തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ് സ്ത്രീയുടെ പ്രശ്നമെന്നൊക്കെ പറഞ്ഞ് മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം
1
തൊടുപുഴക്കടുത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന് തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ് വിവാഹം നടത്തുന്നത്. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക് . അവസാനം നിക്കാഹു നടത്തിക്കിട്ടാന്‍ പണം നല്‍കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത് പതിവാണത്രേ.
എന്നാല്‍ സ്ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത് വാങ്ങുന്നതെങ്കിലോ? സസ്ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്ത്രീധനം ഹറാമായ മുസ്ലീം സമൂഹത്തിലാണിത്. കൂടാതെ രാജ്യത്ത് സ്ത്രീധന നിരോധന നിയമവുമുണ്ട്.
പണമുള്ളവര്‍ കെട്ടിച്ചുവിടും.. ഇല്ലാത്തവരുടെ പെണ്മക്കളുടെ അവസ്ഥയെന്താണ്?
2
'J' എം. സി. എ ബിരുദധാരിയും കോഴിക്കോട് ഒരു കൊളേജിലെ അധ്യാപികയുമാണ്. അവളുടെ കൈയ്യിലെ മൂന്നുകഷ്ണം കടലാസ് പലചോദ്യങ്ങളും ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക് ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല.
അവളും പിതാവും മൂന്നുകഷ്ണം കടലാസുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അവളുടെ അനുമതിയില്ലാതെ എഴുതി അയച്ച തലാക്കായിരുന്നു ആ കടലാസുകളില്‍.
സ്ത്രീയുടെ അനുമതിവേണ്ട മൊഴിചൊല്ലാന്‍ എന്ന് മഹല്ലു കമ്മറ്റിമുതല്‍ ന്യായാധിപന് വരെ പറഞ്ഞു.
പക്ഷേ, 'J' ചോദിക്കുന്നു ഒരു വിവാഹത്തിന് ഇത്ര വിലയേയുള്ളോ?
എന്നെ ഒഴിവാക്കിയതിന് കാരണമറിയാന്‍ എനിക്കവകാശമില്ലേ?
എന്റെ സ്വപ്നങ്ങളുടേയും പ്രതീക്ഷയുടേയും വില ആര്‍ക്കു നല്‍കാനാവും?
ഒരു രണ്ടാം വിവാഹക്കാരിയായി ഞാനെന്തിനു മാറണം?
ഈ അപമാനത്തിന് അയാളും വീട്ടുകാരും ശിക്ഷിക്കപ്പെടണം. അെതങ്ങനെ സാദ്ധ്യമാവും?
3
നാസറിന്റെ സഹോദരിയുടെ വിവാഹബന്ധം മൂന്നും ചൊല്ലിതീര്‍ന്നതിന് കാരണം ചെറിയൊരു കൊച്ചുസൗന്ദര്യപ്പിണക്കമായിരുന്നു. ഒന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്കു കിട്ടിയത് ഒരു മകളെ മാത്രമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ അവര്‍ ആകെ തകര്‍ന്നു. മാറാരോഗിയായി.
മൊഴിചൊല്ലാന്‍ തീരുമാനമെടുക്കുമ്പോള്‍ സ്ത്രീയുടെ മാനസീക നിലയോ സമ്മതമോ നോക്കാതെ, പുരുഷന്റെ ആവശ്യം മാത്രം പരിഗണിച്ചാണ് ഓരോ ജമാഅത്തും തീരുമാനമെടുക്കുന്നത്. പുരുഷന് മൂന്നും ചൊല്ലുമ്പോള്‍ സ്ത്രീയുടെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് നടപ്പ്. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു വിവാഹം കഴിക്കുന്നെങ്കില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മാത്രമായിരിക്കുമെന്ന് നാസര്‍ തീരിമാനിച്ചത്. സ്ത്രീയുടെ തീരുമാനമെങ്കിലും കോടതി പരിഗണിക്കുമല്ലോ എന്ന ആശ്വാസത്തില്‍.
