Saturday, April 28, 2007

അഞ്ചുപൈസയുടെ വില

കുട്ടിക്കാലത്തെ ചില കളളത്തരങ്ങള്‍.
അച്ഛന്‌ ഷേവു ചെയ്യാന്‍ ബ്ലേഡ്‌ വേണം. 75 പൈസ തന്ന്‌ ബ്ലേഡു വാങ്ങാന്‍ പറഞ്ഞു വിട്ടു. ബ്ലേഡുവാങ്ങുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. ഒന്നൊന്നര മൈല്‍ വയലിലൂടെ നടന്ന്‌ സ്‌കൂളിനടുത്തുളള മേരിസ്‌റോറിലെത്തണം. അടുത്തുള്ള കട അതാണ്‌.
ഞാനും അനിയത്തിയും കൂടി വയലിലൂടെ നടന്നു. പക്ഷേ ഒരു പ്രശ്‌നം. അവള്‍ക്ക്‌ 'മുട്ടായി' വേണം. പഞ്ചസാര, ശര്‍ക്കര, കരുപ്പട്ടി തുടങ്ങി മധുരം തോന്നിക്കുന്ന എന്തും അവ കട്ടുതിന്നും. പഞ്ചസാര പാത്രം അമ്മ ഒളിപ്പിച്ചു വെയ്‌ക്കുകയാണു ചെയ്യാറ്‌.
അമ്മക്ക്‌ ആയൂര്‍വേദാശുപത്രിയില്‍ ജോലിയായിരുന്നതുകൊണ്ട്‌ ലേഹ്യത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പഞ്ചസാര കിട്ടിയില്ലെങ്കിലെന്ത്‌ ..ലേഹ്യം ശാപ്പിട്ടുകളയും അവള്‍. ഒരു വൈകുന്നേരം അവളെ കാണാഞ്ഞ്‌ അമ്മ അവളെ തിരക്കി നടന്നു. വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല. വീടിനു പുറകിലേക്കിറങ്ങി വിളിച്ചപ്പോള്‍ താഴേ കൈത്തോട്ടില്‍ നിന്നൊരു ഞരക്കം.
"എനിക്കിവടന്ന്‌ വരാമ്മേലാന്നേ.."
അന്നമ്മ ജോലിക്കു പോയ നേരം നോക്കി അവളെടുത്തു തിന്നത്‌ മാണിഭദ്രമായിരുന്നു.അങ്ങനത്തെ മധുരക്കാരിയേയും കൊണ്ടുള്ള ബ്ലേഡു വാങ്ങാന്‍ പോക്ക്‌ അത്ര പന്തിയല്ല. വഴിയില്‍ വെച്ചവള്‍ പറഞ്ഞു.
"മുട്ടായി മേടിക്കണം"
അന്ന്‌ 60 പൈസയാണ്‌ ബ്ലേഡിന്‌. ബാക്കി 15 പൈസയുണ്ട്‌. 15 പൈസക്ക്‌ പൊടിമിഠായി കിട്ടും. തേന്‍ മിഠായിയോ, നാരാങ്ങാമിഠായിയോ 3 എണ്ണം കിട്ടും. പക്ഷേ അവള്‍ക്കത്‌ പറ്റില്ല. 4 എണ്ണം വാങ്ങണം.ഞങ്ങള്‍ ആലോചനയായി.
50,25 തുട്ടുകളാണ്‌ കൈയ്യിലുള്ളത്‌. 25 പൈസയും വാങ്ങി അവള്‍ മേരിസ്റ്റോറില്‍ പോയി അവള്‍ 4 തേന്‍ മിഠായിയുമായി നിന്നു. അതുവരെ ഞാന്‍ മേരിസ്‌റ്റോറിനു കുറച്ചുമാറി വയലില്‍ നിന്നു. ബാക്കി 55 പൈസമാത്രം.
ഇനി എന്റെ ഊഴമാണ്‌. 5 പൈസക്ക്‌ എന്തു കണക്കുപറയാന്‍ എന്ന തോന്നലായിരുന്നു. പക്ഷേ മേരിസ്റ്റോറിലെ അപ്പാപ്പന്‍ 55 പൈസ കൊടുത്തപ്പോള്‍ ബ്ലേഡു തിരിച്ചു വാങ്ങി. നാളെതരാമെന്നു പറഞ്ഞിട്ടും കാര്‍ന്നോര്‌‌ കുലുങ്ങിയില്ല. ദാരിദ്ര്യവാസി.
ബ്ലേഡില്ലാതെ വീട്ടില്‍ ചെല്ലുന്ന കാര്യം ഒര്‍ക്കാന്‍ വയ്യ. അമ്മയെയാണ്‌ കൂടുതല്‍ പേടി. കൊല്ലും....മിഠായി നാലും വീതംവെച്ച്‌ തിന്നു കഴിഞ്ഞു. അടുത്ത കടയിലേക്ക്‌ പിന്നെയും ഒരു കിലോമീറ്റര്‍ നടക്കണം.
എന്തുചെയ്യാന്‍ നടക്കുക തന്നെ. മുഠായി നുണഞ്ഞ്‌ അവള്‍ വയലില്‍ നില്‌ക്കുകയാണ്‌. എന്റൊപ്പം വരില്ല. വിളിച്ചപ്പോള്‍ കൊഞ്ഞനം കുത്തി.
നിവൃത്തിയില്ല അടുത്ത കടയിലേക്ക്‌ തന്നെ നടന്നു. "നീ ഏതാ കൊച്ചേ?"
'അചഛന്‍, അമ്മ..വീട്‌...'.തുടങ്ങി നൂറു ചോദ്യങ്ങള്‍ക്കൊടുവില്‍ പിറ്റേന്ന്‌ 5 പൈസ കൊടുക്കണമെന്ന വ്യവസ്ഥയില്‍ ബ്ലേഡു തന്നു.
ബ്ലേഡു കാണുമ്പോഴൊക്കെ ഇക്കഥയോര്‍ക്കും. പത്തു പതിനഞ്ചുകൊല്ലം കഴിഞ്ഞു. പക്ഷേ ഇതേ വരെ അഞ്ചു പൈസ ചില്ലറയൊത്തില്ല. ഇനിയുമുണ്ടല്ലോ നാളെ...