Showing posts with label കാഴ്‌ചപ്പാട്‌. Show all posts
Showing posts with label കാഴ്‌ചപ്പാട്‌. Show all posts

Sunday, November 16, 2014

നഗരവഴികള്‍




കാട്ടില്‍ നിന്നും നഗരത്തിലേക്കായിരുന്നു-കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്കുള്ള എന്റെ യാത്ര.  ഇടുക്കിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തേക്ക്...നഗരം  അപരിചിതയായി കണ്ടില്ല എന്നു തോന്നുന്നു. എന്തിനേയും സ്വീകരിക്കാന്‍ അതിനാവുന്നതുകൊണ്ടാവണം ഇവളേയും സ്വീകരിച്ചത്.  ഇവള്‍ക്കാണെങ്കിലോ അത്രപോലും അപരിചിതത്വം തോന്നിയുമില്ല.  മുമ്പ് നഗരം ശരിക്കു കണ്ടിട്ടില്ലായിരുന്നു.  ബസ്സുയാത്രയിലോ മറ്റോ കടന്നുപോയിരുന്നുവെന്നല്ലാതെ...

2002 മാര്‍ച്ച് 4, കോഴിക്കോട് വൈ എം സി എ യ്ക്കടുത്തുള്ള ബ്രില്ല്യന്‍സ് കോളേജില്‍ പി എസ് സി കോച്ചിംഗിനു ചേര്‍ത്തു കണവന്‍.  ക്ലാസ്സു കഴിയുമ്പോള്‍ അവന്‍ ജോലി ചെയ്യുന്ന ബാങ്കിലേക്ക് എത്തിക്കോളാന്‍ പറഞ്ഞു.

കോഴിക്കോടിന്റെ ഭൂമിശാസ്ത്രത്തെപ്പറ്റിയോ നഗരഭൂപടത്തെപ്പറ്റിയോ ഒന്നുമറിയാത്തവളോടായിരുന്നു ആ പറച്ചില്‍...അവന്‍ ജോലി ചെയ്യുന്ന ബാങ്ക് കല്ലായ് റോട്ടിലാണ്.  എത്ര ദൂരമുണ്ടെന്നൊന്നും അറിയില്ല.  വണ്‍വേ ആയതുകൊണ്ട് ബസ്സോ ഓട്ടോയോ കിട്ടില്ല. അതുകൊണ്ട് പുറകോട്ട് നേരെ നടന്നാല്‍ മതിയെന്നു പറഞ്ഞു. കുറേ ദൂരെമെത്തുമ്പോള്‍ മാനാഞ്ചിറ കാണാമെന്നും മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി കാണാമെന്നും വേണമെങ്കില്‍ അവിടെ കയറി വായിച്ചിട്ടൊക്കെ പോന്നാമതിയെന്നും അവന്‍ പറഞ്ഞു.  പിന്നെ എസ് കെ പൊററക്കാടിന്റെ പ്രതിമയുണ്ട്.  എസ് കെ നോക്കിയിരിക്കുന്നത് മിഠായി തെരുവിലോട്ടാണ്...അതിലെ നടന്നാലും പാളയത്തെത്തും...അവിടുന്ന് കുറച്ചു ദൂരം കൂടി പോയാല്‍ ബാങ്കിന്റെ ബോര്‍ഡ് കാണാം.  എങ്ങോട്ടും വളയാനും തിരിയാനും നില്ക്കണ്ട.  മിഠായി തെരുവില്‍ തിരക്കായിരിക്കും.  അതിലെ ഇപ്പോ വരണ്ട.  പട്ടാളപള്ളിയുടെ അടുത്തു കൂടെ മുതലക്കുളത്തിനരികിലൂടെ പോന്നാല്‍ മതി. മുതലക്കുളത്ത് മുതലയോ കുളമോ ഇല്ല.  അലക്കുകാരു വിരിച്ചിട്ട തുണിയുണ്ടാവും..ഇല്ലെങ്കില്‍ കുറേ അയക്കോലുകള്‍...

ഏതാണ്ട് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്.  പക്ഷേ അന്നത് അറിയില്ല.  പറഞ്ഞു തന്നതുപോലെ നേരയങ്ങ് നടന്നു.  മാനാഞ്ചിറയെ നോക്കി നിന്നു.  ലൈബ്രറിയില്‍ കയറി.  എസ് കെ യെ കണ്ടു. പട്ടാളപള്ളി കണ്ടു...മുതലക്കുളത്തെ അയക്കോലുകള്‍ കണ്ടു.   അന്ന് മൊബൈല്‍ ഫോണൊന്നുമില്ല.  എന്തായാലും ആരോടും വഴി ചോദിക്കേണ്ടി വരാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

  അധികം വൈകാതെ കോഴിക്കോട് പ്രസ് ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ കിട്ടുന്നു.  പിന്നെ നഗരത്തിന്റെ ഇടവഴികള്‍ ഇവള്‍ക്കു സ്വന്തമാവുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പല വഴികളിലൂടെയും നടന്നു.  ചിലപ്പോള്‍ അസൈന്‍മെന്റിനു വേണ്ടിയാവാം.  ചിലപ്പോള്‍ ഊണുകഴിക്കാനായി ഒരു മെസ്സ് അന്വേഷിച്ചുള്ള യാത്രയാവാം.  തെരുവു പുസ്തകച്ചന്തയിലേക്കോ സെക്കന്റ്ഹാന്‍ഡ് ബുക്ക് ഷോപ്പിലേക്കോ ആവാം.  മറ്റു ചിലപ്പോള്‍ കടല്‍ത്തീരത്തേക്ക്, മിഠായി തെരുവിലേക്ക്...

പിന്നെ എനിക്കും ബാങ്കില്‍ ജോലി കിട്ടുന്നു.  വൈകിട്ട് മാനാഞ്ചിറയിലേക്ക് നടക്കുകയാവൂം.  മെയിന്‍ റോട്ടിലൂടെയൊന്നുമല്ല.  കാണുന്ന വഴിയേ, ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും.  മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം.  ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല.  പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും.

എവിടേക്കു പോകണമെങ്കിലും സമയമുണ്ടെങ്കില്‍ നടക്കുകയാണ് പതിവ്.  പലപ്പോഴും ഇടവഴികളിലൂടെ...ഒറ്റയ്ക്കായി പോകുന്ന ചില വഴികളില്‍ പേടി തോന്നാറില്ല.  എതിരെ വരുന്നൊരാള്‍ ആക്രമണകാരിയാണെന്നൊരു തോന്നല്‍ വെച്ചു പുലര്‍ത്താറില്ല.  ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം.
നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്.  ചിലപ്പോള്‍ ശരിയായിരിക്കാം.  എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല.  എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല.  കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം.  ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം.  എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണ് എന്ന് കരുതുന്നില്ല.

ചിലപ്പോള്‍, നടക്കുമ്പോള്‍ കാണാം..വലതുവശത്തെ മതിലില്‍ നിറയെ ഷക്കീലപോസ്റ്ററുകള്‍...പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കാര്യമാണേ..ആ ചിത്രങ്ങളില്‍ നോക്കി നിന്ന് മൂത്രമൊഴിക്കുന്നവര്‍...ഊറിയ ചിരിയെ ഒതുക്കിക്കൊണ്ട് ഒറ്റ നടത്തമാണ്.  അധികമാരും നടന്നു പോകാത്ത വഴിയോരത്ത് കാണാം കാമസൂത്രയുടേയും നിരോധിന്റെയും ഉറകള്‍...ചരസിന്റെയോ കഞ്ചാവിന്റെയോ ആലസ്യത്തില്‍ കിറുങ്ങിയിരിക്കുന്നവര്‍...സന്ധ്യകഴിഞ്ഞുള്ള നേരങ്ങളില്‍, ജയയിലോ സാമൂതിരി സ്‌കൂളിലോ ഒക്കെ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ അതുകണ്ടു മടങ്ങി വരുമ്പോള്‍ കാണാം സാരിയൊന്നു തെറുത്തു കയറ്റി-ആണുങ്ങളോട് വിലപേശുന്ന പെണ്ണുങ്ങള്‍...

ചില മതിലുകളുണ്ട് മനോഹരം.  പായല്‍ പിടിച്ചവ, നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ, പൊട്ടിയും അടര്‍ന്നും കെട്ടുപോയവ, ചെളി പിടിച്ചവ, കാക്ക കാഷ്ടിച്ചവ, പൂവന്‍പെടയുടെ പച്ച വെല്‍വെറ്റു കുപ്പായമിട്ടവ, ഇലകളും വള്ളികളും  പൂക്കളുംകൊണ്ട്  സമൃദ്ധമായവ,  മുറുക്കിത്തുപ്പി ചുവന്നു പോയവ, മൂത്രം മണക്കുന്നവ, പട്ടിയെ സൂക്ഷിക്കണമെന്ന് എഴുതിവെച്ചവ...

ഗംഭീരവീടുകള്‍, വലിയ വലിയ എടുപ്പുകള്‍, അത്ഭുതം കൂറുന്ന എടുപ്പുകളും വഴികളും, വൃത്തിയും...ഇത്തിരിപ്പോയാല്‍ കരിയോയില്‍ കലക്കിയൊഴിച്ചപോലൊഴുകുന്ന ഓവുചാലുകള്‍, കോറഷീറ്റ് മേഞ്ഞ, പ്ലാസ്റ്റിക് ടാര്‍പ്പായ മേഞ്ഞ കൊച്ചുകൊച്ചു കുടുലുകള്‍, ചേരികള്‍...

സ്മാര്‍ട്ട് ഫോണും വടക്കുനോക്കി യന്ത്രവും ഗൂഗിള്‍ മാപ്പും അടുത്തകാലം വരെ കൂട്ടിനിലിലായിരുന്നു.  ആകാശം, സൂര്യന്‍, കെട്ടിടങ്ങളുടെ തുഞ്ചങ്ങള്‍ മാത്രം അടയാളം...ദിക്കുകള്‍...

ചിലപ്പോള്‍ തെറ്റുപ്പോകും വഴികള്‍...ഏതെങ്കിലും വീട്ടിലേക്കാവും..ചേരിയിലേക്കാവും..വര്‍ഷോപ്പിലേക്കോ കരിപിടച്ച വിജനപ്രദേശത്തേക്കോ ആവും.  എപ്പോഴും വഴി ശരിയാവണമെന്നില്ലല്ലോ, എല്ലാം പൂര്‍ണ്ണമല്ലല്ലോ എന്നു ചിന്തിച്ച്  തിരിച്ചു നടുക്കും.


മുമ്പ് വൈദ്യം പഠിച്ചിരുന്നതുകൊണ്ട് അറിയുന്ന ചെടികളെ തിരയും.  ഓരില ഇവിടെ, വെള്ളാവണക്കും വെള്ളെരുക്കും കല്ലത്താന്‍ കടവ് പാലത്തിനരുകില്‍, അശോകം മഞ്ഞ പെയിന്റടിച്ച വീട്ടുമുറ്റത്ത്, പുത്തരിച്ചുണ്ടയും ഉഴിഞ്ഞയും കടലാടി രണ്ടും  ഒഴിഞ്ഞ പറമ്പില്‍, തഴുതാമ മൂത്രം മണക്കുന്ന റെയില്‍വേ പാലത്തിനരുകില്‍, പൂവാം കുറന്നല്‍ ഓരോ മതിലിനുമരികില്‍, സ്‌കുളിനടുത്ത് ട്രാന്‍സ്‌ഫോമറിനിരുകിലെ ചതുപ്പില്‍ അടയ്ക്കാമണിയനും മുയല്‍ച്ചെവിയും കുടങ്ങലും കയ്യോന്നിയും, ചുവപ്പും വെള്ളയും കീഴാനെല്ലികള്‍...
നഞ്ഞ്, ഒതളം, ചേര്, സാമുദ്രപ്പച്ച, ചങ്ങലംപരണ്ട, കാര്‍ത്തൊട്ടി, മൈലെള്ള്, സര്‍പ്പഗന്ധി, ചാരവള്ളിയങ്ങനെയങ്ങനെ...

ആരു പറഞ്ഞു ഇതൊരു നഗരമാണെന്ന്?  ഇവള്‍ തനിയെ ചോദിച്ചു പോകുന്നു.

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍.  ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല.  അത് നാട്ടില്‍ വെച്ചാണ്.  കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..
ഞൊട്ടാണിപ്പഴം, കാന്താരിപ്പഴം, പൊട്ടിപ്പഴം, പൂച്ചപ്പഴം, കൊങ്ങിണിക്കായ പിന്നെ ചിലപ്പോള്‍ കുറേ ഇലകളും കായകളുമായി ഇവള്‍ കാടിറങ്ങി കൈത്തോടു കടന്ന് എങ്ങോട്ടെന്നറിയാതെ നീണ്ടു നീണ്ടു പോകുന്ന വയല്‍ വരമ്പിലൂടെ നടന്നു.

ഇപ്പോള്‍ ജോലിസ്ഥലത്തു നിന്ന് ഇറങ്ങി നടക്കുന്നു.  അതേപോലെ, ആ ഇടവഴികളിലൂടെ ചെന്നെത്തുന്നത് ഏതെടുക്കണമെന്നറിയാത്ത് തെരുവുപുസ്തകച്ചന്തയിലേക്ക്...ആള്‍ക്കൂട്ടം പത്തുരൂപയ്ക്ക്, ചിദംബരസ്മരണ ഇരുപത്തിരണ്ടുരൂപയ്ക്ക്, കടല്‍മരുഭൂമിയിലെ വീട്, ടോട്ടോച്ചാന്‍, വുതറിംഗ് ഹൈറ്റ്‌സ്, ...ഷെല്‍വിയുടെ ലൈബ്രറി പകുതി വിലയ്ക്ക്, ചിലതു തുറക്കുമ്പോള്‍ കൈ വിറയ്ക്കും...പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ ഒപ്പുചാര്‍ത്തികൊടുത്തവ...

നാട്ടില്‍വെച്ച് കാടും മലയും പുഴയും മണല്‍ത്തിട്ടയും പാറയുമുണ്ടായിരുന്നു.  എവിടെയും എപ്പോഴും കയറിച്ചെല്ലുകയും നിലാവില്‍ സ്വപ്‌നം കാണുകയും ചെയ്തിരുന്നു.  അകലെ മലമുകളില്‍ കാണുന്ന ചെറുവെളിച്ചത്തെപ്പോലും തിരിച്ചറിഞ്ഞിരുന്നു.  മാനത്തു നിന്നു താഴോട്ടിറങ്ങി വന്ന ആ നക്ഷത്ര വിളക്കുകളെ പ്രണയിക്കാന്‍ ശീലിച്ചിരുന്നു.  കവലയില്‍ നിന്ന് പഞ്ചായത്തുറോട്ടിലൂടെ നടന്നുവരുമ്പോള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.  ആരോ പുറകെ വരുന്നുവെന്ന്...മുന്നിലേക്ക് കുറേ ദൂരത്തേക്ക് കണ്ണയച്ചു.  തേടുന്നയാള്‍ വരുന്നോ എന്നറിയാന്‍...ചുമ്മാതായിരുന്നു.  എന്നാലും ആറുകാണാവുന്ന ദൂരത്തിലെ കാപ്പിച്ചോട്ടില്‍ കാത്തുനിന്നു.  വരില്ലെന്നറിഞ്ഞിട്ടും കാത്തുനിന്നു.    വെറുതെ...

ഇപ്പോള്‍ നഗരവഴികളിലൂടെ നടക്കുമ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
  ഇല്ലേയില്ലെന്ന് പറയാന്‍ വരട്ടെ...
എപ്പോഴൊക്കെയോ അങ്ങനെയൊരു കാത്തുനില്പ്, പിന്തുടരല്‍ ഉണ്ടായിട്ടില്ലേ...
ഉണ്ടല്ലോ
കുറച്ചു മുന്നില്‍ കൃത്യമായിട്ടും അറിയാമായിരുന്നു അതാരായിരുന്നുവെന്ന്...ഒന്നല്പം ആഞ്ഞു നടന്നാല്‍ ഒപ്പമെത്താമായിരുന്നു.
നീയെന്താ ഇവിടെ എന്ന് തീര്‍ച്ചയായും ചോദിക്കുമായിരുന്നു.
അപ്പോള്‍, എനിക്കറിയാമായിരുന്നു കാണാനാവുമെന്ന് എന്നു പറയുമായിരുന്നു.  തികച്ചും യാദൃച്ഛികമായിരുന്നു ആ പിന്തുടരല്‍ എങ്കിലും...
പക്ഷേ, ധൈര്യമില്ലാഞ്ഞിട്ടായിരുന്നില്ല.
വേണ്ട, വേണ്ട എന്നൊരു തോന്നല്‍...ഇതാണ് രസം...ഈ ഇടവഴിയിലൂടെ ആളറിയാതെ പിന്തുടരുക!..
നടത്തത്തിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്തത്.  തിരിഞ്ഞു നോക്കല്ലേ...എന്നാഗ്രഹിച്ചുകൊണ്ട്...

ഇങ്ങനെ ഈ വഴികളിലൂടെ ഒറ്റയ്ക്ക നടക്കുമ്പോള്‍ പ്രയാസമില്ലെന്നൊന്നുമല്ല.   മിഠായി തെരുവില്‍ ബന്ധുവായ കുട്ടിയുടെ കൈപിടിച്ചു നടക്കുമ്പോള്‍  അറിഞ്ഞുകൊണ്ടു തന്നെ ദേഹത്ത് തട്ടി കടന്നുകളയുന്നു ഒരുവന്‍.  വീണ്ടും അവന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നൊരു ഭാവത്തോടെ വീ്ണ്ടും വന്നു മുട്ടുന്നു.  ഇത്തവണ അറിയാതെയല്ല മനപൂര്‍വ്വമാണെന്ന് തിരിച്ചറിഞ്ഞിട്ട് പിടിച്ചു നിര്‍ത്തികൊടുക്കുന്നു പുറംവഴി...

ഒരിക്കല്‍ പുഷ്പ ജംഗ്ഷനില്‍ ബസ്സിറങ്ങി എം സി സിയിലേക്ക് നടക്കുകയാണ്.  തുലാമാസം..നേരത്തെ സന്ധ്യയാകുന്നു.  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കരുകിലെത്തിയപ്പോള്‍ ആരോ ഒപ്പം വരാന്‍ ധൃതിവെയ്ക്കുന്നില്ലേന്നൊരു സംശയം.  ആയിരുന്നു...പക്ഷേ, ചോദിച്ചത് കൂടെപ്പോരുന്നോ എന്നായിരുന്നു.  ഉളളിലെ ധൈര്യവതി ഒരു നിമിഷം പേടിത്തൊണ്ടിയായി...ഒറ്റയോട്ടത്തിന് ആള്‍ത്തിരക്കിടയിലേക്കെത്തി...

ഇതൊക്കെ വളരെ അപൂര്‍വ്വമാണ്...12 വര്‍ഷത്തിലെ അപൂര്‍വ്വസംഭവങ്ങള്‍.  നഗരം എന്നെ അത്രയൊന്നും ഭയപ്പെടുത്തിയിട്ടില്ല.  ആ വഴികളും.  രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒറ്റയക്കും കൂട്ടായും എത്രയെത്ര നടപ്പുകള്‍...ഒരിക്കല്‍ മലമുകളിലേക്ക് നോക്കിയിരുന്ന ആ പെണ്‍കുട്ടിയല്ല.  ഒരുപാട് വെളിച്ചങ്ങള്‍ക്കിടയിലാണ്.  എന്നിട്ടുമെനിക്ക് നഗരത്തിലെ താമസം പിടിച്ചില്ല.

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയാല്‍ ലോകം മുഴുവന്‍ കൂരാകൂരിട്ടാകുമായിരുന്നു...ഇപ്പോള്‍ എല്ലാ ലൈറ്റുകളും കെടുത്തി ജനല്‍ കര്‍ട്ടന്‍ വലിച്ചിട്ടാലും പകല്‍പോലെ വെളിച്ചം അകത്ത്.  കരിംകൂരിരിട്ടില്‍ ഉറങ്ങിയവള്‍ക്ക് അസ്വസ്ഥത.  ഉറക്കം വരാതെ ഏതോ വെളുപ്പിന് മാത്രം ഉറങ്ങുന്നു. കുറേ ആയപ്പോള്‍ പതുക്കെ പതുക്കെ ശീലമാകുന്നു എല്ലാം...
ഇന്നും നല്ലൊരുറക്കമുറങ്ങണമെങ്കില്‍ ഇടുക്കിയിലെ വീട്ടിലേക്ക് പോകണം.  അപൂര്‍വ്വമായി കിട്ടുന്ന ഒന്ന്.   ആറ്റുവെള്ളത്തിന്റെ ഒഴുക്കിന് കാതോര്‍ത്തുള്ള കിടപ്പില്‍ അറിയാതെ അറിയാതെ മയങ്ങി പോകുന്നു...

എന്നാലും ഞാനീ നഗരവഴികളെ സ്‌നേഹിക്കുന്നു....

* * * * * *



Wednesday, February 13, 2013

സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി




നബനീത സെന്‍


വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും യൗവ്വനത്തിന്റെ തുടക്കത്തിലുള്ളവര്‍ക്കുമിടയില്‍ മുതിര്‍ന്ന ഒരാള്‍ അമ്മച്ചി മാത്രമായിരുന്നു. ഞങ്ങളുടെ വര്‍ത്തമാനത്തിലും ചിരിയിലും കളിയിലേക്കും പ്രായത്തെ മാറ്റിവെച്ച് അമ്മത്തത്തെ മാറ്റിവെച്ച് അമ്മച്ചി ഇറങ്ങിവന്നു. രാത്രി വൈകുവോളം പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി.. അമ്മച്ചി നന്നായി നൃത്തം ചെയ്യുന്നതുകണ്ട് അമ്പരന്നു. എത്രയെത്ര പാട്ടുകള്‍..വിഷയം കൊടുക്കേണ്ട താമസം അതിനേപ്പറ്റി പ്രസംഗിക്കുകയായി..ഒരുപക്ഷേ ഞങ്ങള്‍ ചെറുപ്പക്കാരേക്കാള്‍ നന്നായി..ഇത്രനാളും ഈ കഴിവുകള്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇവള്‍ അത്ഭുതപ്പെട്ടു.

കുഞ്ഞുന്നാളില്‍ അപൂര്‍വ്വമായിമാത്രം പാട്ടുപാടുന്നത് കേട്ടിട്ടുണ്ട്അതും ആരുമില്ലാത്തപ്പോള്‍ മാത്രം.

പാടുന്ന നാവിനെ മുറിച്ചേക്കുമെന്നോ, നൃത്തം ചെയ്യുന്ന കാലുകളെ തടഞ്ഞേക്കുമെന്നോ അമ്മച്ചി കരുതാന്‍ കാരണമെന്തായിരുന്നിരിക്കാം? തീര്‍ച്ചയായും ഞങ്ങളുടെ പിതാവോ വീട്ടുകാരോ എതിര്‍ക്കുക എന്നതിനേക്കാളേറെ സമൂഹം ഒരു സ്ത്രീക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ധര്‍മ്മത്തില്‍ കല ഇല്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. കല കുട്ടിക്കാലത്തിന്റേതു മാത്രമാകുന്നുഅതിലും വിലക്കുകളുണ്ട്.

കുഞ്ഞുങ്ങളെ നോക്കുക, വീടു പരിപാലിക്കുക, കൂടെ തൊഴിലുളളവള്‍ അതും ചെയ്യുകനേരമില്ലാതെ വട്ടം കറങ്ങുന്നതിനിടയില്‍ എന്തു കല? എന്തു സാഹിത്യം?

കൂടാതെ ഒളിഞ്ഞിരിക്കുന്ന വിലക്കുകള്‍ അനവധിയുണ്ട്. പക്ഷേ, പൊരുത്തപ്പെട്ടു ജീവിക്കുക എന്നതാണ് സ്ത്രീയുടെ ധര്‍മ്മമായി എല്ലാവരും പറയുക. ആരോടാണ് പൊരുത്തപ്പെടേണ്ടത് എന്നതിലാണ് കാര്യം. തന്റെ ഉള്ളിലെ വാസനകളെയെല്ലാം അടിച്ചമര്‍ത്തി മറ്റു ധര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ സ്വാഭാവികമായും എപ്പോഴെങ്കിലും പൊട്ടിത്തെറിയുണ്ടായേക്കാം. അത് രൗദ്രഭാവത്തില്‍ കലിപൂണ്ടങ്ങനെ നില്ക്കും. പരിമിതികളെ മറികടക്കാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട് അവള്‍ കുറച്ചു നേരത്തിനു ശേഷം ശാന്തയാകും.

പ്രാപ്തരാകുന്നവരാകട്ടെ ഓരോരോ ബന്ധനത്തേയും മുറിച്ചു കടക്കാന്‍ ശ്രമിക്കും. ചിലരാകട്ടെ മക്കളിലൂടെ സാഫല്യമണയാന്‍ കൊതിക്കും.

അമര്‍ത്യാസെന്നിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ വിചാരിക്കാതെ കൈയ്യിലെത്തിയ പുസ്തകമായിരുന്നു ജനനി.

