Friday, April 25, 2008

അവധിക്കാലം നരകമാവുമ്പോള്‍

കണ്ണന്റെ അവധിക്കാലം നരകമാണെന്ന്‌ തോന്നാന്‍ തുടങ്ങിയിട്ട്‌‌ കുറെ ദിവസമായി. അവന്‍ ഒറ്റക്കിരിക്കും. ആരും മിണ്ടാനില്ലാതെ കളിക്കാനില്ലാതെ...
അവന്റെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

മധ്യവേനലവധി എന്നാല്‍ ഞങ്ങള്‍ക്ക്‌ എന്തായിരുന്നു. ഭൂമിയിലേക്ക്‌ സ്വര്‍ഗ്ഗം ഇറങ്ങി വരുന്നു. മാര്‍ച്ചില്‍ പരീക്ഷയൊന്നു കഴിഞ്ഞുകിട്ടിയാല്‍ മതിയെന്നാണ്‌ പ്രാര്‍ത്ഥന. അവധിക്കാലത്ത്‌ അമ്മായിമാരുടെയും കൊച്ചച്ചന്റെയും മക്കള്‍ വരും. സ്‌കൂള്‍ പൂട്ടന്നതോടെ അവര്‍ എത്തുന്നത്‌ കാത്തിരിപ്പാണ്‌. അയല്‍വക്കത്തെ അജിയും ഉദയയും ഷൈനിയും....ഞങ്ങള്‍ കാടായ കാടുകള്‍ കയറും. നൂറുനൂറുകഥകള്‍ പറയും. പേയും പിശാചും മറുതയും ഈനാംപേച്ചിയും ഒരു വക. നസിയുടെ പ്രേമം പൊളിഞ്ഞതും ഗിരിജചേച്ചി ഒളിച്ചോടി വന്നതും വേറൊന്ന്‌..നാട്ടിലെ ചെറിയവരുടെയും മുതിര്‍ന്നവരുടേയും പ്രേമ കഥകള്‍ വേറെ. അങ്ങനെ എന്തൊക്കെയാണ്‌. ഞങ്ങളുടെ അതിരില്‍ പടര്‍ന്നു പന്തലിച്ച്‌ കശുമാവുകളുണ്ടായിരുന്നു. കുരങ്ങന്‍മാരെപ്പോലെ ആ കശുമാവുകളുടെ തുഞ്ചത്തേക്ക്‌ കയറി. മാവുകുലുക്കി.
കോമാവിലും കിളിച്ചുണ്ടാന്‍ മാവിലും കല്ലെറിഞ്ഞു. ചാമ്പങ്ങ പറിച്ചു. ഉപ്പുമായി മലയിലേക്ക്‌... അവിടെയിരുന്നു മാങ്ങയും ചാമ്പങ്ങയും ഉപ്പുകൂട്ടി തിന്നു. അടുത്ത ഓട്ടത്തിന്‌ പുഴയിലേക്ക്‌...കണ്ണുചുവക്കും വരെ പുഴയില്‍ കുത്തി മറിഞ്ഞു. വീണ്ടും കയറും. തലതുവര്‍ത്താതെ വെയിലത്തിരിക്കും...ഉണങ്ങുമ്പോള്‍ വീണ്ടും വെള്ളത്തിലേക്ക്‌്‌....
കശുവണ്ടി അപ്പൂപ്പനെ കാണാതെ പെറുക്കിയെടുത്ത്‌ അമ്മാവന്റെ കടയില്‍ കൊണ്ടുകൊടുക്കും. മിഠായി, കടല, ചൂണ്ടയും നൂലും..പിന്നെ എരം പിടുത്തം(മണ്ണിര). ചൂണ്ടയിടല്‍...
