Sunday, May 10, 2009

ചില സൗന്ദര്യ സങ്കല്‌പങ്ങള്‍

എവിടെ നോക്കിയാലും നിന്റെ മുടിയാണല്ലോ എന്ന്‌ അവന്‍്‌ ദേഷ്യപ്പെടുമ്പോള്‍ ചിലപ്പെഴെങ്കിലും എനിക്കു ചിരിവരും. നീണ്ട മുടിയുള്ള പെണ്ണിനെകെട്ടണമെന്ന്‌ ആഗ്രഹിക്കുന്ന സകലപുരുഷന്മാരെയും അന്നേരം ഞാനോര്‍ക്കും. സ്‌ത്രീയുടെ സൗന്ദര്യലക്ഷണങ്ങളിലൊന്നാണല്ലോ നീണ്ട പനങ്കുല പോലത്തെ മുടി.
പക്ഷേ, ഒരു മുടിയെങ്കിലും തോര്‍ത്തിലോ ചീപ്പിലോ നിലത്തോ കണ്ടുപോയാല്‍ ഇവര്‍ ഉറഞ്ഞുതുള്ളും.

തന്നത്താന്‍ ചോറുവെച്ച്‌ വാര്‍ക്കാനായപ്പോള്‍ മുതല്‍ അമ്മച്ചി പറയും 'ചുറ്റിച്ചു വാര്‍ക്കണേ' എന്ന്‌. തവിക്കണകൊണ്ട്‌ കഞ്ഞി ഇളക്കിയ ശേഷമേ വാര്‍ക്കാവൂ എന്നാണ്‌ സാരം. മുടിയോ മറ്റുനാരുകളോ വീണുപോയിട്ടുണ്ടെങ്കിലും ഇളക്കലില്‍ തവിക്കണയില്‍ ചുറ്റും. നീളമുള്ള മുടി പെണ്ണിനു മാത്രമായതുകൊണ്ട്‌ കുഞ്ഞു മുടിക്കഷ്‌ണം കണ്ടാലും പെണ്ണിനു തന്നെ കുറ്റം.

"മുടിയില്ലാതെ ഒറ്റദിവസംപോലും ചോറുണ്ണാനാവില്ല....നിന്റെയൊരു മുടി..."

ഹോ..പാവം...ഇത്രകാര്യമായിട്ട്‌ ഉച്ചത്തെ ഭക്ഷണത്തെക്കുറിച്ചുമാത്രം പറയുമ്പോള്‍ മുടി. കാരണം രാവിലെയും വൈകിട്ടും ഒപ്പമിരുന്നാണല്ലോ കഴിക്കുന്നത്. ഇങ്ങനെ എന്നും ഉച്ചത്തേക്കുള്ള ചോറില്‍ മുടിയുണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ 'ഗള്‍ഫ്‌ ഗേറ്റു'കാരെ കാണേണ്ടിവന്നേനേ....

ആദികവി മുതല്‍ പാടി തുടങ്ങിയതാണ്‌ സ്ത്രീയുടെ മുടിയെക്കുറിച്ച്. മുടിയില്ലാത്ത പെണ്ണ്‌ എന്തിനു പറ്റും. പക്ഷേ, ഒരു മുടി നാരുപോലും കൊഴിഞ്ഞു വീഴാന്‍ പാടില്ല...കൊഴിയും മുമ്പുള്ള മുടിയുടെ അഴകിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ .... കൊഴിഞ്ഞമുടിക്ക് 'വീണപൂവി'ന്റെ ഗതിയാണ്‌. ഇത്രയും അറപ്പുള്ള സംഗതിയില്ല പിന്നെ...

ഒരിക്കല്‍ ഹോട്ടലില്‍ നിന്ന്‌ ചോറുണ്ണുമ്പോള്‍ സഹപ്രവര്‍ത്തകന്റെ ചോറില്‍ മുടി. അവന്‍ പതുക്കെ മുടിയെടുത്ത്‌ മാറ്റി ഭാവഭേദമൊന്നുമില്ലാതെ കഴിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരത്ഭുതം ആദ്യമായി കാണുകയായിരുന്നു. 'ലോകത്തെ ഞെട്ടിക്കുന്ന സംഭവം' ഇതൊക്കെയാണെന്ന്‌ അപ്പോള്‍ തോന്നി.

മുടി കൊഴിയുന്നതിനും വളരാനും എത്രയെത്ര മരുന്നുകളാണ്‌ പരസ്യങ്ങളില്‍...കേശസംരക്ഷണത്തിന്‌ എത്ര ചിലവാണ്‌. എണ്ണ, ,സോപ്പ്‌, താളി, ഷാംപൂ....താരന്‌, കൊഴിച്ചിലിന്‌, പേനിന്‌ ....

