Saturday, March 17, 2012

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?


കുട്ടിക്കാലത്ത് എല്ലാ അവധിക്കാലത്തും എത്തുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു.  മധ്യവേനലവധിക്കാലം ഒരു വര്‍ഷത്തെ അവളുടെ കഥകളാവും പറഞ്ഞുകൊണ്ടിരിക്കുക.  വര്‍ഷത്തില്‍ തന്നെ പലവട്ടം വാടകവീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നവള്‍. കുറ്റിയാടി എന്നും തളിപ്പറമ്പ് എന്നും മഞ്ചേരിയെന്നുമൊക്കെ അവള്‍ പറഞ്ഞാണ് കേള്‍ക്കുന്നത്.  ഒരു തെരുവു കച്ചവടക്കാരനായിരുന്നു അവളുടെ അച്ഛന്‍..പോകുന്ന വഴിയെ കുടുംബത്തേയും കൊണ്ടുപോകും. കുറ്റിയാടിയെന്നൊക്കെ കേള്‍ക്കുമ്പോള്‍ നേര്യമംഗലം കാടിനപ്പുറത്ത് ഏതോ സ്ഥലമെന്നായിരുന്നു വിചാരം.   എവിടെയായിരുന്നാലും മധ്യവേനലവധിക്കാലത്ത് തറവാട്ടിലേക്കു വരും.  അപ്പോള്‍ ഞങ്ങളോട് കൂട്ടുകൂടും.  കഥകള്‍ പറയും.  ഒന്നാംക്ലാസ്സില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.  ഞാന്‍ പ്രീഡിഗ്രി എത്തിയപ്പോള്‍ അവള്‍ ഏഴാംക്ലാസ്സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. പഠിക്കാന്‍ മോശമായിട്ടല്ല. തോറ്റു പോയതുപോലുമല്ല.  നാടോടി ജീവിതത്തിനിടയില്‍ ടി സി വാങ്ങിയില്ല.  നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാംക്ലാസ്സില്‍ ചേര്‍ത്തു.  ഒന്നാം ക്ലാസ്സിലെ ഏറ്റവും വലിയകുട്ടി. ഏഴാം ക്ലാസ്സിലെയും....

അത്ര പഴകിയ ഉടുപ്പകളൊന്നും അവള്‍ക്കില്ലായിരുന്നു.  പഴയവയൊക്കെ ഏതോ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോന്നു.  അവളുടെ പഠിക്കാനുള്ള ബുക്കും പുസ്തകങ്ങളും വരെ. ഏഴാംക്ലാസ്സില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ കടയില്‍ ബട്ടന്‍ തുന്നാന്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഞാനവളെ കാണാന്‍ പോയി. മൂവാറ്റുപുഴയ്ക്കടുത്ത് ഒരു ഇടുങ്ങിയ വാടകമുറിയില്‍.  രാവിലെ കുളിക്കാന്‍ അടുത്തുള്ളൊരു കുളത്തിലേക്കവള്‍ കൊണ്ടുപോയി. അവിടെ ആണും പെണ്ണും ഒരുമിച്ചു നീന്തുന്നതു കണ്ട് അന്തിച്ചു നിന്നു.

അവള്‍ കവിത എഴുതിയിരുന്നു.  അന്ന് കവിതയെഴുത്തെന്തെന്ന് എനിക്കത്ര പിടിയില്ലായിരുന്നു.  പ്രീഡിഗ്രിക്കാരിയായിരുന്നിട്ടും വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെഴുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എ്‌ന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന് അവളുടെ കവിത കണ്ടപ്പോഴാണ് മനസ്സിലായത്.

ജീവതം കുത്തഴിഞ്ഞുപോയ നോട്ടു പുസ്തകമാണെന്നും
കൂട്ടിതുന്നാന്‍ സൂചിയില്ലെന്നും
തുന്നിയാല്‍ തന്നെ പഴയപടിയാവില്ലെന്നുമായിരുന്നു ആദ്യവരികളുടെ സാരം.
 ഏഴാംക്ലാസുകാരിയുടെ കുത്തഴിഞ്ഞുപോയ നോട്ടുബുക്കിന്റെ താളിലായിരുന്നു അതു കുറിച്ചുവെച്ചിരുന്നത്.

