Saturday, July 28, 2007

ഹോമിയോ എന്ന സുന്ദരമോഹന വാഗ്‌ദാനം

ചിക്കന്‍പോക്‌സിനു മുന്നോടിയായി വന്ന പനിയുടെ അസ്വസ്ഥതയോടെയാണ്‌ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഹോമിയോ ചികിത്സയെക്കുറിച്ചുള്ള പോസ്‌റ്റുകള്‍ വായിക്കുന്നത്‌. കമന്റു കൊടുക്കണം എന്നു വിചാരിച്ചപ്പോഴേക്കും ചിക്കന്‍പോക്‌സ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോമിയോ ചികിത്സയുടെ പൊള്ളത്തരങ്ങളിലേക്ക്‌ വെളിച്ചം വിതറുന്നതായിരുന്നു ആ പോസ്‌റ്റുകള്‍.
അസുഖം മാറി വന്നപ്പോള്‍ ചിലതു കുറിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
ചിക്കന്‍പോക്‌സാണെന്ന്‌ ഉറപ്പായപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞു ഹോമിയോ ആണ്‌ മികച്ച ചികിത്സ എന്ന്‌. എന്റെ അനുഭവത്തില്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സ ഇല്ലായിരുന്നു. പരമാവധി വിശ്രമിക്കുക, ആര്യവേപ്പിലെ വിതറികിടക്കുക, തണുത്ത കഞ്ഞി, കരിക്കിന്‍വെള്ളം, പഴങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളേ കണ്ടിരുന്നുള്ളു. ഹോമിയോ മരുന്നു കഴിച്ചാല്‍ പെട്ടെന്നു മാറും എന്ന സുന്ദരമോഹന വാഗ്‌ദാനവും സഹപ്രവര്‍ത്തകര്‍ എനിക്കു നല്‍കി.
പക്ഷേ, മനസ്സനുവദിക്കുന്നില്ല. കുറിഞ്ഞി വായിച്ചിരിക്കുകയാണല്ലോ..ഒരു ഗുണവുമില്ലാത്ത പഞ്ചാരഗുളികകൊണ്ടെന്താവാന്‍....?ഏതായാലും സുവര്‍ണ്ണാവസരമാണ്‌..പരീക്ഷിക്കുക തന്നെ.
എന്തായാലും അതു നന്നായി എന്നു ഇപ്പോള്‍ വിചാരിക്കുന്നു. കാരണം പലതാണ്‌."എന്തു മരുന്നാ കഴിക്കുന്നേ?" എന്നു ചോദിച്ചവരോട്‌ 'ഹോമിയോ' ഒന്നു പറയാന്‍ പറ്റി. 'ഒന്നും കഴിക്കുന്നില്ല' എന്നു പറഞ്ഞാല്‍ "അയ്യോ മരുന്നെന്തെങ്കിലും കഴിക്കണേ, മാറാന്‍ താമസിക്കും" എന്നു പറഞ്ഞുകളയും ഇക്കൂട്ടര്‍.
പണ്ടേ മരുന്ന്‌ എന്ന പറഞ്ഞാന്‍ അലര്‍ജിയാണെനിക്ക്‌. ഏതു ചികിത്സയായാലും. ചുമ, ജലദോഷം, കഫക്കെട്ട്‌ തുടങ്ങിയ രോഗങ്ങളാണ്‌ ആക്രമിക്കാറുള്ളത്‌. ചുക്കുവെള്ളം, ആവി പിടിക്കുക തുടങ്ങിയവയില്‍ ഒതുങ്ങും ചികിത്സ. 'സ്വന്തം ചികിത്സയാണ്‌,' 'പറഞ്ഞാല്‍ കേള്‍ക്കില്ല' തുടങ്ങിയ വീട്ടുകാരുടെ ശകാരത്തിനു വഴങ്ങിയാണ്‌ പലപ്പോഴും ആശുപത്രിയില്‍ പോകുന്നത്‌.
അങ്ങനെ ചിക്കന്‍പോക്‌സിനു പേരുകേട്ട ഒരു ഹോമിയോ ഡോക്ടറെ ഞാന്‍ കണ്ടു. "മരുന്നു തരാം. ഏഴാം ദിവസം കുളിക്കാം. എട്ടാം ദിവസം മുതല്‍ ജോലിക്കുപോകാം."
ഹോ എന്തൊരാശ്വാസം!
രണ്ടാഴ്‌ച വേണം സാധാരണ ഗതിയില്‍ മാറാന്‍..ലീവ്‌ അത്രപോകില്ലല്ലോ..!
'പഥ്യം നോക്കണം തണുത്ത കഞ്ഞി മാത്രം.'