ഈ മൂന്നനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 1400 വര്‍ഷം മുമ്പ് പ്രവാചകന് വിഭാവനം ചെയ്ത സ്ത്രീ സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യവും എവിടെ നില്ക്കുന്നു? ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഗണ്യമായ പല മാറ്റങ്ങളുണ്ടായെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ലെന്നു മാത്രമല്ല ഒന്നുകൂടി അടിച്ചമര്‍ത്തുകയാണ് മതമേധാവിത്വം ചെയ്തത്.
ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലീം സ്ത്രീക്ക് ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ് പണ്ഡിതരുടെ അവകാശവാദം. വിധവാ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, സ്വത്തിലുള്ള അവകാശവുമൊക്കെ മുസ്ലീം സ്ത്രീക്കുണ്ട്. അല്ലെങ്കില്‍ ഇതൊക്കെയാണോ സ്ത്രീയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഈ സ്വാതന്ത്ര്യമുണ്ടാകുമ്പോഴും സ്ത്രീ ദുര്‍ബലയായിപ്പോകുന്നതെന്തുകൊണ്ട്? ഇന്ത്യന്‍ മുസ്ലീം സ്ത്രീയുടെ യഥാര്‍ത്ഥപ്രശ്നം എപ്പോഴും ചിന്താവിഷങ്ങള്‍ക്കപ്പുറമാണ്.
മുസ്ലീം സത്രീയുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്ത്ിക്കുമ്പോള്‍ അവരെ സംഘടിപ്പിക്കുകയും ബോധവത്ക്കരിക്കുകയും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെയും കണ്ടെത്താന്‍ കഴിയില്ല. കേരളത്തിലടക്കം എല്ലാ മതസംഘടനകള്‍ക്കും വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അവിടെയും പള്ളിപ്രവേശനവും വസ്ത്രസ്വാതന്ത്ര്യവുമൊക്കെയാണ് ചര്‍ച്ചാവിഷയം. അടിസ്ഥാനപ്രശ്നങ്ങള്‍ അപ്പോഴും അകലെ മാത്രം.
സ്ത്രീകളുടെ ചെറിയ പോരായ്മകളെ പര്‍വതീകരിച്ച് കാണിക്കുകയും അവളുടെ നാവിന് കടിഞ്ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്.
ഒന്നരവര്‍ഷം മുമ്പുമാത്രമാണ് ഷെറീഫാഖാനത്തെക്കുറിച്ച് അറിയുന്നത്. വ്യവസ്ഥാപിത ജമാഅത്തുകള്‍ക്കെതിരെ പെണ്‍ജമാഅത്ത് കൊണ്ടുവരികയും പുരുഷ മേധാവിത്വത്തിന്റെ നടപ്പുകളെ ചോദ്യം ചെയ്യുകയും മുസ്ലീം സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവരെ ആദരവോടുകൂടിയാണ് വായിച്ച് തീര്‍ത്തത്. കൂടുതലറിയാന്‍ എപ്പോഴുമാഗ്രഹിച്ചിരുന്നു.
ഡി. സി ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത എം. എന്‍. കാരശ്ശേരിയുടെ 'ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കടഹര്‍ജി' എന്ന പുസ്തകം ഏറ്റുവാങ്ങാനാണ് അവര്‍ കോഴിക്കോട് എത്തിയത്.
പെണ്‍ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന്, വ്യവസ്ഥാപിത ജമാഅത്തുകളെ എങ്ങനെ നേരിടുന്നുവെന്ന്, അതിനുള്ള കരുത്തുനേടിയതിനെക്കുറിച്ച്, വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡി. ഷെരീഫാഖാനം.
