Tuesday, April 29, 2008

പ്രിയപ്പെട്ട മാങ്ങ അച്ചാറിന്‌


മാങ്ങാ അച്ചാര്‍ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അനിയത്തിമാര്‍ക്കും. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ വിജയകരമായി മാങ്ങാ അച്ചാര്‍ ഉണ്ടാക്കിയത്‌. ഇഷ്ടപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ ഇന്ന്‌ കടയില്‍ കിട്ടുന്ന മാങ്ങാ അച്ചാറോ വിനാഗിരി ചേര്‍ത്ത്‌ വീടുകളില്‍ ഉണ്ടാക്കാറുള്ള അച്ചാറോ തൊട്ടുനോക്കറില്ല. കാരണം മാങ്ങയുടെ രുചിയല്ല വേറൊരു പുളിയാണെന്ന തോന്നലുകൊണ്ട്‌.
ഈ മാങ്ങാ അച്ചാറിന്‌ ഗുരുക്കന്‍മാരുമില്ല.
കിളിച്ചുണ്ടന്‍ മാവാണ്‌ വീടിന്‌ ഏറ്റവും അടുത്തു നിന്നത്‌. രണ്ടോ മൂന്നു മാങ്ങാപറിച്ചുകൊണ്ടുവരുന്നു. അച്ചാറുണ്ടാക്കുന്നു. ഒരു ഹോര്‍ലിക്‌സ്‌ കുപ്പി. അതാണ്‌ കണക്ക്‌. നീണ്ടകാലത്തേക്കല്ല. ഒറ്റദിവസംകൊണ്ട്‌ തീരും.
കപ്പപ്പുഴുക്ക്‌, ചക്കപ്പുഴുക്ക്‌, ചോറ്‌ എന്തിനും ഏതിനും പുഴുക്കുപോലെ ഞങ്ങള്‍ മൂന്നു മക്കളും അച്ചാര്‍ തിന്നും. അമ്മച്ചിക്ക്‌ അതുകാണുമ്പോള്‍ പടിയാവും.
'കൊറച്ചു കൂട്ട്‌. വല്ല പിത്തോം പിടിക്കും'
പക്ഷേ ഞങ്ങളുണ്ടോ കേള്‍ക്കുന്നു.
ഒരിക്കല്‍ കപ്പയ്‌ക്ക്‌ കാടുപറിക്കാന്‍ വന്ന തങ്കമ്മചേച്ചിക്ക്‌ ഊണുകൊടുക്കുമ്പോള്‍ അമ്മച്ചി പറഞ്ഞു.
'പുഴുക്കുപോലെയാ ഈ പിള്ളേര്‌ അച്ചാറു തിന്നുന്നേ'..
അച്ചാറുകുപ്പിയുടെ മൂട്ടില്‍ ഒരു നുള്ള്‌ അച്ചാറെ അന്നുണ്ടായിരുന്നുള്ളു.
അതുകേട്ട്‌ തങ്കമ്മ ചേച്ചി പ്രിതികരിച്ചത്‌. 'എന്റെ പിള്ളേരും ഇങ്ങനെയാ' എന്നായിരുന്നു.
മാങ്ങാക്കാലമായാല്‍ ഒന്നിരാടം ഒരു ഹോര്‍ലിക്‌സ്‌ കുപ്പി അച്ചാര്‍ എന്റെ പ്രധാന ജോലികളിലൊന്നായി. ഇപ്പോഴും എന്നു പറയാം. പക്ഷേ ഇവിടെ അനിയത്തിമാരില്ലാത്തതുകൊണ്ട്‌ തന്നെയാണെന്നുമാത്രം. ഒരാഴ്‌ചത്തേക്കുണ്ടാവും എന്നുമാത്രം.
എന്നെ കെട്ടിച്ചുവിട്ടതില്‍ അനിയത്തിമാര്‍ക്കുണ്ടായിരുന്ന ആകെ സങ്കടം പഴയ മാങ്ങാ അച്ചാര്‍ കിട്ടുന്നില്ല എന്നായിരുന്നു.

