Monday, February 19, 2007

വിഷചികിത്സ പുസ്‌തകം


ഒലിവ്‌ പബ്ലേക്കേഷന്‍ എന്റെ ആദ്യ പുസ്‌തകം പുറത്തിറക്കുന്നു. വിഷചികിത്സയില്‍ മിശ്രചികിത്സ എങ്ങനെ ഫലവത്താക്കാം എന്ന അന്വേഷണമാണ്‌ ഈ പുസ്‌തകം.

ആമുഖം

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സഹപാഠി പാമ്പുകടിയേറ്റു മരിച്ചിരുന്നു. അന്ന്‌ ഞങ്ങളെ സ്‌കൂളില്‍ നിന്ന്‌ അവനെ കാണാന്‍ കൊണ്ടുപോയി. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ വിഷചികിത്സ പഠിക്കണമെന്ന മോഹം എനിക്കുണ്ടായത്‌. മറയൂരില്‍, അമ്മയുടെ ജോലിസ്ഥലത്തായിരുന്നു ഞങ്ങള്‍ പഠിച്ചിരുന്നത്‌. ആ ക്രിസ്‌തുമസ്‌ അവധിക്കാലത്ത്‌ ദേവിയാറില്‍ മുത്തശ്ശന്റെ അടുത്തെത്തിയപ്പോള്‍ എനിക്കു കാണാനായത്‌, പാമ്പു കടിച്ച ഒരു കുട്ടിയെ അദ്ദേഹം ചികിത്സിക്കുന്നതാണ്‌. അപ്പോള്‍ മുതല്‍ വിഷചികിത്സ പഠിക്കണമെന്ന്‌ പറഞ്ഞ്‌ ഞാന്‍ 'മുറക്കുന്നത്ത' എന്നു വിളിക്കുന്ന മുത്തശ്ശന്റെ പുറകെ കൂടി. ശല്യം സഹിക്കാതെ വന്നപ്പോള്‍ 'പത്താം ക്ലാസു കഴിയട്ടെ' എന്നൊരു വാക്കു തരികയായിരുന്നു.ചികിത്സാ രഹസ്യം കൈമാറാന്‍ ഒട്ടും തല്‌പരനായിരുന്നില്ല അദ്ദേഹം. അലോപ്പതിയുടെ ഉയര്‍ച്ചയും ആയുര്‍വേദത്തോടുള്ള ജനങ്ങളുടെ അകല്‍ച്ചയുമായിരുന്നു പ്രധാനകാരണം. 'നേരെ ചൊവ്വേ കൊണ്ടു നടക്കുന്നവര്‍ക്കേ കൈമാറൂ' എന്ന ശാഠ്യവുമുണ്ടായിരുന്നു. എന്തായാലും എട്ടാം ക്ലാസ്സുമുതല്‍ ഞാന്‍ അത്തായോടൊപ്പം ചികിത്സയില്‍ സഹായിയായി.

സ്വന്തമായി ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ പഠിച്ചതൊന്നും ഒന്നുമല്ല എന്നും ഓരോ രോഗിയിലും എന്തെങ്കിലും പുതുതായി പഠിക്കാനുണ്ടാവും എന്നും മനസ്സിലായത്‌. അതുവരെ ചെയ്‌തുവന്ന ആയുര്‍വേദത്തിന്റെ അപര്യാപ്‌തത ബോദ്ധ്യപ്പെട്ടപ്പോഴാണ്‌ മറ്റു ചികിത്സാ രീതികളില്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ശ്രമിച്ചത്‌. പ്രാണരക്ഷ തേടുന്ന ഒരു രോഗിക്ക്‌ അനുയോജ്യമായ ചികിത്സാ രീതി ഏതെന്ന അന്വേഷണമായിരുന്നു പിന്നീട്‌.
കോഴിക്കോട്‌ ഐ.സി.ജെയില്‍ ജേണലിസത്തിനു പഠിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കണമെന്നറിഞ്ഞപ്പോള്‍ ഈ വിഷയം മാത്രമായിരുന്നു മനസ്സില്‍.

