Saturday, April 28, 2007

അഞ്ചുപൈസയുടെ വില

കുട്ടിക്കാലത്തെ ചില കളളത്തരങ്ങള്‍.
അച്ഛന്‌ ഷേവു ചെയ്യാന്‍ ബ്ലേഡ്‌ വേണം. 75 പൈസ തന്ന്‌ ബ്ലേഡു വാങ്ങാന്‍ പറഞ്ഞു വിട്ടു. ബ്ലേഡുവാങ്ങുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. ഒന്നൊന്നര മൈല്‍ വയലിലൂടെ നടന്ന്‌ സ്‌കൂളിനടുത്തുളള മേരിസ്‌റോറിലെത്തണം. അടുത്തുള്ള കട അതാണ്‌.
ഞാനും അനിയത്തിയും കൂടി വയലിലൂടെ നടന്നു. പക്ഷേ ഒരു പ്രശ്‌നം. അവള്‍ക്ക്‌ 'മുട്ടായി' വേണം. പഞ്ചസാര, ശര്‍ക്കര, കരുപ്പട്ടി തുടങ്ങി മധുരം തോന്നിക്കുന്ന എന്തും അവ കട്ടുതിന്നും. പഞ്ചസാര പാത്രം അമ്മ ഒളിപ്പിച്ചു വെയ്‌ക്കുകയാണു ചെയ്യാറ്‌.
അമ്മക്ക്‌ ആയൂര്‍വേദാശുപത്രിയില്‍ ജോലിയായിരുന്നതുകൊണ്ട്‌ ലേഹ്യത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പഞ്ചസാര കിട്ടിയില്ലെങ്കിലെന്ത്‌ ..ലേഹ്യം ശാപ്പിട്ടുകളയും അവള്‍. ഒരു വൈകുന്നേരം അവളെ കാണാഞ്ഞ്‌ അമ്മ അവളെ തിരക്കി നടന്നു. വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല. വീടിനു പുറകിലേക്കിറങ്ങി വിളിച്ചപ്പോള്‍ താഴേ കൈത്തോട്ടില്‍ നിന്നൊരു ഞരക്കം.
"എനിക്കിവടന്ന്‌ വരാമ്മേലാന്നേ.."
അന്നമ്മ ജോലിക്കു പോയ നേരം നോക്കി അവളെടുത്തു തിന്നത്‌ മാണിഭദ്രമായിരുന്നു.അങ്ങനത്തെ മധുരക്കാരിയേയും കൊണ്ടുള്ള ബ്ലേഡു വാങ്ങാന്‍ പോക്ക്‌ അത്ര പന്തിയല്ല. വഴിയില്‍ വെച്ചവള്‍ പറഞ്ഞു.
"മുട്ടായി മേടിക്കണം"
അന്ന്‌ 60 പൈസയാണ്‌ ബ്ലേഡിന്‌. ബാക്കി 15 പൈസയുണ്ട്‌. 15 പൈസക്ക്‌ പൊടിമിഠായി കിട്ടും. തേന്‍ മിഠായിയോ, നാരാങ്ങാമിഠായിയോ 3 എണ്ണം കിട്ടും. പക്ഷേ അവള്‍ക്കത്‌ പറ്റില്ല. 4 എണ്ണം വാങ്ങണം.ഞങ്ങള്‍ ആലോചനയായി.
50,25 തുട്ടുകളാണ്‌ കൈയ്യിലുള്ളത്‌. 25 പൈസയും വാങ്ങി അവള്‍ മേരിസ്റ്റോറില്‍ പോയി അവള്‍ 4 തേന്‍ മിഠായിയുമായി നിന്നു. അതുവരെ ഞാന്‍ മേരിസ്‌റ്റോറിനു കുറച്ചുമാറി വയലില്‍ നിന്നു. ബാക്കി 55 പൈസമാത്രം.
ഇനി എന്റെ ഊഴമാണ്‌. 5 പൈസക്ക്‌ എന്തു കണക്കുപറയാന്‍ എന്ന തോന്നലായിരുന്നു. പക്ഷേ മേരിസ്റ്റോറിലെ അപ്പാപ്പന്‍ 55 പൈസ കൊടുത്തപ്പോള്‍ ബ്ലേഡു തിരിച്ചു വാങ്ങി. നാളെതരാമെന്നു പറഞ്ഞിട്ടും കാര്‍ന്നോര്‌‌ കുലുങ്ങിയില്ല. ദാരിദ്ര്യവാസി.
ബ്ലേഡില്ലാതെ വീട്ടില്‍ ചെല്ലുന്ന കാര്യം ഒര്‍ക്കാന്‍ വയ്യ. അമ്മയെയാണ്‌ കൂടുതല്‍ പേടി. കൊല്ലും....മിഠായി നാലും വീതംവെച്ച്‌ തിന്നു കഴിഞ്ഞു. അടുത്ത കടയിലേക്ക്‌ പിന്നെയും ഒരു കിലോമീറ്റര്‍ നടക്കണം.
എന്തുചെയ്യാന്‍ നടക്കുക തന്നെ. മുഠായി നുണഞ്ഞ്‌ അവള്‍ വയലില്‍ നില്‌ക്കുകയാണ്‌. എന്റൊപ്പം വരില്ല. വിളിച്ചപ്പോള്‍ കൊഞ്ഞനം കുത്തി.
നിവൃത്തിയില്ല അടുത്ത കടയിലേക്ക്‌ തന്നെ നടന്നു. "നീ ഏതാ കൊച്ചേ?"
'അചഛന്‍, അമ്മ..വീട്‌...'.തുടങ്ങി നൂറു ചോദ്യങ്ങള്‍ക്കൊടുവില്‍ പിറ്റേന്ന്‌ 5 പൈസ കൊടുക്കണമെന്ന വ്യവസ്ഥയില്‍ ബ്ലേഡു തന്നു.
ബ്ലേഡു കാണുമ്പോഴൊക്കെ ഇക്കഥയോര്‍ക്കും. പത്തു പതിനഞ്ചുകൊല്ലം കഴിഞ്ഞു. പക്ഷേ ഇതേ വരെ അഞ്ചു പൈസ ചില്ലറയൊത്തില്ല. ഇനിയുമുണ്ടല്ലോ നാളെ...

