Thursday, June 18, 2015

ഇനി കോളേജ് അധ്യാപിക



പഠിച്ച് ആരാവണമെന്നാണ് ആഗ്രഹം  എന്ന് ബന്ധുവായ കുട്ടിയോടുള്ള ചോദ്യത്തിന് അമ്മച്ചിയാണ് മറുപടി പറഞ്ഞത്. 'കോളേജില്‍ പഠിപ്പിക്കുന്ന ടീച്ചറാവണം. എനിക്കതാണിഷ്ടം' ഞാനതുകേട്ട്  അമ്പരന്നു.  ജീവിതത്തിലൊരിക്കലും സ്വന്തം മക്കളോടിതു പറഞ്ഞിരുന്നില്ലല്ലോ!  എന്താവണം, ആരാവണം എന്നൊന്നും ഞങ്ങളോടാരും പറഞ്ഞു തന്നിരുന്നില്ല. പോയ വഴിയേ അടിച്ചു. അത്രതന്നെ..
ഇടുക്കിയില്‍ നിന്ന് ബികോം കോ-ഓപ്പറേഷനുമായി വയനാടന്‍ ചുരം കയറി. രണ്ടുവര്‍ഷം സ്‌റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയായി അവിടെ..ഒപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയ്ക്കു ചേര്‍ന്നു.  അതുകഴിഞ്ഞ് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദത്തിനും..പൂര്‍ത്തിയാക്കും മുമ്പേ ചുരമിറങ്ങി..കോഴിക്കോട് ഐസിജെയില്‍ കമ്മ്യൂണിക്കേഷന്‍ & ജേണലിസം പി ജി ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ഇടയക്ക് കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോലികിട്ടി. ജേണലിസമായിരുന്നു അന്നു പ്രിയം. അതുകൊണ്ടാവണം ബാങ്കുജോലി ഒരു ജോലിയായി മാത്രം കണ്ടു. അപ്പോഴൊന്നും അധ്യാപനത്തെപ്പറ്റി ചിന്തിച്ചിരുന്നേയില്ല. ഇടയ്ക്ക് എം ബി എ യ്ക്കു ചേര്‍ന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ ഇതെന്റെ വഴിയല്ല എന്ന തോന്നല്‍ അലട്ടാന്‍ തുടങ്ങി.  അങ്ങനെ ഒന്നുമില്ലാതെ കുറേക്കാലം. പിന്നെ വീണ്ടും സോഷ്യോളജി തുടര്‍ന്നു.  പിന്നെ മലയാളം, നെറ്റ്...അവധിയെടുത്ത് പിഎച്ചഡിക്ക്...അടുത്തറിയുന്നവര്‍ കോളേജധ്യാപനത്തെപ്പറ്റി പറഞ്ഞ് പറഞ്ഞ് മോഹിപ്പിച്ചു.
ഇപ്പോള്‍ എം ഇ എസ് മമ്പാട് കോളേജില്‍ അധ്യാപികയായിരിക്കുന്നു. ഇടുക്കിയിലെ ഒരുള്‍ഗ്രാമത്തില്‍ നിന്നു തുടങ്ങിയ എന്റെ വിദ്യാഭ്യാസയാത്ര ഒട്ടും സുഗമമായിരുന്നില്ല. പലപ്പോഴും  ഇതോടെ തീര്‍ന്നു എന്ന് തോന്നിയിട്ടുണ്ട്.  ബികോം ഒന്നാം വര്‍ഷത്തില്‍ തന്നെ പശുവും പുല്ലുമൊക്കെയായി മുടന്തി നിന്നിട്ടുണ്ട്. കടന്നുവന്ന വഴികളെ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓരോ സമയത്തും കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല. കോഴിക്കോട് സര്‍വ്വകലാശാലയിലെ ലൈബ്രേറിയന്‍ ഷാജി വി, ഡല്‍ഹി സര്‍വ്വകലാശാലയിലെ PHD ചെയ്യുന്ന കെ എസ് ഹക്കിം, ഞങ്ങളുടെ ഓഡിറ്ററായിരുന്ന നൗഷാദ് അരീക്കോട് ഇവരെ കൂടുതല്‍ ഓര്‍ക്കുന്നു..