ഭാഗം ഒന്ന്
വാടകവീടിന്റെ അടുക്കളവാതില്‍ തുറന്നത് ഒഴിഞ്ഞ ഒരു പറമ്പിലേക്കായിരുന്നു. വലിയ വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഈ പറമ്പ് ഒറ്റപ്പെട്ടു നിന്നു. അവിടെ കണ്ട വീടിന്റെ അവശിഷ്ടങ്ങള്‍ക്കും പൊട്ടക്കിണറിനുമിടയില്‍ വേനലായിരുന്നിട്ടും പച്ച കാണാമായിരുന്നു. തെങ്ങുകള്‍ക്കിടയില്‍ നിന്ന ചെടികള്‍ മിക്കതും ഉണങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും നഗരത്തിനുള്ളില്‍ ഇത്രയും പച്ചപ്പുകാണാനായതില്‍ സന്തോഷിച്ചു.
ചൂടുകൂടിത്തുടങ്ങിയതോടെ കാടു പൂര്‍ണ്ണമായും കരിഞ്ഞു. പൊട്ടക്കിണറിന്റെ വക്കത്ത് കീരിയെ കണ്ടു. ഉണങ്ങിയ കാട്ടില്‍ ചേരയിഴഞ്ഞു. ഒരു ദിവസം വെട്ടുകത്തിയുമായി ഒരാള്‍ വന്നു. മൂന്നുനാലുദിവസംകൊണ്ടയാള്‍ കാടുവെട്ടിക്കൂട്ടി തീയിട്ടു. ആകാശത്തേക്ക് തീയുയര്‍ന്നപ്പോള്‍ ഇനിയൊരു പച്ചയെ കാണാനാവില്ലല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു.
പക്ഷേ, ആദ്യത്തെ മഴക്കുതന്നെ വിത്തുകളെല്ലാം മുളപൊട്ടി. ഒരു പച്ചപ്പരവതാനി വിടര്‍ന്നു. സൂക്ഷിച്ചുനോക്കി. വലിയൊരു പറമ്പില്‍ ചെടികളുടെ വൈവിധ്യങ്ങളൊന്നുമില്ല. വേനല്‍ അതിജിവിച്ചു നിന്ന വട്ടയെ, പ്ലാവിന്‍തൈയ്യെ ഞെരിച്ചമര്‍ത്തിക്കൊണ്ട് പുതിയ പച്ച വളര്‍ന്നു വരുന്നു.
കാഴ്ചയക്ക് കൂമുള്ളുനോടും ഇഞ്ചയോടും സാമ്യമുണ്ട്. ഇളം വയലറ്റ് പൂക്കള്‍. ചെറുപ്പത്തില്‍ കണ്ടുശീലിച്ച സസ്യമായിരുന്നില്ല അത്. അടുത്തിടെമാത്രം കണ്ടുതുടങ്ങിയത്്. ഇഞ്ചയോട് സാദൃശ്യമുള്ളതും എന്നാല്‍ ചെറുതുമായിരുന്നതുകൊണ്ട് ഞങ്ങളതിനെ ഉണ്ണീഞ്ച എന്നു വിളിച്ചു.
ഇവിടെയത് ആനത്തൊട്ടാവാടിയും പാണ്ടിത്തൊട്ടാവാടിയുമായിരുന്നു. (mimosa diploricha) .
ഏതു ചെറുപറമ്പിലും അറിയുന്ന സസ്യങ്ങളെ തിരയുന്നവളെ ഉണ്ണീഞ്ചയുടേതുമാത്രമായ ആ ലോകം വിഷമിപ്പിച്ചു.
2009 മെയ് 22. കോഴിക്കോട് സുവോളജിക്കല്‍ സര്‍വ്വേ മ്യൂസിയത്തില്‍ ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് അധിനിവേശ ജീവജാതികളുടെ പ്രദര്‍ശനം കണ്ടു. ഉണ്ണീഞ്ചയോടൊപ്പം അവിടെ കണ്ട പലതും ജീവിതത്തോട് എത്ര അടുത്തു നിന്നിരുന്നു എന്നോര്‍ത്തു.
കുട്ടിക്കാലത്ത് ആറ്റില്‍ നീന്തിക്കളിക്കുമ്പോള്‍ അല്പം മാംസളമായ കമ്മല്‍പൂവ് ഒഴുകിവന്നിരുന്നതെടുത്ത് കാതില്‍വെച്ചു നോക്കും. ആറ്റിറമ്പിലൂടെയുള്ള ഓരോ യാത്രയിലും കമ്മല്‍പൂവിന്റെ മരത്തെ അന്വേഷിച്ചിട്ടുണ്ട്. അതേതാണെന്ന് ഇന്നുവരെ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും...