16 comments:

Myna said...

അമ്മക്ക്‌ ആയൂര്‍വേദാശുപത്രിയില്‍ ജോലിയായിരുന്നതുകൊണ്ട്‌ ലേഹ്യത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പഞ്ചസാര കിട്ടിയില്ലെങ്കിലെന്ത്‌ ..ലേഹ്യം ശാപ്പിട്ടുകളയും അവള്‍. ഒരു വൈകുന്നേരം അവളെ കാണാഞ്ഞ്‌ അമ്മ അവളെ തിരക്കി നടന്നു. വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല. വീടിനു പുറകിലേക്കിറങ്ങി വിളിച്ചപ്പോള്‍ താഴേ കൈത്തോട്ടില്‍ നിന്നൊരു ഞരക്കം.

"എനിക്കിവടന്ന്‌ വരാമ്മേലാന്നേ.."

അന്നമ്മ ജോലിക്കു പോയ നേരം നോക്കി അവളെടുത്തു തിന്നത്‌ മാണിഭദ്രമായിരുന്നു.അങ്ങനത്തെ മധുരക്കാരിയേയും കൊണ്ടുള്ള ബ്ലേഡു വാങ്ങാന്‍ പോക്ക്‌ അത്ര പന്തിയല്ല. വഴിയില്‍ വെച്ചവള്‍ പറഞ്ഞു.
"മുട്ടായി മേടിക്കണം"

myexperimentsandme said...

നല്ല ഓര്‍മ്മ.

മാണിഭദ്രം?

അമ്മയ്ക്ക് ആയുര്‍വേദ ആശുപത്രിയില്‍ ജോലിയാണെങ്കില്‍ വീട്ടില്‍ ലേഹ്യം വരുമല്ലേ (ചുമ്മാതാണേ) :)

ഇനി ആ അഞ്ചുപൈസാ കൊടുത്ത് കടം വീട്ടാന്‍ പറ്റുമോ. അഞ്ചുപൈസയൊക്കെ പിന്‍‌വലിച്ചില്ലേ. ഭാഗ്യം, ബ്ലേഡിന് കടം പറഞ്ഞെങ്കിലും ബ്ലേഡുകാരന് കടം പറയാത്തത്. അല്ലെങ്കില്‍ പലിശയും കൂട്ടുപലിശയും നോക്കുപലിശയുമായി മിറുഗം സാജു ബബിള്‍ഗം ഒക്കെ ചവച്ചരച്ച് ഒരു അഞ്ചുലക്ഷത്തിന്റെ ബില്ലുമായി വീട്ടില്‍ വന്നേനെ .