സംഗീത്തില്‍, നൃത്തത്തില്‍, എഴുത്തില്‍, ചിത്രരചനയില്‍, പത്രപ്രവര്‍ത്തനത്തിലൊക്കെ പ്രാവീണ്യം തെളിയിച്ച ഇരുപതോളം സ്്ത്രീകള്‍ മാതൃത്വത്തെ, മകളെ, അമ്മയെപ്പറ്റി എഴുതിയ പുസ്തകം. കുറച്ചു പഴയൊരു പുസ്തകം.

അമര്‍ത്യാസെന്നിന്റെ ഭാര്യയായിരുന്ന നബനീത സെന്‍ അവരുടെ അമ്മയാകലിനെ പറ്റിയുള്ള അനുഭവത്തെ ഇങ്ങനെ കുറിക്കുന്നു

'അതിനാല്‍, ആ നിമിഷം മുതല്‍ സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി'

ഒരു അമ്മയാകാന്‍ താന്‍ യോഗ്യയാണോ എന്ന് അവര്‍ പലവട്ടം ചിന്തിക്കുന്നുണ്ട്.

വിവാഹത്തിന് മാസങ്ങള്‍ക്കുമുന്‍പ് അവരുടെ ആദ്യ കവിതാസമാഹാരം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹശേഷം കവിതയെ അവഗണിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. അതിനു കാരണമായി പറയുന്നത് മാതൃത്വമെന്നത് വളരെ ദുഷ്‌ക്കരമായ ധര്‍മ്മമായിരുന്നെങ്കിലും അതിനേക്കാളേറെ കുടുംബിനിയുടെ വേഷമായിരുന്നു സാഹിത്യപരമായ സ്വത്വത്തെ ഇല്ലാതാക്കിയത് എന്നായിരുന്നു. അത് തിരിച്ചറിഞ്ഞത് അമര്‍ത്യമായുള്ള വേര്‍പിരിയലിലാണ്.

'ഭാര്യ, അമ്മ, പാചകക്കാരി, െ്രെഡവര്‍, വിദ്യാര്‍ഥി, ആതിഥേയ എന്നിങ്ങനെയുള്ള ബഹുമുഖധര്‍മ്മങ്ങളില്‍ അങ്ങേയറ്റം മുഴുകിയരുന്ന ഞാന്‍ എഴുത്തിന്റെ അഭാവം അറിഞ്ഞതേയില്ല. എന്നാല്‍ ജീവിതത്തിന്റെ ഒരു വശത്തെ അവഗണിക്കുകയായിരുന്നപ്പോള്‍ മറ്റൊരു ഭാഗത്തിനു രൂപം കൊടുക്കാനായി മുഴുവന്‍ ശ്രദ്ധയും വിനിയോഗിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ശ്രദ്ധയോടെ പടുത്തുയര്‍ത്തിയ ആ വീട്, ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു വീണു. ഞാന്‍ അവഗണിച്ചിരുന്ന കവിത, എന്റെ അക്കാദമിക ജോലിയോടു ചേര്‍ന്ന് എനിക്ക് അന്തിമമായ രക്ഷയേകി...'

ഇങ്ങനെ പറയുന്ന നബനീത എന്നാല്‍ തന്റെ അമ്മയ്ക്ക് അമ്മയുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇല്ലാതാക്കിയത് മാതൃത്വമായിരുന്നു എന്നു പറയുന്നു. ഒരു വലിയ എഴുത്തുകാരിയായിരുന്ന അവര്‍ അതൊക്കെവിട്ട് മുഴുവന്‍ സമയ അമ്മയാവുകയും കുറേ വര്‍ഷങ്ങള്‍ക്കുശേഷം , അവര്‍ നബനീതയെ അതിന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. മകള്‍ക്കുവേണ്ടി തന്റെ സൃഷ്ടിപരമായ ജീവിതം ത്യജിച്ചുവെന്ന് അവര്‍ പലവട്ടം പരാതിപ്പെട്ടു. നബനീതയില്‍ അത് അപരാധബോധം ഉണ്ടാക്കിയിരുന്നുവെന്നും നിങ്ങള്‍ അങ്ങനെ ചെയ്തി്ല്ലായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു! എന്നു പറയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു.
മക്കള്‍ തടഞ്ഞിട്ടല്ല ഒരമ്മയും തന്റെ സര്‍ഗ്ഗാത്മജീവിതം ഒഴിവാക്കുന്നത്. സാഹചര്യം കൊണ്ടും അവരുടെ ഉള്ളിന്റെ ഉള്ളിലെ തോന്നലുകള്‍ കൊണ്ടും ധൈര്യമില്ലായ്മ കൊണ്ടുമൊക്കെയാണെങ്കിലും മിക്ക അമ്മമാരും മക്കളെ തന്നെ കുററപ്പെടുത്തും. ആ കുറ്റപ്പെടുത്തല്‍ മക്കള്‍ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. പലപ്പോഴും അമ്മയ്ക്കും മക്കള്‍ക്കുമിടയിലായിരിക്കില്ല പ്രശ്‌നം. കണ്ടു നില്ക്കുന്നവരിലായിരിക്കും. മക്കളുടെ പേരുപറഞ്ഞുകൊണ്ട് നല്ല അമ്മയാവാന്‍ പരിശീലിപ്പിക്കുക...ഉപദേശിക്കുക...
കുറ്റപ്പെടുത്താതിരിക്കുന്ന ചില അമ്മമാര്‍ മക്കളിലൂടെ തന്റെ സ്വത്വത്തെ കണ്ടെത്താന്‍ ശ്രമിക്കും.
 തുടര്‍ന്ന് ഇവിടെ വായിക്കുക


Tuesday, December 23, 2008

നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌

മുരളിയുടെ അച്ഛന്‌ എങ്ങനെയുണ്ട്‌ എന്ന്‌ ഓഡിറ്റര്‍ ചോദിക്കുമ്പോഴാണ്‌ ഞാനക്കാര്യം അറിയുന്നതു തന്നെ.

അല്ലെങ്കിലും കുറേ നാളായി ഞാനൊരു കൂട്ടിലാണ്‌. പുറം ലോകവുമായി ബന്ധമൊന്നുമില്ല. തൊട്ടടുത്തു നടക്കുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധയില്‍ വരുന്നില്ല. കൂടിനു പുറത്തേക്ക്‌ കണ്ണും കാതും പോയാല്‍ ഉള്ളതൊക്കെക്കൂടി വിറ്റു പെറുക്കിയാല്‍പോലും നഷ്ടം നികത്താനാവില്ല. വല്ല്യ ഉണ്ണിയേട്ടന്‍ തന്നെ കൈപൊള്ളിയ അനുഭവവുമായി മുന്നിലുണ്ട്‌. ഒരു വൈകുന്നേരം ഉണ്ണിയേട്ടന്‌ മൂന്നു ലക്ഷമാണ്‌ കൈയ്യില്‍ നിന്നു വെക്കേണ്ടി വന്നത്‌ . ആരാ? എന്താ? എങ്ങനെയാ? എന്ന ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ആരായാലും അതിവിദഗ്‌ദനായ കള്ളന്‍ കൊണ്ടുപോയി എന്നെ അറിയൂ. പറഞ്ഞുവന്നത്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുരുളിയെക്കുറിച്ചാണ്‌.

മുരളിയുടെ അച്ഛന്‍ മുറ്റത്തോ മറ്റോ വീണത്രേ! ഒരു വശം തളര്‍ന്നുപോയെന്നും തലയില്‍ രക്തം കട്ടപിടിച്ചെന്നും ഇപ്പോള്‍ ഐ സി യുവിലാണെന്നും അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

പ്രായമുണ്ട്‌. ഒന്‍പതോ പത്തോ മക്കളില്‍ അവസാനത്തേതാണ്‌ അവന്‍.
അച്ഛന്റെ വീഴ്‌ചയല്ല ചിന്തിപ്പിച്ചത്‌. കഴിഞ്ഞ ആറേഴുമാസമായി മുരളിക്ക്‌ മുന്നില്‍ എന്തൊക്കെയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.

ഭാര്യ ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തേത്‌. അവസാനമാസത്തിലാണ്‌ പെട്ടെന്ന്‌ ഇളക്കം നിലച്ചതും കുട്ടി മരിച്ചതും. അതുകൊണ്ടതന്നെ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അവള്‍. വീട്ടില്‍ അച്ഛനുമമ്മയുണ്ട്‌.
അടുത്തിടെയായി അച്ഛന്‍ ആശുപത്രിയില്‍ തന്നെയാണ.‌ പ്രായത്തിന്റേതായ എല്ലാ അസുഖങ്ങളുമുണ്ട്‌. തിമിരത്തിന്‌ ശസ്‌ത്രക്രിയ ചെയ്‌തുവന്നപ്പോഴേക്കും രക്തസമ്മര്‍ദ്ദം കൂടി. അതിനു ചികിത്സചെയ്‌തപ്പോള്‍ മറ്റൊന്ന്‌. അമ്മയും വലിയ വ്യത്യാസമില്ല അസുഖക്കാര്യങ്ങളില്‍.

പെങ്ങള്‍ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്‌ത്രക്രിയക്കുവേണ്ടി മെഡിക്കല്‍ കോളേജിലായതും ഏതാണ്ടിതേ സമയത്താണ്‌. തീയറ്ററിലേക്കു കയറും മുമ്പ്‌ മൂത്രശങ്കമാറ്റുന്നതിന്‌ കക്കൂസില്‍ കയറിയതാണ്‌. കാല്‍വഴുതി ക്ലോസറ്റില്‍...ഗര്‍ഭപാത്രത്തിനു പകരം കാലാണ്‌ തത്‌ക്കാലം ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നത്‌.

അന്നൊരു ഞായറാഴ്‌ചയായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ വന്നിട്ടേയുള്ളു. അമ്മക്കാണെങ്കില്‍ കണ്ണു ശസ്‌ത്രക്രിയക്ക്‌ പിറ്റേന്ന്‌ അഡ്‌മിറ്റാവണം. ഭാര്യ വിശ്രമത്തിലായതുകൊണ്ടും ....
കുറച്ചുദിവസമായി കിണറ്റില്‍ നിന്ന്‌ വെള്ളമടിക്കുന്ന മോട്ടോര്‍ പണിമുടക്കുന്നു. ഏതായാലും മോട്ടര്‍ നന്നാക്കി കളയാം എന്നു കരുതിയാണ്‌ കിണറ്റിലിറങ്ങിയത്‌. പഴയ കിണര്‍...പത്തിരുപതുകോല്‍ താഴ്‌ച്ച. മോട്ടോര്‍ നന്നാക്കി തിരിച്ചു കയറുമ്പോഴാണ്‌...ചവിട്ടിക്കേറിയിരുന്ന കല്ലിളകിയത്‌.....

ഒരു കാല്‍ ചെന്നടിച്ചത്‌ പാറയില്‍...പിന്നെ വെള്ളത്തിലോട്ട്‌....അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളു. കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്‌സ്‌ തന്നെ രക്ഷ. രണ്ടാഴ്‌ചയോളം ആശുപത്രിയില്‍...പിന്നെ പെങ്ങളുടെ വീട്ടില്‍..അച്ഛനെ ഒരു ചേട്ടന്‍ നോക്കി. അമ്മയെ മറ്റൊരാള്‍..ഭാര്യ അവളുടെ വീട്ടില്‍...

വടികുത്തിയെങ്കിലും നടക്കാനാവണമെങ്കില്‍ നാലുമാസം വേണം. ശരിക്കു നടക്കണമെങ്കില്‍ ഒരുവര്‍ഷത്തിലേറെ വേണമത്രേ!

മറ്റൊരു ഞായറാഴ്‌ച രാത്രിയിലാണ്‌ പ്രസന്നേച്ചിയുടെ ഫോണ്‍ 'മുരളിയുടെ ഭാര്യ പ്രസവിച്ചു. ഇത്തവണയും....'

വടികുത്തിപ്പിടിച്ച്‌ അവന്‍ വരാന്‍ തുടങ്ങി. വരാതെ നിവൃത്തിയില്ല. എടുക്കാവുന്ന അവധികളൊക്കെ കഴിഞ്ഞ്‌ ലോസ്‌ ഓഫ്‌ പേയിലാണിപ്പോള്‍.
പത്തിരുപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ്‌ വരേണ്ടത്‌.
ബസ്സില്‍ യാത്ര വയ്യ. ബന്ധുക്കളാരെങ്കിലും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നു....
അതിനിടക്കാണ്‌ ഇപ്പോള്‍ അച്ഛന്‍....

മുരളി മെമ്പര്‍ഷിപ്പുള്ള ഒരു സഖാവാണ്‌.
അച്ഛന്റെ കാര്യം തിരക്കിയപ്പോള്‍ അതുപോലൊരു സഖാവായ സുഹൃത്തു പറഞ്ഞു.
" കാടാമ്പുഴപ്പോയി ഒരു മുട്ടറക്കിയാല്‍ തീരാവുന്ന കാര്യോളളൂ...പക്ഷേ, കേക്കണ്ടേ..."
ആ നിമിഷം എനിക്ക്‌ മുരളിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.
അത്‌ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്‍േയും പ്രശ്‌നമല്ല. ഇത്രയെല്ലാമായിട്ടും പലരും പറഞ്ഞിട്ടും തന്റെ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിക്കാത്തതുകൊണ്ട്‌...
നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌...ലാല്‍സലാം.

Tuesday, September 2, 2008

ആത്മദംശനം

ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേരു കണ്ട്‌ ചിലരെങ്കിലും ഈ വാക്കിന്റെ കാല്‌പനീകാര്‍ത്ഥം മാത്രം കണ്ട്‌ വിലയിരുത്തിയിട്ടുണ്ട്‌. അവര്‍ക്കു വേണ്ടി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു.
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്ന അറിവ്‌ അനുഭവം(ആഗസ്റ്റ്‌‌ 24 ലക്കം 25)


അടുത്തിടെ നീലഗിരിയിലെ ഒരു കുന്നിന്‍ചെരുവിലൂടെ നടക്കുമ്പോള്‍ കണ്ണുകളെ വിസ്‌മയിപ്പിച്ചുകൊണ്ട്‌ ചുറ്റും പാമ്പിന്‍ പടങ്ങള്‍. ഒരുപാടെണ്ണമുണ്ട്‌. പലതും ദ്രവിച്ചു തുടങ്ങി. ചിലത്‌ അപ്പോള്‍ പൊഴിച്ചിട്ടതാണെന്നേ തോന്നൂ. ഇത്രയേറെ പടങ്ങളോ എന്ന്‌ അമ്പരുന്നു. താഴെ നിന്ന്‌ മേലോട്ടുള്ള ഇഴയലിലാണ്‌ പടം പൊഴിഞ്ഞതെന്ന്‌ പുതുമ നഷ്‌ടപ്പെടാത്ത പടങ്ങള്‍ പഞ്ഞു. മൂന്നടിയില്‍ കൂടുതല്‍ നീളമുള്ള മുഴുത്തപടങ്ങളായിരുന്നു അവ ഓരോന്നും. സര്‍പ്പങ്ങള്‍ പടം പൊഴിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടാവാം?
ഒരുപാടു പാമ്പുകളുണ്ടാവുമോ?
പുല്ലുപടര്‍ന്ന മൊട്ടക്കുന്നായിരുന്നു അത്‌. താഴെ ഒറ്റക്കു നില്‌ക്കുന്ന മുത്തശ്ശിമാവ്‌. ചുവട്ടില്‍ ചിതല്‍ പുറ്റ്‌. വലിയവലിയ മാളങ്ങള്‍...

ഉത്തരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഞാനാദ്യം കണ്ടതും പാമ്പിന്‍ പടങ്ങള്‍ തന്നെയല്ലേ എന്നോര്‍ത്തുപോയി.
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ വീടിനു പിന്നില്‍ കണ്ടപടം പക്ഷേ ചെറുതായിരുന്നു. പാമ്പിനെക്കുറിച്ചുള്ള ആദ്യ ഓര്‍മയും അതാവണം.
ഈ പടത്തിനുള്ളിലെ പാമ്പ്‌ എവിടെപ്പോയി? ചത്തിട്ടുണ്ടാവുമോ?
പിന്നെയും ഏറെക്കഴിഞ്ഞാണ്‌ സര്‍പ്പങ്ങള്‍ വര്‍ഷത്തില്‍ മൂന്നു വട്ടം പടം പൊഴിക്കുമെന്നും പൊഴിയാറാവുമ്പോള്‍ ഇവരൊക്കെ മന്ദന്മാരായിരിക്കുമെന്നും പൊഴിഞ്ഞാല്‍ വീരശൂരപരാക്രമികളാവുമെന്നും അറിയുന്നത്‌.
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ എന്റെ സഹപാഠി പാമ്പുകടിയേറ്റു മരിച്ചത്‌. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇപ്പോഴും മായാതെ നില്‌ക്കുന്നു. ഒരു കൈതക്കാടു കടന്നു വേണമായിരുന്നു അവന്റെ വീട്ടിലെത്താന്‍. തലേന്ന്‌ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ കൈതക്കാടിനടുത്തുവെച്ചാണ്‌‌ കടിയേറ്റത്‌. ഉള്ളിലൊരുപാടു സങ്കടങ്ങളുമായാണ്‌ അവനെ കണ്ട്‌ മടങ്ങിയത്‌. കൈതക്കാടിനടുത്തെത്തിയപ്പോള്‍ പേടിയോടെ അതിനുള്ളിലേക്കു നോക്കി. അവനെ കടിച്ച സര്‍പ്പം അതിനുള്ളിലൊളിച്ചിരിപ്പുണ്ടോ എന്നറിയാന്‍...
എന്റെ കുഞ്ഞു മനസ്സിലെ അന്നത്തെ സങ്കടങ്ങളിലൊന്ന്‌ പാമ്പുകടിച്ചാല്‍ രക്ഷപെടില്ലേ എന്നായിരുന്നു.
രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ലേ എന്നും.
'മുറുക്കുന്നത്ത' എന്നു വിളിക്കുന്ന അച്ഛന്റെ അച്ഛന്‌ വിഷചികിത്സയറിയാം എന്നൊന്നും എനിക്കറിയില്ലായിരുന്നു. പാരമ്പര്യമായി വൈദ്യന്മാരായിരുന്നെങ്കിലും മുറുക്കുന്നത്ത പോലീസില്‍ യോഗാഭ്യാസ മാസ്‌റ്ററായിരുന്നു. ജോലികിട്ടും മുമ്പ്‌ വൈദ്യമായിരുന്നു തൊഴിലെങ്കിലും പിന്നീടത്‌ തുടര്‍ന്നില്ല. വിരമിച്ചശേഷവും. സ്വന്തം ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായിരുന്നു വൈദ്യം. മൃഗചികിത്സ, ബാലചികിത്സ, മന്ത്രവാദം..തുടങ്ങി എല്ലാത്തരം ചികിത്സയുമുണ്ടായിരുന്നു. അയല്‍വാസികളുടെ പശുക്കള്‍ക്ക്‌ വയറു കമ്പനത്തിനും അകിടുവീക്കത്തിനും കട്ടുള്ള ഇലകളും മറ്റും ഭക്ഷിക്കുമ്പോള്‍ വായിലൂടെ നുരയും പതയും വരുന്നതിനുമൊക്കെ മരുന്നു കൊടുക്കുന്നതു കണ്ടിട്ടുണ്ട്‌. അല്ലാതെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ ഒന്നും കണ്ടിരുന്നില്ല.
എന്നാല്‍ മന്ത്രവാദത്തെക്കുറിച്ചൊക്കെ പഴയ കഥകള്‍ കേട്ടിരുന്നു. അതിലൊന്ന്‌ ഞങ്ങളുടെ പാലമൂട്ടില്‍ എന്ന വീട്ടുപേരായിരുന്നു. പൊന്‍കുന്നത്തും മുണ്ടക്കയത്തുമായിരുന്നു പൂര്‍വികരുടെ സങ്കേതം. മുണ്ടക്കയത്തെ ഒരു പൊതുവഴിക്കരികെ ഒരു പാല നിന്നിരുന്നത്രേ! ആ പാലയില്‍ വെള്ളിയാഴ്‌ച രാത്രികളില്‍ ഒരു ഗന്ധര്‍വന്റെ തേരു വരുമായിരുന്നുപോലും. രാത്രി ആ വഴി വരുന്നവര്‍ ഗന്ധര്‍വ ശല്യത്തില്‍ പൊറിതിമുട്ടി മുറുക്കുന്നത്തയുടെ അത്ത ഖാദര്‍കണ്ണു റാവുത്തരെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഒരു വെള്ളിയാഴ്‌ച പാലക്ക്‌ ചുവട്ടില്‍ കുടില്‍കെട്ടി ഗന്ധര്‍വ്വനെ കാത്തിരുന്ന്‌ രാത്രി തേരിലെത്തിയെ ഗന്ധര്‍വ്വനെ വഴിമാറ്റിവിട്ടത്രേ! അതോടെ പാറപ്പുറത്ത്‌ എന്ന വീട്ടുപേര്‌ നാട്ടുകാര്‍ പാലമൂട്ടില്‍ എന്നാക്കുകയായിരുന്നു. തലമുറകൈമാറിക്കിട്ടിയ കുടുംബ ചരിത്രമാണിത്‌.

ഗന്ധര്‍വനും തേരും പിശാചും പിന്നെയും ഞങ്ങള്‍ക്കു മുന്നിലേക്ക്‌ കഥകളായി വന്നുകൊണ്ടിരുന്നു. മുറുക്കുന്നത്തയുടെ അത്തയുടെ അത്ത കൊച്ചുബാവ റാവുത്തരുടേത്‌ അകാലമൃത്യുവായിരുന്നു. ഒരു ബാധ ഒഴിപ്പിക്കാന്‍ പോയ അദ്ദേഹത്തിനൊപ്പം വന്ന ബാധയെ വീടെത്താറായപ്പോള്‍ വഴിയരുകിലെ പ്ലാവില്‍ കയ്യിലെ കൊച്ചുപിച്ചാത്തികൊണ്ട്‌ തറച്ചുപോലും. വീട്ടില്‍ വന്നു വിശ്രമിക്കുമ്പോഴാണ്‌ കൊച്ചുപിച്ചാത്തിയെക്കുറിച്ച്‌ ഓര്‍മ വന്നത്‌. പിച്ചാത്തിയെടുക്കാന്‍ പോയ അദ്ദേഹം രക്ഷ ധരിച്ചിരുന്നില്ലത്രേ! പിച്ചാത്തി വലിച്ചൂരിയതും കുഴഞ്ഞുവീഴുകയായിരുന്നു.
ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ ചരിത്രം കേള്‍ക്കുമ്പോള്‍ എനിക്ക്‌ പേടിയായിരുന്നു.
കനിറാവുത്തറെന്ന മുറുക്കുന്ന അത്തയുടെ മൂത്തമകനുണ്ടായ കടിഞ്ഞൂല്‍പൊട്ടിയായിരുന്നു ഞാന്‍. എനിക്ക്‌ മുന്‍പ്‌ അമ്മായിമാര്‍ക്കുണ്ടായത്‌ ആണ്‍മക്കളായിരുന്നു. ആദ്യമായിട്ടു കണ്ടപെണ്‍കുട്ടി എന്ന നിലയില്‍ എന്നെ എല്ലാവരും ചേര്‍ന്ന്‌ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടന്നു. ഓമനിച്ച്‌‌, കൊഞ്ചിച്ചു കൊണ്ടു നടന്നതുകൊണ്ട്‌ ഞാനെന്നും പേടിത്തൊണ്ടിയായിരുന്നു. പ്രേതത്തിന്റെയും പിശാചിന്റെയും കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും അടുത്ത മുറിയിലേക്കുപോകാന്‍ തന്നെ കൂട്ടുവേണമായിരുന്നു.