കമ്മല്‍പൂവുപോലെ ആകര്‍ഷകമായ മറ്റൊരുചെടിയും ഒഴുകിവരാന്‍ തുടങ്ങിയത് കുറച്ചുകൂടി മുതിര്‍ന്നശേഷമാണ്. ഞങ്ങള്‍ അവയെ ഉള്ളംകൈയ്യിലെടുത്തു. ആറ്റിറമ്പില് കൊച്ചുകുളമുണ്ടാക്കി ആ സസ്യത്തെ വളര്‍ത്താന്‍ ശ്രമിച്ചു. അത് ആഫ്രിക്കന്‍ പായലായിരുന്നു.
കുറച്ചുമുകളില്‍ ആറിനോട് ചേര്‍ന്ന വയലുകളില്‍ നിന്ന് ഒഴുകിവന്നതായിരുന്നു ഈ ജലസസ്യം. വെളളത്തിലെ പോഷകാംശം ചോര്‍ത്തുകയും ജലോപരിതലത്തില്‍ തിങ്ങിവളര്‍ന്ന് സൂര്യപ്രകാശം തടയുകയും ചെയ്ത് വെള്ളത്തിനടിയിലെ സസ്യങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും ഭീഷണിയാണിതെന്ന് തിരിച്ചറിയുന്നത് കുറേ കഴിഞ്ഞാണ്.
അടുത്തിടെ ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടികള്‍ കൊച്ചുകുളമുണ്ടാക്കി മീനുകള്‍ക്കൊപ്പം ആഫ്രിക്കന്‍പായലും വളര്‍ത്തുന്നതു കണ്ടു. അലങ്കാരസസ്യമായി തന്നെയാവണം ഈ വിദേശി ഇവിടെയെത്തിയത്. ആലപ്പുഴയില്‍ ആഫ്രിക്കന്‍ പായലുകളെ വകഞ്ഞുമാറ്റി വള്ളങ്ങള്‍ പോകുന്നത് പതിവുകാഴ്ചയാണ്.
'കിണറ്റില്‍ കലക്കലുണ്ടോ?' - ഒരു കുളവാഴയും നീട്ടിപ്പിടിച്ച് സഹപ്രവര്ത്തകന്.
കുളവാഴ വളര്‍ത്തിയാല്‍ വെള്ളം തെളിയുമെന്ന് പറഞ്ഞു.
പന്ത്രണ്ടുദിവസം കൊണ്ട് ഇരട്ടിപ്രദേശത്ത് പടരാന്‍ കഴിയുന്ന ഈ സസ്യം 50 രാജ്യങ്ങളിലെ ജലാശയങ്ങളിലെ കടുത്ത ഭീഷണിയാണ്. എന്തുഭംഗിയാണ് കുളവാഴപ്പൂക്കള്‍ കാണാന്‍. ഈ ഭംഗിയാവണം അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതും. ജലാശയങ്ങളിലെ നീരൊഴുക്കു തടഞ്ഞ് ബോട്ടുസര്‍വ്വീസുകളെ തടസ്സപ്പെടുത്തുന്നു . നീന്തലും മത്സ്യബന്ധനവും തടസ്സപ്പെടുത്തുന്നതുകൂടാതെ വെള്ളത്തിലേക്ക് പ്രകാശം കടത്തിവിടാത്തതുകൊണ്ട് ജലജീവജാലങ്ങള്‍ക്ക് ഭീഷണിയുമാകുന്നു. ഇവയൊന്നും കൂടാതെ കൊതുകു വളര്‍ത്തല്‍ കേന്ദ്രം കൂടിയാണ് ഈ സസ്യം.
കോഴിക്കോട് കനോലി കനാലില്‍ കുളവാഴയല്ലാതെ മറ്റൊന്നും കാണാനുണ്ടാവില്ല. എല്ലാവര്‍ഷവും വൃത്തിയാക്കാന്നുണ്ട്. പക്ഷേ, ഒരിടത്തു നിന്ന് നീക്കാന്‍ തുടങ്ങുമ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ പടരുന്നുമുണ്ട്. നമ്മുടെ കായലുകളെല്ലാം കുളവാഴയുടെ ഭീഷണിയിലാണ്.
പല മാരകരോഗങ്ങള്‍ക്കും കാരണമായ ഈഡിസ് കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന അധിനിവേശ ജീവിയാണ്. ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈഡിസ് കൊതുകള്‍ക്ക് വളരെവേഗം പെരുകാന്‍ സഹായകമായെന്നാണ് കണ്ടെത്തല്‍. ചിക്കന്‍ഗുനിയ, മഞ്ഞപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ വൈറസ് വാഹകരാണ് ഈ കൊതുകുകള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ മെക്സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി ഇപ്പോള്‍ കേരളത്തിലും വലിയ പ്രശ്നമായി മാറിയിരുക്കുന്നു. അധിനിവേശത്തിന്റെ വേഗത എത്ര പെട്ടെന്നാണുണ്ടാകുന്നത്.