അന്നമ്മ അന്നമ്മയാണോ അന്ന് അമ്മയാണോ എന്നൊരു ശങ്കയുമുണ്ടായി ഒരു നാനോസെക്കന്റിന്.

ദേവന്‍ said...

വക്കാരിക്കു മാണിഭദ്രം പിടികിട്ടിയില്ലേ? http://en.wikipedia.org/wiki/Laxative എന്നയിടത്തു പേര്‍ ചേര്‍ക്കേണ്ട ഒരു സാധനമാണു അത്.

(മൈന, എനിക്കു നാരങ്ങാ മിട്ടായി, മിന്റ് ഉള്ള “ഗ്യാസ്” മിഠായി ഒക്കെ വലിയ വീക്നെസ്സ് ആണു ഈ വയസ്സുകാലത്തും.)

myexperimentsandme said...

ഹ...ഹ... തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ ഇത് തന്നെ, ഇത് തന്നെ, ഇത് തന്നെ. നന്ദി ദേവേട്ടാ :)

ദേവന്‍ said...

നാന്‍ വള്ളി അല്ലൈ, മുരുകന്‍ ആക്കും മുരുകന്‍- പണ്ടാറമാ നിന്ത്‌ പഴനി ആണ്ടിയാകി ദണ്ഡായുധം ധരിച്ച ദേവന്‍
(പാട്ട്‌ അതുല്യാമ്മക്കു വെടിക്കെട്ട്‌ ചെയ്തു)
മൈനാ, ഓഫിനു മാപ്പ്‌, മാപ്പ്‌, ഏത്തം.

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ മൈന ഞാനായി.
കുട്ടിക്കാലം തൊട്ടകലത്തു വന്നു.

സാജന്‍| SAJAN said...

നല്ല കഥ..അഭിനന്ദനനങ്ങള്‍!!!

ആഷ | Asha said...

ഇതുവരെ 5 പൈസയുടെ കടം തീര്‍ത്തില്ലേ?
കഷ്ടോണ്ടുട്ടോ ;)

അനിയത്തി ഇപ്പോഴും മധുരപ്രിയ തന്നെയോ?

മൈനേ ഓര്‍മ്മക്കുറിപ്പ് നന്നായിരുന്നു

വേണു venu said...

അറിഞ്ഞും അറിയാതെയുമുള്ള എത്രയോ വീട്ടാ കടങ്ങള്‍.
മൈനേ, ഓര്‍മ്മക്കുറിപ്പു് നന്നായി.:)

നിമിഷ::Nimisha said...

അനിയത്തിയ്ക്ക് മിട്ടായി വാങ്ങാന്‍ എടുത്ത ആ ‘റിസ്കിന്’ ഇരട്ടി മധുരം :)കുട്ടിക്കാലത്തേയ്ക്ക് മനസ്സിനെ തിരിച്ച് പായിച്ച നല്ല ഒരു ഓര്‍മ്മക്കുറിപ്പ്!

ഏറനാടന്‍ said...

മൈന, അഞ്ചുപൈസ എന്ന തലക്കെട്ട്‌ കണ്ട്‌ വന്നതാണ്‌. ഒരു അഞ്ചുപൈസയുടെ കോലുമിഠായി കഥ ഞാനെഴുതി കൈവേദന മാറിയില്ല. ഇതതിലും 'ടച്ചിംഗ്‌' ആയതുപോലെ.

തറവാടി said...

:)

Kaithamullu said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

വായിച്ചു.... ചിലഓര്‍മ്മകള്‍ മനസ്സിലെത്തി.

Kaithamullu said...

ബാല്യത്തില്‍ മാത്രമല്ല വയസ്സായാലും അഞ്ച് പൈസ അഞ്ച് പൈസ തന്നെ. സമയം, സന്ദര്‍ഭം എവയൊക്കെ അനുസരിച്ചാ വിലയെന്നു മാത്രം.

-മൈനാ, മൈനാകമായി ഉയര്‍ന്നു പാറട്ടെ ഓര്‍മ്മകള്‍!

സാരംഗി said...

5 പൈസയ്ക്കായാലും എത്ര വിലയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു ഇത്‌. പിന്നെ,ആഷ പറഞ്ഞപോലെ ആ കടം വീട്ടാഞ്ഞത്‌ കഷ്ടമായി..:-)