*******

ഉമ്മ അധ്യാപികയായിരുന്നു. അവര്‍ ഞങ്ങളെ വളര്‍ത്താന്‍ ഒരുപാടു കഷ്ടപ്പെട്ടു. ആരും സഹായിക്കാനില്ലായിരുന്നു. ആ അവസ്ഥ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് ഒരു പിടിവാശിക്കാരിയായിരുന്നു ഞാന്‍. ഒരുപാട് സ്വപ്നം കണ്ടിരുന്നു അക്കാലത്ത്. മനസ്സിനെ സങ്കല്പലോകത്ത് അലയാന്‍ വിടും. വളരുന്നത്, ജീവിക്കുന്നത്, അങ്ങനെ എല്ലാമെല്ലാം. എന്നാല്‍ എന്തുജോലി ചെയ്യണം എന്നൊന്നുമില്ലായിരുന്നു. എന്നാല്‍
എന്റെ ഉമ്മയുടെ സഹനം കാണുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥ കാണുമ്പോള്‍ കരുത്തുനേടണം, ധൈര്യശാലിയാവണം എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു.
പന്ത്രണ്ടാം ക്ലാസുവരെ തമിഴ്നാട്ടില്‍ തന്നെയായിരുന്നു. ഡിഗ്രിക്ക് അലിഗഡില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന സഹോദന്റെ സഹായത്തിലായിരുന്നു പഠനം.
****
അലിഗഡില്‍ പഠിക്കുമ്പോഴാണ് പാറ്റ്നയില്‍ വെച്ചു നടന്ന വിമന്‍ കോണ്‍ഫറന്‍സില്‍ ഒരു ട്രന്‍സലേറ്ററായി പോകാന്‍ അവസരമുണ്ടായത്. അവിടെ വെച്ചാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിട്ടറിയാനായതും അതുവരെയുള്ള ചിന്തകളെല്ലാം എന്നെ വിട്ടൊഴിഞ്ഞതും. ജിവിക്കുന്നെങ്കില്‍ കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി ജിവിക്കണമെന്ന് തോന്നുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഉമ്മയുടെ അടുത്തേക്കു മടങ്ങുകയും നാട്ടില്‍ സത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. അതെന്റെ സഹോദരന്മാര്‍ക്കിഷ്ടമല്ലായിരുന്നു. അതോടെ അവര്‍ നല്കിയ സാമ്പത്തിക സഹായം നിലച്ചു.
1994 ലാണ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ റിസര്‍ച്ച് ആക്ഷന്‍ ഗ്രൂപ്പ് തമിഴ്നാട്ടിലെ മുസ്ലീം സ്ത്രീകളുടെ ജീവിത നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സര്‍വ്വേ നടത്താന്‍ എന്നെ ഏല്പിച്ചത്. ആ സര്‍വ്വേ എന്നെ ഞെട്ടിച്ചു. അഞ്ചു സ്ത്രീകളെയെടുത്താല്‍ ഒരാള്‍ വിധവ, മറ്റൊരാള്‍ വിവാഹമോചിത, അടുത്തയാള്‍ ബഹുഭാര്യത്വമനുഭവിക്കുന്നവള്‍, വേരൊരാള്‍ അംഗവൈകല്യം ബാധിച്ചവള്‍. അഞ്ചില്‍ ഒരാള്‍ മാത്രമായിരുന്നു അല്പമെങ്കിലും ഭേദപ്പെട്ട ജീവിതം നയിച്ചിരുന്നത്. ഇതെന്നെ വല്ലാതെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്കുന്ന മതമാണെന്ന് പറയുന്ന ഇസ്ലാമിലെ, എന്റെ നാട്ടുകാരികള്‍ എത്രമാത്രം കഷ്ടപ്പെടുന്നു എന്നോര്‍ത്ത് വിഷമിച്ചു.
അതോടെ ഇസ്ലാമിനെ കൂടുതലടുത്തറിയാന്‍ ശ്രമിച്ചു. ഒപ്പം എന്റെ നാട്ടുകാരികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളറിയാനും. പ്രയോഗത്തിലെ ഇസ്ലാമും യഥാര്‍ത്ഥ ഇസ്ലാമും രണ്ടാണെന്ന് എനിക്കു മനസ്സിലായി. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമില്‍ സ്ത്രീക്ക് സഹജീവി എന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തിരിച്ചറിവും.