ജനസംഖ്യവര്‍ദ്ധനവും, രാജ്യന്തരയാത്രകളും, ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതല്‍ ദൂരത്തേക്ക് വളരെ പെട്ടെന്ന് വ്യാപിപ്പിക്കാന്‍ സഹായകമാവുന്നു എന്ന് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് പറയുന്നു.
അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയക്കും ഭീഷണിയായി തീരുന്നതിനെയാണ് ജൈവ അധിനിവേശം ( Bio Invasion ) എന്നു പറയുന്നത്. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു.
നമുക്കു ചുറ്റുമുള്ള ജൈവ വൈവിധ്യത്തില്‍ പകുതിയും വിദേശീയരാണ്. എന്നാല്‍ അവയൊന്നും വര്‍ദ്ധിച്ച തോതില്‍ പെരുകി നമ്മുടെ ജൈവ സമ്പത്തിന് തടസ്സം സൃഷ്ടിക്കാതെയാണ് വളരുന്നത്്. ഇല്ലായ്മ ചെയ്യുകയല്ല. എന്നാല്‍ അധിനിവേശ ജീവജാതികള്‍ നമ്മുടെ തനതായ ജൈവവ്യവസ്ഥയെ തകിടം മറിക്കുകയാണ് ചെയ്യുന്നത്.
ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശം, ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവ്, അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ് ഇക്കഴിഞ്ഞ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു എന്‍ നിശ്ചയിച്ചത്. 'വികസത്തിന് ജൈവവൈവിധ്യം' എന്ന വിഷയമാണ് 2010 ലെ ജൈവ അധിനിവേശ സന്ദേശം.
പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായി തീര്‍ന്നത് നമ്മള് ത്ന്നെയാണ്. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് നമ്മളറിഞ്ഞില്ല.
അധിനിവേശ സസ്യങ്ങളില്‍ എനിക്കേറ്റവും അടുപ്പമുണ്ടായിരുന്നത് കൊങ്ങിണിയോടാവണം. മറയൂരിലെ ചന്ദന മരങ്ങള്‍ക്കിടയിലെ അടിക്കാടു മുഴുവനും കൊങ്ങിണിയായിരുന്നു. ചുവപ്പും റോസും പൂക്കള്‍ വിരിയുന്ന അരിപ്പൂവെന്നും പൂച്ചെടിയെന്നുമൊക്കെ അറിയപ്പെടുന്ന കൊങ്ങിണി (Lantana camara). സ്കൂള്‍ അവധി ദിവസങ്ങളില്‍ കാട്ടില്‍ കൊങ്ങിണിച്ചുള്ളി പെറുക്കാന്‍ പോയി. കൊച്ചുമുള്ളുകള്‍കൊണ്ട് കൈയ്യും കാലും പോറി. ഇരുണ്ട കൊങ്ങിണിപ്പൊന്തകള്‍ക്കുള്ളില്‍ ചില കിളിക്കൂടുകളൊഴിച്ചാല്‍ മറ്റൊന്നും അതിജീവിച്ച് നിന്നില്ല. കിളികളുടെ ഇഷ്ടഭക്ഷണമായിരുന്നു കൊങ്ങിണിപ്പഴങ്ങള്‍. ഞങ്ങളും ചിലപ്പോള്‍ കൊങ്ങിണി പഴങ്ങള്‍ തിന്ന് ചുണ്ടും വായും കറുപ്പിച്ചു.
ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന് ഏതുകാലത്തും പൂക്കളമൊരുക്കി. പറമ്പിന്റെ വേലികള്‍ കൊങ്ങിണിയുടേതായിരുന്നു.
മലമ്പ്രദേശങ്ങളിലും തണുപ്പുകൂടുതലുള്ളിടത്തും ഈ സസ്യം വളരെ വേഗം വ്യാപിക്കുന്നു. ഇടുക്കിയിലും വയനാട്ടിലുമുള്ളത്ര കൊങ്ങിണിക്കാടുകള്‍ കേരളത്തില്‍ മറ്റൊരിടത്തുമില്ല.
ഒരിക്കല്‍ കൊങ്ങിണിക്കായകളുടെ കഥ കേട്ടത് കുരുമുളകുമായി ബന്ധപ്പെട്ടാണ് . നാട്ടിലെ കുരുമുളക് വ്യാപാരിയുടെ ചരക്കുകള്‍ തിരിച്ചു വന്നത്രേ! കുരുമുളകിനോട് സാമ്യമുളള കൊങ്ങിണിക്കായകള്‍ ചേര്ത്തുണക്കി നിലവാരം കുറച്ചുപോലും. ഒരു വ്യപാരിയുടെ ചരക്കുകളെ ബാധിക്കത്തക്കവണ്ണം മുള്ളുകൊണ്ട് കൊങ്ങിണിക്കായ പറിക്കാന്‍ മിനക്കെട്ടതാരെന്ന ചോദ്യമാണ് കുഴക്കിക്കളഞ്ഞത്.