വീടിനടുത്തുകൂടിയായിരുന്നു ദേവിയാര്‍ ഒഴുകുന്നത്‌. വടക്ക്‌ മുടിപ്പാറമലയും തെക്ക്‌ കുതിരകുത്തിമലയും. ഇതിനിടയിലായിരുന്നു ദേവിയാര്‍ എന്ന കുടിയേറ്റ ഗ്രാമം. കാപ്പിയും കുരുമുളകും കൊക്കോയും റബ്ബറുമൊക്കെയായി പറമ്പുകളൊക്കെ ഇരുള്‍ മൂടിക്കിടന്നു. കുതിരകുത്തിമലക്കപ്പുറം കൊടും വനമായിരുന്നു. പടിഞ്ഞാറോട്ടു പോകുന്തോറും വനത്തില്‍ വന്‍മരങ്ങളും ഈറ്റയും വള്ളികളും ...അതിനിടയില്‍ ആനയും പുലിയും മ്ലാവും മാനും കേഴയും മേഞ്ഞു നടന്നു. കാട്ടിലും പറമ്പിലും ഒരടി മണ്ണില്‍ ഒന്‍പതു പാമ്പെന്നപോലെ പാമ്പുകളുണ്ടായിരുന്നു. വിഷമുള്ളതും ഇല്ലാത്തതും.
പാമ്പിനെക്കുറിച്ചെപ്പോഴും കേട്ടിരുന്നെങ്കിലും ഞങ്ങളുടെ പറമ്പിനപ്പുറം മലയിഞ്ചിക്കാട്ടിലോ അപ്പക്കാട്ടിലോ കളിച്ചു തിമിര്‍ത്തു നടന്നപ്പോഴൊന്നും നീണ്ടു വഴുവഴുപ്പു തോന്നിപ്പിച്ച ഈ ജീവികളെ കണ്ടില്ല. ദേവിയാറ്റിലും വയലുകളിലും നീര്‍ക്കോലിയെ കണ്ടിട്ടുണ്ട്‌. അപൂര്‍വ്വമായി. വെള്ളത്തിലൂടെ ഊളിയിട്ടുകൊണ്ടുള്ള പോക്കുമാത്രം.
അമ്മയുടെ ജോലിസ്ഥലമായ മറയൂരിലായിരുന്നു യു.പി.സ്‌കൂളില്‍ പഠിച്ചത്‌. ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോഴാണ്‌ മുറുക്കുന്നത്ത വിഷംതൊട്ട ഒരു കുട്ടിയെ ചികിത്സിക്കുന്നത്‌ കാണുന്നത്‌. ഞാനമ്പരന്ന്‌ മിഴിച്ചിരുന്നു.
ചികിത്സ കിട്ടാതെ മരിച്ച എന്റെ സഹപാഠിയെ ഓര്‍ത്തുപോയി. ഒരുപാടു ചോദ്യങ്ങള്‍ തികട്ടി വന്നു.
ഏതു പാമ്പാ കടിച്ചേ?
എങ്ങനെയാ കടിച്ചേ?
ഇവിടെ വന്നില്ലായിരുന്നെങ്കില്‍ മരിക്കുമായിരുന്നോ?
ഉള്ളിലൊരുപാട്‌ വെഷം കയറിയിട്ടുണ്ടോ?
ഞാനദ്ദേഹത്തിനു പുറകെ നടന്ന്‌ ചോദിക്കാന്‍ തുടങ്ങി.
ചുരട്ട എന്ന പാമ്പാണ്‌ കടിച്ചെതെന്നും സാരമില്ല എന്നും മുറുക്കുന്നത്ത പറഞ്ഞു.
പിന്നെ ചുരട്ട എങ്ങനെയാണിരിക്കുന്നത്‌ എന്നായി എന്റെ ചോദ്യം. അദ്ദേഹം ഒരു രൂപവിവരണം എനിക്കുതന്നു. പക്ഷേ അതുകൊണ്ട്‌്‌ തൃപ്‌തയായില്ല ഞാന്‍.
കയ്യാലപ്പൊത്തിലും കാടുപിടിച്ചു കിടക്കുന്നിടത്തുമൊക്കെ പാമ്പുണ്ട്‌ എന്നു പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഈ വിഷജീവിയെ കാണാനായിട്ടില്ല. മുതിര്‍ന്നവരൊക്കെ കണ്ടു കണ്ടു എന്നു പറയുന്നതല്ലാതെ...
ചുരട്ടേനേ കാണാമ്പറ്റുവോ? മുറുക്കുന്നത്തയോട്‌ ചോദിച്ചു.

ഉച്ചയോടടുത്തപ്പോള്‍ അദ്ദേഹമെന്നെ വിളിച്ചു കാണിച്ചു തന്നു.
വീടിനു കിഴക്കു വശത്ത്‌ മുറ്റത്തോട്‌ ചേര്‍ന്ന്‌ മണ്ണില്‍ ആലസ്യപ്പെട്ടു കിടക്കുന്ന ഒരു ചുരട്ട!
പാമ്പിനെ മന്ത്രംചൊല്ലി വരുത്തുന്നതിനെക്കുറിച്ചൊക്കെ അവ്യക്തമായി പറഞ്ഞതോര്‍ക്കുന്നെങ്കിലും അവിശ്വസനീയമായ ആ കാഴ്‌ചയില്‍ എന്താണു സംഭവിച്ചതെന്ന്‌ ഇന്നും എനിക്കറിയില്ല. പക്ഷേ, കാഴ്‌ച ഒന്നുമാത്രമാണ്‌ ചികിത്സ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.
അഞ്ചില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകണം എന്ന അധ്യാപികയുടെ ചോദ്യത്തിനു മുന്നില്‍ കുഴങ്ങി നിന്നു. കുറച്ചൊക്കെ പഠിക്കുന്ന കുട്ടികള്‍ ഡോക്ടറാവണമെന്നു പറഞ്ഞതുകേട്ട്‌ മോശമാവേണ്ടെന്നു കരുതി ഞാനും ഡോക്ടറാവണമെന്നു പറഞ്ഞാണ്‌ രക്ഷപെട്ടത്‌.
പക്ഷേ ചികിത്സ പഠിക്കണമെന്ന എന്റെ ആവശ്യം ഭാവിയില്‍ ചികിത്സ ചെയ്യണമെന്നൊന്നും ഓര്‍ത്തിട്ടല്ല. ആകാംക്ഷയെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.
എന്നാല്‍ ചികിത്സാരഹസ്യം കൈമാറാന്‍ മുറുക്കുന്നത്ത തത്‌പരനായിരുന്നില്ല. അലോപ്പതിയുടെ ഉയര്‍ച്ചയും ആയൂര്‍വേദത്തോടുള്ള ആളുകളുടെ അകല്‍ച്ചയുമായിരുന്നു ഒരു കാരണം. മറ്റൊന്ന്‌ അദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ ഒരാള്‍ക്കും മന്ത്രത്തിലും ചികിത്സയിലുമൊന്നും താത്‌പര്യവുമില്ലായിരുന്നു. അതുകൊണ്ടൊക്കെ 'നേരേ ചോവ്വേ കൊണ്ടുനടക്കുന്നവര്‍ക്കേ കൈമാറൂ' എന്ന ശാഠ്യവുമുണ്ടായിരുന്നു.
എന്നാല്‍ ചികിത്സ പഠിക്കണം എന്ന എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ പത്താംക്ലാസുകഴിയട്ടേ എന്നൊരു വാക്കു തരികയായിരുന്നു.

ഏതായാലും എട്ടാംക്ലാസുമുതല്‍ മുറുക്കുന്നത്തയോടൊപ്പമായി താമസം. അപ്പോഴേക്കും പറഞ്ഞു കേട്ട്‌ ചികിത്സക്ക്‌ ആളുകള്‍ കൂടുതലെത്തിത്തുടങ്ങിയിരുന്നു.
നാട്ടുകാരിലധിവും കൃഷിയും വനവുമായാണ്‌ ഉപജിവനം കഴിക്കുന്നത്‌. ഈറ്റവെട്ടു തൊഴിലാളികള്‍, വിറകുവെട്ടുകാര്‍, ആടുമാടുകളെ വളര്‍ത്തുന്നവര്‍...ഈറ്റവെട്ടുമ്പോഴും വിറകെടുക്കാന്‍ കാട്ടില്‍ പോകുമ്പോഴും പുല്ലരിയുമ്പോഴുമൊക്കെ കടിയേറ്റെന്നു വരും. പലപ്പോഴും കണ്ടെന്നു വരില്ല. രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ പല വിഷവികാരങ്ങളുണുണ്ടാകുമ്പോഴാണ്‌ വൈദ്യനെ തേടി വരുന്നത്‌. പല ചികിത്സയും ചെയ്‌തിരിക്കും അതിനിടക്ക്‌.
മരുന്നുകള്‍ പറിച്ചുകൊണ്ടുവരിക, അരച്ചുകൊടുക്കുക, രോഗിയുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്‌തുതുടങ്ങി ഞാന്‍.
അന്നൊന്നും രോഗിയെ രാത്രി ഉറക്കാറില്ല. ഉറങ്ങാതിരിക്കാന്‍ അവരോടൊപ്പം ആളുകളുണ്ടാവും. എന്നാലും രാത്രിയില്‍ മരുന്നു കൊടുക്കണം. പ്രതികരണങ്ങള്‍ അറിയണം. ചിലപ്പോള്‍ മരുന്നു മാറ്റി കൊടുക്കേണ്ടി വരും.
മുറുക്കുന്നത്തക്ക്‌ എണ്‍പതിനു മുകളിലാണ്‌ പ്രായം. അദ്ദേഹത്തെ ഉറങ്ങാന്‍ വിട്ട്‌ ഞാന്‍ രോഗിക്ക്‌ കാവലിരിക്കും. എത്ര ഉറങ്ങാതിരുന്നാലും രാവിലെ അദ്ദേഹമുണര്‍ന്ന്‌ പരിശോധിക്കുമ്പോള്‍ ഞാനും ഒപ്പമുണ്ടാകും.
പതുക്കെ പതുക്കെ മുറിപ്പാടും ദംശപ്രദേശവും പ്രതികരണങ്ങളും കണ്ട്‌ ഏതു പാമ്പാണു കടിച്ചത്‌, എന്തു മരുന്നു നല്‌കാം എന്നൊക്കെ മനസ്സിലാക്കി തുടങ്ങി. ഇടക്ക്‌ പ്രയോഗസമുച്ചയം(ഭാഷ) എടുത്തു വായിക്കാന്‍ തുടങ്ങി.
ദംശപ്രദേശത്ത്‌ വിരല്‍തൊട്ടാല്‍ വിഷമുണ്ടെങ്കില്‍ എന്റെ വിരലിനുള്ളിലൂടെ വൈദ്യൂതപ്രവാഹം പോലെ എന്തോ കടന്നുപോകുന്നത്‌ തിരിച്ചറിയാന്‍ തുടങ്ങി.
എനിക്കു തോന്നുന്ന സംശയങ്ങള്‍ മുറുക്കുന്ന അത്തയോട്‌ ചോദിക്കും. അദ്ദേഹമെന്നെ ചേര്‍ത്തു പിടിക്കും. നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കും.

പലപ്പോഴും മരുന്നു തയ്യാറാക്കുന്നത്‌ ഞാനാണെങ്കിലും മരുന്നുകൊടുക്കുംമുമ്പ്‌ പാത്രം വെറ്റിലകൊണ്ട്‌ മൂടി പതിയെ മന്ത്രിച്ചൂതും. എന്നും രാവിലെയും വൈകിട്ടും വെള്ളമോതിയൊഴിക്കുകയും ചെയ്യും. വെള്ളമോതിയൊഴിച്ചിട്ട്‌ ഇനി എത്രനേരം വേണ്ടി വരും വിഷമിറങ്ങാനെന്ന്‌ പ്രവചിക്കും.
ഈ മന്ത്രവും പ്രവചനവുമൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കു പേടിയാവും. പൂര്‍വ്വികരുടെ കഥകള്‍ ഓര്‍മവരും. ചികിത്സ പഠിക്കുമ്പോള്‍ മന്ത്രം പഠിക്കേണ്ടി വരുമോ?
മനസ്സിലെ പേടിത്തൊണ്ടി ചോദിച്ചു.
മുറുക്കുന്നത്ത പറഞ്ഞു.
`മന്ത്രമില്ലാതെ കാര്യമില്ല കുഞ്ഞേ, മരുന്നില്‍ വെഷം മാത്രമേ പോകൂ..കാലക്കേടുമാറാന്‍ മന്ത്രം വേണം`


ആയിടക്ക്‌ ചികിത്സയിലെ, മരുന്നുകളിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു തന്നതോടെ എനിക്കു പേടികൂടി. മുറുക്കുന്നത്ത മാത്രമേ എന്നെ കളിയാക്കാത്തതുള്ളു. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ കഴിവില്ലാത്തവളാണ്‌. കടിഞ്ഞൂല്‍പൊട്ടിയാണ്‌. പേടിത്തൊണ്ടിയാണ്‌.
ചിലതിന്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ ധൈര്യമുണ്ടായേ പറ്റൂ.
ധൈര്യം എങ്ങനെ നേടാനാവും? ഒരുപെട്ടെന്നൊരു ഉള്‍വിളിയായിരുന്നു. എനിക്കു പ്രിയപ്പെട്ട മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക. പകരം സസ്യഭുക്കാവുക.
പക്ഷേ പ്രിയപ്പെട്ടതെങ്ങനെ ഒഴിവാക്കും? ഇറച്ചി സാരമില്ല. വല്ലപ്പോഴുമാണ്‌ വാങ്ങുന്നത്‌. പക്ഷേ മീനൊഴിഞ്ഞ കാലമില്ല.
മീന്‍കഷ്‌ണങ്ങള്‍ ഒഴിവാക്കി കറിയില്‍ നിന്നാദ്യം. പിന്നെ പിന്നെ ചാറും. പക്ഷേ, മണം വരുമ്പോള്‍ കൊതിയാവും.
സസ്യഭുക്കാവുന്നു എന്നറിഞ്ഞപ്പോള്‍ അമ്മയടക്കം എല്ലാവരും വഴക്കുപറഞ്ഞു. വളര്‍ച്ചയുടെ കാലമാണ്‌. എല്ലാവരും മീങ്കൂട്ടുമ്പോ നീയെന്തുചെയ്യും?
പക്ഷേ എനിക്കു ധൈര്യം നേടണം.
കൊതിയൂറുന്ന മണം ശ്വസിക്കുമ്പോള്‍...വേണ്ട ഞാന്‍ വെറും കടിഞ്ഞൂല്‍പൊട്ടിയാവാന്‍ പാടില്ല.
മുറുക്കുന്ന അത്ത ചികിത്സ കൈമാറാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ യോഗാസനം ഞങ്ങളെ പഠിപ്പിക്കാന്‍ തയ്യാറായിരുന്നു താനും. ഓരോ വിജയദശമിക്കും ആറ്റില്‍കുളിച്ച്‌്‌്‌ വന്ന്‌്‌ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലിരിക്കും.
പത്മാസനത്തില്‍ തുടങ്ങും. ധ്യാനത്തെക്കുറിച്ച്‌ പറഞ്ഞുതരും....
അതു രണ്ടു ദിവസം. പിന്നെ എല്ലാവര്‍ക്കും മടിയാവും.

അതുപോലെ ആയിരുന്നില്ല ചികിത്സ പഠിക്കാന്‍ ഞാനിരുന്നത്‌. പത്താംക്ലാസു പരീക്ഷ കഴിഞ്ഞ പിറ്റേന്ന്‌ അതായത്‌ 1993 മാര്‍ച്ച്‌ 18-ാം തീയതി രാവിലെ കുളിച്ച്‌ ഭാരമൊഴിഞ്ഞമനസ്സോടെ ദക്ഷിണവെച്ച്‌ നമസ്‌ക്കരിച്ചു.
ഗുരു പഴയ ട്രങ്കുപെട്ടി തുറന്ന്‌ നാരായം പുറത്തെടുത്തു.
`ഓലേലും തകിടിലുമൊക്കെ പണ്ടാ..` എന്നു പറഞ്ഞ്‌ നാരായം തിരികെ വെച്ചു. പിന്നെ പുതിയ നോട്ടുബുക്കില്‍ പതിയെ എഴുതി...
എഴുതിയത്‌ തന്നിട്ട്‌ വായിക്കാനാവശ്യപ്പെട്ടു.
ലിപി മലയാളത്തിലും ഉച്ചാരണം തമിഴിലും. തമിഴ്‌ കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട്‌ എഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാം.
എന്നാല്‍ വായന തുടങ്ങിയതേ എനിക്ക്‌ ഭയമായി. വിറക്കാന്‍ തുടങ്ങി. തളര്‍ച്ച..നാവു വരളുന്നു.
ചികിത്സ പഠിക്കാന്‍ തുടങ്ങുമ്പോള്‍ മരുന്നുകളുടെ കുറിപ്പാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. ഇതുപക്ഷേ, ഉഗ്ര മന്ത്രങ്ങള്‍!
പേടിച്ചു എന്നു മനസ്സിലാക്കിയിട്ടാവണം. അദ്ദേഹം ധൈര്യത്തിന്‌ മറ്റൊരു മന്ത്രം ഓതി തന്നു.
ഞാനത്‌ വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു ചൊല്ലിക്കൊണ്ടിരുന്നു. ഇപ്പോഴും.


പൂര്‍വ്വികര്‍ ഹിന്ദു സമുദായത്തില്‍പെട്ടവരാണെന്നായിരുന്നു പറഞ്ഞുകേട്ടത്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്തോ മറ്റോ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നത്രേ! ഇസ്ലാമിലെ അനഫി വിഭാഗക്കാരായിരുന്നു. തമിഴായിരുന്നു സംസാരഭാഷ. (ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലക്കയുടേയും കുഞ്ഞാമിനയുടേയും ഭാഷ) റാവുത്തര്‍മാരുടെ സംസ്‌ക്കാരത്തില്‍ തമിഴ്‌ ഹിന്ദു സംസ്‌ക്കാരം നിഴലിച്ചിരുന്നു. തൊഴില്‍ വൈദ്യമായിരുന്നതുകൊണ്ടാവണം ഇസ്ലാമതം സ്വീകരിച്ചെങ്കിലും തലമുറയായി കൈമാറി വന്ന ചികിത്സയും മറ്റും ഉപേക്ഷിച്ചിരുന്നില്ല. അതോടൊപ്പം ചില ആരാധനകളും മൂര്‍ത്തികളെ സേവിക്കുകയുമൊക്കെ ചെയ്‌തിരുന്നു. പാരമ്പര്യമായി എല്ലാം കൈമാറുക എന്നാല്‍ ആരാധനമൂര്‍ത്തികളെ അടക്കം കൈമാറലാണ്‌. അത്തരമൊരു സാഹസത്തിന്‌ മുറുക്കുന്നത്ത ഒരുക്കമായിരുന്നില്ല. അദ്ദൈഹത്തോടൊപ്പം തന്നെ ഇക്കാര്യങ്ങളും അവസാനിക്കണമെന്നായിരുന്നു ആഗ്രഹം. വിഷചികിത്സ ഒന്നുമാത്രമാണ്‌ എനിക്ക്‌ കൈമാറിക്കിട്ടിയത്‌.
മന്ത്രങ്ങളിലെ തമിഴില്‍ ചിലതില്‍ ഇസ്ലാമായിരുന്നു നിഴലിച്ചത്‌. എന്നാല്‍ ചിലതില്‍ ഹൈന്ദവ മന്ത്രങ്ങളും. ആ വൈരുദ്ധ്യം എന്നെ വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്‌.
പഠിച്ച മന്ത്രങ്ങളൊന്നും പ്രയോഗത്തിലാക്കാന്‍ എനിക്കു തോന്നിയില്ല. വെള്ളമോതിയൊഴിക്കുക. മരുന്നു മന്ത്രം ജപിച്ചു നല്‌കുക തുടങ്ങിയവ ചെയ്‌തിരുന്നു. അതു പലപ്പോഴും രോഗി ആവശ്യപ്പെട്ടിട്ടുമായിരുന്നു. ചികിത്സയില്‍ മനശാസ്‌ത്ര സമീപനമാണ്‌ ഏറെ ആവശ്യമെന്ന്‌ തെളിയിക്കുന്നതായിരുന്നു അത്‌. വിഷചികിത്സയില്‍ മന്ത്രത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ പലരും ധരിച്ചുവെച്ചിരുന്നു. അത്‌ സര്‍പ്പവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നു.
പ്രകൃതികോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറെ ഭയന്നത്‌ പാമ്പുകളെയായിരുന്നു. കേരളത്തിലോ ഇന്ത്യയിലോ എന്നല്ല പുരാതന സംസ്‌ക്കാരങ്ങളിലൊക്കെ പാമ്പും വിശ്വാസവും ആരാധനയും കെട്ടുപിണഞ്ഞു കിടന്നു. ചിലര്‍ ദേവന്റെ സ്ഥാനത്തേക്കുയര്‍ത്തി. ചിലര്‍ രോഗശാന്തിയുടെ ചിഹ്നമായി സ്വീകരിച്ചു. കാമത്തിന്റെയും രതിയുടെയും പ്രതീകമാക്കി മറ്റു ചിലര്‍. സര്‍പ്പത്തോടുള്ള ഭയമാണ്‌ ആരാധനയുടേയും വിശ്വാസത്തിന്റേയും പുറകിലുണ്ടായിരുന്നത്‌.
പാമ്പുകടിയേല്‍ക്കുന്നത്‌ സര്‍പ്പകോപം മൂലമാണെന്നും കാലകടിയാണെന്നുമൊക്കെയാണ്‌ ഇപ്പോഴുമുള്ള വിശ്വാസം.
`മന്ത്രൗഷധാദിയായിട്ടു ചെയ്‌വൂ വിഷചികിത്സയെ` എന്നാണ്‌ ഗ്രന്ഥങ്ങളില്‍ പറയുന്നത്‌.
മരുന്നുകൊണ്ട്‌ വിഷവും മന്ത്രംകൊണ്ട്‌ കാലക്കേടും മാറുമെന്ന വിശ്വാസം.
ചികിത്സ തേടി വന്നവരില്‍ വിഭിന്നമായൊരു വിശ്വാസിയെ ഞാന്‍ കണ്ടിട്ടില്ല. മരുന്നുകൊടുക്കുന്നതിനേക്കാള്‍ തൃപ്‌തി വെള്ളമോതിയൊഴിക്കുമ്പോഴായിരുന്നു. ഒരുപക്ഷേ, പാരമ്പര്യ ചികിത്സ തേടി വന്നതിനു പിന്നിലെ കാര്യവും മറ്റൊന്നാവില്ലെന്നു കരുതുന്നു.


ചികിത്സ അറിയും എന്ന ധൈര്യമാണോ എന്നറിയില്ല എനിക്കീ സ്ഥൂലജീവികളെ അത്ര പേടിയില്ലായിരുന്നു. മരുന്ന്‌ പറിക്കാന്‍ കാടുപിടിച്ചിടത്തുപോകുമ്പോള്‍, കാഞ്ഞിരവേരിന്‌ പറമ്പിന്റെ ഒരു മൂലയിലെ കൊച്ചു കാഞ്ഞിരച്ചുവട്ടില്‍ പോകുമ്പോള്‍ അല്‌പം ശ്രദ്ധിച്ചിരുന്നു. കാഞ്ഞിരമരത്തിനോട്‌ ചേര്‍ന്ന പാറയ്‌ക്കടിയില്‍ വലിയ പൊത്തുണ്ടായിരുന്നു. ആ പരിസരത്ത്‌ പുല്ലുമുറിക്കാനും മറ്റും പോയവര്‍ മൂര്‍ഖനെ കണ്ടതായി പറഞ്ഞിട്ടുമുണ്ടായിരുന്നു.
നമ്മള്‍ അങ്ങോട്ടുപദ്രവിക്കാതെ ഇങ്ങോട്ടുപദ്രവിക്കില്ലെന്നു തന്നെ ഞാന്‍ വിശ്വസിച്ചു. പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുന്നവരായിരുന്നു കൂടുതല്‍. എന്നെപ്പോലെ ഇവരും ഭൂമിയുടെ അവകാശികളാണെന്നേ എനിക്കെപ്പോഴും തോന്നിയിരുന്നുള്ളു. സ്വരക്ഷക്കുള്ള വിഷംകൊണ്ടാണല്ലോ ഇവയെ ഇങ്ങനെ അവിശ്വസിക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.
എന്റെ ഓര്‍മയില്‍ പാമ്പുകടിച്ചു എന്ന്‌ കണ്ണുകൊണ്ടു കണ്ട ഒരാളെയും വെറുതേ കടിച്ചതല്ല. ചവിട്ടിയിട്ടോ പുല്ലരിയുമ്പോള്‍ കൂട്ടിപിടിക്കുമ്പോഴോ ഒക്കെയായിരുന്നു കടിയേറ്റിരുന്നത്‌.
ഒരു ആദിവാസിപ്പെണ്‍കുട്ടി കാടിനോട്‌ ചേര്‍ന്ന അവളുടെ കുടിലിലെ മുളക്കട്ടിലില്‍ കാലാട്ടി ഇരിക്കുമ്പോള്‍ ഇരയാണെന്നു ധരിച്ചാവണം മൂര്‍ഖന്‍ അവളുടെ കാലില്‍ കടിച്ചത്‌ . വിഷം കാര്യമായി ഏറ്റിട്ടില്ലായിരുന്നു.
വൃശ്ചികം ധനുമാസങ്ങളില്‍ ദേവിയാറിന്റെ തീരത്ത്‌ ഒരുതരം തടിയന്മാരായ പുളവന്മാരെ കാണാറുണ്ട്‌. ഭ്രാന്തുപിടിച്ചവരെപ്പോലെ പെരുമാറാറുണ്ട്‌. ഉപദ്രവിക്കും എന്നു തോന്നിയാല്‍ ഇവര്‍ ഓടിച്ചിട്ടു കടിക്കും. അതുപലപ്പോഴും പട്ടികടിക്കുന്നതുപോലെയാണ്‌. ഭാഗ്യവശാല്‍ കാര്യമായ വിഷമില്ല ഇവക്ക്‌.

പകവെച്ചു കടിച്ചതായോ തേടിവന്നു കടിച്ചതായോ ഉള്ള അനുഭവങ്ങളില്ല. എന്നാല്‍ എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ചില അനുഭവങ്ങളുണ്ട്‌. അതിലൊന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു പ്രാവശ്യം പാമ്പുകടിച്ച പത്തൊന്‍പതുകാരിയാണ്‌. എല്ലാത്തവണയും അവള്‍ പാമ്പിനെ കണ്ടിരുന്നു. ഓരോ വട്ടവും അവള്‍ വല്ലാതെ ഭയന്നു. കടി കിട്ടിയ ഭയത്തില്‍ ഒരിക്കല്‍ ഒരു കുന്നിറങ്ങി ഓടി. ഒരു മണിക്കൂറിനകം ചികിത്സക്കെത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. മൂന്നുദിവസത്തെ ചികിത്സ കഴിഞ്ഞ്‌ വീട്ടില്‍ മരുന്നും വിശ്രമവുമായിരിക്കുമ്പോഴാണ്‌ മുറ്റത്തിനരുകില്‍ കെട്ടിയിരുന്ന ആടിനെ അഴിക്കാന്‍ അവള്‍ പോയത്‌. എട്ടാം ദിവസമായിരുന്നു അത്‌. എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും കടിയേല്‍ക്കേണ്ടി വരുന്നതെന്ന്‌ അറിഞ്ഞുകൂടാ. സര്‍പ്പകോപം എന്നു പറയുന്നത്‌ ഇതാണോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്‌.
ഇടതുകാലില്‍ അണലി കടിച്ചതിന്‌ ചികിത്സയിലിരിക്കുമ്പോളാണ്‌ ഡോളി പതിനഞ്ചാം ദിവസം വലതുകാലില്‍ കടിയുമായി വരുന്നത്‌.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കടിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരിക്കാം. ഇവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരമില്ലാതാവുന്നതാണ്‌ എന്നെ ഏറെ വേദനിപ്പിക്കുന്നത്‌. സര്‍പ്പകോപത്തെയോ, കാലക്കേടിനെയോ കൂട്ടുപിടിച്ച്‌ താത്‌ക്കാലികമായി രക്ഷപെടാം. മാംസഭുക്കുകളുടെ ശരീരത്തെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും ശീത രക്ത ജീവിയായ സര്‍പ്പത്തിന്‌ ഉഷ്‌ണരക്തജീവിയായ മനുഷ്യനെ എളുപ്പം ആകര്‍ഷിക്കാനാവുമെന്നും ആരോ പറഞ്ഞ കഥകളെ ചൊല്ലി രക്ഷപ്പെടാം. കോഴിയിറച്ചി കഴിക്കുന്ന ദിവസങ്ങളില്‍ പാമ്പുകടിച്ച ആളെക്കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെക്കാം. എങ്കിലും എന്തായിരിക്കാം യഥാര്‍ത്ഥ കാരണം?
ഒട്ടേറെ നിഗൂഢതകളുള്ള ജീവിയാണ്‌ പാമ്പെന്നാണ്‌ പലരുടേയും വിശ്വാസം. പാമ്പിനെ കൊല്ലുന്നത്‌ വീരസാഹസീകം എന്നാണ്‌ ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്‌. ഇതിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ ധൈര്യശാലികളാണെന്നാണ്‌ വിലയിരുത്തപ്പെടുന്നതും. എന്നാല്‍ ശരീരത്തില്‍ ചൊറിയും ചിരങ്ങുമുണ്ടാവുമ്പോള്‍, സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്‍ഭഛിദ്രം സംഭവിക്കുമ്പോഴും കുടുംബത്തിലാരോ കൊന്ന സര്‍പ്പത്തിന്റെ തലയിലാണ്‌ ഇതെല്ലാം കെട്ടിവെക്കുന്നത്‌. വീരസാഹസീക കഥകള്‍ പാപത്തിന്റെ കഥകളായി മാറുന്നു അപ്പോള്‍ .
ഇരതേടുക, വിശ്രമിക്കുക എന്നതിലപ്പുറം വികാസം പ്രാപിച്ച മസ്‌തിഷ്‌കമൊന്നുമില്ല ഇവക്ക്‌. ശപിക്കാനുള്ള കഴിവോ പകവെച്ച്‌ കടിക്കാനോ ഒന്നുമുള്ള ഓര്‍മയുമില്ല. എന്നാല്‍ ആരെങ്കിലും ഉപദ്രവിച്ചാല്‍ വേദനിച്ചിരിക്കുമ്പോഴാണെങ്കില്‍ മറ്റാരെയെങ്കിലും കടിച്ചേക്കാം. അതും അപൂര്‍വ്വമായി മാത്രം.
മാസ്‌മരിക ശക്തിയുള്ളതായാണ്‌ മറ്റൊരു കഥ. മനുഷ്യനെ കണ്ടാല്‍ കണ്ണില്‍പൊടിയിട്ട്‌ മുങ്ങിക്കളയുമത്രേ!
വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂല ശരീരപ്രകൃതിയാവാം പാമ്പിനെ നിഗൂഢസ്വഭാവിയും ഇത്രയേറെ മനുഷ്യന്റെ ശത്രുവുമാക്കുന്നത്‌.
എനിക്കുപക്ഷേ പാമ്പ്‌ ശത്രുവാണെന്നൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇത്തിരി സ്‌നേഹം തോന്നിയിട്ടുണ്ട്‌ താനും. വേനലില്‍ മറയൂരിലെ കൊയ്‌തൊഴിഞ്ഞ വയലിലൂടെ ചേര ഇഴയുന്നത്‌ നോക്കി നിന്നിട്ടുണ്ട്‌ യു. പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍. ഇഴച്ചില്‍ എന്നു പറയാമോ എന്തോ? ഓട്ടം. ദൂരേക്ക്‌ ഒരു പൊട്ടുപോലെ മാഞ്ഞുപോകുന്നത്‌...ആകാശത്ത്‌ വിമാനം പോകുന്നത്‌ നോക്കിനില്‌ക്കും പോലെ ഒരു കൗതുകമായിരുന്നു അത്‌.
വീടിനു പുറകിലെ കുളത്തില്‍ അഞ്ചെട്ട്‌ നീര്‍ക്കോലികളുണ്ടായിരുന്നു. അവയെകണ്ടതും കൂട്ടുകാരി അയ്യോ പാമ്പെന്ന്‌ അലറി. അതുകേട്ട അയല്‍വക്കത്തെ മൊട്ടയും അയ്യപ്പനും `ഓ തണ്ണിപ്പാമ്പാ..` എന്നു നിസാരമണ്ണില്‍ പറഞ്ഞുകൊണ്ട്‌ കുളത്തിലിറങ്ങി ഓരോ നീര്‍ക്കോലിയെയും വാലില്‍ പൊക്കി വട്ടം കറക്കി വേലിക്കപ്പുറത്തെ ചിന്നത്തായി അക്കയുടെ വയലിലെറിഞ്ഞു. ഞങ്ങളുടെ സമപ്രായക്കാരായ അവര്‍ക്ക്‌ പാമ്പുകളെ ഒട്ടും പേടിയില്ലായിരുന്നു. അന്ന്‌ ഞങ്ങളെല്ലാവരും ചേര്‍ന്ന വയലില്‍ കുഴിയെടുത്ത്‌ കൊങ്ങിണിപ്പൂക്കള്‍കൊണ്ട്‌ മെത്തയൊരുക്കി നീര്‍ക്കോലികളുടെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തി. ശവമാടത്തിനു മുകളില്‍ പാഴ്‌ക്കമ്പുകൊണ്ട്‌ ഒരു കുരിശുമുണ്ടാക്കി വെച്ചു.
അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കാട്ടില്‍ ചുള്ളിപെറുക്കാന്‍ പോകുമായിരുന്നു. മറയൂര്‍കാട്ടിലെ പൊന്തകളില്‍ ഞാനോ കൂട്ടുകാരോ പാമ്പിനെ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏതു പൊന്തക്കുള്ളിലും നൂഴ്‌ന്നു കയറാന്‍ പേടിയുമില്ലായിരുന്നു. കാട്ടിലെ ഏതോ മരച്ചുവട്ടില്‍ പാമ്പുകളുടെ അസ്ഥികൂടങ്ങളുണ്ടായിരുന്നെന്നും ആ മരം പാമ്പുകളെ ആകര്‍ഷിക്കുന്നുവെന്നും പാമ്പുകളെല്ലാം അവിടെയെത്തുമ്പോള്‍ മരിച്ചുപോകുന്നതാണെന്നും കാട്ടില്‍ മാടുകളെ മേയ്‌ക്കാന്‍ പോയവര്‍ പറഞ്ഞു കേട്ടിരുന്നു. കാട്ടിലൂടെയുള്ള സഞ്ചാരത്തില്‍ ആ മരം ഞാന്‍ തിരഞ്ഞിട്ടുണ്ട്‌. ആ മരം തിരഞ്ഞ്‌ എപ്പോഴെങ്കിലും പോകണമെന്ന്‌ മോഹിക്കാറുണ്ട്‌ ഇപ്പോഴും.
ശിഷ്യയായിരിക്കുമ്പോള്‍ ഈ മരത്തെക്കുറിച്ച്‌ ഞാന്‍ ഗുരുവിനോട്‌ ചോദിച്ചിട്ടുണ്ട്‌.
അണലിവേഗമാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അണലിവേഗത്തിന്റെ വേര്‌ ശരീരത്തിലുണ്ടെങ്കില്‍ പാമ്പുകടിയേല്‍ക്കില്ലെന്ന വിശ്വാസത്തില്‍ അതു ധരിച്ചുനടക്കുന്ന ആദിവാസികളെ കണ്ടിട്ടുണ്ട്‌.
എന്നാല്‍ ബന്ധുവീടിനു മുന്നില്‍ നട്ടു വളര്‍ത്തിയ അണലി വേഗത്തിനു ചുവട്ടിലൂടെ യാതൊരു കൂസലുമില്ലാതെ ഇഴഞ്ഞു പോകുന്ന ചേരയെ കണ്ടിട്ടുണ്ട്‌. അതു ചേരയല്ലേ..പാമ്പല്ലല്ലോ എന്നാരോ പറഞ്ഞ ഫലിതമോര്‍ക്കുന്നു.
പാമ്പിനാണോ ചെടിക്കാണോ കുഴപ്പമെന്ന കുസൃതി ചോദ്യവും മനസ്സില്‍ വന്നു അപ്പോള്‍.
വിഷംതൊട്ട്‌ വരുന്നവരെ കാണുമ്പോള്‍ ഭീകരജീവിയുടെ ദംശനമേറ്റവര്‍ എന്ന തോന്നലിനേക്കാള്‍ ഉള്ളില്‍ കടന്ന വിഷം നിര്‍വീര്യമാക്കാനുള്ള പ്രയത്‌നം എന്നേ തോന്നിയിട്ടുള്ളു. പാമ്പുവിഷം മാത്രമല്ല തേളോ, പഴുതാരയോ, എട്ടുകാലിയോ, എലിയോ ഏതുമാവാം. ചിലന്തി വിഷമാണ്‌ എന്നെ സംബന്ധിച്ച്‌ ചികിത്സിക്കാന്‍ കാലതാമസമെടുക്കുന്നതും പ്രയാസപ്പെടുത്തുന്നതും. എന്നാല്‍ ചിലന്തിക്ക്‌ കെട്ടുകഥകളുടെ ഭാണ്‌ഡമില്ലാത്തതിനാല്‍ ആര്‍ക്കും അത്ര പേടിയില്ല.

ചികിത്സക്കു വന്നവര്‍ ഒരുപാടനുഭവങ്ങള്‍ തന്നിട്ടുണ്ട്‌. മിക്കപ്പോഴും ആദ്യ ദിവസം പാമ്പും വിശ്വാസവും അന്ധവിശ്വാസവും സ്വയം ചികിത്സയുമൊക്കെയാവും സംസാരം.
കടിയേറ്റെന്നറിഞ്ഞാല്‍ മൂത്രമൊഴിക്കാനാവുമോ എന്നു നോക്കുക, കുരമുളകു ചവച്ച്‌ എരിവിനു പകരം മധുരിക്കുന്നുണ്ടോ എന്നു നോക്കുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടാവും വരുന്നത്‌.
മൂത്രമൊഴിക്കാനാവുകയും കുരുമുളകിന്‌ സ്വാഭാവിക രുചി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ വിഷമേറ്റിട്ടില്ലെന്ന നിഗമനത്തില്‍ സംശയം തീര്‍ക്കാനായാണ്‌ വരുന്നത്‌.
വിഷം ശരീരത്തിന്റെ വിവിധ ധാതുക്കളിലേക്ക്‌ പടരുമ്പോള്‍ മാത്രമേ ദര്‍ശന-സ്‌പര്‍ശന സ്വഭാവങ്ങള്‍ നഷ്ടപ്പെടുന്നുള്ളു. മൂത്രതടസ്സം നേരിടുന്നതും വിഷം ശരീരാന്തര്‍ഭാഗത്ത്‌ എത്തുമ്പോള്‍ മാത്രമാണ്‌. കടിയേല്‍ക്കുമ്പോള്‍ തന്നെ മൂത്രമൊഴിക്കാന്‍ പറ്റാത്തത്‌ പലപ്പോഴും ഭയം മൂലമാണ്‌. പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ മാനസീക സംഘര്‍ഷം കൂട്ടാനെ ഉപകരിക്കൂ.

എട്ടടിമൂര്‍ഖന്‍ കടിച്ചാല്‍ എട്ടടി നടക്കും മുമ്പ്‌ മരിച്ചു വീഴുമെന്നും മോതിരവയന്‍ കടിച്ചാല്‍ മോതിരമൂരും മുമ്പ്‌ മരിക്കുമെന്നതുമൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണ്‌.

ദൂതലക്ഷണത്തിനോ ദുര്‍ദ്ദേശങ്ങളില്‍ വെച്ച്‌ കടിയേല്‍ക്കുന്നതിനോ കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല. ഇതിനെ ആശ്രയിച്ചിരുന്നാല്‍ കാര്യമായി വിഷമേറ്റിട്ടില്ലാത്ത ആളെപ്പോലും ചിലപ്പോള്‍ അപകടത്തില്‍ പെടുത്തിയേക്കാം എന്ന തിരിച്ചറിവാണ്‌. ഉറങ്ങുന്ന വൈദ്യനെ വിളിച്ചുണര്‍ത്തുന്നത്‌ നല്ല ലക്ഷണമല്ല ദൂതലക്ഷണപ്രകാരം. പക്ഷേ രാത്രകാലങ്ങളില്‍ പലപ്പോഴും വിളിച്ചുണര്‍ത്താതെ എന്തുചെയ്യും? വൈദ്യന്‍ താനെ ഉണരമെന്നാണ്‌.


ശ്‌മശാനത്തില്‍, തൊഴുത്തില്‍, മാളികയില്‍, കാട്ടില്‍, പുല്‍മേട്ടില്‍, നാല്‍ക്കൂട്ടപ്പെരുവഴിയില്‍, ദേവാലയത്തില്‍,...ഇവിടെയൊക്കെ വെച്ചു കടിയേറ്റാല്‍ അസാദ്ധ്യ ലക്ഷണങ്ങളായാണ്‌ വിലയിരുത്തുന്നത്‌. ഗ്രഹണസമയത്തും മറ്റും പാമ്പുകടിയേറ്റാല്‍ വൈദ്യന്‍ സ്വീകരിക്കരുതെന്നാണ്‌.
ഏതാണ്ട്‌ മൂന്നു വര്‍ഷം മുമ്പ്‌ ച്രന്ദഗ്രഹണ സമയത്ത്‌ ഒരാളെ വെള്ളിക്കെട്ടന്‍ കടിച്ചു വന്നു. ഇടവഴിയിലൂടെ ഏലച്ചാക്കും ചുമന്ന്‌ പോകുമ്പോഴാണ്‌‌ ചവിട്ടിയത്‌. ചെരുപ്പിനടിയിലായിരുന്ന പാമ്പ്‌ തലയുയര്‍ത്തി പ്രാണരക്ഷാര്‍ത്ഥം കടിക്കുന്നത്‌ പുറകില്‍ വന്ന സുഹൃത്താണ്‌ കണ്ടത്‌.
ഭാര്യയ്‌ക്കും സുഹൃത്തിനുമൊപ്പം എത്തിയ അദ്ദേഹത്തിനെ അല്ല ഭാര്യയെയാണ്‌ കടിച്ചെതെന്നായിരുന്നു ആദ്യ കാഴ്‌ചയില്‍ എനിക്കു തോന്നിയത്‌. അവരത്രക്ക്‌ പരവേശപ്പെട്ടും കരഞ്ഞും തളര്‍ന്നിരുന്നു.
കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ഗ്രഹണസമയത്താണ്‌ കടിച്ചത്‌. അപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെന്നാണ്‌ ഓര്‍മ.
`ഗ്രഹണസമയമാണേ` അമ്മച്ചി ഓര്‍മപ്പെടുത്തി. സാരമില്ലെന്നു മനസ്സു പറഞ്ഞു. കാര്യമായി കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാലും അല്‌പം ശ്രദ്ധ കൂടുതല്‍ കൊടുത്തു. ഒരാളെ സ്വീകരിച്ചു കഴിഞ്ഞാല്‍ എനിക്കത്ര പേടിയില്ല. ഒരു പനിയോ ജലദോഷമോ പോലുള്ള തോന്നലേയുള്ളു. അണലി വര്‍ഗ്ഗത്തില്‍ പെട്ടപാമ്പു കടിയേറ്റു വരുമ്പാഴാണ്‌ മാനസീക പിരിമുറുക്കവും പ്രയാസവും. നീരും വേദനയും കൂടുതലായിരിക്കും. രോഗിയേയും ചികിത്സിക്കുന്നവരേയും ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന വിഷമില്ലെന്നു പറയാം.
മൂര്‍ഖനും വെള്ളിക്കെട്ടനും വിഷശക്തി കൂടുതലുണ്ടെങ്കിലും ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നപോലെ ഇറങ്ങുകയും ചെയ്യും.
ചികിത്സ പാരമ്പര്യ ആയൂര്‍വ്വേദമാണ്‌. വിഷക്കല്ല്‌ വെക്കാറുമുണ്ട്‌. വിഷത്തിനുപയോഗിക്കുന്ന മരുന്നുകളിലധികവും വിഷങ്ങള്‍ തന്നെയാണ്‌. നീലയമരി, ഗരുഡക്കൊടി, എരുക്ക്‌, തഴുതാമ, അമൃത്‌, ചെറുചീര, നെന്മേനി വാക തുടങ്ങി അനേകം ഔഷധങ്ങള്‍..കാഞ്ഞിരം, ഉമ്മം, മേന്തോന്നി തുടങ്ങിയ വിഷസസ്യങ്ങള്‍...സര്‍പ്പഗന്ധി പേരുപോലെ സര്‍പ്പചികിത്സയില്‍ അത്ര പ്രധാനപ്പെട്ടതല്ല.

പ്രകൃതിയില്‍ നമ്മെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ജീവികളാണ്‌ വിഷജന്തുക്കളും. സ്വരക്ഷക്ക്‌്‌ പ്രകൃതി തന്നെ നല്‌കിയിരിക്കുന്നതാണ്‌ വിഷപ്പല്ലുകളും വിഷവും. ഒരാള്‍ക്ക്‌്‌ കടിയേറ്റാല്‍ പ്രകൃതി തന്നെ അതിനുള്ള പ്രതിവിധിയും ഒരുക്കി വെച്ചിട്ടുണ്ട്‌. അതാണ്‌ ഔഷധസസ്യങ്ങള്‍ എന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.
വിഷചികിത്സ അറിയാം എന്നു പറയാനല്ലാതെ പഠിച്ചു എന്നു പൂര്‍ണ്ണമായും പറയാനാവില്ല. എന്റെ അത്തക്കോ സഹോദരങ്ങള്‍ക്കോ ചികിത്സ പഠിക്കണമെന്നോ നിലനിര്‍ത്തികൊണ്ടു പോകണമെന്നോ ഇല്ലായിരുന്നെങ്കില്‍ ചികിത്സയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ലാത്ത എന്റെ അമ്മച്ചിക്ക്‌ താത്‌പര്യമായിരുന്നു. അമ്മച്ചി എപ്പോഴും സഹായിച്ചിരുന്നു. വിഷചികിത്സാഗ്രന്ഥങ്ങളൊക്ക ഉറക്കെ വായിച്ചു കേള്‍പ്പിക്കും. അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ചികിത്സ ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമൊന്നുമില്ല. പക്ഷേ ഇതൊരു തൊഴിലല്ലാത്തതുകൊണ്ട്‌ ചികിത്സക്കായി പ്രത്യേക സൗകര്യമൊന്നും വീട്ടിലില്ലായിരുന്നു. എങ്ങനെ നിരാശപ്പെടുത്തും എന്നോര്‍ത്താണ്‌ ഏറ്റെടുത്തിരുന്നത്‌. വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ വിഷംതൊട്ട്‌ വരുന്നവരെ കണ്ടിരുന്നത്‌. പക്ഷേ, കേട്ടറിഞ്ഞ്‌ ഒരുപാടുപേര്‍ വരാന്‍ തുടങ്ങിയതോടെ അനിയത്തിമാര്‍ക്കും എനിക്കും പലപ്പോഴും സ്വസ്ഥമായിരുന്നു പഠിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നുകരുതി ഒഴിവാക്കിയിട്ടില്ല. ചികിത്സ ആരും സുഖപ്പെടാതിരുന്നില്ല. ഏറ്റവും വലിയ അനുഗ്രഹമാണത്‌ എന്നു വിശ്വസിക്കാനിഷ്‌ടപ്പെടുന്നു അത്‌.

എനിക്ക്‌ മകള്‍ പിറന്ന്‌ അമ്പത്താറാം ദിവസമാണ്‌ ചിന്നപ്പാറക്കുടിയിലെ ലക്ഷ്‌മിക്കുട്ടിയെ വിഷംതൊട്ട്‌ വന്നത്‌. അമ്മയും അത്തയും വീട്ടിലില്ല. നേരെ ഇളയ അനിയത്തിയും അമ്മമ്മയുമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ആരോടൊക്കെയോ ചോദിച്ചു പറഞ്ഞെത്തിയതാണ്‌. അഞ്ചെട്ടുപേരുണ്ട്‌ ഒപ്പം. ഛര്‍ദ്ദിച്ചവശയായിരുന്നു അവര്‍. പിച്ചും പേയും പറച്ചിലും. എനിക്കെന്തോ മടിയായിരുന്നു. ഒന്നാമത്‌ തത്‌ക്കാലം കൊടുക്കാനുള്ള മരുന്നുണ്ടോ എന്ന സംശയം. സിസേറിയനായിരുന്നതുകൊണ്ട്‌ എനിക്ക്‌ മരുന്നരക്കാനും ശുശ്രൂഷിക്കാനും പറ്റാത്ത ശാരീരികാവസ്ഥ. ആലോചിച്ചിട്ട്‌ ഒരെത്തും പിടിയുമില്ല. അപ്പോഴാണ്‌ അയല്‍വക്കത്തെ കുഞ്ഞീരാത്ത പറഞ്ഞത്‌..
`ഒരു പെണ്ണല്ലേടാ...എന്തെങ്കിലും ചെയ്‌തുകൊടക്കടാ...പഠിച്ച വിദ്യയല്ലേ...
അവരുടെ ആ വാക്കുകളുടെ തെളിച്ചത്തിലാണ്‌ അന്ന്‌ ചികിത്സ തുടങ്ങിയത്‌...
ലക്ഷ്‌മിക്കുട്ടി വലിയൊരു ജീവിതാനുഭവവും കൂടി എനിക്കു തന്നിരുന്നു. കസേരയില്‍ വെച്ചുകെട്ടി ചിന്നപ്പാറ മുടിയിറക്കുമ്പോള്‍ ഇനിയൊരു തിരിച്ചു കയറ്റം പ്രതീക്ഷിച്ചിരുന്നില്ലത്രേ! മുമ്പ്‌ അവരുടെ പ്രിയപ്പെട്ടവരൊക്കെ അകാലത്തില്‍ മരിച്ചുപോയിരുന്നു. മൂത്ത മകനടക്കം. തനിക്കും പോകാനൊരു കാരണം എന്നു കരുതിപോലും! ആദിവാസികളിലെ മന്നാന്‍ സമുദായപ്പെട്ടയാളായിരുന്നു അവരുടെ ഭര്‍ത്താവ്‌. അദ്ദേഹം പ്രസവരക്ഷക്ക്‌ കാട്ടില്‍ നിന്നു കുത്തിക്കൊണ്ടു വന്നു തന്ന രുചിയുള്ള പേരറിയാത്ത കാട്ടുകിഴങ്ങാണ്‌ എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം!

മൃത്യു എന്ന പിംഗള കേശിനി

`വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി`
ശരീരത്തില്‍ അതിവേഗം വ്യാപിച്ച്‌ പ്രാണനേയും ദേഹത്തേയും വേര്‍പെടുത്തുന്നത്‌ എന്നാണ്‌ സുശ്രുതാചാര്യന്‍ വിഷത്തെ നിര്‍വചിച്ചിരിക്കുന്നത്‌.

ചെറുതും വലുതുമായി ഒരുപാടു ചികിത്സിച്ചിട്ടുണ്ടെങ്കിലും എന്നെ വിസ്‌മയിപ്പിച്ചവര്‍ പതിനഞ്ചില്‍ താഴെ മാത്രമാണ്‌. പ്രയാസപ്പെടുത്തിയതും.
ഒരുച്ചക്ക്‌ ഞാന്‍ മാത്രമുള്ളപ്പോഴാണ്‌ ഒരു പയ്യന്‍ വീട്ടിലേക്ക്‌ വന്നത്‌.
വൈദ്യനുണ്ടോ എന്നവന്‍ ചോദിച്ചു.
വിവരം തിരിക്കിയപ്പോഴാണ്‌ പെങ്ങളെ വിഷംതൊട്ടുവെന്നും അക്കരെ ജീപ്പിലാണുള്ളതെന്നും അവന്‍ പറഞ്ഞത്‌.
കൊണ്ടുവരട്ടെ എന്നു ചോദിച്ചപ്പോള്‍ നോക്കിയിട്ടു പറയാം എന്നു പറഞ്ഞ്‌ ജീപ്പിനരുകിലേക്ക്‌ പോവുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ചെയ്യാറില്ല. സാധരണ ചോദിച്ചൊരാള്‍ വരാറില്ല. ആളെയും കൊണ്ടുവരാറാണ്‌. ഇത്‌ ഒരാള്‍ മാത്രം വന്നു ചോദിച്ചതുകൊണ്ടാണ്‌ പോയി നോക്കാം എന്ന തോന്നലുണ്ടായത്‌.
അവള്‍ അബോധാവസ്ഥയിലായിരുന്നു. വിളിച്ചപ്പോള്‍ നേരിയ അനക്കം. കാലിലെ മുറിപ്പാടിനടുത്ത്‌ കൈവെച്ചപ്പോള്‍ സാരമില്ല എന്നു മനസ്സു മന്ത്രിച്ചു.
അവള്‍ പുല്ലുമുറിക്കുമ്പോള്‍ ചവിട്ടിയതാണ്‌. കൈയ്യിലും കാലിലും ചെളി ഉണങ്ങിപ്പിടിച്ചിരുന്നു.
പേരു വിളിച്ചാല്‍ ഒരു മൂളല്‍ മാത്രം. കണ്ണുകള്‍ തുറിച്ചപോലെ. ഉള്ളന്‍ കൈയ്യും വിരലുകളും കണ്ണും നീലച്ചു പോയിരുന്നു.
മരുന്നു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചിരിന്നു. പല്ലുകള്‍ സ്‌പൂണുകൊണ്ടകത്തി പ്രയാസപ്പെട്ടാണ്‌ മരുന്നുകൊടുത്തത്‌. നോക്കിയിരിക്കെ മെല്ലെ മെല്ലെ അവള്‍ അനങ്ങി. കണ്ണുകള്‍ അടച്ചു തുറന്നു. ചുണ്ടുകള്‍ക്ക്‌ ചലനം....
മരണം എന്ന പിംഗളകേശിനിയും പിംഗള വര്‍ണയും പിംഗളചക്ഷുവുമായകന്യക അവളുടെ ശരീരത്തില്‍ നിന്ന്‌ പതുക്കെ പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ മുറിപ്പാടിനടുത്ത്‌ ഇടക്കിടെ ഞാന്‍ വിരല്‍ വെച്ചു. വിരലുകളിലൂടെ വിഷത്തിന്റെ വ്യാപനം കുറയുന്നത്‌ അറിയുന്നു. വിരലുകളും ഉള്ളംകൈയ്യും വെളുത്തു വരുന്നു. കണ്ണുകള്‍ക്ക്‌ തെളിച്ചം. പിംഗള സ്വരൂപിണി മടങ്ങുകയാണ്‌.

ഒരുമണിക്കൂര്‍ കഴിഞ്ഞില്ല. അവള്‍ എഴുന്നേറ്റു. സാധാരണപോലെ...
ഒരു കുന്നിന്‍ചെരുവില്‍ നിന്ന്‌ പുല്ലരിയുമ്പോള്‍ ചവിട്ടിയതാണെന്നന്നും പേടിച്ചോടിയ ഓട്ടത്തില്‍ വയലിലൊ മറ്റോ വീണുപോയെന്നും പറഞ്ഞു.
`കൈയ്യിലും കാലിലും നെറച്ച്‌ ചെളിയാണല്ലോ..ഇതു കഴുകാവോ` അവള്‍ ചോദിച്ചു.
മലയുടെ തുടക്കത്തില്‍ പറമ്പിന്റെ അതിരിലെ ഓലിയില്‍ നിന്ന്‌ ഹോസുവഴിയാണ്‌ അന്ന്‌ വെള്ളം വന്നിരുന്നത്‌. അവള്‍ എഴുന്നേറ്റ്‌ മുറ്റത്തിറങ്ങി ഹോസില്‍ നിന്ന്‌ വെള്ളമെടുത്തു കൈയ്യും കാലും കഴുകി.
അന്നെനിക്ക്‌ മൃത്യു എന്ന പിംഗള സ്വരൂപിണിയെ അറിയില്ലായിരുന്നു. മരണം എങ്ങനെ വരുന്നു എന്നു ചിന്തിച്ചിട്ടുമില്ലായിരുന്നു.
മുറുക്കുന്നത്തയുടെ മരണം മാത്രമാണ്‌ ഇന്നുവരെ നേരിട്ടു കണ്ട മരണം. അത്‌ പക്ഷേ, വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ തൊണ്ടയില്‍ കഫം കുറുകുക്കുറുകി വലിയൊരു എക്കിളില്‍ പ്രാണന്‍ വിടുകയായിരുന്നു.

ആരോഗ്യനികേതനത്തിലൂടെ പിംഗളകേശിനിയെ പരിചയപ്പെട്ടത്‌ മൂന്നുവര്‍ഷം മുമ്പുമാത്രമാണ്‌. അപ്പോള്‍ അന്നു വരെ എന്റെ മനസ്സിന്‌ വിശ്വസിക്കാന്‍ പ്രയാസം നേരിട്ട ചിലതിനെ ഓര്‍ത്ത്‌ ആശയക്കുഴപ്പത്തിലായി. അന്നു വരെ മനസ്സിലുറച്ചുപോയ വിശ്വാസത്തിന്‌ മാറ്റം വന്നോ എന്ന്‌ ഇപ്പോഴും സന്ദേഹപ്പെടുന്നു.

രണ്ട്‌ ആശുപത്രിയില്‍ നിന്ന്‌ ഒഴിവാക്കിയ ശേഷമായിരുന്നു അണലിയുടെ കടിയേറ്റു വന്ന ആദിവാസി സ്‌ത്രീയെ വീട്ടില്‍ കൊണ്ടുവന്നത്‌. അവരുടെ മുറിപ്പാടില്‍ നിന്ന്‌ രക്തവും നീരും ഇടകലര്‍ന്ന്‌ ഒഴുകുന്നുണ്ടായിരുന്നു. ചെരുപ്പ്‌ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത എട്ടുകാലിയെ ഓര്‍മിപ്പിക്കുന്ന കാലുകളിലെ വിള്ളലുകളില്‍ നിന്ന്‌ രക്തമൊവുകാന്‍ തുടങ്ങി...ഓരോ മുറിവിലൂടെയും..
അവരുടെ രോഗാവസ്ഥയേക്കാള്‍ കുഴപ്പം മാനസീകാവസ്‌ഥക്കായിരുന്നു. രാത്രിയും പകലും അവര്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. കൈകള്‍കൊണ്ട്‌ ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. മൂന്നാംദിവസം മുതല്‍ പതിയെ നടക്കാറായപ്പോള്‍ കട്ടിലില്‍ നിന്ന്‌ പതിയെ എഴുന്നേറ്റ്‌ പുറത്തേക്കുള്ള വാതിലിനരുകില്‍ ചെന്ന്‌ `പോ..പോ..നീ പോ..`എന്നു പറഞ്ഞ്‌ അദൃശ്യമായ എന്തിനേയോ തള്ളിവിടുന്നതുപോലെ കാണിച്ചു കൊണ്ടിരുന്നു. രാത്രി ഉറക്കത്തിലും ആരെയോ ചീത്ത വിളിച്ചുകൊണ്ടിരുന്നു. വേദനകൊണ്ടും പേടികൊണ്ടുമുള്ള വിഭ്രാന്തിയാണെന്നാണ്‌ ഞാന്‍ കരുതിയത്‌. അടുത്ത ദിവസം ഒരു ബന്ധു കാണാന്‍ വന്നപ്പോഴാണ്‌ ദൈവങ്ങള്‍ക്ക്‌ നേര്‍ച്ച നടത്തുന്നതിനെക്കുറിച്ച്‌ അവര്‍ പറഞ്ഞത്‌.
എന്റെ പ്രായക്കാരിയായ ഒരുവള്‍ ആരുമില്ലാത്ത നേരത്ത്‌ അവരുടെ അടുത്തെത്തുന്നുവെന്നും കാലിലെ മുറിവിലും നീരിലും തൊട്ടുതലോടിത്തലോടി കഴുത്തിനടുത്തേക്കു വരുന്നു എന്നും വരുന്നില്ലേ..വരുന്നില്ലേ എന്നു ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മുഖത്തോടടുക്കുമ്പോള്‍ തള്ളിവിടുകയാണെന്നും ചില്‌ നേരത്തവള്‍ കൈപിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോകാനൊരുങ്ങുന്നുവെന്നും അവര്‍ പറഞ്ഞു.
വാതിലിനപ്പുറം അവളുടെ ലോകമാണത്രേ! മരണലോകത്ത്‌ എത്തിപ്പെടുമെന്നോര്‍ത്താണ്‌ അവളെ തള്ളിവിടുന്നത്‌.
'അവള്‍'വീടിനുചുറ്റും നടക്കുന്നു എന്നും സുന്ദരിയായൊരു പേയാണ്‌ അവള്‍ എന്നും അവര്‍ രൂപവര്‍ണ്ണന നടത്തി.
എന്റെ പ്രായമുള്ള ആരെങ്കിലും ഇവിടെ മരിച്ചിട്ടുണ്ടോ എന്നവര്‍ ചോദിച്ചു.
മുത്തശ്ശനും മുത്തശ്ശിയുമല്ലാതെ ആരും മരിച്ചിട്ടില്ലെന്നും ദുര്‍മരണങ്ങളൊന്നും അടുത്തെങ്ങും നടന്നിട്ടില്ലെന്നും ഞാനവരെ ബോധ്യപ്പെടുത്തി.
അവളെ ആദ്യമായി കണ്ടതെവിടെ വെച്ചാണെന്ന്‌ ചോദിച്ചു.
നട്ടുച്ച സമയത്ത്‌ പാറക്കൂട്ടവും പുല്ലുമായിക്കിടന്ന കാട്ടില്‍ വെച്ചായിരുന്നു അവര്‍ക്ക്‌ സര്‍പ്പദംശനമേറ്റത്‌. തലയില്‍ വിറകുമായി പാറയില്‍ നിന്ന്‌ താഴോട്ട്‌ ചവിട്ടിയത്‌ പാമ്പിന്റെ പുറത്തായിരുന്നു. ആദ്യകടിയേറ്റപ്പോള്‍ മുള്ളോ മറ്റോ ആണെന്നു കരുതി നോക്കാതെ കാലുകൊണ്ടുതന്നെ തട്ടിക്കളയാന്‍ ശ്രമിച്ചത്രേ! ആ ശ്രമത്തില്‍ മൂന്നോ നാലോ കടിയാണ്‌ കൊടുത്തത്‌. പാമ്പാണെന്നു കണ്ടതേ ഭയം കൊണ്ട്‌ വിറച്ചെന്നും പാമ്പുകയറിപ്പോയ പാറവെട്ടിനടുത്തായി വാ..വാ..എന്നു പറഞ്ഞുകൊണ്ട്‌ അവള്‍ നില്‌ക്കുകയായിരുന്നത്രേ!
ഇനി 'അവള്‍' വരില്ലെന്നു പറഞ്ഞ്‌ അവരെ ധൈര്യപ്പെടുത്തി. അടുത്തിരുന്ന്‌ കാലില്‍ ഓതിയൂതി. ചില കൈയാംഗ്യങ്ങള്‍ കാണിച്ച്‌ വാതിലിനപ്പുറം ചില 'തടസ്സ`ങ്ങള്‍ സൃഷ്‌ടിച്ചു. അന്നു രാത്രി അവര്‍ നന്നായി ഉറങ്ങി. വിഷം കുറഞ്ഞു വന്നു. ആദ്യത്തെ പതിനഞ്ചു ദിവസത്തില്‍ പിന്നീട്‌ 'അവള്‍' വന്നില്ല.
പിന്നെ എനിക്കു ഡിഗ്രി പരീക്ഷ തുടങ്ങിയപ്പോള്‍ മരുന്നു കഴിക്കാന്‍ പറഞ്ഞ്‌ അവരെ വീട്ടില്‍ വിട്ടു. ഒരാഴ്‌ച കഴിഞ്ഞ്‌ വരാനാണ്‌ പറഞ്ഞിരുന്നത്‌. പറഞ്ഞ ദിവസത്തിനും ഒരു ദിവസം മുമ്പേ അവര്‍ വന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുതല്‍ വീണ്ടും അവള്‍ വന്നു തുടങ്ങിയെന്ന്‌. പേടിച്ചിട്ട്‌ ഭര്‍ത്താവോ മക്കളോ എപ്പോഴും കൂടെയിരുന്നാണ്‌ ഒരാഴ്‌ച തികച്ചതെന്ന്‌ പറഞ്ഞപ്പോള്‍ അന്നും മുമ്പു ചെയ്‌തതുപോലെ മനസ്സിനെന്തോ പറ്റിയതാണെന്ന വിശ്വാസത്തില്‍ പേയെ പിടിച്ചു കെട്ടി.
കാര്‍ന്നോരു പഠിപ്പിച്ച ഏതോ മന്ത്രത്തിലാണ്‌ പേയേ പിടിച്ചുകെട്ടിയതെന്ന്‌ എല്ലാവരും വിശ്വസിച്ചു. പിന്നീട്‌ 'അവള്‍' വന്നില്ല എന്ന സത്യം മാത്രമേ എനിക്കറിയൂ..
ഇപ്പോള്‍ ഞാന്‍ അവളില്‍ പിംഗളരൂപിണയെ കാണുന്നു...മൃത്യു എന്ന പിംഗള കേശിനിയെ...ജീവിത്തിനിടയിലൊരിക്കലും കാണാത്ത ആ പേയ്‌ മൃത്യു ആയിരുന്നോ?
ആരോഗ്യനികേതനം അന്നൊന്നും വായിക്കാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ സങ്കടപ്പെടുന്നു ഞാന്‍ ..വായിച്ചിരുന്നെങ്കില്‍ പിംഗളകേശിനിയുമായി അവള്‍ക്കെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നറിയാമായിരുന്നു. ചില നഷ്‌ടങ്ങള്‍ ഒരിക്കലും നികത്താനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലേറെ വിഷമം തോന്നുന്നു.


ഞാനെന്ന പെണ്ണ്‌


ചികിത്സ പഠിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴോ പഠിക്കാന്‍ തുടങ്ങുന്നു എന്നറിഞ്ഞപ്പോഴോ ഒരു പെണ്‍കുട്ടി എന്തിനിതു പഠിക്കുന്നു എന്നാരും സന്ദേഹം പ്രകടിപ്പിച്ചില്ല. തലമുറയുടെ ചരിത്രത്തിലൊരിടത്തും ഒരു പെണ്‍ചികിത്സകയില്ലായിരുന്നു. എന്നിട്ടും മുറുക്കുന്നത്തക്കും അങ്ങനെയൊരു തോന്നലുമില്ലാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പിന്നീട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അദ്ദേഹം മനസ്സിലോര്‍ത്തിരുന്നോ എന്നറിയില്ല. എന്നോടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും വിശ്വാസത്തിനും എന്റെ താത്‌പര്യത്തിനു മുന്നിലും അദ്ദേഹം ആണ്‍ തലമുറയെ മറന്നതാവണം. ആണ്‍തലമുറയെക്കുറിച്ച്‌ ആലോചിച്ചിട്ടും വലിയ കാര്യമില്ല. രണ്ടാണ്‍മക്കള്‍ക്കും പഠിക്കാന്‍ തോന്നിയില്ല. മൂത്തമകന്‌ മൂന്നു പെണ്‍മക്കള്‍. ഇളയവന്‌ രണ്ടാണും. പക്ഷേ ഇളയച്ഛന്റെ മക്കള്‍ക്ക്‌ ഇങ്ങനൊരു ചിന്തപോലുമില്ലായിരുന്നു. ഇതൊക്കെ അറിയുന്നതുകൊണ്ടാവണം ആരും എന്നെ പഠിപ്പിക്കുന്നതിനെ എതിര്‍ത്തില്ല. സന്തോഷം പ്രകടിപ്പിച്ചുമില്ല.
മുറുക്കുന്ന അത്ത എന്നാല്‍ എനിക്കു ജീവനായിരുന്നു. തിരിച്ചും. ജനിച്ചു തൊണ്ണൂറാകും മുമ്പേ എന്നെ അരികത്തുവെച്ചു കിടത്താന്‍ തുടങ്ങിയിരുന്നു എന്നും കരയുമ്പോള്‍ അമ്മിഞ്ഞക്കുമാത്രം അമ്മച്ചിയുടെ അടുത്താക്കുമായിരുന്നു എന്നും കേട്ടാണ്‌ ഞാന്‍ വളര്‍ന്നത്‌്‌. ഇടക്കു നാലുവര്‍ഷം അമ്മയോടൊപ്പം മറയൂരു പഠിച്ചെങ്കിലും എന്റെ മനസ്സെപ്പോഴും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കും ഒപ്പമായിരുന്നു. മറയൂരിന്റെ വശ്യസൗന്ദര്യം എന്നെ കീഴടക്കിയത്‌ അവിടെ നിന്നും പോന്നതില്‍ പിന്നെയാണ്‌. എന്നാല്‍ ഓരോ ദിവസവും അവരുടെ സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നെ തിരികെ വിളിച്ചു.
എട്ടാം ക്ലാസില്‍ ദേവിയാര്‍ സ്‌കൂളില്‍ ചേര്‍ത്തതോടെ മുറുക്കുന്നത്തയുടെ നിഴലായി കൂടെ നിന്നു. കടയില്‍ പോകുമ്പോള്‍, ബന്ധുവീടുകളില്‍ പോകുമ്പോള്‍, യാത്രകളിലൊക്കെ ഒപ്പംകൂടി. ആറ്റുമീന്‍ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്‌. പെന്‍ഷന്‍കാര്യങ്ങള്‍ക്ക്‌ മൂവാറ്റുപുഴയില്‍ പോയിവരുമ്പോള്‍ പടക്കത്തിനുള്ള മരുന്നും തിരിയും ഓലയുമായാണ്‌ വരവ്‌. കയത്തില്‍ പടക്കമെറിഞ്ഞാണ്‌ മീന്‍പിടിക്കുന്നത്‌. സ്‌കൂളില്‍ ഷിഫ്‌റ്റായിരുന്നതുകൊണ്ട്‌ ഉച്ചവരെയെ എനിക്കു പഠിത്തമുള്ളു. ഉച്ച കഴിഞ്ഞ്‌ മീന്‍കൂടയും ചെറിയൊരുകത്തിയും പടക്കവും തീപ്പെട്ടുയുമായി ആറ്റിറമ്പിലൂടെ ഞങ്ങള്‍ നടക്കും. പടക്കമെറിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം അദ്ദേഹം ആറ്റില്‍ മുങ്ങിത്തപ്പും. കരയിലേക്കെറിയുന്ന മീനുകള്‍ ഞാന്‍ പെറുക്കി കൂടയിലിടും....
പറമ്പിലൊരുപാട്‌ കശുമാവുകളുണ്ടായിരുന്നു. കശുവണ്ടിയുടെ കാലത്ത്‌ പെറുക്കാന്‍ കൂടെപ്പോകും. ഈറ്റ വെട്ടി പല വലിപ്പത്തിലുള്ള തോട്ടികെട്ടി വെച്ചിട്ടുണ്ടാവും. മുറുക്കുന്ന അത്ത മരത്തില്‍ കയറി കുലുക്കിയിടുന്നതും തോട്ടികൊണ്ട്‌ പറിച്ചിടുന്നതും പെറുക്കലായിരുന്നു എന്റെ പണിയെങ്കില്‍ പിറ്റേകൊല്ലം മുതല്‍ ഞാനായി മരത്തില്‍ കയറുന്നത്‌. അദ്ദേഹത്തിന്‌ മരത്തില്‍ കയറുമ്പോള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു.
വൈകിട്ട്‌ അന്നാന്നത്തെ കശുവണ്ടി വില്‍ക്കാന്‍ പോകുന്നതും ഞാനാണ്‌. ഓരോ പോക്കിനും അഞ്ചുരൂപ തരും.
പക്ഷേ മരം കയറുന്നതിന്‌ വീട്ടുകാര്‍ക്കല്ല നാട്ടുകാര്‍ക്കായിരുന്നു കുഴപ്പം. ചിലര്‍ പെമ്പിള്ളേര്‌ മരത്തില്‍ കേറരുതെന്ന്‌ പറഞ്ഞു.
ഈ പറയുന്നവര്‍ വരുമോ ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍?
മുറുക്കുന്നത്തയുടെ മരണശേഷം ഒറ്റക്കു ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പെണ്ണ്‌ എന്ന നിലയില്‍ പലചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്‌.
ചികിത്സ തേടി വരുന്നവരോ ബന്ധുക്കളോ ഒക്കെയായിരിക്കും ചോദിക്കുന്നത്‌.
പലരും ചോദിക്കുന്ന ഒന്ന്‌ 'കല്ല്യാണം കഴിക്കാന്‍ പറ്റുമോ' എന്നായിരുന്നു.
ആദ്യമൊക്കെ ആ ചോദ്യത്തിലെ യുക്തിയെ ഓര്‍ത്ത്‌ പകച്ചു നിന്നിട്ടുണ്ട്‌. പിന്നീട്‌ ഞാനും ആലോചിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാവാം അങ്ങനെയൊരു ചോദ്യമെന്ന്‌.
ഞാനടക്കമുള്ള തലമുറയുണ്ടാവാമെങ്കില്‍ എനിക്കെന്താ കല്ല്യാണം കഴിച്ചുകൂടെ?
എനിക്കുമുമ്പു വരെ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നത്‌ പുരുഷന്മാരായിരുന്നു. അവര്‍ക്ക്‌ വിവാഹം കഴിക്കുന്നതിനോ സന്താനോല്‌പാദനത്തിനോ ഒരു കുഴപ്പവുമില്ലായിരുന്നു.
അപ്പോള്‍ ഒരു പെണ്ണായെന്ന്‌ വെച്ച്‌ എനിക്കെന്താണു കുഴപ്പം?
അക്കാലത്തിനുള്ളില്‍ സ്വപ്‌നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.
എന്നെ ഒരു സന്യാസിനിയോ മന്ത്രവാദിനിയോ ആയി ധരിച്ചിട്ടുണ്ടാവുമോ ഇവര്‍? ഓര്‍ക്കുമ്പോള്‍ എനിക്കാകെ വിഷമം തോന്നും.
സര്‍പ്പവും പ്രകൃതിയും വിശ്വാസവും വെച്ചു ചോദിക്കുന്നതാണ്‌. പാരമ്പര്യമായി നടത്തിപ്പോന്ന കാര്യങ്ങള്‍ ഒരു പെണ്‍കുട്ടിയിലേക്ക്‌ കൈമാറ്റപ്പെടുമ്പോള്‍ അവള്‍ വിവാഹിതയാവുമ്പോള്‍ ഇതെല്ലാം നിന്നു പോകില്ലേ എന്ന്‌ ഒരു കൂട്ടര്‍. അങ്ങനെ നിന്നുപോയാല്‍ ശാപമേല്‌ക്കേണ്ടി വരില്ലേ എന്നും.


മറ്റൊന്ന്‌ ചികിത്സ ചെയ്യുന്നതുകൊണ്ട്‌ എനിക്കും വീട്ടുകാര്‍ക്കും എന്തെങ്കിലും ദോഷമുണ്ടോ എന്നാണ്‌.
ചില വിഷഹാരികള്‍ വിഷമിറക്കിക്കഴിഞ്ഞാല്‍ തൊഴുത്തില്‍ പുല്ലുതിന്നോണ്ട്‌ നിന്ന പശു ചത്തു വീഴുന്നു. ഭാര്യക്ക്‌ ഇടിവെട്ടേല്‍ക്കുന്നു. കൊച്ച്‌ കിണറ്റില്‍ വീണു മരിക്കുന്നു. പുരക്ക്‌ തീപിടിക്കുന്നു.
ഇതിനു കാരണം പറയുന്നത്‌ സര്‍പ്പദംശനമുണ്ടാവുന്നത്‌ കാലകടിയായിട്ടാണ്‌ എന്നതാണ്‌. പ്രകൃതിനിയമമാണ്‌ മൃത്യു. മൃത്യുകാരണമാകുന്നു സര്‍പ്പങ്ങള്‍. മനുഷ്യന്‍ മരിക്കാനായി ദൈവം സര്‍പ്പത്തില്‍ വിഷം നിറച്ചു. മരണത്തെ ഗതിമാറ്റിവിട്ട്‌ വിഷം ഇറക്കിയതിനുള്ള ശിക്ഷയാണ്‌ മുകളില്‍ പറഞ്ഞതൊക്കെയും. വിഷത്തെ നിര്‍വീര്യമാക്കി ഒരാളെ ജീവിതത്തിലേക്ക്‌ കൊണ്ടുവരുമ്പോള്‍ അതു പ്രകൃതിക്കു വിരുദ്ധമാണ്‌! ചുരുക്കത്തില്‍ വിഷമിറക്കാന്‍ പാടില്ല എന്നു സാരം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ എനിക്കു നേരിട്ടറിവില്ല. കേട്ടുകേള്‍വിയല്ലാതെ...എന്തുതരം ചിക്‌ിത്സയാണ്‌ അവിടെ പ്രയോഗിക്കുന്നതെന്നും അറിഞ്ഞുകൂടാ..
മന്ത്രവാദത്തിലൂടെ പാമ്പിനെ വരുത്തിചികിത്സക്കുന്നത്‌ കുടുംബത്തിന്‌ ദോഷമാണെന്ന്‌ മുറുക്കുന്നത്ത പറഞ്ഞോര്‍മയുണ്ട്‌.
എനിക്കുമുന്നില്‍ ഒരു പാവം ജീവിയാണ്‌ പാമ്പ്‌. അതിനെ ഉപദ്രവിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം കടിക്കുകയും വിഷം ശരീരത്തു കടക്കുകയും ചെയ്‌തിരിക്കുന്നു. ഈ വിഷത്തിന്‌ അനേകം ഔഷധങ്ങളുമുണ്ട്‌. ഔഷധത്തിലൂടെ വിഷം പുറത്തുകളയുന്നു. ചികിത്സ ചെയ്യുന്നു എന്നതൊഴിച്ചാല്‍ എല്ലാ വികാരങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ്‌ ഞാന്‍.
വീട്ടില്‍ നിന്ന്‌ ചികിത്സ കഴിഞ്ഞുപോയാലും കുറച്ചു ദിവസത്തേക്ക്‌ പത്ഥ്യം നോക്കേണ്ടതുണ്ട്‌. പ്രധാനമായും ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ വേണം. ഭാരമുള്ള ജോലികളെടുത്തു കൂടാ. വഴിനടപ്പ്‌, മദ്യം, സുരതം ഇവ പാടില്ല. സുരതത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ പറ്റാത്തതാണ്‌ അന്ന്‌്‌ കൗമാരക്കാരിയായ എന്നെ ഏറെ കുഴക്കിയിട്ടുള്ളത്‌. എന്തു പറയും?
ചിലരോട്‌ ഒറ്റക്കു കിടന്നാല്‍ മതിയെന്നു പറയും..മനസ്സിലായിട്ടുണ്ടോ എന്തോ?
പത്ഥ്യം പറയുമ്പോള്‍ പലപ്പോഴും അമ്മച്ചി രക്ഷക്കെത്തും. ശരീരപത്ഥ്യം നോക്കണേ എന്ന്‌ ഗൗരവത്തില്‍ പറയും. ശരീരപത്ഥ്യം എന്ന വാക്ക്‌ അമ്മച്ചിയില്‍ നിന്നാണ്‌ എനിക്കു കിട്ടിയത്‌. പക്ഷേ അപ്പോഴും എനിക്കു സംശയം ബാക്കി നില്‌ക്കും. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഇവര്‍ക്ക്‌ ഈ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായിട്ടുണ്ടാവുമോ?
പലരും ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്‌‌.
അടുത്ത തലമുറയില്‍ ആരെ പഠിപ്പിക്കുമെന്ന്‌
ഇതില്‍ ഇത്തിരി മുനയുണ്ട്‌. എനിക്കു കൈമാറി കിട്ടിയത്‌ പിതൃപാരമ്പര്യമാണ്‌. അത്‌ ഞാന്‍ വിവാഹിതയാവുന്നതോടെ നഷ്ടപ്പെടുകയല്ലേ എന്ന്‌.
എന്റെ മുത്തശ്ശനോടെ അവസാനിക്കണമെന്നാഗ്രഹിച്ച വിദ്യ എനിക്കു കൈമാറുമ്പോള്‍ അദ്ദേഹത്തിനുണ്ടാവാത്ത വേവലാതി എനിക്കെന്തിനാണ്‌?

വിവാഹത്തിനുമുമ്പ്‌ സുനില്‍ എനിക്കു തന്നത്‌ 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌‌. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഞാനെന്റെ പൂര്‍വ്വികരുടെ ഭാഷ കണ്ടു. പാമ്പു കടിച്ച രവിയെ കണ്ടു. ഖസാക്ക്‌ എന്റെ പ്രിയപ്പെട്ട പുസ്‌തകമായി. രവിയുടെ സര്‍പ്പദംശനം വായനക്കാര്‍ പലതരത്തില്‍ ആസ്വദിക്കുന്നത്‌ കണ്ടു. ആ ദംശനത്തെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ കാണാനായില്ല. എന്നിരുന്നാലും, അന്നുവരെ വായിച്ച സാഹിത്യകൃതികളിലൊക്കെയും സര്‍പ്പത്തിന്‌‌ ഭീകരരൂപമായിരുന്നു. രതിയുടെ, ഭയത്തിന്റെ, മന്ത്രവാദത്തിന്റെ പ്രതീകമായിരുന്നു അതിലെല്ലാം. രവിക്കേല്‌ക്കുന്ന സര്‍പ്പദംശനം സാഹിത്യലോകം പാമ്പിനു നല്‌കിയ അന്നുവരെയുള്ള സങ്കല്‌പത്തെ ആകെ മാറ്റിമറിക്കുന്നതായാണണ്‌ എനിക്കു തോന്നിയത്‌. ഖസാക്കിലെ രവിക്കു പാമ്പ്‌്‌ പത്തിവിടര്‍ത്തി കാല്‌പടത്തില്‍ പല്ലുകളമര്‍ത്തിയപ്പോള്‍ വാത്സല്യമാണ്‌ തോന്നുന്നത്‌. 'പല്ലുമുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‌പടത്തില്‍ വീണ്ടും, വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്‌ക്കു നുഴഞ്ഞുപോയി.'
ഒരു പാമ്പിനു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്‌ രവിയിലൂടെ ഒ. വി. വിജയന്‍ കാണിച്ചു തന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

Thursday, July 24, 2008

ഇതാണോ ആണത്തം?

ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.
AK Said:
എന്തേ ഇപ്പോള്‍ ഇങ്ങിനെ ഒരു മനം മാറ്റം ?
വിഷയത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഇട്ടിയും പൊട്ടിയും പൊട്ടനും കാന്തപുരത്തിനെതിരെയും ഇസ്ലാമിനെതിരെയും നുണപ്രചാരണം നടത്തിയപ്പോള്‍ മൈന അത്‌ ആസ്വസിച്ച്‌ ( ബ്ലൂടൂത്ത്‌ ആസ്വദിച്ച പോലെ ) വികാരവതിയായി പോസ്റ്റിയിരുന്നല്ലോ ..എന്തേ മൈനക്ക്‌ അത്‌ ഡിലിറ്റ്‌ ചെയ്യാമായിരുന്നില്ലേ ? ഇപ്പോള്‍ കൗണ്ടര്‍ ആര്‍ഗ്യൂമന്റ്‌ വന്നപ്പോള്‍ അത്‌ അങ്ങട്‌ ദഹിക്കുന്നില്ല അല്ലേ.. സൂക്കേട്‌ നമുക്കറിയാം. അതിനു മരുന്നില്ല.. അല്ലാഹു നല്ല ബുദ്ധി തരട്ടെ

ഞാന്‍ എഴ്തിയ മറുപടി മൈന ( ?) എഡിറ്റ്‌ കൊടുത്തില്ല..
ഇതും കൊടുക്കുമുമെന്ന് തോന്നുന്നില്ല.. ഇനി കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക്‌ നല്ലത്‌ ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത്‌ നോക്കല്‍ )

ഞാനടുത്തറിയുന്ന ഇസ്ലാം സഹിഷ്‌ണുതയുടേയും സ്‌നേഹത്തിന്റെയും മതമാണ്‌. ഞാനൊരിക്കലും ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇതാണ്‌ ഇസ്ലാം എന്നു കാണിക്കാന്‍ വരുന്ന ചിലതിനോട്‌ കലഹിച്ചിട്ടുണ്ട്‌. കാന്തപുരത്തെയോ മറ്റേതെങ്കിലും മതനേതാക്കളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ജയകൃഷ്‌ണന്‍ കാവാലം ഒരു കമന്റിട്ടത്‌ തന്നെ ആദ്യഭാഗത്തോടുമാത്രമേ എനിക്ക്‌ യോജിപ്പുള്ളു എന്നും മറുപടി കൊടുത്തിരുന്നു

ഇവിടെ AK യുടെ കമന്റിനോടുള്ള പ്രതികരണമാണ്‌ ആവശ്യപ്പെടുന്നത്‌. അല്ലാതെ ഇസ്ലാം വിമര്‍ശനമല്ലെന്ന്‌ പറയട്ടെ.
ഒരു പോസ്‌റ്റിനോടുള്ള അസഹിഷ്‌ണുത ക്രിയാത്മകമായ വിമര്‍ശനമാണെങ്കില്‍ അത്‌ ബൂലോഗത്തെ കൂട്ടയ്‌മയെയും ആശയസംവാദങ്ങളെയും ആരോഗ്യകരമാക്കുകയുള്ളു. അതല്ലാതെ അന്ധമായ മതഭ്രാന്തും അസഹിഷ്‌ണുതയും വ്യക്തിവിദ്വേഷവും തീര്‍ക്കാന്‍ പെണ്ണിനോട്‌ 'മൈ' പ്രയോഗം നടത്തുകയാണോ വേണ്ടത്‌?
സര്‍വ്വശക്തനും കരുണാനിധിയുമായ അള്ളാഹുവിന്റെ മുമ്പില്‍ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട്‌ കുമ്പിടുന്ന യഥാര്‍ത്ഥ മുസ്ലീമിന്റെ നാവിലും വിരല്‍ തുമ്പിലും എങ്ങനെയാണ്‌ 'മൈ'പ്രയോഗം വരുന്നത്?
ബൂലോഗത്തെ ആണുങ്ങളില്‍ ഇയാള്‍ക്കിടമുണ്ടോ?

Sunday, July 20, 2008

ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത്

ഇന്നലെ എന്നെ ആകെ ആശയക്കുഴപ്പത്തിലാക്കിയ ഒരു സംഭവമുണ്ടായി. ബ്ലൂടുത്ത്‌‌ വഴി ഒരു മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കമിതാക്കളുടെ ഫോണ്‍ സംഭാഷണമായിരുന്നു അത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലായ ഒരു കാമുകിയും, ഭാര്യയുമൊത്ത് നാട്ടില്‍ ജീവിക്കുന്ന കാമുകനുമാണ്‌ കഥാപാത്രങ്ങള്‍. ഒന്നുകില്‍ ഇവരറിയാതെ ആരോ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു. അല്ലെങ്കില്‍ ഇവരിലൊരാള്‍ റിക്കോര്‍ഡ്‌ ചെയ്‌തിരിക്കുന്നു. ഏതായാലും ബ്ലൂടുത്ത്‌ വഴി പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌ ഇവരുടെ സല്ലാപം. ബ്ലൂടൂത്ത്‌ വഴി ഇപ്പോള്‍ കന്യാസ്‌ത്രീയും ഡ്രൈവറും കോളേജുവിദ്യാര്‍ത്ഥികളായ പ്രണയിനികളുമൊക്കെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു. (അറിഞ്ഞതെത്രയോ തുച്ഛം..അറിയാനെത്രയോ ബാക്കി).
ഇവിടെ സദാചാരം പഠിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. ന്യായീകരിക്കലുമല്ല.
സ്‌ത്രീയായാലും പുരുഷനായാലും ഒരാള്‍ മറ്റേയാളെ അങ്ങേയറ്റം വിശ്വസിക്കുന്നുണ്ട്‌. ഏതായാലും ആ വിശ്വാസത്തിനേറ്റ മുറിവാണ്‌ ഓരോരുത്തരുടേയും മൊബൈല്‍ ഫോണ്‍വഴി പടര്‍ന്നു കൊണ്ടിരിക്കുന്നത്‌.

രണ്ടു വ്യക്തികള്‍ക്കിടയിലുള്ള രഹസ്യമാണ്‌ ചോര്‍ന്നു പോകുന്നത്‌. ഇവിടെ കാമുകികാമുകന്മാരാവാം.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലേക്ക്‌, അവരുടെ കിടപ്പറകളില്‍ ഒളികാമറകളുമായി ആരെങ്കിലും പതുങ്ങി ഇരിക്കുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും?
വിവരസാങ്കേതികവിദ്യ എന്തിനുവേണ്ടിയാണ്‌?
എന്റെ സഹപ്രവര്‍ത്തകയോട്‌ ഞാനിതു പറയുമ്പോള്‍ അവര്‍ വികാരാധീനയായി. തന്റെ മകള്‍ക്ക്‌ ഒരിക്കലും ഒരു മൊബൈല്‍ വാങ്ങികൊടുക്കില്ല എന്ന്‌ ആ അമ്മ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ്‌. എങ്കിലും അവര്‍ വാങ്ങികൊടുത്തില്ലെങ്കിലും കൂട്ടുകാരിയുടെ കൈയ്യിലെ മൊബൈലായാലും മതി ഈ ദൃശ്യങ്ങള്‍ കാണാന്‍..കേള്‍ക്കാന്‍ എന്നവര്‍ മറക്കുന്നെങ്കിലും. കൊച്ചുകുട്ടികളുടെ കൈയ്യില്‍വരെ മൊബൈലുള്ള കാലമാണ്‌...

ഒരു മൊബൈല്‍ ഫോണില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പടരുന്ന കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. നമ്മുടെ കൂട്ടത്തിലെ ആരുടെയെങ്കിലും മക്കളുടേയോ ബന്ധുക്കളുടേയോ കൂട്ടുകാരുടേയോ പ്രണയരംഗങ്ങളും വഴിവിട്ട ഏതെങ്കിലും ബന്ധങ്ങളുമാണ് ഇങ്ങനെ പകര്‍ത്തപ്പെട്ട് പ്രചരിപ്പിക്കുന്നതെങ്കിലോ?‍.
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌- അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌,മറിച്ച് ആനന്ദമായിട്ടാണ് എന്നതാണ്‌.
കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എല്ലാമുള്ളവരാണ്‌ കമിതാക്കള്‍. ഈ ഫോണ്‍ സംഭാഷണം അവരിലേക്കാണ്‌ ചെന്നെത്തുന്നതെങ്കിലോ? പിന്നീടുണ്ടാവുക എന്തായിരിക്കും എന്നോര്‍ത്ത്‌ എനിക്ക്‌ സൈ്വര്യം നശിച്ചു. ഇപ്പോള്‍ തന്നെ എന്തായിരിക്കാം അവരുടെ അവസ്ഥ. ആ സ്‌ത്രീയെക്കുറിച്ച്‌ വല്ലാതെ ആലോചിച്ചു. ഈ ബന്ധം അവര്‍ക്കാവശ്യമായിരുന്നിരിക്കാം. പക്ഷേ അത്‌ ആരുമറിയാത്ത ഒരു രഹസ്യമാക്കാനല്ലേ അവരാഗ്രഹിച്ചിരിക്കുക. അവരൊരിക്കലും ഇത്‌ ലോകമറിയണമെന്ന്‌ ആഗ്രഹിച്ചിരിക്കില്ല. നമ്മുടെ വിചാരലോകം വിശാലമൊന്നുമല്ല. പുരുഷന്റെ തെറ്റിനെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീയുടേത്‌ അപരാധവുമാവും. ഇവിടെ സഹിക്കേണ്ടിവരുന്നത്‌ സ്‌ത്രീ തന്നെയായിരിക്കും.
ഇവര്‍ മാത്രമല്ല ഇവരുടെ അടുപ്പമുള്ളവര്‍ കാണുമ്പോഴുള്ള /കേള്‍ക്കുമ്പോഴുള്ള അവസ്ഥകൂടി ആലോചിച്ചു നോക്കൂ ....

അതെന്തുമാകട്ടെ ഇവിടെ പ്രശ്‌നം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌. ഒളിഞ്ഞുനോട്ടം. അന്യന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറല്‍..പോരാത്തതിന്‌ താന്‍ കണ്ടുകഴിഞ്ഞത്‌/കേട്ടത്‌
അടുത്തയാള്‍ക്ക്‌ കൈമാറുന്നു. അവരും ആനന്ദിക്കുന്നു...
ഒരാളെങ്കിലും ആദ്യത്തെ രണ്ടുപേരെക്കുറിച്ചോ അവരുടെ ചുറ്റുപാടിനെയോ ചിന്തിച്ചിരിക്കുമോ?....
എനിക്ക് ഒരു സംശയമേ ഉള്ളൂ ‘ആരാണ് വ്യഭിചാരി?’

Sunday, July 6, 2008

ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം

എന്റെ ഹൈസ്‌കൂള്‍കാലത്താണ്‌ റേഡിയോയില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമലേഖനം നാടകരൂപത്തില്‍ കേട്ടത്‌. സാറാമ്മയും കേശവന്‍നായരും കുഞ്ഞുണ്ടായാല്‍ പേരിടുന്നതിനെക്കുറിച്ചു തര്‍ക്കിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തിരുന്നു. ഞങ്ങള്‍ക്കിട്ടതുപോലുള്ള പേരായിരിക്കുമോ?
ഇല്ല. മതമേതെന്നറിയാത്ത പേര്‌ `ആകാശമിഠായി`

മറ്റൊരു സാറാമ്മയുടേയും കേശവന്‍നായരുടേയും മക്കളായിരുന്നു ഞങ്ങള്‍. അല്ലെങ്കില്‍ ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗത്തിലെ അന്‍വര്‍ റഷീദിന്റെയും ലക്ഷ്‌മീദേവിയുടേയും മക്കള്‍.
ഉമൈബാന്‍, നുസൈബാന്‍, മെഹര്‍ബാന്‍ എന്നിങ്ങനെ അന്‍വര്‍ റഷീദിന്റെ മതം സൂചിപ്പിക്കുന്ന മൂന്നുപേരുകളാണ്‌ ഞങ്ങള്‍ക്കുളളത്‌. ചിലര്‍ക്കെങ്ങിലും നാവല്‌പം വളക്കേണ്ട അല്‌പം നീണ്ടപേരുകള്‍...ഒരു കൊച്ചുകൂടി ഉണ്ടായാല്‍ ടെമ്പോവാന്‍ എന്നുപേരിടുമായിരുന്നോ എന്ന്‌ ഞങ്ങളുടെ അയല്‍വാസി ഷാജിച്ചേട്ടന്‍ ചോദിച്ചു. ഷാജിച്ചേട്ടന്‍ പലപ്പോഴും ടെമ്പോവാന്‍ കൂടി ചേര്‍ത്തായിരുന്നു വിളിച്ചിരുന്നതും.

ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗം വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ തോന്നിയത്‌. എന്റെ ഏഴാംക്ലാസ്സില്‍ അങ്ങനെയൊരു പാഠമില്ലാതപോയതില്‍ സങ്കടവും തോന്നി.
അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ഞാനും അനിയത്തിയും നിലത്തുവിരിച്ച കിടക്കയില്‍ അമ്മയുടെ ഇടതും വലതുമായി കിടന്നുകൊണ്ട്‌ വയറ്റില്‍ കെട്ടിപ്പിടിച്ച്‌ ചോദിച്ചു.
`എന്തിനാ ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടത്‌?`

ഒരേമതത്തില്‍പ്പെട്ടവരുടെ മക്കളായിരുന്നിട്ടും കൂട്ടുകാരില്‍ ഭൂരിപക്ഷത്തിനും മതമേതെന്ന്‌ തിരിച്ചറിയാത്ത പേരുകള്‍ കേട്ടാണ്‌ ആ ചോദ്യം ഞങ്ങള്‍ ചോദിച്ചത്‌. രണ്ടു മതങ്ങളില്‍പ്പെട്ടവര്‍ മക്കള്‍ക്ക്‌ മതമറിയുന്ന പേരിട്ടതിലായിരുന്നു ഞങ്ങളുടെ ആ പ്രതിഷേധം.

ആ രാത്രി തന്റെ നടക്കാതെപോയ സ്വപ്‌നങ്ങളെക്കുറിച്ച്‌ അമ്മ എട്ടും പത്തും വയസ്സുകാരായ മക്കളോട്‌ പറഞ്ഞു.
`നിങ്ങള്‍ക്ക്‌ ജാതി അറിയാത്ത പേരിടണോന്നായിരുന്നു എനിക്ക്‌...നിങ്ങടെ അപ്പനുംകൂടി അങ്ങനെ തോന്നണ്ടേ?`...അന്‍വര്‍ റഷീദിന്‌ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരുറച്ച തീരുമാനെടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ അമ്മ കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മയെ വീട്ടുകാര്‍ പടിയടച്ച്‌ പിണ്ഡം വെച്ചതാണ്‌. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്‌തു. അവരുടെ ആ സ്‌നോഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട്‌ പലപ്പോഴും അമ്മ ജീവിതത്തിനും മതത്തിനുമിടയില്‍ ഒറ്റയക്ക്‌ തീരുമാനമെടുക്കാനാവാതെ പലവിട്ടുവീഴ്‌ചകളും ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടു.

മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ വലിയ നിര്‍ബന്ധം പിടിച്ചില്ല. അതിലുമേറെ അമ്മ അന്ന്‌ മദ്രസകളില്ലാത്ത മറയൂരിലായിരുന്നു മക്കളേയും കൊണ്ട്‌ ജോലിനോക്കിയിരുന്നത്‌. ഒരിക്കലും അമ്മ അവരുടെ മതം ഞങ്ങളില്‍ അടിച്ചല്‌പിക്കാന്‍ ശ്രമിച്ചില്ല. അത്തയും(അച്ഛന്‍).
എന്നിട്ടും മറയൂരിലെ യു.പി. സ്‌കൂളില്‍ ചേരും മുമ്പ്‌ അത്തത്തയുടേയും അത്താമ്മയുടേയും അടുത്തായിരുന്നപ്പോള്‍ ഞങ്ങള്‍ ഓത്തുപള്ളിയില്‍ പോയിരുന്നു. പള്ളിയോട്‌ ചേര്‍ന്ന വരാന്തയായിരുന്നു അന്ന്‌ ഓത്തുപള്ളി. ആയിടക്ക്‌ മതപഠനം കഴിഞ്ഞിറങ്ങിയ നാട്ടുകാരനായ കൊച്ചുസ്‌താദ്‌്‌ ഞങ്ങളെ പരിചയപ്പെട്ടു. പേരുചോദിച്ചു. പേരില്‍ തൃപ്‌തനായി. നാട്ടുകാരനായതുകൊണ്ട്‌ മാതാപിതാക്കളുടെ പേരു ചോദിച്ചു. അന്ന്‌ ഏഴുവയസ്സുകാരിയായ അനിയത്തി അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു പറഞ്ഞു.

ആ പേര്‌ ഇനിയാരോടും പറയരുതെന്ന്‌ അദ്ദേഹം ഞങ്ങളെ താക്കീതു ചെയ്‌തു.
പിന്നെയും എത്രയോ കഴിഞ്ഞാണ്‌ മതം ഞങ്ങളുടെ മനസ്സിനെ പിടിച്ചുലക്കാന്‍ തുടങ്ങിയത്‌.
അച്ഛനും അമ്മയും ഒരേ സമുദായത്തില്‍പ്പെട്ടവരായിരുന്നിട്ടും കൂട്ടുകാരിയുടെ രജിസ്‌ട്രറില്‍ മതവും ജാതിയും ഇല്ലെന്നറിഞ്ഞപ്പോല്‍ ഞാന്‍ അമ്പരുന്നു. അച്ഛനമ്മമാരുടെ തീരുമാനം അങ്ങനെ ആയിരുന്നത്രേ. വലുതാവുമ്പോള്‍ സ്വയം തീരുമാനിക്കട്ടെ എന്ന്‌.

ഞങ്ങളുടെ അച്ഛനുമമ്മയും വ്യത്യസ്‌തമതങ്ങളില്‍പ്പെട്ടവരായിരുന്നിട്ടും സമൂഹം പുരുഷനു നല്‌കുന്ന അമിതാപ്രാധാന്യത്തില്‍ അവന്റെ മതം ഞങ്ങളുടെ എസ്‌. എസ്‌. എല്‍. സി. ബുക്കില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബുക്കിലെ അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു തന്നെയായിരുന്നു.

ഞങ്ങളെപ്പോലെ മിശ്രവിവാഹിതരുടെ മക്കള്‍ ഒരുപാടു പേരുണ്ടായിരുന്നു കൂടെ...ഞങ്ങളൊന്നും മതമില്ലായ്‌മയെക്കുറിച്ചല്ല ചിന്തിച്ചത്‌. മതനിഷേധത്തെക്കുറിച്ചുമല്ല. മതങ്ങളുടെ സമന്വയങ്ങളെക്കുറിച്ചും നന്മയേക്കുറിച്ചുമാണ്‌.
ഞങ്ങള്‍ ഖുര്‍-ആന്‍ വായിച്ചു, പ്രാര്‍ത്ഥിച്ചു, നൊയമ്പുനോക്കി...ആരുടേയും നിര്‍ബന്ധത്തിലല്ല..ചിലവഴികളിലൂടെ ചിലനേരങ്ങളില്‍ നടന്ന്‌ അമ്പലനടയിലെത്തി. ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അപ്പോഴൊക്കെ മൂന്നാംക്ലാസില്‍ സാമൂഹ്യപാഠം പഠിപ്പിച്ച അമ്മിണി ടീച്ചറെ ഓര്‍ത്തു. ഏത്‌ ആരാധാനലയം കണ്ടാലും ശിരസ്സുനമിക്കണമെന്ന്‌‌ അവര്‍ ഒരിക്കല്‍ പറഞ്ഞത്‌ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ അഞ്ചാംക്ലാസിലെ മധ്യവേനലവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ അമ്മായി എന്നെ വീണ്ടും ഓത്തുപള്ളിയിലെ രണ്ടാംക്ലാസ്സില്‍ ചേര്‍ത്തു. അനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള അറബിമലയാളം പുസ്‌തകത്തിലെ ഹൈളും നിഫാസും എന്തെന്നറിയാതെ അന്തിച്ചു. സംഭോഗത്തിനുശേഷം കുളിക്കണം, കുളിച്ചാലെ ശുദ്ധിയാവൂ എന്നുവായിച്ച്‌ വിഡ്‌ഢിയായി. അഞ്ചാംക്ലാസുകാരിക്ക്‌ എന്താണ്‌ സംഭോഗം? (ഞാനല്‌പം പുറകിലാണ്‌..സാധാരണ സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ മദ്രസയില്‍ രണ്ടിലെത്തുന്നത്‌‌)
ഏഴാംക്ലാസിലെ കുട്ടി മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്‌ അനുചിതവും അനവസരത്തിലുമാണെന്ന്‌ ചിലര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഓത്തുപള്ളിയില്‍ വലിയ അശൂദ്ധിയും ചെറിയ അശുദ്ധിയും പഠിക്കുന്നത്‌ ഏഴോ, എട്ടോ വയസ്സിലാണെന്നോര്‍ക്കണം.

