കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി. ആഷ്ലി (ക്യാപ്റ്റന്‍ ഹഡോക്)അച്ഛനും അമ്മയും ചുളളത്തിയുമായിട്ടാണ് എത്തിയത്. മനോജും (നിരക്ഷരന്) സകുടുംബം. പിന്നെ സുനില്‍, ഞാന്‍...കുടുംബമാകാന്‍ മോളെക്കൂടി കൂട്ടേണ്ടിയിരുന്നു. അട്ട കടിക്കാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല! എന്തു ചെയ്യാന്‍...
കുറച്ചു ദിവസമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചില കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തണുപ്പില്‍ ഉടുതുണിയില്ലാതെ പുതയ്ക്കാന്‍ ഒന്നുമില്ലാതെ...മുകളില്‍ മേല്‍ക്കൂരയില്ലാത്ത എത്രയോപേര്‍...ഇന്നും ഇങ്ങനെയുണ്ടോ എന്ന് അത്ഭുതപ്പെട്ടേക്കാം. ഉണ്ടെന്നതാണ് നേര്.
തണുപ്പനുഭവിച്ചു ജീവിക്കുന്നവര്‍ വയനാട്ടിലില്ലെന്ന് ചിലര്‍ പറഞ്ഞു. ആദിവാസികള്‍ നല്ലനിലയില്‍ ജോലിയെടുത്തും മറ്റും ജീവിക്കുന്നുപോലും!
ആദിവാസിയായി ജനിച്ചാല്‍ മതിയായിരുന്നെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ അത്രയേറെ ഫണ്ടുചെലവാക്കുന്നു. വെറുതെ ഇരുന്നാല്‍ മതിയെന്ന അര്‍ത്ഥത്തില്‍...
എഴുതുക മാത്രമല്ല മുമ്പും ഇകൂട്ടായ്മയിലൂടെ ചിലത് ഞങ്ങള്‍ ചെയത്ിട്ടുണ്ട്. വസ്ത്രം ശേഖരിച്ചാലോ എന്നൊരു ആശയം തോന്നിയപ്പോഴാണ്് മനോജ് രവീന്ദ്രനോട്(നിരക്ഷരന്) സംസാരിച്ചത്.
ആഷ്്ലിയുടെയും മനോജിന്റെയും ഗൂഗിള്‍ ബസ്സിലൂടെ ഇത് വളര്‍ന്നു. ബസ്സ് ചിരിയും തമാശയുമൊക്കെയായി മുന്നേറുന്നതാണ് സാധാരണ കാണാറ്. പക്ഷേ, ബസ്സിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതാണ് ഇവിടെ കണ്ടത്.
ബസ്സിലെ ചര്‍ച്ചയ്ക്കൊപ്പം എനിക്കു വന്ന സ്വകാര്യ മെയിലുകളില്‍ ഡ്രസ്സ് വിതരണം വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ചില സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും സംഘങ്ങളായി പ്രവര്‍ത്തിക്കുവാനും ഉപദേശിച്ചു. പക്ഷേ, ഈ ഓണ്‍ലൈന്‍ കൂട്ടായ്മയക്ക് അപ്പുറത്തേക്കു പോകാന്‍ ആഗ്രഹിക്കാഞ്ഞതുകൊണ്ട് നിശബ്ദത പാലിച്ചു
ശേഖരിക്കുന്ന തുണി ആര്‍ക്കു നല്‍കുമെന്ന ചോദ്യത്തിനുത്തരം കുഞ്ഞമ്മദിക്കയായിരുന്നു. കുഞ്ഞമ്മദിക്ക ഒറ്റയാള്‍ പട്ടാളമാണ്. ആദിവാസികള്‍ക്കും നാടിനും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുക്കുന്നയാള്‍...
കുഞ്ഞമ്മദിക്ക വഴിയാണ് ഞങ്ങള്‍ കൊമ്മഞ്ചേരിയിലേക്കെത്തുന്നത്. കൊമ്മഞ്ചേരി വനത്തിലുള്ളിലായതുകൊണ്ട് വനം വകുപ്പില്‍ നിന്നുള്ള അനുമതി വേണം. കുറച്ചു തുണിയുമായി പോയ ഞങ്ങള്‍ വനവിഭവ മോഷണത്തിന് പ്രതിയാവാന്‍ പാടില്ല. മാവോ ലിസ്റ്റില്‍ പെടാന്‍ പാടില്ല. അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് ആനയുടെ ചവിട്ടേറ്റ് ചാവാന്‍ പാടില്ല.
