്കാര്യം?

റേഡിയോ പ്രവര്‍ത്തിക്കുന്ന, ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ്‌ മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം. വളരെ വര്‍ഷങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അന്നൊന്നു ഉണ്ടാവാത്ത മുരിക്കുരോഗത്തിന്‌ ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.

പൊതുവേ പെട്ടെന്ന്‌ ഒടിയുന്ന, കനം കുറഞ്ഞ മരമാണ്‌ മുരിക്ക്‌.
അതേ പോലെ തന്നെയാണ്‌ ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.

എന്തായാലും ഇതിന്റെ ശാസ്‌ത്രീയ വശമറിയാന്‍ ആരെങ്കിലുമെത്തുമെന്ന്‌ പ്രതീക്ഷിക്കാം.
വൈകിയാല്‍ വയനാടന്‍ ചുരമിറങ്ങുന്ന കാറ്റ്‌ നാടാകെ പടര്‍ന്ന്‌ പിടിച്ച്‌ മുരിക്കുകളെ നാമവശേഷമാക്കി കളഞ്ഞേക്കാം.

19 comments:

Myna said...

കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട്ടിലെ മുരിക്കുകള്‍ക്ക്‌ എന്തോ സംഭവിക്കുന്നുണ്ട്‌.
കുരുമുളകു വള്ളി പടര്‍ത്തിയിരുന്ന മുരിക്ക്‌ ചുരുണ്ടുകൂടി നില്‌ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്‌പ്രിംഗ്‌ പോലെ നില്‍ക്കുന്നു. മുരിക്കുകള്‍ അധികവും ഉണങ്ങിപോയിരിക്കുന്നു.
വയനാട്ടിലെ പ്രാദേശിക ചാനലടക്കം മാധ്യമങ്ങളില്‍ ഈ പ്രശ്‌നം കടന്നു വന്നിട്ടുണ്ട്‌.എന്താണ്‌ മുരിക്കില്‍ അടുത്ത കാലത്തായി ഇങ്ങനൊരു പ്രതിഭാസം.
മുരിക്കിനു വംശനാശം സംഭവിക്കുന്നോ?
ഇനി നമ്മള്‍ എവിടെപോകും മുരിക്കുമരവും കടും ചുവപ്പ്‌ മുരിക്കിന്‍ പൂവു കാണാനും.
ഈ ചോദ്യത്തിനു മുന്നില്‍ ചില ആശങ്കകളുണ്ട്‌.
വയനാടന്‍ ചുരമിറങ്ങി കോഴിക്കോടും ഈ പ്രതിഭാസമുണ്ട്‌.

ദിലീപ് വിശ്വനാഥ് said...

ഇതു മുരിക്കുകള്‍ക്ക് മാത്രമെ ബാധകമാവുകയുല്ലോ? അങ്ങനെയാണെങ്കില്‍ വേറെ പല മരങ്ങള്‍ക്കും ഇതു ബാധകമല്ലേ? ?

Anonymous said...

good post..indifferents..
valmiki please read last part of the post. your qn answer there.
വളരെ വര്‍ഷങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അന്നൊന്നു ഉണ്ടാവാത്ത മുരിക്കുരോഗത്തിന്‌ ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.

പൊതുവേ പെട്ടെന്ന്‌ ഒടിയുന്ന, കനം കുറഞ്ഞ മരമാണ്‌ മുരിക്ക്‌.
അതേ പോലെ തന്നെയാണ്‌ ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.
pls read again

തറവാടി said...

ഞാന്‍ ഉദ്ദേശിച്ച മരമാണോ ഈ പറഞ്ഞതെന്നെനിക്ക് തീര്‍ച്ചയില്ല , എന്തായാലും , ഇതിന്‍ മേലുള്ള മുള്ള് അടര്‍ത്തിയെടുത്ത് , അടിഭാഗം കല്ലിലോ ,ചുമരിലോ ഉരച്ച് , മിനുസമാക്കിയെടുക്കും , പിന്നീട് ചേറിയ കത്തിയുടെ മുനകൊണ്ടോ , കോമ്പസ്സ് മുനകൊണ്ടോ ചുരണ്ടി പേരെഴുതും.

