Tuesday, August 7, 2007
ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്ക്കു കിട്ടിയാല്‍ എന്തുചെയ്യണം?
അത്ഭുതപ്പെടേണ്ട. അക്ബര്‍ കക്കട്ടില്‍ എഴുതിയ കഥയുടെ പേരാണിത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 ആഗസ്റ്റ് 12-18 ലക്കം 24) .ആഴ്ചപ്പതിപ്പ് കൈയ്യില്‍ കിട്ടിയപ്പോള്‍ തിരക്കിനിടയിലും പതിവുപോലെ ആരുടെയൊക്കെ കഥകളാണുള്ളത് എന്നു നോക്കിപ്പോയതാണ്. കഥയുടെ പേരില്‍ കണ്ണുടക്കി. മനസ്സും.
ഈ തലക്കെട്ടുകണ്ട് പലവിധ വിചാരങ്ങളായി പിന്നെ....
ജീന്‍സിട്ട പെണ്‍കുട്ടിയെ ആര്‍ക്ക് ഒറ്റയ്ക്കു കിട്ടിയാലാണ്..?
എന്തായിരിക്കും ചെയ്തിരിക്കുക ?അല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
അത് നല്ലതോ ചീത്തയോ?
അവള് ജീന്‍സിട്ടത് വലിയ അപരാധമാണോ...?
വായന തുടങ്ങും മുമ്പേ ഒരാധി...
ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി നഗരത്തിലെത്തുന്നു. ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു ചെന്ന് താനൊറ്റയ്ക്കാണുള്ളതെന്നും ഈ നഗരം പരിചയമില്ലെന്നും തന്നെ നല്ലൊരു ഹോട്ടലില്‍ കൊണ്ടു വിടാമോ എന്നും ചോദിക്കുന്നു.വണ്ടിയലിരിക്കുമ്പോള്‍ അവള് അവനോട് പേരു ചോദിക്കുന്നു. പേരു പറയുമ്പോഴൊക്കെ ആളുകള്‍ അതില്‍ കേറിമേയും എന്ന് പുരുഷന് എന്ന പേരുകാരന് പറയുന്നു.
അവന് ഒരു ഹോട്ടലില്‍ അവളെ എത്തിക്കുകയും രണ്ടുദീവസത്തേക്ക് അവ്ള്‍ക്കുവേണ്ടി ഓടണമെന്ന വാക്കു കേള്‍ക്കുകയും ചെയ്യുന്നു.സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയെടുക്കാന്‍ അവളെ സഹായിക്കുകയും, അവളോടൊത്ത് ബീച്ചില്‍ പോവുകയും ശിവാജി കാണാന്‍ പോവുകയും ചെയ്യുന്നു പുരുഷന്...
'തികച്ചും ശാന്തമായിരുന്നാണ് അവര്‍ സിനിമകണ്ടത്..ഒരു വികാരപ്രകടനമോ അഭിപ്രായപ്രകടനമോ രണ്ടുപേരുടെ ഭാഗത്തുനിന്നുമുണ്ടായില്ല'.
സിനിമ കഴിഞ്ഞ് റസ്റ്റോറണ്ടില്‍ പോയി അവള് അവന് ബിയര്‍ വാങ്ങികൊടുക്കുന്നു. ഡിന്നര്‍ അവളോടൊപ്പം കഴിക്കാന്‍ മുറിയിലേക്ക് ക്ഷണിച്ചിട്ട് അവള് ലിഫ്റ്റില്‍ കയറി പോകുന്നു.
പുരുഷന് മുറിയിലെത്തുമ്പോള്‍ കാണുന്ന കാഴ്ച-
'നൈറ്റിയില്‍ നനഞ്ഞുകുളിച്ച് കിടക്കയില്‍ വീണുകിടക്കുകയാണ് പെണ്‍കുട്ടി.
"പുരുഷാ ഡോര്‍ ലോക്ക് ചെയ്തേ"
അവന് കതകു പൂട്ടുന്നതിനിടയില്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്താ പറ്റ്യേവലതുകാല്‍ തുടയില്‍ അമര്‍ത്തിപ്പിടിച്ച് തേങ്ങുകയാണ് പെണ്‍കുട്ടി.