കേരളാ വനഗവേഷണ കേന്ദ്രത്തിലെ ഡോ ടി വി സജീവ് വഴി സൗത്ത് വയനാട് ഡി എഫ് ഒ സുനില്‍ കുമാര്‍, റേഞ്ച് ഓഫീസര്‍ രാജീവ് സാര്‍ ഞങ്ങള്‍ക്കനുമതി തന്നു. വനത്തില്‍ കടന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സദാനന്ദന്, സുരേന്ദ്രന് എന്നീ ഉദ്യോഗസ്ഥര്‍ കൂട്ടുവന്നു. എന്തെല്ലാം കടമ്പകള്‍...പണ്ട് ആരോടും ചോദിക്കാതെ കാട്ടില്‍ കേറി...ആവശ്യമുള്ളതൊക്കെ പെറുക്കി പുറത്തു കടന്നല്ലേ..എത്രവട്ടം!
ആഷ്ലിയുടെ ചുളളത്തി മംമ്ത കുറിച്ച്യാട് റേഞ്ചോഫീസിനു മുന്നില്‍ നിന്ന പേരയില്‍ നിന്ന് പൊട്ടുപേരയ്ക്ക പറിച്ച് തീറ്റ തുടങ്ങി- വനവിഭവ ചൂഷണം. മൂക്കാത്ത പേരയ്്ക്കയോടാ മോള്‍ക്കു കമ്പമെന്ന് അമ്മയുടെ കമന്റ്. കോളനിയിലേക്ക് പോകാമ്പോള്‍ അച്ഛന്, അമ്മ , കുഞ്ഞുകുട്ടി പാരാധീനങ്ങളെയെല്ലാം ഒഴിവാക്കി പോകാനായിരുന്നു തീരമാനം. പക്ഷേ, ഭാഗ്യത്തിന് വനം വകുപ്പിന്റെ ആവശ്യത്തിനോടിക്കുന്ന ജീപ്പുകിട്ടി. കൊമ്മഞ്ചേരിയിലേക്കാവശ്യമായ ഡ്രസ്സ്, പായ്, കമ്പിളി, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമായി രണ്ടു ട്രിപ്പായി ജീപ്പില്‍...വണ്ടി കാട്ടിലേക്ക് കയറിയതേ ആനച്ചൂര്... അടുത്തെവിടെയോ പിണ്ടമിട്ടുപോയിട്ട് അധികനേരമായിട്ടില്ല. കടുവ ഇറങ്ങുന്ന ഇടം കൂടിയാണ്. കടുവാക്കാട്ടം ഫോട്ടോ ആഷ്ലി എടുത്തിട്ടുണ്ട്.
മനോജിന്റെ മകള്‍ നാലാംക്ലാസ്സുകാരി നേഹ കരച്ചില് തുടങ്ങി. കാട്ടിലോ ജീപ്പിലോ ഇന്നേവരെ കയറിയിട്ടില്ല.
മഴ ഞങ്ങള്‍ക്കു വേണ്ടി തോര്‍ന്നതുപോലുണ്ടായിരുന്നു. തിരിച്ചുള്ള യാത്രയില്‍ ജീപ്പ് ചെളിയില്‍ പൂണ്ടിട്ട് തള്ളേണ്ടിവന്നു. ജീപ്പില്‍ കയറയവരൊക്കെ നന്നായി ബുദ്ധിമുട്ടി. ജീപ്പില്‍ കയറാതെ നടന്നു വന്ന എനിക്ക് തള്ളേണ്ട ഗതികേട് വന്നില്ല.
ഇനി എറങ്ങി നടന്നാല്‍ മതിയെന്ന ഡ്രൈവറുടെ വാക്കുകേട്ട് തുണിപായ്ക്കറ്റുകളും ചാക്കുകെട്ടുമായി ഇറങ്ങി.
സത്യം പറയാമല്ലോ ഈ യാത്രയിലെ താരങ്ങള്‍ എന്നു പറയേണ്ടത് ആഷ്ലിയുടെ അച്ഛനുമമ്മയുമാണ്. ക്യാപ്റ്റന്‍ ഹഡോക്, അച്ഛനോ മോനോ പ്രായക്കൂടുതല്‍?
