മിശ്രവിവാഹിതരുടെ മക്കളാണു ഞങ്ങള്‍..മതമറിയാത്ത പേരിടണമെന്നായിരുന്നു അമ്മച്ചിയ്ക്ക്..'നിങ്ങടെ അപ്പനും കൂടി തോന്നേണ്ടേ?' എന്നായിരുന്നു കുറച്ചു മുതിര്‍ന്നപ്പോള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്. മക്കള്‍ക്ക് പേരിടുന്നതില്‍ ഒരുറച്ച തീരുമാനമെടുക്കാന്‍ അത്തയ്ക്ക് കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മച്ചിയെ വീട്ടുകാര്‍ പടിയടച്ച് പിണ്ഡം വെച്ചതാണ്. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. അവരുടെ ആ സ്നേഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു.
അതുകൊണ്ടെന്താ..എന്റെ പേരുകാണുമ്പോള്‍ ചിലര്‍ക്കെന്നെ മതം പഠിപ്പിക്കണം. (പുരുഷ വ്യാഖ്യാനങ്ങള്‍ക്ക് അനുസരിച്ച മതം ) തലയില്‍ തട്ടമില്ലാത്തതുകൊണ്ട് എനിക്ക് മതമറിയില്ല എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത്യാവശ്യം ഖുര്‍-ആനും മറ്റു മതഗ്രന്ഥങ്ങളും ചില സ്ത്രീ വ്യാഖ്യാനങ്ങളും വായിച്ചിട്ടുണ്ട്. ഓര്‍മയില്‍ നന്നായിട്ടുണ്ടു താനും.
എന്റെ അത്തയുടെ വീട്ടുകാര്‍ ഇസ്ലാമില്‍ വിശ്വിസിച്ചിരുന്നു. അവരുടെ സ്നേഹവാത്സല്യത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. എന്റെ അത്താമ്മയോ ഹാജുചിന്നമ്മായോ മുതിര്‍ന്ന ആരെങ്കിലുമോ തലയില്‍ തട്ടമിടുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഒരുപക്ഷേ, ഞങ്ങളുടെ നാടിന്റെ പ്രത്യേകതയായിരിക്കാം. അല്ലെങ്കില്‍ അവരുടെ വിശ്വാസം തലയിലെ തട്ടത്തിലായിരുന്നില്ല. അന്നൊന്നും അവര്‍ ആഗോളമുസ്ലീമായിരുന്നില്ല. പ്രാദേശിക മുസ്ലീം ആയിരുന്നു. നാടിന്റെ പ്രകൃതിക്കനുസരിച്ചാണ് ജീവിച്ചത്. വിശ്വാസം പുറത്തുകാണിക്കുകയായിരുന്നില്ല. മനസ്സില്‍ അവരുടെ സ്വകാര്യതകളിലായിരുന്നു. (ഇതിനൊക്കെ പലന്യായങ്ങള്‍ നിരത്താന്‍ പലര്‍ക്കുമുണ്ടെന്നറിയാം) ആഗോള മുസ്ലീമിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന വേഷം എന്നൊക്കെ ചിലര്‍ പെണ്‍വേഷങ്ങളെ എടുത്തു പറയുന്നത് കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്. അങ്ങനെയൊരു ആണ്‍വേഷമില്ലാതെ പോയതെന്തുകൊണ്ട് എന്ന് തലപുകഞ്ഞിട്ടും ഉത്തരമില്ല. അതിനും ന്യായങ്ങള്‍ നിരത്താന്‍ ഉണ്ടെന്നറിയാം. എളുപ്പമുള്ളതും സൗകര്യമുള്ളതിനും പുറകെ നിങ്ങള്‍ പോകുന്നു. ഞങ്ങള്‍ക്ക് പാടില്ല എന്ന യുക്തി എല്ലാവരും സമ്മതിച്ചെന്നു വരില്ല. യുക്തിയും ന്യായവും ഒരുകൂട്ടര്‍ക്കുമാത്രമല്ല.
(ഇതു വായിക്കുന്ന തീവ്ര ഹിന്ദുവോ തീവ്ര ക്രിസ്ത്യാനിയോ മറ്റേതെങ്കിലും തീവ്ര...ക്കാരോ കൈകൊട്ടി ചിരിക്കണ്ട്. ഇതി നിങ്ങള്‍ക്കും ബാധകമാണ്) ഇതൊന്നുമല്ലാത്ത ഈ പറയുന്ന എല്ലാമതത്തിലും പെട്ട വിശ്വസമുള്ളവരും ഇല്ലാത്തവരുമായ അനേകങ്ങള്‍ ഉണ്ടെന്നുറപ്പാണ്. അവര്‍ മതേതരത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നുവെന്നുമറിയാം.
എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി. അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?