ആയുര്‍വേദം, അലോപ്പതി, ഹോമിയോ, കല്ലു ചികിത്സ തുടങ്ങിയവയാണ്‌ നമ്മുടെ നാട്ടിലുള്ള ചികിത്സകള്‍. ആധുനിക ചികിത്സയില്‍ ആന്റിവെനം കുത്തിവെയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷേ, പലപ്പോഴും ഇത്‌ വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ആയുര്‍വേദത്തില്‍ രോഗലക്ഷണങ്ങള്‍, വിഷം ശരീരത്തില്‍ ഏതുതോതില്‍ ബാധിച്ചിട്ടുണ്ട്‌ തുടങ്ങിയ വിവരങ്ങള്‍ വിദഗ്‌ദ്ധനായ ഭിഷഗ്വരന്‌ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ പൂര്‍ണ്ണമായ ശാസ്‌ത്രവിവരം അറിയാത്ത ധാരാളം പേര്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ ആയുര്‍വേദത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. കാലദേശങ്ങള്‍ക്കനുസൃതമായി ഔഷധങ്ങള്‍ പരിഷ്‌കരിക്കാത്തതും വലിയൊരു പ്രശ്‌നമാണ്‌.ഹോമിയോ ചികിത്സയില്‍ ഫലപ്രദമായ മരുന്നുകളുണ്ടെങ്കിലും പ്രയോഗിച്ചുനോക്കുവാന്‍ ആരും ശ്രമിക്കുന്നില്ല. അതുകൊണ്ട്‌ വിഷചികിത്സയില്‍ ഹോമിയോപ്പതിക്കുള്ള പ്രായോഗികത വിലയിരുത്തുവാനുമാവില്ല. ഓരോ ചികിത്സയിലും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മിശ്ര ചികിത്സയുടെ പ്രസക്തിയും.

രണ്ടോ, അതിലധികമോ ചികിത്സാരീതികളെ (അവയുടെ ഗുണഫലങ്ങള്‍) യോജിപ്പിച്ച്‌ ചെയ്യുന്ന ചികിത്സയെയാണ്‌ 'മിശ്ര ചികിത്സ' അഥവാ 'സമ്മിശ്ര ചികിത്സ' എന്നുദ്ദേശിക്കുന്നത്‌. ആധുനീക ചികിത്സകളെ അപേക്ഷിച്ച്‌ കൂടുതല്‍ ഫലപ്രദമാണ്‌ മിശ്ര ചികിത്സയെന്ന്‌ ഇതിന്റെ വക്താക്കള്‍ പറയുന്നു.മിശ്ര ചികിത്സയുടെ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനുള്ള ചെറിയൊരു ശ്രമമാണ്‌ ഈ പഠനം. ഈ വിഷയത്തിലെത്തണമെങ്കില്‍ പാമ്പുകള്‍, പൊതുസ്വഭാവങ്ങള്‍, പാമ്പുകടിക്കാനുള്ള കാരണങ്ങള്‍, വിഷത്തിലെ ചേരുവകള്‍, നിലവിലുള്ള ചികിത്സാരീതികള്‍, പ്രഥമ ശുശ്രൂഷകള്‍ തുടങ്ങിയ വിഷവൈദ്യ ശാസ്‌ത്രത്തിന്റെ അടിസ്ഥാനമേഖലകളെ വിവരിക്കാതെ പറ്റില്ല. മിശ്രചികിത്സയെ സംബന്ധിച്ച്‌ കാര്യമായ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ചും അടിസ്ഥാനപരമായി വിഷവൈദ്യ ശാസ്‌ത്രത്തെക്കുറിച്ചും പറഞ്ഞു തന്ന എല്ലാവരെയും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലെ സെക്രട്ടറി എം. രമേശന്‍, ഡോ. എം.കെ. നായിക്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്‍ജന്‍ ഡോ. നീലിമ, കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ.ബി. രമേശന്‍, മായനാട്‌ മാര്‍പോള്‍ വിഷചികിത്സാ കേന്ദ്രത്തിലെ വര്‍ഗ്ഗീസ്‌ വൈദ്യര്‍, ഫാദര്‍ വിന്‍സെന്റ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ നല്‌കിയ സഹായസഹകരണത്തിലാണ്‌ ഇതെഴുതാന്‍ സാധിച്ചത്‌.
കാലിക്കറ്റ്‌ പ്രസ്‌ക്ലബ്ബ്‌ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്‌ടര്‍ ഇ.പി. ശ്രീനിവാസന്‍, മാതൃഭൂമി സബ്‌ എഡിറ്റര്‍ ജോസഫ്‌ ആന്റണി(
www.kurinjionline.blogspot.com) എന്നിവര്‍ ഈ പുസ്‌തകം തയ്യാറാക്കുമ്പോള്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

എടുത്തു പറയേണ്ട മറ്റൊരാള്‍ ഡോ. ഖദീജ മുംതാസ്‌ ആണ്‌. സ്‌ത്രീ രോഗ ചികിത്സകയായ അവര്‍ യാതൊരു മടിയും കൂടാതെയാണ്‌ അവതാരിക എഴുതിത്തന്നത്‌. ഈ പുസ്‌തകം തയ്യാറാക്കുന്നതിന്‌ സഹായിച്ചവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്‌.

ഒരു ശാസ്‌ത്ര വിഷയമായ വിഷവൈദ്യത്തെ വിശദമാക്കാന്‍ പ്രയാസമുണ്ടെങ്കിലും പരമാവധി ലളിതമാക്കി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌.

9 comments:

Myna said...

ഒലിവ്‌ പബ്ലേക്കേഷന്‍ എന്റെ ആദ്യ പുസ്‌തകം പുറത്തിറക്കുന്നു. വിഷചികിത്സയില്‍ മിശ്രചികിത്സ എങ്ങനെ ഫലവത്താക്കാം എന്ന അന്വേഷണമാണ്‌ ഈ പുസ്‌തകം.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സഹപാഠി പാമ്പുകടിയേറ്റു മരിച്ചിരുന്നു. അന്ന്‌ ഞങ്ങളെ സ്‌കൂളില്‍ നിന്ന്‌ അവനെ കാണാന്‍ കൊണ്ടുപോയി. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ വിഷചികിത്സ പഠിക്കണമെന്ന മോഹം എനിക്കുണ്ടായത്‌.

Inji Pennu said...

ഇതു കൊള്ളാമല്ലെ മൈനേ... ഒരു കംഗാരൂനെ ഇറക്കി വിടുന്നു, പിടിച്ചോളണേ.

ഒന്നീ തുടങ്ങിയാ മൂന്നെന്നല്ലെ? ആദ്യം വിശാലേട്ടന്‍, പിന്നെ മൈന, ഇനി ആരുടെ പുസ്തകമാണ് ഇന്ന് കാണാന്‍ പേണെ ആവൊ? അയാള്‍ വേഗം കടന്നു വരൂ.

sandoz said...

മൈനക്ക്‌ ...അഭിനന്ദനങ്ങളും..ആശംസകളും

Unknown said...

പരിസ്ഥിതി നാശത്തോടൊപ്പം ഉരഗവര്‍ഗ്ഗവും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെങ്കിലും പാരമ്പര്യമായി തലമുറകള്‍ കൈമറിഞ്ഞ് വന്ന ഇത്തരം അറിവിന്റെ അക്ഷയഖനികളെങ്കിലും സംരക്ഷിക്കപ്പെടേണ്ടതും അതത്യാവശ്യമായി വരുന്ന സാധാരണ ജനങ്ങള്‍ക്കും മനസ്സിലാക്കന്‍ കഴിയുന്ന തരത്തില്‍ ജനകീയമാക്കേണ്ടതും അത്യാവശ്യം തന്നെയാണ്.

കാലം ആവശ്യപ്പെടുന്ന ഈ പ്രവര്‍ത്തനത്തില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ മൈനക്ക് തികച്ചും അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്.അഭിനന്ദനങ്ങള്‍.

മൈന ഒരു ബൂലോകാംഗമാണല്ലൊയെന്നോര്‍ത്ത് ഞാനും അഭിമാനിക്കുന്നു, താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു.

Ziya said...

എല്ലാ ഭാവുകങ്ങളും

പ്രിയംവദ-priyamvada said...

Congrats!
qw_er_ty

മയൂര said...

അഭിനന്ദനങ്ങളും..ആശംസകളും..:)

പാവം തലശ്ശേരികാരന്‍ said...

chechi,,chechi alle matrubhumi azchapathipil ezhutharulatu???

Sunil G Nampoothiri said...

വളരെ നല്ലതു ....
അനേകജീവിതങ്ങള്‍ രക്ഷിക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ.
ആശംസകള്‍