Friday, September 6, 2013

പുസ്തക പ്രകാശനം



പ്രകാശനം സെപ്തംബര്‍ 9 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍...




അത്തയുടെ പാരമ്പര്യം വൈദ്യത്തിന്റേതായിരുന്നു.  അതുകൊണ്ടുതന്നെ  കുട്ടിക്കാലം മുതല്‍   പാരമ്പര്യവൈദ്യത്തോടും വിഷചികിത്സയോടും എനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ആദ്യകാലത്ത് മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന പിതാമഹന്റെ അടുത്തു നിന്ന് വിഷചികിത്സ പഠിക്കുകയും പ്രയോഗിക്കുകയുമായിരുന്നു.  പിന്നീട് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുകയും ഇവയുടെ പാരമ്പര്യമെന്തെന്ന് അന്വേഷിച്ചു വരികയുമായിരുന്നു. അന്നേരത്താണ് ഒരു നിമിത്തം പോലെ എന്റെ കേരളം ചരിത്രവും ഭാവിയും പാരമ്പര്യ പുസ്തക പരമ്പരയെക്കുറിച്ച് ഡോ എം ആര്‍ തമ്പാന്‍ സാര്‍  പറയുന്നത്. ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആ പുസ്തക പരമ്പരയില്‍ 'കേരളീയ വിഷ ചികിത്സാ പാരമ്പര്യ'ത്തെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കാമോ എന്നു ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പുസ്തകത്തിന് രൂപരേഖയുണ്ടാക്കുന്നതിന് സഹായിച്ചതും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയതും ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കൃഷ്ണകുമാറാണ്.

പാരമ്പര്യ വിഷചികിത്സയെന്നാല്‍ കേവലം സര്‍പ്പദംശനം മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വിഷത്തെപ്പറ്റിയുള്ള സമഗ്ര ദര്‍ശനം ഈ ചികിത്സാരീതിയിലുണ്ട്. ഒരു ജനതയുടെ പൈതൃകം അവര്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്ന ചുറ്റുപാടും അവരാര്‍ജിച്ചുവന്ന വിജ്ഞാനവും കൂടി ഉള്‍പ്പെട്ടതാണ്. പ്രകൃതി കോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവുമേറെ ഭയന്നത് വിഷത്തെയാണ്. പ്രത്യേകിച്ച് ഇഴജന്തുക്കളുടെ വിഷത്തെ...ചരിത്രാതീത കാലം മുതല്‍ക്കുതന്നെ  ഒരു ചികിത്സാ സമ്പ്രദായം ഇവിടെ നിലനിന്നു പോന്നിട്ടുണ്ടാവണം.  ആത്മരക്ഷയ്ക്കു വേണ്ടിയുള്ള അബോധപൂര്‍വ്വമായ പരിശ്രമത്തില്‍ കൂടിയാവാം ഇതിന്റെ തുടക്കമുണ്ടായത്.   ക്രമേണ ബുദ്ധിവികാസത്തിന്റേയും സഹജപ്രേരണയുടെയും ഫലമായി, തലമുറതലമുറയായുള്ള നിരീക്ഷണ പരീക്ഷണങ്ങളിലൂടെ, വിജ്ഞാന വിനിമയത്തിലൂടെ ഒരു ചികിത്സാ പദ്ധതി രൂപംകൊണ്ടു വരികയായിരുന്നെന്ന് അനുമാനിക്കാം.  മന്ത്രവാദവും പ്രാര്‍ത്ഥനയും മരുന്നും ഒക്കെക്കൂടി സങ്കീര്‍ണ്ണമായി കിടക്കുന്നതായിരുന്നു ഈ ചികിത്സാ സമ്പ്രദായം. ആയൂര്‍വ്വേദത്തിന്റെ അടിസ്ഥാന തത്വങ്ങളെ മുന്‍ നിര്‍ത്തിയാണ് കേരളീയ ചികിത്സാ സമ്പ്രദായം വികസിച്ചത് എങ്കിലും കേരളത്തിലുണ്ടായത്ര വികസനം സംസ്‌കൃത സംഹിതകളില്‍ ഉണ്ടായിട്ടില്ലെന്ന് വി എം കുട്ടികൃഷ്ണമേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്.   ഇത്രയേറെ സമ്പന്നമായൊരു ചികിത്സാ പദ്ധതിയുടെ പാരമ്പര്യമന്വേഷിക്കുകയും  അതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും  പാരമ്പര്യ ചികിത്സാസമ്പ്രദായത്തിന്റെ ഭാവിയെന്താണെന്നും അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ...