ഒരു ഹിന്ദു സ്വര്‍ഗ്ഗവും ക്രിസ്ത്യാനിസ്വര്‍ഗ്ഗവും മുസ്ലീം സ്വര്‍ഗ്ഗവും വെവ്വേറെയാണെങ്കില്‍ എന്നെ/ഇത്തരം വിശ്വിസകളെ എവിടെപ്പെടുത്തും? നരകവും അതുപോലെ വെവ്വേറെ ആയിരിക്കുമോ?
(കപട വിശ്വസികള്‍ എന്നും കപട മതേതരം എന്നും എന്തു വേണമെങ്കിലും വിളിക്കാം കേട്ടോ വായിക്കുന്നവരുടെ മനോധര്‍മ്മമനുസരിച്ച്..ഉപ്പോ മുളകോ എരുവോ കൂട്ടിയോ കുറച്ചോ..)
എല്ലാമതങ്ങളുടേയും നല്ല വശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പരലോകത്തില്‍ ഏതു മതത്തിന്റെ സ്വര്‍ഗ്ഗവും നരകവുമായിരിക്കും കിട്ടുക?
മരിച്ചു കഴിഞ്ഞാല്‍ എല്ലാമതക്കാരും ഏതു തത്വചിന്തയില്‍ വിശ്വസിച്ചോ അവരെല്ലാവരും കൂടെ എന്നെ/ ഞങ്ങളെ/ നമ്മളെ ആര്‍ക്കു വിട്ടു കിട്ടണം എന്നതിനെ ചൊല്ലി ഉഗ്രന്‍ ശണ്ഠ നടക്കുന്നത് സ്വപ്നത്തില്‍ കാണാറുണ്ട്.
സത്യം പറഞ്ഞാല്‍ കേട്ടറിവു വെച്ച് നരകത്തേക്കാള്‍ എനിക്കുപേടി സ്വര്‍ഗ്ഗത്തെയാണ്..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട് നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള് അങ്ങനെയൊന്നും നില്ക്കാന് പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്. മറ്റത് തീയില്‍ കിടന്നാല്‍ സമാധാനമായിട്ട് അവിടെ കിടക്കാലോ..മാത്രമല്ല കേട്ടുകേള്‍വയനുസരിച്ച് കാര്‍ന്നോമ്മാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അല്ലറ ചില്ലറ കള്ളത്തരങ്ങളും തെറ്റുകുറ്റങ്ങളും ഇത്തിരി അനുസരണക്കേടും ഒക്കെ ഉണ്ടായിരുന്നവരാണ്്. അവരും തീയിലും പാമ്പിലും പഴുതാരയിലുമൊക്കെയായിരിക്കും. അതൊക്കെ മതി നമ്മള്‍ക്ക്.
ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്ത...കുറെ കഴിയുമ്പോള്‍ പല്ലുകൊഴിഞ്ഞ തലനരച്ച് കവിളൊട്ടി നില്ക്കുമ്പോള് ആര്‍ക്കറിയാം സര്‍വ്വപാപത്തിനും പ്രായാശ്ചിത്തം അപേക്ഷിച്ച് ഏതിലേക്കാണ് മാമോദീസാ മുങ്ങി സ്നാനപ്പെടുന്നത് എന്ന്.
അന്നുവരേക്കും ഇന്റര്‍നെറ്റും എഴുത്തുപകരണങ്ങളും എഴുതാന്‍ ആവതുമുണ്ടെങ്കില്‍ അക്കാര്യവുമറിയിച്ചേക്കാം.
ഇന്നാളൊരു ദിവസം അനിയത്തി ഞങ്ങളുടെ മുറുക്കുന്നത്തായെയും ഐഷാബീവി അമ്മച്ചിയേയും സ്വപ്നം കണ്ടെന്ന്്. ചില്ലറ തെറ്റുകുറ്റങ്ങളൊക്കെ ചെയ്തവരായതുകൊണ്ട് നരകത്തിലായിരുന്നു ഇത്രകാലവും എന്ന് പറഞ്ഞത്രേ! ഇപ്പോള്‍ അവിടെ തന്നെ ഒരു മുറുക്കാന്‍ കടയൊക്കെയിട്ട് സുഖമായിട്ട് ജീവിക്കുകയാണെന്ന്..
പിന്നെ, FB, Internet സുഹൃത്തുക്കളോട്
തല മറയ്ക്കാത്ത എന്നെ കണ്ടിട്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കുക. തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്റെ തലമുടികള്‍ അലോസരപ്പെടുന്നു എന്നു തോന്നുവര്‍ കണ്ണടച്ചിരിക്കുക. ് ഇത്തരം കാര്യങ്ങള്‍ ടാഗുചെയ്യുകയോ share ചെയ്യുകയോ ചെയ്യുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒഴിവാക്കുക.