Thursday, October 18, 2007

പരദേശിയും സ്‌ത്രീ കഥാപാത്രങ്ങളും

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.


മലയാള സിനിമയില്‍ പുരൂഷ കാഥാപാത്രങ്ങള്‍ മാത്രം ശക്തി തെളിയിച്ച്‌ തകര്‍ത്താടുമ്പോള്‍ ഒരാശ്വസമായി പരദേശിയില്‍ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ കാണാം. പക്ഷേ, ആ കരുത്തുള്ള കഥാപാത്രങ്ങളെ സംവിധായകനും തിരക്കഥാകൃത്തുമായ പി. ടി. കുഞ്ഞുമുഹമ്മദ്‌ പാതി വഴിയില്‍ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുകയാണ്‌.

മോഹന്‍ലാല്‍ അവതരിപ്പിച്ച വലിയേടത്ത്‌ മൂസയുടെ ഭാര്യ (ശ്വേത), മുറപ്പെണ്ണും പരദേശിയുമായ കദീശ (ലക്ഷ്‌മി ഗോപാലസ്വാമി), ഫ്രീലാന്‍സ്‌ ജേണലിസ്റ്റ്‌ ഉഷ( പത്മപ്രിയ) ഇവരാണ്‌ പരദേശിയിലെ പ്രാന സ്‌ത്രീ കഥാപാത്രങ്ങള്‍.ഇതില്‍ അവസാനം വരെ പിടിച്ചുനില്‌ക്കാനായത്‌ മൂസയുടെ ഭാര്യയ്‌ക്ക്‌ മാത്രമാണ്‌.

കരുത്തുള്ളവള്‌ കദീശ. വിവാഹം കഴിഞ്ഞ്‌ പാക്കിസ്ഥാനിലേക്കു പോകുന്ന അവള്‍ ഭര്‍ത്താവ്‌ വേറെ വിവാഹം കഴിച്ചപ്പോള്‍ സഹിച്ചു ജീവിക്കാതെ നാട്ടലേക്കു മടങ്ങി വരുന്നു.കറുത്ത പര്‍ദ്ദകൊണ്ട്‌ ആകെ മൂടി നിന്ന കദീശയെ മൂസ തിരിച്ചറിയുന്നില്ല. അവള്‍ മുഖാവരണം നീക്കിയപ്പോളാണ്‌ ആളെ മനസ്സിലാവുന്നത്‌.

ആകെ മൂടികെട്ടിയ ഉടുപ്പോടെയുള്ള ജീവിതം മടുത്തതിനെക്കുറിച്ചവള്‍ മൂസയോടു പറയുന്നുണ്ട്‌.മുഖാവരണം നീക്കി കദീശ താനാരാണെന്ന്‌ വെളിപ്പെടുത്തുന്നത്‌ നമുക്കു തരുന്ന സന്ദേശം കൂടിയാണ്‌.

മടങ്ങി വരുമ്പോള്‍ , മുഖപടം മാറ്റുമ്പോള്‍ കാണുന്ന കദീശയുടെ മുഖത്ത്‌ ഒട്ടും നിരാശാബോധമോ, കരിവാളിപ്പോ കാണുന്നില്ല. മറിച്ച്‌ നാട്ടിലേക്കു മടങ്ങി വന്നതിലുള്ള അഭിമാനമാണ്‌ കാണുന്നത്‌.മടങ്ങിപ്പോകാന്‍ ഉമ്മ ആവശ്യപ്പെടുമ്പോഴും 'യ്‌ക്ക്‌ പൂതിയാപ്ലടെ പൂതി തീര്‍ന്നു' എന്നാണവള്‍ പറയുന്നത്‌.