ദൂരെ പട്ടിയുടെ കുരകേള്‍ക്കാം. ഒരു വയല്‍ക്കരയിലേക്കാണ് ചെന്നെത്തിയത്. പണ്ടെന്നോ വയലായിരുന്നു. ഇപ്പോള്‍ കാടുപിടിച്ചു കിടക്കുന്നു. വയലോരത്തായി മുളങ്കമ്പുകള്‍ നാട്ടിമറച്ച ആറു കുടിലുകള്‍, പുല്ലിന്റെ മേല്‍ക്കൂര, ചിലതിനു മുകളിലിട്ട പ്ലാസ്റ്റിക് ഷീറ്റ് പകുതിമുക്കാലും കീറിപ്പോയിരിക്കുന്നു. കുടിലന്റെ തിണ്ണയില്‍ ഒരു മുത്തി രണ്ടു വിറകുകഷ്ണങ്ങള്‍ കൂട്ടിവെച്ച് കനലുണ്ടാക്കി തീകായുന്നു. കുടുലിനുളളില്‍ മെഴുകിയ തറയല്ലാതെ ഒന്നുമില്ല. രണ്ടോ മൂന്നോ പാത്രങ്ങള്‍ മുറ്റത്ത് മഴകൊണ്ട് കിടപ്പുണ്ട്. മുററത്തു നിന്ന പ്ലാവില്‍ ചക്ക വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളു!
ആ കുടിലുകള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തുണ്ടാക്കിയ കളവീടിനെയാണ് ഓര്മ വന്നത്. മുന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് കിടക്കാം. നിന്നാല്‍ മേല്‍ക്കൂരയില്‍ തലമുട്ടും. പലപ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. പലരുടേയും പ്രായത്തില്‍ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മൂന്നു വയസ്സുകാരന് എന്നു പറഞ്ഞ കുട്ടിയെ കണ്ടാല്‍ ആറുമാസം പോലും തോന്നിക്കില്ല. ചില കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശത്തെ ഓര്‍മിപ്പിച്ചു.
കുഞ്ഞമ്മദിക്കയുടെ ശ്രമഫലമായി നാലുമാസം മുമ്പ് റേഷന്‍ കാര്‍ഡ് കിട്ടി ഇവര്‍ക്ക്. അതില്‍ പിന്നെ അരി കിട്ടുന്നുണ്ട്. ഒരു നേരം ചോറുവെയ്ക്കും. പിന്നെ കാട്ടുകിഴങ്ങുകുത്തി തിന്നും. കുടിലിനു ചുറ്റും മിക്കവാറും ആന വരും. പക്ഷേ, ഇന്നേവരെ ഉപദ്രവിച്ചിട്ടില്ലെന്ന് അവര്‍. അവരുടെ ദൈവം ഇവിടെയാണത്രേ! അതുകൊണ്ട് ഈ കാടുവിട്ട് എങ്ങും പോകാന്‍ കഴിയില്ലപോലും..
കുഞ്ഞമ്മദിക്ക ഓരോരുത്തരെയും പേരുവിളിച്ച് പാകത്തിനുള്ള ഡ്രസ്സെടുത്തു കൊടുത്തു. പ്രായം കൂടിയവര്‍ക്ക് കമ്പിളി, എല്ലാ വീട്ടിലും പായ്, കുട്ടികള്‍ക്കെല്ലാവര്‍ക്കും കളിപ്പാട്ടങ്ങള്‍...പതിനാലോ പതിനഞ്ചോ വയസ്സുള്ള പെണ്‍കുട്ടി പാവക്കുട്ടിയെ നോക്കി നില്ക്കുന്ന കാഴ്ച മറക്കാനാവില്ല.
കുഞ്ഞമ്മദിക്ക തലേന്നാണ് രോഗം ബാധിച്ച മാരന് മുത്തനെ ഈ ദൂരമത്രയും എടുത്ത് ചേനാട് അടുത്തുള്ള നെല്ലിമൂല കോളനിയിലെത്തിച്ചത്.
ജീപ്പില്‍ നിന്നിറങ്ങി കുറച്ചേ നടന്നുള്ളുവെങ്കിലും കാലില്‍ ചോര കുടിച്ചു വീര്‍ത്തു വരുന്ന അട്ടകള്‍...മനോജും ആഷ്ലിയുമൊക്കെ ഷൂവും സോക്സുമിട്ടിരുന്നിട്ടും അട്ട കടിച്ചു. ഷൂവും സോക്സും കണ്ടിട്ടാവണം മനോജിന്റെ കൈയ്യില്‍ നിന്നാണ് ചോരയൊഴുകുന്നത്. അട്ട കൈയ്യിലെത്തിയത് എപ്പോഴെന്ന് ആരുകണ്ടു? നേഹയാണ് പ്രയാസപ്പെട്ടുപോയത്.
