Tuesday, October 23, 2007

ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.

സിനിമ എന്നും എനിക്കൊരത്‌ഭുതമായിരുന്നു. പക്ഷേ, അതെന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. താരാരാധന തോന്നിയിട്ടില്ലെന്നു പറഞ്ഞുകൂടാ...മമ്മൂട്ടിയായാലും മോഹന്‍ലാലായാലും അവരുടെ ചില കഥാപാത്രങ്ങളെയാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

പരദേശി, കാലാപാനി, വാസ്‌തഹാര, തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിനേക്കാള്‍ എനിക്കിഷ്ടം സദയത്തലെ ലാലിനെയായിരുന്നു. മമ്മൂട്ടിയേ ആണെങ്കില്‍ മൃഗയയിലെ, വിധേയനിലെ, കളിക്കളത്തിലെ....
എങ്കിലും ഇടുക്കി മലമൂട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക്‌ താരങ്ങളെ കാണണമെന്നോ, ഒന്നുതൊട്ടു നോക്കണമെന്നോ തോന്നിയിട്ടില്ല. മലമൂട്ടിലായതുകൊണ്ട്‌ ഇതൊരിക്കലും സാധിക്കാത്ത കാര്യമാണെന്ന ബോധം കുഞ്ഞുന്നാളിലെ ഉള്ളില്‍ കയറിക്കൂടിയതുകൊണ്ടാണോ എന്തോ...

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്‌ചയും ചൊവ്വാഴ്‌ചയും ഞങ്ങള്‍ കാത്തിരുന്നു മനോരമയുടേയും മംഗളത്തിന്റെയും വരവിനായി.നോവല്‍ വായിക്കുന്നത്‌ നന്നായി മനസ്സിലായിട്ടോ, എല്ലാ വാക്കുകളുടേയും അര്‍ത്ഥമറിഞ്ഞിട്ടോ അല്ല.

അങ്ങനെ പറ്റിയൊരു മണ്ടത്തരമുണ്ട്‌.
മിനിക്കുട്ടിയെ പ്രിന്‍സ്‌ ബലാത്സംഗം ചെയ്‌തു. ആലിപ്പഴത്തിന്റെ കഥാസാരത്തില്‍ നിന്ന്‌ വായിച്ചെടുത്തതാണ്‌. ഒരെത്തും പിടിയും കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി.രക്ഷയില്ലസംശയനിവൃത്തിക്ക്‌ അമ്മായിയോട്‌ ചോദിച്ചു.
അമ്മായി ഒന്ന്‌ വിക്കി. മിണ്ടാതിരുന്നാലോ, നീ പോയി നിന്റെ പണിനോക്ക്‌ എന്നു പറഞ്ഞാലോ
കൊച്ച്‌ ചെന്ന്‌ വേറെ വല്ലോരോടും ചോദിച്ചാലോ? അവസാനംഅമ്മായി വിക്കി വിക്കി പറഞ്ഞു.
'കൈയ്യും കാലും കെട്ടിയിട്ടു തല്ലിയതാ...'
അങ്ങനെയിരിക്കയാണ്‌ പുഴക്ക്‌ അക്കരെ ഇത്തിരി കവിതാഭ്രാന്തുള്ള കാര്‍ത്തികേയന്‍ ചേട്ടന്റെ വീട്ടില്‍ മാത്യു മാറ്റം വന്നിട്ടുണ്ടെന്നറിയുന്നത്‌.അടുത്ത്‌ പാലമില്ലാത്തതുകൊണ്ട്‌ പുഴ കടക്കാനും വയ്യ, മഴക്കാലമായതു കൊണ്ട്‌ നീന്താനും വയ്യ.പുഴവക്കത്ത്‌ ഞങ്ങള്‍ കുറേ കുട്ടികള്‍ നോക്കിനിന്നു...അക്കരെ ചെറിയ കുന്നിറങ്ങി മാത്യൂമറ്റം കുളിക്കാന്‍ പുഴയിലേക്കിറങ്ങി വരുന്നുണ്ടോ എന്നു നോക്കി......

കറണ്ടും ടി വിയും ഒന്നും ആയിട്ടില്ല. ആദ്യമായി ടി.വി. വാങ്ങിയ വീടുകളില്‍ ശനിയാഴ്‌ച വൈകുന്നേരങ്ങളില്‍, റിലീസ്‌ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുള്ള തിരക്കുണ്ടായി.....ഏത്‌ അവാര്‍ഡ്‌ സിനിമയായാലും നോക്കിയിരിക്കും....സിനിമ കഴിയുമ്പോള്‍ ഒരോ വീടും പൂരം കഴിഞ്ഞ അമ്പലപ്പറമ്പായി...

എന്നിട്ടും ജനപ്രിയനോവലുകളില്‍ നിന്ന്‌ താരാരാധനയിലേക്ക്‌ വലിയ ദൂരം തന്നെയായിരുന്നു.താരങ്ങള്‍ മംഗളത്തിന്റെയും മനോരമയുടേയും മുഖച്ചിത്രങ്ങള്‍ മാത്രമായിരന്നു.അല്ലെങ്കില്‍ നോട്ടുബുക്കുകളിയെ പുറം താളുകള്‍..ആ പുറം താളുകളിലെ ശോഭനയേയും, ഉര്‍വ്വശിയേയും, പാരവ്വതിയേയും നോക്കിയിരുന്നു ക്ലാസിലെ ഇടവേളകളില്‍ ഒന്നു വരച്ചുനോക്കാന്‍ ശ്രമിച്ചുനോക്കി..പക്ഷേ അതിനേക്കാള്‍ കൂടുതലെളുപ്പം ജനപ്രിയനോവലുകള്‍ക്കു വേണ്ടി വരയ്‌ക്കുന്ന ചിത്രങ്ങളായിരുന്നു.

വലിയ സ്‌ക്രീനിലെ സിനിമ എന്നത്‌ വല്ലപ്പോഴും പള്ളിക്കൂടം പറമ്പിലോ, സ്‌കൂളിലോ വരുന്ന പഴയ സിനിമകളായിരുന്നു.

അമരം, കിരീടം,നിറക്കൂട്ട്‌, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെ കണ്ടതാണ്‌.മറയൂരിലായിരുന്നപ്പോള്‍ ചന്ദനയിലും റോസയിലും ചില തമിഴ്‌ചിത്രങ്ങള്‍ കണ്ടതൊഴിച്ചാല്‍ അടിമാലി അപ്‌സരയില്‍ പോയി ആദ്യംകാണുന്ന സിനിമ കിലുക്കമായിരന്നു. പിന്നെ മാതയില്‍ കമലദളം, മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്‌...

ഒരിക്കലും താരങ്ങളെ കാണുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടാവണം അജിയും ഉദയയും കാണുന്നവര്‍ക്കൊക്കെ താരങ്ങളുടെ മുഖഛായ ചാര്‍ത്തികൊടുത്തത്‌...ഷിബിയെ കണ്ടാല്‍ ഉര്‍വ്വശി, രാജി മേനക, ബാബുച്ചേട്ടന്‍ മോഹന്‍ലാല്‍, ...ഇതൊന്നുമല്ലെങ്കില്‍ കണ്ണും മൂക്കുമൊക്കെയാവും താരങ്ങളോട്‌ സാമ്യപ്പെടുത്തുക.

ഇത്തരമൊരു മലമൂട്ടിലെ ജീവിതത്തില്‍ ഞാനൊരു മന്ത്രവാദിനിയായേനേ..

അതില്‍ നിന്നാണ്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ വയനാട്ടില്‍ വന്നത്‌. പിന്നീട്‌ കോഴിക്കോടായി...വയനാട്ടില്‍ വെച്ചാണ്‌ ആദ്യമായി ഒരു താരത്തെ കാണുന്നത്‌.

DCA യ്‌ക്ക്‌ ചേര്‍ന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താഴെ ഒരു ബഹളം. നോക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ മാമുക്കോയ..ജുവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയത്‌. പിന്നീട്‌ തിരുവന്തപുരത്ത്‌ പരീക്ഷയ്‌ക്ക്‌ പോയപ്പോള്‍ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരാവര്‍ഡ്‌ നൈറ്റ്‌...അതു കാണാന്‍ പോയതിലും ഭേദം വീട്ടിലിരുന്ന്‌ ടിവി കണ്ടാല്‍ മതിയായിരുന്നു. കുറേ ദൂരെയിരുന്ന്‌ ഒരു പൊട്ടുപോലെ കണ്ടിട്ട്‌ എന്തുകാര്യം?

കോഴിക്കോടായപ്പോഴാണ്‌ പ്രിയപ്പെട്ട എഴുത്തുകാരെയും താരങ്ങളെയും അടുത്തു കാണാന്‍ കഴിഞ്ഞത്‌.താഴെ പട്ടാളപ്പള്ളിയില്‍ ജൂമ്‌അ നമസ്‌ക്കാരത്തിനു വന്ന കൊച്ചിന്‍ ഹനീഫയെ ആരാധകര്‍ ഞെക്കിപ്പീച്ചുന്നത്‌ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ മുകള്‍ നിലയില്‍നിന്ന്‌ ഞങ്ങള്‍ കണ്ടു.

താരങ്ങളെ അടുത്ത കാണുമ്പോള്‍ ഓട്ടോഗ്രാഫ്‌ വാങ്ങനോ തൊട്ടുനോക്കാനോ കൂടെ നിന്ന്‌ ഫോട്ടോ എടുക്കാനോ തോന്നിയില്ല. അകന്നു നിന്നുകൊണ്ട്‌ ഒരാരാധന...ഫിലിം ഫെസ്റ്റിവലുകളിലും പരിപാടികളിലും വരുമ്പോള്‍കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്‌. സിനിമയിലും നേരിട്ടും എങ്ങനെയെന്ന്‌...മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ലായിരുന്നു.

പക്ഷേ , കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ചര്‍ച്ചയ്‌ക്കു വിളിച്ചു.മോഹന്‍ലാലിനും പത്മപ്രിയയ്‌ക്കും ശ്വേതക്കും പി.ടി.കുഞ്ഞുമുഹമ്മദിനും ഷഹബാസ്‌ അമനും ആന്റണി പെരുമ്പാവൂരിനമൊപ്പം....ഓഡിയന്‍സായിട്ടല്ല...സംസാരിക്കാന്‍...അവിടെയിരുന്ന്‌ പഴയ കാലങ്ങളെ ഓര്‍ത്തു. ലാലിന്റെ ആരാധകരായിരുന്ന അജിയും ഉദയയും അനിയത്തിമാരും ഇതുകേട്ടാല്‍ എന്തൊക്കെ ചോദിക്കും എന്നോട്‌ എന്ന്‌ ചിന്തിച്ചിരുന്നു പോയി..

നല്ലൊരു ചോദ്യം ചോദിക്കണം പരിപാടിക്കുമുമ്പ്‌ എന്ന്‌ പരിപാടിയുടെ ചുമതലക്കാരാന്‍ പറഞ്ഞു.

ചോദ്യങ്ങളുടെ കാര്യത്തില്‍ എന്തുചോദിക്കും? ഒരാരാധിക ചോദിക്കുമ്പോലെ ചോദിക്കാനാവുമോ...
'അമ്മിക്കല്ല' 'ആട്ടുകല്ല്‌' പോലെ കനം കൂടിയ വാക്കുകള്‍ ഉപയോഗിക്കണോ? എനിക്കൊപ്പം കൂടെയുള്ള നാലുപേര്‍ ബുജികളാണ്‌.(ഡോ. എം.ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ദീദി, ഷാജഹാന്‍)

....മോഹന്‍ലാലിനെ സിനിമയില്‍ കാണുന്നതിലും ഭംഗിയുണ്ട്‌. പത്മപ്രിയയെ കണ്ടാല്‍ മുയല്‍കുഞ്ഞിനെ പോലെ...

മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്‌ ഞാനിരുന്നു.

9 comments:

Myna said...

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്‌ചയും ചൊവ്വാഴ്‌ചയും ഞങ്ങള്‍ കാത്തിരുന്നു മനോരമയുടേയും മംഗളത്തിന്റെയും വരവിനായി.നോവല്‍ വായിക്കുന്നത്‌ നന്നായി മനസ്സിലായിട്ടോ, എല്ലാ വാക്കുകളുടേയും അര്‍ത്ഥമറിഞ്ഞിട്ടോ അല്ല.

