പച്ചയെല്ലാം പച്ചപ്പല്ല- ഭാഗം 2
അധിനിവേശ ജീവജാതികളുടെ പ്രദര്‍ശനത്തില്‍ കണ്ട രണ്ടു സസ്യങ്ങള്‍ എങ്ങനെ ഇക്കൂട്ടത്തില്‍ പെട്ടു എന്നു മനസ്സിലായില്ല. ആവണക്കും തൊട്ടാവാടിയുമായിരുന്നു അവ. കേരളത്തില്‍ തന്നെ പല നഗരപ്രാന്തങ്ങളിലും ആവണക്ക് തഴച്ചു വളരുന്നുണ്ട്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും ആരോഗ്യത്തിനും മറ്റു സസ്യജന്തുജാലങ്ങള്‍ക്കും ഭീഷണിയാവുമ്പോഴാണ് ആ സസ്യമോ ജീവിയോ അധിനിവേശ ജീവജാതികളുടെ കൂട്ടത്തില്‍പ്പെടുന്നത്.
എന്നാല്‍ ആയൂര്‍വേദത്തിലെ പ്രധാനപ്പെട്ട പത്ത് ഔഷധ സസ്യങ്ങളില്‍ ഒന്നായിരിക്കും ആവണക്ക്. വിഷസസ്യവുമാണ്. വിത്തിലെ റിസിന്‍ എന്ന ഘടകം ഏറ്റവും വിഷശക്തിയുള്ള ഗ്ലൈക്കോ പ്രോട്ടീന്‍ ആണ്. എല്ലാവാത രോഗങ്ങള്‍ക്കും ഉത്തമൗഷധമാണ്. വാതം, വേദന, നീര്‌് എന്നിവയെ കുറയ്‌ക്കുകയും ഗര്‍ഭായ ശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു.
ഏരണ്ഡാദികഷായം, രാസ്‌നേരണ്ഡാദി കഷായം, സുകുമാരഘൃതം, ബലാരിഷ്ടം, വിദാര്യാദിഘൃതം എന്നിവയിലെ പ്രധാനചേരുവയാണ് ആവണക്ക്.
എണ്ണയും വേരും ഇലയുമാണ് ഔഷധയോഗ്യം. ഇന്ത്യയില്‍ എണ്ണക്കുരുവിന് വേണ്ടി കൃഷി ചെയ്യുന്നുമുണ്ട്.
എന്നിട്ടുമെന്തു കൊണ്ടാണ് ആവണക്ക് അധിനിവേശ സസ്യങ്ങളില്‍ ഉള്‍പ്പെട്ടത്‌്?
ശാസ്‌ത്രാഭിപ്രായങ്ങള്‍ ഭിന്നമായിരിക്കുന്നതായിരിക്കാം കാരണം. സസ്യങ്ങള്‍ക്കൊന്നും കാര്യമായ ഔഷധഗുണമില്ലെന്നു വിശ്വസിക്കുന്നവര്‍ക്ക് മിക്ക ചെടികളും കളയാണ്.
പ്രമേഹമുളളവര്‍ തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് കുടിക്കാറുണ്ട്. ആസ്‌തമക്കും അലര്‍ജിക്കും ഉപയോഗിക്കുന്നു ഈ സസ്യം.
നിലത്ത് വല്ലാതെ വളര്‍ന്ന് പന്തലിച്ച് മറ്റു സസ്യങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു എന്നാതാണ് തൊട്ടാവാടിയെ അധിനിവേശ സസ്യമാക്കാന്‍ കാരണം.
ചെറുപ്പത്തില്‍ പ്രദേശത്തൊരിടത്തും കാണാതിരുന്ന പച്ചവള്ളി സസ്യം പത്തുപതിനഞ്ചുകൊല്ലം മുമ്പാണ് കണ്ടു തുടങ്ങിയത്. പാറ വെട്ടുകളിലും ഈററത്തുറുകളിലും പുല്‍മേടുകളിലും അത് അതിവേഗം പടര്‍ന്നു പിടിച്ചു. കമ്മ്യൂണിസ്റ്റ് പച്ചയോട് സാമ്യമുള്ള തിളക്കമാര്‍ന്ന കടുംപച്ച ഇലകള്‍..രുചിച്ചു നോക്കിയപ്പോള്‍ കയ്‌പ്പ്. പശുവിന് പുല്ലരിയുമ്പോള്‍ കൂട്ടത്തില്‍ പെട്ടുപോകും. പക്ഷേ, കന്നുകാലി തിന്നും. അധികമായാല്‍ വയറിളകും. ഈ സസ്യത്തിന്റെ പേര് ഒരിടത്തും പറഞ്ഞു കേള്‍ക്കാത്തതുകൊണ്ട് നാട്ടുകാര്‍ കയ്‌പ്പന്‍പച്ച (Mikania macrantha) എന്നു വിളിച്ചു.