ഈ സ്ഥലം ആരാച്ഛാ കണ്ടുപിടിച്ചതെന്ന് ചോദിച്ചു കൊണ്ടിരുന്നു. ചെളി ചവിട്ടി അഴുക്കായ അവളോട് വെള്ളമുള്ളിടത്ത് ചെന്ന് കഴുകിക്കളയാമെന്ന് ഗീത ആശ്വസിപ്പിക്കുമ്പോഴാണ് അട്ട കടിക്കുന്നത്. ചോര നിലക്കണ്ടേ..അടുത്ത കോളനിയില്‍ പോയി മടങ്ങി വന്നിട്ടും ചോര നിന്നില്ല.
മുമ്പേ നടക്കുന്നവര്‍ ഭാഗ്യവാന്മാര്...അവരുടെ രക്തത്തിന്റെ മണം ശ്വസിച്ച് പുറകെ വരുന്നവരെയേ കടിക്കൂ...
ഇതെഴുതികൊണ്ടിരിക്കുമ്പോള്‍ സുനില്‍ ചൊറിഞ്ഞുകൊണ്ട് ചോദിക്കുന്നു
വല്ല മരുന്നുമുണ്ടോ നിന്റെ കൈയ്യില്‍...എനിക്ക് ചൊറിഞ്ഞിട്ട് ഇരിക്കാമ്മേലാ...
വിഷചികിത്സകയാണെന്ന് പറഞ്ഞിട്ട് ഇതിനു മരുന്നു തന്നില്ലെങ്കില്‍ ഇക്കാര്യം പറഞ്ഞ് ബ്ലോഗിലൊരു പോസ്റ്റിട്ട് നാണംകെടുത്തും (ഭീഷണി)
വീട്ടില്‍ പോയി നോക്കുമ്പോള്‍ മനോജിനെ നാല് അട്ട കടിച്ചെന്നും, അതേസമയം ആഷ്്ലിയെ കടിച്ച അട്ടകളെല്ലാം പുതിയ പല്ലുവെയ്ക്കാന്‍ ദന്താശുപത്രിയില്‍ പോയെന്നുമാണ് വാര്‍ത്തകള്‍.
നന്നാറിയും മഞ്ഞളും നെയ്യ്ില്‍ അരച്ചു പുരട്ടിയാല്‍ അട്ടവിഷം കെടും. ഉപ്പുവെള്ളത്തില്‍ കഴുകാം. വെള്ളെരുക്കിന്‍വേര്‍ അരച്ചു കഴിച്ചാലും മതി.
രക്തസ്രാവം നില്ക്കുന്നില്ലെങ്കില് മുളയില്‍ മുളച്ച കൂണരച്ചിട്ടാല്‍ മതി.
ഡ്രസ്സു തരുന്നവര്‍ അടുത്ത പ്രാവശ്യം കുറച്ച് ഉപ്പും പുകയിലയും കൂടി തരണേ..
പക്ഷേ, ഒരു കാര്യം ശ്രദ്ധിച്ചു. ഞങ്ങള്‍ പെണ്ണുങ്ങളെ അട്ട കാര്യമായി ആക്രമിച്ചിട്ടില്ല. തിരിച്ചു വരുമ്പോള്‍ നടക്കുകയായിരുന്നിട്ടും സുനിലിന്റെ കാലില്‍ നിറച്ച് അട്ടയായിരുന്നിട്ടും ഞാന്‍ എങ്ങനെ രക്ഷപെട്ടു?
അടുത്തത് നെല്ലിമൂല കോളനിയിലേക്കായിരുന്നു. ഭേദപ്പെട്ട വീടുണ്ട്. പക്ഷേ, ഓരോ വീട്ടിലുമുള്ള ആളുകളുടെ എണ്ണം വെച്ചുനോക്കുമ്പോള്‍ ചോരാതെ കിടക്കാം. അത്രമാത്രം. പത്തു വയസ്സുണ്ടെന്നു പറഞ്ഞ അനൂപിനെ കണ്ടാല്‍ രണ്ടു വയസ്സു തോന്നിക്കില്ല. എഴുന്നേറ്റു നില്ക്കും. ഉടുപ്പ് കൊടുത്തപ്പോള്‍ അവന് ഉടുപ്പ് എന്നു പറഞ്ഞു. അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു...പഷു....അവന് പറഞ്ഞുകൊണ്ടിരുന്നു.
പശുവല്ല...സിംഹം..സിംഹം..മനോജ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു നോക്കി...
അവനപ്പോഴും പഷു...പഷു..
അവിടുത്തെ കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ട്. കൊമ്മഞ്ചേരി കോളനിയില്‍ പല പ്രായക്കാരായ കുട്ടികളുണ്ടായിട്ടും അവര്‍ക്ക് സ്കൂളില്‍ പോകാനോ അക്ഷരം പഠിക്കാനോ വഴിയില്ല. ആരും അങ്ങോട്ടു പോയി പഠിപ്പിക്കുമെന്നും കരുതണ്ട.
എല്ലാവരും വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, അഴുക്കുപിടിച്ചതും പിഞ്ഞിത്തുടങ്ങിയവയുമായിരുന്നു. ഒന്നു രണ്ടു കൂട്ടികള്‍ പൂര്‍ണ്ണമായും നഗ്നരായിരുന്നു. വണ്ടിയിലിരിക്കുന്ന തുണിയുടെ എണ്ണം നോക്കിയില്‍ രണ്ടു ദിവസം നിന്നു കൊടുക്കുവാനുണ്ട്. കുഞ്ഞമ്മദിക്കായെ ഏല്പിക്കാന് തീരുമാനിച്ചു. വഴിയില്‍ കണ്ടവരോട് അദ്ദേഹം പറയുകയും ചെയ്തു വീട്ടിലേക്ക് പോന്നോളാന്‍...
വോയ്സ് ഓഫ് ഇരുളം
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ കുഞ്ഞഹമ്മദിക്കയെ വിശേഷിപ്പിച്ചത് വോയ്സ് ഓഫ് ഇരുളം എന്നായിരുന്നു.
കുഞ്ഞമ്മദിക്ക ഒരു കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസവും ആദിവാസികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. രണ്ടു ദിവസം കൂലിപ്പണിക്കുപോകും സ്വന്തം വീട്ടില്‍ അരിവാങ്ങാന്‍.
ഭാര്യയ്ക്കോ മക്കള്‍ക്കോ ഒരെതിര്‍പ്പൊന്നുമില്ലെങ്കിലും വീട്ടിലെ റേഷന്‍ കാര്‍ഡ് ഭാര്യ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. വീട്ടിലേക്ക് അരി വാങ്ങി വരുമ്പോഴായിരിക്കും ആരെങ്കിലും പട്ടിണിയാണെന്നറിയുന്നത്. അരി വീട്ടിലെത്തില്ല. പട്ടിണി സ്വന്തം വീട്ടിലാവും. ഭാര്യ ഇപ്പോള്‍ പണിക്കു പോകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ സ്വന്തമായി വീടില്ലായിരുന്നു. ആദിവാസി കുടിലിനേക്കാള്‍ കഷ്ടമായിരുന്നു കുഞ്ഞമ്മദിക്കയുടെ കുടിലെന്ന് കഴിഞ്ഞ വര്‍ഷം വീട്ടില്‍ പോയ സുനില്‍ പറഞ്ഞു. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വീടനുവദിച്ചു. പണി പൂര്‍ത്തിയിട്ടില്ലെങ്കിലും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടുണ്ട്.
കുറച്ചുനാള്‍ മുമ്പ് സുനിലിന് കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നത് ഓര്‍ക്കുന്നു. ഒരു സന്തോഷവാര്‍ത്ത അറിയിക്കാനുണ്ടുപോലും! മകളെ നിയമപരമായി മൊഴിചൊല്ലിക്കഴിഞ്ഞു! ആകെ മൂന്നുമാസത്തെ ദാമ്പത്യം. ഒരു ലക്ഷം രൂപയും പതിനഞ്ചും പവനും കൊടുത്തു. തിരിച്ചെന്തുകിട്ടിയെന്നു ചോദിച്ചാല്‍ കുഞ്ഞമ്മദിക്കയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞിനെക്കൂടി ലഭിച്ചു.