ജമാഅത്തുകള്‍ എല്ലാം പുരുഷ കേന്ദ്രീകൃതമാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതും അവര്‍ തന്നെയാണ്. അവിടെ സ്ത്രീക്ക് പങ്കാളിത്തമില്ല. അവള് അനുസരിക്കേണ്ടവള്‍ മാത്രം.
ഇന്ത്യയില്‍ മുസ്ലീം സ്ത്രീകളുടെ പരിതാപകരമാണ്. ഇവര്‍ ഇരട്ട അടിമത്തമാണ് അനുഭവിക്കുന്നത്. സ്ത്രീ എന്ന നിലയിലും മുസ്ലീം സ്ത്രീ എന്ന നിലയിലും. കുട്ടിക്കാലം മുതല്‍ വിദ്യാഭ്യാസം നിഷേധിക്കലിലൂടെ കുട്ടിക്കാലം മുതല്‍ അവള് അടിച്ചമര്‍ത്തപ്പെട്ടവളാണ്. അവള്‍ക്ക് പാടാനാവില്ല. ഉറക്കെ ചിരിക്കാനോ സംസാരിക്കാനോ ആവില്ല. എല്ലായിടത്തും വിലക്കുകളാണ്. വിവാഹക്കമ്പോളത്തില്‍ വിലപേശി ഉറപ്പിക്കേണ്ട ഉത്പന്നമാണവള്‍.
സ്ത്രീധനം ഇസ്ലാമിന് ഹറാമാണ്. പക്ഷേ, പുരുഷന് സ്ത്രീക്ക് മഹര്‍ നല്‍കേണ്ടത് നിര്‍ബന്ധവുമാണ്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് 50000 രൂപ സ്ത്രീധനം വാങ്ങുന്നവന് 500 രൂപ മഹര്‍ നല്‍കും. എന്തു നീതിയാണ് ഇതിലുള്ളത്.
വ്യവസ്ഥാപിത ജമാഅത്തുകള്‍ തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുകയും എന്നാല്‍ സ്ത്രീധനം, മഹര്‍, സ്ത്രീയുടെ സ്വത്തവകാശം ഇക്കാര്യങ്ങളില്‍ ആ ശാഠ്യം ഉപേക്ഷിച്ചു കളയുകയുമാണ് പതിവ്. ഇസ്ലാമോ ശരീഅത്തോ അല്ല അവിടെ പ്രവര്‍ത്തിക്കുന്നത്. പുരുഷന്റെ അധികാരം മാത്രമാണ്.
ഇതിലുള്ള പ്രതിഷേധമാണ് ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്.
ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളെ വിസ്മരിച്ച് ,എല്ലാ അവകാശങ്ങളെയും നിഷേധിച്ച് അവരുടെ നയങ്ങളും വിധികളുമാണ് നടപ്പിലാക്കുന്നത്.
ഖുര്‍ ആന്‍ വായിച്ചാലും അര്‍ത്ഥമറിയാത്തതുകൊണ്ട് എന്താണ് നീതി എന്താണ് അനീതി എന്ന് സ്ത്രീകളറിയുന്നില്ല.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമൊക്കെ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍കൊണ്ട് ഇരകളാവുകയാണിവര്‍. കുട്ടികളെ വളര്‍ത്താനും ജീവിക്കാനും ഇവര്‍ കഷ്ടപ്പെടുന്നു. മറ്റൊരാളുടെ രണ്ടാം ഭാര്യയായിരിക്കുന്നതിലെ അസ്വാരസ്യങ്ങള്‍ അനുഭവികേണ്ടതും ഇവള്തന്നെ. എപ്പോഴും രണ്ടാംകിട ജന്മമായി ഇവര്‍ ജീവിക്കുന്നു. അടിച്ചമര്‍ത്തല്‍ ഉള്ളിലൊതുക്കി എത്രനാള്‍ ജീവിക്കാനാവും?
