Thursday, October 4, 2007

മുസ്ലീം സ്‌ത്രീക്ക്‌ ടി.വിക്കു മുമ്പില്‍പ്രത്യക്ഷപ്പെട്ടു കൂടെ?

ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.
"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.
"മൂപ്പര്‌ മ്മതിക്കില്ലെടോ"



മതത്തോടല്ല എന്നാല്‍ മതങ്ങളിലെ ചില നടപ്പുകളോടാണ്‌ എന്റെ കലഹം. ഏതു മതത്തിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ട്‌. എന്നാല്‍ ഇതാണെന്റെ മതം..ഇതുമാത്രമാണ്‌ ശരി എന്ന നിലപാടെനിക്കില്ല. ഒരു പക്ഷേ ഒളിച്ചോട്ടമാവാം അത്‌. എങ്കിലും...

ഒരാഴ്‌ച മുമ്പ്‌ എന്നെ വിഷമത്തിലാഴ്‌ത്തിയ സംഭവമുണ്ടായി. ഏഷ്യാനെറ്റ്‌ ചാനലില്‍ കേരള സ്‌കാന്‍ പരിപാടിയിലേക്ക്‌ ചെറിയ സംഭാവന.. വിഷയം നോമ്പും ഇസ്ലാമും...നോമ്പ്‌ എന്ന്‌ ‌ മലബാറിലും തെക്കോട്ട നൊയമ്പും എന്നും പറയപ്പെടുന്ന വ്രതാനുഷ്‌ഠാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ശരീരത്തിനും മനസ്സിനും ആനന്ദം. ആത്മസംസ്‌ക്കരണത്തിന്റെ നാളുകള്‍...റംസാനില്‍ മാത്രം നോമ്പെടുക്കണമെന്ന ശാഠ്യമില്ല. തോന്നുമ്പോഴൊക്കെ അനുഷ്‌ഠിക്കാം എന്ന നിലപാടെനിക്ക്‌.

പക്ഷേ പ്രശ്‌നമതല്ലല്ലോ.. ഇസ്ലാം, ഖുര്‍-ആന്‍, ചിട്ടകള്‍ ഒന്നും കാര്യമായിട്ടറിയാത്ത എന്നോടാണ്‌ അഭിമുഖം. നിരസിക്കാന്‍ പറ്റാത്ത , ഗുരുതുല്യനായൊരാള്‍ പറയുമ്പോള്‍....എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞു നോക്കി. പക്ഷേ പെണ്‍ പക്ഷത്തുനിന്നൊരാള്‍ വേണം.

മതത്തെക്കുറിച്ച്‌ നന്നായറിയാവുന്ന കര്‍മ്മങ്ങള്‍ മുറകൂടാതെ ചെയ്യുന്ന എന്നാല്‍ പുരുഷ കാഴ്‌ചപ്പാടുകളോട്‌ എതിരും സ്വന്തം കാഴ്‌ചപ്പാടുമുള്ള ഒന്നു രണ്ടു പേരുടെ പേര്‍ ഞാന്‍ പറഞ്ഞു നോക്കി.

നോ രക്ഷ

പക്ഷേ ഞാനെന്തു പറയും.

ആദ്യം കോഴിക്കോട്ടുകാരി സുഹൃത്തിനെ വിളിച്ചു.

അവള്‍ അടുക്കളയുടെ ഭാരം പറഞ്ഞു.

- പെണ്ണുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനോ, വേദപുസ്‌തകം പാരായണം ചെയ്യാനോ നേരമില്ല. വെയ്‌ക്കുക,വിളമ്പുക...രണ്ടും മൂന്നും പെണ്‍മക്കളുള്‌ളവരുടെ കാര്യം പറയുകയും വേണ്ട. നോമ്പു തുറപ്പിക്കാന്‍ ഇങ്ങോട്ടു വിളിക്കണം. അങ്ങോട്ടു പോകണം. ഓരോ പത്തിലും അങ്ങോട്ട്‌ വിഭവങ്ങള്‍ ഉണ്ടാക്കി കൊടുത്തയക്കണം. ബന്ധുവീടുകളില്‍ നോമ്പു തുറക്കു പോകണം....