ദിവസം പത്തുസെന്റിമീറ്ററോളം വളരും.
രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങളെ ശത്രൂദൃഷ്ടിയില്‍ നിന്ന് മറച്ചുവെയ്‌ക്കാന്‍ ഈ സസ്യത്തെ വളര്‍ത്തി. ഇന്ത്യയിലും അങ്ങനെയാണെത്തിയത്.
പൂക്കുമ്പോള്‍ അതിവേഗം വിത്തുവിതരണം നടക്കും. കാറ്റിലും വസ്‌ത്രങ്ങളില്‍ പറ്റിപ്പിടിച്ചുമൊക്കെ വിത്തു പടരും.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ധൃതരാഷ്ടപ്പച്ച എന്ന പേരിലറിയപ്പെടുന്ന സസ്യം ഭ്രാന്തമായ രീതിയില്‍ വളര്‍ന്ന് ജൈവ വൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായി നില്‌ക്കുകയാണ്.
വീട്ടുമുറ്റത്തെ കുരുമുളകുകൊടിയില്‍ പടര്‍ന്നുപിടിച്ച ധൃതരാഷ്ട്രപ്പച്ച, നേരം കിട്ടുമ്പോഴൊക്കെ വേരോടെ പറിച്ചുകളയുകയാണെന്ന് അമ്മച്ചി പറഞ്ഞു. ഒരുമാസം മുഴവനിരുന്ന് പറിച്ചാലും തീരാത്തത്ര കയ്‌പന്‍പച്ചവള്ളി ഞങ്ങളുടെ പറമ്പിലിപ്പോഴുണ്ട്. തെങ്ങും പ്ലാവും കവുങ്ങുമൊഴിച്ച് മറ്റെല്ലാ ചെടികളെയും അവ മൂടിക്കഴിഞ്ഞു. കാപ്പിയും കൊക്കോയുമൊന്നും തിരിച്ചറിയാതെയായി. പുല്ലുപടര്‍ന്ന റബ്ബറിനിടയില്‍ ഇപ്പോള്‍ പച്ചവിരിക്കുന്നത് ധൃതരാഷ്ട്രപ്പച്ചയാണ്.
അധിനിവേശ സസ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പച്ചയോളം ഭാഗ്യം കിട്ടിയ ഒന്നുമുണ്ടാവില്ല. മലയാളിയെന്നും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന അധിനിവേശ സസ്യമാവും കമ്മ്യൂണിസ്‌റ്റ് പച്ച (Chromolaena odorata). 1840 ല്‍ കല്‍ക്കട്ടയിലെ ബോട്ടണിക്കല്‍ ഗാര്‍ഡനില്‍ അലങ്കാരസസ്യമായി എത്തിയതാണ് ഈ സുന്ദര വില്ലന്‍. പിന്നീടങ്ങോട്ട് തെക്കുകിഴക്കന്‍ ഏഷ്യ മുഴുവന്‍ ഈ സസ്യം വ്യാപിച്ചു.
തണ്ടും ഇലയും എല്ലാം പച്ച നിറമാര്‍ന്ന ഈ സസ്യത്തിനെങ്ങനെ ചുവപ്പന്‍ പേരു വന്നു എന്ന്‌് കേട്ടു തുടങ്ങിയ കാലം മുതല്‍ ചിന്തിച്ചിട്ടുണ്ട്. ഇളം നീലയോ വെള്ളയോ പൂവും പൂങ്കുലയും. ചുവപ്പിന്റെ ഒരടയാളവും കമ്മ്യൂണിസ്റ്റ് പച്ചക്കില്ലായിരുന്നു.