ഇന്ന് ഏതു വീട്ടുമുറ്റത്തും പലനിറങ്ങളില്‍ പൂക്കളുമായി കൊങ്ങിണി കാണാം. 650 വ്യത്യസ്ത ഇനങ്ങളില്‍ അറുപതോളം രാജ്യങ്ങളിലായി പടര്‍ന്നിട്ടുണ്ട് ഈ തെക്കേയമേരിക്കന്‍ സ്വദേശി. 1807 ല്‍ കല്‍ക്കട്ടയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ബ്രിട്ടീഷുകാര്‍ എത്തിച്ച ഈ അലങ്കാരച്ചെടി ഇന്ന് ലോകത്തിന് ഭീഷണിയായ പത്തു കളകളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് പച്ച എന്ന പേരിലറിയപ്പെടുന്ന പാര്‍ത്തിനീയം ചെടി ( Parthenium hysterphorus )ഏറ്റവും അപകടകാരിയായ വിഷസസ്യമാണ്. അമേരിക്കയില്‍നിന്നുള്ള ഗോതമ്പുചാക്കിനൊപ്പം കടല്‍ കടന്നെത്തിയതാണ്. റെയിലോരത്തും റേഷന്‍ കടകളുടെ പരിസരത്തും ആദ്യവിത്തുകള്‍ വീണു....ശ്വാസകോശരോഗവും അലര്‍ജിയും തൊലിപ്പുറത്ത് അസുഖവും ഒട്ടനവധി ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കുന്നു പാര്‍ത്തിനീയം. മനുഷ്യനും മൃഗങ്ങള്‍ക്കും ഇത്രയേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സസ്യമില്ലെന്നു തന്നെ പറയാം.
അധിനിവേശ ജീവജാലങ്ങളുടെ പ്രദര്‍ശനം കണ്ടുകൊണ്ടു നില്ക്കുമ്പോള് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന ജോസഫ് ആന്റണി സാറെ വിളിച്ചു. തിരുവനന്തപുരത്തെ അമ്പൂരിക്കാരന്‍. നെയ്യാര്‍ റിസര്‍വ്വോയറിന് ചേര്‍ന്നു കിടക്കുന്ന പ്രദേശം.
എത്രതരം മീനുകളുണാടിയിരുന്നെന്നോ ഞങ്ങളുടെ നാട്ടില്‍...ഇപ്പോള്‍ പലതുമില്ലാതായി. അദ്ദേഹം പറഞ്ഞു.
മുമ്പ് വലയും ചൂണ്ടയുമിട്ടാല്‍ ധാരാളം മത്സ്യങ്ങള്‍ കിട്ടുമായിരുന്നു. കറ്റി, മ്ലാഞ്ഞില്‍, ചോട്ടാവാള, കുറുവ, കൂരല്...ഇപ്പോള്‍ ഇവയൊന്നുമില്ല. തിലോപ്പിയയും കട്ലയും കിട്ടും. രണ്ടും വരുത്തന്മാര്...
ഇടക്കാലത്ത് നമ്മുടെ ശുദ്ധജലാശയങ്ങളിലെത്തിപ്പെട്ട തിലോപ്പിയ എന്ന ഭീകരനാണ് നാടന്‍ മത്സ്യയിനങ്ങളെ ഇല്ലാതാക്കിയത്. കാണുന്ന എന്തിനേയും ഇവന് ശാപ്പിട്ടുകളയും.
തുറിച്ചു നോക്കും ചോര കുടിക്കും എന്നൊക്കെ പറഞ്ഞ് ഓന്തിനെ എവിടെ കണ്ടാലും ഞങ്ങള്‍ തുപ്പുമായിരുന്നു. വെള്ളത്തില്‍ തിലോപ്പിയയെ കണ്ടാലും തുപ്പും. ചൂണ്ടയില്‍ തിലോപ്പിയ കുരുങ്ങിയാല്‍ തിരിച്ച് ആറ്റിലേക്കുതന്നെയിടും. ശവംതീനിയെന്നാണ് അന്ന് കാരണം പറഞ്ഞത്.
മത്സ്യകൃഷിയുടെ ഭാഗമായി ലോകത്താകമാനം എത്തിയ തെക്കേആഫ്രിക്കന്‍ സ്വദേശിയായ തിലോപ്പിയയെ യു എന്നിനു കീഴിലുളള ഭക്ഷ്യ കാര്‍ഷിക സംഘടന 'ജൈവമലിനകാരി'യായി പ്രഖ്യാപിച്ചിട്ടുണ്ട്.