കല്ല്യാണം കഴിഞ്ഞ ആദ്യത്തെ മാങ്ങാക്കാലത്ത്‌ ഇളയ അനിയത്തി സങ്കടം പറഞ്ഞു.' എങ്ങനെ അച്ചാറുണ്ടാക്കാന്‍ നോക്കിയിട്ടും നീ ഉണ്ടാക്കുന്നതുപോലെ ശരിയാവുന്നില്ല' എന്ന്‌.
കേട്ടാല്‍ തോന്നും മാങ്ങാ അച്ചാര്‍ എന്നാല്‍ വല്ല ബിരിയാണ്‌ ഉണ്ടാക്കുന്ന പാടുണ്ടോ എന്ന്‌. ഒന്നുമില്ല. അളവും തൂക്കവും ഒന്നും കൃത്യമായി വേണമെന്നില്ല. ഇതാ മാങ്ങാ അച്ചാറിന്റെ കുറിപ്പ്‌.
1.മാങ്ങ -അര കിലോ
2. മുളകുപൊടി -3 സ്‌പൂണ്‍
3. കായപ്പൊടി, ഉലുവാപൊടിച്ചത്‌, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.
4. വെളുത്തുള്ളി-ഇഷ്ടാനുസരണം.
5. പാചകഎണ്ണ- അതും ടി.

അരിഞ്ഞ മാങ്ങയില്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ കുഴച്ചുവെയ്‌ക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക്‌, കറിവേപ്പില ഇടുക. വെളുത്തുള്ളി മൂപ്പിക്കുക. അതിനു ശേഷം മാങ്ങ അതിലേക്ക്‌ ചേര്‍ക്കുക. ചൂടായി വരുമ്പോള്‍ കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കി വാങ്ങിവെയ്‌ക്കുക.
തണുത്തിട്ടോ, ചൂടോടെയോ ഉപയോഗിച്ചു തുടങ്ങാം.
കുപ്പിയിലാക്കുമ്പോള്‍ ശ്രദ്ധിക്കുക. പുറത്താണെങ്കില്‍ രണ്ടു ദിവസത്തില്‍ വെയ്‌ക്കരുത്‌. പൂപ്പല്‍ വരും. ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.

ധൈര്യമുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കു.

12 comments:

Myna said...

ഈ മാങ്ങാ അച്ചാറിന്‌ ഗുരുക്കന്‍മാരുമില്ല.
കിളിച്ചുണ്ടന്‍ മാവാണ്‌ വീടിന്‌ ഏറ്റവും അടുത്തു നിന്നത്‌. രണ്ടോ മൂന്നു മാങ്ങാപറിച്ചുകൊണ്ടുവരുന്നു. അച്ചാറുണ്ടാക്കുന്നു. ഒരു ഹോര്‍ലിക്‌സ്‌ കുപ്പി. അതാണ്‌ കണക്ക്‌. നീണ്ടകാലത്തേക്കല്ല. ഒറ്റദിവസംകൊണ്ട്‌ തീരും.
കപ്പപ്പുഴുക്ക്‌, ചക്കപ്പുഴുക്ക്‌, ചോറ്‌ എന്തിനും ഏതിനും പുഴുക്കുപോലെ ഞങ്ങള്‍ മൂന്നു മക്കളും അച്ചാര്‍ തിന്നും. അമ്മച്ചിക്ക്‌ അതുകാണുമ്പോള്‍ പടിയാവും.
'കൊറച്ചു കൂട്ട്‌. വല്ല പിത്തോം പിടിക്കും'
പക്ഷേ ഞങ്ങളുണ്ടോ കേള്‍ക്കുന്നു.

Sathish Prakash said...