1940 കളിലാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പച്ച കണ്ടുതുടങ്ങിയത്. അതേ കാലത്തു തന്നെയായിരുന്നു കമ്മ്യൂണിസ്റ്റ്‌് പാര്‍ട്ടിയുടെ ഉദയവും.
കമ്മ്യൂണിസ്റ്റുകളുടെ വളര്‍ച്ചയെ എതിര്‍ത്തവര്‍ ഈ കുറ്റിച്ചെടി അതിവേഗം വളര്‍ന്ന് കാര്‍ഷികവിളകള്‍ക്ക്‌് നാശം വിതക്കാന്‍ തുടങ്ങിയപ്പോള്‍ അവരുമായി താരതമ്യപ്പെടുത്തി ഈ പേരു ന്‌ല്‌കുകയായിരുന്നു. കോഴിക്കോട് ചിലയിടങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നത് ഇ എം എസ് പച്ച എന്നാണ്. ഇ എം എസിന്റെ ഭരണകാലത്താണത്രേ കമ്മ്യൂണിസ്റ്റ്‌്‌്‌്‌് പച്ച കോഴിക്കോട് എത്തിയത്.
അപ്പ എന്നും, കമ്മ്യൂണിസ്റ്റ്‌് അപ്പ എന്നും ഐമുപ്പച്ച എന്നുമൊക്കെ പലപേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പച്ചയില്ലാത്ത പറമ്പുകളില്ല കേരളത്തില്‍.
റബ്ബറിനും തേയിലക്കും കാപ്പിക്കും ഏലത്തിനുമൊക്കെ വന്‍ ഭീഷണിയാണ് കമ്മ്യൂണിസ്റ്റ് പച്ച. കൃഷി കൂടാതെ തദ്ദേശീയ സസ്യയിനങ്ങളെ വളരാന്‍ അനുവദിക്കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിച്ച് ഭീഷണിയാകുന്നു. സംരക്ഷിത വനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യം വരുത്തുന്ന കോട്ടം ചില്ലറയല്ല.
പക്ഷേ, ഈ ഭീഷണികളെക്കാളേറെ മലയാളികളുടെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നു കമ്മ്യൂണിസ്‌റ്റ് പച്ച.
അടുത്ത കാലത്തായി സാഹിത്യത്തിലും ഈ കുറ്റിച്ചെടി കടന്നു വന്നിട്ടുണ്ട്. സുസ്‌മേഷ് ചന്ത്രോത്തും ഉണ്ണി ആറും എഴുതിയ കഥകളിലും തമിഴ് എഴുത്തുകാരന്‍ ജയമോഹന്റെ അനുഭവക്കുറിപ്പുകളിലും കമ്മ്യൂണിസ്റ്റ് പച്ചയുടെ സാന്നിധ്യമുള്ളത് വായിച്ചതോര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ തന്നെ ബിജോയ് ചന്ദ്രന്‍ കവിത എഴുതിയിട്ടുണ്ട്.
അധ്യാപകര്‍ക്കും അമ്മമാര്‍ക്കും പെട്ടെന്നൊടിച്ചെടുക്കാവുന്ന വടിയാണിത്. അടികിട്ടുമ്പോള്‍ ഇന്നാട്ടിലെങ്ങും ഈ ചെടി ഇല്ലായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്‌്. വേദനകൊണ്ട്. എല്ലാ അധിനിവേശങ്ങളും തദ്ദേശീയര്‍ക്ക് വേദനയാണല്ലോ...
കപ്പ പൂത്ത് കായാവുന്ന സമയത്ത് , ആ കപ്പക്കായകള്‍ പറിച്ചെടുത്ത് ഈര്‍ക്കിലി കുത്തി കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ടിന്റെ അറ്റത്ത് ഒരു തുളയുണ്ടാക്കി കടത്തി വണ്ടിയുണ്ടാക്കി കളിക്കുന്ന എത്ര പേരെയാണ് കണ്ടത്. അന്ന് ഓലപ്പന്തും പീപ്പിയും കമ്മ്യൂണിസ്റ്റ് പച്ചയിലെ കപ്പക്കായ വണ്ടിയുമൊക്കെയായിരുന്നല്ലോ കളിക്കോപ്പുകള്‍.
ഈ അമേരിക്കന്‍ സ്വദേശി ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലും പസഫിക് മേഖലയിലും എത്തിയിരിക്കുന്നു. എത്ര വെട്ടിക്കളഞ്ഞാലും അതേ വേഗത്തില്‍ തളിര്‍ത്തു പടരുന്നു.
ചിക്കുന്‍ ഗുനിയയും കമ്മ്യൂണിസ്റ്റ് പച്ചയും തമ്മിലെന്താണ്?
നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ചയക്ക് വല്ല ഔഷധഗുണവുമുണ്ടോ എന്ന്
ഒരു വര്‍ഷമുമ്പാണ് ടി. സി. രാജേഷ് എന്ന ഇടുക്കിക്കാരന്‍ സുഹൃത്ത് ചോദിച്ചത്. അപ്രതീക്ഷിതമായി ചോദ്യമായിരുന്നതുകൊണ്ട് ഒരെത്തും പിടിയും കിട്ടിയില്ല.
വല്ലിടത്തും വീണു കൈയ്യോ കാലോ മുറിഞ്ഞാല്‍ ഈ ചെടിയുടെ കൂമ്പ് ഞെരടി വെയ്‌ക്കുന്നത് കണ്ടോര്‍മയുണ്ട്. അക്കാര്യം പറഞ്ഞപ്പോള്‍് രാജേഷിനും അതറിയാം. പക്ഷേ, തെക്കന്‍ജില്ലകളില്‍ ചിക്കുന്‍ഗുനിയക്ക് പ്രതിവിധിയായി കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിക്കുന്നത്രേ! എന്നാലതു വലിയ കാര്യമല്ലേ...ധാരാളംപേര്‍ ഉപയോഗിച്ചു ഫലം കണ്ട് അനുഭവസാക്ഷ്യം തരാന്‍ നില്‍ക്കുന്നു പോലും. എന്തായാലും പിന്നീടിക്കാര്യം മറന്നു.
ഇക്കൊല്ലം മലബാറില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴാണ് വീണ്ടും ഈ ചെടിയുടെ ഔഷധ ഗുണത്തെപ്പറ്റി് കേള്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ്‌കാരുടെ പേരു ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നൊക്കെ പറഞ്ഞിടത്തുനിന്ന് ഒറ്റയടിക്കാണ് നിലവാരമുയര്‍ന്നത്.
ചിക്കുന്‍ഗുനിയയുടെ നീരിനും വേദനക്കും കമ്മ്യൂണിസ്റ്റ് പച്ചയിട്ട് തിളപ്പിച്ചവെള്ളത്തില്‍ കുളിച്ചാല്‍ മതിയെന്ന്. അധിനിവേശ വൈറസ് ഉണ്ടാക്കിയ രോഗത്തിന് അധിനിവേശ സസ്യം തുണ. കമ്മ്യൂണിസ്‌റ്റു പച്ച നാട്ടില്‍ പടര്‍ന്നതിനേക്കാള്‍ വേഗത്തില്‍ ഔഷധഗുണം പടര്‍ന്നു. കോഴിക്കോട് കെട്ടൊന്നിന് പത്തു രൂപയ്‌ക്കും 20 രുപയ്‌ക്കും വില്‍ക്കുന്നതു കണ്ടു. കണ്ണൂരില്‍ 80 രൂപയ്‌ക്കാണത്രേ വില്‌പന നടന്നത്. നാട്ടില്‍ ഈ ചെടി കിട്ടാനില്ലാത്ത അവസ്ഥ വന്നു. പല ആയൂര്‍വ്വേദ, ഹോമിയോ ഡോക്ടര്‍മാരും ഈ മരുന്നിനെ അനുകൂലിച്ചു. ചില അലോപ്പതിക്കാരും.
കിഴക്കന്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ 1952ലാണ് കൊതുകളില്‍നിന്നും മനുഷ്യനില്‍ നിന്നും ചിക്കുന്‍ഗുനിയ വൈറസ് കണ്ടെത്തിയതെങ്കിലും ലോകാരോഗ്യ സംഘടനയുടെ 2006ലെ റിപ്പോര്‍ട്ട് പ്രകാരം 1779 മുതല്‍ ചിക്കുന്‍ഗുനിയ നിലവിലുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയുമായി ലക്ഷണങ്ങളില്‍ സാമ്യമുള്ളതുകൊണ്ട് മുന്‍കാലങ്ങളില്‍ വേര്‍ തിരിച്ചറിഞ്ഞില്ലെന്നു മാത്രം.
കമ്മ്യൂണിസ്റ്റ്‌് പച്ചയില്‍ നിന്ന് ആരായിരിക്കാം ചിക്കുന്‍ഗുനിയക്ക് മരുന്നു കണ്ടുപിടച്ചത് എന്നായി ചിന്ത. ഏതെങ്കിലും നാടന്‍ വൈദ്യനാവാം. വേദന സഹിക്കാതായപ്പോള്‍ ആര്‍ക്കോ തോന്നിയ പൊട്ട ബുദ്ധി.... അങ്ങനെ എന്തുമാവാം.
പക്ഷേ, കമ്മ്യൂണിസ്റ്റ് പച്ച ഒരു അധിനിവേശ സസ്യമാണ്, അതിനുള്ളില്‍ ഔഷധഗുണമൊന്നുമില്ലെന്ന് കൂടുതല്‍ പേര്‍ വാദിച്ചു. ചില അലോപ്പതി ഡോക്ടര്‍മാര്‍ കമ്മ്യൂണിസ്‌റ്റ് പച്ചയുടെ പേരുപോലും പറഞ്ഞുപോകരുതെന്ന് താക്കീതു ചെയ്‌തു.
താക്കീതിനൊപ്പം പറഞ്ഞുകേട്ട കഥ അതിലും ഭീകരമായിരുന്നു. കമ്മ്യൂണിസ്റ്റ് പച്ചയിട്ടു തിളപ്പിച്ച വെള്ളം മഞ്ഞപ്പിത്തമുണ്ടാക്കുമത്രേ! മെഡിക്കല്‍ കോളേജില്‍ ഇതെഴുതി വെച്ചിട്ടുണ്ടുപോലും. ചിക്കുന്‍ഗുനിയ പരത്തുന്ന രോഗാണുവും മഞ്ഞപ്പിത്തവും തമ്മിലെന്തുബന്ധം? അല്ലെങ്കില്‍ തിളപ്പിച്ച കമ്മ്യൂണിസിസ്റ്റ് വെള്ളവും മഞ്ഞപ്പിത്തവും തമ്മിലെന്ത്‌്‌്?
പരിചയമുള്ള ഡോക്ടറെ വിളിച്ചന്വേഷിച്ചപ്പോള്‍ അത് കെട്ടുകഥയാവാനാണ് സാധ്യത എന്നു പറഞ്ഞു. അങ്ങനെയെങ്ങാന്‍ എഴുതിവെച്ചാല്‍ പത്രക്കാര്‍ വട്ടമിട്ടു പറക്കുന്നു, മെഡിക്കല്‍ കോളേജിനു ചുററുമെന്ന് ഡോക്ടര്‍.
ഏതെങ്കിലും ഹോമിയോ ഡോക്ടറില്‍ നിന്നാവണം കമ്മ്യൂണിസ്‌റ്റ് പച്ച പകര്‍ച്ചപ്പനിക്കു മരുന്നാണെന്നുള്ള അറിവ് പടര്‍ന്നത്. ഈ സസ്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന Eupatorium perfoliatum എന്ന മരുന്നാണ് നീരിനും വേദനയ്‌ക്കുമായി നല്‍കിക്കൊണ്ടിരിക്കുന്നത്. അത് യൂറോപ്പിലെ സസ്യത്തില്‍ നിന്നാണ്. ഇവിടുത്തെ ചെടികള്‍ക്കു വേണ്ടത്ര ഗുണമില്ലെന്നും കേള്‍ക്കുന്നു.
ഏതായാലും ജൈവ അധിനിവേശം മൂലമുള്ള നാശനഷ്ടങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ജൈവ അധിനിവേശത്തില്‍ നമ്മുടെ നാടിനെ എങ്ങനെ സംരക്ഷിക്കാം എന്നാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കടപ്പാട്:
Western Ghats Field Research Station, Zoological Survey of India, Kozhikode.
Global Invasive Species Database
U N, World Watch Institute.
