മുത്തങ്ങ സംഭവം നടന്ന സമയത്ത് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ആദിവാസികളെക്കുറിച്ച് സഹതപിച്ച് സംസാരിച്ചപ്പോള്‍ വയനാട്ടുകാരനായ സുഹൃത്ത് പറഞ്ഞത്
നിങ്ങള്‍ക്ക് എന്തും പറയാം. ഒരു സഹതാപവും അര്‍ഹിക്കുന്നവരല്ല ആദിവാസികള്‍ എന്നാണ്.
അവനത് പറയാന്‍ ന്യായമുണ്ട്.
അവന്റെ വേലിയില്‍ പടര്‍ന്നു കയറിയ മത്തങ്ങയും കുമ്പളങ്ങയും മോഷ്ടിക്കുന്നു. ഇലകള്‍ നുള്ളികൊണ്ടുപോകുന്നു. കപ്പയും കാച്ചിലും മോഷ്ടിക്കുന്നു.
ഇവരോട് എങ്ങനെ പൊറുക്കും? അന്യന്റെ മുതലു കക്കുന്നവരോട് പൊറുക്കാനാവുമോ? സഹതപിക്കാക്കാനാവുമോ?
ഇവരെ പണിക്കു വിളിച്ചാല്‍ മെയ്യനങ്ങി പണിയില്ലത്രേ. കള്ളന്മാര്...
കിട്ടുന്നതു മുഴുവന്‍ കള്ളുകുടിച്ചു തീര്‍ക്കും.
ഓരോ പ്രതാപിയായ വയനാട്ടുകാരനും പറയാനുള്ളത് ഇതൊക്കെയാണ്.
എന്നാല്‍ ഇവരുടെ വീടുകളില്‍ കയറി പൊന്നും പണവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും കട്ടുകൊണ്ടു പോകുന്നുണ്ടോ?
പൊന്നും പണവും മണിമാളികയും അവരുടെ സ്വപ്നമല്ല.
വയറുനിറച്ച് ആഹാരം, നാണം മറക്കാന്‍ ഒരുതുണ്ടു തുണി. തലചായ്ക്കാന്‍ ചോര്‍ന്നൊലിക്കാത്ത കുടില്‍....
നാട്ടുകാരന് എന്ന പേരിലറിയപ്പെടുന്ന ആദിവാസിയല്ലാത്തവന്റെ പറമ്പില്‍ പറമ്പില്‍ സ്ഥിരം ജോലിക്കെത്തുന്നവരില്‍ ബാബുവും മുരളിയും ജോണും സുജാതയും മൈമൂനയും ഒക്കെയുണ്ടാവും. അവരാരും തിയ്യനും നായരും ക്രിസ്ത്യാനിയും മുസ്ലീമും ആയിരിക്കില്ല. ആണെങ്കിലും വകഭേദങ്ങളൊന്നും ഉറക്കെ പറയില്ല. പക്ഷേ ആദിവാസിയാവുമ്പോള്‍ അവന്/അവള്‍ക്ക് അച്ഛനും അമ്മയും പേരിട്ടിട്ടുണ്ടെങ്കിലും അതറിയാമെങ്കിലും പണിയനും പണിച്ചിയുമാണ്. നായ്ക്കനും നായ്ക്കത്തിയുമാണ്.
അവര്‍ എല്ലുമുറിയേ പണിയെടുക്കാത്തവരാണ്. സൂത്രക്കാരാണ്. കള്ളന്മാരാണ്.
ആരാണിവരെ ഇങ്ങനെയാക്കിയത്?
പൊതുസമൂഹത്തിനുത്തരമില്ലേ?...
അവരുടെ സ്വത്തും ഭൂമിയും കൈക്കലാക്കിയത് ചുമ്മാതെയല്ല. നക്കാപ്പിച്ച കൊടുത്തിട്ടാണെന്ന് നാട്ടുകാരന് ന്യായീകരിക്കാം.
ആദിവാസികളുടെ പ്രശ്നങ്ങളറിയാന്‍, അവരനുഭവിക്കുന്ന അവഗണന കാണാന്‍ നമ്മള് ആദിവാസിക്കുടിലുകള്‍ തേടിപ്പോകേണ്ട. സന്നദ്ധ സംഘടനകളില്‍ അംഗമാവുകയും വേണ്ട. കുറച്ചു സമയം പൊതു നിരത്തില്‍ നിന്നാല്‍ മാത്രം മതി.
വയനാട്ടിലെ ആദിവാസികളില്‍ കുറുമരും കുറിച്ച്യരുമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ളത്.
വൈകുന്നേരങ്ങളില്‍ ബത്തേരി സ്വകാര്യ ബസ്സ്സ്റ്റാന്‍ഡില്‍ അല്പസമ യം നിന്നു നോക്കുക. എണ്ണകാണാത്ത ചുരുളന്‍ മുടി പാറിപ്പറന്ന്, മുട്ടുവരെ എത്തുന്ന മുണ്ടു വരിഞ്ഞുമുറുക്കി, വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച് അവര്‍ നില്ക്കും. സന്തോഷമോ ദുഖമോ അവരുടെ മുഖത്തുനിന്ന് നമുക്കു വായിച്ചെടുക്കാനാവില്ല. ഒരു തരം നിര്‍വ്വികാരത മാത്രം.