ഖുര്‍ ആനിലെ ചിലഭാഗങ്ങള്‍ ഞാന്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തി ഞങ്ങളുടെ സ്ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്തു. അവരറിയട്ടെ ഖുര്‍ആനിലെന്തു പറഞ്ഞിരിക്കുന്നു എന്ന്. ഖുര്‍ആന്റെ വ്യാഖ്യാനങ്ങളിലുമുണ്ട് പ്രശ്നം. പുരുഷന്റെ കാഷ്ചപ്പാടിനനുസരിച്ചാണ് വ്യാഖ്യാനിക്കുന്നത്.
സ്ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്. ഞങ്ങള്‍ക്കൊരു റോള്‍ മോഡലില്ല.
മുസ്ലീം സ്ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും, മനുഷ്യാവകാശംസംരക്ഷിക്കുവാനും ജീവിത നിലവാരമുയര്‍ത്തുകയും അതുവഴി സ്ത്രീ ശാക്തീകരണവുമാണ് സ്റ്റെപ്സിന്റെ ലക്ഷ്യം. പുതുക്കോട്ട ആസ്ഥാനമാക്കിയാണ് സ്റ്റെപ്സ് പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളുടെ പള്ളിയും പര്‍ദ എന്ന 'ഠ' വട്ടവും
സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും ഒരു പൊതു ഇടമില്ല. അവളുടെ സങ്കടങ്ങള്‍ ആരോടും പങ്കുവെയ്ക്കാനാകാതെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇതുവരെ. അതിനൊരു മാറ്റം ആവശ്യമാണ് .
ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും പ്രശ്നങ്ങളവതരിപ്പിക്കാനും ദുഖവും സന്തോഷവുമെല്ലാം പങ്കുവോയ്ക്കാനൊരിടം എന്ന നിലയിലാണ് പള്ളിയേക്കുറിച്ചാലോചിച്ചത്.
ഞാന്‍ തന്നെ സ്ഥലം നല്കി. അടിസ്ഥാനമായി. പക്ഷേ പള്ളി ഇയരണമെങ്കില്‍ പണം വേണം.
സ്ത്രീകളുടെ പള്ളിയെ എതിര്‍ത്തുകൊണ്ട് ധാരാളംപേര്‍ രംഗത്തു വന്നു. ഇപ്പോള്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. എന്നാലും ഞങ്ങള്‍ ഓരോരോ വീടുകളില്‍ ഒത്തുചേരും. പ്രാര്‍ത്ഥിക്കും. പ്രശ്നങ്ങളവതരിപ്പിക്കും.
ഞങ്ങളുടെ കൂട്ടത്തിലെ സുബൈദ വളരെ ധൈര്യമുള്ളവളാണ്. അവള് ബാങ്കുകൊടുക്കും. ഇമാം നില്ക്കും.
തലാക്കും സ്ത്രീധനപ്രശ്നവും പീഡനവുമൊക്കെയായി ഒരുമാസം ഇരുപതു കേസെങ്കിലും വരുന്നുണ്ട്. ഞങ്ങളുടെ വക്കീല്‍ ഫാത്തീമ പര്വീന് ഏതു കേസുമെടുക്കും. കോടതിയില്‍ ശക്തിയായി വാദിക്കും.
ഇപ്പോള്‍ ഞങ്ങളുയര്‍ത്തുന്ന പ്രശ്നങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ളവരുണ്ട്. ആദ്യമൊക്കെ പിന്തിരിഞ്ഞു നിന്നവര്‍ വന്നു തുടങ്ങിയിട്ടിണ്ട്. അഞ്ഞൂറു സ്ത്രീകള്‍ വരുമ്പോള്‍ അഞ്ചു പുരുഷന്മാരും എത്തുന്നുണ്ട്.
മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യപ്രശ്നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങുകയാണ്. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്ത്രീയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നാണ് ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്ത്രീയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി , ആ പ്രശ്നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്. തമിഴ്നാട്ടില്‍ രണ്ടുഭാര്യമാരില്ലാത്ത പുരുഷന്മാര് കുറവാണ്.
മുസ്ലീം സ്ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട് ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്ത്രമല്ല സ്ത്രീയുടെ പ്രശ്നമെന്ന് ഏതുകാലത്ത് ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ് സ്ത്രീയുടെ പ്രശ്നമെന്നൊക്കെ പറഞ്ഞ് മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം.
എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ് എന്ന ധാരാണ ആഗോളതലത്തില്‍ തന്നെ നിലനിലല്‍ക്കുന്നു. ആര്. എസ്. എസും ബി ജെ പിയും അതുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുക്കിടയിലെ പുരുഷന്മാര് അതിനെ ന്യായീകരിക്കുന്നത്് ഇന്ത്യയില്‍ അവര്‍ക്കൊരു ഐഡന്റ്ററി ഇല്ലെന്നാണ്. സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്കള്‍ക്ക് ഐഡന്റ്റ്റി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഐഡന്റ്ററിയെപ്പറ്റി പറയാന്‍ എന്തു യോഗ്യതയാണുള്ളത്?
അദ്വാനിയുടെ ഫ്രണ്ടും അമേരിക്കയുടെ ഫണ്ടും!
ഞാന്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് വ്യവസ്ഥാപിത മുസ്ലീം സംഘടനകള്‍ പറയുന്നത്. അദ്വാനിയും ആര്. എസ്. എസുമാണ് എന്റെ സുഹൃത്തുക്കള്‍ എന്നാണ് പ്രചരണം. അമേരിക്കയില്‍ നിന്ന് ഫണ്ടു ലഭിക്കുന്നുണ്ടത്രേ!
സത്യം പറഞ്ഞാല്‍ ആര്. എസ്. എസ്, ബി. ജെ. പി പ്രവര്‍ത്തകരെ നേര്‍ക്കുനേരെ കാണാന്‍ പോലും ഞാനാഗ്രഹിക്കുന്നില്ല. വ്യവസ്ഥാപിത മുസ്ലീമിനെതിരെ സ്ത്രീകളെ അണി നിരത്തുന്നതുകൊണ്ട് അവരെനിക്ക് മന്ത്രിപദം വരെ തരാന്‍ തയ്യാറാണ്. അതവരുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് ഓരോ നിമിഷവും കരുതലോടെയാണ് ഞാന്‍ നടക്കുന്നത്.
എന്റെ പോരാട്ടം മുസ്ലീമിനെതിരെയല്ല. സ്ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ്.
തമിഴ്നാട്ടില്‍ ധാരാളം മുസ്ലീം സംഘടനകളുണ്ട്. അവരെല്ലാം ആശയപരമായി നിരന്തരം പ്രശ്നങ്ങളിലാണ്. ഒരു സംഘടനക്ക് മറ്റേ സംഘടനക്കാരെ കണ്ടുകൂടാ.
പക്ഷേ, എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഒന്നാണ്. എനിക്ക് ഇസ്ലാമിനെ അറിയില്ലെന്നാണ് ഇവരുടെ വാദം. ശരിയാണ് . സമ്മതിക്കുന്നു. എനിക്ക് ഇസ്ലാമിനെ അറിയില്ല. അറിയാഞ്ഞിട്ട് ഞാനിത്ര പ്രവര്‍ത്തിക്കുന്നെങ്കില്‍ അറിഞ്ഞാല്‍ എത്ര പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ മറുപടി പറയും.
ഇസ്ലാമിനെ ഞാന്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഒരാരോപണം. വഞ്ചിക്കുന്നത് ഞാനല്ല. ഇവര്‍ തന്നെയാണ്. സ്ത്രീധനം വാങ്ങുന്നവര്‍ക്കാര്‍ക്കും പള്ളിയില്‍ പ്രവേശനമില്ലെന്ന് പറയാന്‍ ഏതെങ്കിലും മൊല്ലക്ക് ധൈര്യമുണ്ടോ? പറയില്ല. കാരണം ജമാഅത്ത് നടന്നുപോകാന്‍ ആളെക്കിട്ടാതാവും.