എവിടെ ആത്മ സംസ്‌ക്കരണം? (സ്‌ത്രീക്ക്‌ )

മധ്യ തിരിവിതാംകൂറുകാരിയായ എനിക്ക്‌ നോമ്പനുഭവം മറ്റൊരു തരത്തിലാണ്‌. നോമ്പു തുറപ്പിക്കാല്‍ എന്നാല്‍ അവിടെ പുണ്യ പ്രവര്‍ത്തിയാണ്‌. പാവങ്ങളെ വിളിച്ച്‌ നോമ്പു തുറപ്പിക്കുന്നു. ചായ, പത്തിരി, കറി...സമ്പന്നരായവര്‍ പഴങ്ങളും തരിയും മറ്റും ഇപ്പോള്‍ വടക്കുനിന്നുള്ള കാറ്റേറ്റ്‌ ചെയ്യുന്നുണ്ട്‌.
ഇവിടെ പക്ഷേ മുകളില്‍ പറഞ്ഞതുപോലെയാണ്‌.

ആയിരം വിഭവങ്ങള്‍..എണ്ണയില്‍ വറുത്തതും പൊരിച്ചതും....പലഹാരങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം ബിരിയാണികള്‍ക്കാണ്‌...
വനിതയുടെ പരസ്യം പോലെ 'പെരുന്നാളിന്‌ 20 തരം ബിരിയാണികള്‍..'

വ്രതാനുഷ്‌ഠാനത്തിന്റെ യഥാര്‍ത്ഥസത്ത നഷ്ടപ്പെടുകയല്ലേ ഇവിടെ?

കാഞ്ഞ വയറിലേക്ക്‌ എണ്ണയും കൊഴുപ്പുകളും ചെന്നാല്‍ ഒരു കുഴപ്പവുമില്ലെന്നാണോ?
വലിയവര്‍ ചെറിയവനെ (ദരിദ്രനെ അറിയാനാണ്‌ നോമ്പെടുക്കുന്നതെന്നാണ്‌ എന്റെ അറിവ്‌)

ഇവിടെ പാചകമേളയും, ധൂര്‍ത്തും , ആര്‍ഭാടവുമല്ലേ? ഇല്ലാത്തവനെ അറിയുന്നുണ്ടോ?

കൂട്ടുകാരിയെ വിളിച്ചൂ കഴിഞ്ഞ്‌ ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.

"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില്‍ സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.

"മൂപ്പര്‌ സ്‌മ്മതിക്കില്ലെടോ"

ഭാര്യ ടി. വി.ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്‌ പല മുസ്ലീം പുരുഷന്മാര്‍ക്കും ഇഷ്ടമല്ലത്രേ..(എല്ലാവര്‍ക്കും അങ്ങനെയാണോ)

പറയേണ്ടതു പറയാന്‍ പിന്നെ ആര്‍ വരും?

എന്തായാലും പരിപാടി വന്നു.

ഗ്രാമഫോണിനരുകില്‍ സില്‍ക്കു ജൂബയിട്ടിരുന്ന്‌ ഹാജി പറഞ്ഞു. ഭാര്യ പര്‍ദ്ദയിടേണ്ടത്‌ എന്റെ ആവശ്യമല്ല..കാണുന്ന നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനെണെന്ന്‌ .

പക്ഷേ, ജൂബക്കാരനായ അദ്ദേഹത്തിന്റെ മുഖം മാത്രമാണല്ലോ എന്റെ കണ്ണില്‍ വീണ്ടും വീണ്ടും തെളിയുന്നത്‌.

20 comments:

Myna said...

ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.
"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.
"മൂപ്പര്‌ സ്‌മ്മതിക്കില്ലെടോ"

കണ്ണൂരാന്‍ - KANNURAN said...

സമകാലിക പ്രസക്തിയുള്ള വിഷയം തന്നെയിത്. ശരിയെന്നുതോന്നുന്ന നിലപാടുകള്‍ തുറന്നു പറയുക, വിമര്‍ശന ശരങ്ങള്‍ നീളുമെന്നുറപ്പെങ്കിലും..

Mubarak Merchant said...

മൈനയുടെ ചിന്താഗതിയെ തെറ്റു പറയാനാവില്ല.
ഇസ്ലാം എന്ന് പറഞ്ഞാല്‍ ഒരു കൂട്ടം അനുഷ്ഠാനങ്ങളുടെ കാട്ടിക്കൂട്ടല്‍ മാത്രമായി മാറുന്ന അവസ്ഥയാണിന്നു കേരളത്തില്‍. എന്നാല്‍ ലോകം അറിയുന്ന, അറിയേണ്ട ഇസ്ലാം ഇതല്ല.
അത് ഇവിടെ ശങ്കരാചാര്യര്‍ പറയുന്ന ആ ഇസ്ലാമാണ്. അല്ലാതെ തലപ്പാവു നിറയെ അജ്ഞതയും ഇബ്‌ലീസ് വളരുന്ന താടിരോമങ്ങളും പേറുന്ന നവയുഗ മുസലിയാക്കൂട്ടമോ സ്വന്തം സംഘടനയില്‍ ചേരുന്നത് വരെ ജ്ഞാനം മറ്റുള്ളവരിലേക്ക് പകരാന്‍ തയ്യാറാവാത്ത പുരോഗമന ഇസ്ലാമിക പ്രസ്ഥാനക്കാരോ പറയുന്നതല്ല ഇസ്ലാം. അതറിയാന്‍ നേരം കിട്ടുമ്പോള്‍ ദാ ഇത് വായിക്കുക.

കുഞ്ഞന്‍ said...

പ്രസക്തമായ കാര്യത്തിലേക്കു വിരല്‍ ചൂണ്ടിയിരിക്കുന്നു. നല്ല രീതിയിലൊരു ചര്‍ച്ചയാകുമെങ്കില്‍ ഇതു ബൂലോകത്തിനൊരു മുതല്‍ക്കൂട്ടായിരിക്കും.

ഓ.ടോ. ഇക്കാസെ വളരെ നന്ദി രണ്ടു ലിങ്കുകള്‍ക്കും. വിശുദ്ധ ഖുറാനെ പറ്റി കൂടുതല്‍ അറിയുവാന്‍ ശ്രമിക്കും.

ഡാലി said...

സ്ത്രീപക്ഷത്തു നിന്നുള്ള എഴുത്തിന്റെ അത്ര എളുപ്പമല്ലല്ലോ സ്ത്രീപക്ഷം ചേര്‍ന്ന ജീവിതവും പ്രവര്‍ത്തനവും.

ടി.വി യ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മുസ്ലീം സ്ത്രീയ്ക്ക് മതപരമായി എന്തെങ്കിലും വിലക്കുണ്ടോ?

അതൊന്നും ഇല്ലാത്ത ഇതര മതങ്ങളിലും പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതിയില്ലാത്ത എത്രയോ സ്ത്രീകളുണ്ട്. ഇപ്പോഴും സമൂഹമെന്ന് പറഞ്ഞാല്‍ പുരുഷന്‍ എന്ന് മനസ്സിലാക്കാനെ മിക്കവര്‍ക്കും കഴിയൂ.

Inji Pennu said...

ടിവിക്കു മുന്‍പില്‍ മാത്രമല്ലല്ലോ സ്ത്രീക്ക് വിലക്കുള്ളത് സമൂഹത്തിനു മുന്‍പിലും അവളെ വിലക്കുകയല്ലേ? അതു ഒരു മുസ്ലീം സമുദായം എന്നൊന്നുമില്ല്യാ. സ്ത്രീയെ മൃഗതുല്യം കാണുന്ന ഏതൊരു സമുദായത്തിനും ഏതൊരു മനുഷ്യനും അതാണ് ചിന്താഗതി. പ്രൈസ്! പൊതിഞ്ഞു സൂ‍ക്ഷിക്കേണ്ട പ്രൈസ്!

അങ്കിള്‍. said...

ഇഞ്ചി വിഷയത്തെ വേറെങ്ങോട്ടോ തിരിച്ച്‌ വിടാന്‍ ശ്രമിക്കുന്നു.

മൈനക്കുള്ള മറുപടി എല്ലാവിഭാഗക്കാരും ഇവിടെ പരയേണ്ടതില്ലെന്നു തോന്നുന്നു. പക്ഷെ പറയെണ്ടവരാരും (അനുകൂലിച്ചോ, പ്രതികൂലിച്ചോ) ഇവിടെ വന്ന്‌ മിണ്ടില്ല. അത്‌ വേറോരു ടെക്നിക്കാണ്.

ഇട്ടിമാളു അഗ്നിമിത്ര said...

ഡോക്റ്റര്‍ ആയ അവരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം...?

അഞ്ചല്‍ക്കാരന്‍ said...

ടി.വീയിലേക്കുള്ള ഒരു പരിപാടിയിലേക്ക് ക്ഷണിക്കപെട്ടപ്പോള്‍ വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുമോ എന്ന ആശങ്കയില്‍ കൂടുതല്‍ ആധികാരികമായി വിഷയത്തെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് മൈന വിശ്വസിക്കുന്ന ചിലരെ മൈന വിളിക്കുകയും അവരില്‍ ആദ്യത്തെ ആള്‍ “അടുക്കള ഭാരം പറഞ്ഞ് ഒഴിയുകയും” രണ്ടാമത്തെയാളുടെ “മൂപ്പര്‍ സമ്മതിക്കാതെയും” വന്നപ്പോള്‍ ലേഖികക്ക് തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടി വന്നു. ഇതാണല്ലോ പോസ്റ്റിന്റെ ഉള്ളടക്കം.

