Friday, December 8, 2017

ജീവിതം: വാതിലിന് അപ്പുറവും ഇപ്പുറവും


പണ്ട്, ഞങ്ങളുടെ വീടിന് ദുര്‍ബലമായ വാതിലുകളാണുണ്ടായിരുന്നത്. പട്ടിയോ പൂച്ചയോ കോഴിയോ ഒക്കെ അകത്തേക്ക് പെട്ടെന്ന് കയറി വരാന്‍ പറ്റാത്തവിധം മാത്രം... അടച്ചുറപ്പ് എന്നൊരു സങ്കല്പമേ വീട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാതില്‍ തന്നെ ഇല്ലാതിരുന്നിട്ടുണ്ട്. അന്നേരത്തൊക്കെ വീട്ടിനുള്ളിലേക്ക് പതുങ്ങി പതുങ്ങി കടന്നു വന്നത് നിലാവുമാത്രമായിരുന്നു!
ഇന്ന് ലോക്കറുകളിലേക്ക്, ബാങ്കുകളിലേക്ക് രഹസ്യപ്പൂട്ടുകളിലേക്ക് നാം മാറുന്നു. എവിടെയും അതീവ സുരക്ഷിതത്വം ആഗ്രഹിക്കുന്നു. അരക്ഷിതബോധത്തില്‍ നിന്നാണ് സുരക്ഷാബോധമുണ്ടാവുന്നത്.

മനുഷ്യരെന്നും സുരക്ഷിതരാവാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹിച്ചിട്ടുണ്ട് - പ്രകൃതി അങ്ങനെയൊന്നും കനിഞ്ഞനുഗ്രഹിച്ചിട്ടില്ലെങ്കിലും...
ആദിമ മനുഷ്യന്റെ കൂടെപ്പിറപ്പായിരുന്നു ഭയം. പ്രകൃതി കോപങ്ങളെ, ഇഴജീവികളെ, വന്യമൃഗങ്ങളെ, ഇരുട്ടിനെ, കാടിനെ എല്ലാം മനുഷ്യന്‍ ഭയന്നു. അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കീഴടക്കാന്‍ സാധിക്കാത്തതിനെ ആരാധിക്കാനും വണങ്ങാനും തനിക്കുമേല്‍ പ്രതിഷ്ഠിക്കുവാനും ശ്രമിച്ചു. എല്ലാം കരുതലുകളില്‍ നിന്നാണ് . സുരക്ഷയെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നാണ്.
ഇപ്പോള്‍ സമൂഹമൊന്നാകെ സുരക്ഷയെപ്പറ്റിയോര്‍ത്ത് വേവലാതിപ്പെടുന്നു. എങ്ങനെ പുറത്തേക്കിറങ്ങുമെന്നും എങ്ങനെ ഒരിടം വരെ പോകുമെന്നും തുടങ്ങി സുരക്ഷയെപ്പറ്റിയുള്ള ചിന്തകളാണ് ഏറെപ്പേര്‍ക്കും?
എന്തിനാണിത്ര ഭയം?
ഇത്രയേറെ ഭയപ്പെടേണ്ടതുണ്ടോ? സുരക്ഷാ ബോധം കൂടുന്നത് സാമൂഹ്യ പരിണാമത്തിന് വിഘാതമാവുന്നില്ലേ?
സുരക്ഷിതമായ ജോലി, ദാമ്പത്യം, സ്വത്ത്, ജീവിതം... എല്ലായിടവും സുരക്ഷിതമായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ജോലി സ്ഥിര ജോലി എന്നതൊക്കെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ആഗ്രഹിക്കുന്നതാണ്.
ഈ സുരക്ഷയില്‍ നിന്ന് നേടിയെടുക്കാവുന്ന ചില തേയുള്ളു. പക്ഷേ, ഏറെ ആഗ്രഹങ്ങള്‍ നഷ്ടമാവുന്നു. സ്വാതന്ത്ര്യം പണയം വെയ്ക്കുന്നു.
വളരെ ചെറുപ്പക്കാരനായ റെയില്‍വേ ക്ലര്‍ക്കില്‍ നിന്ന് ടിക്കറ്റു വാങ്ങുമ്പോള്‍ ചുറ്റുമുള്ളവര്‍ സംസാരിച്ചത് അയാളെക്കുറിച്ചാണ്.