പുസ്തകങ്ങളില്‍ പേരെഴുതാനും മറ്റും ഇത് 'സ്റ്റാമ്പ്' ആയി ഉപയോഗിക്കുമായിരുന്നു , :)

ഉത്തരം നല്‍‌കാനുള്ള അറിവില്ലാത്തതിനാല്‍ , ആശങ്കയില്‍ പങ്കു ചേരുകമാത്രം ചെയ്യുന്നു.

നല്ല പോസ്റ്റ് :)

Anonymous said...

nice post

asdfasdf asfdasdf said...

മൊബൈല്‍ ടവറുമായുള്ള പ്രശ്നമൊന്നുമാവണമെന്നില്ല. കുരുമുളകിനു വരുന്ന ധ്രുതവാട്ടം എന്ന വൈറസ് ഉപദ്രവം പലപ്പോ‍ഴും ചേര്‍ന്നു നില്ക്കുന്ന മുരിക്കുപോലുള്ള മരങ്ങള്‍ക്കും വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. ഒരു പക്ഷേ അതാവാനേ വഴിയുള്ളൂ.

കണ്ണൂരാന്‍ - KANNURAN said...

നല്ല നിരീക്ഷണം.. പോസ്റ്റിന്നലെ വായിച്ചു. ഇന്നു പറമ്പിലുള്ള മുരിക്കൊക്കെ നോക്കി, വലിയ കുഴപ്പമൊന്നുമില്ല, രോഗം ഇവിടെ ബാധിച്ചിട്ടില്ലെന്നു മനസ്സിലായി. പക്ഷെ അപ്പോഴാണെനിക്കു ഒരു കാര്യം മനസ്സിലായത് പണ്ടത്തേതിലും എത്രയോ കുറവു മുരിക്കേ ഉള്ളൂ പറമ്പിലൊക്കെ.. എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.

K.P.Sukumaran said...

മൊബൈല്‍ ടവ്വറുമായി മുരിക്കിന് ബന്ധമുണ്ട് . മുരിക്ക് മാത്രമല്ല “ മ “എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മുഴുവന്‍ സസ്യങ്ങളും വൃക്ഷങ്ങളും ഈ മൊബൈല്‍ ടവ്വറുകള്‍ വന്നതില്‍പ്പിന്നെ ഉണങ്ങിപ്പോകുന്നതായി കണ്ടുവരുന്നു.

Myna said...

സാജന്റെ നിരീക്ഷണം നന്നായിട്ടുണ്ടല്ലോ.
'മ' സസ്യങ്ങളും വൃക്ഷങ്ങളും മൊബൈല്‍ ടവറും തമ്മില്‍ എന്താണു ബന്ധം. ഒന്നു വിശദമാക്കാമോ
ശാസ്‌ത്രീയ വശം എന്തെങ്കിലുമുണ്ടോ
എങ്കില്‍ അതുകൂടി പറയൂ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുരിയ്ക്കുകളും മൊബൈല്‍ ടവറുകളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിയ്ക്കു അറിയില്ല..അതു കൊണ്ടു അതിനെപ്പറ്റി അഭിപ്രായം പറയുന്നതു ശരിയാവില്ല..എന്നാല്‍ ഈ പോസ്റ്റ് ഒന്നു എന്നെ ഓര്‍മ്മിപ്പിച്ചു..പാവം മുരിക്കുകള്‍...ഹൈറേഞ്ചിലെ “മുരിക്കു വെട്ട്” ഒരു വലിയ ആഘോഷം പോലെ ആണ്. അതില്‍ സഹായിയ്ക്കാന്‍ ഹൈ റേഞ്ചിലുള്ള ബന്ധുക്കളുടെ അടുത്തെയ്യ്ക്കു ഞങ്ങളുടെ നാട്ടില്‍ നിന്നും ആള്‍ക്കാര്‍ പോകാറുണ്ടായിരുന്നു..അവിടുത്തെ ജീവിതവുമായി “മുരിക്കുകള്‍ക്കു” അഭേദ്യമായ ബന്ധം ആണുള്ളത്..അതു വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു മൈനയ്ക്കു നന്ദി...മുരിയ്ക്കുകളെല്ലാം വേഗം സുഖം പ്രാപിയ്ക്കട്ടേ...