ശുദ്ധജല മത്സ്യങ്ങള്‍ക്ക് ഭീഷണിയായി മാറിയ മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു.
കൊതുകു നശീകരണത്തിന്റെ പേരിലാണ് ഗാംബൂസിയ എന്ന മത്സ്യം നമ്മുടെ നാട്ടിലെത്തുന്നത്. കൊതുകു മുട്ടക്കൊപ്പം ഇവര്‍ നാടന്‍ മത്സ്യമുട്ടകള്‍കൂടി തിന്നു നശിപ്പിച്ചു.
അധിനിവേശ ജാതികളുടെ പ്രത്യേകതളിലൊന്ന് ഒരിക്കല്‍ ഒരിടത്ത് എത്തിപ്പെട്ടാല്‍ ഒഴിവാക്കുക അസാധ്യമാണെന്നതാണ്.
അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയേയും മത്സ്യ ബന്ധനത്തെയുമൊക്കെ പ്രതികൂലമാക്കുന്നു. ഇത് രാജ്യത്തിന്റെ ത്വരിത വികസനത്തെ സാരമായി ബാധിക്കുന്നു.
ഒരു വിദേശ ജീവജാതി അപകടകാരിയാവുന്നത് മറ്റൊരു രാജ്യത്ത് കയറിപ്പറ്റി അനിയന്ത്രിതമായി പെറ്റുപെരുകുമ്പോഴാണ്.
വര്‍ദ്ധിച്ച പ്രത്യുല്പാദനശേഷി, പെട്ടെന്നുള്ള വളര്‍ച്ച, വിവിധ സ്ഥലങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കാനുള്ള ശേഷി, പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുവാനുള്ള കഴിവ്, വൈവിധ്യമാര്‍ന്ന ആഹാരരീതി, പ്രതികൂലാവസ്ഥയിലും നിലനില്‍ക്കാനുള്ള കഴിവ് എന്നീ കാരണങ്ങള്‍കൊണ്ടാണ് വിദേശീയര്‍ക്ക് തദ്ദേശീയരുമായി മത്സരിച്ച് നിലനില്ക്കാന് സാധിക്കുന്നത്.
ഇന്ത്യയില്‍ 69 ഇനം അധിനിവേശ ജീവജാതികളുണ്ടെന്നാണ് കണക്ക്.
തെങ്ങിനെ ബാധിക്കുന്ന മണ്ഡരിയും പലതരം വൈറസുകളും ചിത്രശലഭങ്ങളും യൂക്കാലിപ്റ്റ്സ് ഈച്ചകളും ആഫ്രിക്കന്‍ ഭീമന് ഒച്ചുവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
മണ്ഡരി ബാധിച്ച് കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവുണ്ടാകുന്നുവെന്നാണ് കണക്ക്. മെക്സിക്കന്‍ സ്വദേശിയായ ഈ സൂക്ഷ്മജീവി ഉഷ്ണമേഖലാ പ്രദേശങ്ങളിലെ പേടി സ്വപ്നമായി മാറിയിരിക്കുന്നു.
ആഫ്രിക്കന്‍ ഭീമന് ഒച്ചിന് ഔഷധ ഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീന്‍ ഉറവിടം കൂടിയായ ഈ ജീവിയെ ഗവേഷണ ലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലയിടത്തും എത്തിക്കുകയായിരുന്നു. ഈ ഒച്ച് കാര്‍ഷിക വിളകള്‍ക്കു മാത്രമല്ല ദ്വീപ്ു പ്രദേശങ്ങളിലും മറ്റുമുള്ള നാടന്‍ ഒച്ചുകള്‍ക്കും ഭീഷണിയായി. കൃഷിയിടങ്ങളിലും വനങ്ങളിലും നഗരപ്രാന്തങ്ങളിലും ചതുപ്പുകളിലും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഈ ജീവികള്‍ പെറ്റു പെരുകുന്നു.
പതിനഞ്ചുകൊല്ലം മുമ്പ് കേരളത്തിലെ തേനീച്ച കൃഷിക്കാര്‍ക്ക് വന്‍ ദുരന്തം നേരിടേണ്ടി വന്നു. തേനിച്ച മുഴുവന്‍ ചത്തതായിരുന്നു കാരണം. നാട്ടിലെ തേനിച്ചകള്‍ക്കു മാത്രമല്ല കാട്ടിലെ തേനീച്ചകളും ചത്തൊടുങ്ങി. തേന്‍ ശേഖരിച്ചും കൃഷിചെയ്തും ജീവിച്ചു പോന്നവര്‍ പ്രതിസന്ധിയിലായി. അത്യുല്പാദനശേഷി അവകാശപ്പെട്ടുകൊണ്ട് ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത തേനീച്ചയക്കൊപ്പം പോന്ന മാരകവൈറസായിരുന്നു കാരണം.
ഭ്രാന്തിപ്പശു രോഗവും, കുളമ്പുരോഗവും വന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആടുമാടുകളെ കൂട്ടത്തോടെ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
വീടിനു പുറകിലെ മലയ്ക്കപ്പുറം ഒരുകാലത്ത് വനമായിരുന്നു. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ തന്നെ അവിടെ മരങ്ങളില്ലാതായിരുന്നു. കാട്ടുപുല്ലും ചില കുറ്റിച്ചെടികളുമായിരുന്നുണ്ടായിരുന്നത്. ഓരോ വശത്തുനിന്ന് കൈയ്യേറ്റവും തുടങ്ങിയിരുന്നു. എന്തായാലും വനം വകുപ്പ് ഇടപെട്ട് വനഭൂമിയെ ജണ്ട കെട്ടിത്തിരിച്ച് പുതിയ വൃക്ഷത്തൈകള്‍ നട്ടു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതു കാണാന്‍ പോയ ഞങ്ങള്‍ക്കും കിട്ടി ഒരു തൈ.
പറമ്പില്‍ നടാനൊരുങ്ങുമ്പോള്‍ അമ്മച്ചി തടഞ്ഞു.
അത് അക്കേഷ്യയായിരുന്നു.
അക്കേഷ്യയും യൂക്കാലിപ്റ്റ്സും ഗ്രാന്റീസുമൊക്കെ ചതുപ്പുകള്‍ വറ്റിക്കാനും കൃതൃമ വനവത്ക്കരണത്തിനും വിറകിനുമൊക്കെയായാണ് നമ്മുടെ നാട്ടിലെത്തിയത്. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍ വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അക്കേഷ്യ പൂമ്പൊടി അലര്‍ജിയുണ്ടാക്കുകയും ശ്വാസകോശരോഗത്തിന് കാരണമാകുന്നുമുണ്ട്.
കൂപ്പില് പണിക്കു പോകുന്നവര്‍ക്കറിയാം ഗ്രാന്റീസ് എത്രമാത്രം വെള്ളം വലിച്ചെടുക്കുന്നുണ്ടെന്ന്. ദാഹം തോന്നിയാല്‍ കൊമ്പൊരെണ്ണം വെട്ടിയെടുക്കുകയേ വേണ്ടൂ. ഗ്രാന്റീസ് കൊമ്പ് കുത്തനെ പിടിച്ചാല്‍ പൈപ്പില്‍ നിന്നെന്നപോലെ വെള്ളം വീണുകൊണ്ടിരിക്കും. അപ്പോള്‍ തന്നെ കുടിച്ചാല്‍ രുചി വ്യത്യാസമൊന്നുമില്ലെന്ന് വയനാട് കുടുക്കി സ്വദേശി ഉബൈദുള്ള പറഞ്ഞു.
സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി സുബാബുള്‍ നമ്മുടെ നാട്ടില്‍ കടന്നു കൂടിയത്.
മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് വിതരണം ചെയ്ത തൈകള്‍ പറമ്പില്‍ നട്ടത് ഇരുപത്തിയഞ്ചുകൊല്ലം മുമ്പാണ്. പറമ്പില്‍ കാന കീറി മണ്ണ് മേലോട്ട് കോരി വേണമായിരുന്നു മരങ്ങള്‍ നടാന്‍. കാന കീറുന്നതിന് ധന സഹായവും നല്‍കിയിരുന്നു. സുബാബുളും യൂക്കാലിപ്റ്റ്സുമാണ് അന്നു കിട്ടിയ തൈകള്‍. ഏതായാലും വേനലായിരുന്നതുകൊണ്ട് യൂക്കാലിപ്റ്റ്സില്‍ ഒന്നൊഴികെ എല്ലാം കരിഞ്ഞുപോയി. സുബാബുള്‍ നല്ലൊരു കാലീത്തീറ്റ കൂടി ആയതുകൊണ്ട് ആടും പശുവും വന്ന കൂമ്പ് കടിച്ചെടുത്തു.
ഇന്ന് റോഡരുകുകളിലും സ്കൂള്‍ പറമ്പുകളിലും സുബാബുള്‍ മാത്രം കാണുമ്പോള്‍ ആടും പശുവും തിന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ പറമ്പും സുബാബുള്‍ തോട്ടമായേനെ എന്നു തോന്നാറുണ്ട്.
(തുടരും)
ഫോട്ടോ സുനില്‍ കെ ഫൈസല്‍
22 comments:
പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായി തീര്‍ന്നത് നമ്മള് ത്ന്നെയാണ്. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് നമ്മളറിഞ്ഞില്ല.
അധിനിവേശ സസ്യങ്ങളില്‍ എനിക്കേറ്റവും അടുപ്പമുണ്ടായിരുന്നത് കൊങ്ങിണിയോടാവണം. മറയൂരിലെ ചന്ദന മരങ്ങള്‍ക്കിടയിലെ അടിക്കാടു മുഴുവനും കൊങ്ങിണിയായിരുന്നു
ആളുകളൊക്കെ അധിനിവേശത്തേയും ഇഷ്ടപ്പെട്ടു തുടങ്ങിയ കാലമാണല്ലോ?
അലമ്പില്ലാതെ കഴിയാനൊത്തൈല് ഏത് അധിനിവേശത്തിനും സ്വാഗതം.
പച്ചപ്പിലെ അധിനിവേശവും അിറയാനായി. അതാ മുറ്റത്തൊരു മൈന വന്നതു നന്നായി..
എന്തോരം വിവരങ്ങളാണ്, പക്ഷേ, ഒരു കവിത പോലെ ആസ്വദിച്ചു വായിച്ചുപോകാം..
കൊങ്ങിണി, മ്ലാഞ്ഞില്‍.. മറന്നിരുന്ന കുറെ പേരുകള്‍ ഓര്‍മ്മിച്ചു ഈ പൊസ്റ്റ് വായിച്ചപ്പോള്‍..
''അധിനിവേശം '' ആണ് ചരിത്രത്തിലെ 'ടെ.നിംഗ് പൊയന്റുകള്‍' .ആഫ്രിയ്ക്കന്‍ പായലിനെ ഒരു രീതിയില്‍ നമുക്ക് വരുതിയിലാക്കാം. അത് കള്‍ച്ചര്‍ ചെയ്തു ഫാര്‍ നിചാര് നിര്മ്മിയ്ക്കാം.ബയോഗ്യാസ് നിര്മ്മനതിനുപയോഗിയ്ക്കാം.അതിവേഗ,അത്യുല്പാത നശേഷിയുള്ളവിദേശ ഇനങ്ങള്‍ക്ക് പിന്നാലെ ഉള്ള മനുഷ്യന്റെ പരക്കം പാച്ചില്‍ ഒന്ന് നിര്‍ത്തിയാല്‍ പകുതി സമാധാനമായി...കുളങ്ങളെ കുറിച്ചുള്ള നിരീക്ഷണം മനോഹരം.പഴ്ഗായ ഗ്രാമീണ കുളങ്ങളിലെ തുടിച്ചുകുളിയും നാടന്‍ ജലക്രീടകളും ഓര്‍മയില്‍ നിറഞ്ഞു.
ഇങ്ങനേ ഒരധിനിവേശം യതാർഥത്തിൽ നടക്കുന്നുണ്ടോ?
ഒറ്റയിരിപ്പിന് തീർക്കാൻ പറ്റിയ ലേഖനം
എന്നിട്ടും എന്തേ ശസ്ത്രപരിഷത്തും മറ്റും ഈ അധിനിവേഷത്തെകുറിച്ച് ഒന്നും പറയാത്തത്
കുളവാഴയും മറ്റും എന്റെ വീട്ടിലെ കുളത്തിലും ഉണ്ടായിരുന്നു, അന്നൊന്നും ഇതൊരു അധിനിവേശത്തിന്റെ ബാക്കിപത്രമാണെന്ന് അറിഞ്നിരുന്നില്ല. എങ്കിലും പായലുകൾ വളരേയധികം ശല്യം ചെയ്തിരുന്നു.
ഇങ്ങനെയും അധിനിവേശം ഉണ്ട് നന്ദന. ലേഖനം പൂര്‍ണ്ണമല്ല. അടുത്തഭാഗം ഉടനെ പോസ്റ്റും.
ഈ ഭാഗം ശ്രദ്ധിച്ചിരിക്കുമല്ലോ...
ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശം, ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവ്, അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ് ഇക്കഴിഞ്ഞ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു എന്‍ നിശ്ചയിച്ചത്. 'വികസത്തിന് ജൈവവൈവിധ്യം' എന്ന വിഷയമാണ് 2010 ലെ
ജൈവ അധിനിവേശ സന്ദേശം.
യു എന്‍ ഈ വര്‍ഷം ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്നു.
അഷ്റഫ്, സജി, നന്ദന നന്ദി.
വളരെ വിജ്ഞാനപ്രദം.
വിവരങ്ങള്‍ക്ക് നന്ദി.
മുമ്പേ വായിച്ചിരുന്നു...നന്ദി
Thanks :)
വിജ്ഞാന പ്രദം...
വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി. ആശംസകൾ
അറിയാതെ ബാധിക്കുന്ന അധിനിവേശവും ചിലപ്പോഴൊക്കെ ശല്യമാകാറുണ്ട്.
പച്ചപ്പിലെ അധിനിവേശം പ്രയോചനപ്രദമായ ഒരു ലേഖനമായി.
കാര്യമാത്രപ്രസക്തമായ ഒരു കാഴ്ച.
നന്നായി.
മൈന ..
ഇത് മുഴുവന്‍ മാത്രുഭൂമീല് വായിച്ചായിരുന്നു ..
ബ്ലോഗുന്നതിനു നന്ദി ...
അഭിനദനങ്ങള്‍ നേരിട്ട അറിയിക്കാന്‍ സാധിച്ചല്ലോ ... സന്തോഷം
പിന്നെ പ്രണയം സ്പെഷ്യല്‍ മാതൃഭൂമി പതിപ്പില്‍ എഴുതിയതും വായിച്ചു ....
ഹാപ്പി reading
:-)
mathiruboomil ezhutiya pachappu lekhanam vayichu.grahatura smaranakaluyarti. mainakkh nanni
azeez.talapara.malappuram
saudi arabia.jeddah
mob.0508622674
ഇന്നത്തെ കാര്‍ഷിക സംസ്കാരത്തില്‍ വളരെ പ്രസക്തമാണ് ഈ ലേഖനം. കണ്മുന്പില് കാണപ്പെടുമ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഇത്തരം 'ജൈവ അധിനിവേശ' ങ്ങളെപറ്റി കൂടുതല്‍ അറിയാന്‍ സഹായിച്ചതിന് വളരെ നന്ദി.
മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായാണ് ഞാന്‍ മൈനയുടെ കഥകളും ലേഖനങ്ങളും കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഈ ബ്ലോഗിലേക്കെത്തിച്ചേരാന് വളരെ വൈകിപ്പോയി.
മൈനയുടെ കഥകളും ഷെരീഫിന്റെ വരയും ചേര്‍ന്ന് എന്നെപ്പോലെയുള്ള വായനക്കാരെ ആസ്വാദനത്തിന്റെ അവാച്യമായ ഒരു തലത്തിലേയ്ക് കൂട്ടിക്കൊണ്ട് പോകുന്നു. മൈനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
:: ഷെരീഫിന് ബ്ലോഗുണ്ടോ? ഉണ്ടെങ്കില്‍ ആ ലിങ്ക് ഒന്നു തരുമോ?
വളരെ നല്ല ലേഖനം! പക്ഷെ വായിച്ചു തീരാന്‍ ഒരുപാട് സമയം എടുത്തു. എല്ലാവരും തിരക്ക് കാരല്ലേ .ആര്‍ക്കും സമയമില്ല.പോസ്റ്റ് പരമാവധി ചുരുക്കിയാല്‍ കൂടുതല്‍ ആളുകള്‍ വായിക്കും.
നന്മ നിറഞ്ഞ മനസ്സിന് നന്ദി ..
അനില്‍@ബ്ലോഗ്, പാവം -ഞാന്‍, ബിനോയ്, വേണു, പള്ളിക്കരയില്‍, pattepadamramji, ചേച്ചിപ്പെണ്ണേ, ഉമേഷ്, അസീസ്, സതീഷ്, തണല്‍ എല്ലാവര്ക്കും നന്ദി. പിന്നെ സതീഷ് ഷെരീഫിനു ബ്ലോഗുണ്ടോ എന്നറിയില്ല. ഒരിക്കലോ മറ്റോ ആണ് ഷെരീഫിനെ കണ്ടിട്ടുള്ളു.
തണല്‍:വായിച്ചു തീരാന്‍ സമയമെടുത്തതിനെക്കുറിച്ചു പറഞ്ഞല്ലോ..ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനമാണ്. ബ്ലോഗില്‍ കൊടുത്തു എന്നുമാത്രം. വലിപ്പം അധികമുള്ളതുകൊണ്ടാണ് രണ്ടുഭാഗമായി പോസ്റ്റു കൊടുത്തതു തന്നെ. രണ്ടാം ഭാഗം ഇപ്പോള്‍ കൊടുത്തിട്ടുണ്ട്.
മൈന പറഞ്ഞതുകൊണ്ട് ഞാന്‍ ജസ്റ്റൊന്നു ചുറ്റും നോക്കി....എന്തു ചെയ്യാന്‍? നമ്മുടെയൊക്കെ ഒരു ഗതികേടേ...? ബി.സി കാക്കത്തൊള്ളായിരത്തില്‍ പൂജ്യം കണ്ടു പിടിച്ചു എന്ന ലേബലില്‍ ഇന്നും ജീവിക്കുന്നവര്‍ക്ക് ഇതൊന്നും ഒരു വേദനയായേ തോന്നില്ല. ചിലപ്പോ എനിക്കും വല്ലാതെ തോന്നാറുണ്ട്..എത്ര നഷ്ടപ്പെട്ട ജനതയാണു നാമെന്ന്. ഹോ
സാമൂഹ്യ വനവല്കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.
സാമൂഹ്യ വനവല്കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.
സാമൂഹ്യ വനവല്കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.
Post a Comment