ജംഗമ വിഷങ്ങളില്‍ ഒന്നായ സര്‍പ്പവിഷത്തിനാണ് കഴിഞ്ഞ നൂറ്റാണ്ടുവരെ പ്രാധാന്യമെങ്കില്‍ ഇനിയത് കൃത്രിമവിഷത്തിനാവുമെന്നതില്‍ സംശയമില്ല.  എന്നാല്‍, ആര് ഇനി ഈ ചികിത്സ പഠിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
കഴിഞ്ഞ കുറേ നാളായി ഈ പുസ്തകം എഴുതുന്നതിനു വേണ്ടിയുള്ള യാത്രകളായിരുന്നു.  ഒരുപാടുപേരെ കണ്ടു, പരിചയപ്പെട്ടു. നാട്ടുവൈദ്യവും ആര്യവൈദ്യവും കോഴിവെപ്പും, മന്ത്രവാദവും, ഒറ്റമൂലിയും, വംശീയവൈദ്യവും ഒക്കെയായി ഒരുപാടു പേരെ..ഇന്നും പാരമ്പര്യത്തിന്റെ കണ്ണികള്‍ വിട്ടുപോകാതെ അര്‍പ്പണബോധത്തോടെ ചികിത്സ എത്രയോ പേര്‍. ഈ പുസ്തകം എഴുതാനായതിനൊപ്പം ഒരുപാട് അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട് ആ യാത്രകള്‍. ചിലത് അതി സാഹസികമായതും.
സുഹൃത്തുക്കളില്‍ ചിലര്‍ വഴികാട്ടിയായി ഒപ്പം വന്നു. ചിലര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നു.  ഡോ ഇ ഉണ്ണികൃഷ്ണന്‍, സുനീത ടി വി, ഡോ എം അഭിലാഷ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഷാജി വി, തൃശൂര്‍ മുല്ലശ്ശേരിയിലെ നന്ദകുമാര്‍, കൃഷ്ണവേണി, ഷബീര്‍, ഡോ ഹരിദാസന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരി, ഡോ മധു പരമേശ്വരന്‍,  തിരുനെല്ലി സേവാശ്രം സ്‌കൂളിലെ സാമുവല്‍ മാഷ്, ഡോ ജയന്‍ ഏവൂര്‍, പ്ലാവ് ജയന്‍, ശിവരാമന്‍ ചാലക്കുടി, യു പി മുഹമ്മദ് വൈദ്യര്‍, മന്മദന്‍ വൈദ്യര്‍, മധുവനം രാഘവന്‍ വൈദ്യര്‍, കാക്കൂരിലെ മോഹനന്‍ നായര്‍, ഡോ ലീല, നിഷാത്ത്, മോഹന്‍ദാസ്,  എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹായമുണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അത്യാവശ്യഘട്ടങ്ങളില്‍ എന്നോടൊപ്പം കൂട്ടു വരികയും എഴുതുന്ന സമയങ്ങളില്‍ ഒരു തരത്തിലും പ്രയാസപ്പെടുത്താതെയുമിരുന്ന നല്ലപാതി സുനിലിനും മകള്‍ ഇതളിനും  ഏതുവാക്കുപോയാഗിച്ചാണ് നന്ദി പറയുക എന്നറിയില്ല.  അതേപോലെ എന്റെ അമ്മച്ചിക്കും അത്തയ്ക്കും അനിയത്തിമാരായ മാനുവിനും മഞ്ജുവിനും...