ബസ്സുയാത്രയില്‍ കുട്ടികളെയും കൊണ്ടു കയറുന്ന ആദിവാസി സ്ത്രീക്കുപോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഒരാളും തയ്യാറാവില്ല. ഇരിക്കുന്ന യാത്രക്കാര്‍ ഇറങ്ങിയാല്‍ സീറ്റിനു ചേര്‍ന്നു നില്‍ക്കുന്നവരാണ് ഇരിക്കുക. അവിടെയും നാട്ടുകാര്‍ അതി സാമാര്‍ത്ഥ്യം കാണിക്കും. ആദിവാസിയാണ് സീറ്റിനോട് ചേര്‍ന്നു നില്ക്കുന്നതെങ്കില് അവരെ തള്ളിമാറ്റി സ്ഥാനമുറപ്പിക്കും. പലവട്ടം ഈയുള്ളവള്‍ ബസ്സുയാത്രയില്‍ കണ്ട കാഴ്ചയാണിത്.
കമ്പിയില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ഒരു ആദിവാസിയെ ശ്രദ്ധിച്ചുനോക്കു. ബസ്സിന്റെ വേഗത്തില്‍ അവര്‍ ആടി ഉലയും. അവരുടെ ധരിച്ചിരിക്കുന്ന ബ്ലൗസിന്റെയും ഉടുമുണ്ടിന്റെയും ഇടയിലുള്ള ഒരു ചാണ് വയര്‍ കാണുമ്പോള്‍ ആലില വയറിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ് ഉള്ളിലേക്ക് വിലഞ്ഞിരിക്കുന്നതാണ് കാണാനാവുക. ആ വയറ്റില്‍ ഒരു തരിവറ്റുചെന്നിട്ട് ദിവസങ്ങളായെന്ന് തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ബസ്സിന്റെ വേഗതയില്‍ അവര്‍ ആടി ഉലഞ്ഞുകൊണ്ടിരിക്കും.
ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്പ്രിംഗ് പോലുള്ള പടര്‍പ്പന്‍ മുടിയും അല്പം പതിഞ്ഞ മൂക്കും...അവരെ എവിടെ നിന്നും തിരിച്ചറിയാം.
കള്ളത്തിയും സൂത്രക്കാരിയും ആണെങ്കിലും അഴുക്കു പുരണ്ട അവരുടെ മേല്‍ വസ്ത്രത്തിനടിയിലെ കറുത്ത തൊലി പ്രിയപ്പെട്ടതാണ്.
നാട്ടുകാരന്റെ കള്ളത്തരത്തില്‍ അവിവാഹിതരായ അമ്മമാരാവുന്നു അവര്‍. അവരാരും ഗര്‍ഭ സത്യാഗ്രഹത്തിന് ധൈര്യപ്പെടുകയുമില്ല.
പിന്നീടവരും മക്കളും നാട്ടുകാരന്റെ സൈ്വര്യം കെടുത്തുന്ന കള്ളനും കള്ളികളുമാവുന്നു.
മുത്തങ്ങയിലെ വെടിയൊച്ചകളും അടികൊണ്ടു വീര്‍ത്ത ജാനുവിന്റെ കവിളുകളും നമ്മള് മറന്നു കഴിഞ്ഞു. കഴിഞ്ഞ ആഞ്ചു വര്‍ഷം ആദിവാസികള്‍ക്ക് എന്തുകിട്ടി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പൊതു സമൂഹത്തില്‍ നിന്ന് അവര്‍ ഒന്നുകൂടി പിന്നാക്കം പോയി എന്നല്ലാതെ മറ്റൊരുത്തരമുണ്ടാവില്ല.
ഒരു പായ്ക്കറ്റ് കള്ള ചാരായത്തിനു മുന്നില്‍ ഇടതു-വലതു കക്ഷികളുടെ വോട്ട് ബാങ്കാവും അവര്‍. വോട്ട് ലഭിച്ചാല്‍ പിന്നെ മധ്യവര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും നിന്നു കൊടുക്കുമ്പോഴും ആദിവാസി അന്യനാവുന്നു. പട്ടിണിയും പഞ്ഞവും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയും അവര്‍.
ആരാണ് ആദിവാസി?
ഈ നാട്ടില്‍ മുമ്പേ ഉണ്ടായിരുന്നവര്‍....
മറ്റുള്ളവരൊക്കെ വരുത്തന്മാര്...വരുത്തന്മാര് അവരുടെ സ്വത്തും ഭൂമിയും സംസ്ക്കാരവും കവര്‍ന്നു.
അവരുടെ പെണ്ണുങ്ങള് തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു.
മുമ്പ് നമ്മള് വരുത്തന്മാരും ആദിവാസികളായിരുന്നു. ഇന്ത്യയുടെ ആദിവാസികള്‍. അന്നും വരുത്തന്മാര് നമ്മുടെ പൂര്‍വ്വികരുടെ സ്വത്തും സംസ്ക്കാരവും ജീവനും അപഹരിച്ചു.
നില്ക്കക്കള്ളിയില്ലാതായപ്പോള് പൂര്‍വ്വികര്‍ ശിപായി ലഹളയെന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട സമരത്തില്‍ ചിതറിയോടി. ജീവത്യാഗം ചെയ്തു...പിന്നീട് എത്രയെത്ര സമരങ്ങളും സത്യാഗ്രങ്ങളും.
അഹിംസയുടെ വഴിയേ അര്‍ദ്ധ നഗ്നനായ ഗാന്ധി വന്നു. വരുത്തന്മാര് കെട്ടും ഭാണ്ഡവുമെടുത്തോടി.
നമ്മള് സ്വാതന്ത്ര്യമെന്ന നീലാകാശം കണ്ടു.
ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരു ഗാന്ധി വരില്ല എന്നാശ്വസിക്കാനാവുമോ നമുക്ക്?
കടപ്പാട്: വാരാദ്യമാധ്യമം 24.02.2008
ഫോട്ടോ: സുനില്‍ കോടതി