Thursday, May 3, 2007

പുസ്‌തകപ്രകാശനം

എന്റെ രണ്ടു പുസ്‌തകങ്ങുടെ പ്രകാശനം മെയ്‌ 5-ം തീയതി വൈകിട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ മലബാര്‍ പാലസില്‍ വെച്ചു നടത്തുന്നു.
പുസ്‌തകങ്ങള്‍
‍ചന്ദനഗ്രാമം-നോവല്‍ (മാതൃഭൂമി ബുക്‌സ്‌)
വിഷചികിത്സ-പഠനം (ഒലിവ്‌ പബ്ലിക്കേഷന്‍സ്‌)
പ്രകാശനം എം. പി. വീരേന്ദ്രകുമാര്‍ എം. പി.
പുസ്‌തകങ്ങള്‍
പരിചയപ്പെടുത്തുന്നത്‌ കെ. വി. അനൂപ്‌ (കഥാകൃത്ത്‌)
കോഴിക്കോട്‌ മലബാര്‍ പാലസിലേക്ക്‌ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നോവല്‍
ചന്ദനഗ്രാമം
ചന്ദനസുഗന്ധം ശ്വസിച്ച്‌ താഴ്‌വര കിടന്നു.
അതിന്റെ ഉയര്‍ച്ചകളില്‍ അഞ്ചു ഗ്രാമങ്ങളും...
തായ്‌താപ്പാന്മാരായി* പറഞ്ഞു കേട്ടതാണ്‌.അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി.നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു. അവിടെ അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി പാര്‍ത്തു.ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു.താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു. അഞ്ചു ഊരുകളിലും പെരിയധനം* നിറഞ്ഞു.അഞ്ചു നാടിന്റെ മുനിയറകളില്‍ ചരിത്രം മയങ്ങി.
താഴ്‌വരയുടെ മണിയരഞ്ഞാണമായി പാമ്പാര്‍ കിഴക്കോട്ടൊഴുകി. താഴ്‌വരയില്‍ വീശിയ ചന്ദക്കാറ്റില്‍ കരിമ്പുകാടുകള്‍ ഒന്നാകെ ഉലഞ്ഞ്‌ മര്‍മ്മര സംഗീതമുതിര്‍ന്നു.
അവിടെ തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും ഒരുമിച്ചു വാണു.
ചന്ദനഗ്രാമത്തിലേക്ക്‌ സ്വാഗതം
6-ാം അദ്ധ്യായത്തില്‍ നിന്നും
പണ്ട്‌ താഴ്‌വരയിലൊരു കന്യാസ്‌ത്രീയുണ്ടായിരുന്നു. ചുവന്ന ചുണ്ടും തിളങ്ങുന്ന കണ്ണുകളുമുളള അവര്‍ക്ക്‌ സ്‌കൂളിനോടു ചേര്‍ന്നുളള പൂന്തോട്ടത്തിലെ കന്യാമറിയത്തിന്റെ ശില്‌പത്തോട്‌ സാമ്യമുണ്ടായിരുന്നു. അവര്‍ പൊട്ടിപ്പഴം തേടി ചന്ദനമരങ്ങള്‍ സുഗന്ധം പൊഴിച്ചുനിന്ന കൊങ്ങിണിക്കാട്ടിലൂടെ അലഞ്ഞു. മാഞ്ചുവട്ടിലെത്തിയപ്പോള്‍ മാമ്പൂക്കള്‍ കന്യാസ്‌ത്രീയെ മാടി വിളിച്ചു.``സിസ്റ്റര്‍ക്കു പുളിയന്‍ മാങ്ങ തിന്നണോ?''കന്യാസ്‌ത്രീക്ക്‌ വായില്‍ വെളളമൂറി. അവര്‍ മാഞ്ചുവട്ടില്‍ വീണു കിടന്ന മാമ്പൂക്കള്‍ വാരി വായിലിട്ടു. അതു കണ്ട്‌ കുനിഞ്ഞു കൊടുത്ത മാവിന്‍ ചില്ലകള്‍ പറഞ്ഞു.``മാവിന്‍ കൊമ്പിലൊരു കൂടൂകൂട്ടിക്കൊളളൂ.''കന്യാസ്‌ത്രീ മാവിന്‍ കൊമ്പില്‍ കയറിട്ടു. പിന്നെയതിനൊരു കുരുക്കുമിട്ടു.
അങ്ങനെ കന്യാസ്‌ത്രീയുടേതു മാത്രമായ മാവിന്‍ചുവട്ടില്‍ കുട്ടികള്‍ ഉച്ച നേരത്ത്‌ കണ്ണിമാങ്ങ പെറുക്കാന്‍ പോയി. മാങ്ങ പെറുക്കി തിന്നവരൊന്നും പിറ്റേന്ന്‌ സ്‌കൂളില്‍ വന്നില്ല. അവരൊക്കെ വീട്ടില്‍ പനിച്ചു കിടന്നു.കന്യാസ്‌ത്രീ തൂങ്ങി മരിച്ച മാവുവെട്ടി വിറകട്ടികളാക്കി വെച്ചു. കന്യാസ്‌ത്രീ മഠത്തിലെ കുശിനിപ്പുരയില്‍ മാവിറകു കത്തുമ്പോള്‍ പാചകകാരിയോട്‌ മാവിറകിന്റെ പുക ചോദിച്ചു.
``ഞാനിനി എവിടെ പോകും ചേട്ടത്തി?''
ചേട്ടത്തി അടുപ്പിലൊന്നു കൂടി ഊതിയിട്ടു പറഞ്ഞു.
``നീ ഈ താഴ്‌വരയെ മഞ്ഞിന്‍ പുതപ്പണിയിക്കൂ.''
അദ്ധ്യായം പത്തില്‍ നിന്ന്‌
മഠത്തിലെ സ്‌ക്കൂളിന്റെ പ്രധാന മൂന്നു കെട്ടിടങ്ങളുടേയും ഇടയില്‍ മൈതാനത്ത്‌ ഉണങ്ങിയ ചന്ദനമരത്തില്‍ തൂക്കിയിരുന്ന മണി നഷ്‌ടപ്പെട്ടിരിക്കുന്നു. ഓരോ പിരിയഡും കഴിയുന്നതറിയിക്കാന്‍ ഗര്‍ഭിണിയായ വിക്‌ടോറിയ കൈയിലൊരു ഇരുമ്പു ദണ്‌ഡുമായി വയറും താങ്ങി ചന്ദനമരച്ചുവട്ടിലേക്കു പോയിരുന്നു. ആ മരം ഉണങ്ങി ദ്രവിച്ച്‌ ഭൂമിയിലൊരു ദിവസം വീഴുമെന്ന്‌ വിക്‌ടോറിയ വിശ്വസിച്ചു. അപ്പോള്‍ ഏതു മരത്തില്‍ മണിതൂക്കുമെന്ന്‌ ആശങ്കപെടുകയും ചെയ്‌തു. പക്ഷെ ഒരിക്കല്‍പോലും മണി മോഷ്‌ടിക്കപ്പെടുമെന്നവള്‍ കരുതിയിരുന്നില്ല. ചന്ദനമരത്തില്‍ കമ്പിയില്‍ തൂക്കിയിട്ടിരുന്ന പല്‍ച്ചക്രത്തില്‍ ഇരുമ്പുദണ്‌ഡുകൊണ്ടടിക്കുമ്പോള്‍ ഉയരുന്ന മണിനാദത്തിനും ചന്ദനമണമുണ്ടായിരുന്നു.
അടുത്ത പീരിയഡിലേക്കു കേട്ട പുതിയ ഓട്ടുമണിയൊച്ച വേദനയോടെയാണ്‌ ചരിത്രാധ്യാപിക സരോജം ഉള്‍ക്ക ണ്ടത്‌. ചരിത്രക്ലാസ്സുകളിലേക്ക്‌ കാതോര്‍ക്കുമ്പോള്‍ അഞ്ചുനാടിന്റെ ചരിത്രമറിയാന്‍ റിയ മോഹിച്ചിരുന്നു. പക്ഷേ പാഠപുസ്‌തകത്തിന്റെ അകംതാളുകളില്‍ നിന്ന്‌ ടീച്ചര്‍ പുറത്തുവന്നതേയില്ല. അന്ന്‌ സരോജടീച്ചര്‍ പുസ്‌തകം നിവര്‍ത്തിയെങ്കിലും പറഞ്ഞത്‌ മറ്റൊന്നായിരുന്നു.
``കഷ്‌ടമായിപ്പോയി.''
കഷ്‌ടമായതെന്താണെന്നറിയാനുള്ള ആശങ്കയില്‍ കാതുകൂര്‍പ്പിക്കുമ്പോള്‍ ടീച്ചര്‍ മണിയുടെ ചരിത്രം പറയുകയായിരുന്നു.
പണ്ട്‌, വേനലില്‍ ചുട്ടുപൊള്ളിക്കിടന്ന അഞ്ചുനാടിന്റെ കാടുകള്‍ക്കുമേല്‍ ദിക്കറിയാതെ വഴിതെറ്റി വന്ന വിമാനം ഉയര്‍ന്നു നില്‍ക്കുന്ന കുന്നില്‍തട്ടി കത്തിക്കരിഞ്ഞു വീണു. അഗ്നിയുടെ കെട്ടടങ്ങലിനു ശേഷം ഇവിടത്തുകാര്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ തേടി കാട്ടിലേക്കു നടന്നു. അതിലൊരാള്‍ക്കു കിട്ടിയത്‌ ഇരുമ്പുപല്‍ചക്രമായിരുന്നു. അയാള്‍ സ്‌ക്കൂളിനു സമ്മാനിച്ച പല്‍ച്ചക്രം മണിയായി ഉപയോഗിക്കാന്‍ പൂവും കായുമായി നിന്ന ചന്ദനമരത്തില്‍ കെട്ടിതൂക്കി.
ചന്ദനമരമുണങ്ങിയെങ്കിലും പല്‍ച്ചക്രം നേരിയ തുരുമ്പോടെ ഓരോ പീരിയഡും ഇരുമ്പു ദണ്‌ഡിന്റെ അടിയേറ്റു തളര്‍ന്ന്‌ ചന്ദനമരത്തില്‍ ഞാന്നു കിടന്നു.ഉണങ്ങിയ ചന്ദനമരം മാനോടുന്ന സ്‌ക്കൂള്‍ മൈതാനത്തിനരുകില്‍ അരഞ്ഞാണം നഷ്‌ടപ്പെട്ട കുട്ടിയെപ്പോലെ നിന്നു.
ചന്ദനഗ്രാമത്തിലേക്ക്‌ ഒരിക്കല്‍കൂടി സ്വാഗതം

18 comments:

Myna said...

രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം. മാതൃഭൂമി നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നോവലും, ഒലിവ്‌ പബ്ലിക്കേഷന്റെ വിഷചികിത്സ പഠനവും.
പ്രകാശനം എം. പി. വീരേന്ദ്രകുമാര്‍

മലബാര്‍ പാലസ്‌ കോഴിക്കോട്‌
മെയ്‌ 5 വൈകിട്ട്‌ 6 മണി.

സു | Su said...

അഭിനന്ദനങ്ങളും ആശംസകളും.

കരീം മാഷ്‌ said...

മൈനക്കാശംസകള്‍,

വേണു venu said...

അനുമോദനങ്ങള്‍‍!!!

sandoz said...

ആശംസകള്‍.......

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍

സുന്ദരന്‍ said...

മറയൂരിലെ ചന്ദനമണം ലോകം മുഴുവന്‍പരക്കട്ടെ..
മൈനക്കാശംസകള്‍,

Unknown said...

മൈനേ,
പെരുമ്പളക്കാരനായ് ഈ കാഞ്ഞിരോട്ടുകാരന്റെ അഭിനന്ദാങ്ങളും ഒപ്പം ആശംസകളും....

ദേവന്‍ said...

സന്തോഷം മൈന. അഭിനന്ദനങള്‍

asdfasdf asfdasdf said...

സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങള്‍. ഇനിയും ഏറെ കൃതികള്‍ പ്രശസ്തരായ പബ്ലിക്കേഷനിലൂടെ വെളിച്ചം കാണാനാനിടവരുത്തട്ടെയെന്നു ആശംസിക്കുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ആശംസകള്‍...
ഒരാഴ്ച മുന്‍പാരുന്നേല്‍ കൂടാമായിരുന്നൂ...പുസ്തകങ്ങള്‍ വാങ്ങുന്നുണ്ട്..

എം. മുഹമ്മദ് ഷാഫി said...

വളരെ സ്വാഭാവികമായ ഭാഷ...നല്ല ഒഴുക്ക്... ഇനിയും വാക്കിന്‍ കൂട്ടം പുസ്തകങ്ങളാകട്ടെ എന്ന് ആശംസ...

വല്യമ്മായി said...

ആശംസകള്‍

Visala Manaskan said...

നല്ല ഭാഷ. സന്തോഷം. അഭിനന്ദനങ്ങള്‍ മൈന.

നാട്ടിലുണ്ടായിരുന്നെങ്കില്‍.. എന്നാഗ്രഹിച്ചുപോകുന്ന സന്ദര്‍ഭങ്ങള്‍ കൂടിക്കൂടി വരികയാണിപ്പോള്‍.

ഒരു ബുക്ക് വീതം ഇപ്പോഴേ ബുക്ക്ഡ്.

ഗുപ്തന്‍ said...

നല്ല ഭാഷ. അതിലപ്പുറം അത്ഭുതാവഹമായ കയ്യടക്കം. (ആ കന്യാസ്ത്രീയെക്കുറിച്ചെഴുതിയ ഭാഗം !!!!!)

അഭിനന്ദനങ്ങളും ആശംസകളും മൈനാ..ഒരു കോപ്പികിട്ടിയിരുന്നെങ്കില്‍.... കോപ്പിയടിക്കാമായിരുന്നൂ....... :).. ഹെയ് ചുമ്മാ...

Pramod.KM said...

അഭിനന്ദനങ്ങള്‍.
ഫോണ്ട് മനസ്സിലാകുന്നില്ല.അതിനാല്‍ എഴുതിയതൊന്നും മനസ്സിലായില്ല.ഫയറ്ഫോക്സ് ആയതിനാലാവാം.;)
എങ്കിലും ആശംസകള്‍;)

Joseph Antony said...

മൈന,ഹൃദയം നിറഞ്ഞ അഭിന്ദനങ്ങള്‍.
പ്രമോദ്,
ഞാന്‍ ഉപയോഗിക്കുന്നത് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്. ഫയര്‍ഫോക്സിന്‍റെ പുതിയ വകഭേദത്തിന്‍റെ ഏഷ്യന്‍ എഡിഷന്‍ ഉപയോഗിച്ചാല്‍ മലയാളം വായിക്കാന്‍ പറ്റുമെന്ന് ഈ രംഗത്തുള്ള ഒരു സുഹൃത്തു പറഞ്ഞു. ശ്രമിച്ചു നോക്കൂ(എനിക്ക് ഇത് കെട്ടുകേഴ്വിയേ ഉള്ളൂ എന്നുകൂടി പറഞ്ഞു കൊള്ളട്ടെ)

ഹരിയണ്ണന്‍@Hariyannan said...

അഭിനന്ദനങ്ങള്‍...
വായിക്കാനാഗ്രഹിച്ച് ഈ മരുഭൂമിയില്‍ കാത്തിരിക്കാമെന്നല്ലാതെ...