` മതമില്ലാത്ത ജീവന്‍ ` എന്ന പാഠം കണ്ട്‌ സമരത്തിനിറങ്ങുന്ന മതമേധാവികളും, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയക്കാരുമറിയണം ഞങ്ങള്‍ ആ പാഠം കണ്ട്‌ അതിയായി സന്തോഷിക്കുന്നുവെന്ന്‌. അതില്‍ ഒരു മതവികാരവും വ്രണപ്പെടാനില്ലെന്ന്‌.

രാജീവിനേയും സോണിയയേയും, ടി.വി തോമസിനേയും ഗൗരിയേയും, വയലാര്‍ രവിയേയും മേഴ്‌സിയേയും കണ്ട്‌ ഒരാവേശം തോന്നിയിരുന്നു വിവാഹത്തിന്‌ മുമ്പ്‌ എന്ന്‌ അമ്മ പറഞ്ഞു.


മുതിര്‍ന്നപ്പോള്‍ എനിക്ക്‌ ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ക്കും എന്റെ മനസ്സില്‍ കേറിക്കൂടാന്‍ കഴിഞ്ഞില്ല. നെഹ്‌റു യുവകേന്ദ്രയില്‍ എന്‍. എസ്‌. വി. ആയിരുന്നപ്പോള്‍ ആഴ്‌ചക്കൊന്ന്‌ വെച്ച്‌ തൊടുപുഴയില്‍ പോകണമായിരുന്നു. അവിടെ നിന്ന്‌ എന്നെകണ്ട റഫീക്കിന്‌ വിവാഹം കഴിക്കണമെന്നു തോന്നി. എന്റെ പേരിലെ മതമായിരുന്നു അവന്റെ കല്ല്യാണാലോചനക്ക്‌ കാരണം. പലവട്ടം എന്നെ ഫോണ്‍ ചെയ്‌ത്‌ ചോദിച്ചു. പക്ഷേ വിവാഹത്തെക്കുറിച്ച്‌ കൃത്യമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നതുകൊണ്ട്‌ ഒരുദിവസം അവന്റെ ഓഫീസിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ധൈര്യപൂര്‍വ്വം എന്റെ അമ്മ ലക്ഷ്‌മീദേവിയാണെന്നു പറഞ്ഞു. അവന്റെ മുഖം കരുവാളിച്ചു അപ്പോള്‍.
പലപ്പോഴും സങ്കരയിനം എന്ന്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ടി*ഡി വിത്ത്‌ എന്നു വിളിച്ച്‌ ഭര്‍ത്താവ്‌ കളിയാക്കാറുമുണ്ട്‌.
അതേ ഞങ്ങള്‍ ടി*ഡി കളാണ്‌. സമ്മതിക്കുന്നു.
ഞങ്ങളുടെ പേര്‌ എന്തുതന്നെയായാലും ഞങ്ങള്‍ ആകാശമിഠായികളാണ്‌.
ആകാശമിഠായികള്‍ മാത്രം!

മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 06.07.2008

Sunday, June 8, 2008

പേരില്ലാത്ത ബ്ലോഗെഴുത്തിന്റെ 'ബൂലോഗം'



ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്തിരുന്നാലും ഇല്ലെങ്കിലും ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ പേര്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. താനറിയാതെ കിട്ടിയ യാഥാര്‍ത്ഥപേരിനെ ഒന്നു മാറ്റി നിര്‍ത്താന്‍ പറ്റുന്ന സുവര്‍ണ്ണാവസരം.
ബ്ലോഗര്‍മാരില്‍ പലരും എന്തുകൊണ്ട്‌ യഥാര്‍ത്ഥപേരു കൊടുക്കുന്നില്ല എന്നത്‌ എന്നും വിവാദവിഷയമാണ്‌. പലതരം ന്യായങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌.

വിശ്വപ്രഭ, വിശാലമനസ്‌ക്കന്‍, കണ്ണൂരാന്‍, ഏറനാടന്‍,ഇഞ്ചിപ്പെണ്ണ്‌. തോന്നാസി, അന്യന്‍, മലബാറി, ചിത്രകാരന്‍, ആലുവാവാല തുടങ്ങി എത്ര ബ്ലോഗര്‍മാരാ...പക്ഷേ ഇവരുടെയൊന്നും യഥാര്‍ത്ഥപേരിലല്ല നമ്മള്‍ അറിയുന്നത്‌.
പേര്‌ നമുക്ക്‌ വിലാസം തരുന്നുണ്ട്‌. ജനിച്ച്‌ ഇരുപത്തെട്ടിനോ അമ്പത്താറിനോ ഒരു കൊല്ലം കഴിഞ്ഞോ ഒക്കെ നമ്മുടെ വേണ്ടപ്പെട്ടവര്‍ നല്‌കുന്നതാണ്‌ ആ പേരുകള്‍. വളര്‍ന്നു വരുമ്പോള്‍ മറ്റു പേരുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ അച്ഛനുമമ്മയ്‌ക്കും ഇടാന്‍ കിട്ടിയ ഒരു പേര്‌ എന്നു തോന്നിപ്പോകും.

സുശീല ദുര്‍ശീലയും ധര്‍മ്മരാജന്‍ ഏറ്റവും വലിയ പിശുക്കനും സന്തോഷ്‌ ദുഖിക്കുന്നവനും ഒക്കെ ആയിരിക്കും. പേരും അതിന്റെ അര്‍ത്ഥവും തമ്മില്‍ വ്യക്തിക്കോ ജീവിതത്തിനോ കാര്യമായ ബന്ധമൊന്നുമുണ്ടാവില്ല.
സദാശിവന്‍ ചിലപ്പോള്‍ കൃഷ്‌ണനായേക്കാം.
പ്രകാശിന്‌ ചേരുന്ന പേര്‌ ശ്യാമ എന്നായിരിക്കും.

ഇപ്പോള്‍ ഇരുപത്തഞ്ചിനും നാല്‌പതിനുമിടയില്‍ പെട്ടവര്‍ക്ക്‌ ചോയിക്കുട്ടി എന്നോ, ദാമോദരന്‍ നായരെന്നോ കാര്‍ത്ത്യായനി എന്നോ പേരുണ്ടെങ്കില്‍ അവരനുഭവിക്കുന്ന സംഘര്‍ഷം വലുതായിരിക്കും. പേരു പറയേണ്ടി വരുമ്പോള്‍ ഒരു മടി. ഈ പേരിട്ട സകല മനുഷ്യരേം തെറി പറഞ്ഞുകൊണ്ടായിരിക്കും പേര്‌ പറയുന്നത്‌. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഈ വ്യത്യാസമുണ്ട്‌. പാത്തൂഞ്ഞും പക്കര്‍കോയയും കുഞ്ഞാലിയും കൊച്ചൗസേപ്പും മറിയാമ്മയും ഒന്നും പുതിയ ഗണത്തിലില്ല.
സ്റ്റുഡന്റ്‌സ്‌‌ ഒണ്‍ലിയിലെ ഗോവിന്ദന്‍കുട്ടിയും മറ്റും തനിക്കു കിട്ടിയ പഴയ പേരിനെ ആസ്വദിക്കുന്നുമുണ്ട്‌.

എഴുപത്തിയഞ്ചുവയസ്സു മുതല്‍ ഇങ്ങോട്ട്‌ പതിനഞ്ചുവര്‍ഷങ്ങള്‍ വീതം എടുത്ത്‌ പേരുകള്‍ പരിശോധിച്ചാല്‍ നമ്മുടെ സാംസ്‌ക്കാരിക മണ്‌ഡലത്തിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കാനാകും.
ബാബു, ഷാജി, ഷീജ, ഷീബ തുടങ്ങിയ പേരുകള്‍ കേട്ടാല്‍ അവര്‍ ഏതു മതത്തില്‍പെട്ടവരാണെന്ന്‌ പറയാനാവത്തതായിരുന്നു.
ബിന്ദു, ബിജു, ബിനു, മിനി, സുനില്‍, സതീഷ്‌, പ്രകാശ്‌, അനില്‍ ഇങ്ങനെ കുറേ കുഞ്ഞുപേരുകള്‍ ഇടത്‌, ബംഗാള്‍ സ്വാധീനം അതില്‍ കാണാം.
തൊണ്ണൂറുകളോടെ മതം പേരുകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. എല്ലാമതത്തിനിടയിലും. ഹിന്ദു-മുസ്ലീമില്‍ കുറച്ചു കൂടിയ തോതില്‍.
ആതിര, ധന്യ, സന്ധ്യ, സംഗീതത്തില്‍ നിന്നൊക്കെ മാധവനും കൃഷ്‌ണനും, ഗൗരി, പാര്‍വതി, ജാനകിമാരിലേക്കെത്തി.
മുസ്ലീങ്ങള്‍ക്കിടയില്‍ നവാസും ഷെമീറും റസിയയും സുഹറയുമൊക്കെപോയി കടിച്ചാല്‍ പൊട്ടാത്ത അറേബ്യന്‍ പേരുകള്‍ കടന്നു വന്നു.ഡാമിന്‍ സെബ്‌ലോണ്‍, അമീലിയ ഫ്രെസ, അര്‍ഷക്‌സെയിം,കെന്‍സ്ലാസിം, ലുജൈന്‍ ഇസ്ര മുതലായവ ഈ പേരുകളൊക്കെ വിളിക്കാതെ രക്ഷപെടുന്നത്‌ ഓമനപ്പേരുകളുള്ളതുകൊണ്ടുമാത്രമാണ്‌.
ഇങ്ങനെയൊക്കെ പേരുകള്‍ കടന്നുപോകുമ്പോഴാണ്‌ നമ്മുടെ മലയാളം ബ്ലോഗര്‍മാരില്‍ ഭുരിപക്ഷവും ആണ്‍-പെണ്‍-ജാതി-വര്‍ഗ്ഗങ്ങളൊന്നും തിരിച്ചറിയാത്ത പേരുകളുമായി വരുന്നത്‌. ആണ്‍-പെണ്‍ എന്നുദ്ദേശിച്ചത്‌ സ്‌മിതം, തറവാടി, മാവേലി കേരളം തുടങ്ങിയവരെ ഓര്‍ത്താണ്‌. ദ്രൗപദിയും അതുല്യയുമൊക്കെ പെണ്ണായിപോയതാണ്‌
നമ്മുടെ പേരുകള്‍ നമ്മള്‍ നിശ്ചയിച്ചതല്ല. അത്‌ എങ്ങനെയൊക്കെയോ വന്നുചേര്‍ന്നു.
എന്നാല്‍ ബ്ലോഗില്‍ മറ്റൊരു പേര്‌ കൊടുക്കുമ്പോള്‍ ഇരട്ട വ്യക്തിത്വമല്ലേ എന്ന പഴി കേള്‍ക്കേണ്ടി വന്നേക്കാം. എന്തിനാണ്‌ യഥാര്‍ത്ഥ പേര്‌ മറച്ചുവെയ്‌ക്കുന്നത്‌? എന്തുകൊണ്ട്‌ സ്വന്തം പേര്‌ കൊടുത്തുകൂടാ? ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗനക്കാര്‍ക്കിടയിലും ഈ വിവാദം കത്തിപ്പടരുകയാണ്‌.
കേരള ബ്ലോഗ്‌ അക്കാദമിയുടെ മുഖ്യ സംഘാടകരിലൊരാളായ ചിത്രകാരന്‍ ശില്‌പശാലയുമായി ജില്ലതോറും ഓടി നടക്കുന്നതിനിടയില്‍ 'സ്വന്തം പേര്‌ വെളിപ്പെടുത്താത്ത ഒരാളാണോ അക്കാദമിയുമായി നടക്കുന്ന'തെന്ന്‌ വിമര്‍ശനവും കേള്‍ക്കേണ്ടിവരുന്നുണ്ട്‌.
തൊഴില്‍പരമായ പരിമിതികള്‍ മൂലമാണ്‌ ചിലര്‍ ബ്ലോഗില്‍ യഥാര്‍ത്ഥപേര്‌ മറച്ചുവെയ്‌ക്കുന്നത്‌.
സാഹിത്യത്തില്‍ തൂലികാനാമം സ്വീകരിച്ചവര്‍ക്ക്‌ ഇത്രയും വിമര്‍ശനം ഏല്‌ക്കേണ്ടി വന്നിട്ടില്ല. സേതുവും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും, ബി. ആര്‍.പി. ഭാസ്‌ക്കറുമൊക്കെ സ്വന്തം പേരില്‍ തന്നെയാണ്‌ ബ്ലോഗെഴുത്തു നടത്തുന്നത്‌. ഇതൊന്നും ആലോചിച്ച്‌ തലപുണ്ണാക്കണ്ട. ഇഷ്‌ടമുള്ള പേരുകള്‍ കൊടുക്കാന്‍ ബ്ലോഗിലെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എവിടെ ലഭിക്കാനാണ്‌?
ബ്ലോഗിലൂടെയെങ്കിലും നമുക്കൊരു പേര്‌ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ ബ്ലോഗര്‍മാര്‍ ഈ സ്വാതന്ത്ര്യത്തെ ആവോളം ആസ്വദിക്കുന്നതും...

കടപ്പാട്‌ വാരാദ്യമാധ്യമം 01.06.2008
പത്രത്തില്‍ നിന്ന്‌ കള്ളപ്പൂച്ച
എന്ന ബ്ലോഗില്‍ ഇത്‌ എടുത്തു കൊടുത്തിരുന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സ്വന്തമായി ബ്ലോഗുള്ളപ്പോള്‍ ഒരു ലിങ്ക്‌ പോലുമില്ലാതെ......ഏതായാലും അഞ്‌ജാതന്‍ പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്‌തു.

Monday, March 24, 2008

ചില നബിദിന (തലതിരിഞ്ഞ) ചിന്തകള്‍

-മുഹമ്മദ്‌ നബിയുടെ ഭാര്യ ആയിഷ അതിബുദ്ധിമതിയായിരുന്നു. യുദ്ധമുഖത്തേക്കുവരെ അവരെ അദ്ദേഹം കൊണ്ടുപോയി. യുദ്ധതന്ത്രങ്ങള്‍ അവര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുക്കുമായിരുന്നത്രേ. നബിക്കന്ന്‌ 50 വയസ്സുകഴിഞ്ഞിരുന്നു. ആയിഷക്ക്‌ പതിനെട്ടായിരുന്നു പ്രായം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പിന്മുറക്കാര്‍ എന്തുകൊണ്ട്‌ ചരിത്രം മറക്കുന്നു?-

ഈ നബിദിനത്തില്‍ രാവിലെ തന്നെ ഞാന്‍ യാത്രയിലായിരുന്നു. കോഴിക്കോടുനിന്നും വയനാട്ടിലേക്കുള്ള യാത്രയില്‍ താമരശ്ശേരിവരെ ഓരോ കിലോമീറ്ററിനുള്ളില്‍ രണ്ടുജാഥകളെങ്കിലും കടന്നുപോയി. ഒരുപാടു നിറപ്പകിട്ടുള്ള ജാഥയല്ല. കുറച്ച്‌ ആണ്‍കുട്ടികള്‍... പിന്നെ മുതിര്‍ന്ന പുരുഷന്മാര്‍....
റോഡരികത്തും പറമ്പിലും മരങ്ങളുടെ പിന്നിലും അതിനേക്കാളേറെ സ്‌ത്രീകള്‍ ജാഥ കടന്നു പോകുന്നതു കാണാന്‍ കാത്തു നിന്നു.
ആ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കെന്തോ സങ്കടം വന്നു. അതി ഭയങ്കര ദുഖം!

പലയിടത്തും നബിദിന പരിപാടികളും നടക്കുന്നുണ്ടായിരുന്നു. സ്റ്റേജില്‍ നിന്ന്‌ ഒരുപാടുമാറി സ്റ്റേജിലേക്ക്‌ നോട്ടം കിട്ടാത്തവണ്ണം മറച്ച ഇടങ്ങളിലായിരുന്നു മദ്രസാവിദ്യാര്‍ത്ഥിനികളും സ്‌ത്രീകളും ഇരുന്നത്‌.

ആണ്‍കുട്ടികള്‍ പാട്ടുപാടും, കഥാപ്രസംഗവും പ്രസംഗവും അവതരിപ്പിക്കന്നു. ജാഥയില്‍ പങ്കെടുക്കുന്നു. കോല്‍ക്കളിയിലും ഒപ്പനയിലും പങ്കെടുക്കുന്നു.

എന്നാല്‍ ഓത്തുപള്ളിയിലെ ഒരേ ക്ലാസ്സിലിരുന്ന്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇതെല്ലാം നിഷിദ്ധം! വേണമെങ്കില്‍ ദൂരത്തിരുന്ന്‌ ശബ്‌ദം കേള്‍ക്കാം. മുഖം കാണാന്‍ പാടില്ല. മകന്റെ, സഹോദരന്റെ, സഹപാഠിയുടെ ശബ്‌ദം മാത്രം കേള്‍ക്കാന്‍ വേനല്‍മഴയിലും അവര്‍ ഇരുന്നു. എന്തിനാണിത്‌?

ഒരുമിച്ച്‌ ഓരേക്ലാസ്സില്‍ പഠിക്കാമെങ്കില്‍ 13 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നതു കേട്ടാല്‍ ചെവി പൊട്ടിപ്പോകുമോ?
ആകാശം ഇടിഞ്ഞു വീഴുമോ?
പാട്ടുപാടാനെങ്കിലുമുള്ള അവളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുകൊണ്ട്‌ ഈ ആണ്‍സമൂഹത്തിന്‌ എന്തു കിട്ടാനാണ്‌?

(പാട്ട്‌ എന്ന ‌മാത്രമല്ല അവളുടെ എല്ലാ ആവിഷ്‌ക്കാരത്തെയും)

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാനും ഓത്തുപള്ളിക്കൂടത്തിലിരുന്നിട്ടുണ്ട്‌. അന്ന്‌ ജാഥയില്‍ പങ്കെടുക്കുകയും പ്രസംഗിച്ചതും ഓര്‍ക്കുന്നു. പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ്‌ പെണ്‍കുട്ടികള്‍ക്ക്‌ കിട്ടിയ സ്വാതന്ത്യം പോലും ഇന്നില്ലെന്നാണോ?
അന്നൊന്നും ആകാശമിടിഞ്ഞു വീണിട്ടില്ലെങ്കില്‍ പിന്നീട്‌ ഇപ്പോള്‍ എന്തു പറ്റി?

ഞങ്ങളൊന്നും അന്ന്‌ ഒരു പാടുമാറി ഇരുളിന്റെ മറപറ്റിയല്ല ഇരുന്നത്‌. ഒരു മറയുടേയും ആവശ്യമില്ലാതെ ഒരേ വേദിയില്‍...
മുളയിലെ കഴിവുകള്‍ നുള്ളിക്കളയുന്ന പ്രവണത ശരിയാണോ?
ഈ പെണ്‍കുട്ടികള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ആരുണ്ട്‌?

ജാഥയില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഇവര്‍ എന്തിനാണ്‌ വഴിയോരത്ത്‌ നില്‌ക്കുന്നത്‌? അതും കാഴ്‌ചവസ്‌തുവായി നില്‌ക്കലല്ലേ?....

ഇവര്‍ക്ക്‌ വീട്ടില്‍ വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും പിന്നീട്‌ ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കില്ലെന്നാരു കണ്ടു?

സ്വന്തം വീട്ടില്‍, കൂട്ടുകാര്‍ക്കിടയിലൂടെയല്ലേ അവള്‍ വളരേണ്ടത്‌?
കഴിവുകള്‍ നുള്ളിക്കളയുമ്പോള്‍ മാനസീകാരോഗ്യത്തെത്തന്നെയല്ലേ ബാധിക്കുന്നത്‌?


ഓത്തുപള്ളിക്കൂടത്തില്‍ നിന്ന്‌ കിട്ടിയ കൈപ്പേറിയ ഒരോര്‍മയുണ്ട്‌ എനിക്ക്‌.
അക്കാലത്ത്‌ എന്റെ ഏതു നോട്ടുബുക്കിന്റെയും പിന്നിലെ കുറേ താളുകള്‍ ചിത്രംകൊണ്ടു നിറഞ്ഞിരുന്നു.
അങ്ങനെയൊരു ബുക്കിന്റെ പിന്നില്‍ ഞാനൊരു പെണ്‍കുട്ടിയുടെ ചിത്രംവരച്ച്‌ നിറം കൊടുത്തിരുന്നു. ഓത്തുപള്ളിയിലെ കൂട്ടുകാര്‍ കൗതുകത്തോടെ ആ ചിത്രം നോക്കിയിരിക്കുകയും അതുപോലൊന്ന്‌ വരച്ചു കൊടുക്കാമോ എന്ന്‌ ചോദിക്കുകയും ചെയ്‌തു.

ആരോ കൗതുകത്തോടെ അത്‌ ഉസ്‌താദിനെ കാണിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കുകയും ചെയ്‌തു.
-മനുഷ്യന്റെ പടം വരക്കുകയോ മരിച്ചു ചെല്ലുമ്പോള്‍ പടച്ചോന്‍ ജീവന്‍ വെപ്പിക്കാന്‍ പറഞ്ഞാല്‍ വെപ്പിക്കുമോ..-അദ്ദേഹം ആ ചിത്രം കുനുകുനെ കീറി ജനാലക്കു പുറത്തേക്കെറിഞ്ഞു. ഇനി മേലില്‍ പടം വരയ്‌ക്കരുതെന്ന്‌ താക്കീതും നല്‌കി.
ഹൃദയംപൊട്ടി മരിച്ചുപോകുമെന്നു തോന്നി അന്നേരം.


എന്നാല്‍ അടുത്ത ദിവസമാണ്‌ ഒരാണ്‍കുട്ടി വരച്ച പട്ടിയേയും പൂച്ചയേയും കണ്ട്‌ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്‌.
-പട്ടിക്കും പൂച്ചയ്‌ക്കും ജീവനില്ലേ..?
മരിച്ചു ചെല്ലുമ്പോള്‍ അതിനു ജീവന്‍ വെപ്പിക്കാന്‍ ഷാനവാസിനോട്‌ പറയില്ലേ പടച്ചോന്‍...?
ഇലയ്‌ക്കും പൂവിനും മരത്തിനും ജീവനില്ലേ...?-
നൂറു നൂറു ചോദ്യങ്ങള്‍ എനിക്കപ്പോള്‍ തോന്നി.
പൂര്‍ണ്ണമായി ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍.

നബിദിനം എന്ന്‌ ആഘോഷിക്കണം?

ക്രിസ്‌തുമസ്‌ ഡിസംബര്‍ 25 നാണ്‌.
നബിദിനം ചന്ദ്രമാസ കലണ്ടര്‍ പ്രകാരം റബിഉല്‍-അവ്വല്‍ 12നും.
ക്രിസ്‌തുമസ്‌ 25 നല്ലാതെ 27ന്‌ ആഘോഷിക്കാറില്ല. ഏതു ജന്മദിനങ്ങളും. ഒന്നുകില്‍ ജന്മനക്ഷത്രം വെച്ച്‌. അല്ലെങ്കില്‍ ജനനത്തീയതി വെച്ച്‌.
കണക്കു പ്രകാരം നബിദിനം ഇക്കൊല്ലം വ്യാഴാഴ്‌ചയായിരുന്നു. പക്ഷേ പലയിടത്തും സൗകര്യപ്രകാരം ആഘോഷിച്ചത്‌ വെള്ളി, ശനി, ഞായര്‍ ദിവസങ്ങിലായിരുന്നു. ഇനിയും പല സ്ഥലങ്ങളിലും നബിദിനം കഴിഞ്ഞിട്ടില്ല!
ഇങ്ങനെ സൗകര്യപ്രകാരം മാറ്റിവെച്ച്‌ ആഘോഷിക്കാനുള്ളതാണോ നബിദിനം?

Sunday, February 24, 2008

വിലാപങ്ങള്‍ക്ക്‌ അഞ്ചാണ്ട്‌



മുത്തങ്ങ സംഭവം നടന്ന സമയത്ത്‌ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ആദിവാസികളെക്കുറിച്ച്‌ സഹതപിച്ച്‌ സംസാരിച്ചപ്പോള്‍ വയനാട്ടുകാരനായ സുഹൃത്ത്‌ പറഞ്ഞത്‌
നിങ്ങള്‍ക്ക്‌ എന്തും പറയാം. ഒരു സഹതാപവും അര്‍ഹിക്കുന്നവരല്ല ആദിവാസികള്‍ എന്നാണ്‌.
അവനത്‌ പറയാന്‍ ന്യായമുണ്ട്‌.
അവന്റെ വേലിയില്‍ പടര്‍ന്നു കയറിയ മത്തങ്ങയും കുമ്പളങ്ങയും മോഷ്‌ടിക്കുന്നു. ഇലകള്‍ നുള്ളികൊണ്ടുപോകുന്നു. കപ്പയും കാച്ചിലും മോഷ്‌ടിക്കുന്നു.
ഇവരോട്‌ എങ്ങനെ പൊറുക്കും? അന്യന്റെ മുതലു കക്കുന്നവരോട്‌ പൊറുക്കാനാവുമോ? സഹതപിക്കാക്കാനാവുമോ?
ഇവരെ പണിക്കു വിളിച്ചാല്‍ മെയ്യനങ്ങി പണിയില്ലത്രേ. കള്ളന്മാര്‍...
കിട്ടുന്നതു മുഴുവന്‍ കള്ളുകുടിച്ചു തീര്‍ക്കും.
ഓരോ പ്രതാപിയായ വയനാട്ടുകാരനും പറയാനുള്ളത്‌ ഇതൊക്കെയാണ്‌.
എന്നാല്‍ ഇവരുടെ വീടുകളില്‍ കയറി പൊന്നും പണവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും കട്ടുകൊണ്ടു പോകുന്നുണ്ടോ?
പൊന്നും പണവും മണിമാളികയും അവരുടെ സ്വപ്‌നമല്ല.
വയറുനിറച്ച്‌ ആഹാരം, നാണം മറക്കാന്‍ ഒരുതുണ്ടു തുണി. തലചായ്‌ക്കാന്‍ ചോര്‍ന്നൊലിക്കാത്ത കുടില്‍....

നാട്ടുകാരന്‍ എന്ന പേരിലറിയപ്പെടുന്ന ആദിവാസിയല്ലാത്തവന്റെ പറമ്പില്‍ പറമ്പില്‍ സ്ഥിരം ജോലിക്കെത്തുന്നവരില്‍ ബാബുവും മുരളിയും ജോണും സുജാതയും മൈമൂനയും ഒക്കെയുണ്ടാവും. അവരാരും തിയ്യനും നായരും ക്രിസ്‌ത്യാനിയും മുസ്ലീമും ആയിരിക്കില്ല. ആണെങ്കിലും വകഭേദങ്ങളൊന്നും ഉറക്കെ പറയില്ല. പക്ഷേ ആദിവാസിയാവുമ്പോള്‍ അവന്‌/അവള്‍ക്ക്‌ അച്ഛനും അമ്മയും പേരിട്ടിട്ടുണ്ടെങ്കിലും അതറിയാമെങ്കിലും പണിയനും പണിച്ചിയുമാണ്‌. നായ്‌ക്കനും നായ്‌ക്കത്തിയുമാണ്‌.
അവര്‍ എല്ലുമുറിയേ പണിയെടുക്കാത്തവരാണ്‌. സൂത്രക്കാരാണ്‌. കള്ളന്മാരാണ്‌.
ആരാണിവരെ ഇങ്ങനെയാക്കിയത്‌?
പൊതുസമൂഹത്തിനുത്തരമില്ലേ?...
അവരുടെ സ്വത്തും ഭൂമിയും കൈക്കലാക്കിയത്‌ ചുമ്മാതെയല്ല. നക്കാപ്പിച്ച കൊടുത്തിട്ടാണെന്ന്‌ നാട്ടുകാരന്‌ ന്യായീകരിക്കാം.


ആദിവാസികളുടെ പ്രശ്‌നങ്ങളറിയാന്‍, അവരനുഭവിക്കുന്ന അവഗണന കാണാന്‍ നമ്മള്‍ ആദിവാസിക്കുടിലുകള്‍ തേടിപ്പോകേണ്ട. സന്നദ്ധ സംഘടനകളില്‍ അംഗമാവുകയും വേണ്ട. കുറച്ചു സമയം പൊതു നിരത്തില്‍ നിന്നാല്‍ മാത്രം മതി.
വയനാട്ടിലെ ആദിവാസികളില്‍ കുറുമരും കുറിച്ച്യരുമാണ്‌ കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ളത്‌.
വൈകുന്നേരങ്ങളില്‍ ബത്തേരി സ്വകാര്യ ബസ്സ്‌സ്‌റ്‌റാന്‍ഡില്‍ അല്‌പസമ യം നിന്നു നോക്കുക. എണ്ണകാണാത്ത ചുരുളന്‍ മുടി പാറിപ്പറന്ന്‌, മുട്ടുവരെ എത്തുന്ന മുണ്ടു വരിഞ്ഞുമുറുക്കി, വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്‌ അവര്‍ നില്‌ക്കും. സന്തോഷമോ ദുഖമോ അവരുടെ മുഖത്തുനിന്ന്‌ നമുക്കു വായിച്ചെടുക്കാനാവില്ല. ഒരു തരം നിര്‍വ്വികാരത മാത്രം.
ബസ്സുയാത്രയില്‍ കുട്ടികളെയും കൊണ്ടു കയറുന്ന ആദിവാസി സ്‌ത്രീക്കുപോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഒരാളും തയ്യാറാവില്ല. ഇരിക്കുന്ന യാത്രക്കാര്‍ ഇറങ്ങിയാല്‍ സീറ്റിനു ചേര്‍ന്നു നില്‌ക്കുന്നവരാണ്‌ ഇരിക്കുക. അവിടെയും നാട്ടുകാര്‍ അതി സാമാര്‍ത്ഥ്യം കാണിക്കും. ആദിവാസിയാണ്‌ സീറ്റിനോട്‌ ചേര്‍ന്നു നില്‌ക്കുന്നതെങ്കില്‍ അവരെ തള്ളിമാറ്റി സ്ഥാനമുറപ്പിക്കും. പലവട്ടം ഈയുള്ളവള്‍ ബസ്സുയാത്രയില്‍ കണ്ട കാഴ്‌ചയാണിത്‌.
കമ്പിയില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ഒരു ആദിവാസിയെ ശ്രദ്ധിച്ചുനോക്കു. ബസ്സിന്റെ വേഗത്തില്‍ അവര്‍ ആടി ഉലയും. അവരുടെ ധരിച്ചിരിക്കുന്ന ബ്ലൗസിന്റെയും ഉടുമുണ്ടിന്റെയും ഇടയിലുള്ള ഒരു ചാണ്‍ വയര്‍ കാണുമ്പോള്‍ ആലില വയറിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്‌. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ്‌ ഉള്ളിലേക്ക്‌ വിലഞ്ഞിരിക്കുന്നതാണ്‌ കാണാനാവുക. ആ വയറ്റില്‍ ഒരു തരിവറ്റുചെന്നിട്ട്‌ ദിവസങ്ങളായെന്ന്‌ തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ബസ്സിന്റെ വേഗതയില്‍ അവര്‍ ആടി ഉലഞ്ഞുകൊണ്ടിരിക്കും.

ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്‌പ്രിംഗ്‌ പോലുള്ള പടര്‍പ്പന്‍ മുടിയും അല്‌പം പതിഞ്ഞ മൂക്കും...അവരെ എവിടെ നിന്നും തിരിച്ചറിയാം.
കള്ളത്തിയും സൂത്രക്കാരിയും ആണെങ്കിലും അഴുക്കു പുരണ്ട അവരുടെ മേല്‍ വസ്‌ത്രത്തിനടിയിലെ കറുത്ത തൊലി പ്രിയപ്പെട്ടതാണ്‌.
നാട്ടുകാരന്റെ കള്ളത്തരത്തില്‍ അവിവാഹിതരായ അമ്മമാരാവുന്നു അവര്‍. അവരാരും ഗര്‍ഭ സത്യാഗ്രഹത്തിന്‌ ധൈര്യപ്പെടുകയുമില്ല.
പിന്നീടവരും മക്കളും നാട്ടുകാരന്റെ സൈ്വര്യം കെടുത്തുന്ന കള്ളനും കള്ളികളുമാവുന്നു.


മുത്തങ്ങയിലെ വെടിയൊച്ചകളും അടികൊണ്ടു വീര്‍ത്ത ജാനുവിന്റെ കവിളുകളും നമ്മള്‍ മറന്നു കഴിഞ്ഞു. കഴിഞ്ഞ ആഞ്ചു വര്‍ഷം ആദിവാസികള്‍ക്ക്‌ എന്തുകിട്ടി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പൊതു സമൂഹത്തില്‍ നിന്ന്‌ അവര്‍ ഒന്നുകൂടി പിന്നാക്കം പോയി എന്നല്ലാതെ മറ്റൊരുത്തരമുണ്ടാവില്ല.

ഒരു പായ്‌ക്കറ്റ്‌ കള്ള ചാരായത്തിനു മുന്നില്‍ ഇടതു-വലതു കക്ഷികളുടെ വോട്ട്‌ ബാങ്കാവും അവര്‍. വോട്ട്‌ ലഭിച്ചാല്‍ പിന്നെ മധ്യവര്‍ഗ്ഗത്തിന്റെ താത്‌പര്യങ്ങള്‍ക്കും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കും നിന്നു കൊടുക്കുമ്പോഴും ആദിവാസി അന്യനാവുന്നു. പട്ടിണിയും പഞ്ഞവും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയും അവര്‍.

ആരാണ്‌ ആദിവാസി?

ഈ നാട്ടില്‍ മുമ്പേ ഉണ്ടായിരുന്നവര്‍....
മറ്റുള്ളവരൊക്കെ വരുത്തന്മാര്‍...വരുത്തന്മാര്‍ അവരുടെ സ്വത്തും ഭൂമിയും സംസ്‌ക്കാരവും കവര്‍ന്നു.
അവരുടെ പെണ്ണുങ്ങള്‍ തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു.
മുമ്പ്‌ നമ്മള്‍ വരുത്തന്മാരും ആദിവാസികളായിരുന്നു. ഇന്ത്യയുടെ ആദിവാസികള്‍. അന്നും വരുത്തന്മാര്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വത്തും സംസ്‌ക്കാരവും ജീവനും അപഹരിച്ചു.
നില്‌ക്കക്കള്ളിയില്ലാതായപ്പോള്‍ പൂര്‍വ്വികര്‍ ശിപായി ലഹളയെന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട സമരത്തില്‍ ചിതറിയോടി. ജീവത്യാഗം ചെയ്‌തു...പിന്നീട്‌ എത്രയെത്ര സമരങ്ങളും സത്യാഗ്രങ്ങളും.
അഹിംസയുടെ വഴിയേ അര്‍ദ്ധ നഗ്നനായ ഗാന്ധി വന്നു. വരുത്തന്മാര്‍ കെട്ടും ഭാണ്‌ഡവുമെടുത്തോടി.
നമ്മള്‍ സ്വാതന്ത്ര്യമെന്ന നീലാകാശം കണ്ടു.

ആദിവാസികള്‍ക്കിടയില്‍ നിന്ന്‌ ഒരു ഗാന്ധി വരില്ല എന്നാശ്വസിക്കാനാവുമോ നമുക്ക്‌?




കടപ്പാട്‌: വാരാദ്യമാധ്യമം 24.02.2008
ഫോട്ടോ: സുനില്‍ കോടതി

Wednesday, January 16, 2008

പര്‍ദ്ദയും സാരിയും പ്രതിക്കൂട്ടില്‍ ...?

പര്‍ദ്ദ സ്വദേശിയോ വിദേശിയോ?
ഇന്നലെ ഒരു പുസ്‌തകപ്രകാശന ചടങ്ങില്‍ വെച്ചാണ്‌ ഇങ്ങനെ ഒരു ചോദ്യം മനസ്സിലേക്കു കടന്നു വന്നത്‌. ഡോ.ഖദീജ മുംതാസ്‌ എഴുതിയ 'ബര്‍സ' എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ സംസാരമാണ്‌ എന്നെ ചിന്തിപ്പിച്ചത്‌.

ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം. നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്‌. മുഖം തുറന്നിടലിലൂടെ മനസ്സുതന്നെ തുറന്നിടാനാണ്‌ നായിക ആഗ്രഹിക്കുന്നത്‌. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ നടത്തുന്ന ഒരു യാത്രയാണ്‌ നോവല്‍ എന്നു പറയാം.
പുരുഷന്റെ കണ്ണുകളിലൂടെയായിരുന്നു ഇന്നു വരെ ഇസ്ലാം വ്യാഖ്യാനിക്കപ്പെട്ടിരുന്നത്‌. സ്‌ത്രീ എന്നും പിന്നാമ്പുറത്ത്‌ നിന്നു. നോവലിന്റെ പശ്ചാത്തലം സൗദി അറേബ്യയാണ്‌. മക്കയിലെ ആശുപത്രിയില്‍ ഏഴു വര്‍ഷം ജോലി ചെയ്യുന്നതിലൂടെ ഡോ.സബിത അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ്‌ നോവലില്‍ കൂടുതലായും കടന്നു വരുന്നത്‌.
ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഒരു സ്‌ത്രീക്കുണ്ടാവുന്ന സന്ദേഹങ്ങള്‍, ഇസ്ലാം ചരിത്രത്തില്‍ ഹാജറാവബീവിയും ആയിഷയും മറ്റും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഒരു സ്‌ത്രീയുടെ കണ്ണുകളിലൂടെ നോക്കികാണുകയാണ്‌ സബിത.
(ഇവിടെ പുസ്‌തകത്തെ കുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌ ഉചിതം )

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ഒരു മുസ്ലീം സ്‌ത്രീയുടെ ധീരമായ കാല്‍വെപ്പാണ്‌ ബര്‍സ എന്നഭിപ്രായപ്പെട്ടു. (പുരുഷന്മാര്‍)

-സൗദിയാണ്‌ ലോകമുസ്ലീങ്ങളുടെ പ്രതീകം എന്ന്‌ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. സൗദി അറേബ്യ ഇസ്ലാം രാഷ്‌ട്രമാണ്‌. അവിടെ സൗദിക്കാര്‍ക്ക്‌ മാത്രമേ വിലയുള്ളു. മറ്റു നാട്ടുകാര്‍ വെറും മിസ്‌ക്കീല്‍...(ദരിദ്രവാസി). അവര്‍ക്ക്‌ നല്‌കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ്‌ സൗദി പൗരന്‌ നല്‌കുന്നത്‌. എന്നാല്‍ അമേരിക്കക്കാര്‍ക്ക്‌ സൗദി പൗരന്‌ നല്‌കുന്നതിലും ശമ്പളം നല്‌കുകയും ചെയ്യും. ഇസ്ലാമിന്റെ പുണ്യഭൂമി എന്നു പറയുന്ന സൗദിയെ അനുകരിച്ച്‌ നമുക്ക്‌ ഇസ്ലാമാവാന്‍ കഴിയുമോ? നമുക്കൊക്കെ പ്രാദേശികമായ ഒരു ഐഡന്‍ന്റിറ്റിയുണ്ട്‌. സൗദിയില്‍ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയുള്ള സമത്വമോ സാഹോദര്യമോ അല്ല ഉള്ളതെന്നും വെറും മുതലാളിത്തം മാത്രമാണെന്നും.
എന്ന്‌ ഹമീദ്‌ ചേന്ദമംഗലൂര്‍ ചൂണ്ടികാട്ടി.

എന്നാല്‍ ഈ പെണ്‍കുട്ടി പറഞ്ഞത്‌ ഡോക്‌ടറുടെ അറിവില്ലായ്‌മയും ചരിത്രത്തിലുള്ള അവഗാഹത്തിന്റെ കുറുവുമാണ്‌ നോവലില്‍ കാണുന്നത്‌ എന്നാണ്‌. അതിന്‌ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി.

പിന്നെയുള്ളത്‌ നോവലിന്റെ പേരാണ്‌. ബര്‍സ.
മുഖം മറക്കാത്തവള്‍. മഖം തുറന്നിട്ടവള്‍.....എന്തിനാണ്‌ മുഖം തുറന്നിടുന്നത്‌ എന്നവള്‍ ചോദിക്കുന്നു.
-നോവലില്‍ ഡോക്‌ടര്‍ മനപ്പൂര്‍വ്വം പര്‍ദ്ദയെ അവദണിക്കുന്നു. സാരി നല്ല വേഷമാണെന്ന്‌ ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ഡോക്‌ടര്‍ ശ്രമിക്കുന്നുണ്ട്‌. അത്‌ എന്തിനുവണ്ടി? ആരാണ്‌ സാരി നല്ല വേഷമാണെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ഇവിടെയുള്ള ചില സാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സാരിയുടെ പ്രചാരകരായി മാറുന്നു. ഒരു സ്‌ത്രീയുടെ നഗ്നത മുഴുവന്‍ വെളിപ്പെടുത്തുന്ന വേഷമാണ്‌ സാരി. കഴുത്തും മുന്‍കൈയ്യും വയറും ഒക്കെ വെളിപ്പെടുത്തുന്നു സാരി. നിങ്ങളൊന്നാലോചിച്ചു നോക്കു... നിങ്ങള്‍ക്ക്‌ തെരുവിലുള്ള സ്ഥാനമെന്താണ്‌. തെരുവില്‍ എങ്ങനെ വിലയിരുത്തപ്പെടും......

(വേദിയില്‍ സാരിയുടുത്ത ഒരാള്‍മാത്രം. നോവലിസ്റ്റ്‌. ചുരിദാറിട്ടവര്‍ (മുഖവും തലയും മറക്കാതെ ) രണ്ടുപേര്‍ ദീദീയും ഈയുള്ളവളും. ബാക്കി പെണ്‍കുട്ടികളെല്ലാം പര്‍ദ്ദയില്‍.)

പെണ്‍കുട്ടി തുടര്‍ന്നു.
എന്തിനാണിങ്ങനെ കളര്‍ഫുള്‍ ആകുന്നത്‌? എന്തിനാണ്‌ കോസ്‌മെറ്റിക്‌സ്‌ സ്‌ത്രീകള്‍ ഉപയോഗിക്കുന്നത്‌?
ഹമീദ്‌ ചേന്ദമംഗലൂരിന്റെ വാക്കുകള്‍ എടുത്തു പിന്നീടവള്‍.
-ആരു പറഞ്ഞു സൗദി മുസ്ലീമാണ്‌ നല്ല മുസ്ലീമെന്ന്‌. നമ്മള്‍ സൗദിയെ അനുകരിക്കേണ്ടതില്ല. അവിടെ മുതലാളിത്തം മാത്രമാണല്ലോ നമ്‌മള്‍ പ്രാദേശീകതയെ അംഗീകരിക്കണം.-

ഈ പെണ്‍കുട്ടി എന്തെല്ലാമാണ്‌ പറയുന്നത്‌.

അപ്പോള്‍ അവളിട്ടിരിക്കുന്ന പര്‍ദ്ദ വിദേശിയോ? സ്വദേശിയോ?

സ്‌ത്രീ ഒരിക്കലും മുഖം തുറന്നിടാന്‍ പാടില്ലെന്നാണ്‌ അവളുടെ പക്ഷം. അക്കാര്യം ഒരാവശ്യവുമില്ലാതെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നു. എന്തിനാണിത്‌?

ആ പെണ്‍കുട്ടിയോട്‌ എനിക്ക്‌ ചിലത്‌ പറയണമെന്നുണ്ടായിരുന്നു.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടു ശീലിച്ച, എനിക്ക്‌ സൗകര്യം എന്നു തോന്നുന്ന വസ്‌ത്രം ഞാനുപയോഗിക്കുന്നു. എന്റെ അമ്മ ശീലിച്ചത്‌ അവര്‍ ധരിക്കുന്നു. ഡോക്‌ടര്‍ ശീലിച്ചത്‌ അവരും.
നമ്മുടെ പഴയകാല സിനിമകളില്‍ ഷീലയും ജയഭാരതിയും ശാരദയുമെല്ലാം മുക്കാല്‍മുണ്ടും റൗക്കയോ, ബ്ലൗസോ ധരിച്ചിരിക്കുന്നു.അതായിരുന്നു അക്കാലത്തെ ഹിന്ദുക്കളുടെ വേഷം. അന്നത്‌ അശ്ലീലമല്ല. ഇന്ന്‌ ആ വേഷം സിനിമയ്‌ക്ക്‌ കൊഴുപ്പുകൂട്ടാനുള്ളതായി മാറിയിരിക്കുന്നു.
മുസ്ലീങ്ങള്‍ കാച്ചിയും തട്ടവും കുപ്പായവും ധരിച്ചു അക്കാലത്ത്‌. ക്രിസ്‌ത്യാനികള്‍ ചട്ടയും മുണ്ടും.
പിന്നീടത്‌ സാരിയിലേക്കും ചുരിദാറിലേക്കും കടന്നു വന്നു. ചുരിദാറിന്‌ പ്രചാരം കൂടിയപ്പോള്‍ സാരി സ്‌ത്രീയുടെ നഗ്നത പ്രകടിപ്പിക്കുന്ന വസ്‌ത്രമാണെന്ന്‌ ധാരണ പരത്തി. (വെളിപ്പെടുത്തണമെങ്കില്‍ അങ്ങേയറ്റം വെളിപ്പെടുത്താവുന്നതും അങ്ങേയറ്റം ശരീരം മറക്കപ്പെടാവുന്നതുമായ വേഷമാണ്‌ സാരി)
പര്‍ദ്ദയും അങ്ങനെ വന്നതാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം. ഫാഷനായും വിശ്വാസത്തിന്റെ പേരിലും പര്‍ദ്ദയെ സ്വീകരിക്കുകയായിരുന്നു. (പര്‍ദ്ദയിടുന്നവരൊക്കെ മോശമാണെന്നോ, വിവരമില്ലാത്തവരാണെന്നോ അല്ല ഉദ്ദേശ്യം മറിച്ച്‌ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ എന്നു മാത്രം.) ഇടാത്തവരെ കുറ്റം പറയാന്‍ എന്തര്‍ഹത ? വിശ്വാസികളെല്ലാം പര്‍ദ്ദ ധരിക്കണമെന്ന്‌ എന്താണ്‌ നിര്‍ബന്ധം? മുമ്പ്‌ കാച്ചിയും തട്ടവും കുപ്പിവളയും അലിക്കത്തും ഇട്ടവരൊക്കെ നരകത്തില്‍ പോയെന്നാണോ? പര്‍ദ്ദ ഇഷ്‌ടമുള്ളവര്‍ ധരിക്കട്ടെ എന്തിനാണ്‌ തെരുവിലേക്ക്‌ വലിച്ചിഴക്കുന്നത്‌...തെരുവിലെ വില നിശ്ചയിക്കണ്ടത്‌ അവനവന്‍ തന്നെയാണ്‌. അവനവന്റെ ആത്മവിശ്വാസമാണ്‌. ആത്മവിശ്വാസത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ആ വേദിയില്‍ നിന്നുള്ള മറ്റൊരു രംഗം പറയാതെ വയ്യ.
പര്‍ദ്ദ ധരിച്ച മറ്റൊരു പെണ്‍കുട്ടിയുടെ അടുത്ത്‌ രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടന്നു. ചടങ്ങില്‍ വൈകിയെത്തിയ ദമ്പതികളില്‍ പുരുഷന്‍ ആ പെണ്‍കുട്ടിയോട്‌ ചേര്‍ന്ന കസേരയിലിരുന്നതും പെണ്‍കുട്ടി പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്‌ത്രീകള്‍ മാത്രമിരുന്ന ഭാഗത്ത്‌ ഒഴിഞ്ഞു കിടന്ന കസേരക്കരുകിലേക്ക്‌ പാഞ്ഞു.
മൂടി പൊതിഞ്ഞിരുന്നിട്ടും എന്തിനാണ്‌ കൂട്ടീ., നിനക്കീ പരിഭ്രമം? നിന്റെ ശരീരത്തെക്കുറിച്ച്‌ നിനക്കല്ലാതെ മറ്റാര്‍ക്കാണ്‌ ബോധമുണ്ടാവേണ്ടത്‌?

നിന്റെ ഭാഷയില്‍ എന്റെ വേഷത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും എനിക്ക്‌ നിന്റെ പരിഭ്രമമില്ലെന്നും മനസ്സിലാക്കുക. എന്റെ ഭര്‍ത്താവ്‌ ഒരു സ്‌ത്രീയുടെ അടുത്തു പോയിരുന്നാലും ഞാന്‍ പരിഭ്രമിക്കില്ല. കാരണം സ്‌ത്രീയോ പുരുഷനോ എന്നല്ല സഹജീവിയായി മാത്രം കാണാനേ കഴിയൂ. പ്രത്യേകിച്ച്‌ പൊതുവേദിയില്‍ വളരെ പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ്‌ തരളിതമായ വികാരങ്ങളുണ്ടാവുന്നത്‌?
അതുകൊണ്ട്‌ നീ ഭയക്കാതിരിക്കുക. നിന്‍റെ ഇരിപ്പിടത്തില്‍ നീ ഉറച്ചിരിക്കുക.
അതുമല്ലെങ്കില്‍ പൊതുവേദികള്‍ ഒഴിവാക്കുക. അതിനും സാധ്യമല്ലെങ്കില്‍ ടാറ്റയോടോ, ബര്‍ളയോടോ നമുക്കു ശുപാര്‍ശ ചെയ്യാം. ഇരുമ്പുകവചങ്ങള്‍ നിര്‍മിച്ചുനല്‌കാന്‍....