ശരി. മരുന്നു കിട്ടി. രണ്ടു ദിവസത്തേക്ക്‌ പത്തുമിനിറ്റ്‌ ഇടവിട്ട്‌ 'പഞ്ചാരമുട്ടായി'രണ്ടുദിവസം കൊണ്ട്‌ പനിമാറും.മൂന്നാം ദിവസംമുതല്‍ അരമണിക്കൂര്‍ ഇടവിട്ട്‌ അടുത്ത 'പഞ്ചാരമുട്ടായി' കൂടാതെ വീട്ടിലെല്ലാവര്‍ക്കും വരാതിരിക്കാന്‍ പ്രിവന്റീവ്‌ മെഡിസിന്‍.
എന്നെ സംബന്ധിച്ച്‌ അതാണ്‌ വലിയകാര്യം. രണ്ടു വയസ്സാവാത്ത്‌ കുഞ്ഞിന്‌ വരാതിരിക്കട്ടെ.....അങ്ങനെ പ്രിവന്റീവ്‌ മെഡിസിന്‍ അടക്കം ഒരു ലോഡ്‌ പഞ്ചാരമുട്ടായികളുമായി ഞാന്‍ വയനാട്‌ ഭര്‍തൃഗൃഹത്തലേക്ക്‌ വണ്ടി കയറി.
അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മക്ക്‌ കണ്ണില്‍കുരു. പിറ്റേന്ന്‌ വേദന സഹിക്കാനാകാതെ അലോപ്പതി ഡോക്ടറെ കാണിക്കാന്‍ പോയ ആള്‍ ഡോക്ടറെ കാണാഞ്ഞ്‌ ഹോമിയോ ഡോക്ടറുടെ അടുത്തെത്തി. സ്‌പിരിറ്റു മണക്കുന്ന വെള്ളം കൊണ്ട്‌ കണ്ണിനു ചുറ്റും പുരട്ടിക്കൊണ്ടിരുന്നു. എവിടെ മാറാന്‍..പിറ്റേന്ന്‌ കാര്യമ്പാടി കണ്ണാശുപത്രിയില്‍ പോയി മരുന്നുമായി വന്നു. മരുന്നുപുരട്ടി, ഗുളികകഴിച്ച്‌ അരമണിക്കൂറിനകം വേദന പോയി..കുരു പൊട്ടിപോവുകയും ചെയ്‌തു.
ഞാന്‍ പത്തുമിനിറ്റ്‌ ഇടവിട്ട്‌ അഞ്ചുമുട്ടായി തിന്നും. മൂന്നുദിവസം പനിക്കും മൂന്നു ദിവസം കൊണ്ട്‌ ഉണങ്ങും എന്നാണ്‌ പറയാറ്‌. പോരാത്തതിന്‌ ഹോമിയോ മരുന്നു കഴിക്കുകയും ചെയ്യുന്നു. പനിച്ച്‌ ഞെളിപിരി കൊള്ളുകയാണ്‌. കിടക്കാന്‍ വയ്യ. ഇരിക്കാന്‍വയ്യ. നില്‍ക്കാന്‍ വയ്യ. തലകുത്തി നില്‍ക്കാനാണ്‌ തോന്നുന്നത്‌. പനി മൂന്നാം ദിവസത്തിലേക്ക്‌ കടന്നപ്പോള്‍ ആശ്വസിച്ചു. ഇന്നുകൂടി സഹിച്ചാല്‍ മതിയല്ലോ.പക്ഷേ പനി വിട്ടത്‌ അഞ്ചാം ദിവസമാണ്‌. ഹോമിയോ ഡോക്ടറെ ഫോണ്‍ചെയ്‌തു ചോദിച്ചു.
"പനി മാറുന്നില്ലല്ലോ സര്‍...?"
"ചിക്കന്‍പോക്‌സിന്റെ ഗുണമിതാണ്‌. ചിലപ്പോള്‍ മാറുന്നതുവരെ പനിച്ചുകൊണ്ടേയിരിക്കും."
തൊണ്ടവേദന, ചുമ, കഫക്കെട്ട്‌ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്‌ കൂട്ടത്തില്‍.
ഗതികെട്ട്‌ മെഡിക്കല്‍കോളജിലെ സ്‌നേഹിതയായ ഡോക്ടറെ വിളിച്ചു. " കുട്ടികള്‍ക്കുണ്ടാവും പോലെയല്ല മുതിര്‍ന്നവര്‍ക്ക്‌ കുറച്ചു രൂക്ഷത കൂടും. ഒരു വൈറല്‍ രോഗത്തിനും അലോപ്പതിയില്‍ മരുന്നില്ല. പക്ഷേ, രൂക്ഷതകുറക്കാന്‍ ഉപകരിക്കുന്ന ആന്‌റിബയോട്ടിക്‌ ഉ്‌ണ്ട്‌. വൈറല്‍ ഇന്‍ഫക്ഷനൊപ്പം ബാക്ടടീരില്‍ ഇന്‍ഫക്ഷനുമുണ്ടാകും. അതാണ്‌ തൊണ്ടവേദനയും ചുമയും മറ്റും." അവര്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ കഴിക്കാന്‍ മരുന്നുകളുടെ പേര്‌ മെസ്സേജ്‌ ചെയ്‌തു തന്നു. പിറ്റേന്ന്‌ പനി വിട്ടതു കൊണ്ട്‌ അതു കഴിക്കേണ്ടി വന്നില്ല.സുനിലിന്റെ അമ്മാവന്റെ മകനും മോള്‍ക്കുമാണ്‌ചിക്കന്‍ പോക്‌സ്‌ വരാത്തത്‌. ഇവര്‍ക്ക്‌ പ്രതിരോധ മരുന്നു കൊടുക്കുന്നുണ്ട്‌ സമയാസമയങ്ങളില്‍.
പതിനഞ്ചു ദിവസം കഴിഞ്ഞ്‌ കോഴിക്കോട്‌ മടങ്ങിയെത്തി. വന്ന അന്നു മോള്‍ക്കു പനി. യാത്ര ചെയ്‌തുതുകൊണ്ടായിരിക്കുമെന്നു സമാധാനിക്കുമ്പോഴേക്കും ദേഹമാകെ കുരുക്കള്‍...അവള്‍ക്ക്‌ വന്ന്‌ മൂന്നാം ദിവസം മുതല്‍ അമ്മാവന്റെ മകനും.....
വയനാട്ടില്‍ രണ്ടു വര്‍ഷം സ്ഥിരമായി നിന്നപ്പോഴായിരുന്നു ഞാന്‍ ഏറ്റവുമധികം മരുന്നുപയോഗിച്ചത്‌. കഫക്കെട്ട്‌ ഒരിക്കലും മാറില്ല...ആന്റിബയോട്ടിക്‌ കഴിക്കുമ്പോള്‍ കുറയും. പക്ഷേ, നെഞ്ചരിച്ചില്‍, ദഹനത്തിനെന്തങ്കിലും തകരാറ്‌ വന്നു കൊണ്ടിരിക്കും. ആയുര്‍വേദം കഴിക്കുമ്പോഴും കഴിക്കുമ്പോള്‍ കുറയും..പക്ഷേ, മാറില്ല. ഹോമിയ തീരാവ്യാധി മാറ്റുമെന്നു കേട്ട്‌ അന്നൊരിക്കല്‍ കോഴിക്കോടിനു പുറപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്‌തനായ, സ്വന്തമായി ആശുപത്രിയുള്ള ഹോമിയോ ഡോക്ടര്‍. എന്തു ചെയ്യാന്‍...പഞ്ചാരമുട്ടായി അന്നും കിട്ടി കുറേയെണ്ണം. കഴിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ കൂടുകയല്ലാതെ കഫക്കെട്ട്‌ കുറഞ്ഞില്ല.
കാരണം അതൊരു വൃശ്ചികം -ധനുമാസമായിരുന്നു. കുംഭം-മീനമാസമായിരുന്നെങ്കില്‍ കുറഞ്ഞേനെ...!
മോള്‍ക്ക്‌ എന്തസുഖം വന്നാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞെ ഡോക്ടറെ കാണിക്കാറുള്ളു. ഒന്നാമത്‌ മരുന്നു കഴിപ്പിക്കാനുള്ള പ്രയാസം. അലോപ്പതി കഴിക്കുമ്പോള്‍ വിശപ്പു കുറവായിരിക്കും. പിന്നെ ഒരാഴ്‌ചയാവും ഭക്ഷണം കഴിച്ചു തുടങ്ങാന്‍. ജോലിക്കുപോകുന്നതുകൊണ്ട്‌ അവളോടൊപ്പം കൂടുതല്‍ ദിവസം ഇരിക്കാന്‍ കഴിയാറുമില്ല. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകാത്തതിന്‌ നിന്റെ സ്വന്തം ചികിത്സ എന്നു പറഞ്ഞു പരിഹസിക്കുന്നവരോട്‌ ഹോമിയോ വഴി പകരം വീട്ടാം.കുഞ്ഞ്‌ യാതൊരു മടിയുമില്ലാതെ പഞ്ചാരമുട്ടായി കഴിക്കുകയും ചെയ്യും...മരുനനു കൊടുത്തില്ലെന്നുള്ള പരാതിയും ഒഴിവാകും.
കുഞ്ഞബ്ദുള്ള എഴുതിയപോലെ ഡോക്ടറെകണ്ട്‌ മരുന്നു കഴിച്ചാല്‍ പനി ഏഴു ദിവസംകൊണ്ടും കാണിക്കാതിരുന്നാല്‍ ഒരാഴ്‌ചകൊണ്ടു മാറും.എന്നാല്‍ പറയാതെ തരമില്ല ഈ പഞ്ചാരമുട്ടായി രണ്ടു ദീവസം കൊടുക്കുമ്പോള്‍ വിശപ്പു കൂടുന്നതായി കാണുന്നുണ്ട്‌.
എന്റെ ഒരു കൂട്ടുകാരി ഫൈബ്രോയ്‌ഡ്‌സിന്‌ ഹോമിയോ ചികിത്സ നടത്തി ഒരു വര്‍ഷക്കാലം (കുട്ടികളില്ല അതിനുകൂടി). പക്ഷേ, ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു അവസാനം.
നാലുവര്‍ഷം മുമ്പ്‌ വിഷചികിത്സയില്‍ മിശ്രചികിത്സയുടെ സാധ്യത മനസ്സിലാക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഞാന്‍ പോവുകയുണ്ടായി. അന്ന്‌ അവിടുത്തെ പ്രൊഫസര്‍മാരില്‍ നിന്നു കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹാനിമാന്റെ കാലത്തുതന്നെ വിഷത്തിനുള്ള മരുന്നുകളുണ്ടായിരുന്നു എന്നും പക്ഷേ ആരും ചെയ്‌തു നോക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നും ഞങ്ങളെ പഠിപ്പിച്ച പ്രൊഫസര്‍മാരും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ആരെങ്കിലും പാമ്പുകടിയേറ്റു വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‌കി മെഡിക്കല്‍ കോളജിലേക്ക്‌(ആധുനീകം) വിടുകയാണ്‌ ചെയ്യാറെന്നും ജീവന്‍ പന്താടാന്‍ പറ്റില്ലല്ലോ എന്ന നെടുവീര്‍പ്പും.
ഒരു ആധികാരിക സ്ഥാപനത്തിലെ മേലധികാരിയുടേതാണു വാക്കുകള്‍ എന്നോര്‍ക്കണം. നിങ്ങള്‍ക്കെന്തു തോന്നുന്നു വായനക്കാരെ...അന്ന്‌ എന്നോടൊപ്പം ഉണ്ടായിരുന്ന രമ്യയോട്‌ ഞാന്‍ പറഞ്ഞു.
"രമ്യാ നമുക്കു കുറേ ഗിനിപ്പന്നികളേയും എലികളേയും ഇവര്‍ക്കെത്തിച്ചു കൊടുത്താലോ?"
ഹോമിയോയെ അരക്കിട്ടുറപ്പിക്കുന്ന ചില 'മിറക്കിള്‍' സംഭവിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നുണ്ട്‌. നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയുടെ ജ്യേഷ്‌ഠന്‍ പ്രായം 75നു മുകളില്‍. കാലില്‍ ക്യാന്‍സറായിരുന്നു. തൃശൂര്‍ അമലയില്‍ നിന്ന്‌ ഒരു വിരള്‍ മുറിച്ചുമാറ്റി.പിന്നീട്‌ കാലുമുറിച്ചു മാറ്റണമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അതിനു തയ്യാറെടുത്തു ചെന്നയാള്‍ വഴിക്കുവെച്ച്‌ ഞാറക്കലുള്ള ഹോമിയോ ചികിത്‌സയെക്കുറിച്ചു കേള്‍ക്കുകയും കേവലം 30 രൂപയുടെ മരുന്നു രണ്ടു മാസത്തോളം കഴിക്കുകയും ചെയ്‌തു. പത്തു വര്‍ഷം മുമ്പത്തെ കാര്യമാണിത്‌. ആളിപ്പോഴും പതിനാറിന്റെ ചുറുചുറുക്കോടെ നടക്കുന്നു. എന്താണിവിടെ സംഭവിച്ച 'മിറക്കിള്‍'.
ഇതൊക്കെയല്ലേ ഹോമിയോയെ രക്ഷിച്ചു നിര്‍ത്തുന്നത്‌.
ചിക്കന്‍പോക്‌സു മാറിയപ്പോള്‍ മുഖത്താകെ കറുത്ത കലകള്‍...കലയ്‌ക്കും ഹോമിയോ മരുന്നുണ്ടുപോലും. ഒരാഴ്‌ചകൊണ്ടു മാറും. പ്രലോഭിപ്പിക്കുന്നു...രക്തചന്ദനവും തേനുമുണ്ട്‌, പച്ചമഞ്ഞളും ആര്യവേപ്പിലയുമുണ്ട്‌, ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിച്ചു കുളിക്കാം, വേണമെങ്കില്‍ കലാമിന്‍ ലോഷന്‍ വാങ്ങാം, കുങ്കുമാദി ലേപം വാങ്ങാം....ഏതാണു വേണ്ടതെന്നു തീരുമാനിക്കുകയെ വേണ്ടു.....
കുറിഞ്ഞി പോസ്‌റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക http://www.kurinjionline.blogspot.com/