എലിവാലുപോലുള്ള മുടിയാണെങ്കിലും അത്‌ ഒപ്പംവെട്ടി വൃത്തിയാക്കുന്നത്‌ പ്രാണസങ്കടമാണ്‌ പലര്‍ക്കും. നീളം കുറഞ്ഞാല്‍ പെണ്ണല്ലാതാകുമോ എന്ന ഉത്‌കണ്‌ഠ. എന്റെ എലിവാലുപോലത്തെ മുടിയങ്ങ്‌ വെട്ടിക്കളഞ്ഞാലോ എന്ന്‌ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. ഒന്നാമത്‌ ഈ സംരക്ഷണമൊന്നും എനിക്കു പറ്റുന്ന പണിയല്ല. രാവിലെ ധൃതിപിടിച്ച്‌ ഓഫീസിലേക്ക്‌ ഓടുമ്പോള്‍ മുടിയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റാറില്ല. വേനലില്‍ മുടി വരുത്തുന്ന ചൂടിനെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുന്നതാണ്‌ നല്ലത്‌. സഹപ്രവര്‍ത്തകമാരെല്ലാവരും ഇത്തവണത്തെ ചൂടില്‍ മുടി മേലോട്ട്‌ വാരിവലിച്ച്‌ കെട്ടി ജോലിചെയ്‌തു. അതു കണ്ടപ്പോള്‍ 'മക്കളെ ഇതു കുളിക്കടവല്ല..ബേങ്കാണ്‌ 'എന്നാണ്‌ കളിയായിട്ടാണെങ്കിലു്‌ം ഒരു മാനേജര്‍ പ്രതികരിച്ചത്.

കൊഴിഞ്ഞ്‌ കോലുപോലായ മുടി കുറച്ചുമുറിച്ചു മാറ്റിയപ്പോള്‍ അനിയത്തിയോട്‌ അമ്മച്ചി ചോദിച്ചത്‌ 'നിനക്കെന്തു പ്രാന്താ'ണെന്നായിരുന്നു....അങ്ങനെയാണ്‌ നമുക്കുചുറ്റും കുറച്ചല്‌പം മുടി മുറിച്ചു കളഞ്ഞാല്‍ ഗ്രാമസൗന്ദര്യം പോയെന്നും നാഗരികയായെന്നും കേള്‍ക്കേണ്ടി വരും.

ഇക്കാര്യം വസ്‌ത്രത്തിലെത്തുമ്പോള്‍ പറയുകയും വേണ്ട. തിങ്ങി നിറഞ്ഞ ബസ്സില്‍ കുറച്ചു പുറകില്‍ നില്‌ക്കേണ്ടി വരുന്ന ഒരു സ്‌ത്രീയുടെ കാര്യം അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. സാരിയുടെ തലപ്പിനെ ഷാളിനെ, മഫ്‌ത്തയെ തിരക്കിനിടയില്‍ നിന്നും മോചിപ്പിച്ചെടുക്കുമ്പോഴേക്കും പുതിയതൊരെണ്ണം വാങ്ങേണ്ട അവസ്ഥയിലെത്തും. മുടിയിലെ സ്ലൈഡുകള്‍, ക്ലിപ്പ്, റിബണ്‍ എല്ലാം ഇങ്ങനെ തന്നെ. എല്ലാംകൂടി പെറുക്കികൂട്ടിയാല്‍ ബസ്സുകാര്‍ക്ക്‌ സ്റ്റേഷനറിക്കട തുടങ്ങാം.
ഒരു ദിവസം ബസ്സില്‍ നിന്നിറങ്ങുമ്പള്‍ എന്റെ മുടിക്കെന്തോ കനം. നോക്കുമ്പോള്‍ പേന. ഒരു സഹപ്രവര്‍ത്തകയ്‌ക്ക്‌ ആ വകുപ്പില്‍ കിട്ടിയത്‌ കണ്ണടയായിരുന്നു.