ചെറുപ്പത്തിലെ സ്ഥിര ജോലി ലഭിച്ചതില്‍ ആശ്ചര്യപ്പെട്ടു ചിലര്‍. പരീക്ഷ പാസാവാനെടുത്ത ബുദ്ധിയെ ശ്ലാഘിച്ചു. പ്രായം കുറവുള്ള ഇവന് നാല്പതു വര്‍ഷത്തോളം സര്‍വ്വീസ് ലഭിക്കുന്നു. ഭാഗ്യം!
എന്നാല്‍ അതു കേട്ടു നിന്ന കല്പറ്റ നാരായണന്‍ മാഷ് പറഞ്ഞത് എല്ലാവരും അകപ്പെടാന്‍ ആഗ്രഹിക്കുന്ന വിരസതയുടെ -സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ജയിലില്‍ അയാള്‍ എത്ര കാലം തള്ളിനീക്കണം എന്നാണ്.
നാളെയുടെ തൊഴിലിനെപ്പറ്റി ഉറപ്പൊന്നുമില്ലാത്ത ഒരു കൂലിപ്പണിക്കാരന്റെ സ്വാതന്ത്ര്യം മഹത്തരമാണ് - ഉറപ്പുകളൊന്നുമില്ലെങ്കിലും.
എത്ര ഉയരത്തില്‍ മതില്‍ കെട്ടി അതിനകത്തിരുന്ന് അങ്ങേയറ്റം സുരക്ഷിതമാണെന്നു പറഞ്ഞാലും അതൊന്നും സുരക്ഷിതമല്ലെന്നതാണ് സത്യവും പാഠവും. വിശന്നു വലഞ ദരിദ്രര്‍ സമ്പന്നന്റെ മതിലുകള്‍ തകര്‍ത്ത് പ്രക്ഷോഭമുണ്ടാക്കിയതിന് ചരിത്രം സാക്ഷി! അത് റഷ്യയിലും ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെയെന്നത് യാഥാര്‍ത്ഥ്യം മാത്രം. ഒരു മതിലും സുരക്ഷ ഉറപ്പു തരുന്നില്ല.
സുരക്ഷ എന്നത് നാഗരിക ജീവിതത്തിന്റെ വാക്കാണ്. രാജ ഭരണമോ, നാടുവാഴിത്തമോ, ജനാധിപത്യമോ എന്തുമാകട്ടെ, ഏതു കാലത്തും സമൂഹം പ്രതീക്ഷിക്കുന്നത് ഭരിക്കുന്നവര്‍ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നാണ്. പക്ഷേ, എല്ലാ സുരക്ഷയും ഭരണാധികാരികളുടെ ഉത്തരവാദിത്വമല്ല. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുന്ന സുരക്ഷയേ ഉറപ്പു വരുത്താനാവൂ - ഏത് വികസിത ദേശത്തും.
ഒരു പറ്റം മാധ്യമ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് സംവദിക്കുന്ന സമയത്ത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയായ ഇടങ്ങളേക്കുറിച്ച് , ഇന്നത്തെക്കാലത്തെ സുരക്ഷിതമില്ലായ്മയെക്കുറിച്ച് ( പറഞ്ഞു പെരുപ്പിക്കുന്ന) ചോദിച്ചു കൊണ്ടേയിരുന്നു... മാധ്യമ പ്രവര്‍ത്തകരാകാന്‍ ശീലിക്കുന്നവര്‍ സുരക്ഷയെപ്പറ്റി ഒരു വാക്കും ഉച്ചരിക്കരുതെന്നാണ് എന്റെ പക്ഷം. സുരക്ഷയെ ഓര്‍ത്ത് മാറി നിന്നാല്‍ സത്യം മൂടിവെയ്ക്കപ്പെടും. മൂന്നു തൂണുകള്‍ക്കും തുരുമ്പെടുക്കുമ്പോള്‍ താങ്ങേണ്ട നാലാം തൂണായിരിക്കും ആദ്യം വീഴുക - നീതി എന്നൊന്നില്ലാതെ വരും. മനസ്സിനു ബലം കുറയുമ്പോഴാണ് നാം സുരക്ഷിതത്തെക്കുറിച്ച് ചിന്തിക്കുന്നത്.
സുരക്ഷിതത്വം എന്നത് ഓരോരുത്തരും ഉണ്ടാക്കുന്ന മതില്‍ക്കെട്ടാണ് ... ഒരുതരത്തില്‍ പറഞ്ഞാല്‍ മായ..