"കുളിക്കുമ്പോ മസില് കേറിയതാണ് പുരുഷാ..ഇടയ്ക്കിങ്ങനെ ഉണ്ടാവാറുണ്ട് ..ഒന്നിവിടെ അമര്‍ത്തിപ്പിടിച്ചേ.."അവള് കാണിച്ച എല്ലാ ഭാഗങ്ങളിലും അവന് അമര്‍ത്തിപ്പിടിച്ചു. തടവി...പതുക്കെ അവള് ശാന്തയായി. അവന് മനസ്സമാധാനവും കൈവന്നു. അവനാകെ പേടിച്ചു പോയിരുന്നു.
ഡിന്നര്‍ കഴിഞ്ഞപ്പോള്‍ അവള്:
" പുരുഷനിന്നു പോണോ ?ഇവിടെ കൂടിക്കൂടെ?"
പോകണമെന്ന് അവന് .
പിറ്റേന്ന് ഇന്രര്വ്യൂ കഴിഞ്ഞ് സ്റ്റാന്‍ഡിലേക്കു മടങ്ങുമ്പോള്‍ അവള് പണമെടുത്തു കൊടുത്തിട്ട് അവനോട് ചോദിച്ചു
"പേരെന്താണെന്നാ പറഞ്ഞത്?"
അവന് ആ ചോദ്യം അത്ഭുതമുണ്ടാക്കി.
"പുരുഷന് "
"നല്ല പേര്".അവള് കൈ വീശി യാത്രയായി.'
കഥ ഇവിടെ അവസാനിക്കുന്നു.
കഥയില്‍ നിന്ന് നമ്മള് എന്തു വിചാരിക്കണം.?
തലക്കെട്ടു വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നുന്നതുമായി നോക്കുക -പുരുഷന്റെ ബലഹീനതയെന്നോ ? ജീന്‍സിട്ട പെണ്‍കുട്ടിയെ കാണുമ്പോള്‍ പുരുഷന് ഒന്നും തോന്നുന്നില്ലന്നോ? എന്നാല്‍ അവള് സാരിയോ, പര്‍ദ്ദയോ ധരിച്ചാണ് വന്നതെങ്കിലോ?കഥയാകെ മാറുമായിരുന്നെന്നോ?ജീന്‍സിട്ട പെണ്‍കുട്ടി വ്ല്ല ഫെമിനിസ്റ്റ്ുമാണെന്ന് ധരിച്ചോ പുരുഷന്.?
...ജീന്‍സിട്ട പെണ്‍കുട്ടിക്കുമുമ്പില്‍ എത്ര നല്ലവന്‍ ഈ പുരുഷന്...പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇങ്ങനെയൊരു പുരുഷനെ കണ്ടെത്തുക പ്രയാസം.
ജീന്‍സും ടോപ്പുമിട്ട പെണ്‍കുട്ടിക്ക് സമൂഹത്തെ ഭയക്കേണ്ടെന്ന മുന്നറിയിപ്പാണോ ഈ കഥ നമുക്കു തരുന്നത്?
...എങ്കില്‍ പെണ്‍കുട്ടികളെ ഇതിലേ, ഇതിലേ.....
ഒരു ചിന്തയ്ക്ക് വഴിവെച്ച കക്കട്ടിലിന് നന്ദി.
Labels:
സ്ത്രീ
Subscribe to:
Post Comments (Atom)
11 comments:
ജീന്‍സിട്ട പെണ്‍കുട്ടിയെ ആര്‍ക്ക് ഒറ്റയ്ക്കു കിട്ടിയാലാണ്..?
എന്തായിരിക്കും ചെയ്തിരിക്കുക ?അല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
അത് നല്ലതോ ചീത്തയോ?
അവള് ജീന്‍സിട്ടത് വലിയ അപരാധമാണോ...?
വായന തുടങ്ങും മുമ്പേ ഒരാധി...
പത്തു വര്‍ഷം മുമ്പ് ഈ കഥയെഴുതപ്പെട്ടിരുന്നുവെങ്കില്, ചുരീദാറിട്ട പെണ്കുട്ടിയെന്നാവുമായിരുന്നു. അല്ലെങ്കില്‍ മിഡി.
അതിനും കൊല്ലങ്ങള്‍ക്ക് മുമ്പ്, സാരിയുടുത്ത പെണ്‍കുട്ടി. അതിനും മുമ്പായിരുന്നുവെങ്കില്‍, ഹാഫ് സാരി, പാവാട.
നൂറോളം കൊല്ലങ്ങള്‍ പിന്നോട്ടായിരുന്നുവെങ്കില്, മാറു മറച്ച പെണ്‍കുട്ടി.
അതിനും മുമ്പായിരുന്നുവെങ്കില്‍, പെണ്‍കുട്ടി മാത്രമാവുമായിരുന്നു കഥയില്‍.
അതിനും ഒരുപാടൊരു പാടു കാലം മുമ്പ്, ശിലായുഗത്തിലായിരുന്നുവെങ്കില്, ഇത്തരമൊരു കഥയെ ഉണ്ടാവില്ലായിരുന്നു. അവളും ഞാനും അന്നാളുകളില്‍ ഉടുതുണിയെന്ന കണ്‍സപ്റ്റിനും ഒരുപാട് ദൂരെയായിരുന്നുവല്ലോ?
നല്ലൊരു പുരുഷന് അവന് എന്ന് വിചാരിച്ചാല്‍ ഈ കഥ ആധികളില്ലാതെ തീരില്ലേ?
എന്തതിശയമേ...! എന്തെല്ലാം അറിയാതെ അരങ്ങേറികൊണ്ടിരിക്കുന്നുവീ ഉലകത്തില്‍ ഈശ്വരാ...!!
നല്ല പെണ്‍കുട്ടി
നല്ല ആണ്‍കുട്ടി
നല്ല പെണ്‍കുട്ടി
ചീത്ത ആണ്‍കുട്ടി
നല്ല ആണ്‍കുട്ടി
ചീത്ത പെണ്‍കുട്ടി
ചീത്ത പെണ്‍കുട്ടി
ചീത്ത ആണ്‍കുട്ടി.
ഒരു കഥയെ വിശകലനം ചെയ്യുമ്പോള്‍, കഥ മുഴുക്കെ പകര്ത്തിയെഴുതേണ്ടതുണ്ടെന്ന കാഴ്ചപ്പാടിനോട് തീരെ യോജിപ്പില്ല. പിന്നെ ഈ കഥ ഞാന്‍ വായിച്ചത്, ഇതിനൊരു പക്ഷമുണ്ടെങ്കില്‍ അത് സ്ത്രീപക്ഷം ആണെന്ന് തന്നെയാണ്. അക്ബര്‍ കക്കട്ടിലിന്റെ ഈ കഥയെ ഏറ്റവും മോശമായാണ് മൈന കൈകാര്യം ചെയ്തിരിക്കുന്നതെന്ന് സങ്കടത്തോടെ തന്നെ കുറിക്കട്ടെ. കഥ റിയാലിറ്റിയില്‍ നിന്ന് വഴുതി മാറുന്ന മനോഹരമായ സന്ദര്‍ഭങ്ങളെ പരിഗണിച്ചിട്ടേയില്ല.
വാരിക കിട്ടാന്‍ വൈകിയതു കൊണ്ടു കഥ വായിക്കാനും താമസ്സിച്ചു.ഈ കഥ വായിച്ചപ്പോള്‍ എനിക്കു വേറെ ഒരു രീതിയിലാണ് തോന്നിയത്.ഈ കഥയില്‍ വില്ലത്തി എന്നതു “ജീന്‍സ് ഇട്ട ആ പെണ്‍കുട്ടി” തന്നെ ആണ്.ഈ കഥയിലൂടെ അക് ബര് അര്ഥമാക്കുന്നതും അതു തന്നെ എന്ന് തോന്നുന്നു....ജീന്‍സ് ഇട്ട പെണ്‍കുട്ടി ഇന്നത്തെ തലമുറയുടെ ഒരു പ്രതീകം പോലെ അവതരിപിച്ചിരിക്കുന്നു...ഈ കഥയിലുടനീളം “പുരുഷനെ” വശീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത് അവളാണ്.അപ്പോള്‍ “ജീന്‍സ് ഇട്ട പെണ്‍കുട്ടീയെ ഒറ്റയ് ക്കു കിട്ടിയാല്‍” പുരുഷന് ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ലെങ്കിലും , അവനെ ലൈംഗികമായി വശീകരിക്കാന്‍ അവള് ശ്രമിച്ചേക്കും, അല്ലെങ്കില്‍ അത്തരം ഒരു കാലമാണ് ഇപ്പോളത്തേതു എന്നാണ് ഈ കഥയിലൂടെ പറഞ്ഞു വയ് ക്കാന്‍ ശ്രമിച്ചിരിക്കുന്നത് എന്ന് എനിക്കു തോന്നുന്നു...ശരിയാവാം, തെറ്റാവാം.എന്നിട്ടും അവന് വശീകരണത്തില്‍ വീണു എന്നതിനു സൂചനകളൊന്നുമില്ല തന്നെ..അതാവാം കഥയുടെ അവസാന ഭാഗത്ത് “പുരുഷന്, നല്ല പേര്” എന്നു പരിഹാസരൂപേണ അവളെക്കൊണ്ടു കഥാകാരന് പറയിച്ചിരിയ് ക്കുന്നതു എന്നു തോന്നുന്നു....എന്തായാലും ഇതു ഒരു നല്ല കഥയേ അല്ല എന്നാണ് എന്റെ അഭിപ്രായം.
