Tuesday, October 16, 2007

മറവിയുടെ പെരുന്നാളോര്‍മ്മ



മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

പെരുന്നാളിന്റന്നും പിറ്റേന്നുമൊക്കെയായി മക്കളൊക്കെ പോയിക്കഴിഞ്ഞാല്‍ ഐഷാബിയമ്മച്ചി തന്നെ വേണം ഹൈറേഞ്ചു കേറിയ കാലം മുതല്‍ തുടങ്ങിയ വലിവും വെച്ചോണ്ട്‌ പുതപ്പലക്കാന്‍ പുഴയില്‍ പോകാന്‍.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ മുറുക്കുന്ന അത്തയുടെ (വല്യത്ത) വക ശര്‍ക്കര കാപ്പി.പിന്നെ ഞങ്ങള്‍ കുട്ടികളെ മേലാകെ എണ്ണ തേപ്പിച്ച്‌ പുഴയിലേക്ക്‌ നടക്കും ഐഷാബിയമ്മച്ചി.

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്‌. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങള്‍. മുറ്റത്ത്‌ അടുപ്പുണ്ടാക്കി ചോറു വെയ്‌ക്കുന്നത്‌ മുറുക്കുന്ന അത്തയാണ്‌.

മുറുക്കുന്ന അത്തയുടെ തേങ്ങാച്ചോറിന്റെയും, അമ്മച്ചിയുടെ അരിയും ചെറുപയര്‍ പരിപ്പും ചേര്‍ത്തുവെച്ച ശര്‍ക്കര പായസത്തിന്റെയും രുചിയാണ്‌ പെരുന്നാളിന്‌. പെരുന്നാള്‍ പൈസയുടേയും.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടില്‍ പൊതുവേ അങ്ങനെയാണ്‌. അധികവും കൂലിവേലക്കാര്‍...കടയില്‍ പോയി തെരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങള്‍ക്ക്‌ മുഴുവന്‍ കോടി എടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാര്‍ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ്‌ പലരും വാങ്ങുന്നത്‌. അത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍. ആഴ്‌ചയിലൊരിക്കല്‍ പൈസ കൊടുത്താല്‍ മതി.

അമ്മച്ചിക്ക്‌ ജോലി ദൂരയായതുകൊണ്ട്‌ ഞങ്ങള്‍ മക്കള്‍ അത്തത്തായുടേയും അത്താമ്മായുടേയും കൂടെയാണ്‌ ജീവിതം. പെരുന്നാളിന്‌ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ്‌ പ്രത്യേകത.അമ്മായിമാരും മക്കളുമൊക്കെ വരും.

പെരുന്നാളിന്റന്ന്‌ ഉച്ചക്കുശേഷം ഉമ്മമാരുടെ വീടുകളിലേക്കു പോകുന്നവരായിരുന്നു സഹപാഠികളൊക്കെ. പക്ഷേ, പോകാന്‍ അമ്മച്ചിയുടെ വീടില്ലാതെ ഐഷാബിയമ്മച്ചിയുടെയും മുറുക്കുന്നത്തയുടേയും ഇത്തിരി വട്ടത്ത്‌ ഞങ്ങള്‍ കളിച്ചു നടന്നു.(ഹിന്ദു സമുദായക്കാരായിരുന്നു അമ്മയുടെ വീട്ടുകാര്‍ ) അന്ന്‌ അതൊരു വിഷമമായി ഞങ്ങള്‍ക്കു തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.

പത്താം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയത്താണ്‌ .. മുറുക്കുന്ന അത്ത മുഴുവന്‍ സമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാന്‍ വയ്യായ്‌ക, ക്ഷീണം.അത്തവണ പെരുന്നാളിന്‌ ഞങ്ങള്‍ പേരക്കിടാങ്ങള്‍ മാത്രം അവര്‍ക്കൊപ്പം. മറ്റാരും വന്നില്ല.

പെരുന്നാളിന്‌ പള്ളിയില്‍ പോകണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.
പുഴകടന്ന്‌ , ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും?കിടപ്പിലാണെങ്കിലും ചികിത്സയുണ്ട്‌. ഞാന്‍ സഹായിയും ശിഷ്യയുമായി എവിടേയും കൂടെയുണ്ട്‌ നിഴലായി..