സുരക്ഷിതബോധം കൂടാതെ പുതിയ വഴി തേടിയവരാണ് ഈ ലോകത്ത് മാറ്റമുണ്ടാക്കിയവര്‍.
രോഗങ്ങള്‍, അപകടങ്ങള്‍, കവര്‍ച്ച, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി എന്തും എവിടെ വെച്ചും സംഭവിക്കാം. അനാവശ്യ സുരക്ഷിത ബോധമുള്ളവരായതുകൊണ്ടാണ് ഇന്‍ഷുറന്‍സ് ബിസിനസ് ഇവിടെ തഴച്ചു വളരുന്നത്.
ആരോഗ്യനികേതനം എന്ന നോവലില്‍ രംഗലാല്‍ ഡോക്ടര്‍ പലപ്പോഴും പറഞ്ഞത് ജീവന്‍ മശായ് ഓര്‍ക്കുന്നുണ്ട്.
I can cure diseases but I can't prevent death
ഒരു രാജ്യം എത്ര സുരക്ഷിതത്വം ഉറപ്പു തന്നാലും ഭരണാധികാരി ഉറപ്പു തന്നാലും പ്രിയപ്പെട്ടവര്‍ ഉറപ്പു തന്നാലും അതിനെല്ലാം അപ്പുറത്താണ് സുരക്ഷ എന്ന അവസ്ഥ.
കിം ജോങ്ങ് യുന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ആണവായുധങ്ങള്‍ , ഡൊണാള്‍ഡ് ട്രംപന്റെ മറുമൊഴി മറ്റൊന്നാണ്. .. ഐസിസ് വേറൊന്നാണ്, ആരും എപ്പോഴും നാം കെട്ടിപ്പടുത്തുവെന്നു കരുതുന്ന ഏതു സുരക്ഷയേയും തകര്‍ക്കാം.
ഈ ഭൂമി ജീവിക്കാന്‍ ഒരു സുരക്ഷിതത്വവും ഉള്ള ഇടമല്ല എന്ന് ഒന്നാം ലോക മഹായുദ്ധശേഷം, സുരക്ഷിതരെന്ന് കരുതിയ യൂറോപ്പിനെക്കുറിച്ച് ടി.എസ് എലിയറ്റ് വെയ്സ്റ്റ് ലാന്‍ഡില്‍ പാടിയ പോലെ...
മുമ്പ് നാം യക്ഷികളെ, പിശാചിനെ പേടിച്ചു ഇരുട്ടില്‍. അന്ന് എങ്ങും ഇരുട്ടായിരുന്നു. വൈദ്യുതി വന്നതോടെ അവയെല്ലാം മറ്റെങ്ങോ പോയി. പുതു തലമുറ ഇങ്ങനെ ചിലതുണ്ടായിരുന്നു നാട്ടിലെന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടും. അതു പോലെയാണ് നാം മനസ്സില്‍ കൊണ്ടു നടക്കുന്ന അപകട ഭീഷണികള്‍.
പണ്ട്, കാടുവെട്ടി കൃഷിയിറക്കി വീടുവെച്ചവരാണ് കാരണവന്മാര്‍... കുടുംബപരമായി മന്ത്രവാദികളുമായിരുന്നു. അവര്‍ പിശാചിനെ ഓടിക്കാന്‍ പേരു കേട്ടവരായിരുന്നു. എന്തെല്ലാമോ ഉപദവിക്കാന്‍ , അപകടപ്പെടുത്താന്‍ ഉണ്ടെന്നു കരുതി അവര്‍ വീടിനു ചുറ്റും ഒരു മായിക വലയം തീര്‍ത്തു! സുരക്ഷയ്ക്ക് വേണ്ടി. ആ വലയം കണ്ണുകൊണ്ട് കാണാനാവുമായിരുന്നില്ല. നേര്‍ത്ത് തൊട്ടാലറിയാത്ത അതിലോലമായ വാതിലായിരുന്നു അത്. അതു കൊണ്ട് ഞങ്ങള്‍ വാതില്‍ തുറന്നിട്ടും ദുര്‍ബലമായ വാതിലോടും കൂടി ഏറെക്കാലം ധൈര്യത്തോടെ ആ പഴയ വീട്ടില്‍ താമസിച്ചു!

No comments: