
'മഞ്ഞച്ചേരകടിച്ചാല്‍ മലയാളത്തില്ലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്. ഇരുതലമൂരിക്ക് രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. (മലയാളത്തില്‍, മലനാട്ടില്‍ , മറുനാട്ടില്‍ ഇതിലേതാണ് ശരി? പല സ്ഥലത്തും പലതും പറഞ്ഞു കേള്‍ക്കുന്നു.) ഇവിടെ എഴുതാനുള്ള കാരണവും മറ്റൊന്നല്ല. ഇവിടെ ഒരു പോസ്‌റ്റ് കണ്ടു.
കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പാമ്പാണ് ചേര. മൂര്‍ഖനോട് സാദൃശ്യമുള്ള ഇവ കറുപ്പ്, ചാരനിറം മുതല്‍ മഞ്ഞ നിറത്തില്‍ വരെ കാണപ്പെടുന്നു. രണ്ടരമീറ്ററോളം നീളം വെയ്‌ക്കുന്ന ഈ പാമ്പ് ഓട്ടത്തിലും മുമ്പനാണ്. ശാസത്രനാമം pytas(Zamenis)mucosus .കേരളത്തിനു പുറത്ത്. ഇഷ്ടഭക്ഷണം എലി, തവള, പക്ഷികള്‍ എന്നിവയാണ്. എലിയെ തിന്നു നശിപ്പിക്കുന്നതുകൊണ്ടാണ് കര്‍ഷകന്റെ മിത്രം എന്ന് പേരില്‍ ചേര അറിയപ്പെടുന്നത്.
പെണ്‍ചേര എട്ടുമുതല്‍ 16 മുട്ടകള്‍ വരെ ഇടുന്നു. ഇണചേരുന്ന കാലത്ത് ആണ്‍ചേര യുദ്ധനൃത്തം ചെയ്യുന്നു. തങ്ങള്‍ ജീവിക്കുന്ന പ്രദേശം സംരക്ഷിക്കുന്നതിനും മറ്റു ആണ്‍ചേരകള്‍ കടന്നു വരാതിരിക്കാനുമാണ് എന്ന് പാമ്പ് നിരീക്ഷകരായ സായി വിറ്റക്കരും റോം വിറ്റക്കറും പറയുന്നു.
വിഷം ഒട്ടുമില്ലാത്ത പാമ്പാണ് ചേര. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് ചൊല്ല് നമുക്കിടയിലുണ്ട്. ശരിയാണത്. അളമുട്ടിയാല്‍ മാത്രമാണ് ചേരകടിക്കാറ്. ചേര കടിക്കാറില്ലാത്തതു കൊണ്ടാവണം മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല എന്നു പറയുന്നതിന് ഒരു കാരണം.

എന്നാല്‍ ചേര കടിച്ച് ചികിത്സച്ചേതടി വന്ന അനുഭവം എനിക്കുണ്ട് . ഇതിലൊന്ന് മഞ്ഞച്ചേരയുടെ കടിയേറ്റുമായിരുന്നു.
ചേരയ്‌ക്ക് വിഷപ്പല്ലുകള്‍ ഇല്ലെങ്കിലും ഉമിനീരില്‍ നേരിയ വിഷമുണ്ട്. ചെറിയ ചൊറിച്ചിലും തരിപ്പും ഉണ്ടാകാം. എന്നാല്‍ മരുന്നൊന്നും ആവശ്യമില്ല. തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടുക.
ഇരുതലമൂരി എന്ന പാമ്പിനെക്കുറിച്ച് തിരുവിതാംകൂര്‍ ഭാഗത്താണ് കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. രണ്ടുവശത്തും തലയുണ്ടെന്ന് പേര് കേട്ട് തെറ്റിദ്ധരിച്ചേക്കാം. തല ഒന്നേയുള്ളു. എന്നാല്‍ വാല്‍കുറുകി തലയുടെ ആകൃതിയിലാണിരിക്കുന്നത്. അതുകൊണ്ടാവണം ഈ പേരില്‍ അറിയപ്പെടുന്നത്. വാലും തലയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ചെറിയ ഇനം പാമ്പാണ്. ചുവപ്പ്, കറുപ്പ്, തവിട്ടു നിറങ്ങളില്‍ കാണപ്പെടുന്നു. ഇതിനും വിഷമില്ല. കുരുടി, മണ്ണൂലി, ഇരട്ടത്തലയന്‍ എന്നൊക്കെ വടക്കോട്ട് പറയുന്നത് ഇരുതലമൂരിക്കാണോ എന്ന് വടക്കര്‍ പറയട്ടെ..
ഏതായാലും മഞ്ഞച്ചേര മലര്‍ന്നോ നിവര്‍ന്നോ ചെരിഞ്ഞോ കടിക്കട്ടെ...മരുന്നിന്റെ ആവശ്യമില്ലാത്തപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കണ്ട. ഇരുതലമൂരിയും എങ്ങോട്ടെങ്കിലും പോകട്ടെ

ഇരുതലമൂരിയെക്കുറിച്ച് ഗുപ്‌തനും വിശ്വപ്രഭയും തന്ന വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നു. പാമ്പുകളെ ഇങ്ങനെ പേടിക്കേണ്ട കേട്ടോ..ഇതിനെ ഹൈറേഞ്ചില്‍ മാത്രമല്ല കോഴിക്കോടും അടുത്തിടെ കണ്ടിട്ടുണ്ട്.

Eryx Johni (John's earth boa) കൂടാതെ Eryx Conicus (Russel's earth Boa) എന്നൊരു തരം കൂടിയുണ്ട്. ഇതിനെയാണ് മലബാറിൽ മണ്ണൂലിപ്പാമ്പ് (Sand Boa) എന്ന് പറയുന്നത്. പൂഴിപ്പുളയൻ എന്നാണ് ഇതിനെ തൃശ്ശൂരൊക്കെ വിളിക്കുക. രണ്ടറ്റവും കൂർത്ത് വാലോ തലയോ എന്നു കൺഫ്യൂഷൻ ഉണ്ടാക്കും. ശത്രുവിനെക്കണ്ടാൽ വളരെപ്പെട്ടെന്ന് പിടഞ്ഞൊടിഞ്ഞ് പാഞ്ഞുപോവുമ്പോളും വാലേത് തലയേത് എന്നു തിരിച്ചറിയാൻ വിഷമിക്കും.പെണ്ണുങ്ങൾക്ക് ആണുങ്ങളെ അപേക്ഷിച്ച് നീളവും വലുപ്പവും തൂക്കവും വളരെകൂടുതലുണ്ടാവും.
ഫോട്ടോ കടപ്പാട് വിക്കിപീഡിയ...