മുമ്പേ ഇറങ്ങിയ ചേച്ചിയുടെ സാരിത്തലപ്പില്‍ പുറകിലിറങ്ങിയയാള്‍ ചവിട്ടിയതോടെ ചേച്ചി ദാ കിടക്കുന്നു റോഡില്‍ മൂക്കും കുത്തി.
അപ്പോഴാണ്‌ ആ വഴിപോയ മദാമ്മയെ ശ്രദ്ധിച്ചത്‌. മുടിയോ വസ്‌ത്രമോ അവരുടെ നടപ്പിനെ ബാധിക്കുന്നേ ഇല്ലെന്നു തോന്നി. ( കോവളത്ത്‌ കിടക്കുന്നവരെക്കുറിച്ചല്ല പറഞ്ഞുവന്നത്‌)

മുണ്ടും കുപ്പായവും തലയില്‍ തട്ടവുമിട്ടിരുന്ന അലവിതാത്ത പണ്ട് ആറ്റില്‍ വീണുപോയപ്പോള്‍, അവര്‍ക്കു നീന്താനറിയാമായിരുന്നിട്ടും തുണിയാകെ മേലാകെ ചുറ്റി മുങ്ങാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ശത്രുവായ പീതാംബരന്‌ ചാടേണ്ടിവന്നു രക്ഷിക്കാന്‍....
മുടിയും ആഭരണവും വസ്‌ത്രവുമൊക്കെ ജനനം മുതല്‍ സ്‌ത്രീയെ പലതരം അസ്വാതന്ത്യങ്ങളുടെ കയത്തില്‍ കൊണ്ടുപോയിടുന്നു. രക്ഷപെടാന്‍, വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുകയും ചെയ്യും.


ഒരു പെണ്‍കുട്ടി ജനിച്ചാല്‍ പറ്റുന്നതും വേഗത്തില്‍ കാതുകുത്തുന്നതാണ്‌ ഇന്നത്തെ രീതി. കുറച്ചു പ്രായമായവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് കല്ല്യാണത്തിന്റെ തലേന്നാണ്‌ കാതുകുത്തിയതെന്നൊക്കെ...മകള്‍ വളര്‍ന്നു സ്വയം തീരുമാനിക്കാനാവുന്ന പ്രായമാവുമ്പോള്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ എന്നു വിചാരിക്കാന്‍ പറ്റുന്ന എത്രപേരുണ്ട്‌?
ഉണ്ട്‌ ഒരുപാടുപേരുണ്ട്‌..പക്ഷേ, വീട്ടുകാരുടെ ബന്ധുക്കളുടെ സുഹൃത്തുളുടെ സ്‌നേഹപൂര്‍വ്വമായ സമ്മര്‍ദ്ദത്തിനു മുന്നില്‍....
ഈ സമ്മര്‍ദ്ദമാണ്‌ മാറ്റങ്ങളുണ്ടാക്കാതെ പോകുന്നതും.

അടുത്തിരുന്നു ജോലിചെയ്യുന്ന കുട്ടിക്ക്‌ അവള്‍ മുമ്പണിഞ്ഞിരുന്ന മുത്തുമാലകളായിരുന്നു ഭംഗി. പക്ഷേ, വിവാഹം കഴിഞ്ഞതോടെ വലിയൊരു തുടല്‍മാല...ഭര്‍തൃവീട്ടുകാരുടെ കഴിവിനെ കാണിക്കാനാവണം അത്ര വലിയൊരു മാലയുടെ ആവശ്യം. പലപ്പോഴും പലരും സൗന്ദര്യത്തിനിണങ്ങും വിധമായിരിക്കില്ല ആഭരണങ്ങള്‍ ധരിക്കുന്നത്‌. എല്ലാവരെയും തൃ്‌പ്‌തിപ്പെടുത്താന്‍..കുടുംബ മഹിമ കാണിക്കാന്‍...

'ഒന്നുമില്ലെന്നേ..ഉള്ളതൊക്കെ വിറ്റുകള്ളു കുടിച്ചു.....ധൂര്‍ത്തടിച്ചു...കടം തീര്‍ത്തു..' തുടങ്ങിയ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകേള്‍ക്കാതിരിക്കാന്‍....

എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഞാനും വിധേയയാണ്‌.

എന്തിനാ ഈ സാരിയും ചുരിദാറും.. അയഞ്ഞ പാന്‍സും ഷര്‍ട്ടുമിട്ടാല്‍ പോരെ..എന്ന് അവനെന്നോട്‌ ചോദിക്കാം.
പക്ഷേ, ആ വേഷത്തിലേക്കു മാറുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യത്തിനുത്തരം പറയാന്‍ ഒരു ടേപ്പ്‌ റിക്കോര്‍ഡര്‍ കൂടെകൊണ്ടു നടക്കേണ്ടി വരും.
വിനയേച്ചിക്ക്‌ നമോവാകം

31 comments:

Myna said...

