
വീടിനടുത്ത് ഒരു വായനശാല തുടങ്ങിയത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വളരെ കുറച്ചു പുസ്തകങ്ങള്‍. അതിലധികവും ലേഖനങ്ങള്‍. പലരുംസംഭാവന കൊടുത്തതുകൊണ്ടാവണം. കഥകളുടെയും നോവലുകളുടേയും എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു.
എം. ടിയുടെ കാലത്തില്‍ തുടങ്ങി പത്താംക്ലാസ്സിലെ വെക്കേഷന്‍കാലത്ത് നോവലുകളെല്ലാം വായിച്ചു തീര്‍ത്തു. വായിക്കാന്‍ പുസ്തകം കിട്ടാത്തതിന്റെ വേദന ശരിക്കുമറിഞ്ഞു തുടങ്ങി. വഴികളൊന്നുമില്ല. ആകെ കിട്ടുന്നത് പൈങ്കിളി വാരികകളാണ്. കുറേ പുസ്തകങ്ങള്‍ വായിച്ച് ചിന്തയില്‍ ആകെ മാറ്റം വന്നതോടെ പൈങ്കിളി നോവലുകളോട് മടുപ്പായി...
അങ്ങനെ വായിക്കാന്‍ പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരിക്കുമ്പോഴാണ് മനോരമ ആഴ്ചപ്പതിപ്പില്‍ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിക്കുന്നത്. പിന്നെ ഒറ്റയടിപ്പാത...
കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ തോന്നി...തോന്നലുകള്‍ മാത്രം മിച്ചം. മാധവിക്കുട്ടി എന്ന എഴുത്തുകാരി എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. എഴുതുന്ന ഒരാളെ കാണാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അതു മാധവിക്കുട്ടി മാത്രമായിരുന്നു. ഭേദപ്പെട്ട ഒരു വായനശാല നാട്ടിലുണ്ടായി. ഞാനൊരു കൗമാരക്കാരി. അന്നൊക്കെ കുറേ ചെറുക്കന്മാര് പോയിരിക്കുന്ന ആ ലൈബ്രറി എനിക്കന്യമാണെന്ന തോന്നലായിരുന്നു. പെമ്പിള്ളേര് ആരും പോയിക്കണ്ടില്ല. കുറച്ചൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ഥിരം കിട്ടാന്‍ തുടങ്ങി. പേര് ഒന്നുരണ്ടിടത്ത് അച്ചടിച്ചു വന്നു....
അങ്ങനെയിരിക്കെയാണ് ഇളയച്ഛന് ലൈബ്രേറിയിനായിരിക്കാന്‍ എന്നെ വിളിക്കുന്നത്. ശരിക്കും സ്വര്‍ഗ്ഗം കിട്ടിയപോലെ...എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് എന്നേക്കാള്‍ സന്തോഷമാണെന്നു തോന്നി. വായനയുടെ ലോകത്തേക്കെത്താനായല്ലോ എന്നവന് പറയുമ്പോള്‍ കണ്ണുകള്‍ വല്ലാതെ തിളങ്ങിയിരുന്നതോ നിറഞ്ഞതോ എന്ന് മനസ്സിലായില്ല.
ആദ്യത്തെ പണി പുസ്തകങ്ങള്‍ തരം തിരിച്ച് എഴുതിവെക്കുകയായിരുന്നു.
ആ പുസ്തകങ്ങള്‍ക്കിടയില്‍ തെരഞ്ഞത് മാധവിക്കുട്ടിയുടെ രചനകളായിരുന്നു. മുമ്പത്തെ ലൈബ്രേറിയനെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ പുസ്തകങ്ങളൊന്നുമില്ലേ എന്നു ചോദിച്ചു.
മറുപടി എന്നെ വല്ലാതെ അമ്പരിപ്പിച്ചു.
'അവര്‍ ഒരു വൃത്തിക്കെട്ട സ്ത്രീയാ...
അവരെഴുതുന്നതൊന്നും വായിക്കാന്‍ കൊള്ളില്ല....'
എന്തൊരു മുന്‍വിധി!!!!....
ഒന്നരമാസത്തിനുള്ളില്‍ ആ പണി ഞാനുപേക്ഷിച്ചു. അതിനുള്ള കാരണം ലൈബ്രറിയോ കമ്മറ്റിയോ ഒന്നുമായിരുന്നില്ല. പുസ്തകങ്ങളുടെ ഇടയിലെ ഒന്നരമാസത്തില്‍ നിന്ന് ഹൃദയവേദനയോടെ ഇറങ്ങിപ്പോന്നു, ചില നുണകള്‍ ചേര്‍ത്തുവെച്ചുകൊണ്ട്.
പിന്നീട് നെഹ്റു യുവ കേന്ദ്രയില്‍ നിന്നാണ് പക്ഷിയുടെ മണവും ചേക്കേറുന്ന പക്ഷികളും എന്റെ കഥയും നീര്‍മാതളം പൂത്തകാലവുമൊക്കെ കിട്ടുന്നത്. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമൊക്കെ എന്തെല്ലാമോ ഗന്ധങ്ങളുണ്ടെന്ന് തോന്നി തുടങ്ങി. എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു.
എന്റെ വായനയില്‍ മാധവിക്കുട്ടി വളരെ ഉയരത്തിലായിരുന്നു. ഒരുപക്ഷേ, മറ്റുള്ള ആരേക്കാളും....സ്ത്രീകളുടെ ഇടയില്‍ ഒന്നാമത് എന്നല്ല...സ്വാതന്ത്ര്യത്തിന്റെ എഴുത്തായിരുന്നു എന്ന തോന്നലുകൊണ്ട്....എല്ലാ അര്‍ത്ഥത്തിലും....
ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...ആ ലോകത്തിലെ കാഴ്ചക്കാര്‍ മാത്രം നമ്മള്....
പ്രിയപ്പെട്ട അവര്‍ ഇവിടെയെവിടെയോ ഇരിക്കുന്നുണ്ടെന്ന് തന്നെ വിചാരിക്കാം....നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിനെ ആശ്വസിപ്പിക്കാം.....