അവള്‍ ബന്ധുവീട്ടില്‍ ജോലിക്കുപോയി അരിയുമായി വരുമ്പോള്‍ അവളുടെ ദൈന്യത കണ്ട്‌ ഉമ്മയോട്‌ വീട്ടിലേക്ക്‌ വരാന്‍ പറയൂ എന്നു മൂസ പറയുന്നുണ്ട്‌
എന്നാല്‍ സക്കാത്തിനല്ലേ എന്നു ചോദിച്ച്‌ അഭിമാനിയാവുകയാണ്‌ അവള്‍.

മൂസയും അവളും തമ്മിലുള്ള പ്രണയ ഭാവങ്ങള്‍ കാണിക്കുന്നുണ്ട്‌. മനോഹരമായ പാട്ടിലൂടെയും. എന്നിട്ടും നല്ലൊരു പ്രണയമാക്കി നിര്‍ത്താമായിരുന്ന അവരുടെ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചില്ല.

ഒടുക്കം അവളെ പാക്കിസ്ഥാനിലേക്ക്‌ കൊണ്ടുപോകുന്നു. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്‌ അവള്‍ക്കുള്ളത്‌.പിന്നീടെന്തുപറ്റിയെന്ന്‌ ഉഷ മൂസയുടെ ഭാര്യയോട്‌ ചോദിച്ചപ്പോള്‍ സ്വയം അവസാനിപ്പിച്ചെന്നാണ്‌ കേട്ടത്‌ എന്നു പറയുന്നു.

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.
അവളെക്കുറിച്ച്‌ ഒന്നുമറിയില്ല എന്നാണ്‌ പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

അതേപോലെ പത്മപ്രിയ അവതരിപ്പിച്ച ജേണലിസ്റ്റ്‌ കഷ്‌ടപ്പെട്ടതൊക്കെ വെറുതെയാക്കികൊണ്ട്‌ പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അവള്‍ തയ്യാറാക്കി വെച്ച റിപ്പോര്‍ട്ടുകള്‍ കത്തിച്ചു കളയുന്നു. ജഗതിയുടെ ഭ്രാന്തന്‍ ഒരിക്കല്‍ ചോദിക്കുന്നുണ്ട്‌ ഞങ്ങളെ രക്ഷിക്കാന്‍ ഒറ്റ ആങ്കുട്ടിയില്ലേ നാട്ടിലെന്ന്‌. അപ്പോള്‍ രക്ഷകയായി എത്തുന്നത്‌ ഉഷയാണ്‌. നീയാണോ ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നത്‌ എന്ന്‌ അവളോടു ചോദിക്കുന്നുമുണ്ട്‌.

എന്നിട്ട്‌ അവളുടെ പ്രയത്‌നങ്ങളെ തീയിലിട്ട്‌ ചുട്ടുകരിച്ചിട്ട്‌ അവള്‍ക്കൊന്നിനും സാധിക്കില്ലെന്നും പകരം ഈ സിനിമകൊണ്ട്‌ പാക്ക്‌ പൗരന്മാരുടെ പ്രശ്‌നം തനിക്കാണ്‌ ജനങ്ങളുടെ മുന്നിലെത്തിക്കാനായതെന്നും സംവിധായകന്‍ പറയുന്നതായി തോന്നിപ്പോകും.

11 comments:

Myna said...

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.

Haree said...

...മുറപ്പെണ്ണും പരദേശിയുമായ ഖദീജ - ഇവിടെ പിശകുണ്ടല്ലോ, ഖദീജ പരദേശിയല്ല. ഖദീജയെ നിക്കാഹ് കഴിക്കുന്നയാളാണ് പരദേശി. (മൂസയെപ്പോലെ, ജനിച്ചതിങ്ങ് കേരളത്തില്‍; പക്ഷെ സാഹചര്യങ്ങള്‍ അയാളെ പാക്കിസ്ഥാന്‍ പൌരനാക്കുന്നു.) വിവാഹം കഴിഞ്ഞ് പാക്കിസ്ഥാനിലെത്തുന്ന ഖദീജ അവിടുത്തെ പൌരത്വം സ്വീകരിക്കുന്നു, ശേഷം ഭര്‍ത്താ‍വ് ഉപേക്ഷിക്കുന്നു. പക്ഷെ, നാട്ടില്‍ താമസിക്കുവാന്‍ ഖദീജയ്ക്ക് നിയമപരമായി അര്‍ഹതയില്ല. ഇതാണ് ഖദീജയുടെ അവസ്ഥ.