സത്യത്തില്‍ ആ കവിതയെന്നില്‍ വലിയ സ്വാധീനം ചെലുത്തി.  അതുപോലൊരു കവിതയെഴുതാന്‍ കിണഞ്ഞു പരിശ്രമിച്ചു.  അങ്ങനത്തെ ജീവിതാനുഭവമില്ലാത്തകൊണ്ട് പരാജയപ്പെട്ടു.  കവിതയെഴുത്ത് തുടക്കത്തിലേ ഉപേക്ഷിച്ചു.

പഠിക്കാനുള്ള  ആഗ്രഹംകൊണ്ട് പിറ്റേക്കൊല്ലം അവള്‍ എട്ടില്‍ ചേര്‍ന്നു.  പക്ഷേ, അതു മുഴുവാനാക്കാനാകും മുമ്പ് അടുത്തൊരു യാത്ര.  ഇത്തവണ കോട്ടയത്തിനടുത്ത് ഒരു കണ്ടത്തില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തേക്കായിരുന്നു.  പലകയടിച്ച് വെള്ളപൂശിയ ആ വീടിനെപ്പറ്റിയും അവള്‍ പറഞ്ഞു.  അതിനോട് ചേര്‍ന്ന അയല്‍ക്കാരെപ്പറ്റിയും പറഞ്ഞുരുന്നു.  അയല്‍ക്കാരിലൊരാള്‍ക്ക് തന്നോട് പ്രണയമാണെന്നും അത് അസ്ഥിയില്‍ പിടിച്ചുപോയെന്നും അവളെന്നോടു പറഞ്ഞു.  പതിനെട്ടുവയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ അവള്‍ക്കു കിട്ടിയ സ്വന്തമായ വീടായിരുന്നു അത്.

പിന്നെ, കേട്ടത് ആ പ്രണയത്തില്‍ അവള്‍ അഭയം തേടിയെന്നാണ്.  മൂന്നു കുഞ്ഞുങ്ങളുണ്ടായെന്നാണ്.  ഫോണൊക്കെ ആയതില്‍പ്പിന്നെ വല്ലപ്പോഴും വിളിക്കും.
കഴിഞ്ഞ കൊല്ലം എം ജി യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടി വന്നപ്പോള്‍ അവളെ അന്വേഷിച്ചു പോയി.  വഴി  അപരിചിതമായി തോന്നിയില്ല.  വയല്‍വെളളം കെട്ടിക്കിടന്ന കുഞ്ഞുകുഞ്ഞു വീടുകളുടെ കോളനിയായിരുന്നുവത്.  അവളുടെ കുഞ്ഞുങ്ങള്‍ മോളോടൊപ്പം കളിച്ചു. അവള്‍ പണിക്കു പോയിരിക്കുകയായിരുന്നു.   അപ്പോഴും വീടിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോടു നിറഞ്ഞൊഴുകുന്നുണ്ട്.  വേനലുമല്ല മഴയുമല്ലാത്തപ്പോഴും.  വയലിനപ്പുറം കുന്നില്‍ റബ്ബര്‍തോട്ടമായിരുന്നെന്നും ആ തോട്ടം വെട്ടിയതില്‍ പിന്നെ മഴ പെയ്യുമ്പോള്‍ വലിയ പാമ്പുകള്‍ ഒഴുകിവരാറുണ്ടെന്നും അവര്‍ പറഞ്ഞു.   മഴയത്ത് വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും അപ്പോഴവര്‍ കട്ടിലിനുമുകളില്‍ കയറി ഇരിക്കുമെന്നും പറഞ്ഞു.  ഇപ്പോള്‍ മഴവെള്ളത്തോടൊപ്പം അകത്തേക്ക് പലവട്ടം പാമ്പുകളും കയറി വന്നുവെന്ന് ആ കുഞ്ഞുങ്ങള്‍ പറഞ്ഞു.

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?
ചോദ്യം എങ്ങനെ പൂരിപ്പിക്കുമെന്നറിയാതെ, വെളിച്ചം മങ്ങിത്തുടങ്ങിയ വഴിയിലൂടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു.

*              *                   *



മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിച്ച ' വാടക വീടുകളുടെ ജാതി'യില്‍ നിന്ന്‌

11 comments:

Myna said...

