Saturday, April 28, 2007

അഞ്ചുപൈസയുടെ വില

കുട്ടിക്കാലത്തെ ചില കളളത്തരങ്ങള്‍.
അച്ഛന്‌ ഷേവു ചെയ്യാന്‍ ബ്ലേഡ്‌ വേണം. 75 പൈസ തന്ന്‌ ബ്ലേഡു വാങ്ങാന്‍ പറഞ്ഞു വിട്ടു. ബ്ലേഡുവാങ്ങുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. ഒന്നൊന്നര മൈല്‍ വയലിലൂടെ നടന്ന്‌ സ്‌കൂളിനടുത്തുളള മേരിസ്‌റോറിലെത്തണം. അടുത്തുള്ള കട അതാണ്‌.
ഞാനും അനിയത്തിയും കൂടി വയലിലൂടെ നടന്നു. പക്ഷേ ഒരു പ്രശ്‌നം. അവള്‍ക്ക്‌ 'മുട്ടായി' വേണം. പഞ്ചസാര, ശര്‍ക്കര, കരുപ്പട്ടി തുടങ്ങി മധുരം തോന്നിക്കുന്ന എന്തും അവ കട്ടുതിന്നും. പഞ്ചസാര പാത്രം അമ്മ ഒളിപ്പിച്ചു വെയ്‌ക്കുകയാണു ചെയ്യാറ്‌.
അമ്മക്ക്‌ ആയൂര്‍വേദാശുപത്രിയില്‍ ജോലിയായിരുന്നതുകൊണ്ട്‌ ലേഹ്യത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പഞ്ചസാര കിട്ടിയില്ലെങ്കിലെന്ത്‌ ..ലേഹ്യം ശാപ്പിട്ടുകളയും അവള്‍. ഒരു വൈകുന്നേരം അവളെ കാണാഞ്ഞ്‌ അമ്മ അവളെ തിരക്കി നടന്നു. വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല. വീടിനു പുറകിലേക്കിറങ്ങി വിളിച്ചപ്പോള്‍ താഴേ കൈത്തോട്ടില്‍ നിന്നൊരു ഞരക്കം.
"എനിക്കിവടന്ന്‌ വരാമ്മേലാന്നേ.."
അന്നമ്മ ജോലിക്കു പോയ നേരം നോക്കി അവളെടുത്തു തിന്നത്‌ മാണിഭദ്രമായിരുന്നു.അങ്ങനത്തെ മധുരക്കാരിയേയും കൊണ്ടുള്ള ബ്ലേഡു വാങ്ങാന്‍ പോക്ക്‌ അത്ര പന്തിയല്ല. വഴിയില്‍ വെച്ചവള്‍ പറഞ്ഞു.
"മുട്ടായി മേടിക്കണം"
അന്ന്‌ 60 പൈസയാണ്‌ ബ്ലേഡിന്‌. ബാക്കി 15 പൈസയുണ്ട്‌. 15 പൈസക്ക്‌ പൊടിമിഠായി കിട്ടും. തേന്‍ മിഠായിയോ, നാരാങ്ങാമിഠായിയോ 3 എണ്ണം കിട്ടും. പക്ഷേ അവള്‍ക്കത്‌ പറ്റില്ല. 4 എണ്ണം വാങ്ങണം.ഞങ്ങള്‍ ആലോചനയായി.
50,25 തുട്ടുകളാണ്‌ കൈയ്യിലുള്ളത്‌. 25 പൈസയും വാങ്ങി അവള്‍ മേരിസ്റ്റോറില്‍ പോയി അവള്‍ 4 തേന്‍ മിഠായിയുമായി നിന്നു. അതുവരെ ഞാന്‍ മേരിസ്‌റ്റോറിനു കുറച്ചുമാറി വയലില്‍ നിന്നു. ബാക്കി 55 പൈസമാത്രം.
ഇനി എന്റെ ഊഴമാണ്‌. 5 പൈസക്ക്‌ എന്തു കണക്കുപറയാന്‍ എന്ന തോന്നലായിരുന്നു. പക്ഷേ മേരിസ്റ്റോറിലെ അപ്പാപ്പന്‍ 55 പൈസ കൊടുത്തപ്പോള്‍ ബ്ലേഡു തിരിച്ചു വാങ്ങി. നാളെതരാമെന്നു പറഞ്ഞിട്ടും കാര്‍ന്നോര്‌‌ കുലുങ്ങിയില്ല. ദാരിദ്ര്യവാസി.
ബ്ലേഡില്ലാതെ വീട്ടില്‍ ചെല്ലുന്ന കാര്യം ഒര്‍ക്കാന്‍ വയ്യ. അമ്മയെയാണ്‌ കൂടുതല്‍ പേടി. കൊല്ലും....മിഠായി നാലും വീതംവെച്ച്‌ തിന്നു കഴിഞ്ഞു. അടുത്ത കടയിലേക്ക്‌ പിന്നെയും ഒരു കിലോമീറ്റര്‍ നടക്കണം.
എന്തുചെയ്യാന്‍ നടക്കുക തന്നെ. മുഠായി നുണഞ്ഞ്‌ അവള്‍ വയലില്‍ നില്‌ക്കുകയാണ്‌. എന്റൊപ്പം വരില്ല. വിളിച്ചപ്പോള്‍ കൊഞ്ഞനം കുത്തി.
നിവൃത്തിയില്ല അടുത്ത കടയിലേക്ക്‌ തന്നെ നടന്നു. "നീ ഏതാ കൊച്ചേ?"
'അചഛന്‍, അമ്മ..വീട്‌...'.തുടങ്ങി നൂറു ചോദ്യങ്ങള്‍ക്കൊടുവില്‍ പിറ്റേന്ന്‌ 5 പൈസ കൊടുക്കണമെന്ന വ്യവസ്ഥയില്‍ ബ്ലേഡു തന്നു.
ബ്ലേഡു കാണുമ്പോഴൊക്കെ ഇക്കഥയോര്‍ക്കും. പത്തു പതിനഞ്ചുകൊല്ലം കഴിഞ്ഞു. പക്ഷേ ഇതേ വരെ അഞ്ചു പൈസ ചില്ലറയൊത്തില്ല. ഇനിയുമുണ്ടല്ലോ നാളെ...