എവിടെ നോക്കിയാലും നിന്റെ മുടിയാണല്ലോ എന്ന്‌ അവന്‍്‌ ദേഷ്യപ്പെടുമ്പോള്‍ ചിലപ്പെഴെങ്കിലും എനിക്കു ചിരിവരും. നീണ്ട മുടിയുള്ള പെണ്ണിനെകെട്ടണമെന്ന്‌ ആഗ്രഹിക്കുന്ന സകലപുരുഷന്മാരെയും അന്നേരം ഞാനോര്‍ക്കും. സ്‌ത്രീയുടെ സൗന്ദര്യലക്ഷണങ്ങളിലൊന്നാണല്ലോ നീണ്ട പനങ്കുല പോലത്തെ മുടി.
പക്ഷേ, ഒരു മുടിയെങ്കിലും തോര്‍ത്തിലോ ചീപ്പിലോ നിലത്തോ കണ്ടുപോയാല്‍ ഇവര്‍ ഉറഞ്ഞുതുള്ളും.

Rare Rose said...

സൌന്ദര്യ സങ്കല്പങ്ങളെ കുറിച്ചുള്ള കാഴ്ച്ചപ്പാ‍ടുകള്‍ വായിച്ചു ട്ടോ...പെണ്‍സൌന്ദര്യത്തിന്റെ മാനദണ്ഡമായ മുടിയോട് വീണു കഴിഞ്ഞാലുള്ള ആളുകളുടെ മനോഭാവം പലപ്പോഴും ഞാനും ചിന്തിക്കാറുണ്ടു...:)

Anonymous said...

അവസാനത്തെ ഖണ്ഡികയിലെ ഒരു പരാമര്‍ശത്തെ സ്പര്ശിച്ചുകൊണ്ടെഴുതുകയാണ്. അയഞ്ഞ പാന്‍റിലേക്കും ഷര്‍ട്ടിലേക്കും മാറിയാലുള്ള ബുദ്ധിമുട്ടുകള്‍..പിന്നെ വിനയ..

ഇവിടെ തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയില്‍ ഏകദേശം 20 വര്ഷത്തിലേറെയായിക്കാണും വസുമതിച്ചേച്ചി ഒരു യാഥാര്‍ത്ഥ്യമാണ്., അഥവാ കണ്ടു കണ്ട് കാഴ്ച്ചയല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. പാന്‍റും ഷര്‍ട്ടും,അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും, പിന്നെ തരം പോലെ ട്ടീ ഷര്‍ട്ടും. പിന്‍ഭാഗം മറയുന്ന മുടിയും നെറ്റിയില്‍ കളഭക്കുറിയുമായി നെഞ്ഞുവിരിച്ച് വസുമതിച്ചേച്ചി സൈക്കിളില്‍ പോകുന്നത് ഒരു ആണിനേക്കാളും തലയെടുപ്പോടെയാണ്. ..

കു‌ടുതല്‍ പറയുന്നില്ല. ഈയിടെ മനോരമയിലോ വനിതയിലോ ആളെപ്പറ്റി ലേഖനം വന്നിരുന്നു. മുമ്പ്‌ കൈരളിയില്‍ സി.വി.ശ്രീരാമനും വസുമതിയെ പരിചയപ്പെടുത്തിയിട്ടുണ്ട്....

Anonymous said...

ക്ഷമിക്കണം; ഇനീഷ്യല്‍ തെറ്റിപ്പോയി. കൈരളിയിലെ വി.കെ.ശ്രീരാമന്‍..

നിരക്ഷരൻ said...

സ്ത്രീ സൌന്ദര്യത്തിന്റെ ഭാഗമായിരിക്കാം മുടി.

മുടിവളര്‍ത്തിയാല്‍ സൌന്ദര്യം കൂടുമോന്നറിയാന്‍ കുറച്ചുനാള്‍ ഞാനും വളര്‍ത്തിനോക്കി മുടി. തോളറ്റം വളര്‍ന്നുവന്നപ്പോഴേക്കും തുടങ്ങി കഷ്ടപ്പാടുകള്‍. കുളി കഴിഞ്ഞാല്‍ ചീകിയൊതുക്കാന്‍ പാട്, ചീകുമ്പോള്‍ ധാരാളമായി മുടി കൊഴിയുന്നു, എന്നുതുടങ്ങി വല്ലാത്ത പുകിലുതന്നെയായിരുന്നു. ഇത്രയും ത്യാഗമൊക്കെ സഹിച്ച് അത് വളര്‍ത്തിക്കൊണ്ട് നടക്കേണ്ടെന്ന് തോന്നിയതുകൊണ്ട് മുറിച്ചുകളഞ്ഞു.

ചോറില് മുടി കാണുമ്പോള്‍ സ്ഥിരമായി കുറ്റപ്പെടുത്തുന്ന കണവന്റെ വായടപ്പിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. വിനയയെപ്പോലെ ഒരു ഹെയര്‍ കട്ട് നടത്തുക.അങ്ങനെ ചെയ്യാന്‍ പറ്റുന്ന, അത്രയ്ക്ക് ചങ്കുറപ്പുള്ള എത്ര സഹോദരിമാരുണ്ട് ഈ സമൂഹത്തില്‍ ? സ്വന്തം സൌന്ദര്യം പോകുമെന്നുള്ള ഒരു ചിന്ത സ്വന്തം നിലയില്‍ വേറെയും കാണുമല്ലോ സ്ത്രീകള്‍ക്ക്. പൊതുജനത്തിനേയും, ബന്ധുമിത്രാദികളേയും അവഗണിക്കാന്‍ പറ്റണം. മുടിയില്ലാത്ത ചോറ് കഴിക്കുന്ന ഭര്‍ത്താവല്ലേ മലയാളി മങ്കയ്ക്ക് വലുത് ?

തള്ളിപ്പറയുന്നവരെ ശ്രദ്ധിക്കാതിരിക്കാനും, സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് വെളിയില്‍ വരാനുമുള്ള ആര്‍ജ്ജവം ഉണ്ടാകാത്ത കാലത്തോളം ചോറിലെ മുടിയെപ്പറ്റി പരാതി പറയുന്ന ഭര്‍ത്താക്കന്മാരെ, (ആദ്യകാലങ്ങളില്‍ അതേ മുടിയെപ്പറ്റി അവര്‍ പറഞ്ഞ ആരാധനയില്‍ പുരട്ടിയ വാക്കുകള്‍ ഓര്‍ത്ത് ആശ്വസിച്ച് നെടുവീര്‍പ്പിട്ട്) ചുമ്മാ അങ്ങ് സഹിച്ചോളൂ,നീറിനീറിപ്പുകഞ്ഞോളൂ.... :) :)

Calvin H said...

നീണ്ട ഹെയര്‍‌സ്റ്റൈല്‍ ഒന്നു പരീക്ഷിച്ചു തുടങ്ങിയതാണ്.. ശരിയാവൂലാ.....
നിരക്ഷരന്‍ പറഞ്ഞതിനൊട് പൂര്‍ണമായും യോജിക്കുന്നു

"തള്ളിപ്പറയുന്നവരെ ശ്രദ്ധിക്കാതിരിക്കാനും, സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് വെളിയില്‍ വരാനുമുള്ള ആര്‍ജ്ജവം ഉണ്ടാകാത്ത കാലത്തോളം ചോറിലെ മുടിയെപ്പറ്റി പരാതി പറയുന്ന ഭര്‍ത്താക്കന്മാരെ, (ആദ്യകാലങ്ങളില്‍ അതേ മുടിയെപ്പറ്റി അവര്‍ പറഞ്ഞ ആരാധനയില്‍ പുരട്ടിയ വാക്കുകള്‍ ഓര്‍ത്ത് ആശ്വസിച്ച് നെടുവീര്‍പ്പിട്ട്) ചുമ്മാ അങ്ങ് സഹിച്ചോളൂ,നീറിനീറിപ്പുകഞ്ഞോളൂ.... :) :)"

പാമരന്‍ said...

നല്ലപോസ്റ്റ്‌. ആദ്യം പറഞ്ഞ മുടിക്കാര്യങ്ങള്‍ വായിച്ചപ്പോള്‍ എന്‍റെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളെങ്ങനെ ലീക്കായീ എന്നൊന്നു വെരണ്ടു :)

നീണ്ടമുടി സൌന്ദര്യത്തിനു മാറ്റുകൂട്ടുന്നെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. സൌന്ദര്യം സംരക്ഷിക്കണെങ്കില്‍ ചെറിയ ബുദ്ധിമുട്ടുകളൊക്കെ സഹിച്ചല്ലേ മതിയാവൂ.. ഒക്കെ പെഴ്സണല്‍ ഇഷ്ടാനിഷ്ടങ്ങള്‍പോലെ..

Rajesh T.C said...

ചെറുപ്പത്തിൽ എനിക്ക് ചോറിൽ നിന്നും മുടി കിട്ടുമ്പോൾ അമ്മ പറയുമായിരുന്നു-“ചോറിൽ നിന്നും മുടികിട്ടുന്നത് ഭാഗ്യാണത്ര”.ഈ തിയറി വേറെ എവിടെയും ഉണ്ടോന്ന് എനിക്കറിയില്ലാ.ഒരു പക്ഷെ മുടികിട്ടുമ്പോൾ വീട്ടിലെ ആണുങ്ങൾക്ക് ഉണ്ടാവുന്ന് ദേഷ്യം കുറയ്ക്കാനോ,മൂക്കത്ത് ശുണ്‌ടിയുള്ള് ഞാൻ ഭാവിയിൽ പെണ്ണുമ്പിള്ളയുമായി തല്ല് കൂടണ്ടാന്ന് കരുതിയിട്ടോ,അമ്മ ഉണ്ടാക്കിയ ചോല്ല് ആയിരിക്കാം..ഇന്നിപ്പോൾ ചോറിലെ മുടി എനിക്കൊരു പ്രശ്നമല്ലാതായിട്ടുണ്ട്..
സ്ത്രീ സൌന്ദര്യത്തിന്റെ ഭാഗമായി കരുതുന്ന നീണ്ട കാർകൂന്തൽ ക്ഷമയോടെ പരിപാലിച്ച് വളർത്താൻ താല്പര്യമുള്ളവർ വളർത്തട്ടെ,അല്ലാത്തവർ അവർക്ക് ഇഷ്ട്ട്പെട്ട രീതീയിൽ മുറിക്കട്ടെ.

yousufpa said...

കേശത്തെ കുറിച്ച് അതിന്‍റെ കോശങ്ങളെ തരം തിരിച്ച കശപിശ കുശാലായി. പക്ഷെ ,വസ്ത്ര സങ്കല്പം അതിത്തിരി കടന്നുപോയൊ എന്നൊരു സംശയം.

wayanadan said...

മൈനെ,
വീണ്ടുംനീ
തോല്‍പിച്ചുകളയുന്നല്ലോ.
ആസ്ഥാനത്ത്സ്ഥിതിചെയ്യുമ്പോഴാണ്
ഒരു വസ്തുമലിനമാവുന്നത്
മുടി
തലയിലവുംപോള്‍
സുന്ദരവും
ചോരിലാകുംപോള്‍ മലിനവുമാണ്
യെങ്കിലും
നിരീക്ഷണം
എനിക്ക്‌
ഇഷ്ടമായ്‌
അഭിനന്ദനങ്ങള്‍

ഉറുമ്പ്‌ /ANT said...

ഇരിക്കേണ്ടത്‌ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ വൃത്തികേടാണ്‌.

Anything out of place is dirty.

U said...

ചോറില്‍ തലമുടി കണ്ടാല്‍ താന്‍ സന്തോഷിക്കുമെന്നു സിനിമാ നടന്‍ മണിയന്‍ പിള്ള രാജു പണ്ട് TV യില്‍ പറയുന്നത് കേട്ടിരുന്നു. കണ്ടില്ലെങ്കില്‍ നമ്മളത് അറിയാതെ കഴിച്ചു പോകില്ലേ .? :-)

വികടശിരോമണി said...

ലളിതമെങ്കിലും വ്യക്തമായ സങ്കൽ‌പ്പങ്ങൾ.
പനങ്കുല പോലുള്ള മുടി എന്നു മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത് യക്ഷിമാർക്കാണ്.മുറുക്കിച്ചുവന്ന ചുണ്ടുകളും,പനങ്കുല പോലത്തെ മുടിയും,നിലം തൊടാത്ത കാലുകളുമായി വരുന്ന യക്ഷികളെ എത്ര സ്വപ്നം കണ്ടിരിക്കുന്നു!
മുടിയുടെ ശൈലീകരണം അതിന്റെ സ്വാഭാവികചാരുതയെ നശിപ്പിക്കുന്നതായാണ് എന്റെ സൌന്ദര്യവീക്ഷണം.പക്ഷേ,വിനയയുടെ നിലപാടിനൊരിക്കലും എതിരല്ല താനും.
എത്രയോ തവണ ഭക്ഷണത്തിൽ നിന്നു മുടി കിട്ടി!അതുകൊണ്ട് ഭക്ഷണമുപേക്ഷിക്കുന്നവരെപ്പോലെ സാമൂഹ്യവിരുദ്ധരായി ആരുമില്ല.
“സൌന്ദര്യം സ്ഥാനത്തിലാണ്”എന്ന സൌന്ദര്യവീക്ഷണത്തിന് ആനന്ദവർദ്ധനനോളമെങ്കിലും പഴക്കമുണ്ട്.

ബാബുരാജ് ഭഗവതി said...

പോസ്റ്റിന് നന്ദി
സാറാജോസഫിന്റെ ഒരു കഥയുണ്ടല്ലോ
മുടിയെകുറിച്ച്......
മനോഹരമായ ഒരു കഥ.
സ്നേഹപൂര്‍വ്വം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല നീരീക്ഷണം മൈനാ

വിറകടുപ്പിലുള്ള പണിയാണെങ്കില്‍ മുടിയ്യൊക്കെ കണ്ടെന്നു വരാം. പാചകം ചെയ്യുന്ന സമയത്ത് അല്പം ശ്രദ്ധിച്ചാല്‍ അത് ഇല്ലാതാക്കേം ചെയ്യാം. ഒട്ടുമിക്ക വീടുകളിലും ഇന്ന് ഗ്യാസടുപ്പല്ലേ? അവിടെ ഈ മുടിപ്രശ്നം വരാനുള്ള ചാന്‍സ് കുറവാണ്. അടുക്കളയില്‍ കയറുമ്പോള്‍ മ്മുടി അഴിച്ചിടരുതെന്നു പറയുന്നത് അതുകൊണ്ടൊക്കെ തന്നെ

സ്ഥിരം ജോലിയ്ക്കു പോകുന്നവരായാലും ആഴ്ചയിലൊരിക്കല്‍ മുടീ ഷാമ്പൂ ചെയ്യുന്നതും വൈകുന്നേരങ്ങളില്‍ ചീകിയൊതുക്കി വെയ്ക്കുന്നതുമൊക്കെ മുടിയുടെ ആരോഗ്യത്തെ സമ്പന്നമാക്കും.

നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ “ ഹോ പറ്റില്ലെന്നേ “ എന്നു പറയുകയാണെന്നേ എനിയ്ക്കു തോന്നാറുള്ളൂ. സൌന്ദര്യം പരിപാലിക്കപ്പെടാനുള്ളതുതന്നെയാണ്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് വസ്ത്രധാരണം നടത്തുന്നതും നല്ലതുതന്നെ, അത് മാന്യമാവണമെന്നു മാത്രം.

സുനീഷ് said...

അന്നുമിന്നുമെന്നും ചോറില്‍ മുടി കണ്ടാല്‍ അത്രേം ഭാഗത്തെ ചോറ് മുടിയോടൊപ്പം (ആരുടെ മുടിയാണെങ്കിലും) മാറ്റി വച്ചിട്ട് ബാക്കി ചോറ് ഉണ്ടെഴുന്നേറ്റു പോകുക എന്നതാണ് ശീലം. ആദ്യമെടുക്കുന്ന ചോറ് മാത്രമേ കഴിക്കൂ. രണ്ടാമത് ചോറ് എടുക്കുന്ന ശീലമൊട്ടുമില്ല.

ബാജി ഓടംവേലി said...

ഇഷ്ടമായ്‌...
അഭിനന്ദനങ്ങള്‍...

ഗീതാഞ്ജലി said...

മുടിയെക്കുറിച്ചുള്ള നിരീക്ഷണം ശരിയാണ്. വീടിനുള്ളിലിരുന്നു മുടി ചീകാൻ സമ്മതിക്കാറില്ലായിരുന്നു, പണ്ട്. ഭക്ഷണത്തിന് വൃത്തി വേണമല്ലോ. മുടി മാത്രമല്ല, കല്ലും മണ്ണുമൊന്നും ഭക്ഷണത്തിൽ പാടില്ല.

സാരിയോ ചൂരിദാറോ എന്നുള്ള ചർച്ചക്ക് ഇപ്പൊ അല്പം ചൂടാറിയ മട്ടാണ്.
ആൺ നോട്ടങ്ങൾ ഒഴിവാക്കാനാണോ ദുപ്പട്ട/ സാരിത്തലപ്പ്?
ഏതായാലും യാത്രക്കും ജോലിക്കും സൌകര്യമാണ് പാന്റ്സും ഷർട്ടും.

അപ്പോ പർദയും മുഖം മൂടിയുമിട്ട് നടക്കുന്നവരോ?
ഈ ഉഷ്ണം അവർ എങ്ങനെ സഹിക്കുന്നോ!

മാതൃഭൂമിയിൽ എഴുതിയതെല്ലാം നന്നായിരുന്നു.
അന്ന് ഞാനൊരു ഈ മെയിൽ അയച്ചിരുന്നു.
കണ്ടുവോ?

ചെടികൾക്കും മരങ്ങൾക്കും വേണ്ടി കൂടുതലായി നമുക്കെല്ലാം എന്തെങ്കിലും ചെയ്യാൻ പറ്റണം. ഭൂമിയുടെ പച്ചപ്പുതപ്പ് തിരിച്ചു കൊടുക്കണം.