‘രായിക്ക’ എന്ന വയസായ കഥാപാത്രം ആത്മഹത്യയല്ലേ ചെയ്യുന്നത്? പാക്കിസ്ഥാനിലെ അവസ്ഥ ചിത്രത്തില്‍ വിശദമാക്കാത്തതുകൊണ്ടുള്ള പിശകായിട്ടാണ്, ഇതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. ഖദീജയുടെ വാക്കുകളില്‍ അവിടെയുള്ള വീര്‍പ്പുമുട്ടലുകള്‍ വ്യക്തമാണ്. മുസ്ലീം സ്ത്രീ ഇവിടെയായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം, അതവിടെയില്ല എന്നാണ് ഖദീജ പറയുന്നത്. അതുകൊണ്ടുതന്നെ, ഇവിടെ ഖദീജ ശക്തയാവുമ്പോള്‍ തന്നെ, അവിടെ അബലയാണ്. ആത്മഹത്യ അവിടെ ചേര്‍ച്ചക്കുറവുള്ളതായി തോന്നിയില്ല.

ശരിതന്നെ. പത്മപ്രിയ എന്ന ജേര്‍ണലിസ്റ്റിനോട് സംവിധായകന്‍ നീതി പുലര്‍ത്തിയില്ല എന്നുവേണം പറയുവാന്‍. പക്ഷെ, അതൊരു സ്ത്രീ കഥാപാത്രമായതുകൊണ്ടാണോ? അങ്ങിനെ കരുതുവാന്‍ എനിക്കാവില്ല. ഒരു പുരുഷനായിരുന്നെങ്കിലും അതല്ലേ നടക്കൂ? പുരുഷന്മാരായ വക്കീലന്മാര്‍ വിചാരിച്ചിട്ടും മൂസയ്ക്ക് കറാച്ചിയിലേക്ക് വണ്ടികയറേണ്ടി വരുന്നു. ഇങ്ങിനെയൊരു വിഷയം ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്കു വന്നതായി എന്റെ ഓര്‍മ്മയിലില്ല. അതുകൊണ്ട് ഈ ചിത്രത്തില്‍ സ്ത്രീ-പുരുഷ പക്ഷം പിടിച്ച് ഒരു ചര്‍ച്ച ആവശ്യമുണ്ടോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം.
--

ബാജി ഓടംവേലി said...

ok

പ്രയാസി said...

:)

Myna said...

ഹരികൃഷ്‌ണന്‍ സിനിമയിലെ ക്ലൈമാക്‌സ്‌ പോലെ ഞാനും ഹരിയും കണ്ട പരദേശി രണ്ടു തരത്തിലായിരുന്നോ
ഞാന്‍ കണ്ട പരദേശിയില്‍ രായിന്‍ക്ക മരിക്കുന്നത്‌ വെടിയേറ്റാണ്‌. രണ്ടു പട്ടാളക്കാരുടെ ദൃശ്യവുമുണ്ട്‌. പിന്നെങ്ങനെ രായിന്‍ക്ക ആത്മഹത്യ ചെയ്യും

മൂസയെ പോലെ , അബൂബക്കറിനെപോലെ, കാരാടനെപ്പോലെ സാഹചര്യംകൊണ്ടാണ്‌ കദീശയും പരദേശിയാവുന്നത്‌. ഈ ചിത്രത്തില്‍ അല്ലാതെ പരദേശി ആയിട്ടുള്ളത്‌. ഒറിജിനല്‍ പാക്കിസ്ഥാന്‍ ആരുമില്ലല്ലോ...

ആ അര്‍ത്ഥത്തിലാണ്‌ കദീശ പരദേശിയാണെന്ന്‌ പറഞ്ഞത്‌.

പി.ടി. പലയിടത്തുനിന്നുകേട്ട കഥകള്‍ ചേര്‍ത്ത്‌ കദീശയെ സൃഷ്ടിച്ചതാണെന്ന്‌ ഒരു ചര്‍ച്ചയില്‍ പറയുന്നുണ്ട്‌. അതില്‍ കദീശയെപ്പോലുള്ള സ്‌ത്രീ മരിക്കുന്നില്ല.
എഴുത്തുകാര്‍ മനപ്പൂര്‍വ്വമല്ലെങ്കിലും കാഴ്‌ച്ചക്കാര്‍ക്ക്‌ മരിക്കുന്നതാണ്‌ ഇഷ്ടപ്പെടുകയെന്ന്‌ കരുതുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“പരദേശി” കണ്ടു.
വിഭജനക്കാലത്തു പാകിസ്ഥാനിലായിരുന്നു എന്ന ഒറ്റക്കാരണത്താലും, വിഭജനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവില്ലാതിരുന്ന പാവങ്ങളായിരുന്നതിനാലും പിന്നീട് അവിടെ തന്നെ തുടര്‍ന്നതു മൂലം,ജനിച്ച മണ്ണില്‍ അന്യരായി മാറ്റപ്പെട്ട ഒരു പിടി മനുഷ്യരുടെ ജീവിത ദുരിതങ്ങളുടെ കരളലിയിപ്പിയ്ക്കുന്ന യാഥാര്‍ത്യങ്ങളാണ് ഈ സിനിമയുടെ കാതല്‍. ഈ അടുത്ത കാലത്തു വളരെയേറെ ചര്‍ച്ചാവിഷയമായിരുന്ന “മലയാളികളായ പാക് പൌരന്മാരുടെ”മനുഷ്യാവകാശങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.തങ്ങളറിയാതെ തന്നെ പാക് പാസ്പോര്‍ട്ട് പേറേണ്ടിവന്നതുമൂലം ഉണ്ടാകുന്ന കുടുംബ ശൈഥില്യങ്ങളും അവരുടെ നേരേ ഉണ്ടാകുന്ന ഭരണകൂട ഭീകരതകളും സമൂഹ മനസാക്ഷിയ്ക്കു മുന്നില്‍ തുറന്നു വയ്ക്കുന്നതില്‍ സിനിമ വിജയിച്ചിരിയ്ക്കുന്നു.
എന്നാല്‍ തിരക്കഥയിലും സംവിധാനത്തിലും ഉണ്ടായ പാളിച്ചകള്‍ മൂലം കലാപരമായ ഒരു മേന്മയും ചിത്രത്തിനു ഉണ്ടായിട്ടില്ല.ഗ്ഗര്‍ഷോം,മഗ്‌‌രിബ് എന്നി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച പി.റ്റി കുഞ്ഞമ്മഹദിന്റെ ഈ ചിത്രം ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ നിന്നു ഉയര്‍ന്നില്ല എന്നാണ് എനിയ്ക്കു തോന്നിയത്.
“സ്വന്തം മണ്ണില്‍ പോകാന്‍ എന്തിനു പേടിയ്ക്കണം?” എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം തന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍ സമൂഹത്തിനു നേരെ തൊടുത്തു വിടുന്നു.ഈ ചോദ്യമാണു ഈ സിനിമ.സ്വന്തം മണ്ണില്‍ പോകാന്‍ ഇഷ്ടപ്പെട്ട അവരെ എങ്ങെനെ സമൂഹം വേട്ടയാടി എന്നു നാം ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.പിറന്ന നാട്ടിലും മറുനാട്ടിലും ഒന്നു പോലെ വേണ്ടാത്തവര്‍ ആയി മാറുന്നു.
മോഹന്‍ലാലും, സിദ്ദിക്കും, ജഗതിയും അവതരിപ്പിയ്ക്കുന്ന തന്മയത്വപൂര്‍ണ്ണമായ അഭിനയ മുഹൂര്‍ത്തങ്ങളും, പദ്മപ്രിയയുടെ സാന്നിദ്ധ്യവുമാണു ഇതിലെ ആകര്‍ഷകമായ ഘടകങ്ങള്‍. രമേഷ് നാരായണന്റെ സംഗീതവും ,പ്രത്യേകിച്ചു മഞ്ജരിയുടെ ആലാപനവും മികച്ചതായി.
എന്നാല്‍ കലാപരമായ ഒരു നവീനത്ത്വം സൃഷ്ടിയ്ക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു.ജീവിതത്തെക്കുറിച്ചു നമുക്കറിയാത്ത ഒരു “തലം” കാണിച്ചു തരുന്നില്ല ഈ ചിത്രം.
സാമുഹിക പ്രസക്തിയുള്ള മികച്ച ഒരു ചിത്രമായി ഇതിനെ വിലിയിരുത്തുമ്പോളും സിനിമ എന്ന കലാരൂപമെന്ന നിലയിലും സമാന്തര സിനിമയുടെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നതിലും എത്രമാത്രം വിജയിച്ചു എന്നു ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു......