7 comments:

Myna said...

ചിക്കന്‍പോക്‌സിനു മുന്നോടിയായി വന്ന പനിയുടെ അസ്വസ്ഥതയോടെയാണ്‌ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഹോമിയോ ചികിത്സയെക്കുറിച്ചുള്ള പോസ്‌റ്റുകള്‍ വായിക്കുന്നത്‌. കമന്റു കൊടുക്കണം എന്നു വിചാരിച്ചപ്പോഴേക്കും ചിക്കന്‍പോക്‌സ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോമിയോ ചികിത്സയുടെ പൊള്ളത്തരങ്ങളിലേക്ക്‌ വെളിച്ചം വിതറുന്നതായിരുന്നു ആ പോസ്‌റ്റുകള്‍.

അസുഖം മാറി വന്നപ്പോള്‍ ചിലതു കുറിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.

ചിക്കന്‍പോക്‌സാണെന്ന്‌ ഉറപ്പായപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞു ഹോമിയോ ആണ്‌ മികച്ച ചികിത്സ എന്ന്‌. എന്റെ അനുഭവത്തില്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സ ഇല്ലായിരുന്നു. പരമാവധി വിശ്രമിക്കുക, ആര്യവേപ്പിലെ വിതറികിടക്കുക, തണുത്ത കഞ്ഞി, കരിക്കിന്‍വെള്ളം, പഴങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളേ കണ്ടിരുന്നുള്ളു. ഹോമിയോ മരുന്നു കഴിച്ചാല്‍ പെട്ടെന്നു മാറും എന്ന സുന്ദരമോഹന വാഗ്‌ദാനവും സഹപ്രവര്‍ത്തകര്‍ എനിക്കു നല്‍കി.
പക്ഷേ, മനസ്സനുവദിക്കുന്നില്ല. കുറിഞ്ഞി വായിച്ചിരിക്കുകയാണല്ലോ..ഒരു ഗുണവുമില്ലാത്ത പഞ്ചാരഗുളികകൊണ്ടെന്താവാന്‍....?ഏതായാലും സുവര്‍ണ്ണാവസരമാണ്‌..പരീക്ഷിക്കുക തന്നെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൈന എഴുതിയത് വായിച്ചു.ഇതിനെക്കുറിച്ചു എന്റെ അഭിപ്രായം ഇങ്ങനെ ചുരുക്കി എഴുതട്ടെ..
1:ചിക്കന്‍ പോക്സിനെക്കുറിച്ചു എനിക്കുള്ള അറിവു വച്ചു പറയട്ടെ( പണ്ടു ഇതു വന്ന സമയത്തു കുറച്ചു ഗവേഷണം നടത്തി.)ഇതു പകരുന്നതു വായുവില്‍ക്കൂടി ആണ്.രോഗാണു ഉള്ളില്‍ കടന്നു ഒരു 10 ദിവസം കഴിഞ്ഞേ കുരുക്കള്‍ പുറത്തു വരികയുള്ളൂ.അതാണ് ഒരാളുടെ രോഗം മാറുന്ന സമയം(7-8 ദിവസം)അടുത്ത ആളിനു രോഗം കണ്ടു തുടങ്ങുന്നത്. .കൂടാതെ രോഗത്തിന്റെ ആദ്യ 4-5 ദിവസങ്ങളിലാണു കൂടുതലും പകരുന്നത്.അത് കൊണ്ട് തന്നെ ഒരാള്‍ക്കു രോഗം ഉണ്ടെന്ന് അറിയുമ്പോള്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ഉടനടി പ്രതിരോധ മരുന്നു കഴിച്ചിട്ട് കാര്യം ഉണ്ടാവില്ല.രോഗാണു അപ്പോളെക്കും ഉള്ളില്‍ കടന്നു പ്രവര്‍ത്തനം തുടങ്ങി കാണും.പ്രതിരോധ മരുന്നുകള്‍ ഫലിക്കാതെ പോകുന്നതിന്റെ ഒരു കാരണം ഇതാവാം.

2:വൈറസുകള്‍ അമരന്മാര്‍ ആണ്.അവയെ കൊല്ലാന്‍ ആധുനിക വൈദ്യത്തിനു ഇന്നു വരെ സാധിച്ചിട്ടില്ല.വെറും ജലദോഷത്തിന്റെ വൈറസു മുതല്‍ എയ് ഡ്സു വരെ ഇതു തന്നെ സ്ഥിതി.അത് കൊണ്ടാണു ജലദോഷം വന്നാല്‍ മരുന്നു കഴിച്ചാല്‍ 7 ദിവസം, ഇല്ലെങ്കില്‍ ഒരു ആഴ്ച എന്നു പറയുന്നത്..വൈറസ് രോഗങ്ങള്‍ക്കു ഏറ്റവും നല്ലതു വിശ്രമം തന്നെ.ചിക്കന്‍ പോക്സിനും അങ്ങനെ തന്നെ.

3:ഹോമിയോ എല്ലാത്തിനും ഫലപ്രദം ആണെന്ന് എനിക്കും തോന്നിയിട്ടില്ല.പിന്നെ വൈറസ് മൂലമുള്ള രോഗങ്ങള്‍ക്കു ഹോമിയോ കുറച്ചു കൂടി കൊള്ളാം എന്നു മാത്രം.ഏതു വൈദ്യ ശാ‍ഖക്കും അതിന്റേതായ ചില മേഖലകള്‍ ഉണ്ടു.അലോപ്പതി രക്ഷിക്കാത്ത് എത്രയോ സംഭവങ്ങള്‍ ആയുര്‍വേദത്തില്‍ സുഖം പ്രാപിക്കുന്നു.നീണ്ടു നില്‍ക്കുകയും മറ്റ് പ്രവര്‍ത്തികള്‍ക്കു തടസ്സം ചെയ്യാത്തതുമായ രോഗങ്ങള്‍ക്കു ഹോമിയോ നന്നാവും എന്നാണ് എനിക്കു തോന്നിയിട്ടുള്ളതു..പിന്നെ ചികിത്സയുടെ ഫലപ്രാപ്തി എന്നത് ഓരോ രോഗിയിലും മാറി മാറി വരില്ലെ?