ഈ പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ എഴുതാനെത്രയോ ബാക്കിയെന്നും കണ്ടെത്താനും അറിയാനും ഇനിയുമെത്രയോ ബാക്കി എന്നുമുള്ള തോന്നലാണുളളത്. അതുകൊണ്ട് തന്നെ ഇതൊരു തുടക്കമെന്നേ പറയാനാവൂ. കേരളീയ വീഷചികിത്സാ പാരമ്പര്യം എന്ന ഈ പുസ്തകം എഴുതാന്‍ പ്രോത്സാഹിപ്പിച്ച ഡോ എം ആര്‍ തമ്പാന്‍ സാറിനും കൃഷ്ണകുമാര്‍ സാറിനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോഴിക്കോട്   പ്രാദേശിക കേന്ദ്രത്തിനും എന്റെ മനസ്സുനിറഞ്ഞ നന്ദി.

വിഷചികിത്സ പഠിപ്പിക്കുന്ന കാലത്ത് കൊച്ചുമകള്‍  ഇങ്ങനെയൊരു പുസ്തകമെഴുതുമെന്നോ എഴുത്തിലേക്ക് വരുമെന്നോ വിചാരിച്ചിരിക്കില്ല ഗുരുവായ മുറുക്കുന്നത്തയും ഐഷാബീവി അമ്മച്ചിയും.  പക്ഷേ, അവര്‍ക്ക് ഇവളില്‍ പ്രതീക്ഷയുണ്ടായിരുന്നു.   പാരമ്പര്യ ചികിത്സയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടൊരു കാലമാണെന്നും ഇനിയാരെയും പഠിപ്പിക്കില്ലെന്ന് ഉറപ്പിച്ചിട്ടും ആ തീരുമാനം മാറ്റേണ്ടിവന്നത്  പ്രതീക്ഷകൊണ്ടു മാത്രമാവണം.  എന്നില്‍ അര്‍പ്പിച്ച ആ വിശ്വാസത്തിന് അവര്‍ക്കായ ഈ പുസ്തകം  സമര്‍പ്പിക്കുന്നു

                                       







12 comments:

NEETHIVISESHAM said...

"പ്രകൃതി കോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവുമേറെ ഭയന്നത് വിഷത്തെയാണ്. പ്രത്യേകിച്ച് ഇഴജന്തുക്കളുടെ വിഷത്തെ..."
വളരെ നല്ല നിരീക്ഷണം, അതുകൊണ്ടു തന്നെയാവണം പ്രകൃതി ശക്തികള്‍ക്കൊപ്പം സര്‍പ്പങ്ങളും ആരാധനാമൂര്‍ത്തികളായത്...

ആശംസകള്‍ അഭിനന്ദങ്ങള്‍ ... !
അടുത്ത പതിപ്പ് ക്രിയേറ്റീവ് കോമണ്‍സില്‍ പ്രതീക്ഷിക്കുന്നു :)

ktorahman said...

വൈക്ഞാനിക മേഖലയിൽ മൈന നടത്തുന്ന പ്രവേശനം സ്വാഗതം ചെയ്യുന്നു. ഈ രംഗത്ത് ഇനിയും എഴുതണമെന്ന തോന്നൽ , ഇനിയും കൂടുതൽ പ്രതീക്ഷയെകുന്നതാണ്. എല്ലാ നന്മകളും, വിജയവും നേരുന്നു

ajith said...

ആശംസകള്‍

ഈ വിഷയത്തെ സംബന്ധിച്ച് പുസ്തകം എന്തായാലും അധികം കാണുകയില്ലല്ലോ
അതുകൊണ്ട് തന്നെ ഈ പുസ്തകം ഒരു മുതല്‍ക്കൂട്ട് ആവും!

MG Rajan said...

