Thursday, February 15, 2007

മഞ്ഞ റോസാപ്പൂവിന്‌


പ്രണയംപ്രണയദിനത്തില്‍ ഒരോര്‍മ

ആറില്‍ പഠിക്കുമ്പോഴാണ്‌. മഠത്തിലെ ചെറിയ പള്ളിക്കരികെയുള്ള പൂന്തോട്ടത്തില്‍ പലതരം റോസാപ്പൂക്കളുണ്ടായിരുന്നു. ചുവപ്പും., മഞ്ഞയും, പിങ്കും...മഞ്ഞറോസാച്ചെടി വീട്ടിലില്ലാത്തതുകൊണ്ട്‌ അതിനോടായിരുന്നു ഞങ്ങള്‍ക്ക്‌ പ്രിയം. വിരിഞ്ഞു നില്‌ക്കുന്ന മഞ്ഞ റോസാപ്പൂവ്‌ കാണുമ്പോള്‍ അസൂയ തോന്നിയിരുന്നു. ആ അസൂയകൊണ്ടാവണം പൂവിനെ ഇങ്ങനെ നോക്കി നില്‌ക്കാന്‍ പ്രേരിപ്പിച്ചത്‌.
പ്രണയം എന്താണെന്നറിയില്ല. ചിലരൊക്കെ പ്രേമത്തിലാണെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷേ, സംഗതി എന്താണെന്ന്‌ തിരിഞ്ഞില്ല.

സ്‌കൂളുവിട്ടു വരുന്ന വഴിയില്‍ ഏഴാംക്ലാസിലെ ബോയ്‌സ്‌ (കോണ്‍വെന്റ്‌ സ്‌ക്കുളായതുകൊണ്ട്‌ അവന്‍, എടാ,പോടാ എന്നൊന്നും പറയാനോ വിളിക്കാനോ പാടില്ല. ബോയ്‌സ്‌,ഗേള്‍സ്‌ എന്നുവിളിക്കാം. അതാണു നിയമം) ചിലര്‍ വരമ്പില്‍ ഓരോരുത്തര്‍ക്കും ഇഷ്‌ടമുള്ള പെണ്‍കുട്ടികളുടെ പേരുകള്‍ അധികചിഹ്നമിട്ട്‌ എഴുതി വെച്ചിരുന്നു. രാജീവ്‌+റിന്‍സി എന്നൊക്കെ.

അങ്ങനെ ഒരു ദിവസം സ്‌കൂളുവിട്ട വന്ന ഉടനെ അമ്മ എന്നെ കടയില്‍ പറഞ്ഞു വിട്ടു. കടയെന്നു പറഞ്ഞാല്‍ രണ്ടുരണ്ടര കിലോമീറ്റര്‍ നടന്നു പോകണം. നെല്‍പാടങ്ങളും കരിമ്പുപാടങ്ങളും കടന്ന്‌...വേനലായിരുന്നു. കൊയ്‌തൊഴിഞ്ഞപാടം വിണ്ടുകീറി കിടന്നിരുന്നു. ഞാന്‍ വരമ്പിലൂടെ നടന്നു. കീരക്കാടു കൈത്തോടു ചാടിക്കടന്നു. അപ്പോളുണ്ട്‌ ഏഴാംക്ലാസിലെ മുന്നു ബോയ്‌സ്‌..അവര്‍ വൈകി വരുന്നവരാണ്‌. ത്രിമൂര്‍ത്തികള്‍ വരമ്പിലൊക്കെ പേരെഴുതിവെച്ച്‌ വരുന്ന വഴിയാവണം-ഞാന്‍വിചാരിച്ചു. ഒരാളുടെ കൈയ്യില്‍ ഒരു മഞ്ഞ റോസാപ്പൂവുണ്ട്‌. ഞാന്‍ വീണ്ടും വീണ്ടും നോക്കി..അസൂയയോടെ, കൊതിയോടെ.....
അടുത്തെത്തിയപ്പോള്‍ പൂവിന്റെ ഉടമ പൂവെനിക്കു നേരെ നീട്ടി. ഞാനൊന്നു മടിച്ചു. "ഗേള്‍സെടുത്തോ" അവന്‍ പൂവു നീട്ടിപ്പിടിച്ചിരിക്കുന്നു.
നന്നായിവിടര്‍ന്ന മഞ്ഞപ്പൂവ്‌. വരമ്പില്‍ കൂട്ടി മുട്ടാതിരിക്കാന്‍ പാടത്തേക്കിറങ്ങി നടന്നു. പൂവു മണത്തുനോക്കി. നല്ല സുഗന്ധം.
"ഹായ്‌ !"
പക്ഷേ, പൂവു മണത്തു നടക്കാന്‍ പറ്റില്ല. കടയില്‍ പോയി വരണം. കണ്ടാല്‍ ആരെങ്കിലും ചോദിച്ചാലോ?