4: ചിക്കന്‍ പോക്സിനു ഇപ്പോള്‍ നല്ല പ്രതിരോധ മരുന്നുകള്‍ ഉണ്ടു..വില ഒരു കുത്തി വയ്പിനു 450-500.അല്ലാതെ അവസാന നിമിഷത്തെ ഹോമിയോ ഗ്ലുക്കോസ് ഗുളികകള്‍ ഫലപ്രദം ആവില്ല തന്നെ...

എഴുതി എഴുതി മൈനയുടെ പോസ്റ്റിനെക്കാള്‍ കൂടി..അതു കൊണ്ട് നിര്‍ത്തുന്നു..ഇനിയും സംവാദം വരുത്തുന്ന പോസ്റ്റുകള്‍ ഇടുക....

അനില്‍ ഐക്കര said...

നമുക്കു കുറേ ഗിനിപ്പന്നികളേയും എലികളേയും ഇവര്‍ക്കെത്തിച്ചു കൊടുത്താലോ?"

This is not a question to be reduced here..You know in kerala the fever has affected lots of people severely. But still doctors are making experiments with paracetamol!

Let us give them some gini pigs urgently....\
Thanks for opening to a social problem!

ടി.സി.രാജേഷ്‌ said...

ഞാന്‍ ഒരു ഹോമിയോ വിശ്വാസിയാണ്‌. എനിക്കു വരുന്ന മിക്ക രോഗത്തിനും ഒറ്റ കോഴ്‌സ്‌ ഹോമിയോ മരുന്നുമതി മാറാന്‍. മാരകരോഗങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഏറെക്കാലം വിടാതെ പിന്തുടര്‍ന്ന സൈനിസൈറ്റിസ്‌ മാറ്റിയത്‌ ഹോമിയോ മരുന്നാണ്‌. അല്ലെങ്കില്‍ ഈ മരുന്നു കഴിച്ചകാലത്ത്‌ ഞാന്‍ ആര്‍ട്‌ ഓഫ്‌ ലിവിങ്ങിലെ സുദര്‍ശനക്രിയ സ്ഥിരമായി ചെയ്‌തിരുന്ന്‌ു. സൈനിസൈറ്റിസ്‌ മാറ്റിയത്‌ ഹോമിയോ അല്ലെങ്കില്‍ സുദര്‍ശനക്രിയയാണ്‌. ഇപ്പോള്‍ ഒരു പനി വന്നാല്‍, ചുമ വന്നാല്‍ എനിക്ക്‌ ഒരു കോഴ്‌സ്‌ ഹോമിയോ മരുന്നു മതി, ഇതുവരെ. എന്നാല്‍ ഹോമിയോ പരാജയപ്പെട്ട ഒരു പ്രശ്‌നമുണ്ട്‌. ചൊറിച്ചില്‍. എന്തിന്റേയോ അലര്‍ജിയാണ്‌. ശരീരമാസകലം ചൊറിഞ്ഞു തടിക്കും. ഹോമിയോ തോറ്റപ്പോള്‍ ആയുര്‍വേദം നോകക്‌ി. രക്ഷയില്ല. ഒടുവില്‍ അലോപ്പതി. തിരുവനന്തപുരത്തെ പ്രശ്‌സ്‌തനായ ത്വക്രോഗവിദഗ്‌ദ്ധന്‍ പരിശോധനയും മരുന്‌ുകളുമായി രൂപ അയ്യായിരത്തിലധികം വിഴുങ്ങി. മരുന്നു കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക്‌ ശാന്തി, പിന്നെ തഥൈവ. ഈ അലോപ്പതി മരുന്ന്‌ ഒരു വേദന സംഹാരിയെപോലെയാണു പ്രവര്‍ത്തിക്കുന്നത്‌. മയക്കാന്‍ മരുന്ന്‌ അലോപ്പതിയില്‍ മാത്രമല്ലേ ഉള്ളൂ....
ഹോമിയോ ഡോക്ടര്‍മാര്‍ പറയാറുണ്ട്‌, അവര്‍ രോഗത്തെയെല്ല രോഗിയെയാണു ചികില്‍സിക്കുന്നതെന്ന്‌. എന്റെ അച്ഛന്റെ കരളില്‍ ഒരു ചെറു മുഴ കണ്ടെത്തിയത്‌ അലോപ്പതി ഡോക്‌ടറാണ്‌. എക്‌സ്‌റേ സ്‌കാനിങ്‌ ഒക്കെ നടത്തിയശേഷം. ഞാന്‍ വിദഗ്‌ധ പരിശോധനക്കായി അച്ഛനെ മെഡിക്കല്‍കോളജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ്റിനെ കാണിച്ചു. മുഴ കരളിലല്ല, സ്‌ഴാസകോശത്തിലാണെന്ന്‌ അദ്ദേഹം. രണ്ടും കൂടി ചേരുന്ന ഭാഗത്താണത്രെ അത്‌. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ3കാരം തൊറാസിക്‌ സര്‍ജനെ കണ്ടു. അദ്ദേഹം ശസ്‌ത്രക്രിയ വിധിച്ചു. അര്‍ബുദമാണെന്നു സംശയം. ബയോപ്‌സി ചെയ്യണം. ഈ സമയത്ത്‌ ഞാന്‍ ഒരു ഹോമിയോ ഡോക്ടറോട്‌ ഇതേപ്പറ്റി വിശദീകരിച്ചു. കേവലം പഠനം പൂര്‍ത്തിയക്കിക്കൊണ്ടിരിക്കുന്ന സെപ്‌ഷലിസ്റ്റല്ലാത്ത ആ ഡോക്ടര്‍ പറഞ്ഞത്‌ ലക്ഷണം കേട്ടിട്ട്‌ അര്‍ബുദമൊന്നുമല്ല, കൈകളിലും മറ്റും കുരുവരുന്നപോലുള്ള വളര്‍ച്ചയാകാം. എന്തായാലും ബയോപ്‌സി നടത്തിക്കോളൂ, നിങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശ്വാസമാകട്ടെ എന്നായിരുന്നു. ബയോപ്‌സി ഫലം ഇന്നു കിട്ടി. ഹോമിയോ ഡോക്ടര്‍പറഞ്ഞത്‌ അക്ഷരം പ്രതി ശരിയായിരുന്നു.
എന്റെ മകന്‌ എക്‌സിമ എന്‌ രോഗമാണെന്നു വിധിച്ചത്‌ ഹോമിയോ ഡോക്ടറാണ്‌. അലോപ്പതിക്കാരും അതു തന്നെ പരഞ്ഞു. അലോപ്പതി കഴിക്കുമ്പോള്‍ പെട്ടെന്നു കുറയും. പിന്നെ പതിയെ അതിന്റെ പ്രശ്‌നങ്ങള്‍. ഹോമിയോ കഴിക്കുമ്പോള്‍ അതു വീണ്ടും പുറത്തുവരും. ഞങ്ങള്‍ സങ്കടം പറയുമ്പോള്‍ ഡോക്ടര്‍ വേറേ മരുന്നു തരും. പെട്ടെന്നു കുറയും.... എന്റെ ഭാര്യയുടെ നാളുകളായുള്ള കാലിനു വേദനയും കുറഞ്ഞത്‌ ഒറ്റ കോഴ്‌സ്‌ ഹോമിയോ മരുന്നിലൂടെയാണ്‌.
അതുകൊണ്ട്‌, എല്ലാ പതികളിലും അത്ഭുതങ്ങള്‍ മാത്രമാണു നടക്കുന്നതെന്നറിയുക. രക്തത്തിലേക്കു നേരിട്ടു മരുന്നുകയറ്റാനും ശരീരം കീറിമുറിച്ചു ചികില്‍സിക്കാനും അലോപ്പതിക്കു മാത്രമാണ്‌ അനുവാദം. അലോപ്പതി ഇത്രവലിയ സാധനമാകാന്‍ കാരണവുമതാണ്‌. അതിന്റെ പേരില്‍ ആയുര്‍വേദത്തേയും ഹോമിയോയേയുമൊന്നും തള്ളിപ്പറയുന്നതില്‍ അര്‍ഥമില്ല. ഓരോ ശരീരത്തിനും ഓരോ പതികളാണു ഫലിക്കുക, അത്രമാത്രം. 5000 മുടക്കി നടത്തുന്ന അലോപ്പതിയുടെ ഫലം 50 രൂപയുടെ ഹോമിയോയില്‍ നിന്നു കിട്ടുമ്പോള്‍ ആളുകള്‍ അതിനൊപ്പം പോകുന്നതുകണ്ട്‌ ആരും ബേജാറായിട്ടു കാര്യമില്ല.
മൈനക്ക്‌ ഒരു പക്ഷേ ഹോമിയോ ഫലിക്കുന്നുണ്ടാവില്ല. പ്രകൃതിജീവനക്കാര്‍ക്ക്‌ ഒരു പതിയോടും താല്‍പര്യമില്ലെന്നും ഓര്‍ക്കുക. മൈനക്ക്‌ സര്‍ക്കാര്‍ അംഗീകൃതബിരുദമില്ലാത്തതുകൊണ്ട്‌ വിഷചികില്‍സനടത്തിയാല്‍ ഫലപ്രദമാകില്ലെന്ന്‌ ഞാന്‍ പറഞ്ഞാല്‍. മൈനക്ക്‌ വിഷചികില്‍സയില്‍ മിശ്രചികില്‍സ പരീക്ഷിക്കാന്‍ എന്തധികാരം, എന്തു യോഗ്യത. സര്‍വ്വോപരി വ്യവസ്ഥാപിത നിയമപ്രകാരം നിങ്ങളൊരു വ്യാജ ഡോക്ടറാണ്‌. മൈന വിഷചികില്‍സ നടത്തിയ ാെരു രോഗി മരിച്ചാല്‍ വേണമെങ്കില്‍ പൊലീസിനെക്കൊണ്ടു നിങ്ങളെ അറസ്റ്റു ചെയ്യിക്കാന്‍വരെ കഴിയും. ആ വിഷ ചികില്‍സയുടെ അടിസ്ഥാനവുമായിചേര്‍ത്തുമാത്രം ഹോമിയോയെ വായിക്കുക.