ഇളയ മകള്‍ക്ക് ഇപ്പോള്‍ വിവാഹോലോചന നടക്കുന്നു. വീടും സ്ഥലവും വില്‍ക്കണം.
രണ്ടുമക്കളും പത്താംക്ലാസ്സുവരെയാണ് പഠിച്ചത്. ഇളയമകളിപ്പോള്‍ കൂലിക്ക് തൈയ്ക്കാന്‍ പോകുന്നുണ്ട്. സ്വന്തമായി ഒരു മെഷിന് വാങ്ങികൊടുക്കണമെന്നുണ്ട്. പക്ഷേ, കുഞ്ഞമ്മഹമ്മദിക്കയ്ക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. കുഞ്ഞമ്മദിക്കയെയോ അദ്ദേഹം എന്തിനും ഓടിയെത്തുന്ന ആളുകളെയോ അധികമാരുമറിയില്ല.
പലപ്പോഴും നമ്മുടെയൊക്കെ ധാരണ ആദിവാസികള്‍ക്കുവേണ്ടി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാണ്് . അതൊന്നും കൃത്യമായി അവരിലെത്തുന്നില്ല..കാട്ടിനുള്ളില്‍ ജീവിക്കുന്ന പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാതെ എന്തു സര്‍ക്കാര്‍ സഹായം കിട്ടാന്‍...കുഞ്ഞമ്മദിക്കയുടെ നിരന്തരപ്രയത്നം കൊണ്ട് ചിലര്‍ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ടു കിലോ അരികിട്ടും. അതുകൊണ്ട് ഒരു നേരമാണ് പലരുടേയും ഭക്ഷണം.
കൊമ്മഞ്ചേരിയില്‍ പോയപ്പോള്‍ തോന്നിയത് അവിടുത്തെ മനുഷ്യര്‍ ഒരു തരത്തിലും പരിഷ്കൃതസമൂഹ ജീവിതവുമായി അടുത്തിട്ടില്ലെന്നാണ്.
അവര്‍ക്ക് വിദ്യാഭ്യാസം നല്കാന്, ഭക്ഷണം ലഭിക്കാന്‍, ചികിത്സ ലഭിക്കാന്‍, ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലേ? ഒരു പക്ഷേ ചോദിച്ചു വാങ്ങാന്‍ അവര്‍ക്ക് സമരമുറകളോ വാക്കുകളോ ഉണ്ടാവില്ല. ഇപ്പോള്‍ ചില കാര്യങ്ങളെങ്കിലും ആവശ്യപ്പെടാന്‍ കുഞ്ഞഹമ്മദിക്കയുണ്ട്. അതുകൊണ്ടുതന്നെ പലരുടേയും ശത്രുവുമാണ്.
നമ്മള് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ കുറച്ചു തുണികൊടുക്കുന്നതുകൊണ്ട് കിടക്കാന്‍ പായ കൊടുത്തതുകൊണ്ടോ തീരുന്നതല്ല പ്രശ്നങ്ങള്‍...നമുക്ക് കുഞ്ഞഹമ്മദിക്കക്കൊപ്പം നില്ക്കാന് ശ്രമിക്കാം.
സദാസമയവും സെല്‍ഫോണിലേയ്ക്ക് ഒതുങ്ങിക്കൂടി, എസ്.എം.എസും ബ്ലോഗിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്ന ഒരു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ യാണെന്നാണ് പലരുടേയും വിലയിരുത്തല്‍. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി യാണെന്നാണ് ഈ പ്രവര്‍ത്തനം തെളിയിക്കുന്നത്.
അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു.
മടങ്ങി വരുമ്പോള്‍ വയനാടു കടക്കും മുമ്പേ കുഞ്ഞമ്മദിക്കയുടെ ഫോണ്‍ വന്നു. ഏല്‍പ്പിച്ചിരുന്ന തുണിയൊക്കെ തീര്‍ന്നു. കുറേപ്പേര്‍ക്ക് കിട്ടിയിട്ടില്ല.
ഞങ്ങള്‍ ഉടനെ വരുന്നുണ്ട്.
പിന്നെ നമ്മളെക്കുറിച്ച് നാട്ടുകാരുടെ വിലയിരുത്തലുണ്ട്.
അവര്‍ NDF കാരാ...കൈവെട്ടിയ കൂട്ടര്...
അപ്പോ അച്ഛനുമമ്മയും പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നല്ലോ...
എന്നാല്‍ മാവോ....ഒരു സംശയവുമില്ല.