ഇങ്ങനെ വീണ്ടും ഒരു സംവാദം ഉണ്ടാക്കിയതിനു നന്ദി മൈനാ...
ഇക്കിളിപടങ്ങളെയാണ് കഥാസന്ദര്‍ഭങ്ങളില്‍ ആവിഷ്കരിച്ചിട്ടുള്ളതെങ്കിലും ഇബ്രു അഭിപ്രായപ്പെട്ടതു പോലെ അസംഭ്യവങ്ങളിലേയ്ക്ക് കഥയെ വഴുതി വീഴ്ത്തുന്ന മുഹൂര്‍ത്തങ്ങള്‍ മനോഹരം തന്നെ.
പുരുഷന് എന്ന് പേരുള്ള പലരെയും നാട്ടിന്‍പുറത്ത് പരിചയമുണ്ട്, ആധുനികപുരുഷന്റെ അപചയങ്ങളെ തൊലിയുരിച്ച് പുരുഷന് എന്ന വാക്കിലേയ്ക്ക് ഒരു പുരുഷനെ ശുദ്ധീകരിച്ചെടുക്കുവാന്‍ കക്കട്ടിലിനു ഒരു സ്ത്രീയ്ക്ക് ജീന്‍സ് ഇട്ട് കൊടുക്കേണ്ടി വന്നു എന്നതാണ് കഥയുടെ പരാജയം.
എങ്ങനെ നോക്കിയാലും ഒന്നുമില്ല ഈ കഥയില്‍. വെറും ചവറ് എന്നും പറയാം.
-സുല്‍
കഥ വായിച്ചാലേ വ്യക്തമായി പറയാന്‍ അവകാശമുള്ളു... എങ്കിലും...
കഥാകൃത്ത് തന്റെ മനോമുകരത്തില്‍ ഒരു ജീന്സ്സിട്ട പെണ്‍കുട്ടിയെ കൊണ്ടുവന്ന് തന്റെ ശരീരത്തിലേക്ക് അവള് സ്വമേഥയാ അതിക്രമിച്ചുകയറുന്ന അസുലഭയോഗം ഒന്നു സംങ്കല്പ്പിച്ചു രസിച്ചതാണെന്നു തോന്നുന്നു. എന്നാല്‍, സമൂഹത്തിന്റെ മുന്നില്‍ കപടസദാചാരവാദിയുടെ മുഖം മൂടി അഴിക്കാനാകാതെ ഷണ്ഡനായി നില്ക്കുന്ന കഥാകൃത്ത് ആധുനിക സ്ത്രീയുടെ താന്‍പോരിമയെ പേരുചോദിക്കലിലൂടെ ഇടിച്ചുതാഴ്ത്തി തന്റെ സദാചാരമുഖം കൂടുതല്‍ ശക്തിയോടെ മുഖത്ത് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.
ചിത്രകാരന്റെ അറിവില്‍ ഇങ്ങനെ ഒരെ മുറിയില്‍ മൌനത്തിന്റെ ചൈനാമതിലുമായി പുലരുവോളം ഉറങ്ങാതെ കിടന്ന രണ്ടു ജേര്‍ണലിസ്റ്റുകളുണ്ട്. അവിവാഹിതനായ ഒരു ആര്‍ട്ടിസ്റ്റും, സഹപ്രവര്‍ത്തകന്റെ ഭാര്യയായ ഒരു സ്ത്രീപക്ഷക്കാരിയും. ഞങ്ങള്‍ കുറെക്കാലം പറഞ്ഞു രസിച്ച ആ സംഭവ കഥതന്നെയായിരിക്കുമോ കഥകൃത്തിന്റെ പ്രചോദനം എന്നൊരു സംശയം ഇല്ലാതില്ല.
എന്തെങ്കിലും പ്രത്യേകത ഈ കഥക്കുണ്ടോ??? എനിക്കു പ്രത്യേകിച്ചൊന്നും തോന്നുന്നില്ല ഇതു വായിച്ഛിട്ട്. ആശയദാരിദ്ര്യം കക്കട്ടിലിനെയും ബാധിച്ചിട്ടുണ്ടാവാം, അല്ലെ?
Post a Comment