ഇവിടെ എവിടേയും മതത്തിന്റെ വിധി വിലക്കുകളെ കൂട്ടി കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ആദ്യത്തെ കൂട്ടുകാരിക്ക് അടുക്കള ഭാരം കുടിയത് മതത്തിന്റെ കുറ്റമല്ല. അത് സമൂഹത്തിന്റെ തെറ്റ്. സ്ത്രീയെ അടുക്കളയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് ഇസ്ലാം മാത്രമല്ല. എല്ലാ മതങ്ങളും സമൂഹവും അതു തന്നെയാണ് ചെയ്യുന്നത്. ആ വിഷയം സ്ത്രീ പുരുഷ സമത്വവുമായി ചര്‍ച്ച ചെയ്യേണ്ട സംഗതിയാണ്.

രണ്ടാമത്തെ സംഗതിയില്‍ വിഷയത്തെ നന്നായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് മൈന കരുതുന്ന ഡോക്ടര്‍ക്ക് സമ്മതമാണെങ്കിലും “മൂപ്പര്‍ സമ്മതിക്കില്ല”. ഇവിടേയും മതം എങ്ങിനെ എങ്ങിനെ വിലങ്ങ് തടിയാകും?. മൂപ്പരുടെ വിലക്ക് മതവുമായി കൂട്ടി കുഴയണമെങ്കില്‍ മൂപ്പരും ഇസ്ലാമും തമ്മിലുള്ള ബന്ധം അറിയണം. അത് മൈന പ്രസ്താവിച്ച് കണ്ടുമില്ല. അതുകൊണ്ട് ഏതൊരു ഭാര്യയും ദൃശ്യമാധ്യമത്തില്‍ വരുന്നതിനെ ഉള്‍കൊള്ളാന്‍ കഴിയാത്ത ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു ഭര്‍ത്താവായി “മൂപ്പരെ” കാണാം. അവിടേയും മതത്തിന്റെ വിധി വിലക്കല്ല ഡോക്ടര്‍ ലേഡിയെ ടീ.വീ യില്‍ പ്രത്യക്ഷപ്പെടുന്നതിനെ തടഞ്ഞത്, ഭര്‍ത്താവിന്റെ ഇടുങ്ങിയ ചിന്താഗതിയാണ്.

“ഭാര്യമാര്‍ ടി.വി. യില്‍ പ്രത്യക്ഷപ്പെട്ടു കൂടെ?”. എന്നതായിരുന്നു ഈ പോസ്റ്റിന് കൂടുതല്‍ യോജിക്കുന്ന തലവാചകം. സ്ത്രീകളല്ല പുരുഷന്മാരുടേയും ടി.വി. പ്രവേശം എത്രമാത്രം ഇസ്ലാം അനുവദിക്കുന്നുണ്ട് എന്ന ചര്‍ച്ചകള്‍ ഇസ്ലാമിന്റെ വിധി വിലക്കുകളുമായി (ശരീഅത്ത്) ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. പാസ്പോര്‍ട്ടിന് വേണ്ടി ഫോട്ടോ എടുക്കുന്നതു പോലും (പുരുഷന്റെ ആയാലും സ്ത്രീയുടെ ആയാലും) ശരിയോ തെറ്റോ എന്നുള്ള ചര്‍ച്ചയും ഇസ്ലാമില്‍ എങ്ങും എത്തി കണ്ടിട്ടില്ല. ഖുറാനെയോ ശരീഅത്തിനേയോ ആഴത്തില്‍ പഠിച്ച് സമുഹ സമക്ഷം അവതരിപ്പിക്കാന്‍ കഴിയുന്ന പണ്ഡിതന്മാരുടെ അഭാവമാണ് ഇസ്ലാം എന്ന് കേള്‍ക്കുമ്പോള്‍ നീണ്ട താടിയും വല്ലിയ തലപ്പാവും വെള്ളം കാണാത്ത കുര്‍ത്തയും പിന്നെ കയ്യിലൊരു ഏ.കേ. ഫോര്‍ട്ടീ സെവന്‍ തോക്കും മനസ്സിലേക്കെത്തുന്ന തരത്തിലേക്ക് ഇസ്ലാമിനെ കൊണ്ടെത്തിച്ചത്.