Tuesday, March 27, 2007

പത്താംക്ലാസുപരീക്ഷയും ഒരു വിവാഹവും

പത്താംക്ലാസു പരീക്ഷ കഴിഞ്ഞ ആശ്വാസത്തില്‍ വീട്ടിലെത്തുമ്പോള്‍ മുത്തശ്ശന്‍ കശുവണ്ടി മലഞ്ചരക്കുകടയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ എടുത്തുവെച്ചിരിക്കുന്നു. മുത്തശ്ശന്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഞാന്‍ കൊണ്ടുപോയി കൊടുക്കണം. വെറുതെ വേണ്ട. കമ്മീഷനുണ്ട്‌. കശുവണ്ടി വിറ്റ്‌ കാശുമയി മടങ്ങിവരുമ്പോഴാണ്‌ ഞാന്‍ ആ കാഴ്‌ച കാണുന്നത്‌.
ഗിരിജചേച്ചി തിളങ്ങന്ന ഒരു സാരിയുടുത്ത്‌ ബസ്സില്‍ നിന്നിറങ്ങുന്നു. സാരിയുടുത്ത്‌ കാണാഞ്ഞതുകൊണ്ടാവണം ഒന്നു കൂടി ശരിക്കുനോക്കി. സംശയമില്ല. പുറകെ മുരളിച്ചേട്ടന്‍ ഒപ്പം എന്റെ അയല്‍ക്കാര്‍ രണ്ടുപേര്‍.ഇവരെയൊക്കെ കണ്ട്‌ ഞാനൊന്ന്‌ അന്ധാളിച്ചു.
കാരണം ഗിരിജ എന്റെ ക്ലാസ്‌മേറ്റാണ്‌. എന്നേക്കാള്‍ നാലഞ്ചു വയസ്സ്‌ മൂത്തതാണ്‌. പല ക്ലാസിലും തോറ്റ്‌ തൊപ്പിയിട്ട്‌ ഒന്‍പതില്‍ വെച്ച്‌ എനിക്കൊപ്പം എത്തിയതാണ്‌. സീനിയോരിറ്റിയുടെ ഭയഭക്തി ബഹുമാനത്താല്‍ ഞങ്ങള്‍ ചേച്ചി എന്നു വിളിച്ചു.
മുരളി അടുത്തിടെ താമസമാക്കിയ അയല്‍ക്കാരനാണ്‌. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞുള്ള വരവാണ്‌ . ഗിരിജ വരുന്ന പി.എം എസിന്റെ കണ്ടക്ടറായിരുന്നു മുരളി. ഇവരു തമ്മില്‍ ലൈനായിരുന്നു എന്ന്‌ ഗിരിജചേച്ചി പറഞ്ഞു തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ ഇത്രവരെ എത്തിയതറിയില്ലായിരുന്നു.
എന്തായാലും രജിസ്റ്ററു കഴിഞ്ഞുള്ള വരവാണെന്ന്‌ മനസ്സിലാക്കിയ ഞാന്‍ പുഴകടന്ന്‌ ഓടി പത്തു നോട്ടീസടിച്ചു. അനിയത്തിമാരെ വിളിച്ചു, മറ്റൊരു ക്ലാസ്സ്‌മേറ്റ്‌ ഷൈനിയെ വിളിച്ചു. തോട്ടില്‍ കുളിക്കാന്‍ വന്ന പെണ്ണുങ്ങളെ മാര്‍ഗ്ഗ തടസ്സമുണ്ടാക്കാതെ മാറ്റി നിര്‍ത്തി. ഞങ്ങള്‍ നല്ലോണം കാണാന്‍ പറമ്പിന്റെ അതിരില്‍ നിന്നു.
അക്കരെ നിന്ന്‌ കല്ല്യാണ നടത്തം നടന്ന്‌ വരുന്നേയുള്‌‌ളു അവര്‍. പല വിധ വിചാരങ്ങളിലായിരുന്നു ഞാന്‍. പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞയന്ന്‌ വിവാഹം....ഇന്നത്തെ പരീക്ഷ എഴുതാതെ രജിസ്‌ട്രാപ്പീസില്‍ പോയിരിക്കുന്നു. നാണിച്ചു മുഖം കുനിച്ച്‌ അവള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോകും..ഓര്‍ത്തപ്പോള്‍ എനിക്കും നാണം. അടുത്തു വരികയാണ്‌.
ഷൈനി ചോദിച്ചു "നമുക്കെന്തെങ്കിലും ചോദിച്ചാലോ?"
പക്ഷേ എനിക്കു മുഖത്തു നോക്കാന്‍ തന്നെ നാണം.
അപ്പോഴുണ്ട്‌‌ ഗിരിജചേച്ചി ചോദിക്കുന്നു.
"മോളെ പരീക്ഷ എളുപ്പമായിരുന്നോ?" ഞാന്‍ തലയാട്ടി.
മുരളി വീട്ടില്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും ഗിരിജക്ക്‌ വേറെ കല്ല്യാണ മാലോചിച്ചെന്നും പരീക്ഷ കഴിയുന്ന ഇന്ന്‌ വീട്ടില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താവുമെന്ന്‌‌ പറയാനൊക്കില്ലെന്നും വഴിയില്‍ കൂടിയ പലരും പറഞ്ഞു.
പക്ഷേ ഞാനും ഷൈനിയും രാവിലെ ഗിരിജചേച്ചിയെ സന്ദര്‍ശിക്കാന്‍ പ്ലാനിട്ടു. പെണ്ണിന്‌‌ ആള്‍ക്കാരില്ലെന്നു തോന്നരുതല്ലോ?!.... ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു. വെട്ടം വെച്ചതേ കട്ടന്‍കാപ്പിയും കുടിച്ച്‌ ഞങ്ങള്‍ അമ്മായി വീടുകാണാന്‍ പോയി.
ഗിരിജ ചേച്ചി മുറ്റ മടിക്കുന്നു. അമ്മായിയമ്മ ഇറയത്തിരിക്കുന്നു. സ്‌കൂളില്‍ ധരിച്ചു വരാറുള്ള ഓറഞ്ച്‌ ബ്ലൗസ്‌ം മുരളി ഉടുത്തുകണ്ട കൈലിയും വേഷം.
"വീടിന്റെ മുന്നിക്കൂടെ പോരാന്‍ മടിയായിട്ട്‌ പൊറകിക്കോടെയാ ഞാനിറങ്ങിപ്പോന്നത്‌."
വാക്കുകള്‍ക്ക്‌ അല്‌പം പോലും പതര്‍ച്ചയില്ല.
"നിങ്ങളിരിക്ക്‌ , ചായയെടുക്കാം."
ഇപ്പോള്‍ രണ്ടുകുട്ടികളുമായി സുഖമായി ജീവിക്കുന്നു.
(ഇക്കൊല്ലവും പത്താംക്ലാസു പരീക്ഷ കഴിഞ്ഞപ്പോള്‍ പഴയ ഓര്‍മ)

Saturday, March 24, 2007

ചിന്നച്ചേച്ചി കവുങ്ങില്‍ കയറിയ കഥ





റെജിച്ചേട്ടനെ പാമ്പുകടിച്ച്‌ ചികിത്സയിലായിരുന്നപ്പോള്‍ ചിന്നചേച്ചി സന്ധ്യയാവുമ്പോഴേക്കും ഒരു ഫ്‌ളാസ്‌ക്ക്‌ ചായയും തിളപ്പിച്ച്‌ കുന്നിറങ്ങിപ്പോരും. പന്ത്രണ്ടുദിവസമാണ്‌ ചിന്നച്ചേച്ചി ഇങ്ങനെ വന്നത്‌. ഓരോ ദിവസവും നേര്‍ച്ച പോലെ റെജിച്ചേട്ടന്‍ പറയും.

"ആന്റി ബുദ്ധിമുട്ടണ്ടാരുന്നു." കേട്ടഭാവം നടിക്കില്ല ആന്റി. എത്രനേരം വേണമെങ്കിലും ഉറക്കമിളച്ചിരുന്നുകൊള്ളും.

" ഞാന്‍ പറയും റെജിച്ചേട്ടന്‍ ഉറങ്ങിക്കോട്ടേ"

പക്ഷേ റെജിച്ചേട്ടന്റെ അപ്പച്ചനും അമ്മച്ചിയും സമ്മതിക്കില്ല. വല്ല്യപ്പനും വല്ല്യമ്മച്ചിയും സമ്മതിക്കില്ല. പാമ്പുകടിച്ചാല്‍ ഉറക്കം ഒഴിവാക്കണമെന്നാമല്ലോ വെപ്പ്‌. അത്‌ ആദ്യ ദിവസങ്ങളില്‍ നിരീക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞാല്‍ ആരുകേള്‍ക്കാന്‍. ഉറക്കമൊഴിവ്‌ തനിക്കൊരു പ്രശ്‌നമേ അല്ലെന്ന മട്ടിലാണ്‌ പുള്ളിക്കാരിയുടെ മട്ട്‌.


വെളുപ്പാന്‍കാലത്ത്‌ പോയി മത്തായിച്ചേട്ടനും പിള്ളേര്‍ക്കുമുള്ള ആഹാരമുണ്ടാക്കി വെച്ചിട്ട്‌ ഒറ്റക്കിടത്തം കിടന്നാല്‍ നാലുമണിക്കാണ്‌ എഴുന്നേല്‌ക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. പക്ഷേ റെജിച്ചേട്ടന്റെ സ്ഥിതിയാണ്‌ കഷ്ടം. പകലും ഒരുപോള കണ്ണടക്കാന്‍ പറ്റില്ല.(പകലുറക്കം നിഷിദ്ധവുമാണ്‌) പള്ളിയിലെ കപ്യാരാണ്‌‌. ഇടവകയിലെ സര്‍വ്വവിശ്വാസികളും പകലു മുപ്പതുനാഴികയും സന്ദര്‍ശനമാണ്‌. രാത്രി റെജിച്ചേട്ടന്‍ ഉറക്കം തൂങ്ങുമ്പോള്‍ ചിന്നചേച്ചി കടലാസു തെറുത്തു മൂക്കിലും ചെവിയിലും ഇടും.