അഭിനന്ദനങ്ങള്‍.....ആശംസകളും..
ഇനിയും കൂടുതല്‍ എഴുതുമെന്നു പ്രതീക്ഷിക്കുന്നു.....

Harinath said...

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണോ പ്രസിദ്ധീകരിക്കുന്നത് ? വിതരണക്കാർ ആരായിരിക്കും ?
എനിക്കും വളരെ താൽപര്യമുള്ള വിഷയമാണിത്. പുസ്തകത്തിനായി കാത്തിരിക്കുന്നു.
ആശംസകൾ...

ഉണ്ണിമൊഴി said...

ആശംസകള്‍.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അഭിനന്ദനങള്‍ ..
കടല്‍പോലെ പരന്നും ആഴ്ന്നും കിടക്കുന്ന ആയുര്‍വ്വേദത്തില്‍ നിന്നും ഇനിയും ഒരുപാട് മുത്തുകള്‍ മുങ്ങിത്തപ്പിയെടുക്കാനും പകര്‍ന്നുനല്‍കാനും കഴിയട്ടെ എന്നാശംസിക്കുന്നു.

Myna said...

എല്ലാവര്‍ക്കും നന്ദി. സന്തോഷം. പുസ്തകം നാളെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കെ വി തോമസ് പ്രകാശനം ചെയ്യും. പുസ്തകം ഭാഷ ഇന്‍സ്‌ററിറ്റിയൂട്ടിലല്ലാതെ വേറെവിടെയങ്കിലും കിട്ടുമോ എന്നറിയില്ല. ഓണ്‍ലൈനില്‍ മിക്കവാറും ലഭ്യമാകും. അറിയിക്കാം

Unknown said...

സർപ്പഗന്ധി വിഷ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും എല്ലാപേർക്കും ഒരു മുതൽ കൂട്ടാവട്ടെ !
.ആശംസകൾ

പ്രജ്ഞാപഥം said...
This comment has been removed by the author.
പ്രജ്ഞാപഥം said...

ആശംസകൾ..... പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ തീരത്ത് വായ്പ്പൂരുവൈദ്യൻ എന്നൊരു പാരമ്പര്യവിഷവൈദ്യനുണ്ടായിരുന്നു. മധ്യതിരുവിതാംകൂറിൽ മുഴുവൻ പ്രശസ്തൻ. ഒരിക്കൽ എന്റെ ഒരു ബന്ധുവിനു വിഷം തീണ്ടി അവരെയും കൂട്ടി ഞാൻ അവിടെപ്പോയി.രണ്ടുനാൾ നീണ്ട ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു ഞങ്ങൾ മടങ്ങി.ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ നാട്ടുകാരായ രണ്ടുമൂന്നുപേർ അവിടെ വന്നു കഥപറഞ്ഞു തുടങ്ങി.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത രസകരമായ അവരുടെ കഥയിൽ എല്ലാസംഘർഷങ്ങളും മറന്ന് ഞങ്ങളും ചേർന്നു പോയി... ഇതിനിടയിൽ ചികിത്സ മുറപോലെ നടന്നു.ആറ്റിൽ വെച്ചു ധാരകോരിയുള്ള ജലചികിത്സയിലും ഈ കാഥികന്മാർ ഒപ്പമുണ്ടായിരുന്നു... പിന്നീടാണറിയാൻ കഴിഞ്ഞത് അതും ചികിത്സയുടെ ഭാഗമായിരുന്നത്രെ. ഉറങ്ങാതിരിക്കുവാനും റ്റെൻഷൻ കുറയ്ക്കാനുമുള്ള ചിരിമരുന്ന്... വലിയ വൈദ്യൻ ഇന്നില്ലെങ്കിലും പിന്മുറക്കാർ ആ പാരമ്പര്യധാരമുറിയാതെ സൂക്ഷിക്കുന്നു....

SHAMSUDEEN THOPPIL said...

ആശംസകള്‍ അഭിനന്ദങ്ങള്‍ ... !
www.hrdyam.blogspot.com