Mubarak Merchant said...

മുരിക്ക്-മൊബൈല്‍ ടവര്‍ ബന്ധം അറിയില്ല.
എന്നാല്‍ മൊബൈല്‍ ടവറുകളില്‍നിന്ന് അനുവദനീയമായതിലും പലമടങ്ങ് ഊര്‍ജ്ജം പുരത്ത് വിട്ടത് മൂലം പരിസരത്ത് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് തകരാരുണ്ടായതായും മറ്റും വായിച്ചും കേട്ടുമൊക്കെ അറിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ആഗ്രഹമുണ്ട്. സാങ്കേതികമായ അറിവുള്ളവര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Sathees Makkoth | Asha Revamma said...

നല്ല വിഷയം. നല്ല പോസ്റ്റ്.
സാജന്‍ നടത്തിയ പോലത്തെ ഗവേഷണങ്ങള്‍ ആരെങ്കിലുമൊക്കെ നടത്തുമെന്ന് ആശിക്കാം.

സാജന്‍| SAJAN said...

അലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലാലോ, എങ്കിലും കണ്ടെത്തല്‍ നന്നായി,ഒപ്പം എഴുത്തും:)

അങ്കിള്‍ said...

:)

Ralminov റാല്‍മിനോവ് said...

ആ പിക്സലിന്റെ കാര്യം മനസ്സിലായില്ല !

കാര്‍വര്‍ണം said...

മുരിക്ക് മരങ്ങള്‍ എന്റെയും വീക്നെസ്സ് തന്നെ. കുറെ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു നന്ദി.

“കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്
മുരിക്കിന്‍ പൂവേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ് “

തെറ്റുണ്ടെന്നു തോന്നുന്നു.
ഒന്നും വിചാരിക്കല്ലെ സഹിക്കാന്‍ പറ്റുന്നില്ല അതാ

കാര്‍വര്‍ണം said...

തറവാടി ഉദ്ദേശിച്ചതു ഇലവു മരമാണെന്നു തോന്നുന്നു. മുരിക്കിന്റെ മുള്ളും തടിയും ഇലവിന്റെ അത്ര ബലമുള്ളതല്ല.മുള്ളു ചെറിയതാണു, റൊസാമ്മുള്ളു പോലെ കുറേക്കൂടി വലുപ്പത്തില്‍

മരണാനന്തരം ഒരിലവു മരത്തെ പരിചയപ്പെടെണ്ടതുണ്ട്. പാപികള്‍ ആദി പിതാവിന്റെ വേഷത്തില്‍ ഒരു ഇലവു മരത്തില്‍ കേറണം.
പേടിക്കണ്ട് ഇപ്പൊള്‍ അതിന്റെ തടി മാര്‍ബിള്‍ പോലെ മിനുസമായെത്രെ.

പൊൻകുരിശു തോമാ said...

Ralminov റാല്‍മിനോവ് said...

ആ പിക്സലിന്റെ കാര്യം മനസ്സിലായില്ല

എനിക്കും മനസ്സിലായില്ല....
ഇനി ഫ്രീക്വന്‍സി ആണ്‍ ഉദ്ദേശിച്ചതെങ്കില്‍ അത്
മൊബൈല്‍ സിഗ്നലുകള്‍ക്ക് റേഡിയോ സിഗ്നലുകളേക്കാള്‍ (AM/FM) കൂടുതലാ‍ണ്‍ :D

absolute_void(); said...

good post. if not from santhosh's post, i may not have been here.