Manga achar preperation nannayittundu

കണ്ണൂരാന്‍ - KANNURAN said...

എഴുതിയെഴുതി പാചക കുറിപ്പിലും കൈവെച്ചോ മൈന...

salil | drishyan said...

എനിക്ക് മാങ്ങാ അച്ചാറിനേക്കാളും ഇഷ്ടം മാങ്ങ മുളകിന്‍‌റ്റെ കൂടെ ഉപ്പിലിടുന്നതാണ്. പിന്നെ അച്ചാറൊക്കെ ഉണ്ടാക്കാം, പക്ഷെ ഈ ‘പാകത്തിന്‌‘ എന്ന സംഗതി എന്താണെന്നാ അറിയാത്തത്! :-(

അവതരണം ഇഷ്ടമായി.

സസ്നേഹം
ദൃശ്യന്‍

ബയാന്‍ said...

വായിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ വായില്‍ വെള്ളമൂറിവരികയായിരുന്നു, പച്ചമാങ്ങയുമായി ബന്ധപെട്ട പോസ്റ്റുകള്‍ ബ്ലോഗിങ്ങിനു ഹാനികരം എന്ന മുന്നറിയിപ്പ്, ബ്ലോഗ് അക്കാഡമിയില്‍ നിന്നു തന്നെ പറഞ്ഞുകൊടുക്കേണം, വേര്‍ഡ് വെരി കമെന്റിനും ഹാനികരം ആണെന്ന കാര്യവും പറയാന്‍ വിടേണ്ട.

അച്ചാറ് കുറിപ്പിനു നന്ദി, ഇന്നു നല്ലപാതി യെത്തും, എനിക്ക് അത്ര ധൈര്യും പോര.

തോന്ന്യാസി said...

ഇതെന്റെ ലാസ്റ്റിലത്തെ വാണിംഗാണ്.....

ഇനി മേലാല്‍ ഇത്തരം കുറിപ്പുകള്‍ എന്റെ അനുവാദമില്ലാതെ ഇടാന്‍ പാടില്ല, അഥവാ പോസ്റ്റിയേ തീരൂ എന്നാണെങ്കില്‍ ആദ്യം രണ്ടു കുപ്പി അച്ചാര്‍ ഇങ്ങോട്ട അയച്ച് സാങ്ഷന്‍ വാങ്ങേണ്ടതാണ്

തോന്ന്യാസി said...

ഇതെന്താ രണ്ട് മാങ്ങാ അച്ചാറുകള്‍?

http://sarpagandhi.blogspot.com/2008/04/blog-post_29.html


2)http://sarpagandhi.blogspot.com/2008/04/blog-post_3516.html

Myna said...

തോന്ന്യാസി പറഞ്ഞത്‌ ശരിയാണല്ലോ കുട്ടാ...രണ്ടച്ചാര്‍ തോന്ന്യാസമായല്ലോ..ഇതാ മാറ്റുന്നു...ശ്രദ്ധയില്‍പ്പെടുത്തിയതിന്‌ നന്ദി.

പിന്നെ ശിവ നിവൃത്തിയില്ല വേര്‍ഡ്‌ വേരി ഒഴിവാക്കാന്‍. അച്ചാറിനു പകരം വൈറസ്‌ അയക്കാനാണോ...സോറി.ബയാനോടും കൂടി

രണ്ടാമത്തെ അച്ചാറിലുണ്ടായിരുന്ന കമന്റുകൂടി ഇവിടെ ചേര്‍ക്കുന്നു. ക്ഷമിക്കണേ.
5 comments: കാസിം തങ്ങള്‍ said...
മാങ്ങ അച്ചാര്‍ എന്റെ ഒരു വീക്നസാണ്. എനിക്ക് മാത്രമല്ല എന്റെ ജേഷ്ടനും അങ്ങനെ തന്നെ. സഹമുറിയന്‍മാര്‍ ഞങ്ങള്‍ക്ക് അച്ചാര്‍ ഫാമിലി എന്ന് വിളിപ്പേര്‍ പോലും പതിച്ച് നല്‍കി. അത്രക്കിഷ്ടാ ഞങ്ങള്‍ക്ക് മാങ്ങാ അച്ചാര്‍. മൂത്ത സഹോദരി മൈനയെ പോലെ തന്നെ നല്ല മിടുക്കിയാ അച്ചാര്‍ ഉണ്ടാക്കുന്നതില്‍.

April 29, 2008 10:05 PM
P.R said...
മാങ്ങാക്കറിയുണ്ടാക്കാറുണ്ട്. ഇവിടേയും ചിലപ്പോള്‍ നല്ല മാങ്ങ കിട്ടാറുണ്ട്.
പറഞ്ഞ പോലെ ഒരാഴ്ച കൊണ്ട് സാധനം തീര്‍ന്നു കിട്ടും. ഒരാഴ്ചയിലും കൂടുതലിരുന്നാല്‍ അതിനു സ്വാദും കുറയാറുണ്ട്. ഒരു ക്യൂട്ടക്സിന്റെ സ്വാദാവും പിന്നെ.
ഇതു പൊലെ തന്നെ നാരങ്ങ കൊണ്ടും ഉണ്ടാക്കാറുണ്ട്. പിന്നെ നാട്ടില്‍ ഇരുമ്പാമ്പുളി എന്ന ഒരു സാധനം കൊണ്ടും ഇതു വെയ്ക്കാറുന്ട്. അതിനും നല്ല സ്വാദാ.
ഈയിടെ, ഉലുവ തീര്‍ന്നു പോയപ്പോള്‍, അച്ചാറിന്റെ പൊടി വാങ്ങിയൊന്നു പരീക്ഷ്ഹിച്ചു നോക്കി, തരക്കേടുണ്ടായിരുന്നില്ല.

April 30, 2008 5:45 AM
കാന്താരിക്കുട്ടി said...
കൊള്ളാം നല്ല അച്ചാര്‍..വായില്‍ കപ്പലോട്ടിക്കാം ഇപ്പോള്‍

April 30, 2008 8:49 AM
ശിവ said...
അച്ചാര്‍ വളരെ നന്നായി.....

NB: ദയവായി വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റാന്‍ ശ്രദ്ധിക്കൂ...

April 30, 2008 9:43 AM
മലബാറി said...
maine ..
appol eppala achaar bharani edukkan varendath?

May 1, 2008 3:54 AM

Areekkodan | അരീക്കോടന്‍ said...

After reading this I sees a large wordvery to be furnished.
So no time to prepare...

അനില്‍ ഐക്കര said...

ഹൊന്റ്അച്ചാറ് കൂട്ടനമെങ്കില്‍ എന്റെ അമ്മ്യുടെ പാചകം വേണം.

ഈയുള്ളവന്‍ പാകം ചെയ്യുമെന്ന് പറഞ്ഞ് അച്ചാരിന്റെ മഹത്വം കളയുന്നില്ല.

അല്പം ഇഞ്ചിയും ചേര്‍ക്കാം, പിന്നെ,വെളുത്തുള്ളിയും.

ഇതുമാത്രം പോരാ, ചക്കയുണ്ടല്ലോ..നല്ല ചക്ക, അതങ്ങ് വെട്ടിപ്പുഴുങ്ങിയിട്ടു ചൂടോടു കൂടി ഒരു കട്ടന്‍ കാപ്പിയും ചേര്‍ത്ത് ഒരു മഴ ദിവസത്തില്‍ ...

ആ‍ാഹാ‍..
ഇനി ഞാന്‍ എഴുതൂല..!

VASANTHI VASUDEVAN said...

I like to try that, will do and let you know how it went. Thanks.

അരുണ്‍കുമാര്‍ | Arunkumar said...

early experiments with king of fruits rt?? :)