ഗീതാഞജലി

ഹന്‍ല്ലലത്ത് Hanllalath said...

സൌന്ദര്യ സങ്കല്‍പ്പങ്ങളെല്ലാം തന്നെ വ്യക്തികളുമായി ബന്ധപ്പെട്ട് കിടക്കുന്നു..
അത് നമ്മള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലല്ലോ..?
മുടി വലുതായി വേണ്ടവര്‍ വളര്‍ത്തട്ടെ ...വേണ്ടാത്തവര്‍ വെട്ടിക്കളയട്ടെ...

അയഞ്ഞ പാന്റും ഷര്‍ട്ടുമൊക്കെ ധരിച്ചാല്‍ മുഴുപ്പും തുടിപ്പുമൊക്കെ കണ്ട്
ആണുങ്ങള്‍ കൂര്‍ത്ത നോട്ടമെറിയുമോ....?!
ഇല്ലല്ലോ ......അപ്പോ പിന്നെ പെണ്ണുങ്ങളെങ്ങനാ മാറുന്നെ..
അവര്‍ ഹൈ ഹീല്ഡും ബോഡി ടൈറ്റ് ടൈപ്പ് ഡ്രെസ്സും ഒക്ക ആയി നടക്കട്ടെ..
ഇവിടെ നമുക്ക് വെറുതെ എഴുതാം...

മഞ്ഞുതുള്ളി said...

palappozhum enikkum inganeyokke cheyyanamennu thonniyittundu...

venalkkalathu thala mottayadichalentha ennu ella varshavum njaan aalochikkarundu

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍...

ടി.സി.രാജേഷ്‌ said...

അപ്പൊ, മുടിയില്ലാത്ത ഞാനൊക്കെ എത്ര ഭാഗ്യവാന്‍മാര്‍..... ചോറില്‍ മുടികിടന്നെന്നു കരുതി ഞാന്‍ എഴുന്നേറ്റു പോകാറില്ല. എവിടെയാമെങ്കിലും ആരും കാണാതെ അതെടുത്തു കളഞ്ഞിട്ട്‌ കഴിക്കും. ചോറിലൊരു മുടികിടന്നെന്നു കരുതി ഉണ്ണുന്നവന്‍ ചത്തുപോകത്തൊന്നുമില്ലല്ലോ....

ea jabbar said...

ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..

ea jabbar said...

സൌന്ദര്യം എന്നത് തികച്ചും ആപേക്ഷികമാണ്. നമ്മള്‍ ചെറുപ്പത്തിലേ ട്യൂണ്‍ ചെയ്തെടുക്കുന്നതാണു നമ്മുടെ സൌന്ദര്യബോധം.
നീണ്ട മുടിയും സാരി എന്ന ഏടാകൂടവും സ്വര്‍ണാഭരണം എന്ന ആളെക്കൊല്ലിയും തീര്‍ത്തും ഒഴിവാക്കി സൌകര്യപ്രദമായ വസ്ത്രം ധരിക്കാന്‍ നാം ശീലിക്കുകയാണെങ്കില്‍ കുറെകൂടി സുരക്ഷിതത്വം ലഭിക്കും എന്നാണു തോന്നുന്നത്.

girishvarma balussery... said...
This comment has been removed by the author.
girishvarma balussery... said...

എന്ത് കാര്യവും അതാതിന്റെ സ്ഥാനത്ത് ഇരുന്നാലെ ഭംഗിയുള്ളൂ... മുടിയുടെ കാര്യം പിന്നെ പറയാന്‍ ഉണ്ടോ.. എന്തിനാണ് ടേപ്പ് റികാര്‍ഡര്‍ ? ആവശ്യമുള്ളതിനു ഉത്തരം പറഞ്ഞാല്‍ പോരെ.

VINAYA N.A said...

കുത്തിപ്പിടിച്ചു കലി തീര്‍ക്കുവാനുള്ളോ
രായുധം മാത്രമാ‍ണെന്നെന്നും നിന്മുടി

chirackal said...

i say same about wife.one doubt,somebody overheared.wife says she want the patent.anyway your goals are pointing to goalpost.keep the spirit of simplicity in writing,like life in highrange.

chirackal said...
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചന്തമുള്ള ചിന്തകള്‍..
ആശംസകള്‍

Anonymous said...

" കുത്തിപ്പിടിച്ചു കലി തീര്‍ക്കുവാനുള്ളോ
രായുധം മാത്രമാ‍ണെന്നെന്നും നിന്മുടി"
അസൂയ, അസൂയ