
മാങ്ങാ അച്ചാര്‍ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അനിയത്തിമാര്‍ക്കും. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വിജയകരമായി മാങ്ങാ അച്ചാര്‍ ഉണ്ടാക്കിയത്. ഇഷ്ടപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ ഇന്ന് കടയില്‍ കിട്ടുന്ന മാങ്ങാ അച്ചാറോ വിനാഗിരി ചേര്‍ത്ത് വീടുകളില്‍ ഉണ്ടാക്കാറുള്ള അച്ചാറോ തൊട്ടുനോക്കറില്ല. കാരണം മാങ്ങയുടെ രുചിയല്ല വേറൊരു പുളിയാണെന്ന തോന്നലുകൊണ്ട്.
ഈ മാങ്ങാ അച്ചാറിന് ഗുരുക്കന്മാരുമില്ല.
കിളിച്ചുണ്ടന്‍ മാവാണ് വീടിന് ഏറ്റവും അടുത്തു നിന്നത്. രണ്ടോ മൂന്നു മാങ്ങാപറിച്ചുകൊണ്ടുവരുന്നു. അച്ചാറുണ്ടാക്കുന്നു. ഒരു ഹോര്‍ലിക്സ് കുപ്പി. അതാണ് കണക്ക്. നീണ്ടകാലത്തേക്കല്ല. ഒറ്റദിവസംകൊണ്ട് തീരും.
കപ്പപ്പുഴുക്ക്, ചക്കപ്പുഴുക്ക്, ചോറ് എന്തിനും ഏതിനും പുഴുക്കുപോലെ ഞങ്ങള്‍ മൂന്നു മക്കളും അച്ചാര്‍ തിന്നും. അമ്മച്ചിക്ക് അതുകാണുമ്പോള്‍ പടിയാവും.
'കൊറച്ചു കൂട്ട്. വല്ല പിത്തോം പിടിക്കും'
പക്ഷേ ഞങ്ങളുണ്ടോ കേള്‍ക്കുന്നു.
ഒരിക്കല്‍ കപ്പയ്ക്ക് കാടുപറിക്കാന്‍ വന്ന തങ്കമ്മചേച്ചിക്ക് ഊണുകൊടുക്കുമ്പോള്‍ അമ്മച്ചി പറഞ്ഞു.
'പുഴുക്കുപോലെയാ ഈ പിള്ളേര് അച്ചാറു തിന്നുന്നേ'..
അച്ചാറുകുപ്പിയുടെ മൂട്ടില് ഒരു നുള്ള് അച്ചാറെ അന്നുണ്ടായിരുന്നുള്ളു.
അതുകേട്ട് തങ്കമ്മ ചേച്ചി പ്രിതികരിച്ചത്. 'എന്റെ പിള്ളേരും ഇങ്ങനെയാ' എന്നായിരുന്നു.
മാങ്ങാക്കാലമായാല്‍ ഒന്നിരാടം ഒരു ഹോര്‍ലിക്സ് കുപ്പി അച്ചാര്‍ എന്റെ പ്രധാന ജോലികളിലൊന്നായി. ഇപ്പോഴും എന്നു പറയാം. പക്ഷേ ഇവിടെ അനിയത്തിമാരില്ലാത്തതുകൊണ്ട് തന്നെയാണെന്നുമാത്രം. ഒരാഴ്ചത്തേക്കുണ്ടാവും എന്നുമാത്രം.
എന്നെ കെട്ടിച്ചുവിട്ടതില്‍ അനിയത്തിമാര്‍ക്കുണ്ടായിരുന്ന ആകെ സങ്കടം പഴയ മാങ്ങാ അച്ചാര്‍ കിട്ടുന്നില്ല എന്നായിരുന്നു.
കല്ല്യാണം കഴിഞ്ഞ ആദ്യത്തെ മാങ്ങാക്കാലത്ത് ഇളയ അനിയത്തി സങ്കടം പറഞ്ഞു.' എങ്ങനെ അച്ചാറുണ്ടാക്കാന്‍ നോക്കിയിട്ടും നീ ഉണ്ടാക്കുന്നതുപോലെ ശരിയാവുന്നില്ല' എന്ന്.
കേട്ടാല്‍ തോന്നും മാങ്ങാ അച്ചാര്‍ എന്നാല്‍ വല്ല ബിരിയാണ് ഉണ്ടാക്കുന്ന പാടുണ്ടോ എന്ന്. ഒന്നുമില്ല. അളവും തൂക്കവും ഒന്നും കൃത്യമായി വേണമെന്നില്ല. ഇതാ മാങ്ങാ അച്ചാറിന്റെ കുറിപ്പ്.
1.മാങ്ങ -അര കിലോ
2. മുളകുപൊടി -3 സ്പൂണ്‍
3. കായപ്പൊടി, ഉലുവാപൊടിച്ചത്, കറിവേപ്പില, ഉപ്പ് പാകത്തിന്.
4. വെളുത്തുള്ളി-ഇഷ്ടാനുസരണം.
5. പാചകഎണ്ണ- അതും ടി.
അരിഞ്ഞ മാങ്ങയില്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കുഴച്ചുവെയ്ക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില ഇടുക. വെളുത്തുള്ളി മൂപ്പിക്കുക. അതിനു ശേഷം മാങ്ങ അതിലേക്ക് ചേര്‍ക്കുക. ചൂടായി വരുമ്പോള്‍ കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങിവെയ്ക്കുക.
തണുത്തിട്ടോ, ചൂടോടെയോ ഉപയോഗിച്ചു തുടങ്ങാം.
കുപ്പിയിലാക്കുമ്പോള്‍ ശ്രദ്ധിക്കുക. പുറത്താണെങ്കില്‍ രണ്ടു ദിവസത്തില്‍ വെയ്ക്കരുത്. പൂപ്പല്‍ വരും. ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ധൈര്യമുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കു.