അടുത്ത കൈത്തോടിനടുത്ത്‌ എത്തിയപ്പോള്‍ പൊട്ടിച്ചെടിക്കിടയില്‍ ഒളിപ്പിച്ചു വെച്ചു.
തിരിച്ചുവരും വഴി എടുത്തു മണത്തു. പിന്നെയും പിന്നെയും മണത്തുംകണ്ടുകൊണ്ടും നടന്നു. മനസ്സിലപ്പോള്‍ അനിയത്തിയേയും അയല്‍വീട്ടിലെ കൂട്ടുകാരി ബിന്ദുവുമായിരുന്നു. അവരെ പൂവു കാണിച്ച്‌ കൊതിപ്പിക്കണം.

വീടെത്തും മുമ്പേ ബിന്ദുവിനെ കണ്ടു. അവളുടെ വീടിനു പിന്നിലെ മുരിക്കിന്‍ ചുവട്ടില്‍നില്‌ക്കുകയായിരുന്നു അവള്‍. എന്നെയല്ല പൂവിനെയാണ്‌ അവളും ശ്രദ്ധിച്ചത്‌.
"ഇ തെവിടെന്നാ?" നേരിയ കുശുമ്പോടെ അവള്‍ ചോദിച്ചു.
ഞാന്‍ കാര്യം പറഞ്‌ഞപ്പോള്‍ അവളെന്റെ കൈയ്യില്‍ നിന്നു പൂവു വാങ്ങി.ഓരോ ഇതളും അടര്‍ത്തി കൈത്തോട്ടിലൊഴുക്കി. സങ്കടവും ദേഷ്യവും കൊണ്ടെനിക്കു കരച്ചില്‍ വന്നു.കൈത്തോട്ടിലൊഴുകുന്ന ഓരോ ഇതളും നോക്കി അവള്‍ പറഞ്ഞു.തത്വഞ്‌ജാനിയിപ്പോലെ.
"ചെറക്കന്മാരു തരുന്ന പൂവു മേടിക്കരുത്‌. അതിന്‌ വേറെ അര്‍ത്ഥവാ" ........
അപ്പോള്‍ ആദ്യമായി നെഞ്ചിലൊരു നീറ്റല്‍.....

26 comments:

Myna said...

പ്രണയത്തില്‍ പഴയൊരോര്‍മ

love said...

ahhaaaaaaaaa


adi poli bloger tanne keto...........................

രാജ് said...

ഗേള്‍സെടുത്തോ! വളരെ naive ആ‍യ ഒരു പറച്ചില്‍, മൈനയുടെ എഴുത്തുപോലെ തന്നെ.

പൊടിക്കുപ്പി said...

നന്നായി എഴുതിയിരിക്കുന്നു.. സ്ക്കൂളിലെ ഒടുക്കത്തെ റൂള്‍സ് കാരണം പൂവുകളെത്ര വേസ്റ്റ് ആയിപോയി!!!!!

Devadas V.M. said...

ആ എരിച്ചിലാണല്ലൊ പ്രണയം?

മയൂഖന്‍ said...

പ്രണയം എപ്പോഴും കൈ ത്തോടിനടുത്തു പൊട്ടിച്ചെടികള്‍ക്കിടയില്‍ ഒളിച്ചു വെക്കപ്പെടുന്നു. സുഗന്ദമൂറുന്ന റോസാപ്പ്പൂവിന്റെ ഇതളുകള്‍ മുറിച്ചു മാറ്റപ്പെടുന്ന പ്രായത്തിന്റെ (കാലത്തിന്റെയും)കാല്പനികത അവസാനിക്കുംബോള്‍ മറ്റെന്തൊ മുള പൊട്ടുന്നു അവിടെ.കാലമാവാം കലിയുടെ വേഷത്തില്‍.ഒരു എരിച്ചില്‍ നമുക്കെപ്പോഴും ബാക്കി വെക്കാം.

Unknown said...

സര്‍പ്പഗന്ധിയില്‍ ജീവിതഗന്ധിയായ ഒരു നുറുങ്ങു കഥ.... മൈനക്ക് നല്ല ഭാഷയും ശൈലിയുമുണ്ട്....ആശംസകള്‍ !!

Siju | സിജു said...

അപ്പോ ഞാന്‍ തന്ന ആ മഞ്ഞ പനിനീര്‍ പുഷ്പം ...

sandoz said...

പാവം..ബോയ്സ്‌......
ഒരു പൂവ്‌ കൊടുത്താലും തെറ്റിദ്ധരിക്കും മറ്റുള്ളവര്‍.....

[ബിന്ദു..സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു അല്ലേ...പഠിച്ചിരുന്നത്‌]

Peelikkutty!!!!! said...

മഞ്ഞ വാങ്ങിച്ചാ കൊഴപ്പോല്ല മൈനേ..ചോപ്പു വാങ്ങിക്കാണ്ടിരുന്നാ മതി :-)

krish | കൃഷ് said...

ഓ ബിന്ദൂന്‍റെ ഒരു അസൂയയേ..
അവള്‍ക്ക്‌ കിട്ടാത്തതിന്‍റെ കെറുവാ..

നന്നായിട്ടുണ്ട്.

കൃഷ് | krish

അഡ്വ.സക്കീന said...

റോസാപ്പൂ കാണിച്ചു കൊതിപ്പിച്ചാ പോരായിരുന്നോ മൈനേ, എന്തിനാ സത്യം പറഞ്ഞേ

reshma said...

‘ഗേള്‍സെടുത്തോ’ ഹ ഹ . ഇതിനെയായിയിരിക്കും ‘ക്യൂട്ട്’ എന്നൊക്കെ നമ്മള് പറയുന്നത്:D
പത്താം ക്ലാസ്സിലായിരുന്നപ്പോ,ലഞ്ച് ബ്രേക്കിന് പാരപറ്റില്‍ ഇരുന്ന് കൂട്ടുകാരിയും ഞാനും കത്തിയടിക്കായിരുന്നു. പെട്ടെന്ന്, പതിവ് തമാശകള്‍ക്കും കത്തികള്‍ക്കുമിടയില്‍ അവള്‍ പറഞ്ഞു, “‘പ്രണയം’ഒരു വൃത്തികെട്ട വാക്കാ അല്ലേ. സോ ചീപ്. എന്നാല്‍ ‘സ്നേഹ’മോ, എത്ര ശക്തമാണ്. ‘അമ്മ’യെ പോലെ”.
എന്നെക്കാള്‍ എത്ര മുന്നിലാ അവളെന്ന് ഓര്‍ത്ത് ഞാന്‍ വണ്ടറടിച്ചു അന്ന്. നാലു കൊല്ലങ്ങള്‍ക്കു ശേഷം,രാവിലെ കോളേജിലേക്ക് ഒരുങ്ങുന്നതിനിടെ അവളുടെ ഫോണ്‍ വന്നു, ‘ഞാന്‍ ഇന്നലെ അവന്റെ കൂടെ ഇറങ്ങി. ഞങ്ങളിപ്പോ ...ലാ, ഇന്നലെ റെജിസ്റ്റര്‍ ചെയ്തു. നീയൊന്ന് അമ്മയെ വിളിച്ച് പറ’. എനിക്ക് ദേഷ്യാ വന്നത് . എന്തിനായിരുന്നെന്ന് ചോദിച്ചപ്പോ ‘എനിക്കീ പ്രണയം നഷ്ടപ്പെടുത്താന്‍ ആവില്ലായിരുന്നു’ എന്നവള്‍. അവസാനം വിക്കി വിക്കി ഞാനവളുടെ അമ്മയെ വിളിച്ചു പറഞ്ഞത് ‘ആന്റീ, അവള്‍ക്കവന്റെ സ്നേഹം നഷ്ടപ്പെടാനാവാത്തത് കൊണ്ടാന്ന്’. സ്നേഹം എന്ന് പറഞ്ഞാ ആ അമ്മയുടെ വേദന കുറച്ച് കുറഞ്ഞേക്കും എന്ന് പത്താം ക്ലാസ്സില്‍ വെച്ചവള്‍ പഠിപ്പിച്ചിരുന്നല്ലോ:D

വല്യമ്മായി said...

നിഷ്കളങ്കമായ വിവരണം

Inji Pennu said...

പക്ഷെ മഞ്ഞ റോസാപ്പൂന്ന് വെച്ചാല്‍ ഫ്രന്‍സെന്നാ, ചുവന്ന റോസാപ്പൂവാണ് മേടിച്ചൂടാത്തത്..

മഞ്ഞ - ഫ്രന്റ്സ്
ചുവപ്പ് - പ്രേമം
വെള്ള - സമാധാനം
പിങ്ക് - ക്രഷ് അല്ലെങ്കില്‍ ആരാധന

ഇതൊന്നും അറ്യില്ലായിരുന്നൊ മൈനക്കുട്ടിക്ക്?:)

രാജ് said...

രേഷ്മാ നല്ല കമന്റ്.

അരവിന്ദ് :: aravind said...

ഓകിഡോക്കി കഥ മൈന... :-))

രേഷ്മ!!! നല്ലോരു കഥ കമന്റാക്കി വേസ്റ്റാക്കി.

സു | Su said...

ഓര്‍മ്മ മനോഹരമായി.

Santhosh said...

മൈനേ, മഞ്ഞ വലിയ കുഴപ്പമില്ല. ചുവപ്പാവാതെ നോക്കുക. ആയാല്‍ എന്തു സംഭവിക്കുമെന്ന് ഇവിടെ കാണാം.

ബിന്ദു said...

ഉം.. :) ബിന്ദുവല്ലെ പറഞ്ഞത് സത്യാവും. :)

Lena George said...

മൈനക്കൊച്ചേ,
ആ ഇഞ്ചി പറഞ്ഞത് കേട്ട് വല്ലവനും തരുന്ന പൂവൊക്കെ വാങ്ങിക്കല്ലേ...
എല മുള്ളേ വീണാലും മുള്ളെലേ വീണാലും കേട് മുള്ളിനു തന്നാ. മറക്കണ്ട. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ റോസ് ഏതായാലും ഒരു ദിവസേ നില്‍ക്കൂ പിന്നെ വാടൂലെ.. അതു പോട്ടെ..

ഓടോ: “ആ ഇഞ്ചി പറഞ്ഞത് കേട്ട് വല്ലവനും തരുന്ന പൂവൊക്കെ വാങ്ങിക്കല്ലേ...“

ഇതിനാണ് അസൂയ കുശുമ്പ് എന്നോക്കെ പറേണത്...

Unknown said...

നല്ല മനോഹരമായ ഓര്‍മ്മ. മൈനയുടേയും രേഷ്മച്ചേച്ചിയുടേയും.

ഓടോ: നമ്മള്‍ പൂവൊന്നും കൊടുക്കുന്ന ടൈപ്പായിരുന്നില്ല (അത്രയ്ക്ക് വകതിരിവില്ല എന്ന്). എന്നാലൊരെണ്ണം കിട്ടിയിട്ടുണ്ട്, ചുവന്നത്. തികച്ചും അപ്രതീക്ഷിതമായിട്ട്. അമ്പരപ്പും ജാള്യതയും ഒരു തരം അഭിമാനവും ഒക്കെ കലര്‍ന്ന ഒരു തരം സുഖമുള്ള ഫീലിങായിരുന്നു അപ്പോള്‍ എന്ന് ഓര്‍മ്മയുണ്ട്. :-)

krish | കൃഷ് said...

"നമ്മള്‍ പൂവൊന്നും കൊടുക്കുന്ന ടൈപ്പായിരുന്നില്ല (അത്രയ്ക്ക് വകതിരിവില്ല എന്ന്). എന്നാലൊരെണ്ണം കിട്ടിയിട്ടുണ്ട്, ചുവന്നത്."
ദില്‍ബൂവേ ... ചുവന്ന ആ പൂവ് ചെമ്പരത്തിപൂവ് ആയിരുന്നില്ലേ..

മുസ്തഫ|musthapha said...

മൈനാ... നല്ല പോസ്റ്റ് :)

രേഷ്മയുടെ കമന്‍റ് മറ്റൊരു പോസ്റ്റ് വായിച്ച അനുഭവമുണ്ടാക്കി.

കൃഷ്: :))

അനില്‍ ഐക്കര said...

അതല്ല, ഈ വരികളില്‍ നമ്മള്‍
ആകര്‍ഷിക്കപ്പെടുന്നത്‌
ആ നിഷ്കളങ്കതയെ പിച്ചിച്ചീന്തിയതിന്റെ കാരണമാണ്‌.

ചെക്കന്മാര്‍ തരുന്ന പൂവിന്‌ വരെ അര്‍ത്ഥങ്ങള്‍ നല്‍കി നശിപ്പിച്ചിരിക്കുന്നു, നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിലെ ആത്മാര്‍ത്ഥതയെ, ഈ ദുഷിച്ച സമൂഹം!

എല്ലാത്തിനും കാരണങ്ങള്‍ കണ്ടെത്തുന്ന സമൂഹത്തിന്റെ വൃത്തികെട്ട ഒരു മുഖം നമ്മള്‍ അറിയാതെ തിരിച്ചറിയുകയാണ്‌ മൈനയുടെ വരികളില്‍.ഇതു പണ്ട്‌ ഒഥല്ലോ യില്‍ ഇയാഗോവിന്റെ ന്യായീകരണത്തെ ഷേക്‌ സ്പിയര്‍ വര്‍ണ്ണിച്ചത്‌ ഓര്‍മിപ്പിക്കുന്നു..Motive hunting for the motiveless malignity!

അത്‌ ഇയാഗോവിന്റെ മാത്രമല്ല, സമൂഹത്തിന്റെ ആകെയുള്ള പ്രശ്നം തന്നെ!