മൈന ഉന്നയിച്ച ചോദ്യത്തില്‍ മതം ഒരു ഘടകമാകുന്നില്ല. ആകുന്നു എങ്കില്‍ എല്ലാ മതവും അതിന് ഉത്തരവാദികളാണ്. മുസ്ലീം സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുകയും സീരിയലില്‍ വരുകയും ബ്ലൊഗെഴുതുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊക്കെ അവര്‍ വസിക്കുന്ന ചുറ്റുപാടുകളുടെ സമ്മതത്തോടെയാണ്. അത് മതത്തിന്റെ സമ്മതത്തോടെയാണോ അല്ലയോ എന്നത് വേറൊരു തലത്തില്‍ നിന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

ഓ:ടോ:
പരിപാടി കണ്ടിരുന്നു. മൈനയുടെ വീക്ഷണങ്ങള്‍ നന്നായിരുന്നു. റംസാന്റെ ആഢംബരം അസ്സഹനീയം തന്നെ. പകലിനെ മാനിച്ച് രാത്രിയില്‍ പ്രാര്‍ത്ഥിച്ച് ലളിതമായി ജീവിച്ച് സ്വയം ശുദ്ധീകരിക്കേണ്ട വ്രതത്തെ പകലുറങ്ങി രാത്രിയില്‍ കളാവീട്ടി തിന്ന് സ്വയം നശിക്കുന്നതാണ് ഇപ്പോഴത്തെ റംസാന്‍ കാഴ്ച.

myexperimentsandme said...

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണെങ്കില്‍ അഞ്ചല്‍‌ക്കാരനോട് യോജിക്കുന്നു. മതത്തെക്കാളുപരി ഭാര്യമാര്‍ റ്റി.വിയില്‍ മുഖം കാണിക്കുന്നതില്‍ ഭര്‍ത്താക്കന്മാരുടെ പ്രശ്‌നവും ഭാര്യമാരെ അടുക്കളയില്‍ തന്നെ തളച്ചിട്ടിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ പ്രശ്‌നവുമാണ് പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്. അഞ്ചല്‍‌ക്കാരന്‍ തന്നെ പറഞ്ഞതുപോലെ മുസ്ലിം സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്, സീരിയലില്‍ അഭിനയിക്കുന്നുണ്ട്... അതിനെയൊക്കെ മതം (മതപണ്ഡിതന്മാര്‍) എങ്ങിനെയാണ് കാണുന്നതെന്നറിയില്ലെങ്കിലും വീട്ടുകാരുടെയും മറ്റും സമ്മതത്തോടെ തന്നെയാണല്ലോ പലരും അതൊക്കെ ചെയ്യുന്നത്.

അനില്‍ശ്രീ... said...

പക്ഷെ... ക്ലാസിക്കല്‍ നൃത്തം പഠിക്കുകയും അത് സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്ത കുട്ടിക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയതും മറക്കണ്ട. അത് മത താല്പര്യങ്ങള്‍ക്ക് എതിരാണ് എന്നായിരുന്നു ഭാഷ്യം.

പരിത്രാണം said...

മറ്റെല്ലാ മതത്തേക്കാളും സമുദായത്തേക്കാളും സ്ത്രീകളെ ഇത്രയും അധികം ബഹുമാനിച്ച വേറെ ഒരു മതം ഭൂമിയില്‍ ഇല്ല എന്നുള്ളതാണ് ഇസ് ലാമിനെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ സാധിക്കാന്‍ കഴിയുന്നത്. പക്ഷേ ഇസ് ലാം നാമം ഉള്ളവരും, ഇസ് ലാമിനെ വിമര്‍ശിക്കുന്നവരും അതു സ്പഷ്ടമായി മനസ്സിലാക്കാന്‍ തെയ്യറാവാത്തിടത്തോളം കാലം എന്നും ഇത്തരം ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും, പ്രാശ്ചാത്യരും അവരുടെ ഒപ്പം എത്താന്‍ ശ്രമിക്കുന്ന നമ്മളും ഇന്ന് സ്ത്രീയെ വെറും ഒരു വിലപന ചരക്കാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീ സൗന്ദര്യം കാണിച്ച് സാധനങ്ങള്‍ വിറ്റഴിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ക്കെന്തു ന്യായമാണ് മുസ്ലീം സ്ത്രീയെ കുറിച്ചു പറയാന്‍ ഉള്ളതു. പൊതുവെ മറ്റു സമുദായക്കാര്‍ സാധാരണ ചെയ്തു വരുന്നത് ഇസ്ലാം നാമദേയരായ ഇസ്ലാമിനെ പൂര്‍ ണ്ണമായി മനസ്സിലാക്കാത്ത ഏതെങ്കിലും വ്യക്തിയെ കാണിച്ചു കൊണ്ടായിരിക്കും. കഴിയുമെങ്കില്‍ ഇസ്ലാമിക ഗ്രന്ഥമായ വിശുദ്ധഖുര്‍ ആനിലെ ഏതെങ്കിലും വചനങ്ങള്‍ അല്ലെങ്കില്‍ പ്രവാചകന്റെ ചര്യയിലോ നിങ്ങളുടെ കാഴ്ചപാടില്‍ സ്ത്രീ സ്വാതന്ത്രത്തിനെതിരെ തോന്നുന്നുവെങ്കില്‍ അതാണു ജനമധ്യത്തില്‍ നിങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതു. അതാണല്ലോ ഇസ്ലാമിന്റെ കാതല്‍. അതിനെ അടിസ്ഥാനമാക്കിയാണല്ലോ ഇസ്ല്ലാം നിലനില്‍ക്കുന്നതു. എല്ലാവരും പരിപൂ ര്‍ ണ്ണ വിജ്ഞാനം നേടിയവരായിരിക്കില്ല എന്നു വെച്ചു അവരെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.

ശോണിമ said...

ഇതൊരു മതത്തിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. നമ്മുടെ പൊതു സമൂഹത്തിന്റെ പ്രശ്നമാണ്‌. വിവാഹത്തിനു ശേഷം അപ്രത്യക്ഷരാകുന്ന നമ്മുടെ വെള്ളിത്തിരയിലെ നായികമാര്‍ തന്നെ ഉദാഹരണം, അവരുടെ ഭര്‍ത്താകന്മാര്‍ സിനി നടന്മാര്‍ ആയിരിക്ക തന്നെ അവര്‍ പിന്‍വാങ്ങുന്നു.
മുസ്ലിം സമൂഹത്തെ കുറിച്ച്‌ സ്ത്രീ സ്വാതന്ത്ര്യം ഇല്ലാത്ത മതം എന്നൊരു മുന്‍വിധിയും ധാരണയും പരക്കെ ഉള്ളതു കൊണ്ടാവും ഇങ്ങനെ ചര്‍ച്ചക്കു വരാന്‍ കാരണം

Anonymous said...

“പക്ഷെ, പെണ്‍പക്ഷത്തുനിന്നൊരാള്‍ വേണം...” അപ്പോള്‍ അതാണ് കാര്യം. അഭിപ്രായം പറയുന്ന വിഷയത്തില്‍ അറിവില്ലെങ്കിലും പരിപാടിയുടെ തൂക്കമൊപ്പിക്കാന്‍ സ്ത്രീ പക്ഷത്തുനിന്നൊരാള്‍ ( മുസ്ലിം പേരുള്ള ) വേണമെന്നു മാത്രമേയുള്ളൂ! ചാനലുകാര്‍ക്ക് അത്രയേ വേണ്ടൂ.

ഒരു പക്ഷെ, ടി വി യില്‍ പ്രത്ര്യക്ഷപ്പെടാന്‍ കൊതിക്കുന്ന ഭാര്യമാരെ വിലക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ അവരുടെ നിലവാരം ശരിക്കും അറിയാമായിരിക്കും. ടി വി ക്കു മുന്നില്‍ അറിയാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് നാണം കെടുന്നത് ആ ഭര്‍ത്താക്കന്‍മാര്‍ക്കിഷ്ടമുണ്ടായിരിക്കില്ല. ചാനലുകാര്‍ക്കിപ്പൊള്‍ അതൊന്നും നോക്കേണ്ടതില്ലല്ലോ!

“സ്വാ‍തന്ത്ര്യമെന്നാല്‍, അത് ‘അല്‍പ്പം മാത്രം’ വസ്ത്രം ധരിക്കാനുള്ള സ്വാതത്ര്യമാണ്. സീരിയല്‍ കാണാനും അഭിനയിക്കാനുമുള്ള സ്വാതത്ര്യമാണ്. ശരീര സൌന്ദര്യം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതിനുള്ള സ്വാതത്ര്യമാണ്. അല്ലാതെ അവസര സമത്വമല്ല..അഭിപ്രായപ്രകടനത്തിനുള്ള അവകാശമല്ല..ഭരണപ്രക്രിയയില്‍ പങ്കാളിയാവുന്നതിനുള്ള അവകാശമല്ല....”

ഭാര്യ തന്നേക്കാള്‍ പ്രശസ്തയാവുന്നതും നാലാളറിയുന്നതും ഒരു ഭര്‍ത്താവും അത്രമാത്രം ഇഷ്ടപ്പെട്ടെന്നു വരില്ല. മുസ്ലിമായാലും,ക്രിസ്ത്യാനിയായാലും,...മുസ്ലിം ഭര്‍ത്താക്കന്മാര്‍ അത് മതത്തിന്റെ പേരില്‍ വെച്ചു ചാര്‍ത്തുമെന്നു മാത്രം!!

ശെഫി said...

ഇതൊരു പ്രശ്നമാണെന്നു പറയാനാവില്ല. ഒരോ സമൂഹത്തിനു രാജ്യത്തിനും അതിന്റേതായ സംസ്കാരമുണ്ട്‌.
മുസ്ലിം സംസ്കാരം, ഇന്ത്യന്‍ സംസ്കാരം,അങ്ങിനെ. ഓരോ സംസ്കാരവും സ്ത്രീക്കും പുരുഷനും അവരുടെ സ്ഥാനനവും ഇടവും ജീവിത രീതികളേയും നിര്‍ണ്ണയിച്ചിട്ടുമുണ്ട്‌. ഇവ ആപേക്ഷികമാണ്‌. ഈ കാലത്തിലെ ഇന്ത്യന്‍ സംസ്കാരവും മുസ്ലിം സംസ്കാരവും നിങ്ങള്‍ പറയുന്ന സ്വതന്ത്ര്യം സ്ത്രീക്ക്‌ അനുവദിക്കുന്നുണ്ടാവില്ല. ഇവയെ ഉള്‍കൊള്ളാന്‍ തയ്യാറുള്ളതു കൊണ്ടാണല്ലോ നാം അവയുടെ ഭാഗമാവുന്നത്‌.


ഇതര സമൂഹത്തിലെ മുസ്ലിം ഹിന്ദു സ്ത്രീകള്‍ നേരിടുന്ന പ്രശ്നമായിരിക്കില്ല ഇന്ത്യന്‍ സമൂഹത്തില്‍ നേരിടുന്നത്‌. ഇതര സമൂഹങ്ങളൊക്കെയുമായും ഒരു കംപാരിസണ്‍ നടത്തുന്നതു കൊണ്ടാണ്‌ നാം അസ്വതന്ത്യ്‌രാരാണെന്ന് തൊന്നുന്നത്‌. എന്നാല്‍ നമുക്കില്ല്ലാത്ത അസ്വാതന്ത്ര്യം ഒരു പക്ഷെ അവര്‍ക്കുമുണ്ടാവാം . പക്ഷേ കാലത്തിനനുസൃതമായി അവ മാറികൊണ്ടിരിക്കും.

Myna said...

പ്രതികരിച്ചവര്‍ക്കു നന്ദി
മതത്തെ ഞാന്‍ ബഹുമാനിക്കുന്നു. പോസ്‌റ്റിന്‌റെ തുടക്കത്തിലെ intro കൊടുത്തത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ.

'മതത്തോടല്ല എന്നാല്‍ മതങ്ങളിലെ ചില നടപ്പുകളോടാണ്‌ എന്റെ കലഹം. ഏതു മതത്തിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ട്‌. എന്നാല്‍ ഇതാണെന്റെ മതം..ഇതുമാത്രമാണ്‌ ശരി എന്ന നിലപാടെനിക്കില്ല. ഒരു പക്ഷേ ഒളിച്ചോട്ടമാവാം അത്‌. എങ്കിലും...'

സ്‌ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനെ മതവുമായി ബന്ധപ്പെടുത്തുകയല്ല ഞാനുദ്ദേശിച്ചത്‌.
അനുഷ്‌ഠാനങ്ങളില്‍ നിന്ന്‌ മുസ്ലീം സ്‌ത്രീകള്‍(malabar) അടുക്കളയില്‍ ഒതുങ്ങിപോകുന്നു. interview വില്‍ ജമാല്‍ കൊച്ചങ്ങാടി പറഞ്ഞ സ്‌ത്രീയുടെ ആത്മാവിഷ്‌ക്കാരമാണെന്ന വാദത്തിന്‌ വ്രതാനുഷ്ടാനവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഞാന്‍ എതിരാണ്‌.

2. ഡോക്ടറുടെ ഭര്‍ത്താവ്‌ സമ്മതിക്കില്ലെന്ന കാര്യം ഇസ്ലാമില്‍ ആണു കൂടുതല്‍ ..മതമല്ല ഇവിടെയും വില്ലന്‍..ചുറ്റുപാടും, പൗരോഹിത്യവുമാണ്‌. പുരുഷന്‍ ടിവിക്കുമുന്വില്‍ ഭാര്യയെ നിര്‍ത്താന്‍ മനസ്സുണ്ടായാലും സമൂഹത്തെ ഭയന്ന്‌ പിന്‍മാറുന്നു.
ഒരു സ്‌ത്രീക്കു ലോകത്തോട്‌ പറയാനുള്ളത്‌ മറ്റാരു പറയും?
3.ഇവിടെ മുസ്ലീം, ഹീന്ദു സ്‌ത്രീകളെന്നല്ല..വിഷയം മുസ്ലീം സ്‌തരീയടേതായതുകൊണ്ടുമാത്രം.

മഹിമ പറഞ്ഞതിനോടു യോജിക്കുന്നു. ചാനല്‍ക്കാര്‍ക്ക്‌ അത്രയേ വേണ്ടൂ.
തുറന്നു പറയുന്നതില്‍ എനിക്ക്‌ മടിയില്ല. ഒരു മതത്തെയും പൂര്‍ണ്ണമായി എനിക്കറിയില്ല. അല്‌പമായ അറിവു വെച്ച്‌ സംസാരിക്കാന്‍ താത്‌പര്യവുമില്ല.
പക്ഷേ, പേരിന്റെ ഒരു വാല്‍ മുസ്ലീം പേരായി പേരായതുകൊണ്ട്‌ സംഭവിച്ച അബദ്ധം. നാളെ ഇത്‌ ആവര്‍ത്തിക്കരുതെന്ന്‌ വിചാരിക്കുന്നു.

വിവരമുള്ളവര്‍ എത്രയോ പേര്‍ പുറത്ത്‌...പക്ഷേ നിവര്‍ത്തി കേട്‌ ആരറിയാന്‍..

ഉപാസന || Upasana said...

കണ്ണൂരാനോട് യോജിക്കുന്നു.
പോരാട്ടം തുടരുക.
ഉപാസനയുടെ ആശംസകള്‍
:)
ഉപാസന

Anonymous said...

പര്‍ദ അഴിച്ചാല്‍ എല്ലാമായി എന്നും മിനിസ്കര്‍ട്ടിട്ടാല്‍ പുരോഗമനമായി എന്നും ഉള്ള നിങ്ങളുടെയൊക്കെ ചിന്താഗതി മനസ്സിലാവുന്നു.. ഇസ്ലാമിനെ ഇകഴ്ത്തിയാല്‍ ഇന്ന് പോപ്പുലര്‍ ആവുമല്ലോ അല്ലേ ? തസ്ലീമയാവാനുള്ളാ ശ്രമമാണോ ? പിന്നെ കന്യാസ്ത്രികളുടെ പര്‍ദ ഊരാന്‍ നിനക്കൊന്നും ധൈര്യമില്ലേ ? അപ്പോള്‍ ഉള്ളിലിരുപ്പ മനസ്സിലായി.. വേറെ വല്ല പണിയും നൊക്ക്‌ മൈനകുട്ടീ..

Unknown said...

മതവും സമൂഹവും ഒന്നുമല്ല പ്രശ്നം, ഓരോ വ്യക്തിയുടേയും മനസ്സാണ്,

onlooker said...

ഡോക്ടറുടെ ഭര്‍ത്താവ്‌ സമ്മതിക്കില്ലെന്ന കാര്യം ഇസ്ലാമില്‍ ആണു കൂടുതല്‍ ..മതമല്ല ഇവിടെയും വില്ലന്‍..ചുറ്റുപാടും, പൗരോഹിത്യവുമാണ്‌. പുരുഷന്‍ ടിവിക്കുമുന്വില്‍ ഭാര്യയെ നിര്‍ത്താന്‍ മനസ്സുണ്ടായാലും സമൂഹത്തെ ഭയന്ന്‌ പിന്‍മാറുന്നു.
ഒരു സ്‌ത്രീക്കു ലോകത്തോട്‌ പറയാനുള്ളത്‌ മറ്റാരു പറയും?
---------------
എന്തിനവിടെയും മുസ്ലീമിന് താങ്ങണം, അവര്‍ പരയുനല്ലോ അവര്ക്കു ഇസ്ലാമിക വിശ്വാസ മില്ല എന്ന്. പിന്നെ എന്താണ് താങ്കളുടെ ഉദ്ദേശ്യം. പറയുന്നതില്‍ ആത്മാര്‍ത്ഥ ഇല്ല എന്ന് ന്ചാന്‍ പറയില്ല. ഉണ്ടെങ്കില്‍ അല്പം പഠിച്ചിട്ടു ഉദ്ദേരിക്കാന്‍ നടക്കു മായിരുന്നല്ലോ