അങ്ങനെ പറ്റിയൊരു മണ്ടത്തരമുണ്ട്‌.

കണ്ണൂരാന്‍ - KANNURAN said...

ഒരു കാലത്ത് മംഗളത്തിലെയും മനോരമയിലെയും നോവലുകള്‍ മിക്കതും ഹൈറേഞ്ചിലെ കഥാപാത്രങ്ങളെകൊണ്ട് നിറച്ചവയായിരുന്നില്ലെ. പച്ചയായ കഥാപാത്രങ്ങളെ ഹൈറേഞ്ചില്‍ ധാരാളം കണ്ടു മുട്ടാറുണ്ടായിരിക്കും നമ്മുടെ ജനപ്രിയ നോവലിസ്റ്റുമാര്‍...

ദിലീപ് വിശ്വനാഥ് said...

മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വന്ന ലേഖനം. വളരെ നന്നായിട്ടുണ്ട്.

Siju | സിജു said...

എന്തു ചോദിച്ചൂന്ന് പറഞ്ഞില്ല..

ഏറനാടന്‍ said...

ശ്ശോ! എന്നിട്ടും ചോദിച്ച ചോദ്യം കേട്ടില്ല.. സസ്‌പെന്‍സാണോ? ആ പ്രസ്സ്‌ മീറ്റ്‌ ടീവീല്‍ കണ്ടിട്ടുണ്ട്‌. അതിലേതാ മൈന എന്ന് മനസ്സിലായില്ലായിരുന്നുട്ടോ.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യഥാതഥമായ മനോഹരമായ എഴുത്ത്.ഒരു നാട്ടിന്‍ പുറത്തുകാരി പെണുകുട്ടിയുടെ മനോവിചാരങ്ങളില്‍ നിന്നു പരിഷ്കൃതമെന്നു വിളിയ്ക്കപ്പെടുന്ന സമൂഹത്തിലേയ്ക്കുള്ള അവളുടെ വളര്‍ച്ച ഒതുക്കമുള്ള വാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ഒരു പക്ഷേ ഇപ്പോളത്തെ തലമുറയ്ക്കു അന്യമായിക്കഴിഞ്ഞിരിയ്ക്കുന്ന ഒരു കാലഘട്ടത്തിന്റെ കൂടി വിവരണമാണിത്.ജനപ്രിയ വാരികകള്‍ വായിച്ചും, ഓലമേഞ്ഞ തീയേറ്ററുകളില്‍ സിനിമകള്‍ കണ്ടും ജീവിതം ആസ്വദിച്ചിരുന്ന ഒരു ജനത ഉണ്ടായിരുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടി.......

ഗിരീഷ്‌ എ എസ്‌ said...

വായിച്ചു

അഭിനന്ദനങ്ങള്‍

അനില്‍ ഐക്കര said...

അഞ്ചുസുന്ദരികള്‍ എന്ന കഥയ്ക്ക്‌ മുന്നേ ഒരു ഒരിതള്‍പൂവ്‌ എന്നൊരു കഥ ഉണ്ടായിരുന്നു മൈനാ. അതൊക്കെ വായിച്ചാണ്‌ ഞാനും വളര്‍ന്നത്‌. ഒരുപക്ഷെ നമ്മുടെ നാട്ടുകാര്‍ ഇവയൊക്കെ അന്ന് നെഞ്ചേറ്റിയിരുന്നത്‌ ഒരുതരം നിഷ്കളങ്കമായ വായനാശീലം മൂലമായിരുന്നു. അതൊക്കെ ഇക്കിളിക്കഥകളായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ വായനയും തീര്‍ന്നു.

നല്ല വരികള്‍. ഇരുന്നു വായിപ്പിക്കുവാന്‍ താങ്കളുടെ വരികള്‍ക്ക്‌ കഴിയും. നന്ദി.

VINAYA N.A said...

അതു കാണാന്‍ പോയതിലും ഭേധം വീട്ടിലിരുന്ന് റ്റി.വി കണ്‍ദാല്‍ മതിയയിരുന്നു.......... വളരെ മനോഹരമായ അനുഭവാവസ്ത