കുട്ടിക്കാലത്ത് എല്ലാ അവധിക്കാലത്തും എത്തുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു. മധ്യവേനലവധിക്കാലം ഒരു വര്‍ഷത്തെ അവളുടെ കഥകളാവും പറഞ്ഞുകൊണ്ടിരിക്കുക. വര്‍ഷത്തില്‍ തന്നെ പലവട്ടം വാടകവീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നവള്‍. കുറ്റിയാടി എന്നും തളിപ്പറമ്പ് എന്നും മഞ്ചേരിയെന്നുമൊക്കെ അവള്‍ പറഞ്ഞാണ് കേള്‍ക്കുന്നത്. ഒരു തെരുവു കച്ചവടക്കാരനായിരുന്നു അവളുടെ അച്ഛന്‍..പോകുന്ന വഴിയെ കുടുംബത്തേയും കൊണ്ടുപോകും. കുറ്റിയാടിയെന്നൊക്കെ കേള്‍ക്കുമ്പോള്‍ നേര്യമംഗലം കാടിനപ്പുറത്ത് ഏതോ സ്ഥലമെന്നായിരുന്നു വിചാരം.

Harinath said...

"നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....? "
ഈ ചോദ്യം ആത്മഗതമായിരുന്നു. അല്ലേ ? എന്തുകൊണ്ടെന്നാൽ അവൾ വരുന്നതുംകാത്ത് ഇരിക്കുകയായിരുന്നല്ലോ.

Unknown said...

എന്നിട്ട് ബാക്കി ആരു പറയും ??

Myna said...

Bakki mstrubhumi weeklyil vayikkam

ഇന്ദൂട്ടി said...

ചേച്ചി ,മാതൃഭൂമിയുടെ ഏതു ലക്കമാണ് ?

Harinath said...

‘വാടകവീടുകളുടെ ജാതി’ വായിച്ചു (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 മാർച്ച് 18).
ലേഖനത്തിന്റെ ആദ്യഭാഗം പൂർവ്വകാലസ്മരണകൾ, ബാക്കിഭാഗം സമകാലിക സാമൂഹികവ്യവസ്ഥിതികളെ എടുത്തുകാണിക്കുന്നു.
ആശംസകൾ...

Ajith said...

മാത്രുഭുമിയില്‍ വായിച്ചു.. വാടക വീടുകള്‍ക്ക് ഇത്രയും കഥ പറയാന്‍ ഉണ്ടാകും എന്ന് മനസിലായത് അത് വായിച്ചപ്പോള്‍ ആണ്. ശരിക്കും പറഞ്ഞിരിക്കുന്നത് സത്യം ആണ് വാടക വീടുകളിലേക്ക് ജീവിതം പറിച്ചു നടുമ്പോള്‍ അത് ചിന്തകള്‍ക്ക് തീ പകരും എന്തൊക്കെയോ നുരഞ്ഞും പതഞ്ഞും മനസിനുള്ളില്‍ പുറത്തേക്കു വരാന്‍ വിതുമ്പി കൊണ്ടിരിക്കും ഒരു പക്ഷെ തിരികെ പോകാന്‍ ഉള്ള വിതുമ്പല്‍ അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു പിടിക്കാനുള്ള വ്യഗ്രത. വാടക വീടുകള്‍ക്ക് മതവും രാഷ്ട്രീയവും ലിങ്ങ ഭേദവും ഉണ്ട്. മതില്‍ കെട്ടി തിരിച്ച ജീവിതങ്ങല്‍ക്കിടക്ക് വീടുകള്‍ക് ചുറ്റിലും കെട്ടിയ മതിലുകലോടൊപ്പം ആ വീടിന്റെ മനസിന്‌ ചുറ്റം വേറെ ഒരു മതില്‍ അല്ലെ ?

Echmukutty said...

ഞാൻ നേരത്തെ വായിച്ചതാണു കേട്ടൊ. അപ്പോൾ ഒന്നും പറഞ്ഞില്ലെന്നെയുള്ളൂ.
മനോഹരമായെഴുതി.....

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya bhasahayil paranju.... aashamsakal.... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........

Gopakumar Nediyath said...

Interesting story.Good!Good!Good!
Please visit my blog: http://gopanstoday.blogspot.com.Thank you.

mudiyanaya puthran said...

മാതൃഭുമിയിൽ നിന്നാണ് മൈനയെ ആദ്യമായി വായിച്ചതു.വയനയിലുടനീളം ഒരു യാത്രയുടെ ഫീൽ ഉണ്ടായിരുന്നു