ഷംസ്-കിഴാടയില്‍ said...

മൈന ഇത് നല്ലൊരു ചര്‍ച്ച തന്നെ..
എനിക്കും വന്നിട്ടുണ്‍ട് ചിക്കന്‍ പോക്സ്..
ഒരു 10 മാസം മുന്‍പ്..ഞാന്‍ ഒരു മരുന്നും കഴിചില്ല...
ശീതീകരണ മുറിയില്‍ കഞ്ഞിയും കുടിച്ച് കിടന്നു...
എന്റെ നാഡി ഞരമ്പുകളെയെല്ലാം ഒന്നു പിടിച്ചുലച്ച് രണ്‍ടാഴ്ച്ചക്ക് ശേഷം അവന്‍ കെട്ടടങ്ങി...മുഖത്തെല്ലാം കലകളുണ്‍ടായിരുന്നു...
കാര്യമായ ലേപനങ്ങളൊന്നും ഇല്ലാതെ എല്ലാം പോയി...
എല്ലാവര്‍ക്കും ഇത് പോലെ ആവണമെന്നില്ല..

ഇവിടെ എനിക്ക് പറയാനുള്ളത്...

ആയുര്‍വേദത്തെക്കാള്‍,ഹോമിയൊവിനെക്കാള്‍, അലോപ്പതിയെക്കാള്‍...
ഏത് അസുഖത്തെയും നിയന്ത്രിക്കാന്‍ കഴിവുള്ളത് ദൈവത്തിനാണ്...

hemjith said...

blog vayichu, eniku ippozhum oru idea kittiyittilla, nhan ella system medicine upayogikarundu. Instead of blaming a system, why cant we blame a doctor? I read a report that Homeo and Ayurveda system has done a good job in recent fever issues in kerala. Basic thing in these system is that practiioners are not confindent in their system, due to lack of exposure. To treat major diseases, They are usually getting patients who have tried all other systems and finally they come to homeo and Ayurveda systems. Lot of research and other machines are used for modern medicine, But what is the case of Homeo and Ayurveda.
But in the present scenario modern medicine is going to be a burden for common man. Comparing to other system of medicine MBBS doctors are falling in to trap of medicine manufacturers. They are just volume makers for these companies, who offer them foreign trips, consumer goods and other luxuries and liquor parties. So let the patient decide on treatment.

അശോക് കർത്താ said...

വളരെ പ്രസിദ്ധനായ ഒരു ദോക്ടറ് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ 60% രോഗ്ഗികള്‍ക്കും യഥാര്‍ത്ഥത്തില്‍ രോഗമൊന്നുമില്ല. രോഗത്തേക്കുറിച്ചുള്ള ആശങ്കമാത്രമേയുള്ളു. വയറ്റിപ്പിഴപ്പിനുവേണ്ടി അവരെ ചികിത്സിക്കാതെ നിര്‍വ്വാഹമില്ല. ബാക്കി 40%ല്‍ പകുതിയും ചികിത്സിച്ചില്ലെങ്കിലും ഭേദമാകുന്ന രോഗമുള്ളവരാണു.പിന്നെയുള്ളവരുടെ കാര്യം. അത് ദൈവംതമ്പുരാന്‍ നിശ്ചയിക്കും.ഞങ്ങള്‍ ചികിത്സിക്കും. ഇതാണു വൈദ്യത്തിന്റെ സ്ഥിതി.സര്‍പ്പഗന്ധിക്ക് സംഭവിച്ചത് ഒരു ധാരണപ്പിശകാണു.ഡോക്ടറന്മാര്‍ പറയുന്നത് വേദവാക്യമാണെന്ന് കരുതുന്നു. ഇന്ന് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഡോക്ക്ടറന്മാര്‍ചുരുക്കമ്മാണു. ഇവിടെ വൈദ്യശാസ്ത്രിന്റെ തകരാറൊന്നും കാണാനില്ല. അത് പ്രയോഗിച്ചവരുടെ കൌഴപ്പമേയുള്ളു. സര്‍പ്പഗന്ധി അതിനു ഇരയായി. അത് തിരിച്ചറിഞ്ഞത് ഗംഭീരം. മനുഷ്യനു പട്ടിക്കും പൂച്ചയ്ക്കുമുള്ള സാമാന്യവിവേകം പോലുമില്ലാത്ത അവസ്ഥയാണു ഇന്ന്. ഒരസുഖം വന്നാല്‍ പൂച്ച എത്ര ഡോക്ടറെക്കാണും? അതിന്റെ ഉള്ളില്‍ നിന്നു ഒരു ശക്തി നയിക്കുന്ന ദിശയില്‍ ചെന്ന് ഏതെങ്കിലും പുല്ലോ ഇലയോ മണ്ണോ തിന്നു അസുഖം മാറ്റും. മനുഷ്യനോ, വേറൊരു ദുരാഗ്രഹിയായ മനുഷ്യനെ ചെന്ന് കണ്ട് വിഷം വാങ്ങിത്തിന്നും. എന്നിട്ട് ബ്ലോഗെഴുതും.
http://ashokkartha.blogspot.com/