സുന്നത്തുല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ ഞാന്‍ തെന്നിന്ത്യലെ തസ്ലീമ നസ്രീനാണെന്നും എന്നെ വളരാനനുവദിച്ചാല്‍ ഇസ്ലാം കെട്ടുപോകുമെന്നും പോസ്റ്ററെഴുതിയും നോട്ടീസിറക്കിയും പ്രചരിപ്പിച്ചു.
ഞാനവര്‍ക്കെതിരെ പത്തുലക്ഷം രൂപ കിട്ടണമെന്ന് പറഞ്ഞ് മാനനഷ്ടത്തിന് കേസുകൊടുത്തിരിക്കുകയാണ്്. ഇങ്ങനെ മൂന്നോ നാലോ കേസുണ്ടായാല്‍ എന്റെ പള്ളി സുന്ദരമായി ഉയരും.
കനിമൊഴിയും കോംപ്രമൈസും
കനിമൊഴി എന്റെ സുഹൃത്താണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനവരെ ക്ഷണിച്ചു. വരാമെന്ന് സമ്മതിച്ചതുമാണ്. എന്നാല്‍ അവര്‍ എത്തിയില്ല.
തമിഴ്നാട്ടിലെ പ്രധാന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്നാട് തൗഹീദ് ജമാഅത്തും , തമിഴ്നാട് മുസ്ലീം ഫോറവുമാണ്. തൗഹീദ് ജമാഅത്ത് ജയലളിതക്കും മുസ്ലീം ഫോറം കരുണാനിധിക്കും പിന്തുണ നല്കിവരുന്നു. കരുണാനിധിയുടെ മകള്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ പിന്തുണപിന്‍വലിക്കുമെന്ന് അവര്‍ പറഞ്ഞു.
പെണ്ണിനെ മര്യാദക്ക് വീട്ടിലിരുത്തിക്കൊള്ളാന്‍...
അല്ലെങ്കിലും കനിമൊഴി ഞങ്ങളുടെ അടുത്തു വന്നാല്‍ എന്തുകിട്ടാനാണ്. വീട്ടിലിരുന്നാല്‍ പിന്തുണ പോകാതിരിക്കും.
കൂടെ നില്ക്കുന്നവര്, ഓഫീസില്‍ ജോലി ചോയ്തിരുന്നവര്‍പോലും വിട്ടുപോകുമ്പോള്‍ വിഷമമുണ്ട്. ഒപ്പം നിന്നവര്‍ പിന്നീടെനിക്കെതിരെ കേസു കൊടുത്തിട്ടുണ്ട്. അപ്പോഴൊക്കെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാവും.
പക്ഷേ, ഇപ്പോഴിതൊക്കെ തഴക്കമായി. തളരാന്‍ പാടില്ലല്ലോ..തളര്‍ന്നുപോയാല്‍ എന്നെ വിശ്വസിച്ച് കുറേ പാവം സ്ത്രീകളുണ്ട്. അവരെ അവഹേളിക്കലാവുമത്.
ശരിക്കു പറഞ്ഞാല്‍ നടുക്കടലിലാണ് ഞാന്‍. കരയെത്താന് ഒരുപാടു നീന്തണം.
സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ സഹോദരന്മാരുടെ എതിര്‍പ്പായിരുന്നു ആദ്യമുണ്ടായത്. എന്റെ ജ്യേഷ്ടനെന്ന് മുടിയില്‍ പിടിച്ചു വലിക്കുകയും ഒരുപാടു മര്‍ദിക്കുകയും ചെയ്തു. ദാ..ഇപ്പോള്‍ എന്റെ മുടി പിടിച്ചു വലിച്ചാലൊന്നും എനിക്ക് വേദനയില്ല. ശരീരത്തിലെത്ര പ്രഹരമേറ്റാലും വേദനിക്കാത്ത അവസ്ഥ. എല്ലാം തഴക്കമായി.