Haree said...

@ മൈന,
‘ആത്മഹത്യ’ എന്നതിന്റെ അര്‍ത്ഥം ഞാനുദ്ദേശിച്ചത് മറ്റൊരു തരത്തിലാണ്. ‘കെട്ടിത്തൂങ്ങിയാല്‍ മരിക്കും’ എന്നരീതിയിലൊരു അറിവ്‌ രായിക്കയ്ക്ക് ഉണ്ടായിരുന്നു; അതായത് തിരികെ നടന്നാല്‍ മരണം സുനിശ്ചിതമാണ് എന്നറിവ്. എന്നിട്ടും അതിലേക്ക് നടന്നടുക്കുന്നത് ആത്മഹത്യയല്ലാതെ പിന്നെന്താണ്??? അതായത് പാക്കിസ്ഥാനില്‍ ‘രായിക്ക’ നിസ്സഹായനാണ്. മൂസയെപ്പോലെ അവിടെ ജീ‍വിക്കുവാനുള്ള കഴിവോ, തിരികെപ്പോകുവാനുള്ള ആയുസ്സോ അദ്ദേഹത്തില്‍ അവശേഷിച്ചിട്ടില്ല; അതുകൊണ്ട് ‘മരണം’ എന്നതിലേക്ക് നടന്നടുക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യ തന്നെ!
ദൈവമേ, മൈന സീരിയസായാണോ അവസാനത്തെ കമന്റെഴുതിയത്! അതോ എന്നെ കളിയാക്കിയതോ!!!

പിന്നെ, ഖദീജ മരിയ്ക്കുന്നില്ല എന്നു കരുതുക. അപ്പോള്‍ ഖദീജയെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല എന്ന പോയിന്റില്‍ മാത്രമല്ലേ കഥ നിര്‍ത്തുവാന്‍ കഴിയൂ? കാരണം, മൂസ ഖദീജയെ അയച്ചതിനു ശേഷവും പാക്കിസ്ഥാനിലെത്തുന്നുണ്ട്. ഖദീജ മരിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും എങ്ങിനെയും നാട്ടിലെത്തിക്കുവാന്‍ മൂസ ശ്രമിച്ചേനേ, ഇല്ലേ?