"ഈ ആന്റി "..എന്നു പറയുമ്പോഴേക്കും "ചെര്‍ക്കാ മിണ്ടാണ്ടിരുന്നോ" എന്ന ശാസന.


അങ്ങനെ ഉറക്കം തൂങ്ങിയിരുന്ന അവസരത്തിലാണ്‌ മതിയായൊരു പൊട്ടിച്ചിരിയോടെ ചിന്നച്ചേച്ചി പാമ്പുകടിച്ച കഥ പറഞ്ഞത്‌.

"ആന്റി കവുങ്ങേക്കേറീത്‌ നിനക്കറിയാവോടാ ..?" പിന്നെ ചിരി.

ചിരി തുടങ്ങിയാല്‍ നിര്‍ത്തില്ല ചിന്ന.മു ന്നോട്ടു തള്ളിനിന്ന രണ്ടുപല്ലുകളൊഴിച്ച്‌ ബാക്കിയെല്ലാം പൊടിഞ്ഞു പോയിരുന്നു. പാമ്പുകടിയുടെ ബാക്കിപത്രം.


അന്ന്‌ പതിനാറ്‌ വയസ്സ്‌. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മുറ്റത്തുണങ്ങാനിട്ട നെല്ല്‌ കോഴി കൊത്താതെ നോക്കാന്‍ ഏല്‌പ്പിച്ചതായിരുന്നു അപ്പന്‍. കോഴിയും കുഞ്ഞുങ്ങളും ഉച്ചനേരത്ത്‌ എവിടെ നിന്നെന്നറിയില്ല പാഞ്ഞ്‌ വന്ന്‌ നെല്ലില്‍ കയറി. കൊക്കിക്കുകി വിളിച്ച്‌. ഇങ്ങനെ കൊക്കിക്കൂവി വരുമ്പോള്‍ എന്താണെന്നോര്‍ക്കണ്ടെ? നോക്കണ്ട?.....


കോഴിയേം സൈന്യത്തേം കണ്ടപാടേ ചിന്ന എടുത്തൊരു ചാട്ടം. ശോ,ശ്‌,ശ്‌...കോഴി...എന്നു പറഞ്ഞ്‌ മുറ്റത്തുനിന്ന്‌ പറമ്പിലേക്കോടിച്ചു. പക്ഷേ കോഴി പാമ്പിനെ കണ്ടാണ്‌ ഓടി നെല്ലില്‍ കറിയത്‌‌. കോഴിക്കു പുറകെ ഓടിയ ചിന്ന ചവിട്ടിയത്‌ പാമ്പിന്റെ മുതുകത്ത്‌. കരിമൂര്‍ഖന്‍ ഒന്നുകൊടുത്തു. അന്ന്‌ നീളന്‍ പാവാടയും ബ്ലൗസുമാണ്‌ വേഷം. പാവട മുട്ടോളം പൊക്കിക്കുത്തിയിരിക്കുകയായിരുന്നു. കടിച്ചത്‌ പാമ്പാണെന്നു കണ്ട നിമിഷത്തില്‍ രണ്ടു തുള്ളല്‌ . അതിന്റെ പുറത്തുതന്നെ. പാമ്പ്‌ പ്രാണവേദനയില്‍ വീണ്ടും കടിച്ചു. ചിന്നച്ചേച്ചി പൊക്കിക്കുത്തല്‍ അഴിച്ചിട്ടലറി.

"അപ്പാ..."

പാമ്പപ്പോള്‍ പാവാടക്കകത്ത്‌ പുളഞ്ഞു.

അപ്പന്‍ വരുമ്പോള്‍ കണ്ടകാഴ്‌ച.

മോള്‌ മൂന്നാള്‍ പൊക്കത്തില്‍ കവുങ്ങിനു മുകളിലിരിക്കുന്നു..