പുഴയില്‍ കുളിക്കണമെന്നും മുറുക്കുന്ന അത്താക്ക്‌ നിര്‍ബന്ധം. കുളിക്കാന്‍ പുഴയിലേക്ക്‌ നടത്തിക്കുമ്പോള്‍കൈയ്യേലെന്തോ കടിച്ച്‌ ചികിത്സയിലായിരുന്ന ചന്തു മുന്നില്‍. കുളി കഴിഞ്ഞു വരുന്നതുവരെ അവന്‍ കാത്തു നിന്നു.
'ഇവന്‌ മരുന്നു കൊടുത്തിട്ട്‌ എപ്പോള്‍ പോകും പള്ളിയില്‍'..എനിക്കാശങ്ക.
നടക്കാന്‍വയ്യാത്ത ആളാണ്‌.ഇന്നത്തെപ്പോലെ റോഡില്‍ കയറിയാല്‍ ഓട്ടോറിക്ഷ കിട്ടുന്ന കാലമല്ല. എന്നിട്ടും വീട്ടില്‍ചെന്ന ഉടന്‍ വെളളം ഓതിയൊഴിച്ച്‌ മരുന്നു നല്‌കി അവനെ പറഞ്ഞയച്ചിട്ടാണ്‌ പള്ളിയിലേക്ക്‌ നടന്നത്‌.
ഇളം നീല ജൂബയും ഡബിള്‍ മുണ്ടും തോളില്‍ നേര്യതുമിട്ട്‌.
ഊന്നുവടിക്കു പകരം കൊച്ചുമകള്‍.
പള്ളി എത്തുന്നവരെ പലയിടത്തും ഇരുന്നും നിന്നുമാണ്‌ പോയത്‌.എല്ലാവര്‍ക്കുമൊപ്പം നമസ്‌ക്കരിക്കാനാവുമോ? വീണു പോകുമോ? മറവിയില്‍ എന്തെങ്കിലും ചെയ്‌തു പോകുമോ? ഞാന്‍ ചിന്തിച്ചു.
കാരണമുണ്ട്‌ . ഇരിക്കുന്ന ഇരിപ്പിലാണ്‌ ചിലപ്പോള്‍ ഓര്‍മ പോകുന്നത്‌, വീണു പോകുന്നത്‌. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന്‌ ചിലപ്പോള്‍ മൂപ്പെത്താത്ത കൊക്കോ കായ്‌ പൊട്ടിച്ചു കൊണ്ടുവന്ന്‌ 'മാങ്ങ, മാങ്ങ' എന്നു പറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലില്‍ വെച്ച്‌ രണ്ടു വാറും നീട്ടിപ്പിടിച്ച്‌ ` മുയലിനെ അറക്ക്‌ `എന്നു പറയുന്നു.
ചോറുണ്ട്‌ കൈകഴുകിയ ഉടനെ `മൂന്നുദിവസമായി ചോറുണ്ടിട്ട്‌` എന്നു പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഓര്‍മക്കൊരു തകരാറുമില്ല.
പള്ളി മുറ്റത്ത്‌ കൊണ്ടുചെന്നാക്കി ഞാന്‍ പള്ളിപ്പറമ്പിനപ്പുറം പുല്ലില്‍ പടിഞ്ഞിരുന്നു. നമസ്‌ക്കാരം കഴിയും വരെ.
പലവിധ ആധിയോടെ..
പിന്നീട്‌ രണ്ടു പെരുന്നാള്‍ കാലം കൂടി അദ്ദേഹമുണ്ടായിരുന്നു. ആ പെരുന്നാളുകള്‍ മുറുക്കുന്ന അത്ത അറിയാന്‍ വഴിയില്ല. മറവിയുടെ ഏതോ കയത്തിലായിരുന്നു അപ്പോഴേക്കും അദ്ദേഹം...കുഞ്ഞുനാളിലെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട്‌.......

കടപ്പാട്‌
വര്‍ത്തമാനം ദിനപ്പത്രം 13.10.2007

7 comments:

Myna said...

മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

കണ്ണൂരാന്‍ - KANNURAN said...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.. മറവിയുടെ ആഴങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നു അല്ലെ??

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കണ്ണുനീരിന്റെ നനവുള്ള ഓര്‍മ്മകള്‍...എന്നോ ഓര്‍മ്മ നഷ്ടപെടുന്നതിന്റെ വേദനകള്‍...എല്ലാം ഈ കൊച്ചു കുറിപ്പില്‍ ഭംഗിയായി എഴുതി ചേര്‍ത്തിരിയ്ക്കുന്നു.

“അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.“

പഴയ കാലങ്ങളിലെ ആഘോഷങ്ങളുടെ ഒരു നഖ ചിത്രം ആണിത്...അന്നൊക്കെ മനസ്സിലായിരുന്നു സന്തോഷം...ഹൃദയങ്ങളില്‍ ആഘോഷവും..ഇന്നു എല്ലാം മാറുന്നു...പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒക്കെ ചിലവാക്കി അടിച്ചു പൊളിയ്ക്കുന്നു..സന്തോഷം മാത്രം ഉണ്ടാവുന്നില്ല..ഇങ്ങനെയുള്ള ഇക്കാലത്തു ഗൃഹാതുരത്വം നിറഞ്ഞ ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ മറഞ്ഞു പോയ നല്ല കാലങ്ങളുടെ സ്മരണകള്‍ എല്ലവരുടേയും മനസ്സില്‍ ഉണര്‍ത്തൂം.

ഏ.ആര്‍. നജീം said...

പോസ്റ്റ് വായിച്ചു കഴിഞ്ഞ് ഈ വരികള്‍ എഴുതുന്നത് വരെയുള്ള ഏതാനും നിമിഷം പഴയ പെരുന്നാളും പെരുന്നാളിനെക്കാള്‍ കൂടുതല്‍ പെരുന്നാള്‍ ഒരിക്കങ്ങള്‍ നടക്കുന്ന പെരുന്നാള്‍ രാവിലും ഒക്കെ മനസ് ഒരിക്കല്‍ കൂടി വട്ടം കറങ്ങി തിരിച്ചെത്തി.
നന്ദി... ഹൃദ്യമായി എഴുതിയിരിക്കുന്നു,

ശ്രീ said...

നല്ല ഓര്‍‌മ്മകള്‍‌!
:)

രാജേശ്വരി said...
This comment has been removed by the author.
രാജേശ്വരി said...

മൈലാഞ്ചിയുടെ കൊമ്പും കോലും ഒക്കെ മനസ്സില്‍ വന്നു കൊണ്ടു....തേങ്ങ ചോറിന്റെ സ്വാദും മുഷിക്കാതെ പെട്ടിയില്‍ വച്ചിരിക്കുന്ന ഉടുപ്പിന്റെ ഭംഗിയും എല്ലാം എന്തെന്ന് പറഞ്ഞു തന്നതിന് ഒരായിരം നന്ദി മൈന ....