സാറ്റ്‌ , കള്ളനും പോലീസും, വള്ളിചാട്ടം, കടപ്ലാവില്‍ കയറി മരക്കുരങ്ങ്‌്‌...അങ്ങനെ ഞങ്ങള്‍ കളിച്ചും ചിരിച്ചും രസിച്ചും നടന്നു.
ഉച്ചയ്‌ക്ക്‌ ഞങ്ങളെ അന്വേഷിച്ചു നടക്കേണ്ടിവരും ചോറ്‌ വിളമ്പിവെച്ച്‌്‌....
അങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ അവധിക്കാലം. കുറച്ചുമുതിര്‍ന്നപ്പോഴും കുറച്ച്‌ ഉത്തരവാദിത്വമൊക്കെ കാണിച്ചെന്നല്ലാതെ കാടും മലയും പുഴയുമൊന്നും ഞങ്ങളില്‍ നിന്നു പോയില്ല.
ഇത്രയുമൊക്കെ എഴുതിയത്‌ കണ്ണനെ ഓര്‍ത്തിട്ടാണ്‌. അവന്റെ അച്ഛമ്മ ഞങ്ങളുടെ സഹപ്രവര്‍ത്തകയാണ്‌. അവര്‍ കണ്ണനെയും കൊണ്ടാണ്‌ ബാങ്കില്‍ വരുന്നത്‌. അച്ഛനും അമ്മയും അച്ഛമ്മയും ചേര്‍ന്ന്‌ കണ്ണനെ ഒരു വഴിക്കാക്കും. അമ്മയും അച്ഛമ്മയും ഒത്തുപോകില്ല. അമ്മ അമ്മയുടെ വീട്ടില്‍. അച്ഛന്റെ കാര്യം മകനെപ്പോലെ തന്നെ -അമ്മയ്‌ക്കും ഭാര്യക്കുമിടയില്‍ കുടുങ്ങിപോകുന്നു.
'അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും 'എന്ന ചൊല്ല്‌ ശരിവെക്കുന്നതാണ്‌ അച്ഛന്റെ നടപ്പ്‌.
കണ്ണനെ അമ്മയുടെ കൂടെ വീടത്തതിനും ന്യായങ്ങളുണ്ട്‌്‌. ഇടയ്‌ക്ക്‌ അമ്മകൊണ്ടുപോയാലും.
അവന്‍ ബാങ്കിലും മുറ്റത്തും അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ സമയം നീക്കും.
എന്തൊരു കഷ്‌ടമാണിത്‌. ഒരു പത്തു വയസ്സുകാരനെ ഇങ്ങനെ കെട്ടിയിടുന്നതെന്തിനാണ്‌? അവന്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കണമെന്നില്ലേ?..അവധിക്കാലം ആഘോഷമാക്കേണ്ട?...
ഇതൊക്കെ എനിക്കോ, നിഷേച്ചിക്കോ, മുരളിക്കോ തോന്നിയതുകൊണ്ടെന്തുകാര്യം?
ഞങ്ങള്‍ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്‌താല്‍ ഞങ്ങളുടെ കഴുത്തറക്കാന്‍ വന്നിട്ട്‌ എന്തുകാര്യം?
കുട്ടിക്കാലം നഷ്ടപ്പെടുത്തന്നതിനെ എന്ത്‌ വിളിക്കണം?