മാതൃഭൂമി ആഴ്‌ചപ്പതിപ്പ്
ഫോട്ടോ-സുനില്‍ കെ ഫൈസല്‍
7 comments:
കമ്മ്യൂണിസ്റ്റ്‌് പച്ചയില്‍ നിന്ന് ആരായിരിക്കാം ചിക്കുന്‍ഗുനിയക്ക് മരുന്നു കണ്ടുപിടച്ചത് എന്നായി ചിന്ത. ഏതെങ്കിലും നാടന്‍ വൈദ്യനാവാം. വേദന സഹിക്കാതായപ്പോള്‍ ആര്‍ക്കോ തോന്നിയ പൊട്ട ബുദ്ധി.... അങ്ങനെ എന്തുമാവാം.
പക്ഷേ, കമ്മ്യൂണിസ്റ്റ് പച്ച ഒരു അധിനിവേശ സസ്യമാണ്, അതിനുള്ളില്‍ ഔഷധഗുണമൊന്നുമില്ലെന്ന് കൂടുതല്‍ പേര്‍ വാദിച്ചു. ചില അലോപ്പതി ഡോക്ടര്‍മാര്‍ കമ്മ്യൂണിസ്‌റ്റ് പച്ചയുടെ പേരുപോലും പറഞ്ഞുപോകരുതെന്ന് താക്കീതു ചെയ്‌തു.
താക്കീതിനൊപ്പം പറഞ്ഞുകേട്ട കഥ അതിലും ഭീകരമായിരുന്നു. കമ്മ്യൂണിസ്റ്റ് പച്ചയിട്ടു തിളപ്പിച്ച വെള്ളം മഞ്ഞപ്പിത്തമുണ്ടാക്കുമത്രേ! മെഡിക്കല്‍ കോളേജില്‍ ഇതെഴുതി വെച്ചിട്ടുണ്ടുപോലും. ചിക്കുന്‍ഗുനിയ പരത്തുന്ന രോഗാണുവും മഞ്ഞപ്പിത്തവും തമ്മിലെന്തുബന്ധം? അല്ലെങ്കില്‍ തിളപ്പിച്ച കമ്മ്യൂണിസിസ്റ്റ് വെള്ളവും മഞ്ഞപ്പിത്തവും തമ്മിലെന്ത്‌്‌്?
നല്ല ലേഖനം, മൈന.
എന്തായാലും ആവണക്ക് ഉപകാരിയായ ചെടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല.
കമ്യൂണിസ്റ്റ് പച്ച ഇവിടെ വളര്‍ത്താന്‍ തുടങ്ങി എന്ന സ്ഥിതിയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. യൂപ്പറ്റോറിയം ആണ് പല ഹോമിയോക്കാരും ചിക്കന്‍ ഗുനിയ പ്രതിരോധത്തിനും കൊടുക്കുന്നത്.
തൊട്ടാവാടിയെ കുറിച്ചുള്ള അറിവ് പുതിയതായി. നല്ല ലേഖനം.
വിവരങള്‍ക്ക് നന്ദി...ആടുത്തതിനായി കാത്തു കൊണ്ട്
അധിനിവേശ സസ്യങ്ങള്‍ പിന്നെയും ഉണ്ട് കേരളത്തില്‍.പ്രാദേശികമായി വയത്യാസങ്ങലോടെ
.നല്ല രചന.
hi Mina..
Very intresting... and true...
Best wishes
ആശംസകള്‍ . Chromolaena oderata (കമ്മ്യൂണിസ്റ്റ് പച്ച)യും Eupatorium perfoilatum എന്ന സസ്യം രണ്ടും രണ്ടിനം ചെടികളാണ്. ഇലകളുടെ വലുപ്പത്തില്‍ വിത്യാസം കാണാം .ആദ്യത്തേത് മുറിവ് കൂടുന്നതിനും രണ്ടാമത്തേത് കുളിര് പനിക്കും ആണ് ഉപയോഗിച്ച് പോരുന്നത്. Eupatorium perfoilatum ഒരു തെക്കേ അമേരിക്കന്‍ സസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ചയില്‍ കാന്‍സര്‍ കാരിയായ PYRROLIZIDINE ഘടം അടങ്ങിയിട്ടുണ്ട്. ഹോമിയോ വിഭാഗത്തില്‍ നിന്നാണ് ഇത്തരം നിര്‍ദ്ദേശം ഉണ്ടായത് എന്നത് തെറ്റിദ്ധാരണ ജനകം ആണ്.
Post a Comment