ഖദീജയേയും രായിക്കയേയും ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയിലാര്‍ക്കും, അത്തരമൊരു നിസ്സഹായാവസ്ഥ വരുന്നില്ല, അല്ലേ? ചിത്രത്തിന്റെ ഒടുവില്‍ മൂസയും നിസ്സഹായനാവുന്നു. ഞാന്‍ പറയുന്നത് ഇത്രമാത്രം, ഖദീജ എന്ന സ്ത്രീ കഥാപാത്രത്തെ ഒരു സ്ത്രീയായതുകൊണ്ടുമാത്രം കൊന്നു എന്ന വീക്ഷണത്തോട് എനിക്ക് യോജിക്കുവാന്‍ കഴിയുന്നില്ല.
--

Myna said...

വാക്കുകളുടെ അര്‍ത്ഥങ്ങള്‍ എല്ലായ്പോഴും എല്ലാവരും ഗ്രഹിക്കുന്നത് ഒരേ പോലെയാവില്ല. ഇവിടെ ഹരി രായിക്ക ആത്മഹത്യ ചെയ്തു എന്നു പറഞ്ഞപ്പോള്‍ എനിക്കാകെ കണ്‍ഫ്യൂഷന്‍. കണ്ടതെ വ്യത്യസ്ത സിനിമകളാണോയെന്ന്. ഫിലിമില്‍ ഏതായാലും ഖദീജ മാത്രമാണു ആത്മഹത്യ ചെയ്യുന്നത് എന്നു മാത്രം. ശക്തമായ കഥാപാത്രത്തെ ആ തരത്തില്‍ കൊണ്ടെത്തിച്ചതില്‍ വിയോജിപ്പുണ്ട്...

(ദൈവമേ, മൈന സീരിയസായാണോ അവസാനത്തെ കമന്റെഴുതിയത്! അതോ എന്നെ കളിയാക്കിയതോ!!!)

തീര്‍ച്ചയായും കളിയാക്കിയതല്ല... സ്വന്തം അനുഭവത്തെ പറ്റി തന്നെ പറഞ്ഞ യഥാര്‍ത്ഥ ഖദീജ ഒന്നും ആത്മഹത്യ ചെയ്തവരല്ല അവരൊക്കെ.... പൊരുതി ജീവിച്ചതാണ്...
എഴുത്തുകാര്‍ക്കു കൊള്ളാം
യഥാര്‍ത്ഥത്തില്‍ അവര്‍ പൊരുതി ജീവിക്കുകതന്നെ ചെയ്യും എന്നതാണ് സത്യം

Myna said...

കൊള്ളാം എന്നല്ല. കൊല്ലാം എന്നു തിരുത്തി വായിക്കന്‍ അപേക്ഷ.
ഒരിക്കലും കളിയാക്കലല്ല എന്നോര്‍മിപ്പിക്കട്ടെ..
സ്വാനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ ഞാനെഴുതിയ നോവലില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച ഒരു കഥാപാത്രത്തെ കഥയ്‌ക്ക്‌ അവസാനം വരുത്താന്‍ അത്മഹത്യ ചെയ്യിപ്പിച്ചു ഞാന്‍..യാഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ പൊരുതി ജീവിക്കുന്നു ഇന്നും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ സിനിമയുടെ കലാപരമായ ഒരു പരാജയമാണ് കഥാപാത്ര സൃഷ്ടിയിലെ അപര്യാപ്തത.ശുഭപ്രതീക്ഷയോ വിജയമോ ഒരാള്‍ക്കും സംഭവിയ്ക്കുന്നില്ല, സ്ത്രീ -പുരുഷ ഭേദമന്യേ.അതു കൊണ്ടാണു ഇതു ഒരു ഡോക്യുമെന്ററി കാണുന്ന നിലവാരമേ ഉള്ളൂ എന്നു ഞാന്‍ പറയുന്നത്.

ഹരി പറയുന്നപോലെ രായിയ്ക്കാ ആല്‍മഹത്യയിലേയ്ക്കു നടന്നടുത്തു എന്നും എനിയ്ക്കു വിശ്വാസമില്ല.കാരണം ഈ സിനിമയില്‍ അപൂര്‍വമായി മാത്രം കാണാവുന്ന ഒരു നല്ല രംഗ്ഗം ആണിത്. “ജീവിത സത്യം അറിയിയ്ക്കുന്ന കലയാണു സിനിമ” എന്ന തോന്നല്‍ ഉളവാകുന്ന ഒരു രംഗം.”സ്വന്തം മണ്ണില്‍ പോകാന്‍ പേടിയ്ക്കുന്നതെന്തിനു” എന്നു ധൈര്യപൂര്‍വം ചോദിച്ചു തിരികെ പോകുന്ന ആ മനുഷ്യനെ “സ്വന്തം മണ്ണിന്റെ” പട്ടാളക്കാര്‍ വെടി വച്ചു വീഴ്ത്തുന്ന രംഗം, ഭരണകൂട ഭീകരതകളുടെ ഒരു നേര്‍ക്കാഴ്ച ആണു.അങ്ങനെ സ്വന്തം എന്നു നാം കരുതുന്നതു ഒന്നും സുരക്ഷിതം അല്ലെന്ന് വരുന്നു.

ഈ സിനിമയില്‍ ആരും വിജയിയ്ക്കുന്നില്ല...ആരെയും വിജയിപ്പിയ്ക്കാന്‍ സംവിധായകനു ആഗ്രഹവുമില്ല..എല്ലാവരേയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരാജിതരാക്കുന്നു, അങ്ങനെ സംവിധായകന്‍ സ്വയം പരാജയം ഏറ്റു വാങ്ങുന്നു.

Patchikutty said...

നല്ല ഒരു സിനിമ... സ്വന്തം മണ്ണില്‍ അടിയാനുള്ള മോഹവുമായി അലുന്നവരുടെ വേദന അനുഭവിച്ച പോലെയായി ... പിന്നെ ലക്ഷ്മിഉടെ സൌന്ദര്യവും പത്മപ്രിയുടെ ശക്തിയുള്ള മുഖവും ലാലെട്ടെന്ടെ അപ്പച്ചനും swetha gagathi sir, siddique, മൂത്തമകന്‍ (സുരേഷ്കൃഷ്ണ) ഒക്കെ ഉഗ്ഗ്രന്‍ casting ...

എന്നാലും പറയാതെ വയ്യ ... പറയാനും വയ്യ ... പറഞ്ഞാല്‍ നമ്മുടെ സഹോദര ബ്ലോഗ്ഗെര്‍മരെല്ലാം കൊന്നു തിന്നുമോ എന്തോ ...അറിയില്ല ... നോക്കട്ടെ ...എന്തായാലും P T Kujumuhammed ആ സിനിമയില്‍ ജീവിതത്തില്‍ മോഹഭംഗങ്ങളും ദുഘങ്ങളും പട പൊരുതി നോക്കി പിന്നെ തോല്പിക്കപെട്ടുന്നതും ഒക്കെ പ്രതീകരിപ്പിചിരിക്കുന്നതിനു സ്ത്രീകളെ തന്നെ തിരഞ്ഞെടുത്തു.... അറ്റ്ലീസ്റ്റ് ആ പത്മപ്രിയഉടെ റോള്‍ എങ്ങിലും ഒരു പയ്യന്‍സിനു കൊടുതിരുന്നെഗില്‍ ഈ വര്‍ഗ വിവേചനം ഒന്നും ഇല്ല എന്ന് ഞങ്ങള്‍ ഈ തലമുറഉടെ പെണ്ണുങ്ങള്‍ as used to സമാധാനം കൈകൊണ്ടീനെ ഒരു മടി‌മില്ലാതെ...

ദയാവായി അക്ഷര തെറ്റുകള്‍ ക്ഷമിക്കണേ... പുതിയ വായനക്കാരിയാണ് കേട്ടോ.