11 comments:

Myna said...

കണ്ണന്റെ അവധിക്കാലം നരകമാണെന്ന്‌ തോന്നാന്‍ തുടങ്ങിയിട്ട്‌‌ കുറെ ദിവസമായി. അവന്‍ ഒറ്റക്കിരിക്കും. ആരും മിണ്ടാനില്ലാതെ കളിക്കാനില്ലാതെ...
അവന്റെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

Unknown said...

ഒരോ അവ്ധീക്കാലവും തിളക്കമുള്ള എത്ര ഓര്‍മ്മക്കളാണു സമ്മാനിക്കുന്നത്

കുഞ്ഞന്‍ said...

മനുഷ്യന്‍ പെറ്റുപെരുകുന്നതിനൊപ്പം ഭൂമിയും പെറ്റു പെരുകിയാലെ കണ്ണനെപ്പോലെയുള്ള കുട്ടികള്‍ക്ക്, ഒരു തലമുറ കളിച്ചു ചിരിച്ചു വളര്‍ന്നതുപോലെ വളരാന്‍ പറ്റൂ..

മൈനയ്ക്ക് വീണ്ടുമൊരു ബാല്യകാലം ഇപ്പോള്‍ കിട്ടിയെന്നിരിക്കട്ടെ, മൈനയുടെ കുട്ടിക്കാലത്ത് ഉല്ലസിച്ചപോലെ ഉല്ലസിക്കാന്‍ പറ്റോ?? ഉത്തരം 100% ഇല്ലാന്നായിരിക്കും. ഇനിയിപ്പോള്‍ ഉല്ലസിക്കും എന്നാണെങ്കില്‍, ജീവനുള്ള പുഴയുണ്ടൊ,കശുമാവുണ്ടൊ,കിളിച്ചുണ്ടന്‍ മാവുണ്ടൊ എന്തിന് ചൂണ്ടയിടാനുള്ള മണ്ണിരയെ കിട്ടുമൊ?

എന്റെ കുട്ടിക്കാലത്ത് അവധിക്കാല സമയത്ത് അഞ്ച് കുട്ടികളില്‍‍ ഒരാളുടെയെങ്കിലും കൈയ്യൊ കാലൊ ഒടിഞ്ഞ് പ്ലാസ്റ്റിറിട്ടോണ്ട് കളിക്കാനുണ്ടാകും, അതുമാതിരി അര്‍മ്മാദിക്കലായിരുന്നു. കൈയ്യൊ കാലൊ ഒടിഞ്ഞാലും അതൊരു പ്രശ്നമല്ലായിരുന്നു..!

ഇവിടെ മൈന പറയുന്ന കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച പണ്ടും ഉണ്ടെങ്കിലും കുട്ടികളുടെ കളിയെ ബാധിച്ചിരുന്നില്ലെന്നാണ് എന്ററിവ്, കാരണം അവന് അവള്‍ക്ക് മാവും പൂവും പഴങ്ങളും തോടും കുളവും പുഴകളും എല്ലാം കൂട്ടിനുണ്ടായിരുന്നു..!

ശ്രീലാല്‍ said...

വീളിക്കാന്‍ വാക്കുകള്‍ ഇല്ല.

Aluvavala said...

മനസ്സിന്റെ ഉള്‍നാട്ടില്‍ ഒരുമഴക്കാലം
തോരാതെ പെയ്തുനില്‍ക്കുന്നു, തുള്ളികള്‍
താഴാതെ തങ്ങി നില്‍ക്കുന്നു, മഴവില്ലു
മായാതെ മങ്ങി നില്‍ക്കുന്നു.

മൈന, വിഷയവും വിവരണവും ഭംഗിയായിരിക്കുന്നു.

siva // ശിവ said...

നന്നായി...കേട്ടോ...

കണ്ണൂരാന്‍ - KANNURAN said...

സ്വയം തീര്‍ക്കുന്ന നരകം, പക്ഷെ നഷ്ടപ്പെടുന്ന ബാല്യം തിരിച്ചുകിട്ടില്ലല്ലോ. എത്ര ഭാഗ്യം ചെയ്തവരാ നമ്മള്‍. ഇന്നു കണ്ണന്റെ മാത്രമല്ല മിക്കവാറും കുട്ടികളുടെയും സ്ഥിതി ഏകദേശം ഇതുപോലൊക്കെ തന്നെ. എന്റെ മോളും ചിലപ്പോഴൊക്കെ വെക്കേഷന്‍ എപ്പോഴാ തീരുന്നെ എന്നന്വേഷിച്ചു തുടങ്ങി, അവള്‍ക്കും അവധിക്കാലം മടുത്തെന്നു തോന്നുന്നു :(

യൂനുസ് വെളളികുളങ്ങര said...

നല്ലത്

യൂനുസ് വെളളികുളങ്ങര said...

ഹായ് നെങലുറ്റയ് ബ്ല്ലൊഗ് കൊല്ലാം

rebel said...

Midsummer vacations are periods which made us happiness and enjoyments. Each midsummer vacation made our mind more and more memories. It provided us with new friends, new dreams, new plays, and even new relatives!

When you write about midsummer vacation, I thought of getting you as a childhood friend, and I felt to hand with you to the brooks nearby our house, and to dace with you on the raining end of midsummer vacation.

thank you verymuch for the great memories. I like it.

VASANTHI VASUDEVAN said...

Good one. :)