മത തീവ്രവാദികളില്‍ നിന്ന്് വധഭീഷണിയുണ്ടെനിക്ക്്. പക്ഷേ, മരിക്കാനെനിക്ക് പേടിയില്ല. കൊല്ലും കൊല്ലും എന്നു പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?
സര്‍ക്കാരില്‍ നിന്ന് സഹായമോ പിന്തുണയോ ലഭിക്കില്ല. എന്നാല്‍ മാധ്യമങ്ങള്‍ നല്ല പിന്തുണ നല്കി. 'Standin Alone in macca 'എഴുതിയ അസ്റ നൊമാനി ഇവിടെ വന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴി തെരഞ്ഞാണ് അവര്‍ ഇവിടെയെത്തിയത്.
ഇത്ര കഷ്ടപ്പാടിലും ഇവിടുത്തെ സ്ത്രീകള്‍ പാട്ടു പാടുന്നു, ആടുന്നു, ചിരിക്കുന്നു, ചര്‍ച്ചകളില്‍ സജീവമാകുന്നു. അസ്റ അത്ഭുതപ്പെട്ടുപോയി.
അവരുടെ പുസ്തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട് ഇക്കാര്യം.
ഉമ്മയുടെ കരുത്തുകണ്ടാണ് ഞാന്‍ വളര്‍ന്നത്. അവര്‍ ആരും സഹായിക്കാനില്ലാതെ ഞങ്ങളെ എല്ലാവരെയും വളര്‍ത്തി. പഠിപ്പിച്ചു. അവരെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. സഹോദരന്മാരെന്നെ വെറുത്തപ്പോഴും ഉമ്മ കൂടെ നിന്നു.
എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും എന്നെ പിന്തുണക്കുന്ന കുറച്ചുപേരെങ്കിലുമുള്ളതാണ്് എന്റെ ധൈര്യം.
സ്ത്രീകള്‍ നേടേണ്ട പ്രധാന കാര്യം സ്വയം പര്യാപ്തതയാണ്. അവരെ പ്രാപ്തരാക്കുന്നതിന് സാമ്പത്തീകസഹായം നല്‍കിയേ മതിയാവൂ. അതിനായി ഒരു ബാങ്കോ, ക്രെഡിറ്റ് സൊസൈറ്റിയോ തുടങ്ങുവാനുള്ള ശ്രമത്തിലാണിപ്പോള്‍.
അനൗപചാരികമായി തുടങ്ങിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഒരു പരീക്ഷണം എന്ന നിലയില്‍. കഴിവുള്ളവരില്‍ നിന്ന്് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച് കുറഞ്ഞ പലിശക്ക് നല്‍കണമെന്നാണ് കരുതുന്നത്. ഔപചാരികമായി എങ്ങനെ തുടങ്ങാമെന്ന് നിയമ വിദഗ്ധരോടും പരിചയസമ്പന്നരോടും ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ സ്വയം പര്യാപ്തരാകുന്നതോടെ അവരെ അംഗീകാരം തേടിയെത്തുകതന്നെ ചെയ്യും.
*******************
കേരളത്തില്‍, മുസ്ലീം സ്ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്പമെങ്കിലും ശബ്ദിച്ചത് കലയും സാഹിത്യവും മാത്രമാണ്. അതിലധികവും സ്ത്രീപക്ഷത്തുനിന്ന് പുരുഷന്മാര് എഴുതിയതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ മുസ്ലീങ്ങള്‍ എല്ലാതലത്തിലും മികവു കാണിക്കുന്നു എന്നാണ് നമ്മുടെ പൊങ്ങച്ചം. എന്നാല്‍ ഷെരീഫാ ഖാനത്തെപ്പോലെ സമൂഹത്തിലിറങ്ങി ചെല്ലാന്‍, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യമുള്ള മുസ്ലീം സ്ത്രീകള്‍ കേരളത്തിലുണ്ടോ?
ഇവിടുത്തെ ഏതെങ്കിലും മുസ്ലീം സ്ത്രീക്ക് ഇങ്ങനെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആകുമോ?
ഷെരീഫഖാനം, നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു.